Thursday, July 9, 2020

Shrjah Book Fair.Book Release Kadu Nadu Nagaram

























യമൻ: സാംസ്കാരിക വേരുകളിലൂടെ ഒരു യാത്ര


സന്‍ആയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ഖത്തര്‍ എയര്‍ പോര്‍ട്ടിന്റെ ട്രാന്‍സിറ്റ് ടെര്‍മിനലിരിക്കുമ്പോള്‍ തന്നെ യമന്‍ എന്ന രാജ്യത്തിന്റെ സാംസ്‌കാരിക പരിഛേദങ്ങള്‍ അനുഭവിച്ചു തുടങ്ങിയിരുന്നു. വിമാനത്തില്‍ കയറിയതോടെ അത് കൂടുതല്‍ വ്യക്തമായി. ഓരോ രാജ്യത്തിന്റെയും സാംസ്‌കാരിക പ്രകൃതങ്ങള്‍ അതത് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളില്‍ നിന്ന് തന്നെ അനുഭവിച്ചു തുടങ്ങാം. ഖതറില്‍ നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് യമന്‍ തലസ്ഥാനമായ സന്‍ആയിലെത്താം. കട്ടിയുള്ള വസ്ത്രങ്ങളും ഓവര്‍ കോട്ടും സ്‌കാഫും മറ്റും ധരിച്ച സഹയാത്രികര്‍, ഇറങ്ങാന്‍ പോകുന്ന സ്ഥലത്തെ ശൈത്യത്തിന്റെ സാന്നിദ്ധ്യമറിയിച്ചു.
സഹയാത്രികനായ യമനി ഏറെ സന്തോഷവാനാണ്. കുവൈത്തിലെ ജോലി സ്ഥലത്ത് നിന്ന് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം അവധിക്ക് നാട്ടിലേക്ക് തിരിച്ചെതാണയാള്‍. ഗള്‍ഫില്‍ നിന്ന് പല തവണ അവധിക്ക് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത പരിചയമുള്ളതിനാല്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. സന്‍ആയില്‍ നിന്ന് 300 കിലോമീറ്റര്‍ മലമ്പാതകള്‍ താണ്ടിയാണത്രെ അദ്ധേഹത്തിന്റെ വീടണയേണ്ടത്. കല്ലും മണ്ണും നിറഞ്ഞ പാതകളിലൂടെ പ്രത്യേക വാഹനത്തില്‍ ഒരു ദിവസം നീളുന്ന സാഹസിക യാത്ര. മലകളിലെവിടെയോ ചെമ്മണ്ണും വൈക്കോലും കൊണ്ട് പടുത്ത കുടിലുകളിലൊന്നില്‍ അയാളുടെ ഉറ്റവര്‍ വഴിക്കണ്ണുമായി കാത്തിരിപ്പുണ്ടാവും അപ്പോള്‍. വരണ്ട മണ്‍ തിട്ടകളും മല നിരകളും താഴെ തെളിഞ്ഞു കണ്ടു തുടങ്ങി. സന്‍ആഅ് നഗരത്തിന്റെ ആകാശ ദൃശ്യം. സാമാന്യം വലിപ്പമുള്ള പട്ടണം. കെട്ടിടങ്ഹള്‍ക്ക് മുകളിലൂടെ വിമാനം റണ്‍വേയില്‍ പറന്നിറങ്ങി. മൊബൈലിലൂടെ യമനി ആരോടോ ഉച്ചത്തില്‍ സംസാരിച്ചു. സഹോദരനാണ്. അവന്‍ സന്‍ആയില്‍ എത്തുന്നതേയുള്ളൂ. എനിക്ക് ഖാത്ത് വെക്കാന്‍ കൊതിയായിട്ട് വയ്യ. ഒന്നര വര്‍ഷമായില്ലേ. ഖാത് എന്റെ വിസ്മയം മനസ്സിലാക്കി അയാള്‍ വിശദീകരിച്ചു. അതെ യമനില്‍ കിട്ടുന്ന ഒരു പ്രത്യേക തരം ഇലയാണ്. അത് കവിളിനിടയില്‍ തിരുകി വെക്കുക ഞങ്ങളുടെ വിനോദമാണ്. സന്‍ആയില്‍ നിങ്ങള്‍ക്ക് കാണാം. കവിളു വീര്‍ത്ത ആണുങ്ങളെ. അയാള്‍ ഉച്ചത്തില്‍ ചിരിച്ചു.
മൈലാഞ്ചിയിട്ടു ചുവപ്പിച്ച താടിയും മുഖത്തിലും ശരീരത്തിലും നിറയെ ചുളിവുകളുമായി അഹ്‌ലന്‍ വ സഹ്‌ലന്‍ എന്ന് അഭിവാദ്യം ചെയ്യാറുള്ള പഴയ കമ്പനി ഡ്രൈവര്‍ അബ്ദുമുഹമ്മദ് മുതന്ന യെന്ന യമനിയെ കുറിച്ചോര്‍ത്തു ഞാനിപ്പോള്‍. എഴുപതു കഴിഞ്ഞ അബ്ദുവിന്റെ വായില്‍ സദാ നിസ്‌വാര്‍ എന്ന ഒരു തരം പച്ചിലക്കൂട്ടം നുണയുന്നത് കാണാറുണ്ടായിരുന്നു. അത്തരം വല്ലതുമായിരിക്കും ഇപ്പറഞ്ഞ ഖാത്ത് എന്ന് സമാധാനിച്ചു. അബ്ദുവിന്റെ കൂടെയുള്ള യാത്രകളില്‍ യമനിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. സന, തരീം, ഹളര്‍ മൗത്ത്, ശേര്‍ മുഖല്ല, തുടങ്ങിയ സ്ഥലപ്പേരുകളെല്ലാം ഒരു പക്ഷെ ആദ്യം കേട്ടതും അദ്ദേഹത്തില്‍ നിന്നായിരുന്നു. അബുവിനെ പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം എവിടെയാണോ എന്തോ എന്ന ആകാംക്ഷ വെറുതെ കടന്നു വന്നു.
സന്‍അ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ കൗണ്ടറിലെത്തിയതോടെ തന്നെ ആ രാജ്യത്തിന്റെ ദരിദ്രാവസ്ഥ ഏറെ കുറെ വ്യക്തമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് കടന്നതോടെ യാചകരായ സ്ത്രീകളും കുട്ടികളും ഞങ്ങള്‍ക്ക് ചുറ്റും കൂടി. ഒരു രൂപക്ക് മൂന്നര യമനി റിയാല്‍ കിട്ടും. വിമാനത്താവളത്തില്‍ നിന്ന് 20 മിനിറ്റ് യാത്ര ചെയ്ത് സന്‍അ നഗരത്തിലെ താമസ സ്ഥലത്തെത്താന്‍ രണ്ടായിരത്തി അഞ്ഞൂറ് റിയാല്‍ വേണ്ടി വന്നു. ദുബായില്‍ നിന്നും സഊദിയില്‍ നിന്നും മറ്റും കാലാവധി കഴിഞ്ഞ് വിറ്റഴിക്കുന്ന പഴയ കാറുകളാണ് നിരത്തിലധികവും മുപ്പതും നാല്‍പതും വര്‍ഷം പഴക്കമുള്ള കൊറോണയും ക്രസിഡയുമൊക്കെ ടാക്‌സികളായി വിലസുന്നു. റോഡുകള്‍ പക്ഷെ നമ്മുടെ നാടിനെക്കാള്‍ ഏറെ ഭേദമാണെന്ന് പറയാതെ വയ്യ.
സായാഹ്നമായതിനാല്‍ സാമാന്യം തണുപ്പുണ്ട്. തലയും ചെവിയും മുഖവുമടക്കം മൂടിക്കെട്ടി ജാക്കറ്റുകളുമണിഞ്ഞാണ് ആളുകള്‍ നടക്കുന്നത്. സഹയാത്രികനും ബിസിനസുകാരനുമായ റസാഖ് കൊടിയത്തൂരാണ് ഡ്രൈവറുടെ മുഖത്തെ അസാമാന്യ വലിപ്പമുള്ള മുഴ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് വഴിയരികില്‍ പലരുടെയും മുഖത്ത് ഈ വീക്കം ശ്രദ്ധയില്‍ പെട്ടു. ഞങ്ങളുടെ ആകാംക്ഷ മനസ്സിലാക്കിയാവണം അതു വരെ മൂകനായിരുന്ന ഡ്രൈവര്‍ പതിയെ മൊഴിഞ്ഞു. ഖാത് നേരത്തെ വിമാനത്തില്‍ നിന്ന് പരിചയപ്പെട്ടയാള്‍ വിശദീകരിച്ചു തന്ന ഖാതിന്റെ കാര്യം അപ്പോഴാണ് ശരിക്കും മനസ്സിലായത്. പുകവലിയും, മീഠാപാനും പോലെ മറ്റൊരിനം.
ബാബ് അല്‍ യമന്‍ എന്നറിയപ്പെടുന്ന ആയിരത്തില്‍ പരം വര്‍ഷം പഴക്കമുള്ള കവാടമുണ്ട് സന്‍ആയിലെ ഓള്‍ഡ് സിറ്റിയില്‍. ലോകത്തിലെ പൗരാണിക നഗരങ്ങളില്‍ ഒന്നാണ് ഈ പഴയ നഗരം. രണ്ടായിരത്തി അഞ്ഞൂറില്‍ പരം വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഓള്‍ഡ് സിറ്റിക്ക്. ഇവിടെയാണ് സൂഖ് അല്‍ മില്‍ഹ് (ഉപ്പ് സൂഖ്) എന്നറിയപ്പെടുന്ന വാണിജ്യ കേന്ദ്രം. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എല്ലാം ലഭിക്കുന്ന സ്ഥലം. വഴിവാണിഭക്കാരെ മുട്ടി മുന്നോട്ടു നീങ്ങുക പ്രയാസം. കമ്പിളി വസ്ത്രങ്ങള്‍, കത്തികള്‍, പഴം, പച്ചക്കറികള്‍, പാത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി ഇവിടെ ലഭിക്കാത്തതായി ഒന്നും തന്നെ ഉണ്ടാവില്ല. ഇരു ഭാഗങ്ങളിലും ബഹു നില കെട്ടിടങ്ങള്‍, അധികവും കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയിരുന്നു. മണ്‍കട്ടകള്‍ അടുക്കി വെച്ചാണ് നിര്‍മ്മിതി.
കോണ്‍ക്രീറ്റിനു പകരം മരക്കമ്പുകളും പലകയും മറ്റുമുപയോഗിച്ചാണ് ഓരോ നിലകളും പണിതിരിക്കുന്നത്.
കച്ചവടക്കാരുടെയും ഇടപാടുകാരുടെയും കലപില ശബ്ദങ്ങളില്‍ ലയിച്ച് നടക്കുമ്പോള്‍ പലയിടത്തും 'ഹമ്മാമുകള്‍' കണ്ടു. സ്റ്റീം ബാത് നടത്തുന്നതിന് പ്രത്യേക സൗകര്യമുള്ള ഇടങ്ങളാണ് ഹമ്മാം എന്നറിയപ്പെടുന്നത്.പന്ത്രണ്ടോളം ഹമ്മാമുകള്‍ ഈ പഴയ നഗരത്തിലുണ്ട്. നടവഴികളിലധികവും കരിങ്കല്ലു പാകിലയവയാണ്. കാലപ്പഴക്കം കൊണ്ട് തേഞ്ഞു മിനുസമായ പാതകള്‍, ഇടുങ്ങിയ ഗല്ലികള്‍, ബോംബെ നഗരത്തെ ഓര്‍മ്മിപ്പിച്ചു. ഇന്ധനക്ഷാമം, വൈദ്യുതി നിയമന്ത്രണവുമാണ് സന്‍ആ നഗരത്തിന്റെ പ്രത്യേകതകള്‍. വഴി വാണിഭക്കാര്‍ എമര്‍ജന്‍സി ലൈറ്റുകള്‍ ഉപയോഗിച്ചാണ് വില്‍പ്പന. ചിലപ്പോള്‍ മണിക്കൂറുകളോളം വൈദ്യുതി മുടക്കം ഇവിടെ പതിവാണ്. കനലില്‍ ചുട്ടെടുത്ത ചോളം വില്‍ക്കുന്ന വഴിവാണിഭക്കാരനില്‍ നിന്ന് ചൂടോടെ ഒരെണ്ണം വാങ്ങിക്കഴിച്ചു. തണുപ്പില്‍ നിന്ന് താല്‍ക്കാലികാശ്വാസം. സൂഖ് അല്‍ മില്‍ഹിലെ കാഴ്ച്ചകളും കച്ചവടത്തിരക്കും അനുഭവിച്ച് മുന്നോട്ട് നീങ്ങി. വഴിയിലുടനീളം യാചകര്‍ പിന്നാലെ കൂടി. ആയിരം കൊല്ലത്തെ ചരിത്രങ്ങള്‍ക്ക് സാക്ഷിയായി ബാബ് അല്‍ യമന്‍ കമാനങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. 1986 ല്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ച ഈയിടം സുരക്ഷാ ഭടന്‍മാര്‍ കാവലുണ്ടെങ്കിലും കച്ചവടക്കാരും സന്ദര്‍ശകരും യഥേഷ്ടം വിരഹിക്കുന്നു. സന്‍അയില്‍ ഇറങ്ങിയതു മുതല്‍ വഴിയിലുടനീളം പട്ടാളക്കാരുടെ ചെക്ക് പോയിന്റുകളും ട്രക്കുകളും മറ്റും വാഹനങ്ങള്‍ പരിശോധിക്കുകയും പട്രോളിംഗ് നടത്തുകയും ചെയ്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. മുല്ലപ്പൂ വിപ്ലവത്തിന് ശേഷം സുരക്ഷാ ക്രമീകരണങ്ങളും അതീവ ജാഗ്രതയോടെയാണ് നടക്കുന്നത്. 2011 ഫിബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭരണകൂടം അധികാരത്തില്‍ വന്നതിന്റെയും ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുടെയും ഫലമാണ് സുരക്ഷാ മുന്‍കരുതലുകളെന്ന് യമനി സുഹൃത്തുക്കള്‍ വിശദീകരിച്ചു.
പ്രവാചക കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഗ്രേറ്റ് മോസ്‌ക് ഓഫ് സന്‍ആ (സന്‍ആയിലെ വലിയ പള്ളി) യിലേക്കാണ് ഞങ്ങള്‍ നടക്കുന്നത്. ഒന്‍പതു മുതല്‍ പതിനാല് മീറ്റര്‍ വരെ ഉയരത്തില്‍ കളിമണ്ണില്‍ തീര്‍ത്ത ചുറ്റുമതിലുകളാണ് പള്ളിയുടെ പ്രത്യേകത. രാത്രി സമയങ്ങളില്‍ വിളക്കു കത്തിക്കാനുപയോഗിച്ച പ്രകാശ ഗോപുരവും മിനാരവും മറ്റും വിസ്മയാവഹമാണ്. ഹെറിറ്റേജ് വിഭാഗത്തില്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പള്ളിയിലും പരിസരത്തെ കെട്ടിടങ്ങളിലും മറ്റും അറ്റകുറ്റ പളികള്‍ നടന്നു വരുന്നു. 6500 ല്‍ പരം പഴയ വീടുകള്‍ ബാബ് അല്‍ യമനിലെ പള്ളുക്കു ചുറ്റും ഇപ്പോഴുമുണ്ട്. തെരുവുകള്‍ക്കും, കെട്ടിടങ്ങള്‍ക്കുമെല്ലാം കാലപ്പഴക്കത്തിന്റെ ഭീതിതമായ മൂകതയും ഗന്ധവുമുണ്ട്. ഇടുങ്ങിയ വഴികളില്‍ കരിങ്കല്‍ പടികള്‍ കാലപ്പഴക്കത്താല്‍ തേഞ്ഞു മിനുങ്ങിയിരിക്കുന്നു.
രണ്ടു തൂണുകള്‍ക്കിടയില്‍ നാല് മീറ്ററില്‍ കുറഞ്ഞ ഭാഗമായിരുന്നു ആദ്യത്തെ പള്ളി. ഇപ്പോഴും പ്രാര്‍ത്ഥനകള്‍ക്കായി തുറക്കാറുള്ള പള്ളി പിന്നീട് പലതവണയായി വികസിപ്പിച്ചിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതരായ നിരവധി പേര്‍. വലിയ തസ്ബീഹ് മാലകളും മുഖത്ത് പ്രായാധിക്യത്തിന്റെ ചുളിവുകളുമുള്ളവര്‍. യമനിലെ പുരുഷന്‍മാര്‍ക്ക് മലബാറിലെ മുസ്‌ലിംകളുമായി ചില സമാനതകള്‍ ഉണ്ടെന്ന് ഓരോ നോട്ടത്തിലും മനസ്സിലാകും. പ്രത്യേകിച്ച് പഴയ തലമുറയിലെ ഏറനാടന്‍ മാപ്പിളമാരുമായി. മൂട്ടിയുടുത്ത കള്ളിത്തുണിയും ഷര്‍ട്ടും തലയില്‍ കെട്ടുമെല്ലാം വേഷവിധാനത്തിലുള്ള സമാനതകളാണ്. വലിയ അരപ്പട്ടയില്‍ തിരുകിയ ഉറയിലെ കത്തി, പണം കാലങ്ങളില്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ പ്രായമുള്ളവര്‍ കൊണ്ടു നടന്നിരുന്നതിന് തുല്യമാണ്. മൃഗങ്ങളുടെ കൊമ്പ് കൊണ്ടുണ്ടാക്കിയ പിടിയോടു കൂടിയ ഇരുതല മൂര്‍ച്ചയുള്ളതും അറ്റം അല്‍പ്പം വളവുമുള്ള കത്തികളാണ് അധികവും. വിശേഷാവസരങ്ങളിലും പാര്‍ട്ടികളിലും മറ്റും പരമ്പരാഗത വസ്ത്രങ്ങള്‍ക്കൊപ്പം അരപ്പട്ടയും കത്തിയും നിര്‍ബന്ധമാണ്. കത്തി ഇടുന്ന ഉറയുടെ നിറവും തയ്യലുമടക്കമുള്ള ചില വ്യതിയാനങ്ങളും യമനിലെ വ്യത്യസ്ത ഗോത്രങ്ങളെ തിരിച്ചറിയുന്നതിനുള്ള അടയാളമാണ്. വെറുതെ ഒരു കൗതുകത്തിന് ഒരാളില്‍ നിന്നും കത്തി വാങ്ങി നോക്കി. കണ്ടാ മൃഗത്തിന്റെ കൊമ്പ് കൊണ്ടാണ് കത്തിയുടെ പിടി ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പുള്ളിയുടെ അവകാശവാദം. മുപ്പത്തി അയ്യായിരം സഊദി റിയാല്‍ (ഉദ്ദേശം 5 ലക്ഷം രൂപ) വിലവരുമത്രെ കത്തിക്ക്. നേരോ നുണയോ എന്നറിയില്ലെങ്കിലും മുന്തിയ തരം മൊബൈല്‍ ഫോണുകളും ടാബുകളും മറ്റും സ്റ്റാറ്റസ് സിമ്പലുകളായി കൊണ്ടു നടക്കുന്നവരെപ്പോലെ തന്നെയാകാം ഗോത്ര മഹിമ നിലനിര്‍ത്തുന്നതിനുള്ള ഈ കത്തിയും. നമ്മുടെ മുന്‍തലമുറ ഉപയോഗിച്ചിരുന്ന കഠാരയും പിച്ചാത്തിയുമെല്ലാം ഇത്തരത്തില മാനിന്റെയും പോത്തിന്റെയും മറ്റും കൊമ്പുകള്‍ കൊണ്ടുണ്ടാക്കിയ പിടിയും തുകല്‍ ഉറയും ഉപയോഗിച്ചിരുന്നുവല്ലോ. യമനുമായും മറ്റു അറബ് രാഷ്ട്രങ്ങളുമായും മലബാറിനുണ്ടായിരുന്ന വ്യാപാര, സാസംകാരിക ബന്ധങ്ങളുടെ പ്രതിഫലനമാവാം ഇതൊക്കെ.
ചെളിക്കട്ടകളും, ചുള്ളിക്കമ്പുകളും മരവും മറ്റുമുപയോഗിച്ചാണ് ഈ പള്ളി പണിയിതിരിക്കുന്നത്. ഇലക്ട്രിസിറ്റിയുടെ കുറവ് കാരണം പള്ളികള്‍ നേരത്തെ അടക്കാനുള്ള തയ്യാറെടുപ്പിലാണ്. പള്ളി മുറ്റത്തെ മിനാരവും പ്രകാശം ലഭിക്കുന്നതിന് പണ്ട് കാലങ്ങളില്‍ വിളക്ക് കത്തിച്ചിരുന്ന വിളക്കു ഗോപുരവും മറ്റും ഇരുളില്‍ നിലാവു വെട്ടത്തില്‍ കാണേണ്ടി വന്നു. ഇടുങ്ങിയ വഴികളിലൂടെ നടന്ന് വീണ്ടും തെരുവിലെത്തി.
കുളിര്‍ മഞ്ഞ് പെയ്ത് തണുത്ത പ്രഭാതം. എല്ലാ വഴികളും പുലര്‍കാല ശൂന്യതയില്‍ ഉറങ്ങുന്നു. സയ്ഉനിലേക്കുള്ള ബസ് 6 മണിക്കാണ്. 580 കിലോമീറ്റര്‍ തെക്ക് വടക്ക് ഹളര്‍മൗത്ത് പ്രവിശ്യയിലാണ് സയ്ഊന്‍. വഴിയരികിലെ കടയില്‍ നിന്ന് കടുപ്പത്തില്‍ ഒരു സുലൈമാനിയും എണ്ണയില്‍ പൊരിച്ചെടുത്ത പൂരി പോലെയുള്ള ഖുബ്ബൂസും കഴിച്ചു. ബെന്‍സിന്റെ ഹൈടെക് ബസില്‍ 3500 യമനി റിയാല്‍ (ആയിരം രൂപ) നല്‍കി ടിക്കറ്റെടുത്ത് യാത്രയാരംഭിച്ചു. വിദേശികള്‍ക്ക് ദീര്‍ഘദൂര യാത്രക്ക് റോഡ് ട്രാഫിക് വിഭാഗത്തിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. യാത്ര രേഖകള്‍ വഴിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുക്കണം. സന്‍ആ, സയ്ഊന്‍, ഹൈവേ ടു വേ ആണെങ്കിലും നമ്മുടെ ഹൈവേകളെക്കാള്‍ സൗകര്യപ്രദവും നേര്‍ രേഖയിലുള്ളതുമാകയാല്‍ സാമാന്യം സൗകര്യപ്രദവും നേര്‍ രേഖയിലുള്ളതുമാകയാല്‍ സാമാന്യം വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നു. ഏകദേശം പത്ത് മണിക്കൂര്‍ സമയമെടുക്കും സയ്ഊനിലെത്താന്‍
വഴിയോരക്കാഴ്ചകളില്‍ മരൂഭൂമിയിലും മണല്‍ കാടും നിറയുന്നു. ഇടക്കിടെ ചെറിയ ചെറിയ ഗ്രാമങ്ങള്‍, കൃഷിയിടങ്ങള്‍, ജല സാന്നിദ്ധ്യം അറിയിച്ചു കൊണ്ടു കൊച്ചു മരുപ്പച്ചകള്‍. ഓരോ നാല് കിലോമീറ്ററിലും റോഡില്‍ ഹമ്പുകള്‍ പണിത് പട്ടാള ബാരക്കുകള്‍ തീര്‍ത്തിരിക്കുന്നു. സായുധരായ ഭടന്‍മാര്‍ വാഹനങ്ങള്‍ പരിശോധിച്ച് കടത്തിവിടുന്നു. സന്‍അയുടെ അതിര്‍ത്തിയില്‍ ഇരുനൂറ് കിലോമീറ്റര്‍ പിന്നിടും വരെ പട്ടാള സാന്നിദ്ധ്യമുണ്ട്. ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതാണ് കാരണം. വഴിയോരങ്ങളില്‍ മുന്തിരിത്തോപ്പുകളും, റൂമ്മാന്‍ പഴങ്ങളും പഴുത്ത് പാകമായി നില്‍ക്കുന്ന തോട്ടങ്ങള്‍, പേരറിയാത്ത ഏതൊക്കെയോ ചെടികള്‍, അപൂര്‍വ്വമായി ഈന്ത മരങ്ങള്‍, രണ്ടു മണിക്കൂര്‍ യാത്രക്ക് ശേഷം വാഹനം ചെറിയ ഗ്രാമത്തിലെത്തി. മുറുക്കാന്‍ കടകള്‍ പോലുള്ള കുറെയധികം ചെറിയ സ്റ്റാളുകള്‍. പരമ്പരാഗത വേഷം ധരിച്ച് കത്തിയും തോക്കും മറ്റുമായി ഗ്രാമവാസികള്‍. ചെറിയൊരു ചന്തയില്‍ കടന്ന പ്രതീതി. ദീര്‍ഗ്ഗദൂര ബസ്സുകള്‍ പലതും ഇവിടെ നിര്‍ത്തിയിരിക്കുന്നു. പതിനഞ്ച് മിനിറ്റ് സമയം ഉണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞു. പ്രാതല്‍ കഴിക്കാം. പിന്നെ ഖാത് വാങ്ങാം. വാഹനത്തില്‍ നിന്നിറങ്ങുന്നവര്‍ക്ക് നേരെ പ്ലാസ്റ്റിക് സഞ്ചികളില്‍ നിറച്ച ഖാത് ഇലകളുമായി കച്ചവടക്കാര്‍ സമീപിച്ചു കൊണ്ടിരുന്നു. ആവശ്യക്കാര്‍ ഖാതിലകളില്‍ നിന്ന് മൂപ്പ് കുറഞ്ഞ തളിരിലകള്‍ നോക്കി തെരഞ്ഞെടുക്കുന്നു. മൂപ്പ് കുറഞ്ഞ ഇലകള്‍ക്കാണ് കൂടുതല്‍ ഡിമാന്റും കൂടുതല്‍ വിലയും. സമീപ ഗ്രാമങ്ങളില്‍ വ്യാപകമായി ഖാത് കൃഷിയുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ച ബല്‍ഖീസ് രാജ്ഞിയുടെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന ഇടം ഇവിടെയടുത്ത് ..... ഗ്രാമത്തിലാണെന്ന് പറയപ്പെടുന്നു. കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളാണെന്ന് കരുതുന്ന ഇടം യാത്രാ മദ്ധ്യേ കാണാനിടയായി. അനേക നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിന്റെ സ്മാരകങ്ങള്‍ ഒമാനിലെ സലാലയിലും മറ്റുമുള്ളതിനാല്‍ അവ്യക്തതകള്‍ ഇക്കാര്യത്തില്‍ നിലവിലുണ്ട്.
ഉച്ചഭക്ഷണ സമയം കഴിഞ്ഞ് ബസ് യാത്ര തുടങ്ങിയതോടെ സഹയാത്രികരുടെ കയ്യിലെ ഖാത് കവറുകള്‍ തുറക്കപ്പെട്ടു. തളിരിലകള്‍, തണ്ടു പൊട്ടിച്ചെറിഞ്ഞ് ഓരോന്നായി വായിലേക്ക് തിരുകുന്നത് ഞങ്ങള്‍ കൗതുകത്തോടെ നോക്കിയിരുന്നു. അല്‍പ്പ സമയത്തിനകം ഡ്രൈവറടക്കമുള്ളവരുടെ കവിളുകള്‍ വീര്‍ത്തുവിങ്ങി വന്നു.
വൈകീട്ട് അഞ്ച് മണിയോടെ സെയ്ഊനില്‍ വാഹനമെത്തി. കൂട്ടുകാരന്‍ ഹുസൈന്‍ കാത്തിരിപ്പുണ്ടായിരുന്നു. കള്ളിമുണ്ടും മുഴുകയ്യന്‍ ഷര്‍ട്ടുമിട്ട അവനെ കണ്ടാല്‍ മലയാളിയെന്നു തോന്നും. സന്‍അയിലെ പോലെ തണുപ്പില്ല ഇവിടെ. തണുപ്പും ചൂടും മിതമായ അവസ്ഥ. പഴയ ഹളര്‍മൗതിന്റെ പ്രധാന പട്ടണങ്ങളിലൊന്നാണിത്. ചെറിയൊരു നഗരം, കോട്ടകളും പള്ളികളും പഴയ കളിമണ്‍ കെട്ടിടങ്ങളും മറ്റുമടങ്ങിയ ദേശം ഹളര്‍ മൗതുമായി കേരളത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാര സംസ്‌കാരിക ബന്ധങ്ങളുണ്ട്. കോഴിക്കോട് കടല്‍ പ്പാലത്തില്‍ വ്യാപാരാവശ്യത്തിനെത്തിയിരുന്ന കപ്പലുകളില്‍ ചിലതെല്ലാം യമനിലെ ശേര്‍ മുഖല്ല തീരത്തു നിന്ന് പുറപ്പെട്ട് വന്നവയായിരുന്നു. വ്യപാരത്തോടൊപ്പം വളര്‍ന്ന സംസ്‌കാരിക വിനിമയങ്ങള്‍, വിവാഹങ്ങള്‍, ചേക്കേറലുകള്‍, യമനുമായുള്ള ചരിത്ര ബന്ധങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. കേരളത്തിലെ തങ്ങള്‍ കുടുംബങ്ങളില്‍ അധിക പരമ്പരകളും എത്തിയത് ഇവിടെ നിന്നായിരുന്നുവെന്നതിന് തെളിവായി ശിഹാബ്, ജമലുല്ലൈലി, ബാഫഖി, ഹൈദ്രൂസി, ബാഅലവി, തുടങ്ങിയ ഖബീലകളിലെ പ്രമുഖരുടെയെല്ലാം ഖബറിടം സ്ഥിതി ചെയ്യുന്ന സംബല്‍ എന്ന പ്രസിദ്ധമായ ഖബര്‍സ്ഥാന്‍ തരീം നഗരത്തിലുണ്ട്. മമ്പുറം സയ്യിദലവി തങ്ങള്‍, ശിഹാബ് തങ്ങള്‍ കുടുംബം തുടങ്ങിയവരുടെയൊക്കെ പൂര്‍വ്വ പിതാക്കളുടെ ഖബറിടങ്ങള്‍ ഇവിടെ കണ്ടു. പള്ളികളും പ്രാര്‍ത്ഥനാ രീതികളും തുണിയുടുക്കുന്ന ശൈലികളുമടക്കം കേരളത്തിലെ മുസ്‌ലിംകളുടെ ചിട്ടവട്ടങ്ങളില്‍ പലതും ഒരു പക്ഷെ യമനില്‍ നിന്നെത്തിയതാകാം. തങ്ങള്‍ കുടുംബങ്ങളോടൊപ്പം സാധാരണക്കാരും കപ്പല്‍ തൊഴിലാളികളും മറ്റും കേരളവുമായി സ്ഥാപിച്ച സൗഹൃദവും മറ്റുമാകാം ഈ സാംസ്‌കാരിക സ്വാധീനത്തിന് പിന്നില്‍. കോഴിക്കോട് കുറ്റിച്ചിറയിലും പരിസരങ്ങളിലും ഉണ്ടായിരുന്നവരില്‍ പലരും കപ്പല്‍ മുതലാളിമാരായിരുന്നുവെന്ന് പി.എ.മുഹമ്മദ് കോയയുടെ സുല്‍ത്താന്‍ വീട് എന്ന ചരിത്ര നോവലില്‍ വായിച്ചതോര്‍ക്കുന്നു. കുറ്റിച്ചിറയിലും മറ്റും കല്യാണ വീടുകളിലും സദസ്സുകളിലും ഇന്നും തുടരുന്ന മാസറ എന്ന ഭക്ഷണ സമ്പ്രദായം (ഒരു സുപ്രയില്‍ വലിയ തളികയില്‍ വിളമ്പിയ ഭക്ഷണത്തിന് ചുറ്റും അഞ്ചോ ആറോ പേര്‍ ചേര്‍ന്നിരുന്ന് കഴിക്കുന്ന രീതി) യമനില്‍ ഇപ്പോഴും ഓരോ തുടരുന്ന സമ്പ്രദായമാണ്. പ്രായത്തില്‍ മുതിര്‍ന്നരാണ് ഓരോ പാത്രത്തില്‍ നിന്നും ആദ്യം കഴിച്ചു തുടങ്ങുക. വിളമ്പുന്നതാകട്ടെ ആദ്യം വലതു വശത്ത് വെച്ചുകൊണ്ടാണ്. മന്തി ചോറും കബ്‌സയും മറ്റുമാണ് സാധാരണ ഭക്ഷണങ്ങള്‍. മുതിര്‍ന്നവരെയും പണ്ഡിതന്‍മാരെയും സയ്യിദന്‍മാരെയും മറ്റും മിക്ക സദസ്സുകളിലും ഏറെ ബഹുമാനത്തോടെയാണ് മറ്റുള്ളവര്‍ പരിഗണിക്കുന്നത്. പ്രഭാത നിസ്‌കാര ശേഷം പരസ്പരം കൈകൊടുത്ത് മുസാഫഹത്ത് ചെയ്യുന്ന രീതിയും ചിലയിടങ്ങളില്‍ കണ്ടു.
തരീം നഗരത്തില്‍ നിന്ന് 90 കിലോറ്റര്‍ പര്‍വ്വത പാതകള്‍ താണ്ടിയാല്‍ ജബല്‍ ഹൂദ് എന്ന മലയിലെത്താം. പേര് സൂചിപ്പിക്കും പോലെ തന്നെ പൂര്‍വ്വ പ്രവാചകന്‍ ഹൂദ് നബിയുടെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഇസ്‌ലാമിന് മുമ്പ് തന്നെ ഇവിടെ തീര്‍ത്ഥാടന കേന്ദ്രമായിരുന്നു. പൂര്‍വ്വ പ്രവാചകരുടേതെന്ന് കരുതപ്പെടുന്ന നിരവധി മസാറുകള്‍ ഇവിടെയുണ്ടത്രെ. ജബല്‍ ഹൂദ് എന്ന പര്‍വ്വതത്തിന് മുകളില്‍ ഹൂദ് നബിയുടെ മസാര്‍ സ്ഥിതി ചെയ്യുന്നു.പത്ത് മീറ്ററോളം നീളമുള്ള ഖബര്‍, ആദിമ കാലങ്ങളിലെ മനുഷ്യര്‍ ഏറെ ഉയരമുള്ളവരായിരുന്നുവെന്ന കാര്യം ഓര്‍മ്മിപ്പിച്ചു. പര്‍വ്വതത്തിന് താഴെയായി മനോഹരമായൊരു നദിയൊഴുകുന്നു. 'ഹളര്‍ മൗത്' പ്രദേശത്തിന്റെ 175 കിലോമീറ്റര്‍ ചുറ്റളവില്‍ ഏറ്റവും വലിയ താഴ്‌വരയിലൂടെ ഈ നദിയുടെ പ്രവാഹമുണ്ട്. താഴ്‌വരകളിലെ ഗ്രാമങ്ങളില്‍ കുരുമുളകും അനാറും മൈലാഞ്ചിയും അത്തിപ്പഴയും മറ്റും കൃഷി ചെയ്തു വരുന്നു. ആള്‍ താമസമില്ലാത്ത നിരവധി കെട്ടിടങ്ങള്‍ക്ക് നടുവില്‍ ഒരു കിണര്‍. പുരാതന കാലത്തുള്ളതാണെന്ന് കരുതപ്പെടുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ഒരാഴ്ച കാലം മാത്രം ഇവിടെ ആളുകള്‍ താസമത്തിനെത്താറുമുണ്ട്.
ഓരോ ദേശാടനങ്ങളും പൂര്‍ണ്ണമാവുന്നത് ആ ദേശത്തിന്റെ ഹൃദയങ്ങളിലേക്കിറങ്ങുമ്പോഴാണ്. തരീമില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ ഐന എന്ന ചെറിയ ഗ്രാമം. കര്‍ഷക കുടുംബങ്ങള്‍ പാര്‍ക്കുന്ന മനോഹരമായ പ്രദേശം. ഗ്രാമീണ ബദുക്കളുടെ കൂടെ ഒരു സായാഹ്നം എന്ന ആശയം അറിയിച്ചപ്പോള്‍ സുഹൃത്ത് ഹുസ്സയിനാണ് ഐനയിലെ കൂട്ടുകാരന്റെ ഗ്രാമത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. മോട്ടോര്‍ സൈക്കിളിന് പിറകില്‍ രണ്ടു ചക്രങ്ങളായി ഘടിപ്പിച്ച ഗുഡ്‌സ് കാരിയറില്‍ പര്‍ദ്ദയും ഹിജാബുമണിഞ്ഞ് തലയില്‍ ഈന്തപ്പനയോല കൊണ്ട് നിര്‍മ്മിച്ച തൊപ്പി വെച്ച സ്ത്രീകള്‍ പോകുന്നത് കണ്ടു. സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവരിലധികവും ഇത്തരം സ്ത്രീകളാണ്. ആടുകളെയും തെളിച്ച് നീങ്ങുന്ന സ്ത്രീകളുടെ തലയിലുമുണ്ട് ഇത്തരം തൊപ്പികള്‍. കൃഷിപ്പണിയും ആടു വളര്‍ത്തലും മറ്റും പ്രധാനമായും സ്ത്രീകളാണ് ചെയ്യുന്നത്. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുളാണ് ഇവിടെ. പുരുഷന്‍മാര്‍ മറ്റു ജോലിയകളും തേടി പോകുന്നു. പുലര്‍ കാല യാത്രകളില്‍ ചില കവലകളില്‍ ജോലിക്കാര്‍ ആവശ്യക്കാരെയും കാത്ത് കൂട്ടം കൂടി നിര്‍ക്കുന്നത് കാണാം. ചിലര്‍ പെയിന്റിംഗ് ഉപകരണങ്ങളും ഷെവലും കൈ കോട്ടും മറ്റും ഉയര്‍ത്തിപ്പിടിച്ചിരിക്കും. ഓരോരുത്തരുടെയും തൊഴില്‍ മേഖല ഇതില്‍ വ്യക്തമാണ്. നമ്മുടെ കവലകളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ കാത്തിരിക്കുമ്പോലെ തന്നെ.
പ്രധാന പാതിയില്‍ നിന്ന് അല്‍പ്പം മാറി ചെറിയ മണ്‍ പാതയുണ്ട്. ഈത്ത മരങ്ങള്‍ തണലിട്ട വഴി മുന്നോട്ട് പോകുമ്പോള്‍ ഇരുവശങ്ങളിലും മണ്‍കുടിലുകള്‍, വൈക്കോലില്‍ ഉണക്കിയെടുത്ത ചുവരുകളും ചുള്ളിക്കമ്പുകള്‍ മേഞ്ഞ മേല്‍ക്കൂരയുമായി കൊച്ചു വീടുകള്‍. ഒന്നോ രണ്ടോ നിലകളുണ്ട് പലതിനും. ആടുകളും പശുക്കളും മറ്റും അവിടെയിവിടെയായി മേയുന്നു. ചെളിക്കട്ടകള്‍ പലയിടങ്ങളിലും ഉണക്കാനിട്ടിരിക്കുന്നു. പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ പോലും താബൂക്ക് ഉപയോഗിക്കുന്നില്ല. വീടുകള്‍ക്കകത്ത് ഏത് കൊടും ചൂടിലും താപനില സാധാരണ ഗതിയില്‍ നിര്‍ത്താന്‍ ഇതുവഴി സാധ്യമാകുന്നു. മേല്‍ക്കൂരകളില്‍ ഉപയോഗിക്കുന്നത് മരത്തടികളാണ്.
മൈലാഞ്ചിയും നാരങ്ങയും അനാറും മറ്റും കായ്ച്ചു നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നാടന്‍ പപ്പായ. പാതയുടെ ഒരു വശത്ത് ചുണ്ണാമ്പ് നീറ്റുന്ന വലിയ തന്നൂര്‍ കണ്ടു. നേരത്തെ ജബല്‍ ഹൂദിലേക്കുള്ള വഴിയിലും ഇത്തരം അനേകം ചുണ്ണാമ്പ് ശാലകള്‍ കണ്ടിരുന്നു. അതിലൊന്ന് ചൂണ്ടിക്കൊണ്ട് യമനി സുഹൃത്ത് പറഞ്ഞു. 'നൂര്‍' അതെ നൂര്‍, ചുണ്ണാമ്പ് - ഞങ്ങളും പറഞ്ഞു. ചുണ്ണാമ്പിന് നൂര്‍ എന്ന പേര് കിട്ടിയത് മലയാളത്തില്‍ നിന്ന് അറബിയിലേക്കോ അതോ തിരിച്ചോ ആണെന്ന കാര്യം ഉറപ്പ്. നമ്മുടെ നാടുകളില്‍ കക്ക നീറ്റി ചുണ്ണാമ്പുണ്ടാക്കുന്ന ഇത്തരം ഇടങ്ങള്‍ ഏറെയായിരുന്നു. കേരളത്തില്‍ നീറ്റു കക്കകളാണ് നൂറുണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ മലകളില്‍ നിന്ന് കിട്ടുന്ന ചുണ്ണാമ്പ് കല്ലുകളുപയോഗിച്ചാണിവിടെ കൂറുണ്ടാക്കുന്നതെന്ന് മാത്രം.
വീടുകളിലൊന്നിന്റെ പുറക് വശത്തായി ഒരു സുന്ദരന്‍ ഒട്ടകം ശാന്തനായി വിശ്രമിക്കുന്നു. തൊട്ടരികിലായി അനേകം തേനീച്ച കൂട്ടങ്ങല്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. യമനിലെ തേന്‍ ഔഷധ വീര്യം കൊണ്ട് പ്രസിദ്ധമാണ്. സഊദിയിലും യു.എ.ഇ.യിലും മറ്റും വന്‍ വിലക്കാണ് ഇത് വിറ്റഴിയുന്നത്. സന്ധ്യ മയങ്ങിയിരിക്കുന്നു. നാട്ടു മൂപ്പന്‍മാരും മറ്റും കൂടിയിരിക്കുന്ന ചെറിയൊരു മജ്‌ലിസ്. നേരിയ തണുപ്പുള്ള രാത്രി. മദ്ഹ് ബൈത്തിന്റെ ഈണവും ദഫും ചെണ്ടയും ചേര്‍ന്ന താളവുമായി ഗായക സംഘം അണി നിരന്നു. വളഞ്ഞ ചൂരല്‍ വടികള്‍ വീശി പ്രത്യേക താളത്തില്‍ ഉയരുന്ന ബയ്ത്തുകള്‍. ഒരു മൂലയില്‍ വിറകടുപ്പില്‍ കഹ്‌വയുടെ സുഗന്ധമുയരുന്നു. സുലൈമാനിയും കാരക്കയും നുകര്‍ന്ന് അറബ് കഥകളുടെ ലോകത്തെ മാളികക്കൊട്ടാരങ്ങള്‍ക്കകത്ത് ഊദു പുകയുന്ന അന്തരീക്ഷത്തില്‍ ഉയര്‍ന്ന സംഗീകത്തിന്റെ ഓര്‍മ്മയില്‍ ലയിച്ചിരുന്നു. അധികം താമസിയാതെ പ്ലാസ്റ്റിക് സുപ്രകള്‍ നിരന്നു. വലിയ തളികകളില്‍ ചോറും ആട്ടിറച്ചിയും അച്ചാറും പഴങ്ങളും നിരന്നു. അതിഥികള്‍ക്ക്, ഗോത്ര തലവന്‍മാര്‍ക്കൊപ്പം പ്രത്യേക വിരുന്ന്. ആട്ടിറച്ചിയില്‍ മസാല പുരട്ടി കനലില്‍ ചുട്ട് മണലിനടിയില്‍ കുഴിച്ചിട്ട് പ്രത്യേക രീതിയിലാണ് പാകപ്പെടുത്തിയതെന്ന് സുഹൃത്ത് വിശദീകരിച്ചു. നിലാവും നക്ഷത്രങ്ങളുമുള്ള ആകാശ വെളിച്ചത്തില്‍ സ്‌നേഹത്തിന്റെ പരപ്പുള്ള മരുഭൂമിയില്‍ ആതിഥ്യ മര്യാദയുടെ അജ്ഞാത ശീലങ്ങള്‍ അടുത്തറിഞ്ഞു. ഇരുന്നിടത്ത് തന്നെ കൈ കഴുകിയാണ് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നത്. ഭക്ഷണം കഴിച്ച് തീരുന്നതോടെ ചൂടുള്ള സുലൈമാനി ചെറു ഗ്ലാസുകളില്‍ വരവായി. സുലൈമാനി രുചിച്ചു കൊണ്ടിരിക്കെ ചിന്തകളില്‍ പൊടുന്നനെ അബ്ദുമുഹമ്മദ് എന്ന വൃദ്ധന്‍ കടന്നു വന്നു. ഷാര്‍ജയിലെ താമസ സ്ഥലത്ത് നരച്ച താടിയില്‍ മൈലാഞ്ചി, പൊത്തി വെയില്‍ കൊള്ളാനിരിക്കുന്ന അബ്ദുവിനോട് ഒരിക്കല്‍ വെറുതെ ചോദിച്ചു. നാട്ടില്‍ പോകുന്നില്ലേയെന്ന്. ദൈന്യതയുള്ള ഒരു പുഞ്ചിരിയോടെ അയാള്‍ തരീമിലെ വീടിനെ കുറിച്ച് പറഞ്ഞു. മരുഭൂമിയില്‍ മലയടിവാരത്തുള്ള ഗ്രാമത്തിലെത്താന്‍ കൊതിയുണ്ട്. അവിടെ ഭാര്യയും അസംഖ്യം കുട്ടികളുമുള്ള വീട്. വര്‍ഷത്തില്‍ കുറഞ്ഞ ദിവസം അവിടെ ചിലവഴിക്കാന്‍ ചെല്ലുമ്പോള്‍ വലിയ സന്തോഷമാണ്. എന്നാല്‍ കയ്യിലെ പണം തീരുമ്പോള്‍ ഇളയ കുട്ടി പോലും പറയും. ബാബ എന്തിനാണിവിടെ നില്‍ക്കുന്നത്. വേഗം പോയി പണമുണ്ടാക്കൂ. എന്ന്. ഫുലൂസ് യാ അഖീ ഫുലൂസ്. പ്രവാസപ്പണത്തിന്റെ സ്വഭാവം ഏതു ദേശത്തും ഒന്ന് തന്നെയാണെന്ന് അന്നേ തോന്നിയിരുന്നു. അബ്ദു യമനിലെവിടെയെങ്കിലും ഉണ്ടാവുമോ. കണ്ടിട്ടും വിവരങ്ങളറിഞ്ഞിട്ടും ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഉടനെ ഷാര്‍ജയിലെ സുഹൃത്തിനെ വിളിച്ചു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായിരുന്നു അങ്ങേയറ്റത്തുനിന്നുള്ള മറുപടി. അബ്ദു മരിച്ചിട്ട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഷാര്‍ജയില്‍ തന്നെയാണ് മറമാടിയിരിക്കുന്നത്. ജീവിത സായാഹ്നങ്ങളില്‍ പോലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഭാഗ്യം കിട്ടാതിരുന്ന ഹതഭാഗ്യരിലൊരാള്‍. സാമ്പത്തിക പരാരീനതകളില്‍ വലയുന്ന രാജ്യങ്ങളിലാണ് ഇപ്പോഴും സാംസ്‌കാരിക പൈതൃകവും, പഴമയും നിലനില്‍ക്കുന്നതെന്ന സത്യം യമനിലൂടെയുള്ള യാത്രയിലുടനീളം ബോധ്യപ്പെട്ടിരുന്നു. എണ്ണപ്പണത്തിന്റെ കുത്തൊഴിക്കില്‍ മറ്റ് അറബ് രാഷ്ട്രങ്ങളില്‍ മിക്കതും സാംസ്‌കാരികമായ അധിനിവേശം ചെറുത്ത് നില്‍ക്കാനാവാതെ ഒഴുക്കിന്റെ ഭാഗമായത് കാണാം.
തണുപ്പിന് കനം തൂങ്ങി വരുന്നു. നിലാവുള്ള രാത്രിയില്‍ ഈന്ത മരങ്ങളുടെ തണുപ്പില്‍, വലിയ കാര്‍പ്പറ്റില്‍ മരക്കമ്പുകള്‍ നിറഞ്ഞ മച്ചില്‍ നോക്കിക്കിടന്നപ്പോള്‍, കുട്ടിക്കാലത്തിന്റെ ഓലമേഞ്ഞ വീട്ടിലെ തണുപ്പുള്ള രാത്രികള്‍ മനസ്സിനെ തഴകി. പൂര്‍വ്വ ബന്ധങ്ങളിലെവിടെയൊക്കെയോ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്ന സാംസ്‌കാരിക സമാനതകള്‍ സമന്വയിച്ച യമന്‍, കാഴ്ചകളുടെ ധാരാളിത്തത്തിനപ്പുറം നേരറിവുകളുടെ തീക്ഷണത കൊണ്ട് ഹൃദയം തൊട്ട സഞ്ചാര വഴികളിലൊന്നായി മാറിയിരിക്കുന്നു എന്നതാണ് സത്യം.
റശീദ് പുന്നശ്ശേരി
prev next