Sunday, February 26, 2012

ഭൂമിയുടെ പുതിയ അവകാശികള്‍


ശഹര്‍ബാന്‍ ഇപ്പോള്‍ സ്കൂള്‍ വിട്ടു തിരിച്ചെത്തിയിട്ടുണ്ടാകും. ബീവി വിളമ്പി വച്ച റൊട്ടിയും ദാലും കഴിക്കാനിരിക്കാതെ അവള്‍ കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാന്‍ പോയിക്കാണും. നാളെ വെള്ളിയാഴ്ച്ചയാണല്ലോ ഒന്ന് വിളിച്ചു നോക്കണം. രണ്ടു വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്നു പോയത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍  അവള്‍ കൈ വിടാതെ പിന്നാലെ വന്നു.
 " അബ്ബ പോകരുതേ ,,പോകരുതേ .."  
എന്ന  നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. നാല് വയസ്സുകാരിക്ക് താന്‍ അബ്ബ മാത്രമല്ല  . കളിക്കൂട്ടുകാരനായിരുന്നു. ഇപ്പോഴും അത്ഭുതപ്പെടാരുള്ളത് ഈ ജീവിത സായാഹ്നത്തിലും ഒരു കുഞ്ഞിനെ കൂടി നല്‍കിയ ദൈവത്തിന്റെ കാരുണ്യം ഓര്‍ത്താണ്. അവളുടെ മൂത്തവര്‍ നാല് പേരും കല്യാണം കഴിഞ്ഞു കുടുംബവും കുട്ടികളുമായി സുഖമായി കഴിയുന്നു. മരുഭൂമിയുടെ ഊഷരതയില്‍ തളിര്‍ത്ത പുതു നാമ്പിനു  വേണ്ടി ജീവിക്കുമ്പോള്‍ വീണ്ടും യൗവനം വിരുന്നെത്തിയ പോലെ.
വര്‍ഷങ്ങള്‍ മുപ്പതെണ്ണം കഴിഞ്ഞിരിക്കുന്നു ഈ മരുഭൂമിയില്‍ എത്തിപ്പെട്ടിട്ട്. ഇനി വയ്യ.മടുത്തു. ആരാന്‍റെ ഭൂമികയില്‍ നമ്മള്‍ തികച്ചും അന്യര്‍ തന്നെയാണ്. അവരുടെ ലോകം അവരുടെ നിയമങ്ങള്‍.അവരുടെ സന്തോഷങ്ങള്‍. അതില്‍ അപരിചിതത്വത്തോടെ  പങ്കാളിയാവുക മാത്രം. കരിമ്പിന്‍ തോപ്പ് പാട്ടത്തിനെടുത്ത് ചില്ലറ കൃഷികളൊക്കെ ചെയ്താണ്  ഇവിടെ നിന്ന് മടങ്ങിയവര്‍ പലരും സുഖമായി കഴിയുന്നത്‌. ഇവിടെ മസരയില്‍ (കൃഷിയിടം) പകല്‍  മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്നതിലും വരുമാനം അവര്‍ ഉണ്ടാക്കുന്നുണ്ട്. കുറച്ചു കൂടി പണമുണ്ടാക്കിയാല്‍ പിന്നെ  തിരിച്ചു പോകണം. പിറന്ന മണ്ണിന്‍റെ ഗന്ധത്തിനു പോലുമുണ്ട്  സ്നേഹത്തിന്‍റെ മാസ്മരികത.
" തആല്‍  ....റഫീക്ക് ....തആല്‍ "
ആരുടെയോ വിളി കേട്ടാണ് ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. ഇരിക്കുന്ന ബഞ്ചിന്റെ അല്‍പ്പം അകലെ വണ്ടി നിര്‍ത്തി ഒരു ഈജിപ്ഷ്യന്‍ തന്നെ കൈ കാട്ടി വിളിക്കുന്നു.
എന്താണാവോകാര്യം. വഴി ചോദിക്കാനോ മറ്റോ ആവും. മെല്ലെ എഴുനേറ്റ് അടുത്തേക്ക്‌  ചെന്നു.
" വൈന്‍ ബത്താക.. ജിബ് ബത്താക്ക. ലേഷ്  ഇന്ത  നൌം ഹിനി ?? "

ജുബ്ബയുടെ കീശയില്‍ ഒരു പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞു വച്ചിരുന്ന തിരിച്ചറിയല്‍  കാര്‍ഡെടുത്തു അയാള്‍ക്ക്‌ കൊടുത്തു. ഒരു കടലാസില്‍ എന്തൊക്കെയോ എഴുതിയ ശേഷം ഒപ്പ് വാങ്ങി ഒരു കഷണം മഞ്ഞ കടലാസ് കയ്യില്‍ തന്നു കൊണ്ട്   
 "ത ആല്‍ മക്തബ് ബാദ ഉസ്ബൂ
എന്നും പറഞ്ഞു അയാള്‍ കാര്‍ ഓടിച്ചു പോയി. എന്ത് ചെയ്യണം എന്നറിയാതെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ്  ടൈപിംഗ് സെന്ററില്‍ ജോലി നോക്കുന്ന മലബാരി പയ്യനെ കണ്ടത്. കടലാസ് വാങ്ങി വായിച്ചു നോക്കിയ ശേഷം അവന്‍ പറഞ്ഞാണ് കാര്യങ്ങള്‍ വ്യക്തമായത്.

പൊതു സ്ഥലത്ത് ബെഞ്ചില്‍ കിടന്ന്‍ ഉറങ്ങിയതിനു പിഴ ഒടുക്കാന്‍ ഉള്ള കടലാസാണ് കയ്യില്‍ തന്നിരിക്കുന്നത്. പടച്ചവനെ ഞാന്‍ എപ്പോഴാണ് ഉറങ്ങിയത് ? ഇനി അറിയാതെ എങ്ങാന്‍ മയങ്ങി പോയിരുന്നോ? അറിയില്ല. ഈയിടെയായി ഓര്‍മ്മകള്‍   അവ്യക്തമാകുന്നുണ്ടോ? ഇനി ഒന്ന് മയങ്ങി പോയെങ്കില്‍ തന്നെ അതൊരു പാപമാണോ?. ചിന്തയും ബുദ്ദിയും ശക്തിയുമെല്ലാം വിസ എന്ന രണ്ടക്ഷരത്തിന് വേണ്ടി പണ്ടേ പണയം വച്ചതാണല്ലോ. വിസ അടിച്ചു കഴിഞ്ഞാല്‍ പിന്നെ പുതിയ നിയമങ്ങളാണ്. ക്ഷീണം പാടില്ല. ജോലി, ശമ്പളം, രാത്രി ജോലിയൊന്നും ഇല്ലെങ്കില്‍ മാത്രം അല്‍പ്പം വിശ്രമംഅതും മുതലാളി കനിയണം. എപ്പോള്‍ ജോലി എടുക്കണം ,എപ്പോള്‍  ഉറങ്ങണം  എപ്പോള്‍ ഉണരണം എന്ന് തുടങ്ങി പ്രഭാത കര്‍മങ്ങള്‍ക്ക് പോലും ഇവിടെ മറ്റുള്ളവരുടെ സൗകര്യത്തിനു അനുസരിച്ചായിരിക്കണം. യാന്ത്രികതയുടെ മനുഷ്യ രൂപങ്ങളാണ് ഇവിടത്തെ ഓരോ തൊഴിലാളിയും.
ഈജിപ്ഷ്യന്മാര്‍ക്ക് ഹിന്ദിയും പാകിസ്ഥാനിയും ബംഗാളിയുമെല്ലാം ഹീന ജാതിക്കാരാണ്. ഒരു നായയേയും  ഈജിപഷ്യനെയും ഒന്നിച്ചു കണ്ടാല്‍ ആദ്യം ഈജിപഷ്യനെ കല്ലെറിയണം എന്ന് സുഹൃത്ത്  ഗുലാം അലി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നത് ഓര്‍മ വന്നു.

ബത്താക്ക തിരിച്ചു കിട്ടണമെങ്കില്‍ ഒരാഴ്ച കഴിഞ്ഞു നഗര സഭയുടെ ഓഫീസില്‍ എത്തണമെന്ന്. ഇത് മൂന്നാം തവണയാണ് പതിനഞ്ചു ദിര്‍ഹം ടാക്സി കൂലിയും കൊടുത്ത് ഇവിടെ വരുന്നത്. ഇന്നിനി ജോലിക്കും പോകാന്‍ പറ്റും എന്ന് തോന്നുന്നില്ല. അത്രയ്ക്ക് വൈകിയിരിക്കുന്നു. നഗര സഭാ കാര്യാലയത്തിലെ വെയിറ്റിംഗ് റൂമിലിരുന്നു ജാവേദ്‌ മിയാന്‍ എന്ന പാകിസ്ഥാനി തന്റെ  കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ മറ്റുള്ളവരുടെ മുഖത്ത് പ്രത്യേക ഭാവ ഭേദങ്ങള്‍ ഒന്നും നിഴലിച്ചിരുന്നില്ല.
കാരണം അവിടെ കൂടി നിന്നിരുന്ന മറ്റു മുപ്പതോളം പേരും സമാനമായ തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെട്ടവരായിരുന്നു. പൊതു സ്ഥലത്ത് വാഹനം കഴുകിയവര്‍, സിഗരറ്റ്‌ വലിച്ചവര്‍,തുപ്പിയവര്‍, അങ്ങനെയുള്ള "അപരാധങ്ങളാണ്‌" അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കാരും പാകിസ്ഥാനിയും ബംഗാളികളും ഫിലിപൈനികളുമാണ് അപരാധികളെല്ലാം. മറ്റ് രാജ്യക്കാരൊന്നും ഇത്തരം പിഴകള്‍ ചെയ്യാത്ത നല്ലപിള്ളകള്‍ ആയിരിക്കുമോയെന്ന സംശയം അന്യായമാവുമോ എന്തോ?

പൊതു നിരത്തിന് ഓരം ചേര്‍ന്ന് നടന്നു പോകുമ്പോള്‍ ഒന്ന് തുപ്പിപ്പോയി.പല്ല് തേക്കാത്ത ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ എന്നെ ഉപദേശിച്ചത് ഞാന്‍ ചെയ്ത “പിഴവിന്റെ” ആരോഗ്യ വശങ്ങളെ കുറിച്ചായിരുന്നു. മൂക്ക് അകത്തി പിടിച്ചാണ് ഞാനാ പ്രഭാഷണം ശ്രവിച്ചത്.ഇനി തുപ്പാന്‍ തോന്നിയാല്‍ ഒരു ടിഷ്യൂ പെയ്പറില്‍ തുപ്പിയ ശേഷം അടുത്തുള്ള വെയ്സ്റ്റ്‌ ബോക്സില്‍ നിക്ഷേപിക്കണമെന്ന ഉപദേശം തരാനും അയാള്‍ മറന്നില്ല.പന പോലെ വളര്‍ന്നിട്ടും തുപ്പാന്‍ ടിഷ്യു പേപര്‍ ഉപയോഗിക്കണമെന്ന കാര്യം പഠിക്കാത്ത എന്നെയും പഠിപ്പിച്ചു തന്നിട്ടില്ലാത്ത കലാലയങ്ങളെയും ഞാന്‍ പഴിച്ചു. ഉള്ളില്‍ ഉയര്‍ന്നു വന്ന നൂറു കൂട്ടം ചോദ്യങ്ങള്‍ തല്‍ക്കാലം കുഴിച്ചു മൂടി അയാളുടെ വാക്കുകള്‍ക്ക് ചെവി കൊടുത്തു. ഇരു നൂറു ദിര്‍ഹം പിഴ എഴുതി തന്നു അയാള്‍ എന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ കണ്ടു കെട്ടി. ഒരു തുപ്പിനു ഇത്രയൊക്കെ വിലയുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഈ ഭൂഘണ്ടത്തില്‍ എവിടെയും തുപ്പുക പോയിട്ട് ഒന്ന് തുമ്മുക പോലും ചെയ്യില്ലായിടുന്നു.പിഴ ഒടുക്കുന്നതിനേക്കാള്‍ വലിയ ശിക്ഷയാണ് രണ്ടും മൂന്നും തവണ അതിനായി ഓഫീസുകള്‍ കയറി ഇറങ്ങുക എന്നത്.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി ഓരോരുത്തരെയായി പേര് വിളിച്ച് വിചാരണ തുടങ്ങിയപ്പോള്‍ പച്ചപ്പരിഷ്കാരിയും പച്ച മനുഷ്യനും തമ്മിലെ ചൂടേറിയ വാഗ്വാദത്തിന് വേദിയാവുകയായിരുന്നു മനസ്സ്.
 ഈന്തപ്പനയുടെ മടലുകള്‍ കൊണ്ട് തീര്‍ത്ത കുടിലുകളില്‍ ചൂടും തണുപ്പും സഹിച്ചു മരുഭൂമി പോലെ ഉണങ്ങിയ മനുഷ്യര്‍ ശതാബ്ദങ്ങളോ അതിലും ഏറെയോ കാലം കാഷ്ടിച്ചതും മൂത്രമൊഴിച്ചതും തുപ്പിയതുമെല്ലാം വെറും മണ്ണിലായിരുന്നു.എന്നാല്‍ അതെല്ലാം ഇന്ന് അവരുടെ പിന്‍ മുറക്കാര്‍ക്ക് എത്ര വലിയ പിഴകള്‍? അവരുടെ വാഹനങ്ങള്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍ ഏറ്റു വാങ്ങി മരിക്കുന്ന ഭൂമിയെയും ജീവജാലങ്ങളേയും ആര് കാണാന്‍.

ചീഞ്ഞു നാറുന്ന തെരുവുകളില്‍ പുഴുക്കളെ പോലെ ജീവിച്ച മനുഷ്യാ, ഇത് നിന്‍റെ മാത്രം ഭൂമിയല്ല. മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് മീതെ നിന്‍റെ മലിനാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതെന്തിനാണ്?.

“ വാഹനത്തിന്‍റെ പൊടി പടലങ്ങള്‍ ശ്വസിച്ചപ്പോള്‍ എനിക്ക് വായില്‍ കഫം നിറഞ്ഞു. തുപ്പാതെ പിന്നെ ഞാന്‍ എന്ത് ചെയ്യണമായിരുന്നു സാര്‍?”
മുഷിഞ്ഞ വേഷം ധരിച്ച ബംഗാളിയായ ഒരു സാധാരണ തൊഴിലാളിയുടെ നിഷ്കളങ്കമായ ചോദ്യം വിചാരണ മുറിയില്‍ പ്രതിധ്വനിക്കവേ എന്‍റെ സംശയങ്ങളുടെ മുനയൊടിയുന്നതും, വിസര്‍ജ്യങ്ങള്‍ വീണ്‌ മലിനമായ വരണ്ട  മണ്ണില്‍ നിന്നും പച്ചപ്പിന്‍റെ പുതു നാമ്പുകള്‍ പതിയെ തല നീട്ടുന്നതും ഇനിയും പിറക്കാനിരിക്കുന്ന ഭൂമിയുടെ അവകാശികള്‍ പുതിയ നിയമങ്ങള്‍ തീര്‍ത്ത്‌ ഭൂമിയില്‍ സ്വര്‍ഗം പണിയുന്നതും കിനാവ്‌ കാണുകയായിരുന്നു ഞാന്‍.   
prev next