Sunday, January 16, 2011

കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുതലാളി ആവാം

ഒരു വിമാനത്താവളത്തിന്റെ മുതലാളിയാവുക എന്നത് ചില്ലറ കാര്യമാണോ ? അതും നമ്മുടെ സ്വന്തം കണ്ണൂരില്‍ നിര്‍മ്മിക്കാന്‍ പോകുന്ന പദ്ദതിയാകുമ്പോള്‍ ഒരു കൈ നോക്കാമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനാകില്ല താനും .


സ്വപ്നമൊരു ചാക്ക് ..അതും തലയില്‍ വെച്ചൊരു പോക്ക് .. എന്നാണല്ലോ അഭിനവ പ്രമാണം . സര്‍ക്കാരിന്റെ എല്ലാ പദ്ദതികളെയും പോലെ തന്നെ വരേണ്യ വര്‍ഗവുമായി ഒരു അവിശുദ കൂട്ട് കെട്ടിന്റെ പിന്നാമ്പുറ കഥകള്‍ കണ്ണൂര്‍ വിമാനത്താവളത്തെ ചുറ്റിപറ്റിയും പറഞ്ഞു കേള്‍ക്കുന്നുണ്ട്. അത് ശരി വെക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം നമ്മളുടെ ഒക്കെ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥ പ്രഭുവിന്റെ പ്രതികരണവും.

"പാവപ്പെട്ടവന്‍ എന്തിനു ഈ ബിസിനെസ്സില്‍ ഇടപെടണമെന്ന" ധാര്‍ഷ്ട്യം നിറഞ്ഞ വര്‍ത്തമാനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചു പറയാന്‍ മാത്രം ചില വലാട്ടികള്‍ വളര്‍ന്നു കഴിഞ്ഞു.

ചുരുക്കത്തില്‍ ആയിരം കോടി രൂപയുടെ പദ്ധതി ചില "കോട്ടിട്ട"വരുടെ കീശയിലെക്ക് ഒതുക്കുവാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടന്നു വരികയാണ് . ഇതിനെതിരെ ഒന്നും ചെയാന്‍ ഒരു പക്ഷെ നമുക്ക് സാധിച്ചു കൊള്ളണമെന്നില്ല.കാരണം കേരളത്തെ തീറ്റി പോറ്റുന്ന പാവം പ്രവാസി മലയാളിക്ക് നാട്ടിലെ എമാന്മാര്‍ക്കിടയില്‍ ഇപ്പോഴും പുല്ലു വിലയാണ് . വോട്ടുള്ളവന് തന്നെ വിലയില്ലാത്തിടത്ത് എന്ത് പ്രവാസി?

എങ്കിലും ജനുവരി 31 നകം 50250 /- രൂപയുടെ ഡി ഡി നാട്ടിലെത്തിക്കാന്‍ കഴിയുന്ന പ്രവാസികള്‍ക്കെല്ലാം ഈ പദ്ദതിയില്‍ മുതലിറക്കാന്‍ അവസരമുണ്ടെന്ന കാര്യം എല്ലാവരെയും ഓര്മപ്പെടുത്താനാണ് ഈ കുറിപ്പെഴുതുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ നിക്ഷേപാവസരമോരുക്കുന്നതിനു വേണ്ട സമര പദ്ദതികള്‍ എം പി സി സി പോലുള്ള സംഘടനകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
കാരണം ജനുവരി മാസത്തെ ശമ്പളം ലഭിക്കാനുള്ള സാവകാശം പോലും നല്‍കാതെയാണ് നമ്മുടെ ഏമാന്മാര്‍ "കോട്ടിട്ട'' വര്‍ക്ക് വേണ്ടി പാത സേവ ഒരുക്കിയിരിക്കുന്നത്.
പത്ത് വര്‍ഷമാണ്‌ പദ്ദതിയുടെ കാലാവധിയെന്ന കാര്യവും ലാഭവും നഷ്ടവുമൊക്കെ ബിസിനെസ്സില്‍ ഉണ്ടാവുമെന്ന കാര്യവും ഓര്‍ത്തിരിക്കുക.

മംഗലാപുരത്തിനും കേരളത്തിനും ലക്ഷദ്വീപിനും ഒരുപോലെ ഗുണം ചെയ്യുന്ന കാര്‍ഗോ നീക്കങ്ങള്‍ക്ക്‌ കണ്ണൂര്‍ സാക്ഷ്യം വഹിക്കുമെന്ന്‍ വിലയിരുത്തപ്പെടുന്നുമുണ്ട്.
പണവും താല്പര്യവുമുള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സുഹ്രത്തുക്കള്‍ക്ക് വിവരം കൈമാറാം .
ഇനിയെന്തിനു മടിച്ചു നില്ക്കണം മിനിമം ഷെയരായ 202500  രൂപയുടെ 25 ശതമാനം മാത്രം ഇപ്പോള്‍ നല്‍കിയാല്‍ മതി. സ്വന്തം വിമാനത്താവളത്തില്‍ നിങ്ങള്‍ക്കും ഒരു നാള്‍ പറന്നിറങ്ങാം...


എം പി സി സി യും . ആര്‍ എസ് സി യും മറ്റും അയച്ചു തന്ന വിവരങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു

Share value Rs.100.00 / share

Minimum no. of share : 2001

Lock in period : 5 years

Dividend : 10 years no dividend

Application : White paper along with 25% DD

Last date : January 31, 2011

Email address : managingdirector@kannurairport.in

Application to be sent to : Kannur International Airport Limited

Parvathy TC 36/1, N H Byepass,

Chakkai, Trivandrum - 695 024.

DD in favour of : Kannur International Airport Limited.

എസ് ബി ടി യുടെ ദുബായ് ഓഫീസും എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട് . 

tate Bank of Travancore,
Representative Office,
Al- Arif Business Bay,
PO Box. 126959, Burdubai,
Dubai, UAE.
(D) 00971-4-3537336, (F) 3536199
(M) 00971-50-8973989

ഇനി ലാഭം കിട്ടുമ്പോ ഇടാനൊരു അക്കൌണ്ട് നമ്പര്‍ വേറെയുണ്ട് . ആവശ്യമുള്ളവര്‍  എന്നെ ബന്ധപ്പെടുക .

Sunday, January 2, 2011

ഒറ്റയാനു മുന്നില്‍ ഒരു ബ്ലോഗറ്





ഞമ്മളെ താമരശ്ശേരി ചുരമില്ലെ.....അതിന്റെ ഒമ്പതാം വളവിലൂടെ ഞാനിങ്ങനെ വണ്ടി ഓടിക്കുകയാണു.
പപ്പുവേട്ടന്‍ പറഞ്ഞതു പോലെ ഒരു ഭാഗത്ത് അഗാധമായ കൊക്ക.അവിടെ നിന്നു നോക്കിയാല്‍ അങ്ങു താഴെ അടിവാരം വരെയുള്ള ചുരം റോഡ് കാണാം.പച്ച പിടിച്ച താഴ്‌വരയിലൂടെ ചുരം കയറി വരുന്ന വാഹനങ്ങള്‍ കണ്ട് നില്‍ക്കാന്‍ എന്തു രസമാണെന്നോ? വിരലിലെണ്ണാവുന്ന അവധിക്ക് നാട്ടിലെത്തുമ്പോള്‍ പോലും വയനാട്ടിലേക്കൊരു യാത്ര എനിക്ക് ഒഴിച്ചു കൂടാനാവാത്തതാണു.
ചുരം കയറി മുകളിലെത്തുമ്പോള്‍ നല്ല ചൂട് കാലത്ത് പെട്ടെന്ന് ഏ സി മുറിയിലേക്ക് കടന്നാലെന്ന പോലെയുള്ള അനുഭവമായിരുന്നു മുമ്പൊക്കെ. വയനാട്ടില്‍ അന്നൊന്നും നേരം വെളുക്കാറില്ലെന്നായിരുന്നു അസൂയാലുക്കള്‍ പറഞ്ഞിരുന്നത്. കാരണം സൂര്യനുദിച്ച് വയനാട്ടിലെത്തുമ്പോഴേക്കും നേരം ഉച്ചയായിട്ടുണ്ടാകും. വൈകുന്നേരം വളരെ നേരത്തെ തന്നെ പുള്ളിക്കാരന്‍ കടലിലോട്ട് പോവുകയും ചെയ്യും (വയനാട്ടില്‍ കടലില്ലാത്തതിനാല്‍ തൊട്ടടുത്തുള്ള ജില്ലകളായ കോഴിക്കോട്ടോ കണ്ണൂരിലോ ഒക്കെ ചെന്നിട്ട് വേണ്ടേ കടലില്‍ താഴാന്‍)
എന്നാല്‍ ഇപ്പോള്‍ വയനാട്ടില്‍ കടലൊന്നും കുഴിച്ചിട്ടില്ലെങ്കിലും അഭിനവ വീരപ്പന്മാര്‍ കാടൊക്കെ വെട്ടി ത്തെളിച്ച് ''ഫംഗി''യാക്കിയതോടെ സൂര്യേട്ടന്‍ വയനാട്ടില്‍ നിന്നും കല്ലെടുത്തെറിഞ്ഞാല്‍ പോലും പൊകാതായിട്ടുണ്ട് താനും.
ഇത്തവണ വയനാട്ടിലെ ഒരു സ്‌കൂളിലെ വാദ്യാരും എന്റെ ഉറ്റ മിത്രവും ഒക്കെയായ റിയാസിനും പ്രിയതമക്കുമൊപ്പമായിരുന്നു യാത്ര.(വാദ്യാരെന്നാല്‍ അങ്ങനെയൊന്നുമില്ല.മാശ് ''പറ'' എന്നു പറയും. കുട്ടികള്‍ ഒരു കോറസായി''തറ'' എന്നും മാസാവസാനം സര്‍ക്കാര്‍ കൊടുക്കുന്നത് എണ്ണി നോക്കുക പോലും ചെയ്യാതെ ''പണി കിട്ടാന്‍'' വാങ്ങിയ 6 ലക്ഷത്തിന്റെ കടത്തിലേക്ക് കൊടുക്കും.അതാണു മ്യാഷ്.)



വയനാട്ടിലെ തോല്‍പ്പെട്ടി  എന്ന സ്ഥലത്തെക്കുറിച്ച് പല തവണ വായിച്ചറിഞ്ഞിട്ടുണ്ടായിരുന്നതിനാല്‍ അങ്ങോട്ട് തന്നെ വെച്ചു പിടിച്ചു. വന്ന്യ ജീവികളെയൊക്കെ കാണാനും അടുത്തറിയാനുമുള്ള നല്ലൊരു സന്ദര്‍ഭമായിരുന്നു അത്.


മാനന്തവാടിയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വന പ്രദേശമാണു തോല്‍പ്പെട്ടി. അവിടെ 25 കിലോ മീറ്ററിലധികമുള്ള വന മേഖലയിലൂടെ സഞ്ചാരികള്‍ക്ക് ട്രക്കിംഗ് നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.നഗരക്കാഴ്ചകളുടെ വന്ന്യതയില്‍ നിന്നു സഹ്യ പുത്രരുടെ ലോകത്ത് കൂടെയുള്ള സഞ്ചാരം പകര്‍ന്ന് നല്‍കുക ജീവിതത്തിലെ മറക്കാനാവാത്തചില കൗതുക സത്യങ്ങളാണു.


വഴി ക്ര്ത്യമായി അറിയാവുന്ന ''മ്യാഷ്'' കൂടെ ഉള്ളതിനാല്‍ മാനന്തവാടി മുതല്‍ തോല്‍പ്പെട്ടി വരെ ഉള്ള റോഡിലെ വലുതും ചെറുതുമായ കുഴികള്‍ ഒന്നു പോലും ഞങ്ങള്‍ക്ക് മിസ്സ് ആയില്ല. ഇടക്ക് അശ്രദ്ദ കൊണ്ട് മാത്രം തലനാരിഴക്ക് മിസ്സ് ആയ കുഴികള്‍ റിവേഴ്‌സില്‍ പോയി കവര്‍ ചെയ്യാമെന്ന ഒരു നിര്‍ദ്ദേശം ''മ്യാഷിണി'' യുടെ ഭാഗത്തു നിന്നും വന്നെങ്കിലും തിരികെ വരുമ്പോള്‍ അവ നമുക്ക് തിരഞ്ഞു പിടിച്ച് ചാടാമെന്നുള്ള എന്റെ വാഗ്ദാനത്തില്‍ തല്‍ക്കാലം പ്രശ്‌നം സോള്‍വാക്കി.


ഫോട്ടോയെടുത്തും കടല കൊറിച്ചും വെള്ളം കുടിച്ചുമുള്ള യാത്രക്കിടെ വനത്തിനു നടുവിലൂടെയുള്ള ഹയ്‌വെയില്‍ ഒന്നു രണ്ട് ആദിവാസികള്‍ നില്‍ക്കുന്നത് കണ്ടു.വനത്തില്‍ അവര്‍ നോക്കുന്ന ഭാഗത്തേക്ക് നോക്കിയ ഞങ്ങള്‍ ആ കാഴ്ച കണ്ട് ഞെട്ടി. തലയിലൊക്കെ മണ്ണ് വാരിയിട്ട് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയുമായി അവിടെ നില്പ്പുണ്ടൊരാള്‍.
ഒരു ഒന്നൊന്നര ഒറ്റയാന്‍.



ഞങ്ങളുടെ ആള്‍ട്ടൊ പുള്ളിക്ക് മൂക്കില്‍ വലിക്കാന്‍ പോലും തികയില്ലെന്നറിയുന്നതിനാല്‍ അല്പം ദൂരെ വണ്ടി ഒതുക്കി സ്റ്റാര്‍ട്ടാക്കി നിര്‍ത്തി. "ഫാര്യ" മാര്‍ക്കും എന്റെ നാലു വയസ്സുള്ള കുട്ടിക്കുറുമ്പനും ഇല്ലാത്ത ധൈര്യം കടം വാങ്ങി നല്‍കിയ ശേഷം ഞങ്ങള്‍ ക്യാമറയുമായി പുറത്തേക്കിറങ്ങി. ആദിവാസി സഹോദരന്മാര്‍ക്കരികിലെത്തി ഞങ്ങള്‍ കാര്യമന്വേഷിച്ചു.
ഏതോ ബ്ലാക് ആന്‍ഡ് വൈറ്റ് അവാര്‍ഡ് സിനിമയിലെ പോലെ എന്തോ പറഞ്ഞശേഷം അവര്‍ ആനക്ക് നേരെ കൈ ചൂണ്ടി.എന്റെ കയ്യിലെ വിറക്കുന്ന ക്യാമറ കണ്ട് അവര്‍ പറഞ്ഞു. വെളിച്ചം കണ്ടാല്‍ അവന്‍ ഇങ്ങോട്ട് വരും.മദപ്പാടുണ്ടെന്ന് സംശയമുണ്ടെന്ന്.
ധൈര്യത്തിന്റെ പാഞ്ചാരി മേളം ഇപ്പോള്‍ എനിക്ക് വ്യക്തമായി കേള്‍ക്കാം. എന്നാലും നമ്മളൊക്കെ ആണുങ്ങളല്ലേ അങ്ങനെ തോറ്റ് കൊടുക്കാന്‍ പറ്റുമോ?.ഫ്‌ളാഷ് ഇല്ലാതെ തന്നെ തിടുക്കത്തില്‍ ഒന്ന് രണ്ട് സ്‌നാപ് എടുത്തു.പിന്നെ നേരേ ഓടി വണ്ടിയില്‍ കയറി.
''സഹയാത്രികര്‍ '' അപ്പോഴേക്കും ഓര്‍മയിലുള്ള പ്രാര്‍ത്ഥനകളെല്ലാം പല തവണ ചൊല്ലിക്കഴിഞ്ഞിരുന്നു. വണ്ടി വിട്ടു. നേരെ തോല്പ്‌പെട്ടിയിലേക്ക്.


രാവിലെ 6 മുതല്‍ 8 വരെയും വൈകിട്ട് 3 മുതല്‍ 5 വരെയുമാണു സഞ്ചാരികള്‍ക്കുള്ള സന്ദര്‍ശന സമയം .500 രൂപ കൊടുത്താല്‍ ഒരു ജീപ്പും ഡ്രൈവറും റെഡി.200 രൂപക്ക് ഒരു ഗാര്‍ഡ് വിത് എ ഗണ്‍ , സര്‍ക്കാര്‍ വക.ഇതിനു പുറമെ തലയോരോന്നിനും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസുമുണ്ട്. ഗാര്‍ഡിനെ കണ്ടതേ എനിക്കു ചിരിവന്നു. ഏതാണ്ട് നമ്മുടെ കൊടക്കമ്പി ഇന്ദ്രന്‍സ്  ചേട്ടന്റെ രൂപവും കപ്പടാ മീശയുമുള്ള ഒരു ആള്‍ രൂപം.ഇനി ചിലപ്പൊ ഇയാളുടെ മീശ കണ്ട് വന്ന്യ ജീവികളൊക്കെ ഭയക്കുമായിരിക്കുമെന്ന് സമാധാനിച്ചു.(ആ ചേട്ടന്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ എന്നോട് പൊറുക്കട്ടെ).


തുറന്ന ജീപ്പിന്റെ മുന്‍ സീറ്റില്‍ ഫോട്ടോ എടുക്കാനുള്ള സൗകര്യത്തിനു സൈഡിലായി ഞാനിരുന്നു . നടുവില്‍ ഗാര്‍ഡ് ചേട്ടനും പിറകിലെ സീറ്റുകളില്‍ മറ്റ് സഹയാത്രികരും.വന്ന്യ ജീവി സങ്കേതത്തിന്റെ ഗേറ്റ് കടന്ന് വനത്തിനു നടുവിലൂടെ നിര്‍മ്മിച്ച കൂപ്പു വഴിയിലൂടേ ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങവേ ഇരുവശവുമുള്ള പുല്‍മേടുകളില്‍ മാന്‍ കൂട്ടങ്ങള്‍ മേഞ്ഞ് നടക്കുന്ന മനോഹരമായ കാഴ്ചയാണു ഞങ്ങളെ വരവേറ്റത്.


അതാ കാണുന്നു, മയിലുകള്‍.കാട്ട് കോഴികള്‍, കരിങ്കുരങ്ങുകള്‍... ഹായ് ഈ കാട് നിറയെ ഫോറസ്റ്റാണല്ലോയെന്ന് മലയാള സിനിമയിലെ ഏതോ ഒരാള്‍ പറഞ്ഞത് ഓര്‍മ വന്നു.ആണ്‍ മയിലുകള്‍ പീലി വിടര്‍ത്തി ആടുന്നത് കാണാനൊരു പൂതി. മഴക്കാറിനെ കണ്ടാലേ അവ ഡാന്‍സ് ചെയ്യുകയുള്ളൂവെന്ന് ഗാര്‍ഡ് പറഞ്ഞു. ''ഓ ഹൊ. എന്നാല്‍ അയാളെ കൂടി കൂടെ കൂട്ടാമായിരുന്നു'' എന്നായി മ്യാഷ്.


കാട് കനത്ത് വന്നു. ചിലയിടങ്ങളില്‍ നല്ല ഇരുട്ട്. താഴ്‌വരകള്‍, കൊച്ചരുവികള്‍..
നീര്‍ച്ചാലുകള്‍ കാണുന്നിടത്തൊക്കെ ഡ്രൈവര്‍ വണ്ടി സ്ലോ ആക്കി നോക്കുന്നുണ്ട് .വന്ന്യ മ്ര്ഗങ്ങള്‍ വെള്ളം കുടിക്കാന്‍ ഇറങ്ങാറുള്ള സ്ഥലങ്ങളാണു അവിടമെന്ന് അവര്‍ പറഞ്ഞു തന്നു. കഴിഞ്ഞ ട്രിപ്പില്‍ അതു വഴി വന്നപ്പോള്‍ പുലികള്‍ വെള്ളം കുടിക്കാനിറങ്ങിയത് കണ്ടിരുന്നുവത്രെ. ഇടക്ക് ചില ജീപ്പുകള്‍ സന്ദര്‍ശകരെയും കൊണ്ട് കടന്ന് പോകുന്നതൊഴിച്ചാല്‍ കുറച്ച് കിലോ മീറ്ററുകള്‍ പിന്നിട്ടിട്ടും വൈല്‍ഡ് അനിമല്‍സിനെയൊന്നും കാണാത്തതില്‍ ഞങ്ങള്‍ അല്പം നിരാശരായിരുന്നു.
 ''പൈസ മുതലാകില്ലല്ലൊ'' എന്ന പൈശാചിക ചിന്തയും ഇതിനിടെ ഉരുത്തിരിഞ്ഞു വന്നു.ആനിമലസൊക്കെ ലഞ്ച് കഴിച്ച് ചെറിയൊരു ഉച്ച മയക്കത്തിലാവും ഒരു പക്ഷെ. ഏതായാലും പ്രവേശന കവാടത്തില്‍ തന്നെ സര്‍ക്കാറിന്റെ ഒടുക്കത്തെ അറിയിപ്പ് വായിച്ചത് ഞാനോര്‍ത്തു.
വന്ന്യ മ്ര്ഗങ്ങളൊക്കെ കാട്ടിനകത്തുണ്ട്. പക്ഷെ കാണാനുള്ള യോഗം ''സബ്ജക്റ്റ് ഓഫ് ലക്ക്'' എന്ന് ചുരുക്കം. ഏതായാലും ഇനി കാടൊക്കെ വിശദമായി ഒന്ന് നിരീക്ഷിച്ച് തിരിച്ചു പോകാം.



ഇതിനിടെ  ''അല്ല മാഷേ മ്ര്ഗങ്ങളെയൊന്നും കാണുന്നില്ലല്ലൊ'' എന്ന് മ്യാഷ് ഗാര്‍ഡിനോട് ചോദിക്കുന്നുണ്ടായിരുന്നു.
''പിന്നെ ..ആനിമല്‍ സൊക്കെ ഫാഷന്‍ പരേഡിലെ പോലെ എന്നെ കണ്ടൊളൂ എന്നും പറഞ്ഞ് തിരിഞ്ഞും മറഞ്ഞും ഇങ്ങനെ നിന്നു തരുമല്ലൊ?''
എന്ന് മറുപടി പറയേണ്ടതിനു പകരം ആ മനുഷ്യന്‍ ഒന്നു ചിരിച്ചു. പിന്നെ ഒന്ന് മണം പിടിച്ചു. അപ്പോഴേക്കും ഡ്രൈവര്‍ വണ്ടി സ്ലൊ ആക്കി. ആനയുടെ വന്ന്യമായ ഗന്ധം കാറ്റില്‍ തഴുകിയെത്തി.
''ഇനി പരാതി വേണ്ട ദാ കണ്ടോളൂ''

അയാള്‍ നേരെ മുന്നോട്ട് കൈ ചൂണ്ടി.തൊട്ട് മുന്നിലായി ഞങ്ങളുടെ വാഹനത്തിനു നേരെ എതിര്‍ ദിശയില്‍ മന്ദം മന്ദം നടന്നടുക്കുന്ന ഒരു കാട്ടാന.
''പടച്ചോനേ ഇനിയിപ്പോ എന്താ ചെയ്യാ?''
''മ്യാഷിണി'' യുടെ വിറയാര്‍ന്ന ചോദ്യം
''ഇനി നമ്മളൊന്നും ചെയ്യേണ്ട. ഒക്കെ ആന ചെയ്‌തോളും''
ഡ്രൈവറുടെ ശാന്തമായ മറുപടി.
എനിക്കതു വിശ്വസിക്കാനായില്ല ''പട്ടാളം'' സിനിമയില്‍ മമ്മൂട്ടിയെ പറ്റിച്ച ''കാട്ടാന'' യെ നമ്മളും കണ്ടതല്ലെ. ഞാന്‍ ക്യാമറ റെഡിയാക്കി ഫോട്ടോ എടുക്കാനൊരുങ്ങുമ്പോള്‍ ഗാര്‍ഡ് ചേട്ടന്‍ പറഞ്ഞു.
 ''ഇനി നടുവിലേക്കിരുന്നോളൂ''.

അപ്പോഴാണു എനിക്ക് സംഗതിയുടെ ഗൗരവം പിടികിട്ടിയത്.ഞാന്‍ പിറകിലേക്ക് തിരിഞ്ഞു നോക്കി. അവിടം നിശ്ശബ്ദമായിരുന്നു. എന്റെ ''ഫാര്യ''യുടെ മുഖം ധൈര്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു.ശ്വാസമയക്കാതെയും എങ്ങനെ ജീവിക്കാമെന്ന് പരിശീലിക്കുന്ന മൂന്നു പേര്‍.
മകന്‍ ആനയെ ലൈവ് ആയി കണ്ടതിലുള്ള സന്തോഷത്തിലാണു. ഇതിനകം ഞാന്‍ ഡ്രൈവറുടെയും ഗാര്‍ഡിന്റെയും നടുവില്‍ എത്തിക്കഴിഞ്ഞിരുന്നു. ആന പതിയെ  നടന്നടുത്തു .


പട്ടാളക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍. ആന ഞങ്ങളുടെ കണ്ണിലേക്ക് നോക്കി. ഞങ്ങള്‍ ആനയെയും.
ആന.. ഞങ്ങള്‍...
എന്തും സംഭവിക്കാവുന്ന ഭയാനക നിമിഷങ്ങള്‍.
എന്റെ ക്യാമറ നിശ്ശബ്ദം വെളിച്ചമില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ധൈര്യത്തിന്റെ ഊക്കു കൊണ്ട് കൈ വിറച്ചു. ആന ഒരടി കൂടി മുന്നോട്ട് വച്ചു.വണ്ടിക്കകത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി .ഡ്രൈവര്‍ വണ്ടിയൊന്ന് റേസ് ചെയ്തു. പൊടുന്നനെയാണു അതു സംഭവിച്ചത്.
ആന തുമ്പിക്കൈ പൊക്കിഒന്ന് സലാം വച്ചു. പിന്നെ അനുസരണയോടെ വഴിയരികിലേക്ക് ഒതുങ്ങി നിന്നു.നന്നായി റേസ് ചെയ്ത ശേഷം വണ്ടി മുന്നോട്ട് കുതിച്ചതും ആന സൈഡിലേക്ക് മാറി ഓടി.


കുറച്ച് ദൂരം ഓടിയ ശേഷം ആനയൊന്നു തിരിഞ്ഞു നോക്കി. ഞങ്ങളും.
തിടുക്കത്തില്‍ കുറച്ച് സ്‌നാപ്‌സ് എടുത്ത ശേഷം വണ്ടി മുന്നോട്ട് നീങ്ങി.
അങ്ങനെ പൈസ മുതലായതിന്റെ ത്രില്ലില്‍ മുന്നോട്ട് പോകുമ്പോഴാണു ഡ്രൈവറും ഗാര്‍ഡും ചേര്‍ന്ന് ആ പോയ ''വാലു മുറിയന്‍'' ഒറ്റയാന്റെ ലീലാവിലാസങ്ങള്‍ ഓരോന്നായി പുറത്ത് വിട്ടത്. ഒരു മദാമ്മയുടെ കയ്യിലെ ക്യാമറ പിടിച്ചെടുത്ത് ചവിട്ടികൂട്ടി പരിപ്പെടുത്തു കൊടുത്തു.ജീപ്പിന്റെ സൈഡ് ഡോര്‍ പിഴുതെടുത്ത് തട്ടിക്കളിച്ചു.ചുവപ്പ് പോലുള്ള ചില കടും നിറങ്ങള്‍ അവയെ വിറളി പിടിപ്പിക്കുമത്രെ.
അങ്ങനെയങ്ങനെ.. എല്ലാം കേട്ട് ഞങ്ങള്‍ തരിച്ചിരുന്നു.


എതിരെ വന്ന മറ്റൊരു ജീപ്പ് നിറയെ കേരളത്തിനു പുറത്ത് നിന്നുള്ള ''കിളികളെ'' കണ്ടപ്പോള്‍ ഞങ്ങള്‍ ആ ഡ്രൈവറോട് കുറച്ചകലെ ''റ്റൈഗറിനെ'' കണ്ടുവെന്ന് അടക്കം പറഞ്ഞു.
''റ്റൈഗര്‍'' എന്ന് കേട്ടതും ആ വാഹനത്തില്‍ നിന്നുയര്‍ന്ന കരച്ചിലിന്റെ ''കോറസ്'' കേട്ടതോടെ ഞങ്ങള്‍ ഹാപ്പി.


കാടും മലയും താണ്ടിയുള്ള ആ യാത്ര അവസാനിച്ചപ്പോള്‍ എന്റെ മനസ്സില്‍ ബാക്കിയായ ഒരു ചോദ്യമുണ്ട്.ജീപ്പിനകത്തേക്ക് നോക്കിയ ശേഷം ആ സഹ്യപുത്രന്‍ അനുസരണപൂര്‍വം സലാം വെച്ചത്

അതിനകത്തിരിക്കുന്ന ''മഹാനായ'' എഴുത്ത്കാരനെ കണ്ടിട്ട് തന്നെ ആയിരിക്കുമൊ?
അല്ലെങ്കില്‍ കഥയൊന്നുമറിയാത്ത കൗതുകം കണ്ട രണ്ട് കുഞ്ഞ് നയനങ്ങള്‍ കണ്ടിട്ടോ?
സര്‍വ്വ ശക്തനു സ്തുതി.
മംഗളം
ശുഭം
prev next