Thursday, December 22, 2011

മദിരാശി കത്ത് പാട്ട് (മുല്ലപ്പെരിയാര്‍ വെര്‍ഷന്‍ )

 
മദിരാശി ഉള്ളോരെഴുത്തുപെട്ടി
അന്ന് തുറന്നപ്പോള്‍ കത്തുകിട്ടി ...
അന്പുള്ള  മല്ലു നീ ഇദയം പൊട്ടി
എഴുതിയ കത്ത് ഞാന്‍ കണ്ടു കെട്ടി.

ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി
മുല്ലപ്പെരിയാറിന്റെ ഫണ്ട് മുക്കീ
ചുണ്ണാമ്പുസുര്‍ക്കിയില്‍ മഷി കലര്‍ത്തി
കത്തിന്റെ കള്ളാസു നീയൊരുക്കീ

വാക്കുകള്‍ സ്റ്റീല്‍ ബോംബായ് ഉള്ളില്‍ തറക്കുന്നു
വാക്യങ്ങള്‍ ഡാം പൊട്ടിയ വെള്ളം പോല്‍ ചീറ്റുന്നു
കരളിനെ പെരിയാറിന്‍ കര പോലെയാക്കുന്നു
കത്ത് പിടിച്ച എന്‍ കൈകള്‍ തരിക്കുന്നു

ഞെട്ടിപ്പോയീ ,,,ഇദയം പൊട്ടിപ്പോയീ
ഞെട്ടിപ്പോയീ ,,,ഇദയം പൊട്ടിപ്പോയീ
കത്തിന് മറുപടി തരാനൊരു വടിയില്ല പൊട്ടീപ്പൊയി

തമിഴന്റെ ആവശ്യം അറിയാത്തൊരു മലയാളി
പൊണ്ണന്‍ അവനാണ് അവരുടെ തെറ്റിന്റെ "മൊയലാളി "
കര്‍ഷകരാണാ വിഷയത്തില്‍ പോരാളി
അവരെ എതിരിടും നിങ്ങള്‍ വിഡ്ഢികളുടെ തേരാളി

കേള്‍ക്കുന്നില്ലേ നിങ്ങള്‍ കാണുന്നില്ലേ
കേള്‍ക്കുന്നില്ലേ നിങ്ങള്‍ കാണുന്നില്ലേ
സംഭവം അടിപിടി പുകിലുകള്‍ നടന്നിട്ടില്ലേ
ഇപ്പഴും നടക്കുന്നില്ലേ
ഇനിയും നടക്കുകില്ലേ

എന്തെന്ത് പ്രശനങ്ങള്‍
ഡാമിന്നുണ്ടെന്നാലും
എന്നും സുര്‍ക്കി കൊണ്ട് ഓട്ട പൊത്തി വച്ചാലും
ഏറെ പാട് പെട്ട് കോടതി വിധി വന്നാലും
എത്ര കോന്തന്മാര്‍ ഡാം വന്നു കണ്ടാലും

തെറ്റിപ്പോകും പറ്റെ തെറ്റിപ്പോകും
തെറ്റിപ്പോകും പറ്റെ തെറ്റിപ്പോകും
അയലത്തെ തമിഴ് ജനമതിനെല്ലാം വഴിയുണ്ടാക്കും
അതില്‍ നിങ്ങള്‍ പെട്ട് പോകും

മുല്ലപ്പെരിയാര്‍ എന്നത് ആറാത്തൊരു കോപ്പാണ്
മനസ്സില്‍ വോട്ടിന്റെ ലഡ്ഡു പൊട്ടും വാക്കാണ്‌
മാനാഭിമാനമില്ലാ മല്ലൂന്റെം നേര്‍ക്കാണ്
മറുപടി പറയാനായ് കഴിയുന്നത്‌ ആര്‍ക്കാണ്

തെറിച്ചു പോകും അധികാരം തെറിച്ചു പോകും
തെറിച്ചു പോകും അധികാരം തെറിച്ചു പോകും
ഭരണത്തിന്‍ സുഖമത് കിടുകിടാ വിറച്ചു പോകും
കിടുകിടാ വിറച്ചു പോകും
 
നന്ദി  : അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍ (എന്നെ കൊണ്ട് ഇത് ചെയ്യിച്ചതിനു)
നൗഷാദ് അകമ്പാടം (ഫോടോ ,,,കോപി അടിച്ചു  മാറ്റിയതിനു ) 
ശ്രീ കൊമ്പന്‍ മൂസ (കത്ത് തുടങ്ങി വച്ചതിനു ) 
ഇത് സഹിക്കാന്‍ വരുന്നവര്‍ക്ക് (അഡ്വാന്‍സ് )
 

Friday, December 2, 2011

ഗള്‍ഫുകാരന്റെ ടേപ്പ് റിക്കോര്‍ഡര്‍




പ്രീയപ്പെട്ട ഗള്‍ഫുകാരാ,
നിന്റെ ഓര്‍മകളില്‍ എവിടെയും ഇന്നെനിക്ക് സ്ഥാനമുണ്ടാകാനിടയില്ല. ഐപാഡും ബ്ലാക്‌ബെറിയും ലാപ്‌ടോപ്പുമായി ഫേസ്ബുക്കിന്റെയും ഗൂഗിള്‍ പ്ലസിന്റെയും ആഗോള വലയത്തില്‍ അകലങ്ങളിലെ അജ്ഞാത സുഹൃത്തിനോട് സല്ലപിക്കുന്നതിനിടയില്‍ താങ്കളുടെ ഓര്‍മയുടെ ഒരറ്റത്തു പോലും ഞാന്‍ ഉണ്ടാവുന്നതെങ്ങനെ?
എങ്കിലും ഏകാന്തതയുടെ മടുപ്പിക്കുന്ന ഇന്നലെകളില്‍ നിന്റെ സന്തോഷത്തിലും സന്താപത്തിലും ഇണപിരിയാത്ത ഈണമായി ഞാന്‍ കൂടെയുണ്ടായിരുന്നു. നിന്റെ ഉറക്കമില്ലാത്ത രാത്രികളില്‍ തലയിണക്കരികെ നിന്ന്, നിനക്ക് സങ്കടം വരുമ്പോള്‍ ശോകഗാനവും സന്തോഷം വരുമ്പോള്‍ പ്രണയ ഗാനവും പാടാന്‍ എന്നോടൊപ്പം കാസറ്റെന്ന മറ്റൊരാളും. ഇപ്പോള്‍ താങ്കള്‍ക്കെന്നെ മനസിലായിക്കാണുമെന്ന് കരുതുന്നു. അതെ, ഞാന്‍ തന്നെയാണ് ടേപ്പ് റിക്കാര്‍ഡര്‍. ഓര്‍മയുണ്ടോ? വള്ളി നിക്കറിട്ട് നടക്കുന്ന പ്രായത്തില്‍ അയലത്തെ ഗള്‍ഫുകാരന്റെ വീട്ടില്‍ സര്‍വമാന പ്രൗഢിയോടും കൂടി ഞാന്‍ അരങ്ങു വാഴുന്ന കാലം. ഗള്‍ഫുകാരന്റെ പത്രാസിന്റെ വിളംബരമായി അത്തറിന്റെ സുഗന്ധത്തിനും ഫോറിന്‍ സിഗരറ്റിന്റെ ധൂമ പടലങ്ങള്‍ക്കുമൊപ്പം നാട്ടുവഴികളിലൂടെയൊഴുകിയ സംഗീതമായി ചെറുപ്പക്കാരുടെ സ്വപ്‌നങ്ങളെ അറബിക്കടല്‍ കടത്തിയ മഹാ സംഭവം തന്നെയായിരുന്നു അന്നു ഞാന്‍. നീ 'കേട്ടിട്ടില്ലാത്ത' നിന്റെ ശബ്ദം നീയറിയാതെ ആവാഹിച്ചെടുത്ത് നിന്നെ തന്നെ കേള്‍പ്പിച്ചപ്പോള്‍ നിന്റെ മുഖത്തെ തെളിഞ്ഞ അത്ഭുതത്തിന്റെയും ആകാംക്ഷയുടെയും ഭാവവ്യതിയാനങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല. ഗള്‍ഫ് പെട്ടിക്കൊപ്പം ഗള്‍ഫുകാരന്റെ കയ്യില്‍ തൂങ്ങിയാണ് ഞങ്ങളില്‍ പലരും നാട്ടിലെത്തിയിരുന്നത്. ഇടവഴികളിലൂടെ ബാറ്ററിയുടെ ബലത്തില്‍ പാട്ടുപാടിക്കൊണ്ട് എത്രതവണ സഞ്ചരിച്ചിരിക്കുന്നു?
കല്യാണ വീടുകളിലും ആഘോഷ വേദികളിലും അനിവാര്യ സാന്നിധ്യമായി മാറിയപ്പോള്‍ എന്തൊരഹങ്കാരമായിരുന്നുവെന്നോ? എന്നെയൊന്ന് തൊടാന്‍ മോഹിച്ച് അരികിലെത്തിയ നിന്നെ എത്ര തവണ മൈക്ക് ഓപ്പറേറ്റര്‍ ചെവി പിടിച്ചു തിരുമ്മി ഓടിച്ചിട്ടുണ്ട്...?

പ്രതാപം മങ്ങി വീടിന്റെ മൂലയില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ടേപ്പ് റിക്കോര്‍ഡര്‍ എന്ന ആര്‍ സി ആറിന് ഇങ്ങനെ ഒരുപാട് കഥകള്‍ പറയാനുണ്ടാകും. വിശേഷിച്ച് നമ്മള്‍ മലയാളികളോട്. ഓഡിയോ കാസറ്റുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. സി ഡിയും മെമ്മറി കാര്‍ഡും ഫഌഷ് ഡ്രൈവും മറ്റും തല്‍സ്ഥാനം ഏറ്റെടുത്തു. ഓഡിയോ ടേപ്പെന്ന 'ഓല'യിലൂടെ ഒരു കാലഘട്ടം തന്നെയാണ് അപ്രത്യക്ഷമാകുന്നത്. ഇനിയും വികസനം കടന്നു ചെല്ലാന്‍ മടിക്കുന്ന പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും മാത്രമാണ് ഒരുപക്ഷെ ഇന്നും ടേപ്പ് റിക്കോര്‍ഡറുകള്‍ കടല്‍കടക്കുന്നത്. ടെലിഫോണും മൊബൈല്‍ ഫോണും മറ്റും വ്യാപകമാകുന്ന ഘട്ടത്തിനു മുന്നേ, ലിപികളില്ലാത്ത ഭാഷകൊണ്ട് പൊറുതിമുട്ടിയ പഠാണ്‍കാരുടെ 'ശബ്ദ ദൂതാ'യിരുന്നു ഓഡിയോ ടേപ്പുകള്‍. പാനസോണികിന്റെ എം 50 മോഡല്‍ ആര്‍ സി ആറുകളോടായിരുന്നു പഠാണികള്‍ക്ക് എന്നും പ്രിയം. മരുഭൂമിയിലെ ഒഴിഞ്ഞ കോണുകളിലായിരുന്നു തങ്ങളുടെ വിശേഷങ്ങള്‍, വിഹ്വലതകള്‍, എല്ലാ ടേപ്പ് റിക്കോര്‍ഡറിനോട് പറഞ്ഞ് പകര്‍ത്തിയ കാസറ്റിന്റെ 'ഓല' (ടേപ്പ്) മാത്രം അടര്‍ത്തിയെടുത്ത് കവറിലാക്കി നാട്ടിലേക്കയച്ചിരുന്ന പാക്കിസ്ഥാനികല്‍ പോലും ഇന്ന് അക്കഥകള്‍ മറന്നിരിക്കുകയാണ്. മലയാളത്തിന്റെ കഥയും വിഭിന്നമായിരുന്നില്ല. എഴുപതുകളില്‍ ഗള്‍ഫുകാരന്റെ (അങ്ങനെ തന്നെ പറയട്ടെ) ടേപ്പ് റിക്കോര്‍ഡര്‍ എങ്ങും സംസാരവിഷയമായിരുന്നു. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഒരുപാട് കഥകള്‍ ഈ ഉപകരണം പഴയ ഗള്‍ഫുകാരനു മേല്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. മരുഭൂമിയില്‍ ചോര നീരാക്കുന്നവര്‍ നാട്ടിലെത്തുമ്പോള്‍ ഒരു ടേപ്പ് റിക്കോര്‍ഡര്‍ അവന്റെ സന്തത സഹചാരി തന്നെയായിരുന്നു. അന്നു വരെ റേഡിയോയും 'പെട്ടിപ്പാട്ടും' മാത്രം കേട്ടിരുന്നവര്‍ ഈ അതിശയപ്പെട്ടിയിലൂടെ ദിക്ര്‍ പാടി കിളിയും കത്തു പാട്ടും കേട്ടു. കണ്ണീര്‍ വാര്‍ത്തു. ഉറ്റവരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റുകളുമായി ഗള്‍ഫുകാരന്‍ വീണ്ടും കടല്‍ കടന്നപ്പോള്‍ അവന്റെ പ്രിയതമ സന്ദേശങ്ങള്‍ പങ്കുവെച്ചത് ടേപ്പ് റിക്കോര്‍ഡറിനോടു തന്നെയായിരുന്നു.

നാട്ടിന്‍പുറത്തെ ഗാനമേളകളിലും വഅളു പരിപാടികളിലും മറ്റും പിന്നീട് 'തലയുയര്‍ത്തി' നില്‍ക്കുന്ന അനേകം ടേപ്പ് റിക്കോര്‍ഡറുകള്‍ ഒരു നിത്യ കാഴ്ചയായി മാറി. അക്കാലത്തു തന്നെയാണ് ഏറ്റവുമധികം മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളും മറ്റും പിറവി കൊണ്ടതും. ഇന്നും നാം കേള്‍ക്കുന്ന ഒട്ടുമിക്ക ഗാനങ്ങളും 'കാസറ്റ് യുഗ'ത്തിന്റെ സംഭാവനകള്‍ തന്നെയാണ്. നാഷനല്‍, പാനസോണിക് എന്നീ കമ്പനികളുടെ മോണോ സ്പീക്കര്‍ ടേപ്പ് റിക്കോര്‍ഡറുകളായിരുന്നു ആദ്യകാലങ്ങളിലെ സൂപ്പര്‍സ്റ്റാര്‍. പിന്നീട് ഒട്ടനവധി മോഡലുകള്‍ രംഗത്തിറങ്ങി. പാനസോണിക് അടക്കമുള്ള ഒട്ടുമിക്ക കമ്പനികളും ടേപ്പ് റിക്കോര്‍ഡറുകളുടെ നിര്‍മാണം അവസാനിപ്പിച്ചു കഴിഞ്ഞു. കാസറ്റുകളും തഥൈവ. ബ്ലൂ റേ പ്ലെയറും ഫഌഷ് ഡ്രൈവും അടങ്ങിയ ഹോം തീയേറ്ററുകളും ത്രീഡി ചിത്രങ്ങളുള്ള എല്‍ സി ഡി ടിവികളും വിപണി കൈയടക്കിയിരിക്കുകയാണിപ്പോള്‍. കാസറ്റുകളില്‍ പതിഞ്ഞു കിടക്കുന്ന ശബ്ദതരങ്കങ്ങളെല്ലാം എം പി ത്രീയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. കാലഘട്ടത്തിന്റെ കണ്ടെത്തലുകള്‍ക്കു മുന്നില്‍ അനിവാര്യമായ വിടവാങ്ങലിന് കാതോര്‍ക്കുകയാണ് ടേപ്പ് റിക്കോര്‍ഡും കാസറ്റുകളും ഇപ്പോള്‍. ഗള്‍ഫ് മലയാളിയുടെ ജീവിതവുമായി ഇത്രയേറെ ഗാഢബന്ധം പുലര്‍ത്തിയ മറ്റൊരു ഉപകരണവും ഉണ്ടാവാനിടയില്ല. 

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മറ്റും സ്വപ്‌നത്തില്‍ പോലും വരുന്നതിനു മുമ്പ്, മണല്‍ കാട്ടിലെ ഭീതിതമായ ഒറ്റപ്പെടലില്‍ സാന്ത്വനത്തിന്റെ സ്പര്‍ശമായത് ഈ ഉപകരണമായിരുന്നു. നാട്ടിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേട്ട് പൊട്ടിച്ചിരിച്ചതും 'നിന്റെ ശബ്ദമൊന്നു കേള്‍ക്കാന്‍ പൂതിയുണ്ട് മോനേ'യെന്ന ഉമ്മയുടെ കണ്ണീരിനു മറുപടി പറഞ്ഞതും പിറന്നിട്ടിന്നോളം കണ്ടിട്ടില്ലാത്ത പൊന്നുമോന്‍ ഉപ്പായെന്ന് വിളിക്കുന്നത് ആദ്യമായി കേട്ടതും ഗദ്ഗദത്തോടെ പ്രിയതമ വികാരങ്ങള്‍ പങ്കുവെച്ചതും അപ്പോള്‍ നിനക്ക് കരച്ചില്‍ വന്നതും തലയിണക്കരികെ നിന്ന് സുഖമുള്ളൊരു പാട്ടു കേട്ട് ഉറങ്ങിപ്പോയതും ഒന്നും പ്രീയപ്പെട്ട മലയാളീ നീ മറക്കാനിടയില്ല. കനവുകള്‍ പുഷ്പിക്കുന്ന മരുഭൂവിലേക്ക് നിന്നെ വലിച്ചടുപ്പിച്ച മോഹങ്ങളിലൊന്ന് ഒരുകാലത്ത് ഈ അത്ഭുതപ്പെട്ടിയായിരുന്നു.
പേനയും പെന്‍സിലുമുപയോഗിച്ച് കറക്കിയ കാസറ്റുകള്‍, ടേപ്പ് പൊട്ടിയ കാസറ്റുകള്‍ സാഹസികമായി ഒട്ടിച്ചു ചേര്‍ത്ത് വീണ്ടും കേള്‍ക്കാനിടയായ ശബ്ദങ്ങള്‍, ചുവന്ന നിറമുള്ള റിക്കോര്‍ഡ് ബട്ടണ്‍ അറിയാതെ അമര്‍ത്തിയപ്പോള്‍ നഷ്ടമായ വിലപിടിപ്പുള്ള വികാരങ്ങള്‍, യാത്രക്കിടയില്‍ കൂടെ കൊണ്ടു നടന്നിരുന്ന പ്രിയമുള്ള കാസറ്റുകള്‍. വഴിയരികില്‍ നിന്നെവിടെയോ കേട്ട പാട്ട് റെക്കോഡ് ചെയ്തു കിട്ടാനായി കാസറ്റുകടകളിലും സുഹൃത്തിന്റെയും വീട്ടിലും മറ്റും കയറിയിറങ്ങിയ നാളുകള്‍, ഇല്ല ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം ആ നാളുകള്‍ക്ക് സലാം. ഒരു വിരല്‍ സ്പര്‍ശത്തിനൊപ്പം എക്കാലത്തെയും മികച്ച സംഗീതമാസ്വദിക്കാന്‍, എന്നും ഭ്രമിപ്പിക്കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാന്‍, ഒരു സ്‌ക്രീനിനിരുപുറവും അകലത്തില്‍ കളിചിരി പെയ്യാന്‍, പ്രീയപ്പെട്ട ഗള്‍ഫുകാരാ നിന്നെ ലോകം വളര്‍ത്തി വലുതാക്കി കഴിഞ്ഞു. എങ്കിലും മറക്കാതിരിക്കുക, ഒരുകാലത്ത് നിന്റെ പൊങ്ങച്ചത്തിന്റെ പ്രതീകമായിരുന്ന എന്നെയും സ്വപ്‌നങ്ങള്‍ 'ആവാഹിച്ചിരുത്തിയ' കാസറ്റുകളെയും. കാരണം നിനക്ക് ഗള്‍ഫുകാരനെന്ന ലേബല്‍ പോലും തന്നത് ഞാനായിരുന്നില്ലേ...


വര: മജ്‌നി 

Friday, November 18, 2011

നമുക്കൊന്ന് മീറ്റിയാലോ ???



ഫേസ് ബുക്കില്‍ അലയുമ്പോള്‍ വന്നു കയറി ഒരു .."ഹായ് " ..
വര്‍ഷങ്ങളായി ബ്ലോഗിലൂടെ പരിചിതമായ നാമം.
ഞാനും വിട്ടു കൊടുത്തില്ല . ഹൈ വോള്‍ട്ടില്‍ തന്നെ തിരികെ കൊടുത്തു.
"ഹായ് .."
"നിങ്ങളുടെ എഴുത്ത് വായിക്കാറുണ്ട്. "
"നന്ദി. താങ്കള്‍ ഇപ്പോള്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയോ ? പുതിയ പോസ്റ്റൊന്നും ഇല്ലല്ലോ?"
"ജോലി തിരക്കാ .രാത്രി വരുമ്പോള്‍ വൈകും എഴുതാന്‍ സമയം പോരാ."
"എവിടെയാ ജോലി ??"
"ഞാന്‍ ഷാര്‍ജയില്‍ . നിങ്ങള്‍ ?"
"ഹോ, ഞാനും ഷാര്‍ജയിലാണല്ലോ?"
"അതെയോ ? എവിടെയാ താമസം?"
"ലുലു സെന്ററിന്റെ പിറകിലാ അറ്റ്‌ലസ് ബില്‍ഡിങ്ങില്‍ "
"ഞാനും അവിടെയാണല്ലോ ഈശ്വരാ.. ഫ്ലാറ്റ് നമ്പര്‍ ?? "
" 601 "
ഡോറില്‍ മുട്ട് കേട്ടു. വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ലാപ് ടോപും മുഖത്തു പുഞ്ചിരിയുമായി അയാള്‍ നില്‍ക്കുന്നു.
അപ്പുറത്തെ മുറി ചൂണ്ടി അയാള്‍ പറഞ്ഞു.
ഒന്നര വര്‍ഷമായി ഞാന്‍ ആ മുറിയിലാ താമസം.
ഒരു ബ്ലോഗറെ ജീവനോടെ കണ്ടതിന്റെ ആവേശത്തില്‍ ഞാന്‍ പറഞ്ഞു
" നമുക്കൊന്ന് മീറ്റിയാലോ ??? "



നന്ദി : ശ്രീ ജെഫു ജൈലഫ് (പടം അടിച്ചു മാറ്റിയതിനു )
        : ശ്രീമതി ...ഉമ്മു അമ്മാര്‍  (ആദ്യ വായനക്ക് )


Thursday, October 27, 2011

ചില്ലറ പാട്ട് പരീക്ഷണങ്ങള്‍

ചെറുപ്പം തൊട്ടേ  പാട്ടുകളോട്  പ്രണയമായിരുന്നു. പ്രത്യേകിച്ച് ശോക ഗാനങ്ങള്‍ . പാട്ടുകാരനാവുക എന്ന മോഹവുമായി ചെന്ന് കയറാന്‍ സിംഹത്തിന്റെ മടയൊന്നും കണ്ടില്ലെങ്കിലും  പാടാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും "സംഗതികളുടെ" അധിപ്രസരത്താല്‍ ദയനീയ പരാജയമായി മാറി. തോറ്റു കൊടുക്കാന്‍ മനസ്സില്ലായിരുന്നു. അകത്തു കയറിയ താള ബോധം ബഹിര്‍ ഗമിച്ചത് എഴുത്തിന്റെ രൂപത്തിലായിരുന്നു. പ്രീ ഡിഗ്രിക്കാരന്റെ  എഴുത്ത് പലരും വാഴ്ത്തി. മാപ്പിളപ്പാട്ട് രചനാ മത്സരങ്ങളില്‍ സ്ഥിരം ജേതാവായത്തോടെ ചെറിയ അവസരങ്ങള്‍ തേടി വരാന്‍ തുടങ്ങി.
കരീം കക്കാട് എന്ന ജ്യേഷ്ഠ തുല്യനായ സുഹ്രത്തിനെ
  പരിചയപ്പെട്ടത്‌ ജീവിതത്തിലെ വഴിത്തിരിവായി. മാപ്പിളപ്പാട്ട് കാസറ്റുകള്‍ വിപണി വാഴുന്ന കാലത്ത് ഞങ്ങള്‍ മലയാള ചരിത്രത്തിലാദ്യമായി ദഫ് മുട്ട് എന്ന കലാ രൂപത്തെ കാസറ്റിലാക്കി വിപണിയിലെത്തിച്ചു, സംഗതി ഏറ്റു എന്ന് മാത്രമല്ല വന്‍ ലാഭമായി മാറുകയും ചെയ്തു.  എന്റെ രചനകള്‍ അങ്ങനെ നാലാള്‍ പാടാന്‍ തുടങ്ങി. ഞങ്ങളെ അനുകരിച്ചും ഞങ്ങളുടെ സഹായത്തോടെയും പ്രമുഖ കാസറ്റ് നിര്‍മാതാക്കള്‍ എല്ലാം ദഫ് ഗാനങ്ങള്‍ക്ക് പിന്നാലെ വന്നു. കോഴിക്കോട് സ്റ്റാര്‍ ഓടിയോസിലെ കൊയക്കയുടെ പിന്‍ തുണ കിട്ടിയതോടെ ഒരു മാപ്പിളപ്പാട്ട് കാസറ്റ്‌  ഇറക്കാനായി ശ്രമം. ചെറിയ മുതല്‍ മുടക്കില്‍ മതിയെന്നായിരുന്നു തീരുമാനം.
ഞാനും ടി പി അബ്ദുള്ള ചെറുവാടി എന്ന എഴുത്തുകാരനും രചന നിര്‍വഹിച്ച്, കൊടിയത്തൂരിലെ ഹുസന്‍ മാഷുടെ (മാഷ്‌ ഇന്ന്
  നമ്മോടൊപ്പമില്ല. കഴിവുറ്റ എഴുത്തുകാരനും കലാകാരനുമായിരുന്നു അദ്ദേഹം) മക്കളായ നാദിയ ഹുസന്‍ (അന്ന് ബേബി നാദിയ ) ശാഹദ് (കൈരളി പട്ടുറുമാലില്‍ ജനപ്രിയ ഗായകനായിരുന്നു കഴിഞ്ഞ വര്ഷം ശാഹദ്. അന്ന് മൂന്നാം ക്ലാസ്സില്‍ ) നിയാസ് ചോല എന്നിവര്‍ പാടിയ "പൊന്‍ താരം" എന്ന കാസറ്റിന്റെ സംഗീതം ജോയ് വിന്സന്റ്  ചേട്ടനായിരുന്നു. തുടര്‍ന്നിറങ്ങിയ ഇതേ ടീമിന്റെ "പുന്നാരം" എന്ന കാസറ്റിനായി
കെ വി അബൂട്ടിയാണ് (ഏഷ്യാനെറ്റ്
  "മൈലാഞ്ചി " ഷോയിലെ വിധി കര്‍ത്താവ്. രണ്ടു പേര്‍ ചാനലിലെത്തി ,, മൂന്നാമന്‍ ഞാനാകുമോ .ആയാലും നിങ്ങള്‍  ഞെട്ടേണ്ട.ഓരോരോ ആഗ്രഹങ്ങളേ !  ) സംഗീതം നിര്‍വഹിച്ചത്. 
കോഴിക്കോട് നടക്കാവില്‍ എം കെ മുനീര്‍ സാഹിബിന്റെ വീടിനടുത്തുള്ള "പല്ലവി സ്റ്റുഡിയോയില്‍ " മനോജ്‌ എന്ന റികോഡിസ്ടാണ്  ഗാനങ്ങള്‍ റിക്കോഡ്‌ ചെയ്തത്. അന്നൊക്കെ സ്പൂളില്‍ ആയിരുന്നു റിക്കോഡ്‌ ചെയ്തിരുന്നത്. റികോഡിംഗ് ദിവസം പാട്ടുകാരും വാദ്യ മേളക്കാരുമെല്ലാം ഒന്നിച്ചു ഹാജരാകണം. ഒറ്റ ടേക്കില്‍ പാട്ടിനൊപ്പം തന്നെ മേളം വായിക്കും. തെറ്റിയ ഭാഗങ്ങള്‍ മാത്രം റീ ടെയ്ക് എടുക്കും.അതായിരുന്നു നാലഞ്ചു വര്‍ഷം മുമ്പ് വരെയുള്ള രീതി .
എന്നാലിന്ന് കമ്പ്യൂടര്‍ വന്നതോടെ പാടുന്നവരും എഴുതുന്നവരും സംവിധായകനും മേളക്കാരും ഒന്നും തമ്മില്‍ അറിയുക പോലും ഇല്ലാത്ത അവസ്ഥയായി. ഓരോരുത്തരുടെയും സൗകര്യം പോലെ വന്നു അവരുടെ ഭാഗം ചെയ്തു അവസാനം മിക്സ് ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. ദുബായില്‍ തുടങ്ങിയ ജോലികള്‍ തീരുന്നത് ചിലപ്പോള്‍ കൊച്ചിയിലാകും.  കോഴിക്കോട്ടെ മികച്ച  കലാകാരന്മാരുടെ ഒരു സംഘമായിരുന്നു അന്ന് മിക്കവാറും എല്ലാ പരിപാടികള്‍ക്കും മേളം ഒരുക്കിയിരുന്നത് .കോഴിക്കോട് അബൂ ബക്കര്‍ (അവുക്കാക്ക)യാണ്  ഞങ്ങള്‍ക്ക് വേണ്ടി തബല വായിച്ചത്. 
അവസാന നിമിഷം സ്റ്റുഡിയോയിലിരുന്നു ചില വരികള്‍ തിരുത്തി എഴുതേണ്ടി വരുമ്പോഴത്തെ ടെന്‍ഷനും എല്ലാവരും ഒത്തു ചേര്‍ന്നുള്ള ആ അപൂര്‍വ നിമിഷങ്ങളും എല്ലാം വീണ്ടും ഓര്‍ത്ത്‌ പോയത്  കാസറ്റില്‍ നിന്നും ഞാന്‍ എം പീ ത്രിയിലേക്ക് പകര്‍ത്തിയ ഗാനങ്ങള്‍ കേട്ടപ്പോഴാണ്. കാലപ്പഴക്കം ചില അപാകതകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഹാജിമാര്‍ മക്കയില്‍ വീണ്ടും സാഗരം തീര്‍ക്കുമ്പോള്‍  നാദിയ പാടിയ എന്റെ  ഈ ഗാനം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

മക്കത്തെ കഅബ ശരീഫ് മുത്തി മണത്തിത വന്നിടും കാറ്റേ
മദീനത്തെ റൗള ശരീഫ് സിയാറത്ത് ചെയ്തിരുന്നോ
മസ്ജിദുല്‍ ഹറമില് പോയിരുന്നോ
മുത്തു റസൂലിനെ ഓര്‍ത്തിരുന്നോ

ശറഫുറ്റ ഹജറുല്‍ അസുവദില്‍ മുഖം ചുംബിച്ചോ
ശിഫയുറ്റ കുളിര്‍ സംസം കുടിച്ചിരുന്നോ
അറഫയില്‍ പോയിരുന്നോ ഹജ്ജിന്റെ അമലുകള്‍ കണ്ടിരുന്നോ
മീനയില്‍ ചെന്നിരുന്നോ ഹജ്ജിന്റെ പ്രാര്‍ത്ഥന കേട്ടിരുന്നോ .. ഹജ്ജിന്റെ ...

ബദറിന്റെ പടക്കളത്തില്‍ പുളകം കൊണ്ടോ
ബഹുമാന്യ സ്വഹാബത്തിന്‍ ചരിതം കേട്ടോ
ഹിറ ഗുഹ കണ്ടിരുന്നോ ഹഖിന്റെ മധു മൊഴി കേട്ടിരുന്നോ
ഹിറ ഗുഹ കണ്ടിരുന്നോ ഹഖിന്റെ മധു മൊഴി കേട്ടിരുന്നോ ...ഹഖിന്റെ ...

സഫ മര്‍വാ മലക്കിടയില്‍ സഇയും ചെയ്തോ
സഹരത്താം ഹാജറാവിന്‍ കണ്ണീരോര്‍ത്തോ
ഉഹദെന്ന മല കണ്ടോ ഹംസത്തെന്നസദിനെ ഓര്‍മ വന്നോ
ഉഹദെന്ന മല കണ്ടോ ഹംസത്തെന്നസദിനെ ഓര്‍മ വന്നോ
  ഹംസത്തെന്ന ...

മക്കത്തെ കഅബ ശരീഫ് മുത്തി മണത്തിത വന്നിടും കാറ്റേ ...






 ഈ ഒപ്പനപ്പാട്ട്  പിന്നെ വേറെ ആരെങ്കിലും വന്നു കേള്‍ക്കുമോ ? കേട്ടിട്ട് പോയാല്‍ മതി ,അതന്നെ.

 

Thursday, October 13, 2011

'റുമാന്‍ തോപ്പിലെ കാഴ്ചകള്‍'


സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ ഇരുമ്പുപോലെ ഉറപ്പുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയെ ജബല്‍അഖ്ദര്‍ (പച്ചമല) എന്ന് വിളിക്കുന്നതിന്റെ അര്‍ഥ ശൂന്യതയായിരുന്നു മലമ്പാതകള്‍ ആയാസപ്പെട്ടു കയറുന്ന ഫോര്‍ വീലറിലിരിക്കുമ്പോള്‍ മനസു നിറയെ. മസ്‌കത്തില്‍ നിന്നും 100 കിലോ മീറ്റര്‍ സലാല റോഡില്‍ സഞ്ചരിക്കുമ്പോള്‍ 'നിസ്‌വ'യെന്ന ചെറു പട്ടണത്തിലെത്താം. നിസ്‌വയിലെത്തുന്നതിനു തൊട്ടു മുമ്പായുള്ള ഇന്റര്‍ചേഞ്ചിനടുത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകുന്ന വഴിയാണ് 'ജബല്‍ അഖ്ദര്‍ ' എന്ന ഒമാനിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്നത്. മലയടിവാരത്തിലെ ചെക്ക് പോയിന്റ് നിന്ന് 35 കിലോമീറ്റര്‍ മല കയറി വേണം ഇവിടെയെത്താന്‍. അവധിയാഘോഷങ്ങള്‍ 'തീ പിടിച്ച' മരുഭൂമിയില്‍ എങ്ങനെയാവണമെന്ന് സന്ദേശിക്കുന്നവര്‍ക്ക് പ്രകൃതിയുടെ തണുപ്പും ദൈവത്തിന്റെ കരവിരുതില്‍ വിരിഞ്ഞ മനോഹര കാഴ്ച കണ്ടുമാണ് 'പച്ചമല' നിഗൂഢമായി ഒളിച്ചു വെച്ചിരിക്കുന്നത്.
ചെക്ക് പോയിന്റില്‍ നിന്ന് മല കയറണമെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ഇവിടെ ഫോര്‍വീല്‍ ഡ്രൈവുകള്‍ വാടകക്ക് ലഭിക്കും.
 കുത്തനെയുള്ള കയറ്റവും വളവുകളുമാണ് ജബല്‍ അഖഌറിലേക്കുള്ള മലമ്പാതയെ വന്യമാക്കുന്നത്. നിരവധി മലകള്‍ക്കിടയിലൂടെ തീര്‍ത്ത പാതകളുടെ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ചുരം റോഡിലെ വ്യൂ പോയിന്റുകളില്‍ നിന്ന് താഴെയുള്ള ഗ്രാമങ്ങളുടെ ഭംഗി നുകരും. മലകയറും തോറും 40 ഡിഗ്രിയില്‍ നിന്ന് താപനില താഴ്ന്നു വരുന്നതു കാണാം. ഒരു മണിക്കൂറോളം നീണ്ട യാത്ര എത്തിച്ചത് നിരവധി മലകള്‍ക്കു നടുവിലെ ഒരു ചെറു ഗ്രാമത്തിലേക്കാണ്.

ഒരു പെട്രോള്‍ പമ്പും നാലോ അഞ്ചോ കടകളും സര്‍ക്കാര്‍ കാര്യാലയങ്ങളും പോലീസ് സ്റ്റേഷനും മറ്റുമുള്ള ചെറിയൊരു അങ്ങാടി പിന്നിട്ടപ്പോള്‍ നാലു വശത്തേക്കും റോഡുകള്‍ ഇറക്കമിറങ്ങുകയായി.
സമയം ഉച്ചക്ക് 12ന് താപനില 25 ഡിഗ്രി സെല്‍ഷ്യസ്. ഒമാന്‍ റോയല്‍ പോലീസ് സേനയുടെയും ഒമാന്‍ ടി വിയുടെയും മറ്റും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിന്നിട്ട് കുന്നിറങ്ങി ചെന്നത് 'അല്‍ ഖീസ്' എന്ന ഗ്രാമത്തിലേക്കാണ്. നാഗരികതയുടെ കടന്നുകയറ്റങ്ങള്‍ കോണ്‍ക്രീറ്റ് ഭവനങ്ങളില്‍ മാത്രമൊതുങ്ങുന്ന വശ്യസുന്ദരമായ ഗ്രാമം. വീടുകളില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന മരക്കൊമ്പുകളില്‍ കായ്ച്ചുനില്‍ക്കുന്ന ചുവന്ന പഴവര്‍ഗങ്ങള്‍ കണ്ടപ്പോള്‍ നാവില്‍ കൊതിയുടെ  തിരയിളക്കം തുടങ്ങി.


ഗ്രാമ കവാടത്തില്‍ വാഹനമൊതുക്കി ക്യാമറയും തൂക്കി ഞങ്ങള്‍ നടന്നു തുടങ്ങി. സന്ദര്‍ശകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. ഒമാനിലെ സാധാരണ കര്‍ഷകര്‍ താമസിക്കുന്ന ചെറിയ ചെറിയ നിരവധി ഗ്രാമങ്ങളാണ് ജബല്‍ അഖ്ദറിലുള്ളത്. അല്‍ ഗൈല്‍, അല്‍ അഖാര്‍, ശറീജ തുടങ്ങിയ ഇടങ്ങളിലെല്ലാം മലഞ്ചെരുവിലെ കൃഷിയിടങ്ങള്‍ സജീവമാണ്.
തുറന്നു കിടക്കുന്ന വഴിയിലൂടെ മുന്നോട്ടു നീങ്ങവേ ഇരുവശങ്ങളിലും കമ്പിവേലികള്‍ തുളച്ച് പുറത്ത് ചാടാന്‍ വെമ്പി നില്‍ക്കുന്ന റുമ്മാന്‍ (അനാര്‍) പഴങ്ങളാണ് എതിരേറ്റത്. മരുഭൂമിയിലെ ഏറ്റവും നയനാനന്ദകരമായ കാഴ്ച എക്കാലവും മരുപ്പച്ചകള്‍ തന്നെ ആയിരുന്നുവല്ലോ? തുടുത്തു പഴുത്തു നില്‍ക്കുന്ന റുമ്മാന്‍ പഴങ്ങള്‍ നിറഞ്ഞ വലിയൊരു തോട്ടത്തിലേക്കുള്ള പാതയായിരുന്നു അത്. തുറന്നു കിടക്കുന്ന കുഞ്ഞു വാതിലിലൂടെ അകത്തു പ്രവേശിച്ചതും മരുഭൂമിയിലാണീ ലോകമെന്നും വിശ്വസിക്കുക പ്രയാസകരമായിരുന്നു. അറബ് ചരിത്രത്താളുകളിലെവിടെയോ വായിച്ച റുമ്മാന്‍ തോപ്പും 'അബു സയ്യാദു'മെല്ലാം ഓര്‍മയില്‍ തെളിഞ്ഞു.

തട്ടുകളായി തിരിച്ച കൃഷിയിടത്തില്‍ റുമ്മാനിനു പുറമെ, അക്കിപ്പഴം, മുന്തിരി, പ്രത്യേകതരം പഴം എന്നിവയെല്ലാം കാണാം. ആക്രാന്തം മൂത്തപ്പോള്‍ വഴിയില്‍ കണ്ട ഒമാനിയോട് തിരക്കി. 'ഈ തോട്ടം ആരുതേടാണെന്ന്?' ഉടമസ്ഥന്‍ സ്ഥലത്തില്ലെന്നറിഞ്ഞത് നിരാശക്കിടയാക്കിയെങ്കിലും വീണു കിടക്കുന്ന പഴങ്ങള്‍ പെറുക്കി ഭക്ഷിക്കാന്‍ തുടങ്ങി. പക്ഷെ, അതിനു വേണ്ടത്ര രുചി പോരായിരുന്നു.

 ചെറിയൊരു കൈത്തോട്ടില്‍ നിന്നും ശക്തമായി നീരൊഴുക്കു കണ്ടു. പിന്നെ അതിന്റെ ഉറവിടം തേടി തോട്ടത്തിലൂടെ മുകളിലേക്കു നടന്നു. എങ്ങും റുമ്മാന്‍ പഴങ്ങള്‍ ഞങ്ങളെ നോക്കി ചിരിച്ചു. ഒരിടത്ത് രണ്ട് ഒമാനി യുവതികള്‍ തോട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ അലക്കുന്നത് നാടിനെ ഓര്‍മിപ്പിച്ചു.

അവര്‍ കാണിച്ചു തന്ന വഴിയിലൂടെ വീണ്ടും കുന്നു കയറി എത്തിയത് ഒരു ജലശേഖരണിക്കരികത്താണ്. ബംഗാളിയായ മുഹമ്മദ് ഞങ്ങള്‍ക്ക് ഈ പ്രദേശത്തെ കുറിച്ചു പറഞ്ഞു തന്നു. മലക്കപ്പുറമുള്ള 'ഫലജ്' (നീര്‍ചോല) യില്‍ നിന്നാണ് വെള്ളം പമ്പു ചെയ്യുന്ന്ത്. സെപ്തംബര്‍, ഒക്‌ടോബര്‍ മാസത്തിലാണത്രെ റുമ്മാന്‍ പാകമാകുന്നത്. ഇത്തവണ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ ഫലങ്ങള്‍ പൊട്ടിപ്പിളര്‍ന്നു കേടായി വീഴുന്നുണ്ട്. വെറുതെയല്ല നേരത്തെ കഴിച്ചതിനൊരു ചവര്‍പ്പ് രുചി. മുഹമ്മദ് ഏകദേശം പാകമായ റുമ്മാന്‍ പഴങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. വര്‍ഷങ്ങളായി ഇവിടത്തെ തോട്ടക്കാരനാണിദ്ദേഹം.

നട്ടുച്ചയോ വെയിലോ ഒന്നും ഏശാത്ത കുന്നിറങ്ങി വരുമ്പോള്‍ മുന്നില്‍ മനോഹരമായൊരു പള്ളി കണ്ടു. പഴയകാല പ്രൗഢി വിളിച്ചറിയിക്കുന്ന കല്ലുകളില്‍ തീര്‍ത്ത പള്ളി. പ്രാര്‍ഥന കഴിഞ്ഞ് അവിടെ വിശ്രമിക്കാനിരുന്നപ്പോള്‍ സുഖ ശീതളമായ നിദ്ര മാടിവിളിക്കാന്‍ തുടങ്ങിയതോടെ ഇറങ്ങി നടന്നു.

വിശപ്പു മാറാന്‍ വല്ലതും കിട്ടുമോ എന്നന്വേഷിച്ചാണ് ഒരു കടയിലേക്കു ചെന്നത്. ചന്ദ്രനില്‍ ചെന്നാലും മലയാളി കാണുമെന്നത് അന്വര്‍ഥമാക്കിക്കൊണ്ട് 'മാതൃഭൂമി'യുടെ കലണ്ടര്‍ ഹോട്ടലിന്റെ ചുവരില്‍ തൂങ്ങിക്കിടക്കുന്നു. ആറു മാസത്തോളമായി ഇവിടെ ജോലി ചെയ്യുന്നെങ്കിലും കൊല്ലം സ്വദേശിയായ പ്രവാസിക്ക് ഇവിടത്തെ കാഴ്ചകളെ കുറിച്ചൊന്നും അറിയില്ല. തൊട്ടടുത്ത കടയെ ഒമാനിയായ ഇബ്രാഹീം ഞങ്ങളുടെ കൂടെ വന്നു.
 ജബല്‍ അഖ്ദര്‍ ഹോട്ടലിനടുത്തെ കുന്നിലേക്കാണ് ഇബ്രാഹീം ഞങ്ങളെ കൊണ്ടു പോയത്.

ഒരു കിണറു വക്കില്‍ നിന്ന് താഴേക്ക് നോക്കുന്ന പ്രതീതിയായിരുന്നു ആ കാഴ്ച സമ്മാനിച്ചത്. ഒരു കാലടിക്കപ്പുറം അഗാഥമായ ഗര്‍ത്തത്തിലെ താഴ്‌വരകള്‍. പച്ച പുത്തച്ച തട്ടുകളായി കിടക്കുന്നു. കൃഷിയിടങ്ങള്‍ ആകാശത്തിനു താഴെ ഭൂമിക്കു മുകളില്‍ നിന്ന് മറ്റൊരു ഭൂമിയെ നോക്കിക്കാണുന്ന അനുഭവം എത്ര ദൃശ്യസുന്ദരം. എങ്ങിനെയാണ് ആ കാഴ്ച വിവരിക്കേണ്ടതെന്നറിയില്ല. ജീവിതത്തില്‍ കണ്ട പ്രകൃതിയുടെ ഏറ്റവും വശ്യമായ രൂപങ്ങളില്‍ ഒന്നെന്ന് ഒറ്റവാക്കില്‍ പറയാം. ജബല്‍ അഖഌ എന്ന പദര്‍ത്തിനര്‍ഥം ഇതാ കണ്‍ മുമ്പില്‍. നിരവധി ഗ്രാമങ്ങളാണ് താഴ്‌വരയിലുള്ളത്. അവയില്‍ ഏറ്റവും താഴെയുള്ള ഒന്നിലേക്ക് ചൂണ്ടി ഇബ്രാഹീം പറഞ്ഞു: അവിടെയാണെന്റെ ഗ്രാമം.

അവിശ്വസനീയതയോടെ ഞങ്ങള്‍ ആ മുഖത്തേക്ക് നോക്കി. ഇബ്രാഹീമിന്റെ പൂര്‍വ പിതാക്കളില്‍ എത്ര പേര്‍ പുറം ലോകം കണ്ടിട്ടുണ്ടായിരിക്കുമെന്നായിരുന്നു മനസിലുയര്‍ന്ന ചിന്ത. റോഡും വാഹനങ്ങളുമൊക്കെ മല കീഴടക്കും മുമ്പ് ഇവിടെ ജീവിച്ചിരുന്നവര്‍ ദുര്‍ഘഢമായ പാതകള്‍ താണ്ടി പ്രകൃതിയോട് മല്ലിട്ടും ഇവിടെ ആരംഭിച്ച് ഇവിടെ തന്നെ ഒടുങ്ങിയ എത്ര തലമുറകള്‍ കാണും? ഇബ്രാഹീം കാണിച്ച വഴിയിലൂടെ കുന്നിറങ്ങി ദുര്‍ഘഢമായ ഒറ്റയടിപ്പാതയിലൂടെ രണ്ടു കുന്നുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഒരു കൃഷിയിടത്തിലെത്തി. അവിടെ മനോഹരമായൊരു നീര്‍ച്ചോല കണ്ടു. ഇത്തരം 'ഫലജു'കളില്‍ നിന്നാണ് കൃഷിക്കുവേണ്ട വെള്ളം ശേഖരിക്കുന്നത്. കൈതോട്ടുകളിലൂടെ അത് ഒഴുകിക്കൊണ്ടിരിക്കുന്നു.

റോസ് വാട്ടര്‍ നിര്‍മാണത്തിനും ഏറെ പ്രസിദ്ധമാണ് ജബല്‍ അഹ്ദറിലെ ഗ്രാമങ്ങള്‍. 1957-59 കാലഘട്ടത്തില്‍ ബ്രിട്ടീഷ്, സഊദി സേനകള്‍ക്കെതിരെ ഒരു യുദ്ധവും മേഖലയില്‍ അരങ്ങേറിയിട്ടുണ്ട്. വാദിഗുല്‍ വാദി മിസ്തല്‍ തുടങ്ങിയ താഴ്‌വരകളാണ് ഇവിടത്തെ മറ്റ് മുഖ്യ ആകര്‍ഷണങ്ങള്‍.
ഇബ്രാഹീമിനോടും റുമ്മാന്‍ തോപ്പിനോടും സലാം ചൊല്ലി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരുഭൂമിയിലെ മരങ്ങള്‍ കാണാനായി ഹിദാദ് മല നിരകളിലേക്കായി യാത്ര. അല്‍ ഹജര്‍ മലനിരകളിലെ ആദിവാസി ഗോത്രങ്ങളിലെ കുട്ടികളും സ്ത്രീകളും വഴി നീളെ റുമ്മാന്‍ പഴങ്ങളും മുന്തിരിയും തേനും മറ്റും വില്‍പ്പനക്കു വെച്ച് കാത്തിരിപ്പുണ്ടായിരുന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ ഏക്കറുകളോളം വിസ്തൃതിയുള്ള ഫല വൃക്ഷത്തോട്ടവും പിന്നിട്ട് മലനിരകളുടെ ഭംഗിയാസ്വദിച്ച് ഹിദാദിലെ പാര്‍ക്കിലെത്തി. നൂറ്റാണ്ടുകളുടെ പ്രായമുള്ള മുത്തശ്ശിമരങ്ങളുടെ തണല്‍ പറ്റി നടന്നു. സന്ദര്‍ശകര്‍ക്കായി ഇവിടെ ചെറിയൊരു പാര്‍ക്കും മരങ്ങളെ അടുത്തു കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒരു പകല്‍ നീണ്ട ഓട്ട പ്രദക്ഷിണം തീര്‍ന്നപ്പോഴും ജബല്‍അഖ്ദറിലെ യഥാര്‍ഥ കാഴ്ചകള്‍ ബാക്കിയിരിപ്പുണ്ടായിരുന്നു. മലനിരകളിലെ മനുഷ്യരുടെ ജീവിതത്തെ അടുത്തറിയാനും പ്രകൃതിയുടെ വിസ്മയകരമായ താളവ്യതിയാനങ്ങള്‍ അനുഭവിക്കാനും മലമ്പാതകള്‍ ഇനിയും നീണ്ടു കിടപ്പുണ്ടായിരുന്നു. നാഗരികതയുടെ ചൂടില്‍ സ്വയം ഇല്ലാതാകുന്ന പ്രവാസികള്‍ക്ക് ജബല്‍ അഖ്ദറിലേക്കൊരു യാത്ര, മനസ് തണുപ്പിക്കുന്ന അനുഭവം തന്നെയാകും.

Saturday, September 17, 2011

'എനി ഇഡിയറ്റ് കാന്‍ ചെയിഞ്ച് യുവര്‍ ലൈഫ്'


എംഡിക്ക് റഫീക്കും റഫീക്കിന് എംഡിയും ഒരു തലവേദനയായി നില്‍ക്കുന്ന കാലം. സ്ഥലം കോഴിക്കോട്ടങ്ങാടിയിലെ  ഒരു മാസികയുടെ ഓഫീസ്. ഞാനും നമ്മടെ 'പുറംലോകം' സുല്‍ഫിയുമൊക്കെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും എ, ബി, സി, ഡി മുതല്‍ ഒ, ഓ, ഔ, അം, അ: വരെ പഠിക്കുകയും ഇതുകൂടാതെ ഹൈ, ഹൊയ്, ഹോ, ഹൗ തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത ''ആത്മ വിദ്യാലയം'' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഇടം. ദേവഗിരി കോളേജിലെ സാഹിത്യ പഠനവും, ഉച്ച കഴിഞ്ഞ് മാസികയാപ്പീസിലെ ജീവിത പഠനവും, അതും കഴിഞ്ഞ് 'ജൂനിയര്‍ ആര്‍ടിസ്റ്റു'കളായ റഫീക്കിനെപ്പോലുള്ളവരെ ടൗണിലെ വേണ്ടാത്തരങ്ങളിലൊന്നും കുടുങ്ങാതെ 'നേര്‍വഴിക്ക്' നടത്തുന്ന ഭാരിച്ച ഉത്തരവാദിത്വവുമൊക്കെ ഞാന്‍ ഒറ്റക്ക് മാനേജ് ചെയ്യുന്ന സമയം.

രാവിലെ 8 മണിക്ക് ഓഫീസ് തുറക്കണ്ട ചുമതല റഫീക്കിനാണ്. 9 മണിക്കാണ് ഓഫീസ് തുടങ്ങുകയെങ്കിലും എംഡി ചിലപ്പോള്‍ 8 മണിക്ക് തന്നെ കയറി വരും. 8 മുതല്‍ 9 വരെയുള്ള സമയം റഫീക്കിന് ചില ചുറ്റിക്കളികള്‍ക്കൊക്കെയുള്ളതാണ്. അതായത് അപ്പുറത്തെ എസ് ടി ഡി ബൂത്തിലെ പെണ്‍കുട്ടിയെ ഒന്ന് 'വിഷ്' ചെയ്യണം.
( 'നീ പോടാ പട്ടി' എന്നാണു അവള്‍ തിരികെ വിഷ് ചെയ്യാറുള്ളതെന്നു കേട്ടതായി ചില അനോണി പ്രചാരണങ്ങള്‍ നിലവിലുണ്ട് )
ടെക്സ്റ്റയില്‍സിലെ ചേച്ചിയോട് (തലേന്ന് രാത്രി പിരിഞ്ഞശേഷമുള്ള) വിശേഷങ്ങള്‍ അന്വേഷിക്കണം. പിന്നെ കൃത്യം എട്ടരക്ക് ഫോണൊന്ന് അറ്റന്റ് ചെയ്യണം. ഈ 'എട്ടരക്കുള്ള ഫോണ്‍' മെഡിക്കല്‍ കോളേജിലെ ഒരു നഴ്‌സിന്റെ വകയാണ്. അവരു ചുമ്മാ ഡെറ്റോളിന്റെ സ്‌മെല്ലിനെപ്പറ്റിയോ, മൂക്കില്‍ വെക്കുന്ന പഞ്ഞിയുടെ ഗുണമേന്മ സംബന്ധിച്ചോ, അല്ലെങ്കില്‍ ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ വെച്ചാലുണ്ടാകുന്ന ''റിയാക്ഷനെ'' ക്കുറിച്ചോ ഒക്കെയാകും ഡിസ്‌കസ് ചെയ്യാറുള്ളതെന്ന് നമുക്ക് അനുമാനിക്കാം. കാരണം ആ സംസാരം കേള്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അതന്നെ. എട്ടരക്ക് മുമ്പെ കയറി വരുന്ന എംഡിക്ക് ഒരു 'ദു:ശ്ശീലമുണ്ട്'. രണ്ടു ലൈനുള്ള ഫോണ്‍ റിംഗ് ചെയ്താല്‍ എടുക്കേണ്ട ഉത്തരവാദിത്തം ശമ്പള സഹിതം റഫീക്കിന് പതിച്ചു കൊടുത്തിട്ടുണ്ടെങ്കിലും അവനോടുള്ള 'വാത്സല്യം' കാരണം മൂപ്പരുടെ മുറിയിലുള്ള ഇന്റര്‍ കോമെടുത്ത് വെറുതെയൊന്ന് ചെവിയില്‍ വെക്കും.
എട്ടരയുടെ കോള്‍ റിംഗ് ചെയ്താലുടന്‍ കട്ടാക്കേണ്ട ഗതികേടു തുടരുകയും, നഴ്‌സ് മറ്റുവല്ല 'പേഷ്യന്റി'നെയും അറ്റന്‍ഡു ചെയ്യുമോയെന്ന ഭയവുമൊക്കെ റഫീക്കിനെ ആ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചു.

അന്നു വൈകുന്നേരം എംഡി സാറിനൊരു ഫോണ്‍ കോള്‍. സജ്‌ലയെന്ന കോളേജു ഗേളാണ് ലൈനില്‍. സാറിന്റെ എഴുത്തുകള്‍ വായിക്കാറുണ്ടെന്നും സാറൊരു സംഭവമാണെന്നും കാണാന്‍ പൂതിയുണ്ടെന്നുമൊക്കെ സജ്‌ല വെച്ചു കാച്ചിയപ്പോള്‍ എംഡിസാറിന്റെ മുഖത്ത് തൗസന്റ് വാട്ട്‌സ് സി എഫ് എല്‍ തെളിഞ്ഞു. ഓണവും, വല്യപെരുന്നാളും ഒന്നിച്ചുവന്ന ഭാവങ്ങള്‍ റഫീഖ് ചില്ലു പാളികളിലൂടെ ഒളിഞ്ഞു കണ്ടു. പിറ്റേന്ന് രാവിലെ എട്ടരക്ക് പുതിയ സ്റ്റാന്‍ഡില്‍ അത്തോളി ഭാഗത്തേക്ക് പോകുന്ന ബസ്സില്‍ താന്‍ വന്നിറങ്ങുമെന്നും കാണാമെന്നും പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു. (മട്ടണ്‍ ബിരിയാണിക്കും ചുരിദാറിനുമുള്ള ക്യാഷ് അഡ്വാന്‍സ് വാങ്ങിയതിന് അവളുടെ റോള്‍ അവള്‍ തകര്‍ത്തഭിനയിച്ചു.) പിറ്റേന്ന് രാവിലെ ബസ്സ്റ്റാന്‍ഡ് വഴി വന്ന റഫീഖ് കണ്ടത് നമ്മുടെ 'സുന്ദരകുട്ടപ്പന്‍' പുതിയ കുപ്പായമൊക്കെയിട്ട് മുടിയൊക്കെ ഡൈ അടിച്ച് പരീക്കുട്ടിയായി കറുത്ത കണ്ണടയൊക്കെ ഫിറ്റ് ചെയ്ത് അത്തോളി ബസ്സില്‍ 'വെളുത്തമ്മ' വരുന്നതും കാത്ത് നില്‍ക്കുന്ന കാഴ്ചയാണ്. അനുരാഗ വിലോചനനായി എന്നൊക്കെ പറയുന്നതിന്റെ ഗുട്ടന്‍സ് ഇപ്പഴല്ലേ പിടി കിട്ടിയത്. സംഗതികളൊക്കെ അന്നും ഇന്നും എന്നും തഥൈവ
അന്ന് എട്ടരയോടെ കോള്‍ വന്നപ്പോള്‍ റഫീക്ക് തന്റെ നിസ്സഹായാവസ്ഥ നഴ്‌സിനെ ബോധ്യപ്പെടുത്തുകയും 'അപ്പോയിന്‍മെന്റ് ടൈം' എം ഡി ഊണിനു പോകുന്ന ഒന്നരയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്ത് ജോലിയില്‍ മുഴുകി ഒന്നുമറിയാത്തവനെ പോലെ ഇരുന്നു. ഒമ്പതരക്ക് വിയര്‍ത്ത് കുളിച്ച് എംഡി കയറിവന്ന് നേരെ മുറിയിലേക്ക് പോയി.
(ഇവിടെ വേണമെങ്കില്‍ നമുക്ക് ബി ജി എമ്മായി 'മാനസ മൈനേ വരൂ ' എന്നോ, 'എന്തെ ഇന്നും വന്നില്ല ' എന്നോ സൗകര്യം പോലെ വളരെ സോഫ്റ്റായി മ്യൂസിക് കയറ്റാം)

ഇത്തരം കലാപരിപാടികളൊക്കെ അരങ്ങുവാഴുന്ന കാലത്താണ് 'പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന്' പറഞ്ഞപോലെ റഫീക്കിനൊരു എട്ടിന്റെ പണി കിട്ടിയത്. ബികോം 'ഫസ്റ്റ് ക്ലാസായ' റഫീക്കിനെ പി എസ് സി ടെസ്റ്റ് ഒരു ഹോബിയാണ്. അവന്‍ ഐ എ എസ് ടെസ്റ്റ് വരെ എഴുതിയിട്ടുണ്ടെന്നാണ് അസൂയക്കാര്‍ പറഞ്ഞു പരത്തിയത്. ഒരു ദിവസം എസ് ബി ടിയിലേക്ക് പ്യൂണിനുള്ള പി എസ് സി അപേക്ഷാ ഫോം വാങ്ങിയപ്പോള്‍ അറിയാതെ ഒരെണ്ണം അധികം കിട്ടി. വെറുതെ കിട്ടിയതല്ലേ ഞങ്ങളുടെ ഓഫീസ് ബോയിയായ (ഓഫീസ് ഇക്ക എന്നു വിളിക്കണം വയസ്സിനു മൂത്തതാ) നജ്മലിനിട്ടൊന്ന് ചാമ്പാന്‍ തന്നെ തീരുമാനിച്ചു അവന്‍. ഒരപേക്ഷയെഴുതി നജ്മല്‍ക്കാന്റെ സൈനും മറ്റും ഒപ്പിച്ച് പി എസ് സിക്ക് അയച്ചു. ടെസ്റ്റ് തീയതി അടുത്തു വരുംതോറും അവനിരുന്ന് പഠിക്കാന്‍ തുടങ്ങി. ഇടക്കിടെ നജ്മല്‍ക്കാനെ ഓര്‍മ്മിപ്പിക്കും
'ടെസ്റ്റ് അടുത്തയാഴ്ചയാ ഇക്കാ നന്നായി പഠിച്ചോ?
'പിന്നെ പത്താംക്ലാസ് പരീക്ഷ ജയിക്കാന്‍ ഞാന്‍ പെട്ട് പാട് എനിക്കല്ലേ അറിയൂ അതിനിടെയിലാ അവന്റെ പി എസ് സി. ഞാനില്ല പരീക്ഷയെഴുതാന്‍'.
ഇക്ക ഊരാന്‍ ശ്രമിച്ചു. എന്നാല്‍ ഞാനും സുല്‍ഫിയുമൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ വെറുതെ പോയി ടിക്കിട്ടു (ഒബ്ജക്ടീവ് ടൈപ്പാണല്ലോ) പോരാമെന്ന് ഇക്ക സമ്മതിച്ചു. ടെസ്റ്റ് ദിവസം ഇക്കാന്റെ സൈക്കിളിലിരുന്ന് രണ്ടുപേരും ഒരുമിച്ചു തന്നെ പരീക്ഷക്ക് പോയി. പരീക്ഷ കഴിയാന്‍ അര മണിക്കൂര്‍ ബാക്കി നില്‍ക്കെ ഇക്ക കയറി വന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചു

'എന്തേ ഇക്കാ എഴുതിയില്ലേ'

'പിന്നെ ഇതൊക്കെ സിമ്പിളല്ലേ. ഓരോ ചോദ്യത്തിനും ഞാന്‍ ബിസ്മീം ചൊല്ലി കറക്കിക്കുത്തി. എഴുതി കഴിഞ്ഞപ്പോ ഞാനിങ്ങുപോന്നു.'
റഫീഖ് അവിടെയിരുന്ന് ഓരോ ചോദ്യവും സസൂക്ഷ്മം നിരീക്ഷിച്ച് ഉത്തരമെഴുതി വലിയ പ്രതീക്ഷയുമായാണ് വന്നു കയറിയത്.

റിസള്‍ട്ട് വന്ന ദിവസം ഓഫീസില്‍ ആഘോഷമായിരുന്നു. റഫീക്കിന്റെ നമ്പര്‍ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. നജ്മല്‍ക്കാന്റെതാകട്ടെ അങ്ങനെ നിവര്‍ന്നു നില്‍ക്കുന്നുതാനും. കാരണം ഇക്കാക്ക് എല്ലാ ചോദ്യവും ഉത്തരവും പുതിയ അറിവുകളായിരുന്നതിനാല്‍ മുന്നുംപിന്നും ചിന്തിക്കാതെ ടിക്കിടുകയല്ലാതെ രക്ഷയില്ലായിരുന്നു. ടിക്കുകള്‍ പലതും മര്മത്തില്‍ തന്നെ കൊണ്ടിരുന്നുവെന്നു ചുരുക്കം.

'ഹേയ് അങ്ങനെ വരാന്‍ വഴിയില്ലല്ലോ മോനെ. അവര്‍ക്ക് തെറ്റിയതാകും.'

നജ്മല്‍ക്കാ സമാധാനിപ്പിച്ചപ്പോള്‍ അവന്‍ ദയനീയമായി ഞങ്ങളെ നോക്കി. പി എസ് സിയോട് ആദ്യമായി അന്ന് മനസ്സിലൊരു ബഹുമാനമൊക്കെ തോന്നി, എന്നു പറയാമല്ലോ. അങ്ങനെയിരിക്കെ ദാ വരുന്നു ഇന്റര്‍വ്യൂ കാര്‍ഡ്. ഇന്റര്‍വ്യൂ എന്ന് കേട്ടതും നജ്മല്‍ക്ക ഞെട്ടി.
'ഇന്റര്‍വ്യൂവോ ഞാനോ, ഞാനാ ടൈപ്പല്ല' എന്നായി ഇക്ക.
"ഏയ് നിങ്ങള് പോണം, നിങ്ങളെക്കണ്ടാ ജോലി ഉറപ്പായും തരും'
എന്ന് പറഞ്ഞ് റഫീക്ക് ഇക്കാനെ ഒന്നു താങ്ങി. അതൊരിക്കലും സംഭവിക്കാന്‍ പോണില്ലെന്ന് അവന് ഉറപ്പായിരുന്നു. അന്നു രാത്രി ഞങ്ങള്‍ റഫീക്കിനെ കൂടാതെ കൂലങ്കശമായി ചര്‍ച്ച ചെയ്ത ശേഷം കാര്യങ്ങളില്‍ ഒരു തീരുമാനമെടുത്തു. എന്തുവന്നാലും നജ്മല്‍ക്കാനെ ഇന്റര്‍വ്യൂവിന് ഹാജരാക്കണം. സുല്‍ഫിയുടെ പുതിയ കുപ്പായവും, അച്ചുവിന്റെ അലക്കി തേച്ച പാന്റുമൊക്കെ ഉടുപ്പിച്ച് ഇക്കാനെ പറഞ്ഞുവിടാന്‍ തന്നെ തീരുമാനിച്ച് 'ഗൂഢാലോചനാ യോഗം' പിരിഞ്ഞു. ഞങ്ങളുടെ അശ്രാന്ത പരിശ്രമം ഒടുവില്‍ വിജയം കണ്ടു. ഇന്റര്‍വ്യൂവിനു പോകാമെന്ന് നജ്മല്‍ക്ക സമ്മതിച്ചു. പക്ഷെ യാതൊരു മുന്‍ പരിചയവുമില്ലാതെ എങ്ങനെ പോകും?

ഞങ്ങളുടെ ബുദ്ധി ഭയങ്കരമല്ലേ. അന്നുരാത്രി ഓഫീസില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് തയ്യാറായി. സുല്‍ഫിയും ഞാനും ചേര്‍ന്നാണ് സെറ്റിട്ടത്. മാര്‍ക്കറ്റിംഗിലെ കാദര്‍ സാഹിബും അച്ചുവും ഇന്റര്‍വ്യൂ ബോര്‍ഡ്. സുല്‍ഫി പേരു വിളിച്ചു ആദ്യം ഞാന്‍. പിന്നെ നജ്മല്‍ക്ക. ഇന്റര്‍വ്യൂവിന് ചോദിക്കുന്ന മിക്ക സംഭവങ്ങളും അച്ചുവിന് അറിയാം. റിഹേഴ്‌സല്‍ കഴിഞ്ഞതോടെ നജ്മല്‍ക്ക 'ടെയ്ക്കിന്' തയാറായി. പിറ്റേന്ന് രാവിലെ ഇക്ക സ്വന്തം സൈക്കിളില്‍ തന്നെ ഇന്റര്‍വ്യൂവിന് പോയി. തിരിച്ചെത്തുംവരെ ഞങ്ങള്‍ക്കെല്ലാം ടെന്‍ഷനായിരുന്നു. ഇക്ക വന്നതും റഫീക്കിന്റെ ചോദ്യം.

'ജോലി കിട്ടിയില്ലേ ഇക്കാ -ഇന്റര്‍വ്യൂ എങ്ങനെ?'

ഇക്ക ഞങ്ങളെ നോക്കി ഒരു ചോദ്യം

'ഇതാണോ ഈ ഇന്റര്‍വ്യൂ, ഇന്റര്‍വ്യൂ എന്ന് പറഞ്ഞത്? ഇത്രേയുള്ളൂ?'

ഞങ്ങള്‍ അന്തം വിട്ടുനിന്നു

'അവര്‍ എന്തൊക്കെയാ ചോദിച്ചത്?'

'ഇരുനൂറ് ഗ്രാമുള്ള ഒരു കവര്‍ പോസ്റ്റ് ചെയ്യാന്‍ എത്ര രൂപയുടെ സ്റ്റാമ്പ് വേണമെന്ന്'

'ദിവസം രണ്ടുതവണ പുതിയറ പോസ്‌റ്റോഫീസില്‍ കത്തെടുക്കാനും ഡസ്പാച്ചിനും പോകുന്ന നമ്മളോട് തന്നെ ചോദിക്കണം ഇത്'.

നജ്മല്‍ക്ക കത്തിക്കയറിയപ്പോള്‍ റഫീക്കിന്റെ മുഖം ജഗതിച്ചേട്ടന്റെ 'കൊട്ട്' കിട്ടിയ സ്റ്റാര്‍ സിംഗര്‍ 'അവതാരത്തെ' പോലെയായി. വ്യക്തമായി പറഞ്ഞാല്‍ നവരസങ്ങളില്‍ പതിനാലാമത്തെ, ഇനിയും പേര് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരു ഭാവം. 'ഇളിഭ്യം' എന്ന് വേണമെങ്കില്‍ പറയാം
'പിന്നെ ചോദിച്ചു ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ എന്ന്. ഞാന്‍ നമ്മുടെ ഡോക്ടറിനെയും എക്‌സിക്യൂട്ടീവ് ഓഫീസറെയും നല്ല പരിചയമാണെന്നു പറഞ്ഞു'.

മാസികയില്‍ ആരോഗ്യ പംക്തി കൈകാര്യം ചെയ്യുന്ന ഡോക്ടറും കോളമിസ്റ്റായ ഉദ്യോഗസ്ഥനും ഓഫീസിലെ നിത്യ സന്ദര്‍ശകരാണ്, അവരില്‍ നിന്ന് മാറ്റര്‍ കളക്ട് ചെയ്തു കൊണ്ടു വരുന്നതാകട്ടെ നജ്മല്‍ക്കയും.

ലിസ്റ്റു വന്നപ്പോള്‍ മൂന്നാമത്തെ പേരു തന്നെ നജ്മല്‍ക്കയുടെതായിരുന്നു. അവനവന്‍ പാരയെന്ന് പറഞ്ഞ പോലെ ബികോം ഫസ്റ്റ് ക്ലാസിനെ കൊണ്ടു ആദ്യമായൊരുപകാരമുണ്ടായ സംതൃപ്തിയില്‍ ആരോ പറഞ്ഞു:

'എനി ഇഡിയറ്റ് കാന്‍ ചെയിഞ്ച് യുവര്‍ ലൈഫ്'


ഓഫ് റികോഡ്: അമ്പതു ശതമാനം മസാല ചേര്‍ത്ത കഥയിലെ നജ്മല്‍ക്ക ബാങ്കിലും റഫീക്ക് അജ്മാനില്‍ അരിക്കച്ചവടവും ഒക്കെയായി സംഭവാമി യുഗേയുഗേ... ഇക്കഴിഞ്ഞ പെരുന്നാളിന് അജ്മാന്‍ ബീച്ചിലെ കുളിക്കിടയില്‍ ഈ കഥ പറഞ്ഞ് വീണ്ടും ചിരിയുടെ പൂരമായിരുന്നു.

Friday, September 2, 2011

ഒരു അറബ് കവയിത്രി കേരളം കണ്ടപ്പോള്‍

സ്വപ്‌ന സമാനമായിരുന്നു ആ യാത്ര. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ നിന്ന് ഹിമകണങ്ങള്‍ പെയ്തിറങ്ങുന്ന 'അദൃശ്യ സ്വര്‍ഗത്തിലേക്ക്' വെറും മൂന്നര മണിക്കൂര്‍ നേരത്തെ വിമാന യാത്ര കഴിഞ്ഞ് പറന്നിറങ്ങിയത് രാത്രിയിലായിരുന്നു. കുളിരുള്ള മഴ വര്‍ഷിച്ചു കൊണ്ടിരുന്ന രാവ് പുലര്‍ന്നത് കിളികളുടെ പാട്ടു കേട്ടാണ്. റമദ ഹോട്ടലിന്റെ ജനല്‍ പാളികളിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ മനം കുളിര്‍പ്പിക്കുന്നതായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 20 മുതല്‍ 15 ദിവസങ്ങള്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ചെലവഴിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂനിയന്‍ വൈസ് പ്രസിഡന്റും യു.എ.ഇയിലെ അറിയപ്പെടുന്ന കവയിത്രിയും കോളമിസ്റ്റും പതിനാറോളം കൃതികളുടെ കര്‍ത്താവുമായ അസ്മ അല്‍ സറൂനി വാചാലയാവുകയാണ്.

കവയിത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കേരളം ജന്നത്തുല്‍ ഗാബ്' (അജ്ഞാത സ്വര്‍ഗം) ആണ്. പുറം ലോകമറിയാതെ മറഞ്ഞു കിടക്കുന്ന സ്വര്‍ഗം.
ആഫ്രിക്ക, യൂറോപ്പ്, മലേഷ്യ, വിവിധ അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നിത്യ സന്ദര്‍ശകയായ താന്‍ ആദ്യമായാണ് കേരളത്തിലെത്തിയത്. ചെറുപ്പകാലത്ത് ബോംബെ വരെ പോയിട്ടുണ്ട്. ഇവിടെ എത്താന്‍ വൈകിയതില്‍ ഖേദം തോന്നുന്നു. ഇനിയുമിനിയും അങ്ങോട്ടു തന്നെ പോകണമെന്ന് മനസ് പറയുന്നു. ഹരിത സമൃദ്ധമായ പ്രകൃതി, സ്‌നേഹ സമ്പന്നരായ ജനത, യാത്രയിലുടനീളമനുഭവപ്പെട്ട സന്തോഷകരമായ നിമിഷങ്ങള്‍ അവര്‍ ഓര്‍ത്തെടുത്തു.



കൊച്ചിയില്‍ ചാറ്റല്‍ മഴ കൊണ്ട് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി നടന്നു. മൂന്നു ചക്രമുള്ള റിക്ഷാ വണ്ടി കണ്ടപ്പോള്‍ അതില്‍ സവാരി ചെയ്യാനൊരു പൂതി. അടുത്തു കണ്ട ഒരു വണ്ടിയില്‍ കയറി. ചെറുപ്പക്കാരനായ സമീറിന് അല്‍പമൊക്കെ ഇംഗ്ലീഷ് അറിയാം. 200 രൂപക്ക് രണ്ടു മണിക്കൂര്‍ നേരം നഗരം ചുറ്റിക്കാണിക്കാമെന്നേറ്റു. നേരെ എം ജി റോഡിലേക്ക്. ഉന്തു വണ്ടികളില്‍ നിന്ന് പഴങ്ങള്‍ വാങ്ങി. മുന്തിരിയും വാഴപ്പഴവുമൊക്കെ ഒന്നാന്തരം. ഭര്‍ത്താവും മകള്‍ ഐശയും പേരക്കുട്ടികളായ ഹഫീദിയും സായിദ് ഹിലാമയുമെല്ലാം തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചും കടല കൊറിച്ചും നഗരം ചുറ്റിക്കണ്ടു. വഴിയില്‍ കണ്ട പലരും നന്നായി അറബി സംസാരിക്കുന്നുണ്ട്.

ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണവര്‍. അവരിലൊരാള്‍ ഇവിടെ പോകേണ്ട സ്ഥലങ്ങളെല്ലാം ഒരു കടലാസില്‍ വ്യക്തമായി എഴുതി തന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. തിരികെ ഹോട്ടലില്‍ വിട്ട സമീറിന് 300 രൂപ നല്‍കി. 100 രൂപ തിരികെ നല്‍കിക്കൊണ്ട് പറഞ്ഞു. ഇത് അധികമുണ്ടല്ലോ? 200 ആണ് കൂലി. സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചപ്പോള്‍ മടിയോടെ അയാള്‍ അതു വാങ്ങി. അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചു വെച്ചു. പിന്നീടുള്ള നാലു ദിവസം റിക്ഷാ വണ്ടിയിലായിരുന്നു ഞങ്ങളുടെ യാത്ര.


കേരളത്തിലെ ടാക്‌സിക്കാരോട് മതിപ്പു തോന്നിയ മറ്റൊരനുഭവവും കൊച്ചിയിലുണ്ടായി. ഒരു രാത്രിയില്‍ ടാക്‌സി കാറില്‍ ക്യാമറ വെച്ചു മറന്നു. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ഹോട്ടല്‍ റിസപ്ഷനില്‍ നിന്ന് വിളി വന്നു. നിങ്ങളുടെ ക്യാമറ ഡ്രൈവര്‍ ഇവിടെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന്. റൈറ്റേഴ്‌സ് യൂനിയനില്‍ കഴിഞ്ഞ 30 വര്‍ഷമായി കൂടെ ജോലി ചെയ്യുന്ന് മുഹ്‌യുദ്ദീനടക്കം നിരവധി മലയാളികളെ നേരത്തെ പരിചയമുണ്ട്. അവര്‍ വിശ്വസ്തരാണെന്നതിന് സാക്ഷ്യപത്രത്തിന്റെ ആവശ്യമില്ലല്ലോ?

അതിരപ്പള്ളിയില്‍

 കാടിന്റെ വന്യതയില്‍ മനോഹരമായ വെള്ളച്ചാട്ടത്തിനടുത്തെത്തിയപ്പോള്‍ ഈ ലോകത്ത്   ഇങ്ങനെയൊരിടമുണ്ടായിരുന്നോ എന്നാണ് തോന്നിയത്. മഴയില്‍ രൗദ്ര രൂപിണിയായ പുഴയില്‍ ചിന്നിച്ചിതറുന്ന പാല്‍ത്തുള്ളികള്‍ കണ്ടു നിന്നതേ മനം കുളിര്‍ത്തു. വാഴച്ചാലിലും സ്ഥിതി മറ്റൊന്നല്ലായിരുന്നു. തണുപ്പുള്ള രാത്രികളും മഴയുള്ള പകലുകളും 'എ സി' എന്ന സങ്കല്‍പ്പം പോലും ആവശ്യമില്ലാത്ത വിധം ഈ നാടിനെ അനുഗ്രഹിച്ചിരിക്കുന്നു. ഇവിടെ പിറന്ന നിങ്ങളൊക്കെ അത്ര ഭാഗ്യവാ•ാര്‍...

ആനപ്പുറത്ത്.

തേക്കടിയിലെ തടാകം കടന്ന് വനത്തോട് ചേര്‍ന്ന കോട്ടേജിലെ നാലു ദിവസങ്ങള്‍ അവിസ്മരണീമായ അനുഭവമായി. നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നകന്ന് വനത്തിന്റെ വന്യതയും ഭംഗിയും നുകര്‍ന്ന്, മൃഗങ്ങളുടെ കാലച്ചൊകള്‍ കേട്ട് പ്രകൃതിയോട് ചേര്‍ന്നു കിടന്ന ദിനങ്ങള്‍. തടാകത്തില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടാനക്കൂട്ടത്തെ കണ്ടു. മാനുകള്‍, മുയലുകള്‍, കുരങ്ങന്മാര്‍, വന്യ മൃഗങ്ങള്‍ വിരഹിക്കുന്ന കാടിനടുത്തു കൂടെയുള്ള ബോട്ട് യാത്ര ഏറെ കൗതുകകരമായിരുന്നു. ആനപ്പുറത്ത് കയറാനൊരു മോഹം. ഭീതിയോടെയായിരുന്നു കയറിയത്. അല്‍പ സമയം നീണ്ടു നിന്ന ആന സവാരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിച്ചു. കടലപ്പൊതിയുമായി നടന്നു പോകവേ കുരങ്ങന്മാര്‍ വന്നു തട്ടിപ്പറിച്ചു കൊണ്ടു പോയി.



തേക്കടിയില്‍ നിന്ന് നേരെ പോയത് നീലഗിരി ശൃംഗങ്ങള്‍ നിറഞ്ഞ മൂന്നാറിലേക്കാണ്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയുള്ള പാതയിലെ യാത്ര തുടങ്ങിയതോടെ മനസും ശരീരവും കൂടുതല്‍ ഉന്മേഷത്തിലായി. യൂനുസ് എന്ന ചെറുപ്പക്കാരന്റെ വാഹനത്തിലായിരുന്നു യാത്ര. മൂന്നാറിലെ മനോഹരമായ റിസോര്‍ട്ടിലെ താമസം പോലും ഏറെ ഹൃദ്യമായിരുന്നു. തേയില ഫാക്ടറിയിലെ സന്ദര്‍ശനവും കുന്നിന്‍ മുകളിലെ പുല്‍മേടുകളില്‍ അലക്ഷ്യ യാത്രകളും മൂന്നാറിനെ ഏറെ പ്രീയപ്പെട്ടതാക്കി.
മെയ്യടക്കത്തിന്റെ അഭ്യാസമായ കളരിപ്പയറ്റ് കാണാനും ഇവിടെ അവസരമുണ്ടായി. ആനപ്പുറത്ത് കയറാന്‍ മൂന്നാറില്‍ ലഭിച്ച അവസരവും കളഞ്ഞില്ല. ദൈവം എത്ര ഉന്നതനാണ്. ഈ നാട്ടുകാരോട് എന്തൊരു കാരണ്യമാണവന്‍ കാണിച്ചത്? അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും കണ്ടു. എവിടെയും പുഞ്ചിരിയോടെ മാത്രം എതിരേല്‍ക്കുന്ന സംസ്‌കാര സമ്പന്നരായ ജനതയെ കണ്ടു. പ്രകൃതി അതിന്റെ മുഴുവന്‍ സൗന്ദര്യവും കാണിച്ച് മാടിവിളിക്കുന്ന മനോഹരമായൊരു ദേശം കണ്ടു. ആതിഥ്യമര്യാദയുടെ മനോഹരമായ കേരളീയ ശൈലി കണ്ടു. തിരികെ മടങ്ങുമ്പോള്‍ മനസ് മന്ത്രിച്ചത് ഇനിയുമിനിയും വരണമെന്നായിരുന്നു.

ബിരിയാണിയും പറോട്ടയും പഴങ്ങളും സുമ്പുഷ്ടമായ പാലും എരിവുള്ള കറികളും കഴിച്ച് ഞങ്ങള്‍ കേരളീയരായി. ആ മണ്ണ് മനസില്‍ നിന്നൊരിക്കലും മായുന്നില്ല. മസാലപ്പൊടികളും ചായപ്പൊടികളും കുങ്കുമപ്പൂവും മറ്റുമായിരുന്നു കേരള യാത്രയില്‍ തിരികെ കൊണ്ടു വന്ന വിഭവങ്ങള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ പായക്കപ്പല്‍ കയറി അറബിക്കടല്‍ താണ്ടി വന്നതും ഇത്തരം നിധികള്‍ തേടിയായിരുന്നുവല്ലോ? അറബ് സംസ്‌കാരവും മലബാറിലെ ജീവിത രീതികളും ഏറെ സാദൃശ്യങ്ങള്‍ നിറഞ്ഞതാണുതാനും.



ചെറുപ്പ കാലം തൊട്ടു തുടങ്ങിയ സര്‍ഗ സപര്യ ജീവിതമാക്കിയ അസ്മ അല്‍ സറൂനി സാഹിത്യ സദസുകളില്‍ ഇന്ന് സജീവ സാന്നിധ്യമാണ്. അല്‍ ഖലീജും അറബി പത്രമടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി ഇവര്‍ കോളങ്ങള്‍ എഴുതുന്നു. 1994 മുതല്‍ ഇതുവരെ 16 പുസ്തകങ്ങള്‍ എഴുതിയ ഇവര്‍ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂനിയന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കൂടിയാണ്.

'അജ്ഞാത സ്വര്‍ഗ'ത്തിന്റെ അവകാശികളോടും അധികാരികളോടും ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. ദൈവം അനുഗ്രഹിച്ചരുളിയ സ്വപ്‌ന ഭൂമിയെ കൊല്ലാതിരിക്കുക. ഇലകളും പൂക്കളും നിറഞ്ഞ ഹരിതഭംഗി ഇതുപോലെ നിലനിര്‍ത്താന്‍ തയാറാവുക. നാഗരികതയുടെ അതിപ്രസരങ്ങള്‍ക്കിടനല്‍കാതെ വന്യ ജീവികളോട് മനുഷ്യത്വമുള്ളവരാകുക. മോശമായി ഒന്നും ഒരനുഭവം പോലും ഇവിടെ എനിക്കുണ്ടായില്ല. സഞ്ചാരികളുടെ പറുദീസയായി 'ഖൈര്‍ അല്ല' (ദൈവത്തിന്റെ നന്മ) എന്ന കേരളം വളരുക തന്നെ ചെയ്യും. ഞാന്‍ വീണ്ടും വരും . ചെറുപുഞ്ചിരിയോടെ അവര്‍ പറഞ്ഞു

Thursday, August 4, 2011

ഡെലിവറി ബോയ്‌



'ഒരു മാസം കൊണ്ട് നടന്നു തീര്‍ക്കുന്ന ദൂരം നേരെ നടന്നിരുന്നെങ്കില്‍ ഞാനിപ്പോള്‍ നാട്ടിലെത്തിയേനെ'. റാസല്‍ഖൈമയിലെ റസ്റ്റോറന്റിന് മുന്നില്‍ വീണു കിട്ടിയ ഒരിടവേളയില്‍ വിയര്‍പ്പു കണങ്ങള്‍ തുടച്ചു കൊണ്ട് മുഹമ്മദിക്ക പറഞ്ഞു. 20 കൊല്ലം മുമ്പ് ഇവിടെയെത്തുമ്പോള്‍ കിട്ടിയ പണിയാണ് ഡെലിവറി ബോയിയുടേത്. നാട്ടിലെ നാലു മക്കളും അവരുടെ മക്കള്‍ക്കുമെല്ലാം മുഹമ്മദിക്ക ഉപ്പയും വല്യുപ്പയുമൊക്കെയാണെങ്കിലും ഇവിടുത്തെ ജോലിയും രേഖകളും പ്രകാരം ഇദ്ദേഹം ഇപ്പോഴും വെറും 'ബോയ്' ആണ്. ഡെലിവറി ബോയ്. അതിജീവനത്തിനുള്ള നെട്ടോട്ടത്തിനിടയില്‍ ബാല്യ, കൗമാരങ്ങള്‍ മരുഭൂമിയിലെ വെയിലും തണുപ്പുമേറ്റ് മറ്റുള്ളവരുടെ 'സൗകര്യ'ത്തിനായി ഉഴിഞ്ഞു വെച്ചവരുടെ ഒരു പ്രതിരൂപം മാത്രമാണിദ്ദേഹം. കഥകള്‍ പറഞ്ഞു തുടങ്ങും മുമ്പേ വിളി വന്നു. മുഹമ്മദിക്കാ, 302ല്‍ ഒരു ചായ. അദ്ദേഹമപ്പോള്‍ ഒന്നു ചിരിച്ചു. പറയാന്‍ ബാക്കിവെച്ച കഥകളുടെ തിര തല്ലി മറയുന്ന ഓളങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തെ ഭാവത്തില്‍ നിന്ന് അപ്പോള്‍ വായിച്ചെടുക്കമായിരുന്നു.

തപിച്ചു വേവുന്ന ഉച്ച നേരങ്ങളില്‍ എ സിയുടെ തണുപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴായിരിക്കും കുടിക്കാന്‍ വെള്ളമില്ലല്ലോയെന്ന കാര്യമറിയുന്നത്. ഉടനെ ഫോണെടുത്ത് ഒരു വിളിയാണ് ഗ്രോസറിയിലേക്ക്, 'ഒരു ബോട്ടില്‍ വെള്ളം'. പിന്നെ ഡെലിവറി ബോയ് വരുന്നതു വരെ ഒരു തരം ആധിയാണ്. വൈകുന്ന ഓരോ നിമിഷവും മണിക്കൂറുകളുടെ ദൈര്‍ഘ്യമായിരിക്കും. അല്‍പ്പമകലെയുള്ള ഗ്രോസറിയില്‍ നിന്നും ഒരു ബോട്ടില്‍ വെള്ളം ചുമലിലേറ്റി വിയര്‍ത്തു കുളിച്ച് ഗോവണി കയറി വരുന്ന ഡെലിവറി ബോയിക്ക് നേരെ കൊല്ലാനുള്ള ദേഷ്യവുമായാണ് ചെല്ലുക. വൈകിയതിനുള്ള കാരണ വിസ്താരങ്ങള്‍ അവതരിപ്പിക്കുകയാണ് ഏറെ ശ്രമകരം. ഓരോ ഡെലിവറിയും അവസാനിക്കുന്നത് പുതിയൊരു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടായിരിക്കുമെന്നതാണ് ഈ തൊഴിലിന്റെ ഏറ്റവും വലിയ സവിശേഷത.

ഗള്‍ഫുകാരന്റെ നേരമില്ലായ്മയുടെയും മടിയുടെയും സാധ്യതകള്‍ 
 ഏറ്റവും മനോഹരമായി മാര്‍ക്കറ്റു ചെയ്യപ്പെട്ടിടത്തു നിന്നായിരുന്നു 'ഹോം ഡെലിവറി' എന്ന ആശയവും 'ഡെലിവറി ബോയ്' എന്ന തസ്തികയും സൃഷ്ടിക്കപ്പെട്ടത്. നാദാപുരത്തെയും മലപ്പുറത്തെയുമെല്ലാം ഗ്രാമാന്തരങ്ങളില്‍ നിന്ന് വിമാനം കയറിയെത്തിയവര്‍ കാല്‍നടയായും സൈക്കിളിലും അല്‍പം കൂടെ ഉയര്‍ന്നവര്‍ കാറിലും വാനിലുമൊക്കെയായി സാധന സാമഗ്രികള്‍ വീട്ടു പടിക്കല്‍ എത്തിച്ചു കൊടുക്കാന്‍ നിയോഗിക്കപ്പെട്ടു.

മഴയും തണുപ്പും വെയിലും വേനലുമൊന്നും ഈ സേവനത്തിന്റെ നിഘണ്ടുവില്‍ രേഖപ്പെട്ടു കിടക്കാത്തതിനാല്‍ നാട്ടില്‍ നിന്ന് വിമാനം കയറിയതു മുതല്‍ തിരിച്ചിറങ്ങുന്നതുവരെ ഇവരില്‍ പലര്‍ക്കും എല്ലാം മറന്നൊന്നുറങ്ങാന്‍ പോലും നേരം കിട്ടാറില്ല എന്നതാണ് വാസ്തവം. ഗ്രോസറികളിലേയും സൂപ്പര്‍മാര്‍ക്കറ്റുകളിലേയും കച്ചവടത്തിന് പരസ്പരമുള്ള കിടമത്സരത്തിനിടയില്‍പ്പെട്ട് നെട്ടോട്ടമോടേണ്ടി വരുന്നത് ഒരര്‍ഥത്തില്‍ ഹോം ഡെലിവറിയുടെ ചുമതലയുള്ളവരാണ്. ടെലിഫോണില്‍ വിളിച്ചുപറയുന്ന ഉത്പന്നങ്ങള്‍ ഗുണവും തൂക്കവും വിലയും തെറ്റാതെ കണക്കാക്കി ക്യാഷ് കൗണ്ടറിലെ പുസ്തകത്തില്‍ പറ്റു ചേര്‍ത്ത് ഉപഭോക്താവിന്റെ കൈകളിലെത്തിച്ച ശേഷമായിരിക്കും അറിയുന്നത് എന്തെങ്കിലും ഒരു സാധനം കുറവാണെന്ന്. പിന്നെ തിരികെ പോയി അതു കൂടെ കൊണ്ടു കൊടുക്കണം. അപ്പോഴേക്കും ഒന്നിനു പിറകെ മറ്റൊന്നായി പുതിയ ഓര്‍ഡറുകള്‍ വന്നു കിടക്കുന്നുണ്ടാവും. 'കുപ്പിയില്‍ നിന്നു വന്ന ഭൂതങ്ങളാണ്' ഹോം ഡെലിവറി ബോയികളെന്നാണ് സരസനായ ഒരു തൊഴിലാളി പറഞ്ഞത്.
ഒരു പണി കഴിയുമ്പോഴേക്കും അടുത്തത് റെഡിയായിട്ടുണ്ടാവും. ഒരു തൊഴിലെന്ന നിലയില്‍ ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഉപജീവനത്തിന്റെ മാര്‍ഗമാണ് തുറന്നിട്ടത്. ഹോം ഡെലിവറി എന്ന സംവിധാനം കൊണ്ടു മാത്രമാണ് ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇന്ന് ചെറുകിട കച്ചവടക്കാരും ഹോട്ടലുകളും മറ്റും പിടിച്ചു നില്‍ക്കുന്നതു തന്നെ.

അതേസമയം, മറ്റുള്ളവരെ സേവിക്കാനുള്ള മരണപ്പാച്ചിലിനിടയില്‍ അപകടങ്ങല്‍ പതിയിരിക്കുന്ന മുള്‍വഴികളിലൂടെയാണ് ഓരോ ഡെലിവറി ബോയിയും കടന്നുപോകുന്നത്. സൈക്കിളിലും ബൈക്കിലും കാല്‍നടയായും പോകുന്നവരെ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ എത്രയോ തവണ മരണത്തിന്റെ വഴിയിലേക്ക് തള്ളി വിട്ടിട്ടുണ്ട്. അപകടങ്ങളില്‍ ശരീരം തളര്‍ന്ന് സ്വപ്‌നങ്ങളുടെ ചിറകറ്റവരും അനവധിയാണ്. മഹാ നഗരങ്ങളിലെ കഫ്റ്റീരിയകളില്‍ 'ബാഹര്‍വാല'കള്‍ എന്ന ഓമനപ്പേരിലാണ് ഡെലിവറി ബോയികള്‍ അറിയപ്പെടുന്നത്.

ഡെലിവറി ബോയിയില്‍ തുടങ്ങി പടിപടിയായുയര്‍ന്ന് വലിയ വലിയ സ്ഥാപനങ്ങളുടെ ഉടമസ്ഥരായി മാറിയവരുടെ വീരസാഹസിക ജീവിത കഥകള്‍ ഇവരില്‍ ചിലര്‍ക്കെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രേരകചാലകമാണെന്ന കാര്യം വിതര്‍ക്കമാണ്. ഇന്നല്ലെങ്കില്‍ നാളെ ഐശ്വര്യപൂര്‍ണമായൊരു പുലരി പിറക്കുമെന്ന പ്രതീക്ഷയാണ് രാപ്പകല്‍ ഭേദമന്യേ വാതിലുകളില്‍ നിന്ന് വാതിലുകളിലേക്ക് യാത്ര ചെയ്യുന്നവരുടെ ഊര്‍ജവും ഇന്ധനവും.
ചില വാതിലുകളെങ്കിലും ഡെലിവറി ബോയിക്കു നേരെ സൗമ്യമായ പുഞ്ചിരിയും സൗഹൃദവും കൊണ്ട് എതിരേല്‍ക്കാറുണ്ട്, ബാക്കി വരുന്ന നാണയത്തുട്ടുകള്‍ 'താങ്കള്‍ തന്നെ വെച്ചോളൂ' എന്നു പറയാറുണ്ട്. ആശയറ്റവന്റെ മരുഭൂമിയില്‍
വെറുതെ പൊഴിക്കുന്ന ഒരു പുഞ്ചിരിപോലും മനസ്സില്‍ കുളിര്‍മഴ പെയ്യിക്കാന്‍ പോന്നതാണെന്ന സത്യം പലപ്പോഴും മറന്നുപോകാറുണ്ട് പലരും. ഒരു തൊഴിലെന്നതിലപ്പുറം വേതനം പറ്റുന്ന ഒരു സാമൂഹ്യസേവനമെന്ന ഒന്നുണ്ടെങ്കില്‍ അതില്‍പ്പെടുത്താം ഹോം ഡെലിവറിയെന്ന വിഭാഗത്തെ.

ഒരു വിളിക്കപ്പുറം ആവശ്യക്കാരന്റെ അഭിരുചികളറിഞ്ഞ് അവര്‍ക്കു വേണ്ടി നേരവും കാലവും നോക്കാതെ ഭാരം ചുമക്കുന്നവരുടെ തോളില്‍ ജന്മനാട്ടിലെ എടുത്താല്‍ പൊങ്ങാത്തത്ര അദൃശ്യ ഭാരം കൂടെയുണ്ടെന്നതാണ് സത്യം.
സൈക്കിള്‍ സവാരിയെന്ന മിനിമം യോഗ്യതയുമായി കടല്‍കടക്കുന്നവര്‍ക്കു മുന്നില്‍ ഹോം ഡെലിവറിയുടെ വാതായനങ്ങള്‍ എന്നും തുറന്നു തന്നെ കിടപ്പുണ്ടാകുമെന്ന് പ്രത്യാശിക്കാം. ഒരുപാട് കവാടങ്ങളിലേക്കു തുറക്കുന്ന പ്രധാന കവാടം മാത്രമാണീ തൊഴിലും വിശ്രമമില്ലാത്ത ജീവിതവുമെന്ന് സമാശ്വസിക്കാം...

Sunday, July 24, 2011

ക്ഷണക്കത്ത്

 
 
 
അത് ഇന്നലെയായിരുന്നു 
ഞാന്‍ പോലും ഓര്‍ത്തിരുന്നില്ല 
ഓര്‍മ്മിപ്പിക്കാന്‍ ആരും ഉണ്ടായതുമില്ല
സാധാരണ പോലെ ..
 
അതിനിവിടെ എന്തെങ്കിലുമൊക്കെ
നടന്നിട്ട് വേണ്ടേ അല്ലെ ??
ആയിരത്തൊന്നു പോസ്റ്റ്‌ കളോ
അഞ്ഞൂറ് ഫോളോവേഴ്സോ
ഇരുനൂറ്റമ്പതു കമന്റുകളോ
വിവാദ പുരുഷരെ
"ആദരിക്കലോ"
"നിഗ്രഹിക്കലോ"
ഇതൊന്നുമില്ലാതെ
"പാഥേയം" അഴിച്ചു വെച്ചിട്ട്
ഒരു വര്ഷം തികഞ്ഞു കെട്ടോ..
 
പാതി വഴിയിലായ പോസ്റ്റുകള്‍
ഹാഫ് സെഞ്ചുറി തികക്കാന്‍ വെമ്പുന്ന
അഭിമാന മുഹൂര്‍ത്തം കൂടിയാണിത് .
 
എന്റെ ജന്മ ദിനം പോലും ഇങ്ങനെയാണ്
മിക്കവാറും അന്ന് പനിച്ചു കിടക്കും .
വെറുതെയല്ല ഇന്നലെ കരച്ചില്‍ വന്നത് .
 
പിന്നെ ഓര്‍മ്മ വന്നപ്പോള്‍
നിങ്ങളെയൊക്കെ വിളിച്ച്
ഒരു കട്ടന്‍ ചായയെങ്കിലും തരണ്ടേ 
എന്ന് കരുതി .
 
ഈ ആഘോഷ വേളയില്‍
ഞങ്ങള്‍ക്കൊപ്പം പുതിയൊരാള്‍  കൂടിയുണ്ട്
രണ്ടാഴ്ച മുമ്പ് പിറന്ന ഞാന്‍ കണ്ടിട്ടില്ലാത്ത "അവന്‍ "
പ്രാര്‍ഥിക്കുക
 
ഒരു വര്‍ഷത്തെ പ്രയാണം സമ്മാനിച്ച
പുതു സൌഹ്രദങ്ങളുടെ ബൂ ലോഗമേ
എന്റെ സ്നേഹവും സന്തോഷവും
നിനക്ക് നന്ദി ...നിങ്ങള്ക്ക്  നന്ദി
 
സസ്നേഹം

Monday, July 18, 2011

മലയാളത്തിന്റെ മഴ

തപിച്ചു വെന്ത മരുഭൂമിക്കു മീതെ മലയാള സാഹിത്യത്തിന്റെ കുളിര്‍ മഴ പെയ്ത ഒരു ദിവസം. ഈ മാസം 15 വെള്ളിയാഴ്ച, 45 ഡിഗ്രി ചൂടില്‍ വേനല്‍ കത്തിയെരിയുമ്പോള്‍, കവിതയും സാഹിത്യവും ഭാഷയും ചൂടുള്ള ചര്‍ച്ചകള്‍ക്കും കാമ്പുള്ള സംവാദങ്ങള്‍ക്കും സാക്ഷിയായ സാഹിതീ മലയാളം. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ വാക്കുകള്‍ കടമെടുത്താല്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച 'സമ്പൂര്‍ണ പാരിസ്ഥിതിക കവി'യായിരുന്ന മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണത്തിന്റെ ഭാഗമായി കേരളത്തിലെ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പ്രവാസ ലോകത്തെ സാഹിത്യ തല്‍പ്പരരുമായി സംവദിച്ച ഒരു പകലും രാവും അക്ഷരാര്‍ഥത്തില്‍ യു എ ഇയുടെ സാംസ്‌കാരിക നഗരിയായ ഷാര്‍ജയിലെ മലയാളികള്‍ക്ക് ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി സൂക്ഷിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു.
ഷാര്‍ജയിലെ ഒരു ഇന്‍ഹൗസ് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ശ്രീകുമാര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂനിറ്റി ഹാളില്‍ ഓടിനടന്ന് പടമെടുക്കുന്നതിനിടെ അടക്കം പറഞ്ഞു: 'വെള്ളിയാഴ്ച ആകെ കിട്ടുന്ന അവധിക്ക് എല്ലാവരും മൂടിപ്പുതച്ചുറങ്ങുമ്പോള്‍ ഞാന്‍ ക്യാമറയുമയി പുറത്തേക്കിറങ്ങും. ഇതുപോലുള്ള പരിപാടികള്‍ നമ്മളെപ്പോലുള്ളവരുടെ പ്രാതിനിധ്യം പ്രതീക്ഷിച്ചാണല്ലോ സംഘാടകര്‍ ഒരുക്കുന്നത്. പിന്നെ എങ്ങനെയാണ് ഉറങ്ങാനാകുക?'. പ്രവാസ ലോകത്തിന്റെ യാന്ത്രികതകള്‍ക്കിടയിലും പിറന്ന മണ്ണും സംസ്‌കാരവും സാഹിത്യവും സാഹിത്യകാരന്മാരെയും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നവരാണ് പ്രവാസി മലയാളികളെന്ന് എഴുത്തുകാരനും കവിയുമായ പ്രഭാവര്‍മ ഈ യാത്രക്കിടെ തന്നോടു പറഞ്ഞിരുന്നുവെന്ന് കവിയത്രി റോസ്‌മേരി കവി സമ്മേളനത്തിനിടെ എടുത്തു പറഞ്ഞത് ഇതോടു ചേര്‍ത്തുവെക്കാം.

രാവിലെ നടന്ന കവി സമ്മേളനം മലയാളത്തിന്റെ പ്രീയപ്പെട്ട കവികളായ ഏറ്റുമാനൂര്‍ സോമദാസ്, പ്രഭാവര്‍മ, റോസ്‌മേരി എന്നിവരുടെ കാവ്യ മനോഹരമായ പ്രഭാഷണങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കലാവിഭാഗമാണ് ഒരു മാസം നീണ്ടു നിന്ന അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. കവിത ബഹളങ്ങളായി മാറിയ ഒരു കാലഘട്ടത്തില്‍ ബാഹ്യ പ്രകടനങ്ങള്‍ക്കപ്പുറം കവി ഒരു നല്ല മനുഷ്യനും നല്ല മനസ്സിനുടമയുമായിരിക്കണമെന്ന് മഹാകവി പി അവാര്‍ഡ് ലഭിച്ച ഏറ്റുമാനൂര്‍ സോമദാസ് അഭിപ്രായപ്പെട്ടു. കവിതയിലെ പഴയതും പുതിയതുമായ പ്രവണതകള്‍ വീക്ഷിക്കുമ്പോള്‍ പാരമ്പര്യ കവിതകളുടെ മനോഹാരിത എന്നും ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാകവി പി യുടെ സ്മരണകള്‍ ഇക്കാരണങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നതും.




സാംസ്‌കാരിക അധിനിവേശമാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സാംസ്‌കാരിക അധഃപ്പതനത്തിലെത്തിയ ജനതയെ കീഴടക്കാന്‍ അധിവേശ ശക്തികള്‍ക്ക് എളുപ്പം സാധിക്കുമെന്നും കവിതയും ഭാഷയുമാണ് ഈ അധിനിവേശ വിരുദ്ധ സമരത്തിന് പ്രതിരോധ ആയുധമെന്നും കവി പ്രഭാവര്‍മ പറഞ്ഞു. തീവ്രമായ ദുഃഖങ്ങളും ഏകാന്തതയും ആത്മഹത്യയിലേക്ക് നയിക്കുമ്പോള്‍ ആത്മഹത്യ ശാശ്വത പരിഹാരമല്ലെന്ന കാര്യം ഉണര്‍ത്തുക. കവിതക്ക് മാത്രം സാധ്യമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. വൃത്തത്തിലെഴുതുന്ന കവിതകള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ആലാപന ശൈലികൊണ്ടു പോലും ശ്രോതാവിന് ഗ്രാഹ്യമാകുന്നിടത്താണ് മലയാള കവിതകള്‍ ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ചെറുപ്പം മുതല്‍ മഹാകവി പിയുടെ കവിതകളോടു തോന്നിയ ഭ്രമമാണ് തന്നെ വായനയിലേക്കും കവിതയിലേക്കും അടുപ്പിച്ചതെന്നും ആധുനിക കവിത, പഴയ കവിത, ഉത്തരാധുനിക കവിത എന്നിങ്ങനെ കവിതക്ക് പലതലങ്ങളില്ലെന്നും കവിത നല്ലതും ചീത്തയും എന്ന രണ്ടു തരം മാത്രമേ ഉള്ളൂവെന്നും കവയത്രി റോസ്‌മേരി പറഞ്ഞു. വൃത്തത്തിനകത്ത് എഴുതുന്നത് തനിക്ക് സ്വാതന്ത്ര്യക്കുറവായി അനുഭവപ്പെടാറുണ്ട്.
ഒരു പക്ഷി തറയില്‍ നിന്ന് പറന്നുയര്‍ന്ന് ചിറകിട്ടടിച്ചകലുമ്പോലെയാണ് വൃത്ത കവിതകള്‍ അനുഭവപ്പെടുന്നത്. കാസര്‍കോട് പോയപ്പോള്‍ മഹാകവി പി യുടെ വീട് സന്ദര്‍ശിക്കുകയും അവിടെ നിന്നെടുത്ത അദ്ദേഹത്തിന്റെ കാലടി പതിഞ്ഞ മണല്‍ത്തരികള്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അവര്‍ അനുസ്മരിച്ചു. പ്രവാസി എഴുത്തുകാരായ സുറാബ്, സത്യന്‍ മാടാക്കര, അരവിന്ദന്‍ പണിക്കാശ്ശേരി, ബ്ലോഗറും യുവ കവിയുമായ അനൂപ് ചന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ കവിതകള്‍ ആലപിച്ചു. ഉച്ചക്കു ശേഷം നടന്ന സാഹിത്യ സദസില്‍ ഡോ. എ കെ നമ്പ്യാര്‍, അംബികാ സുതന്‍ മാങ്ങാട്, ശിഹാബുദ്ദീന്‍ പൊയ്തുംകടവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംവദിച്ചു. സര്‍വാഭരണ വിദൂഷിതയായി വരുന്ന സ്ത്രീയെ കുറിച്ച്, വയല്‍ വരമ്പിലൂടെ നടന്നു വരുന്ന പുലയി പെണ്ണിനെ കുറിച്ച് വര്‍ണിച്ചെഴുതുന്നതാണ് കവിതയെന്ന് വിശ്വസിക്കുന്നയാളായിരുന്നു മഹാകവി പി യെന്ന് ഡോ. എ കെ നമ്പ്യാര്‍ അനുസ്മരിച്ചു.


 രാജാക്കന്മാരെ വാഴ്ത്തിയെഴുതിയ കവികള്‍ക്കിടയില്‍ നിന്നാണ് ഇത്തരം എഴുത്തുകാര്‍ വേറിട്ടു നടക്കാനാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാലിക പ്രസക്തമായ വിഷയങ്ങള്‍ മാത്രം എഴുതുകയെന്നത് പത്രപ്രവര്‍ത്തനമാണെന്നും സര്‍ഗാത്മകത എക്കാലവും വായിക്കപ്പെടുന്ന സൃഷ്ടികള്‍ പിറവിയെടുക്കുന്നിടത്താണ് വിജയിക്കുകയെന്നും ആ അര്‍ഥത്തില്‍ മഹാ കവി പി യുടെ രചനകള്‍ എക്കാലവും ശ്രദ്ധേയമാണെന്നും ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.

 
 ഇടശ്ശേരിയും പി കുഞ്ഞിരാമന്‍ നായരുമൊക്കെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനും ഏറെ മുമ്പു തന്നെ പ്രകൃതിയെ ഉപാസിക്കുന്ന കവിതകളിലൂടെ പാരിസ്ഥിതിക സന്ദേശം നല്‍കിയിരുന്നവരാണ്. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ അദ്ദേഹത്തിന്റെ നാട്ടില്‍ കൊണ്ടുപോയാണ് തളിച്ചതെന്ന വിരോധാഭാസം നിലനില്‍ക്കുകയാണ്. ഇതേ കുറിച്ച് നോവലെഴുതിയ അംബികാ സുതന്‍ മാങ്ങാടും ചര്‍ച്ചയില്‍ സംവദിച്ചു.

വേനല്‍ ചൂടിനെ വകവെക്കാതെ തിങ്ങി നിറഞ്ഞ മലയാള സാഹിത്യ തല്‍പരരുടെ മനസിനെ തൊട്ടുണര്‍ത്താന്‍ പോന്ന ആശയങ്ങളുടെ സംവേദനം സംഘാടനത്തിലെ മികവു കൊണ്ടും ശ്രദ്ധേയമായി. വൈകുന്നേരം നടന്ന സമാപന സാംസ്‌കാരിക സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും സുകുമാര്‍ അഴീക്കോടിന്റെയും മറ്റ് സര്‍ഗപ്രതിഭകളുടെയും സാന്നിധ്യം കൊണ്ടു തന്നെ ശ്രദ്ധേയമായി.




നാലു പതിറ്റാണ്ടു കാലത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ അസോസിയേഷന്റെ ചരിത്രത്തില്‍ ഇത്തരം പരിപാടികള്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാഹിത്യ ലോകത്തിനു മാത്രമായി തീര്‍ന്ന ഒരു രാപ്പകല്‍ മലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു.




ചിത്രങ്ങള്‍ : കെ വി ശുകൂര്‍. ശ്രീ കുമാര്‍

Friday, July 1, 2011

ഉപ്പു സത്യാഗ്രഹം


ഉറക്കമുണര്‍ന്നപ്പോള്‍ വല്ലാത്ത വിശപ്പ്.എത്ര നേരമായിക്കാണും തുടര്‍ച്ചയായ ഈ നിദ്ര?.തൊണ്ട വരണ്ട് പൊള്ളുന്നു.അല്‍പ്പം വെള്ളം കിട്ടിയാല്‍ കുടിക്കാമായിരുന്നു.ദാഹത്തിനു മുന്നില്‍ മാത്രം ഏത് രാജാവും  ദൈവത്തെ ഓര്‍ത്ത്‌ പോകും. ഞാന്‍ ചുറ്റും നോക്കി.അപരിചിതത്വത്തിന്റെ മൂടുപടലങ്ങള്‍ കാഴ്ച മറച്ചിരിക്കുന്നു.അതോ എന്റെ കണ്ണുകള്‍ തോറ്റു പോവുകയാവുമോ?.
കടല്‍ക്കരയില്‍  ഉപ്പ്   വാറ്റുന്ന ഖദര്‍ ധാരികളായ സത്യാഗ്രഹികളും കറുത്ത ബൂട്ടിന്റെയും ലാത്തിയുടെയും തോക്കിന്റെയും ബലത്തില്‍ എതിരിടുന്ന വെള്ളപ്പട്ടാളവും എവിടെയാണ്?.
ഒട്ടകലെയല്ലാതെ സത്യാഗ്രഹപ്പന്തല്‍ ഒരു നിഴല്‍ പോലെ തെളിയുന്നു. അവിടെ ആളനക്കവും ചെറിയ ശബ്ദവും കേള്‍ക്കാം .പതിയെ എഴുനേല്‍ക്കാന്‍ ശ്രമിച്ചു.കാലുകള്‍ക്ക് ശക്തി പോരാ. വേച്ചു പോകുന്നു.
യൗവനത്തിന്റെ തീക്ഷ്ണത മുറ്റിയ എന്റെ അവയവങ്ങളെല്ലാം ഇപ്പോഴെന്തേ ഇങ്ങനെ? ശിപ്പായി പോലീസിന്റെ ലാത്തിയടി കൊണ്ട് പുളഞ്ഞ്‌ നിലത്തിരുന്നത് ഒരു മിന്നായം പോലെ ഓര്‍മയില്‍ വന്നു.നാല് പാടും ചിതറിയോടുന്ന സമരക്കാര്‍ക്കും പോലീസിനുമിടയില്‍ എഴുനേല്‍ക്കാന്‍ വയ്യാതെ തപ്പിയും തടഞ്ഞും വേദന സഹിക്കാനാവാതെ മയക്കത്തിലേക്ക് പതിയെ വീഴുകയായിരുന്നു.
ഒരുവിധം "സമരപ്പന്തലി"നടുത്തെത്തി.അകത്ത് നിന്നുയരുന്ന അവ്യക്ത ശബ്ദങ്ങള്‍ക്ക് ഏത് ഭാഷയാണാവോ?.ചാരിയിട്ട വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തനിയെ തുറന്ന്‍ വന്നു.അകത്ത് കടന്നപ്പോള്‍ ശരീരത്തില്‍ കുളിര് പടരുന്നു.ഗ്ലാസുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കാം ഒപ്പം ഡേവിഡ് സായിപ്പിന്റെ ബംഗ്ലാവിനു മുന്നിലൂടെ പോകുമ്പോള്‍ കേട്ടിരുന്ന സംഗീതവും.എനിക്ക് ഇടം തെറ്റിയാതാവുമോ?.
മുന്നില്‍ ഒരു വെളുത്ത നിഴല്‍ രൂപം.ഞാന്‍ ആംഗ്യ ഭാഷയില്‍ സംസാരിച്ചു.
"അല്‍പ്പം വെള്ളം"
"പണമുണ്ടോ കയ്യില്‍?"
അയാളുടെ മറു ചോദ്യം എന്നില്‍ ആശ്ചര്യമുളവാക്കി .ഈശ്വരാ കുടിവെള്ളത്തിനും പണമോ? 
മുഷിഞ്ഞ ഖദറിന്റെ കീശ തപ്പിയപ്പോള്‍ ഒന്ന് രണ്ട് വെള്ളിനാണയങ്ങള്‍ കിട്ടി.ഞാനത് അയാള്‍ക്ക്‌ നേരെ നീട്ടി.
അയാള്‍ നാണയങ്ങള്‍ വിശ്വാസം വരാത്തത് പോലെ തിരിച്ചും മറിച്ചും നോക്കുന്നത് ഇപ്പോഴെനിക്ക്‌ അവ്യക്തമെങ്കിലും കാണാമായിരുന്നു.
പൊടുന്നനെ പ്രത്യക്ഷനായ മറ്റൊരാള്‍ കീശയില്‍ നിന്നും ചുവന്ന നിറമുള്ള ഒരു കടലാസെടുത്ത്‌ ഉയര്‍ത്തിക്കാണിച്ചു.
മോണ കാട്ടി ചിരിക്കുന്ന ഗാന്ധിജിയുടെ  തലയുള്ള ആ കടലാസ് ചൂണ്ടി അയാള്‍ വീണ്ടും ചോദിച്ചു.
"ഇങ്ങേരുണ്ടോ അമ്മാവാ കീശയില്‍?"
ഒന്നും മനസ്സിലായില്ലെങ്കിലും വരണ്ട തൊണ്ട വക വെക്കാതെ വിറയാര്‍ന്ന എന്റെ ചുണ്ടുകള്‍ ചെറിയൊരു വിക്കോടെ ഉറക്കെ വിളിച്ചു.
"ഗാന്ധി ജീ കീ ജയ്‌ "



(ക്രത്യമായി പറഞ്ഞാല്‍ 1999 മേയ് 19 നു ഞാനെഴുതിയ ഈ കഥയുടെ
കയ്യെഴുത്ത് പ്രതി എന്റെ പ്രിയപ്പെട്ടവള്‍ ഗവേഷണത്തിനിടെ (പഴയ വല്ല .......ലേഖനങ്ങളും കിട്ടാനുള്ള അന്വേഷണ ത്വര)
കണ്ടെത്തുകയായിരുന്നു. മനോരമ ഞായറാഴ്ച പതിപ്പില്‍ ഇത് വെളിച്ചം കണ്ടിരുന്നു.
"നടെശന്മാരെ" കൊല്ലരുത് -:)

Saturday, May 28, 2011

ഒരു ഹര്‍ത്താലും പോത്ത് വരട്ടിയതും

വേനലിന്റെയും തെരഞ്ഞെടുപ്പിന്റെയും ചൂടിലേക്ക് ലാന്റ് ചെയ്യുമ്പോള് ശബ്ദായമാനമായൊരു അന്തരീക്ഷമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല് തലങ്ങും വിലങ്ങും പായുന്ന ടിപ്പര് ലോറികളുടെയും ഓലപ്രാണിയുടെ മുരള്ച്ചയുമായി റോഡ് നിറഞ്ഞൊഴുകുന്ന ഓട്ടോ റിക്ഷകളുടെയും മരണപ്പാച്ചിലിന്റെ അശുഭ സംഗീതമൊഴിച്ചാല് ബാക്കിയെല്ലാം പഴയപടി തന്നെയായിരുന്നു. എന്നാല് തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പുള്ള ചില ദിനങ്ങളില് ''നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്ത്തി..........''എന്ന പഴയ പല്ലവി ഇടക്കിടേ മുഴ്ങ്ങിക്കേട്ടു കൊണ്ടിരുന്നു.
എല് പി സ്കൂളിലെ ബൂത്തില് ബസ്സില് വന്നിറങ്ങുന്ന ഉദ്യോഗസ്ഥരും പോലീസുകാരനുമൊക്കെ പഴയ പടി തന്നെ. മുതിര്ന്നവരെല്ലാം വോട്ടു ചെയ്യാന് ക്യൂ നില്ക്കുമ്പോള് പോക്കറ്റിലൊരു ബാഡ്ജും കുത്തി തെക്ക് വടക്ക് നടക്കുന്ന കുട്ടികളോടൊപ്പമായിരുന്നു ഞാനിത്തവണയും. റേഷന് കാര്ഡിലും പാസ്പോര്ട്ടിലുമൊക്കെ പേരുണ്ടെങ്കിലും ''തിരിച്ചറിയപ്പെടാത്ത'' ജാതിയായതിനാല് ക്യൂവില് നില്ക്കാന് തരമില്ല. എന്നാലും ക്യൂവില് നില്ക്കുന്ന പലരും ടി വി യിലും പത്രത്തിലും മാത്രംകണ്ട് പരിചയമുള്ള പലര്ക്കും എന്നെ കണ്ടാല് ''തിരിച്ചറിയാന്'' ബുദ്ദിമുട്ടുണ്ടാകില്ലെന്ന (അവരിലൊരാള് ഇപ്പോള് മന്ത്രിയുമായി. ഈശ്വരാ...എന്നെക്കൊണ്ട് ഞാന് തോറ്റു തിരിച്ചറിവില് അഹങ്കരിച്ച് ഞാന് ജനാധിപത്യത്തെ മനസ്സാ വരിച്ച് എന്റെ ഗ്രാമത്തില് 18 വയസ്സ് പൂര്ത്തിയായ അംഗനമാരുടെ കണക്കെടുപ്പില് മുഴുകുകയും ചിലരെയൊക്കെ കണ്ടപ്പോള് ''ഗൊച്ചു കള്ളീ നീയും???'' എന്ന് സ്വയം ചോദിക്കുകയും ചെയ്തു. ഉച്ചയുറക്കം പോലും കട്ട് ചെയ്ത് ''പോളിംഗ് ശതമാന''മറിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള് ശരിക്കുംആ ദിവസം അവസാനിക്കാതിരുന്നെങ്കിലെന്നായിരുന്നു ചിന്ത. ''ഇത്രയധികം വോട്ടര്മാര് നമ്മുടെ നാട്ടിലുണ്ടായിരുന്നോടാ'' എന്ന് ഞാന് കൂട്ടുകാരനെ കുറ്റപ്പെടുത്തും വിധം ചോദിക്കുകയും ചെയ്തു.
തിരിച്ച് പോക്കിന്റെ കൗണ്ട് ഡൗണ് തുടങ്ങിയ നാളുകളിലൊരിക്കല് അങ്ങനെ നിനച്ചിരിക്കാതെ ജനാധിപത്ത്യ വ്യവ്സ്ഥിതിയിലെ ഏറ്റവും മനോഹരമായ ആഘോഷങ്ങളിലൊന്നായ ഹര്ത്താല് കൊണ്ടാടാനും ഇത്തവണ ഭാഗ്യമുണ്ടായി. ഗാന്ധിജിയുടെ കാലത്തോളമോ അതിലേറെയോ പഴക്കമുള്ള നിസ്സഹകരണ സമരമുറയുടെ ആധുനിക രൂപമാണു ഒരര്ത്ഥത്തില് ഹര്ത്താല്. പക്ഷെ സ്ഥാനത്തും അസ്ഥാനത്തും നമ്മുടെ രാഷ്ട്രീയ പാര്ടികള് എടുത്ത് പ്രയോഗിക്കുക വഴി സമരായുധത്തിന്റെ മൂര്ച്ച കുറഞ്ഞു പോയിരിക്കുന്നുവെന്ന് പറയാതെ തരമില്ല. പുതിയ ആയുധങ്ങള് കണ്ട് പിടിക്കപ്പെടും വരെ നമുക്കീ മൂര്ച്ച കുറഞ്ഞ പ്രാക്ര്തായുധം തന്നെയാണു ശരണം.
വര്ഷങ്ങള്ക്ക് ശേഷമാണു അവസരവും കൈവന്നിരിക്കുന്നത്. ഒട്ടും മോശമാക്കിക്കൂടാ. കൂട്ടുകാരെയൊക്കെ വിളിച്ച് ''അറ്റന്ഡന്സ്'' ഉറപ്പാക്കി. തലേ ദിവസം വൈകിട്ട് തന്നെ നഗരത്തിലിറങ്ങി അത്യാവശ്യ ''വിഭവ സമാഹരണം '' നടത്തി മടങ്ങും വഴി തടമ്പാട്ട് താഴത്തെ ഒരു കെട്ടിടത്തിനു മുകളില് സാമാന്യം വലിയൊരു ജനക്കൂട്ടം കണ്ട് ഞാന് കൂട്ടുകാരനോട് വണ്ടി നിര്ത്താന് ആവശ്യപ്പെട്ടു.
''ഓഹോ .വലിയ ക്യൂവാണല്ലോ?. സാരമില്ല ഒരത്യാവശ്യത്തിനല്ലെ. ഞാന് തന്നെ നിന്നോളാം'' എന്നായി അവന്.
''എന്ത്?''
''കുന്തം. പിന്നെന്തിനാ ഇവിടെ നിര്ത്തിയത്? മല്ലിയും മുളകും വാങ്ങാനാണോ?'' അവന് ചൂടായി.
അപ്പോഴാണു ബോര്ഡ് എന്റെ ശ്രദ്ദയില് പെട്ടത്. ''ബിവറേജസ് കോര്പറേഷന്''. നാളത്തേക്കുള്ള ''റേഷന്'' വാങ്ങാന് വന്നവരുടെ തിരക്കാണു. ഒരു ടെലഫോണ് ബില്ലടക്കാന് പോലും ക്യു നില്ക്കാന് മടിയുള്ള ഇവന് ''സാഹസം'' ഏറ്റെടുത്തതിന്റെ കാരണം അപ്പോഴാണു എനിക്ക് പിടി കിട്ടിയത്. ആഘോഷം എന്തായാലും മലയാളിക്കിപ്പോള് ''പനൈ നീര്''
(കടപ്പാട്: കോയമ്പത്തൂര് പാലക്കാട് ഹയ്വേയിലൊരിടത്ത് റോഡരികില് പന നൊങ്ക് വില്പനക്കാരന് തന്ന പാനീയം അമ്ര്ത തീര്ത്ഥം പോലെ നുണയുന്നതിനിടയില് ഞങ്ങചോദിച്ചു. ''അണ്ണാ ഇത് എന്നാ സാധനം''.
''തമ്പീ ഇതു വന്ന്പനൈ നീര്. ഞങ്കെ ഊറുക്ക് റൊമ്പ പ്രമാദം''.
തുടര്ന്നുള്ള യാത്രയില് ഞങ്ങളുടെ വാഹനം ഇടത്തോട്ടും വലത്തോട്ടും ആവശ്യമില്ലാതെ വെട്ടുകയും ഇടക്കിടെ ഓവര്സ്പീഡാകുകയും ഞങ്ങളുടെ സംസാരം ഞങ്ങള്ക്കു തന്നെ തിരിച്ചറിയാനാവാത്ത വിധം അസ്പഷ്ടമാവുകയും വഴിയിലെവിടെയോ മയങ്ങിയ ശേഷം യാത്ര തുടരുകയും ചെയ്യാന് കാരണമാക്കിയ ''പനൈ നീര്'') ഒരവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. കല്ല്യാണ വീടുകള് പോലും കലഹ വീടുകളായി മാറുകയും ചടങ്ങുകള് പലതും മുടങ്ങുകയും ചെയ്തിട്ടും പയ്യന്റെ ''കൂട്ടുകാരല്ലെ?'' എന്തു ചെയ്യാന് പറ്റുമെന്ന് നിസ്സഹായരായിരിക്കുകയാണു നമ്മളിപ്പോഴും.
ഇറച്ചിക്കടക്ക് മുന്നിലെത്തുമ്പോള് സന്ധ്യ മയങ്ങിത്തുടങ്ങിയിട്ടും സാമാന്യം വലിയ തിരക്ക് തന്നെ ഉണ്ടായിരുന്നു. ഇപ്പോ അറുത്തിട്ട പോത്തിന്റെ കാലുകള് കെട്ടിത്തൂക്കുന്ന തിരക്കിലായിരുന്നു അന്ത്രു. ഇന്നിത് മൂന്നാമത്തേതാണെന്ന് കൂട്ടത്തിലാരോ പറഞ്ഞു. സാധാരണ ഗതിയില് രാവിലെ പത്ത് മണിയോടെ ചോര പറ്റിയ ദേഹവുമായി കൂരയിലെത്തി കുളി കഴിഞ്ഞ് കിടന്നുറങ്ങാറുള്ള അന്ത്രുവിനും കൂട്ടര്ക്കുമിന്ന് വിശ്രമിക്കാന് നേരമില്ല. നാളെ ഹര്ത്താലാണു. ഉദ്യോഗസ്ഥരാരും ജോലിക്ക് പോകില്ല. ബസ്സുകള് ഓടില്ല. തൊഴിലാളികള് അവനവന്റെ വീട്ടിലെ വാഴക്ക് തടമെടുത്തും, അദ്ധ്യാപകര് സ്വന്തം മക്കളുടെ മിടുക്ക് പരിശോധിച്ചും, ഡ്രൈവര്മാര് സ്വന്തം വാഹനത്തിനു വേണ്ടിടത്തും വേണ്ടാത്തിടത്തും ഗ്രീസ് പുരട്ടിയും സമയം പോക്കാന് കിട്ടുന്ന '' ഷോട്ട് ബ്രേക്ക്''.
അതിനു വേണ്ടി അന്ത്രു ഒരു ദിനം വിശ്രമിച്ചില്ലെങ്കിലെന്താ. സാധാരണ ഇറച്ചി തുണ്ടം തുണ്ടമായി മുറിച്ചിട്ട് തരാറുള്ള അന്ത്രു എന്റെ മുഖത്ത് പോലും നോക്കാതെ അവിടന്നും ഇവിടന്നുമൊക്കെ അരിഞ്ഞ കഷണങ്ങള് തൂക്കി പ്ലാസ്റ്റിക് സഞ്ചിയിലിട്ട് എനിക്ക് നേരെ നീട്ടി. ഒരു കയ്യില് കറിക്കത്തിയും മറുകയ്യില് ചോരയൊലിക്കുന്ന ഇറച്ചിയുമായി നില്ക്കുന്ന ഉണ്ടക്കണ്ണിയെ മനസ്സിലോര്ത്തപ്പോള് എന്റെ കാറ്റു പോയി. എങ്കിലും ചില ഉറച്ച തീരുമാനങ്ങളോടെ ഞാന് വീട്ടിലേക്ക് ചെന്നു. ഒരു കാര്യം ഇന്നറിയാം. ഒന്നുകില് ഞാന് അല്ലെങ്കില് അവള് രണ്ടിലോരാള് (ഇരുന്ന് ഇറച്ചി വെട്ടും. അല്ല പിന്നെ.)
ചെന്ന പാടെ ഞാന് ഇറച്ചിയും കത്തിയുമായി അടുക്കളയൂടെ പിന്നാം പുറത്തേക്ക് പോകുന്നതു കണ്ടപ്പോള് അവള് ചോദിച്ചു.
''എന്താ പരിപാടി. മുറിച്ചിട്ടില്ലെ?''
''ഇല്ല ഞാന് മുറിച്ചോളാം''.
ഞാന് തെല്ല് സങ്കോചത്തോടെ പറഞ്ഞു. അവളുടെ മനസ്സലിയുമെന്നും എനിക്ക് രക്ഷപ്പെടാമെന്നുമുള്ള മോഹം പക്ഷെ അവള് തല്ലിക്കെടുത്തി.
''മുറിക്കുന്നതൊക്കെ കൊള്ളാം കൈ വിരല് മുറിക്കാതെ നോക്കിയാല് മതി'' എന്നും പറഞ്ഞ് ചന്തിയും വെട്ടിച്ച് ''യു ടേണ്'' അടിച്ച് അവള് വണ്ടി വിട്ടു. പത്താം ക്ലാസ് പരീക്ഷക്ക്, എം ഇംഗ്ലീഷിന്റെ ചോദ്യപ്പേപ്പര് കയ്യില് കിട്ടിയവനെ പോലെ ഞാന് ഇറച്ചിപ്പൊതി തിരിച്ചും മറിച്ചും നോക്കി. പെട്ടന്നാണു മനസ്സില് ലഡു പൊട്ടിയത്. ഒരു പലകയില് വെച്ച് ഞാന് ഇറച്ചിക്കഷണങ്ങളില് ആഞ്ഞു വെട്ടാന് തുടങ്ങി. ചോരയൊലിക്കുന്ന ഒരു കഷണമെടുത്ത് വിരലില് രക്തം പുരട്ടിയ ശേഷം ഞാന് അലറി
''എടീ ആഫ്റ്റര് ശേവൊന്നെടുത്തേ''. വിരലില് രക്തമൊലിപ്പിച്ച് നില്ക്കുന്ന എന്നെ കണ്ടതും ''പടച്ചോനേ ഞാനപ്പഴേ പറഞ്ഞതാ വിരലിനു വെട്ടരുതെന്നും'' പറഞ്ഞ് അവള് അകത്തേക്കോടി. അവളുടെ ഒരു വിരലു പ്രേമം എന്ന് പിറുപിറുത്ത് കൊണ്ട് ഞാന് കാത്തിരുന്നു. ആഫ്റ്റര് ഷേവ് തേച്ചതും ''രക്തം'' നിന്നു. വിരലും പൊത്തിപ്പിടിച്ച് ഞാന് പൈപ്പിനടുത്തേക്ക് പോയി. അവള് തന്ന തൂണിക്കഷണം കൊണ്ട് ചുറ്റിക്കെട്ടിയ ശേഷം ഞാന് വീണ്ടും ഇറച്ചി വെട്ടാനൊരുങ്ങി.
''ഇനിയും കൈക്കിട്ട് വെട്ടാനല്ലെ വേണ്ട മാറി നില്ക്കെന്നു'' പറഞ്ഞപ്പോള് എന്റെ മനസ്സില് വീണ്ടും ലഡു പൊട്ടി. അവള് ഇത്തവണ നാട്ടിലേക്ക് പോകുമ്പോള് പ്രത്യേകം വാങ്ങിയ മൂര്ച്ചയുള്ള കത്തിയും കട്ടിംഗ് ബോര്ഡും എനിക്ക് മുന്നിലേക്ക് നീക്കി വെച്ച് ''ഇതിന് മേല് വെച്ച് സാവധാനം മുറിച്ചാല് മതി. തിരക്കില്ല '' എന്ന് പറഞ്ഞതും എന്റെ മനസ്സില് ലഡുവും ജിലേബിയും എല്ലാം കൂടെ പൊട്ടി ഒരു വകയായി.
ഞാന് ഹര്ത്താലിനെ പഴിച്ചു. അന്ത്രുവിന്റെ തന്തക്ക് വിളിച്ചു. പോത്തിനു വൈക്കോലും കാടിയും കൊടുത്ത് വളര്ത്തി കേരളത്തിലേക്കയച്ച അണ്ണാച്ചിയോടുള്ള അരിശമൊക്കെ പോത്തിറച്ചിയില് തീര്ത്തപ്പോള് പത്ത് മിനിറ്റ് കൊണ്ട് സംഗതി ക്ലീന്. അപ്പോഴേക്കും ഒരു പാത്രവുമായി അവള് വീണ്ടും വന്നു. ചൂടാറാത്ത മാംസവുമായി ഫ്രിഡ്ജിനു നേരെ നടന്ന അവളെ തടഞ്ഞ് കൊണ്ട് ഞാന് പറഞ്ഞു.
'' കുന്തം കണ്ട് പിടിച്ചവനെ ഞാന് കൊല്ലും''
''അതിനിനി ഇയാള് ബുദ്ദിമുട്ടണമെന്നില്ല. അയാളൊക്കെ എന്നേ പോയി''
''ഇതിനകത്തോട്ട് തള്ളിക്കേറ്റാനല്ല ഞാന് ഫ്രഷ് ബീഫ് വാങ്ങിയത്. കൊണ്ട് പോയി വെക്കടീ അടുപ്പത്ത്.''
സീനിലേക്കാണു എന്റെ ഉമ്മ രംഗപ്രവേശനം ചെയ്യുന്നത്. രംഗം പൊടുന്നനെ ശാന്തമായി .ഉള്ളി മുറിച്ച് കണ്ണീരൊഴുക്കിക്കൊണ്ട് അവളെന്നെ കൊഞ്ഞനം കുത്തി. ഉമ്മ വലിയ പ്രഷര് കുക്കര് കഴുകിക്കൊണ്ട് വന്ന് എല്ലാം കൂടെ മിക്സ് ചെയ്ത് അതിലോട്ട് തള്ളാനുള്ള പരിപാടിയാണെന്ന് മനസ്സിലായപ്പോള് ഞാന് വീണ്ടും ഇടപെട്ടു.
''ഉമ്മാ വലിയ മണ് ചട്ടി ഇരിപ്പില്ലേ ഇവിടെ?''
വിറക് പുരയില് കാണും . എന്തിനാ മോനേ? ''
''ചുമ്മാ ഒന്നു കാണാനാ'' എന്നും പറഞ്ഞ് ഞാന് ചട്ടി തപ്പി എടുത്ത് കൊണ്ട് വന്ന് കഴുകാന് തുടങ്ങി. അവള് തുറിച്ച് നോക്കാനും. ഇറച്ചി കഴുകിക്കഴിഞ്ഞപ്പോള് ഞാന് ഉമ്മാക്ക് നേരെ ചട്ടിയെടുത്ത് നീട്ടി
''ഇങ്ങോട്ട് ഇട്ടോളൂ''.
''അല്ല ചട്ടിയില് വെക്കാനാണോ പരിപാടി''
''അതെ. പണ്ട് ഉമ്മ ബീഫ് വരട്ടാറില്ലെ . അതു പോലെ അടുപ്പത്ത് വിറകൊക്കെ വെച്ച്..''
''അടുപ്പില് ഊതാനൊന്നും ഉമ്മക്ക് വയ്യല്ലോ മോനെ''
''അതിനെന്താ പ്രശ്നം. ദാ ഇവളില്ലെ ഇവിടെ. ഇവള് നന്നായി ഊതും. (എനിക്കിട്ട് എത്ര ഊതിയതാ) ഗ്യാസ് അടുപ്പില് വെച്ചാല് ടേസ്റ്റ് കിട്ടില്ല''
അങ്ങനെ ചട്ടി അടുപ്പത്തായി. പച്ച മുളകും കറിവേപ്പിലയുമൊക്കെ വീടിനു പിറകിലെ തൊടിയില് നിന്ന് ഞാന് തന്നെ പറിച്ച് കൊണ്ട് വന്നു ചട്ടിയില് നിക്ഷേപിച്ചു. അടുപ്പെരിയാന് തുടങ്ങി.  അവള് ഊതാനും  ഞാന് മാറി നിന്ന് ചിരിക്കാനും.
കനലുകള് ബാക്കിയായ അടുപ്പിനു മീതെ ചട്ടി മൂടി വച്ച് ഉറങ്ങാന് കിടക്കുമ്പോള് ഫ്രിഡ്ജും ഗ്യാസും കുക്കറുമൊക്കെ അന്ന്യമായിരുന്ന കാലത്തെ പെരുന്നാള് രാവുകള് മൈലാഞ്ചിപ്പാട്ടിന്റെ ശീലുമായി മെല്ലെ തഴുകിയുറക്കാനെത്തി .തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലെ വളകിലുക്കത്തിന്റെ സംഗീതം, ഹാ എത്ര മനോഹരം! നിലത്ത് വിരിച്ച ബെഡ്ഡ് ഷീറ്റിനാകുമോ അവളെ രാവുറക്കാന്?
തൊടിയില് നിന്ന് വെട്ടിക്കൊണ്ട് വന്ന വാഴയില കഴുകുന്നത് കണ്ട് മകന് ഓടി വന്നു.
''വാട്ട് ഈസ് ദിസ് പപ്പാ?''
''ബനാനാ ലീഫ്. മലയാളത്തില് വാഴയില എന്ന് പറയും.''
'' ബനാനാ ലീഫ്'' എന്നും പറഞ്ഞ് അവനൊന്ന് പിടിച്ചതും അതിലൊരെണ്ണം കീറി താഴെ വീണു.
തൂശനിലയില് ചൂടുള്ള കപ്പയും ബീഫും വീണതോടെ ഇല പൊള്ളിയ നറുമണം പരന്നു. നാലഞ്ചു പേര് ഒത്ത് പിടിച്ചതോടെ കപ്പയും ബീഫും ഇലകളുമെല്ലാം കാലിയായി. ദശാബ്ദങ്ങള്ക്ക് മുമ്പനുഭവിച്ച രുചിക്കൂട്ടിന്റെ ലോകത്തേക്ക് വീണ്ടുമെത്താന് വഴി തുറന്ന ഹര്ത്താലുകാരെ ഞാന് നന്ദിപൂര്വ്വം സ്മരിച്ചു.
എന്റെ പറമ്പിലെ ഇളനീരും കരിക്കുമെല്ലാം അന്നുച്ചയോടെ തെങ്ങിനു ഭാരമൊഴിഞ്ഞു.
''ഏതായാലും കേറിയതല്ലേടാ തേങ്ങ കൂടെ പറിച്ചോ രമേശാ''
എന്ന് ഉമ്മ വിളിച്ച് പറയുന്നത് കേട്ടു. തേങ്ങാ പറിക്കാന് ആളെ കിട്ടാത്തതിനാല് ഇപ്പോഴാരും തെങ്ങിന് ചുവട്ടിലേക്ക് പൊകാറേയില്ല. ഹര്ത്താലു കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായല്ലൊ?.
ഞായറാഴ്ചയും അവധി ദിവസങ്ങളിലും മറ്റും കെട്ടിയവളുമാരെയും കുട്ടികളെയും കൂട്ടി കല്ല്യാണത്തിനും അച്ചി വീട്ടിലും ബന്ധു വീടുകളിലും മറ്റും കറങ്ങാന് പോകുന്ന കൂട്ടുകാരെ ഒത്തു കിട്ടണമെങ്കില് ബന്ദോ ഹര്ത്താലോ പണിമുടക്കോ ഒക്കെ ഇടക്കിടെ സംഭവിക്കണം. കൂട്ടുകാരോടൊപ്പം ഗ്രാമം മുഴുവന് ചുറ്റിക്കറങ്ങിയും കട്ടയാട്ടു പാറയുടെ മുകളില് കയറിയിരുന്ന് പാട്ട് പാടിയും രാത്രി വൈകിയാണു തിരിച്ചെത്തിയത്. ഉമ്മയാണു വാതില് തുറന്ന് തന്നത്. അടഞ്ഞു കിടന്ന മുറിയുടെ വാതിലില് നോട്ടീസ് പോലെ എന്തോ പതിച്ചിരിക്കുന്നത് ശ്രദ്ദയില് പെട്ടു. വാടക മുടങ്ങിയതിനു ഗള്ഫില് മുനിസിപ്പാലിറ്റിക്കാര് ഒട്ടിക്കുന്നതു പോലെ എന്താണാവോ ഇവിടെയെന്നോര്ത്തു കൊണ്ട് ഞാന് ലൈറ്റിട്ടു. ഞെട്ടാതിരിക്കാന് പറ്റിയില്ല.
എന്റെ മടക്ക ടിക്കറ്റും ഒരടിക്കുറിപ്പും
''ഓര്മകള് ഉണ്ടായിരിക്കണം'.'
prev next