Sunday, November 14, 2010

എന്നാലും എന്റെ കുബ്ബൂസേകുബ്ബൂസ്


പകച്ചു നിന്നുപോയിട്ടുണ്ട് ആദ്യനാളുകളില്‍ ഞങ്ങള്‍ മലയാളികള്‍ നിനക്ക് മുന്നില്‍.


കൈയില്‍ കിട്ടിയ അപൂര്‍വ 'സംഭവത്തെ'തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ 'ചിരകാല പ്രവാസികള്‍' രണ്ടും മൂന്നുമെണ്ണം ചുരുട്ടിപ്പിടിച്ച് കറിയില്‍ മുക്കി അകത്താക്കുന്നത് കണ്ടപ്പോള്‍ ശരിക്കും തരിച്ചിരുന്നു പോയിട്ടുമുണ്ട്.


ഗ്രാമത്തിലെ മുതിര്‍ന്നവര്‍ കൊണ്ടുനടന്നിരുന്ന കൈപിടിയുള്ള 'പാളവിശറി'യാണ് അന്നൊക്കെ കുബ്ബൂസ് കാണുമ്പോള്‍ ഓര്‍മയില്‍ ആദ്യം ഓടിയെത്തിയിരുന്നത്.


നൈസ് പത്തിരിയുടെ കട്ടിയല്‍പം കൂടിപ്പോയതിന് ഉമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതെ 'ഇറങ്ങിപ്പോക്ക്' നടത്തിയിരുന്നവര്‍ക്ക് മുന്നില്‍ കുബ്ബൂസ്, നീ ശരിക്കുമൊരു വില്ലന്‍ തന്നെയായിരുന്നു.


ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ 'നാടുകടത്തപ്പെട്ടവന്റെ' ദുഃഖത്തിനു മീതെ സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ വെല്ലുവിളിയായിരുന്നു കുബ്ബൂസ്.


അറബിയിലെ 'ഖുബ്‌സ്' എന്ന വാചകത്തിന് മലയാളി നല്‍കിയ ട്രാന്‍സലേഷനായിരുന്നു കുബ്ബൂസ്. അറബ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമായി പ്രവാചക കാലത്തിനും മുമ്പുതന്നെ ഖുബ്‌സ് എന്ന വിഭവം ഉണ്ടായിരുന്നതായി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മനസ്സിലാക്കാം.


അരിയാഹാരത്തിനപ്പുറം മിക്കവാറും അറ ബ് രാജ്യങ്ങളിലെയും ജനതയുടെ മുഖ്യാഹാരത്തിന്റെ ഭാഗമാണ് കുബ്ബൂസ്. ലബനാന്‍, മിസ്ര്‍, ഇറാന്‍, തുര്‍ക്കി തുടങ്ങി മിക്ക രാജ്യങ്ങള്‍ക്കും കുബ്ബൂസിന് അവരുടേതായ ചില രീതികളും സവിശേഷമായ 'കൂട്ടുകളുമുണ്ട്'.


ഇത്രയൊക്കെയാണെങ്കില്‍ നമ്മള്‍ മലയാളികള്‍ കുബ്ബൂസ് എന്ന റൊട്ടി കാണാന്‍ തുടങ്ങിയത് 'പ്രവാസയാത്ര' ആരംഭിച്ച നാള്‍ മുതലാണ്. ഇത് പഴയ പ്രവാസിയുടെ കഥ. അഭിനവ പ്രവാസി പക്ഷേ, കോഴിക്കോട്ടങ്ങാടിയിലെ ശവര്‍മ കടയില്‍ നിന്ന് എത്രയോ തവണ കുബ്ബൂസ് അകത്താക്കിയ ശേഷമാണ് ഗള്‍ഫിലെ യഥാര്‍ഥ കുബ്ബൂസിന് മുന്നിലെത്തുന്നത്. അതു കൊണ്ടുതന്നെ മേല്‍പറഞ്ഞ പല വാചകങ്ങളും അവര്‍ക്ക് വേണ്ടിയല്ലതാനും.


സ്വന്തം രാജ്യത്തെ മുഖ്യാഹാരത്തിന്റെ ഭാഗമല്ലെങ്കിലും പ്രവാസി മലയാളികളും കുബ്ബൂസും തമ്മില്‍ ഇഴപിരിക്കാനാകാത്ത ചില ആത്മ ബന്ധങ്ങളുണ്ടെന്ന കാര്യം നിസ്സംശയമാണ്.


പ്രവാസികളുടെ 'ദേശീയഭക്ഷണം' എന്ന വിശേഷണമായിരിക്കും കുബ്ബൂസിന് നല്‍കാവുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് തോന്നുന്നു. ഗള്‍ഫിലെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നത് വെറും രണ്ടര ദിര്‍ഹമിന്റെ കുബ്ബൂസ് പാക്കറ്റിന് മുന്നില്‍ മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


ഏറ്റവും ചെലവ് കുറഞ്ഞ ഭക്ഷണമെന്ന പ്രത്യേകതയും കുബ്ബൂസിന് അവകാശപ്പെട്ടതാണ്. വെറും പച്ചവെള്ളവും കുബ്ബൂസും മാത്രം ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തിയിരുന്ന പ്രവാസികളുടെ കദനകഥകള്‍ പലവുരു, കഥകളിലും സിനിമയിലും ചാനലിലും വാര്‍ത്തകളിലും നാം വായിച്ചതും പ്രവാസ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നമ്മള്‍ അനുഭവിച്ചതുമാണ്. പ്രവാസത്തിന്റെ കയ്പുള്ള ആ ഓര്‍മകളില്‍ നിന്നാണ് മലയാളിക്ക് കുബ്ബൂസുമായി വൈകാരികമായ ഒരാത്മ ബന്ധം കൈവന്നതെന്ന് മനസ്സിലാക്കാം.


സാമ്പത്തിക ലാഭത്തിനപ്പുറം ഏറ്റവും എളുപ്പമാണ് കുബ്ബൂസിന്റെ ലഭ്യതയും ഉപയോഗവും. ഏതു പാതിരാത്രിയിലും വീട്ടിലെത്തുന്ന അതിഥിക്ക് എന്തു കൊടുക്കുമെന്ന ടെന്‍ഷനൊന്നും ഗള്‍ഫിലെ വീട്ടമ്മമാര്‍ക്കുണ്ടാവില്ല. അവിചാരിതമായി കയറിവരുന്ന അതിഥിയാകട്ടെ ഒരു കുബ്ബൂസ് പാക്കറ്റെങ്കിലും സമീപത്തെ ഗ്രോസറിയില്‍ ലഭ്യമായിരിക്കുമെന്ന ആത്മവിശ്വാസത്തിലുമായിരിക്കും. അതിരാവിലെ ഉണര്‍ന്ന് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണമൊരുക്കാന്‍ മടിയുള്ള വീട്ടമ്മമാര്‍ പറയും, കുബ്ബൂസ് കണ്ടുപിടിച്ചവര്‍ക്ക് നന്ദി.


ബാച്ചിലര്‍ മുറികളിലാകട്ടെ വൈകുന്നേരത്തോടെ അഞ്ചോ ആറോ തടിച്ച കുബ്ബൂസ് പാക്കറ്റുകള്‍ പടികടന്നകത്തു വരും. പത്ത്, പന്ത്രണ്ട് മണിയാകുമ്പോള്‍ ഒഴിഞ്ഞ പാക്കറ്റുകള്‍ ഒരു കറുത്ത കവറില്‍ പുറത്തേക്ക് ‍ഗമിക്കും. വൈകിയെത്തുന്ന "തല തെറിച്ഛവന്മാര്‍ക്ക്" കാണാനാവുക ഒഴിഞ്ഞ കവറിലെ കൂറകളുടെ സമ്മേളനത്തിനിടയില്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന ഒരു കഷണം കുബ്ബൂസായിരിക്കും.പുറത്ത് കടകളൊക്കെ അടച്ചു കഴിഞ്ഞിട്ടുണ്ടാവും .ജഗിലെ പച്ച വെള്ളത്തിനൊക്കെ അപ്പോള്‍ എന്തൊരു രുചിയാണന്നോ?


ഇതിനിടയില്‍ എത്രപേരാണ് കുബ്ബൂസുമായി മല്‍പിടുത്തം നടത്തുന്നത്. എത്രയെത്ര കമന്റുകളാണ് പരസ്പരം പങ്കുവെച്ചത്. ബാച്ചിലര്‍ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍ ഓരോ പ്രവാസികളും പറയാനുണ്ടാകും ഖുബ്ബൂസിനെ ചുറ്റിപ്പറ്റിയുള്ള കഥകള്‍. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന കുബ്ബൂസ് പാക്കറ്റുകള്‍ കവറിലാക്കി നാട്ടിലേക്ക് പോകുന്ന കൂട്ടുകാരന്റെ ലഗേജില്‍ തിരുകിക്കയറ്റുന്ന ഹോബി, ബാച്ചിലര്‍ മുറികളില്‍ ഇന്നും തുടരുകയാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതെ എയര്‍ ഇന്ത്യയുടെ വഞ്ചനയില്‍ കുടുങ്ങി നരകയാതന അനുഭവിച്ചവരില്‍ ചിലരെങ്കിലും സ്വന്തം ബ്രീഫ്‌കേസില്‍ സുഹൃത്ത് തിരുകിക്കയറ്റിയ കുബ്ബൂസില്‍ ആശ്വാസം കണ്ടെത്തിയത് പിന്നീട് വലിയ അനുഗ്രഹമായി മാറിയ കഥകളും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.


കേവലം ഭക്ഷണമെന്നതിനപ്പുറമാണ് മലയാളിയുടെ കുബ്ബൂസ് ബന്ധം. കുബ്ബൂസ് നിര്‍മാണം മുതല്‍ വിപണനം വരെയുള്ള ഓരോ ഘട്ടത്തിലും മലയാളിയുടെ 'കൈയൊപ്പ്' പതിഞ്ഞിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. അസംഖ്യം ബേക്കറികളിലെ കുബ്ബൂസിന് മാവൊരുക്കുന്നവര്‍ മുതല്‍, മെഷീന്‍ ഓപറേറ്റര്‍മാരും വാനില്‍ കുബ്ബൂസ് ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെത്തിക്കുന്നവരും വിപണനം ചെയ്യുന്ന ഗ്രോസറിക്കാരനും വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയ് വരെ, എത്രയെത്ര മലയാളികള്‍!


ഹോട്ടലുകളിലും കഫ്റ്റീരിയകളിലും ശവര്‍മയും കബാബും ഗ്രില്‍ ചിക്കനും മറ്റുമായി കുബ്ബൂസിന്റെ 'സന്തത സഹചാരികളായ' അനേകായിരം തൊഴിലാളികള്‍.തന്തൂരി റൊട്ടി, പഠാണി റൊട്ടി, ഇറാനി റൊട്ടി തുടങ്ങി കുബ്ബൂസിന്റെ വകഭേദങ്ങള്‍ ഗള്‍ഫില്‍ നിരവധിയുണ്ട്. എന്നാല്‍, പ്രവാസ മലയാളത്തോടൊപ്പം കടല്‍കടന്ന രുചിക്കൂട്ടില്‍, ശവര്‍മക്കും ബ്രോസ്റ്റിനും മറ്റു അറേബ്യന്‍ ഭക്ഷണങ്ങള്‍ക്കുമൊപ്പം മലയാള നാട്ടില്‍ രാജകീയ വരവേല്‍പ്പ് ലഭിക്കാന്‍ വിധി കുബ്ബൂസിനു മാത്രമായിരുന്നു. അങ്ങിനെ കുബ്ബൂസിന് പകരം വെക്കാന്‍ കുബ്ബൂസ് മാത്രമെന്ന കാര്യം പ്രിയപ്പെട്ട കുബ്ബൂസ്, നിനക്ക് മാത്രം അവകാശപ്പെടാവുന്ന വിലപ്പെട്ട അംഗീകാരമായി സ്‌നേഹപൂര്‍വം സമര്‍പ്പിക്കട്ടെ.
prev next