Sunday, December 5, 2010

യാത്രകള്‍


യാത്ര 1

വിമാനമിറങ്ങി പെട്ടികളുമായി പുറത്തേക്ക് നടക്കുമ്പോള്‍ വരവേല്‍ക്കാന്‍ ഇമ്മിണി ബല്ല്യ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.വീട്ടിലെ അംഗങ്ങള്ക്കു പുറമെ ബന്ധുക്കളും അയല്‍ക്കാരും സുഹ്രത്തുക്കളും വരെ ഒരു വണ്ടി നിറയെ, അവരുടെ സ്‌നേഹത്തിനു മുന്നില്‍ വീര്‍പ്പുമുട്ടി അയാളിരുന്നു.


യാത്ര 2
പുറത്തിറങ്ങവെ അയാളുടെ കണ്ണുകള്‍ പിടക്കുന്ന രണ്ട് പരല്‍മീനുകളെ പരതി.അവളുടെ മുഖമപ്പോള്‍ പതിനാലാം രാവു പോലെ തിളങ്ങി.അവളുടെയും അയാളുടെയും വീട്ടുകാരും കൂട്ടിനു വന്നിരുന്നു.അപ്പന്മാരും അമ്മമാരും ചേര്‍ന്ന് സുഖാന്വേഷണം നടത്തവേ അളിയന്മാരാണു വലിയ പെട്ടികള്‍ വണ്ടിയില്‍ കയറ്റിയത്.


യാത്ര 3
ഇത്തവണ അവളുടെ ഒക്കത്തിരുന്ന കുഞ്ഞ് ഒരു ''അന്യ ഗ്രഹ ജീവി''യെ കണ്ട പോലെ അയാളെ നോക്കി കരഞ്ഞു. അപ്പനമ്മമാര്‍ വയ്യായ്ക കാരണം വന്നിരുന്നില്ല.അളിയന്മാര്‍ ജോലിത്തിരക്കിലായിരുന്നു. അനിയനു ചെറിയൊരു വയറു വേദന.........വണ്ടി വിളിച്ച് അവളൊറ്റക്ക്..


യാത്ര 4
ഒരു സര്‍പ്രൈസാകട്ടെ എന്നു കരുതി ടാക്‌സി പിടിച്ച് നേരെയങ്ങ് ചെന്നു.പൂട്ടിക്കിടന്ന വീട് അയാള്‍ക്കൊരു സര്‍പ്രൈസായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫും.ഭാഗ്യം, സ്‌കൂള്‍ വിട്ട് മക്കളെത്തുമ്പോഴേകും അവളെത്തി.

യാത്ര...........
ദൂരെയൊരു നഗരത്തിലാണു വിമാനമിറങ്ങിയത്. കയ്യില്‍ പാസ്‌പോര്‍ടും,വസ്ത്രങ്ങളടങ്ങിയ ബാഗുമല്ലാതെ ഒന്നുമില്ലാത്തതിനാല്‍ കസ്റ്റംസുകാര്‍ പോലും അയാളെ തിരിഞ്ഞു നോക്കിയില്ല. ഒരു രാത്രി വണ്ടി കിട്ടി. പിറ്റേന്ന് പക്ഷേ നേരം പുലര്‍ന്നതേയില്ല.


സമര്‍പ്പണം  : "അവസാന യാത്ര" പൂര്‍ത്തിയാക്കാനാവാതെ വഴിയില്‍ അന്ത്യ യാത്ര പോയ ഒരാളെക്കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. അദ്ദേഹത്തിനു.


Thursday, December 2, 2010

ദേശീയ ദിനത്തില്‍ സ്നേഹപൂര്‍വ്വം


അറബിക്കടല്‍ നീന്തിക്കയറിയവര്‍ക്ക് ആശയുടെ തുരുത്തില്‍ അഭയം നല്‍കിയവര്‍,മരുഭൂമിയുടെ വന്ന്യതയില്‍ വഴിയാതെ നടന്നു തളര്‍ന്നവരെ ഒട്ടകപ്പുറത്തേറ്റി ലക്ഷ്യസ്ഥലത്തെത്തിച്ചവര്‍,


വിശന്ന് തളര്‍ന്നവനു മുന്നില്‍ കനിവിന്റെ ഒട്ടകപ്പാലും നന്മയുടെ ഈന്തപ്പഴവും നിരത്തി വെച്ച് സല്‍ക്കരിച്ചവര്‍,


ഉറക്കമില്ലാത്ത യാത്രകള്‍അവശരാക്കിയവരെ മണ്‍ കട്ടകളും മരവും കൊണ്ട് തീര്‍ത്ത കൂരകളുടെ മുറ്റത്തിട്ട ഈത്തപ്പന മടലിന്റെ കട്ടിലില്‍ രാവുറക്കിയവര്‍,


ഭാഷ നോക്കാതെ,വേഷം നോക്കാതെ,വര്‍ണ്ണവും,മതവും ജാതിയും നോക്കാതെ,വന്നവരെയെല്ലാം ''മര്‍ഹബ'' ചൊല്ലി എതിരേറ്റ മഹാ മനസ്‌കര്‍,


മലയാളത്തിന്റെ വിശന്ന് വിറച്ച ഗ്രാമങ്ങളിലേക്ക് അന്നത്തിന്റെ വകയെത്തിച്ച പുണ്ണ്യവാന്മാര്‍,


ഇല്ല, എത്ര പറഞ്ഞാലും അധികമാവില്ല.


ഐക്യ അറബ് എമിറേറ്റിന്റെ ശില്‍പ്പികളെക്കുറിച്ച്,
വെള്ളക്കുപ്പായം പോലെ തന്നെ മനസ്സുമുള്ള ജനതയെക്കുറിച്ച്


കാരണം


തിരികെ നല്‍കാന്‍ ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ലായിരുന്നു,


സ്വപ്നം കാണുന്ന മനസ്സും, എന്തും ചെയ്യാനുള്ള കര്‍മ്മ ശേഷിയും,ചങ്കൂറ്റവുമല്ലാതെ.


രാജ്യം കണ്ണീരോടെ മാത്രം എന്നും സ്മരിക്കുന്ന മഹാനായ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍താന്‍ അല്‍ നഹ്യാന്‍,


ഷൈഖ് മക്തൂം ബിന്‍ റാഷിദ് മറ്റ് മണ്‍ മറഞ്ഞ മഹാരഥന്മാര്‍,


നന്ദിയോടെ മാത്രം ഓര്‍ ക്കുകയാണു ഞങ്ങള്‍,


കരുത്തനായ പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍,പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,


7 എമിറേറ്റുകളിലെയും ഭരണാധികാരികള്‍, മറ്റ് ഉദ്യോഗസ്ഥ പ്രമുഖര്‍,


രാജ്യത്തിന്റെ മുപ്പത്തിയൊമ്പതാം ദേശീയ ദിനത്തില്‍ നന്ദിപൂര്‍വം ഞങ്ങളുടെ സ്‌നേഹാശംസകള്‍ അറിയിക്കട്ടെ,


മലയാളത്തിന്റെ വാക്കുകളും ശബ്ദവും ദ്ര്ശ്യങ്ങളും അറബ് ലോകത്തേക്ക് തുറന്ന് വച്ചവര്‍ക്ക്


ആശംസകള്‍, അഭിവാദ്യങ്ങള്‍,
prev next