Saturday, September 17, 2011

'എനി ഇഡിയറ്റ് കാന്‍ ചെയിഞ്ച് യുവര്‍ ലൈഫ്'


എംഡിക്ക് റഫീക്കും റഫീക്കിന് എംഡിയും ഒരു തലവേദനയായി നില്‍ക്കുന്ന കാലം. സ്ഥലം കോഴിക്കോട്ടങ്ങാടിയിലെ  ഒരു മാസികയുടെ ഓഫീസ്. ഞാനും നമ്മടെ 'പുറംലോകം' സുല്‍ഫിയുമൊക്കെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും എ, ബി, സി, ഡി മുതല്‍ ഒ, ഓ, ഔ, അം, അ: വരെ പഠിക്കുകയും ഇതുകൂടാതെ ഹൈ, ഹൊയ്, ഹോ, ഹൗ തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത ''ആത്മ വിദ്യാലയം'' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഇടം. ദേവഗിരി കോളേജിലെ സാഹിത്യ പഠനവും, ഉച്ച കഴിഞ്ഞ് മാസികയാപ്പീസിലെ ജീവിത പഠനവും, അതും കഴിഞ്ഞ് 'ജൂനിയര്‍ ആര്‍ടിസ്റ്റു'കളായ റഫീക്കിനെപ്പോലുള്ളവരെ ടൗണിലെ വേണ്ടാത്തരങ്ങളിലൊന്നും കുടുങ്ങാതെ 'നേര്‍വഴിക്ക്' നടത്തുന്ന ഭാരിച്ച ഉത്തരവാദിത്വവുമൊക്കെ ഞാന്‍ ഒറ്റക്ക് മാനേജ് ചെയ്യുന്ന സമയം.

രാവിലെ 8 മണിക്ക് ഓഫീസ് തുറക്കണ്ട ചുമതല റഫീക്കിനാണ്. 9 മണിക്കാണ് ഓഫീസ് തുടങ്ങുകയെങ്കിലും എംഡി ചിലപ്പോള്‍ 8 മണിക്ക് തന്നെ കയറി വരും. 8 മുതല്‍ 9 വരെയുള്ള സമയം റഫീക്കിന് ചില ചുറ്റിക്കളികള്‍ക്കൊക്കെയുള്ളതാണ്. അതായത് അപ്പുറത്തെ എസ് ടി ഡി ബൂത്തിലെ പെണ്‍കുട്ടിയെ ഒന്ന് 'വിഷ്' ചെയ്യണം.
( 'നീ പോടാ പട്ടി' എന്നാണു അവള്‍ തിരികെ വിഷ് ചെയ്യാറുള്ളതെന്നു കേട്ടതായി ചില അനോണി പ്രചാരണങ്ങള്‍ നിലവിലുണ്ട് )
ടെക്സ്റ്റയില്‍സിലെ ചേച്ചിയോട് (തലേന്ന് രാത്രി പിരിഞ്ഞശേഷമുള്ള) വിശേഷങ്ങള്‍ അന്വേഷിക്കണം. പിന്നെ കൃത്യം എട്ടരക്ക് ഫോണൊന്ന് അറ്റന്റ് ചെയ്യണം. ഈ 'എട്ടരക്കുള്ള ഫോണ്‍' മെഡിക്കല്‍ കോളേജിലെ ഒരു നഴ്‌സിന്റെ വകയാണ്. അവരു ചുമ്മാ ഡെറ്റോളിന്റെ സ്‌മെല്ലിനെപ്പറ്റിയോ, മൂക്കില്‍ വെക്കുന്ന പഞ്ഞിയുടെ ഗുണമേന്മ സംബന്ധിച്ചോ, അല്ലെങ്കില്‍ ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ വെച്ചാലുണ്ടാകുന്ന ''റിയാക്ഷനെ'' ക്കുറിച്ചോ ഒക്കെയാകും ഡിസ്‌കസ് ചെയ്യാറുള്ളതെന്ന് നമുക്ക് അനുമാനിക്കാം. കാരണം ആ സംസാരം കേള്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അതന്നെ. എട്ടരക്ക് മുമ്പെ കയറി വരുന്ന എംഡിക്ക് ഒരു 'ദു:ശ്ശീലമുണ്ട്'. രണ്ടു ലൈനുള്ള ഫോണ്‍ റിംഗ് ചെയ്താല്‍ എടുക്കേണ്ട ഉത്തരവാദിത്തം ശമ്പള സഹിതം റഫീക്കിന് പതിച്ചു കൊടുത്തിട്ടുണ്ടെങ്കിലും അവനോടുള്ള 'വാത്സല്യം' കാരണം മൂപ്പരുടെ മുറിയിലുള്ള ഇന്റര്‍ കോമെടുത്ത് വെറുതെയൊന്ന് ചെവിയില്‍ വെക്കും.
എട്ടരയുടെ കോള്‍ റിംഗ് ചെയ്താലുടന്‍ കട്ടാക്കേണ്ട ഗതികേടു തുടരുകയും, നഴ്‌സ് മറ്റുവല്ല 'പേഷ്യന്റി'നെയും അറ്റന്‍ഡു ചെയ്യുമോയെന്ന ഭയവുമൊക്കെ റഫീക്കിനെ ആ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചു.

അന്നു വൈകുന്നേരം എംഡി സാറിനൊരു ഫോണ്‍ കോള്‍. സജ്‌ലയെന്ന കോളേജു ഗേളാണ് ലൈനില്‍. സാറിന്റെ എഴുത്തുകള്‍ വായിക്കാറുണ്ടെന്നും സാറൊരു സംഭവമാണെന്നും കാണാന്‍ പൂതിയുണ്ടെന്നുമൊക്കെ സജ്‌ല വെച്ചു കാച്ചിയപ്പോള്‍ എംഡിസാറിന്റെ മുഖത്ത് തൗസന്റ് വാട്ട്‌സ് സി എഫ് എല്‍ തെളിഞ്ഞു. ഓണവും, വല്യപെരുന്നാളും ഒന്നിച്ചുവന്ന ഭാവങ്ങള്‍ റഫീഖ് ചില്ലു പാളികളിലൂടെ ഒളിഞ്ഞു കണ്ടു. പിറ്റേന്ന് രാവിലെ എട്ടരക്ക് പുതിയ സ്റ്റാന്‍ഡില്‍ അത്തോളി ഭാഗത്തേക്ക് പോകുന്ന ബസ്സില്‍ താന്‍ വന്നിറങ്ങുമെന്നും കാണാമെന്നും പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു. (മട്ടണ്‍ ബിരിയാണിക്കും ചുരിദാറിനുമുള്ള ക്യാഷ് അഡ്വാന്‍സ് വാങ്ങിയതിന് അവളുടെ റോള്‍ അവള്‍ തകര്‍ത്തഭിനയിച്ചു.) പിറ്റേന്ന് രാവിലെ ബസ്സ്റ്റാന്‍ഡ് വഴി വന്ന റഫീഖ് കണ്ടത് നമ്മുടെ 'സുന്ദരകുട്ടപ്പന്‍' പുതിയ കുപ്പായമൊക്കെയിട്ട് മുടിയൊക്കെ ഡൈ അടിച്ച് പരീക്കുട്ടിയായി കറുത്ത കണ്ണടയൊക്കെ ഫിറ്റ് ചെയ്ത് അത്തോളി ബസ്സില്‍ 'വെളുത്തമ്മ' വരുന്നതും കാത്ത് നില്‍ക്കുന്ന കാഴ്ചയാണ്. അനുരാഗ വിലോചനനായി എന്നൊക്കെ പറയുന്നതിന്റെ ഗുട്ടന്‍സ് ഇപ്പഴല്ലേ പിടി കിട്ടിയത്. സംഗതികളൊക്കെ അന്നും ഇന്നും എന്നും തഥൈവ
അന്ന് എട്ടരയോടെ കോള്‍ വന്നപ്പോള്‍ റഫീക്ക് തന്റെ നിസ്സഹായാവസ്ഥ നഴ്‌സിനെ ബോധ്യപ്പെടുത്തുകയും 'അപ്പോയിന്‍മെന്റ് ടൈം' എം ഡി ഊണിനു പോകുന്ന ഒന്നരയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്ത് ജോലിയില്‍ മുഴുകി ഒന്നുമറിയാത്തവനെ പോലെ ഇരുന്നു. ഒമ്പതരക്ക് വിയര്‍ത്ത് കുളിച്ച് എംഡി കയറിവന്ന് നേരെ മുറിയിലേക്ക് പോയി.
(ഇവിടെ വേണമെങ്കില്‍ നമുക്ക് ബി ജി എമ്മായി 'മാനസ മൈനേ വരൂ ' എന്നോ, 'എന്തെ ഇന്നും വന്നില്ല ' എന്നോ സൗകര്യം പോലെ വളരെ സോഫ്റ്റായി മ്യൂസിക് കയറ്റാം)

ഇത്തരം കലാപരിപാടികളൊക്കെ അരങ്ങുവാഴുന്ന കാലത്താണ് 'പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന്' പറഞ്ഞപോലെ റഫീക്കിനൊരു എട്ടിന്റെ പണി കിട്ടിയത്. ബികോം 'ഫസ്റ്റ് ക്ലാസായ' റഫീക്കിനെ പി എസ് സി ടെസ്റ്റ് ഒരു ഹോബിയാണ്. അവന്‍ ഐ എ എസ് ടെസ്റ്റ് വരെ എഴുതിയിട്ടുണ്ടെന്നാണ് അസൂയക്കാര്‍ പറഞ്ഞു പരത്തിയത്. ഒരു ദിവസം എസ് ബി ടിയിലേക്ക് പ്യൂണിനുള്ള പി എസ് സി അപേക്ഷാ ഫോം വാങ്ങിയപ്പോള്‍ അറിയാതെ ഒരെണ്ണം അധികം കിട്ടി. വെറുതെ കിട്ടിയതല്ലേ ഞങ്ങളുടെ ഓഫീസ് ബോയിയായ (ഓഫീസ് ഇക്ക എന്നു വിളിക്കണം വയസ്സിനു മൂത്തതാ) നജ്മലിനിട്ടൊന്ന് ചാമ്പാന്‍ തന്നെ തീരുമാനിച്ചു അവന്‍. ഒരപേക്ഷയെഴുതി നജ്മല്‍ക്കാന്റെ സൈനും മറ്റും ഒപ്പിച്ച് പി എസ് സിക്ക് അയച്ചു. ടെസ്റ്റ് തീയതി അടുത്തു വരുംതോറും അവനിരുന്ന് പഠിക്കാന്‍ തുടങ്ങി. ഇടക്കിടെ നജ്മല്‍ക്കാനെ ഓര്‍മ്മിപ്പിക്കും
'ടെസ്റ്റ് അടുത്തയാഴ്ചയാ ഇക്കാ നന്നായി പഠിച്ചോ?
'പിന്നെ പത്താംക്ലാസ് പരീക്ഷ ജയിക്കാന്‍ ഞാന്‍ പെട്ട് പാട് എനിക്കല്ലേ അറിയൂ അതിനിടെയിലാ അവന്റെ പി എസ് സി. ഞാനില്ല പരീക്ഷയെഴുതാന്‍'.
ഇക്ക ഊരാന്‍ ശ്രമിച്ചു. എന്നാല്‍ ഞാനും സുല്‍ഫിയുമൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ വെറുതെ പോയി ടിക്കിട്ടു (ഒബ്ജക്ടീവ് ടൈപ്പാണല്ലോ) പോരാമെന്ന് ഇക്ക സമ്മതിച്ചു. ടെസ്റ്റ് ദിവസം ഇക്കാന്റെ സൈക്കിളിലിരുന്ന് രണ്ടുപേരും ഒരുമിച്ചു തന്നെ പരീക്ഷക്ക് പോയി. പരീക്ഷ കഴിയാന്‍ അര മണിക്കൂര്‍ ബാക്കി നില്‍ക്കെ ഇക്ക കയറി വന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചു

'എന്തേ ഇക്കാ എഴുതിയില്ലേ'

'പിന്നെ ഇതൊക്കെ സിമ്പിളല്ലേ. ഓരോ ചോദ്യത്തിനും ഞാന്‍ ബിസ്മീം ചൊല്ലി കറക്കിക്കുത്തി. എഴുതി കഴിഞ്ഞപ്പോ ഞാനിങ്ങുപോന്നു.'
റഫീഖ് അവിടെയിരുന്ന് ഓരോ ചോദ്യവും സസൂക്ഷ്മം നിരീക്ഷിച്ച് ഉത്തരമെഴുതി വലിയ പ്രതീക്ഷയുമായാണ് വന്നു കയറിയത്.

റിസള്‍ട്ട് വന്ന ദിവസം ഓഫീസില്‍ ആഘോഷമായിരുന്നു. റഫീക്കിന്റെ നമ്പര്‍ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. നജ്മല്‍ക്കാന്റെതാകട്ടെ അങ്ങനെ നിവര്‍ന്നു നില്‍ക്കുന്നുതാനും. കാരണം ഇക്കാക്ക് എല്ലാ ചോദ്യവും ഉത്തരവും പുതിയ അറിവുകളായിരുന്നതിനാല്‍ മുന്നുംപിന്നും ചിന്തിക്കാതെ ടിക്കിടുകയല്ലാതെ രക്ഷയില്ലായിരുന്നു. ടിക്കുകള്‍ പലതും മര്മത്തില്‍ തന്നെ കൊണ്ടിരുന്നുവെന്നു ചുരുക്കം.

'ഹേയ് അങ്ങനെ വരാന്‍ വഴിയില്ലല്ലോ മോനെ. അവര്‍ക്ക് തെറ്റിയതാകും.'

നജ്മല്‍ക്കാ സമാധാനിപ്പിച്ചപ്പോള്‍ അവന്‍ ദയനീയമായി ഞങ്ങളെ നോക്കി. പി എസ് സിയോട് ആദ്യമായി അന്ന് മനസ്സിലൊരു ബഹുമാനമൊക്കെ തോന്നി, എന്നു പറയാമല്ലോ. അങ്ങനെയിരിക്കെ ദാ വരുന്നു ഇന്റര്‍വ്യൂ കാര്‍ഡ്. ഇന്റര്‍വ്യൂ എന്ന് കേട്ടതും നജ്മല്‍ക്ക ഞെട്ടി.
'ഇന്റര്‍വ്യൂവോ ഞാനോ, ഞാനാ ടൈപ്പല്ല' എന്നായി ഇക്ക.
"ഏയ് നിങ്ങള് പോണം, നിങ്ങളെക്കണ്ടാ ജോലി ഉറപ്പായും തരും'
എന്ന് പറഞ്ഞ് റഫീക്ക് ഇക്കാനെ ഒന്നു താങ്ങി. അതൊരിക്കലും സംഭവിക്കാന്‍ പോണില്ലെന്ന് അവന് ഉറപ്പായിരുന്നു. അന്നു രാത്രി ഞങ്ങള്‍ റഫീക്കിനെ കൂടാതെ കൂലങ്കശമായി ചര്‍ച്ച ചെയ്ത ശേഷം കാര്യങ്ങളില്‍ ഒരു തീരുമാനമെടുത്തു. എന്തുവന്നാലും നജ്മല്‍ക്കാനെ ഇന്റര്‍വ്യൂവിന് ഹാജരാക്കണം. സുല്‍ഫിയുടെ പുതിയ കുപ്പായവും, അച്ചുവിന്റെ അലക്കി തേച്ച പാന്റുമൊക്കെ ഉടുപ്പിച്ച് ഇക്കാനെ പറഞ്ഞുവിടാന്‍ തന്നെ തീരുമാനിച്ച് 'ഗൂഢാലോചനാ യോഗം' പിരിഞ്ഞു. ഞങ്ങളുടെ അശ്രാന്ത പരിശ്രമം ഒടുവില്‍ വിജയം കണ്ടു. ഇന്റര്‍വ്യൂവിനു പോകാമെന്ന് നജ്മല്‍ക്ക സമ്മതിച്ചു. പക്ഷെ യാതൊരു മുന്‍ പരിചയവുമില്ലാതെ എങ്ങനെ പോകും?

ഞങ്ങളുടെ ബുദ്ധി ഭയങ്കരമല്ലേ. അന്നുരാത്രി ഓഫീസില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് തയ്യാറായി. സുല്‍ഫിയും ഞാനും ചേര്‍ന്നാണ് സെറ്റിട്ടത്. മാര്‍ക്കറ്റിംഗിലെ കാദര്‍ സാഹിബും അച്ചുവും ഇന്റര്‍വ്യൂ ബോര്‍ഡ്. സുല്‍ഫി പേരു വിളിച്ചു ആദ്യം ഞാന്‍. പിന്നെ നജ്മല്‍ക്ക. ഇന്റര്‍വ്യൂവിന് ചോദിക്കുന്ന മിക്ക സംഭവങ്ങളും അച്ചുവിന് അറിയാം. റിഹേഴ്‌സല്‍ കഴിഞ്ഞതോടെ നജ്മല്‍ക്ക 'ടെയ്ക്കിന്' തയാറായി. പിറ്റേന്ന് രാവിലെ ഇക്ക സ്വന്തം സൈക്കിളില്‍ തന്നെ ഇന്റര്‍വ്യൂവിന് പോയി. തിരിച്ചെത്തുംവരെ ഞങ്ങള്‍ക്കെല്ലാം ടെന്‍ഷനായിരുന്നു. ഇക്ക വന്നതും റഫീക്കിന്റെ ചോദ്യം.

'ജോലി കിട്ടിയില്ലേ ഇക്കാ -ഇന്റര്‍വ്യൂ എങ്ങനെ?'

ഇക്ക ഞങ്ങളെ നോക്കി ഒരു ചോദ്യം

'ഇതാണോ ഈ ഇന്റര്‍വ്യൂ, ഇന്റര്‍വ്യൂ എന്ന് പറഞ്ഞത്? ഇത്രേയുള്ളൂ?'

ഞങ്ങള്‍ അന്തം വിട്ടുനിന്നു

'അവര്‍ എന്തൊക്കെയാ ചോദിച്ചത്?'

'ഇരുനൂറ് ഗ്രാമുള്ള ഒരു കവര്‍ പോസ്റ്റ് ചെയ്യാന്‍ എത്ര രൂപയുടെ സ്റ്റാമ്പ് വേണമെന്ന്'

'ദിവസം രണ്ടുതവണ പുതിയറ പോസ്‌റ്റോഫീസില്‍ കത്തെടുക്കാനും ഡസ്പാച്ചിനും പോകുന്ന നമ്മളോട് തന്നെ ചോദിക്കണം ഇത്'.

നജ്മല്‍ക്ക കത്തിക്കയറിയപ്പോള്‍ റഫീക്കിന്റെ മുഖം ജഗതിച്ചേട്ടന്റെ 'കൊട്ട്' കിട്ടിയ സ്റ്റാര്‍ സിംഗര്‍ 'അവതാരത്തെ' പോലെയായി. വ്യക്തമായി പറഞ്ഞാല്‍ നവരസങ്ങളില്‍ പതിനാലാമത്തെ, ഇനിയും പേര് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരു ഭാവം. 'ഇളിഭ്യം' എന്ന് വേണമെങ്കില്‍ പറയാം
'പിന്നെ ചോദിച്ചു ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ എന്ന്. ഞാന്‍ നമ്മുടെ ഡോക്ടറിനെയും എക്‌സിക്യൂട്ടീവ് ഓഫീസറെയും നല്ല പരിചയമാണെന്നു പറഞ്ഞു'.

മാസികയില്‍ ആരോഗ്യ പംക്തി കൈകാര്യം ചെയ്യുന്ന ഡോക്ടറും കോളമിസ്റ്റായ ഉദ്യോഗസ്ഥനും ഓഫീസിലെ നിത്യ സന്ദര്‍ശകരാണ്, അവരില്‍ നിന്ന് മാറ്റര്‍ കളക്ട് ചെയ്തു കൊണ്ടു വരുന്നതാകട്ടെ നജ്മല്‍ക്കയും.

ലിസ്റ്റു വന്നപ്പോള്‍ മൂന്നാമത്തെ പേരു തന്നെ നജ്മല്‍ക്കയുടെതായിരുന്നു. അവനവന്‍ പാരയെന്ന് പറഞ്ഞ പോലെ ബികോം ഫസ്റ്റ് ക്ലാസിനെ കൊണ്ടു ആദ്യമായൊരുപകാരമുണ്ടായ സംതൃപ്തിയില്‍ ആരോ പറഞ്ഞു:

'എനി ഇഡിയറ്റ് കാന്‍ ചെയിഞ്ച് യുവര്‍ ലൈഫ്'


ഓഫ് റികോഡ്: അമ്പതു ശതമാനം മസാല ചേര്‍ത്ത കഥയിലെ നജ്മല്‍ക്ക ബാങ്കിലും റഫീക്ക് അജ്മാനില്‍ അരിക്കച്ചവടവും ഒക്കെയായി സംഭവാമി യുഗേയുഗേ... ഇക്കഴിഞ്ഞ പെരുന്നാളിന് അജ്മാന്‍ ബീച്ചിലെ കുളിക്കിടയില്‍ ഈ കഥ പറഞ്ഞ് വീണ്ടും ചിരിയുടെ പൂരമായിരുന്നു.

42 comments:

ഒരു ദുബായിക്കാരന്‍ said...

തേങ്ങ ഉടയ്ക്കുന്നത് ഞാന്‍ തന്നെ ആകട്ടെ..

എനി ഇഡിയറ്റ് കാന്‍ ചെയിഞ്ച് യുവര്‍ ലൈഫ്'...ഇങ്ങനെയും ഒരു ചെയിഞ്ചോ!! സംഭവം കിടിലന്‍..ചിരിപ്പിച്ചു..ഉപമയും ഉല്പ്രേക്ഷയും എല്ലാം അടിപൊളി..ജഗതിച്ചേട്ടന്റെ 'കൊട്ട്' കിട്ടിയ സ്റ്റാര്‍ സിംഗര്‍ 'അവതാരത്തെ' എന്ന ലേറ്റസ്റ്റ് ഉപമയും ഇഷ്ടായി..

ABHI said...

സംഭവം ഉഷാറായി അവതരിപ്പിച്ചു..ആശംസകള്‍..

മാണിക്യം said...

:) കൊള്ളാം നല്ല രസമുണ്ട്, അമളികള്‍!
..."നമ്മുടെ 'സുന്ദരകുട്ടപ്പന്‍' പുതിയ കുപ്പായമൊക്കെയിട്ട് മുടിയൊക്കെ ഡൈ അടിച്ച് പരീക്കുട്ടിയായി കറുത്ത കണ്ണടയൊക്കെ ഫിറ്റ് ചെയ്ത് അത്തോളി ബസ്സില്‍ 'വെളുത്തമ്മ' വരുന്നതും കാത്ത് നില്‍ക്കുന്ന കാഴ്ചയാണ്. അനുരാഗ വിലോചനനായി എന്നൊക്കെ പറയുന്നതിന്റെ ഗുട്ടന്‍സ് ഇപ്പഴല്ലേ പിടി കിട്ടിയത് .."
പാവം എം ഡി.!!

sm sadique said...

ചിലത് ഇങ്ങനെയാണ്. ഭാഗ്യം ദൈവം തമ്പുരാൻ കനിഞ്ഞരുളുന്ന ഭാഗ്യം. സംഗതി കൊള്ളാം. അച്ചാ ഹൈ....

ഷാജു അത്താണിക്കല്‍ said...

വായിക്കാന്‍ രസമുണ്ട്
ഇത് പറഞ്ഞപ്പോഴ എനിക്കും ഒരു ഓര്‍മ വന്നത്, സത്യ പറഞ്ഞാല്‍ എനിക്കും ഇതുപോലെ ഭാഗ്യം എന്ന തമാശ തൊട്ട് അടുത്തുകൂടിയും പോയിടില്ലാ
കൊള്ളാം

oduvathody said...

തിരു മണ്ടന്മാര്‍ എന്ന് നമ്മള്‍ കരുതുന്നവര്‍ ജീവിതത്തില്‍ പലയിടത്തും ജയിച്ചു കയറുന്നത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ട് . അതെ സമയം കേമന്മാര്‍ എന്ന് കരുതുന്നവര്‍ പിറകിലായി പോകുന്നതും ... ഇതും അത്തരം ഒരു അനുഭവത്തിന്റെ നേര്‍പകര്‍പ് ... നന്നായി എഴുതി ,,,,,, ആശംസകള്‍

Ismail Chemmad said...

രസായി അവതരിപ്പിച്ചു..
ആശംസകള്‍

- സോണി - said...

ഞാന്‍ പറയാന്‍ വന്നതൊക്കെ ആ ദുബായ്‌ക്കാരന്‍ പറഞ്ഞിട്ട് പോയി. ഇനി അതിനടിയില്‍ ഞാനും ഒരു ഒപ്പിട്ടേയ്ക്കാം.

സിദ്ധീക്ക.. said...

നന്നായി പറഞ്ഞു ഭായ്..സംഭവം ഉള്ളത് തന്നെയാണോ?

വീ കെ said...

നാലക്ഷരം പഠിച്ചതുകൊണ്ട് അഹങ്കരിക്കണ്ടാന്ന് ഗുണപാഠം..

Shukoor said...

വളരെ രസകരമായ അവതരണം. കിട്ടേണ്ടവന് കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് തന്നെ കിട്ടും. അല്ലാത്തവന് കൊട്ടും. ജഗതിച്ചേട്ടന്‍ കൊട്ടിയ പോലെ...

Mohamedkutty മുഹമ്മദുകുട്ടി said...

എനി ഇഡിയറ്റ് കാന്‍ റൈറ്റ് എനിതിങ്ങ്.. എന്നു പറഞ്ഞ പോലെ എസ്.ബി.ടിയിലെ ജോലിക്ക് പി.എസ്.സി ടെസ്റ്റ് നടത്തുന്നത് ആദ്യമായാണ് കേള്‍ക്കുന്നത്!. സംഭവാമി യുഗേ ..യുഗേ..!.

കൊമ്പന്‍ said...

സംഗതി നര്‍മ്മം ആണെങ്കിലും പറയാതെ പറഞ്ഞ ഒരു സംഗതി ഉണ്ട് എല്ലാ ഉണ്ടെന്നു കരുതുന്നവനക്കാളും ഇല്ലാന്ന് കരുതുന്നവനാണ് കാര്യങ്ങലുണ്ടാവുന്നത് ഏത്

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വരാനുള്ളത് പി.എസ്.സി യിലും തങ്ങില്ല എന്നാണീ കഥയിലെ ഗുണപാഠം. കൊള്ളാം

Anonymous said...

സംഭവം ഉഷാറായി അവതരിപ്പിച്ചു..ആശംസകള്‍..

ഏറനാടന്‍ said...

ഓര്‍മ്മകള്‍ മരിക്കുമോ?
എല്ലാം നല്ല ഓര്‍മ്മകള്‍ നന്നായി പറഞ്ഞു. ഭാവുകങ്ങള്‍ നേരുന്നു.

MyDreams said...

kalakkan.... :)

റാണിപ്രിയ said...

നല്ല അവതരണം...........

രമേശ്‌ അരൂര്‍ said...

റഷീദ് സത്യം പറഞ്ഞാല്‍ ചിരിച്ചു പോയി ,,നമ്മടെ എം ഡി ക്ക് പണി കിട്ടിയ സീന്‍ ഓര്‍ത്തപ്പോള്‍ ...ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും അവസരോചിതമായി ..
പിന്നെ ഒരു പ്രയോഗം അല്പം ആശയക്കുഴപ്പം ഉണ്ടാക്കി "തൌസ ന്റ് വാട്ട്സിന്റെ സി എഫ് എല്‍!!!"
അത്രയും ഒക്കെ പവര്‍ ഉണ്ടോ ആ ലാമ്പിന് .25-28വാട്ടിനപ്പുറം CFL
ഇല്ലെന്നാണ് എന്റെ അറിവ് . വാട്ട്സ് കുറച്ചു ഉപഭോഗം വെട്ടിച്ചു രുക്കാന്‍ വേണ്ടിയാണല്ലോ CFL

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായി എഴുതി ................

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അടിപൊളി ,ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും അല്ലെ ?

faisalbabu said...

കൊള്ളാം മകനെ ,,നാം ഒരു നല്ല ഫാവി നര്‍മ്മത്തില്‍ കാണുന്നു ,,ഈ അടിയന്റെ ശിഷ്യത്വും സീകര്‍ക്കുമോ ആവോ ?
----------------------------------
വായിച്ചു തുടങ്ങിയപ്പോള്‍ രമേശ്‌ ജി പറഞ്ഞതു എനിക്കും ഫീളിയിരുന്നു ,,എന്നാലും ഒരു അതിശയോക്തി എന്ന നിലയില്‍ നര്‍മ്മമായി തന്നെ തോന്നി !!

Sulfi Manalvayal said...

ജീവിതത്തില്‍ ചെയ്ത അപൂര്‍വം ഉപകാരങ്ങളില്‍ ഒന്ന്..
കുറച്ചു അതിശയോക്തി ആണെങ്കിലും ആ "സംഭവവും" നമ്മുടെ ജീവിതത്തിലെ അന്നത്തെ കാലവും രസകരമായി അവതരിപ്പിച്ചതിന് നന്ദി.
എന്നാലും പാവം "റഫീക്ക്‌".. അവന്‍ ജീവിച്ചു പോയ്കൊട്ടെടോ... ഇന്നും ജീവിതം എവിടെയും എത്താതെ പാവം കഷ്ടപ്പെടുന്നു. ഒരുപാട്..

അഭിനന്ദനങ്ങള്‍....

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ചിരിക്കാൻ വക വേണ്ടുവോളം ഉണ്ട്..
ഉപമ ആവശ്യത്തിലധികമായൊ എനൊരു ശങ്ക..
ആശംസകൾ..!!

പ്രഭന്‍ ക്യഷ്ണന്‍ said...

രസമുള്ള ഓര്‍മകള്‍...നന്നായവതരിപ്പിച്ചു..!!
ഒത്തിരിയാശംസകള്‍..!
@ രമേശ് അരൂര്‍- വാട്ട്സ് അല്‍പ്പം കൂടിയിരിക്കട്ടേന്നേ..!
40x25=1000 എന്നു കരുതി സമാധാനിക്ക്..!

ആചാര്യന്‍ said...

appo ellaarum oro vayikkaayi alle..mmade sulfikkaane maathram njaan kandu dufaayeennu..kettaa sambhavam kollaam

റശീദ് പുന്നശ്ശേരി said...

എന്റെ പുതിയ പോസ്റ്റ് വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും ചിരിച്ചവര്‍ക്കും കരഞ്ഞവര്‍ക്കുമുള്ള എന്റെ നന്ദി അറിയിക്കുന്നു വിശദമായ വായനയും മറു കുറിയും ഉടന്‍ അയക്കാം :) :)

mottamanoj said...

അതെ ചിലപ്പോ ഭാഗ്യം വരുന്ന വഴി ഇങ്ങനെഒക്കെ ആണ്

സ്വന്തം സുഹൃത്ത് said...

തരാനുള്ളത് ചിലപ്പോ കാലന്‍റെ കൈയ്യിലൂടെയായിരിക്കും കൊടുത്തയയ്ക്കുക.. ദൈവത്തിന്‍റെ ഒരോ തമാശകളേ ..:) നല്ല അവതരണം.. ആശംസകള്‍!

jayarajmurukkumpuzha said...

valare rasakaramayittundu..... aashamsakal...........

റശീദ് പുന്നശ്ശേരി said...

@ദുബൈയ്ക്കാരന്‍ : ആദ്യ വായനക്കും കമന്ടിനും നന്ദി
@ആഖി : സന്തോഷം
@ മാണിക്യം : പ്രോത്സാഹനത്തിനു നന്ദി ചേച്ചീ
@എസ് എം സാദിക്ക് : ഈ വരവിനു ബഹുത് ശുക്രിയാ
@ഷാജു : ഭാഗ്യം എല്ലാവരോടോപ്പവും ഉണ്ട് സഹോദരാ .ചിലര്‍ക്ക് ഇത്തിരി കൂടുതല്‍ കിട്ടുന്നുവെന്ന് മാത്രം
@ഒടുവാതോടി : അതെ അത്തരമൊരു സന്ദേശം നല്‍കുകയായിരുന്നു ലക്‌ഷ്യം , നന്ദി
@ഇസ്മായില്‍ : നന്ദി
@സോണി :പ്രോത്സാഹനത്തിനു നന്ദി ചേച്ചീ
@സിദ്ദീക: പാതിയും ഉള്ളതാ :)
@വീകെ: അഹങ്കാരം വേണ്ടെന്നു തന്നെ അല്ലെ
@ശുകൂര്‍ :സന്തോഷം ശുകൂര്ജീ
@മുഹമ്മദ്‌ കുട്ടി : ഇക്കാനെ എനിക്ക് പണ്ടേ പേടിയാ കണ്ണടയും വച്ച് നടക്കുകാ തെറ്റ് കണ്ടു പിടിക്കാന്‍ ,, ഈ അറിവിനും നന്ദി.പിന്നീടാണ് വിശദമായി അറിഞ്ഞത്‌. സന്തോഷം
@കൊമ്പന്‍
@ബഷീര്‍ പി ബി
@അനോണി ചേട്ടന്‍ (ചേച്ചി?)
കഥയുടെ സാരാംശം, ആ ഗുണപാഠം തന്നെ . വരവിനു നന്ദി
@ ഏറനാടന്‍
@മൈ ഡ്രീംസ്
@രാനിപ്രിയ :
ഈ പ്രോത്സാഹനത്തിനു നന്ദി.സന്തോഷം
@രമേശ്‌ ജീ : വിടില്ല അല്ലെ , സി എഫ് എലിന് പകരം നുക്ക് ഹാലൊജന്‍ ആക്കാം..വിശദമായ വായനക്കും ആത്മാര്‍ഥമായ അഭിപ്രായത്തിനും നന്ദി
@വട്ടപ്പോയില്‍:
@സിയാഫ് അബ്ദുല്‍ ഖാദര്‍:
വിശദമായ വായനക്കും ആത്മാര്‍ഥമായ അഭിപ്രായത്തിനും നന്ദി
@ഫൈസല്‍ ബാബു:
സന്തോഷമായി ഗുരോ ..നര്‍മം എനിക്ക് മാത്രം ഫീല്‍ ചെയ്‌താല്‍ പോരല്ലോ,, വായിക്കുന്നവന്‍ ഒരു ചിരിയെങ്കിലും ചിരിക്കണം
നന്ദി :)
@സുല്‍ഫി : ആ കാലം പോയി മറഞ്ഞു ,, ഇനിയുണ്ടാകുമോ??
പിന്നെ അവന്‍ തന്നെ ചിരിക്കാന്‍ വേണ്ടി ഓര്‍ക്കുന്ന കഥയായതിനാല്‍ പ്രശനമില്ല.അവന്‍ രക്ഷപ്പെടട്ടെ ,,സന്തോഷം
@ആയിരത്തില്‍ ഒരുവന്‍ : കിടക്കെട്ടെന്നെ ഉപമകള്‍ ഹ ഹ ,നന്ദി
@പ്രഭ ക്രഷ്ണന്‍: കാല്കുലെട്ടര്‍ എടുത്തു അല്ലെ :) സന്തോഷം
@ആചാര്യന്‍ : അന്ന് നാടിലായിരുന്നു.ഇരാകില്‍ നിന്നു അടുത്ത പരോളിനു കാണാം അല്ലെ .. നന്ദി
@ജയരാജ്: വായനക്ക് നന്ദി

@എല്ലാ വായനക്കാര്‍ക്കും : നന്ദി വീണ്ടും വരിക. കമന്റുക :)

ഏകലവ്യ said...

ഈ 'ഇളിഭ്യം'ഭാവം നിങ്ങടെ ഫോടോല് കാണണ ഭാവമാണാ?? എനികിഷ്ട്ടായിട്ടോ കഥ.. "അവനവന്‍ കുഴിക്കുന്ന കുഴികളില്‍ വീഴണ ഗുലുമാല്‍ ..ഗുലുമാല്‍ .."

ജിത്തു said...

ഈ ഫോട്ടോ ഞമ്മടെ മാനാഞ്ചിറ അല്ലെ .
വായിക്കാന്‍ രസമുള്ള കഥ :)

കുമാരന്‍ | kumaran said...

നല്ല സ്റ്റൈലൻ എഴുത്ത്. ചില പ്രയോഗങ്ങൾ ഹൃദ്യം.

(പേര് പിന്നെ പറയാം) said...

ഒരു നല്ല ഓര്‍മ്മയെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു....

Arif Zain said...

ഇനി എന്‍റെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാഞ്ഞിട്ട് കൂമ്പ് വാടണ്ട. ആദിമധ്യാന്തം നന്നായി, ഇനി നിങ്ങള്‍ ഒന്നായാല്‍ മതി.

ഇടശ്ശേരിക്കാരന് said...

ഇതാണ്‌ പഴമക്കാര്‍ പറയുന്നത് സീസറിനുള്ളത് സീസരിയും ചെകുത്താനുള്ളത് ചെകുത്താനും എന്നു ഹ ഹ ആഹ നല്ലതമാശ മണ്ണും ചാരി നിന്നവന്‍ പെണ്നുംകോട് പോയി :) ഞാന്‍ ആദ്യമായാ വരുന്നത് ഇനിയും വരും ആശംസകള്‍

kochumol(കുങ്കുമം) said...

എന്‍‌ട്രന്‍സ് എക്സാം എഴുതിയ പോലായി ...എന്നാലും പരീക്കുട്ടിയെ മറന്നില്ലാല്ലോ ഇപ്പൊ മാനസ മൈനെ മാറ്റി അനുരാഗ വിലോചനന്‍ ആക്കി അല്ലെ, ഓരോന്നിനും ഓരോരുത്തര്‍ക്കും ഓരോ സമയം ഉണ്ട് ദാസാ

ente lokam said...

ഹ..ഹ...തലകെട്ട് കലക്കി....

'ഉള്കെട്ടു' അല്പം കഥയില്‍ ‍

ചോദ്യം ഇല്ലായ്മ ആണെങ്കിലും

വായന രസിച്ചു...

നമ്മെ കൊണ്ടു ആരെകെങ്കിലും ഒക്കെ

രക്ഷപ്പെടട്ടെ...!!

ഓലപ്പടക്കം said...

ഗൊള്ളാം, ഇതാണ് ഭാഗ്യം എങ്ങനാ വരുന്നതെന്ന് പറയാന്‍ പറ്റില്ലാന്നു പറയണത്.

ഷബീര്‍ - തിരിച്ചിലാന്‍ said...

ഈ പോസ്റ്റിനെ പറ്റി നേരിട്ട് പറഞ്ഞിരുന്നെങ്കിലും വായനയാണ് കൂടുതല്‍ ഇഷ്ടപെട്ടത്. നന്നായി ചിരിപ്പിച്ചു... കിടു..

നികു കേച്ചേരി said...

നർമ്മം നന്നായി അവതരിപ്പിച്ചു....
ആശംസകൾ.

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next