Sunday, July 24, 2011

ക്ഷണക്കത്ത്

 
 
 
അത് ഇന്നലെയായിരുന്നു 
ഞാന്‍ പോലും ഓര്‍ത്തിരുന്നില്ല 
ഓര്‍മ്മിപ്പിക്കാന്‍ ആരും ഉണ്ടായതുമില്ല
സാധാരണ പോലെ ..
 
അതിനിവിടെ എന്തെങ്കിലുമൊക്കെ
നടന്നിട്ട് വേണ്ടേ അല്ലെ ??
ആയിരത്തൊന്നു പോസ്റ്റ്‌ കളോ
അഞ്ഞൂറ് ഫോളോവേഴ്സോ
ഇരുനൂറ്റമ്പതു കമന്റുകളോ
വിവാദ പുരുഷരെ
"ആദരിക്കലോ"
"നിഗ്രഹിക്കലോ"
ഇതൊന്നുമില്ലാതെ
"പാഥേയം" അഴിച്ചു വെച്ചിട്ട്
ഒരു വര്ഷം തികഞ്ഞു കെട്ടോ..
 
പാതി വഴിയിലായ പോസ്റ്റുകള്‍
ഹാഫ് സെഞ്ചുറി തികക്കാന്‍ വെമ്പുന്ന
അഭിമാന മുഹൂര്‍ത്തം കൂടിയാണിത് .
 
എന്റെ ജന്മ ദിനം പോലും ഇങ്ങനെയാണ്
മിക്കവാറും അന്ന് പനിച്ചു കിടക്കും .
വെറുതെയല്ല ഇന്നലെ കരച്ചില്‍ വന്നത് .
 
പിന്നെ ഓര്‍മ്മ വന്നപ്പോള്‍
നിങ്ങളെയൊക്കെ വിളിച്ച്
ഒരു കട്ടന്‍ ചായയെങ്കിലും തരണ്ടേ 
എന്ന് കരുതി .
 
ഈ ആഘോഷ വേളയില്‍
ഞങ്ങള്‍ക്കൊപ്പം പുതിയൊരാള്‍  കൂടിയുണ്ട്
രണ്ടാഴ്ച മുമ്പ് പിറന്ന ഞാന്‍ കണ്ടിട്ടില്ലാത്ത "അവന്‍ "
പ്രാര്‍ഥിക്കുക
 
ഒരു വര്‍ഷത്തെ പ്രയാണം സമ്മാനിച്ച
പുതു സൌഹ്രദങ്ങളുടെ ബൂ ലോഗമേ
എന്റെ സ്നേഹവും സന്തോഷവും
നിനക്ക് നന്ദി ...നിങ്ങള്ക്ക്  നന്ദി
 
സസ്നേഹം

Monday, July 18, 2011

മലയാളത്തിന്റെ മഴ

തപിച്ചു വെന്ത മരുഭൂമിക്കു മീതെ മലയാള സാഹിത്യത്തിന്റെ കുളിര്‍ മഴ പെയ്ത ഒരു ദിവസം. ഈ മാസം 15 വെള്ളിയാഴ്ച, 45 ഡിഗ്രി ചൂടില്‍ വേനല്‍ കത്തിയെരിയുമ്പോള്‍, കവിതയും സാഹിത്യവും ഭാഷയും ചൂടുള്ള ചര്‍ച്ചകള്‍ക്കും കാമ്പുള്ള സംവാദങ്ങള്‍ക്കും സാക്ഷിയായ സാഹിതീ മലയാളം. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ വാക്കുകള്‍ കടമെടുത്താല്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച 'സമ്പൂര്‍ണ പാരിസ്ഥിതിക കവി'യായിരുന്ന മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണത്തിന്റെ ഭാഗമായി കേരളത്തിലെ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പ്രവാസ ലോകത്തെ സാഹിത്യ തല്‍പ്പരരുമായി സംവദിച്ച ഒരു പകലും രാവും അക്ഷരാര്‍ഥത്തില്‍ യു എ ഇയുടെ സാംസ്‌കാരിക നഗരിയായ ഷാര്‍ജയിലെ മലയാളികള്‍ക്ക് ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി സൂക്ഷിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു.
ഷാര്‍ജയിലെ ഒരു ഇന്‍ഹൗസ് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ശ്രീകുമാര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂനിറ്റി ഹാളില്‍ ഓടിനടന്ന് പടമെടുക്കുന്നതിനിടെ അടക്കം പറഞ്ഞു: 'വെള്ളിയാഴ്ച ആകെ കിട്ടുന്ന അവധിക്ക് എല്ലാവരും മൂടിപ്പുതച്ചുറങ്ങുമ്പോള്‍ ഞാന്‍ ക്യാമറയുമയി പുറത്തേക്കിറങ്ങും. ഇതുപോലുള്ള പരിപാടികള്‍ നമ്മളെപ്പോലുള്ളവരുടെ പ്രാതിനിധ്യം പ്രതീക്ഷിച്ചാണല്ലോ സംഘാടകര്‍ ഒരുക്കുന്നത്. പിന്നെ എങ്ങനെയാണ് ഉറങ്ങാനാകുക?'. പ്രവാസ ലോകത്തിന്റെ യാന്ത്രികതകള്‍ക്കിടയിലും പിറന്ന മണ്ണും സംസ്‌കാരവും സാഹിത്യവും സാഹിത്യകാരന്മാരെയും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നവരാണ് പ്രവാസി മലയാളികളെന്ന് എഴുത്തുകാരനും കവിയുമായ പ്രഭാവര്‍മ ഈ യാത്രക്കിടെ തന്നോടു പറഞ്ഞിരുന്നുവെന്ന് കവിയത്രി റോസ്‌മേരി കവി സമ്മേളനത്തിനിടെ എടുത്തു പറഞ്ഞത് ഇതോടു ചേര്‍ത്തുവെക്കാം.

രാവിലെ നടന്ന കവി സമ്മേളനം മലയാളത്തിന്റെ പ്രീയപ്പെട്ട കവികളായ ഏറ്റുമാനൂര്‍ സോമദാസ്, പ്രഭാവര്‍മ, റോസ്‌മേരി എന്നിവരുടെ കാവ്യ മനോഹരമായ പ്രഭാഷണങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കലാവിഭാഗമാണ് ഒരു മാസം നീണ്ടു നിന്ന അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. കവിത ബഹളങ്ങളായി മാറിയ ഒരു കാലഘട്ടത്തില്‍ ബാഹ്യ പ്രകടനങ്ങള്‍ക്കപ്പുറം കവി ഒരു നല്ല മനുഷ്യനും നല്ല മനസ്സിനുടമയുമായിരിക്കണമെന്ന് മഹാകവി പി അവാര്‍ഡ് ലഭിച്ച ഏറ്റുമാനൂര്‍ സോമദാസ് അഭിപ്രായപ്പെട്ടു. കവിതയിലെ പഴയതും പുതിയതുമായ പ്രവണതകള്‍ വീക്ഷിക്കുമ്പോള്‍ പാരമ്പര്യ കവിതകളുടെ മനോഹാരിത എന്നും ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാകവി പി യുടെ സ്മരണകള്‍ ഇക്കാരണങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നതും.




സാംസ്‌കാരിക അധിനിവേശമാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സാംസ്‌കാരിക അധഃപ്പതനത്തിലെത്തിയ ജനതയെ കീഴടക്കാന്‍ അധിവേശ ശക്തികള്‍ക്ക് എളുപ്പം സാധിക്കുമെന്നും കവിതയും ഭാഷയുമാണ് ഈ അധിനിവേശ വിരുദ്ധ സമരത്തിന് പ്രതിരോധ ആയുധമെന്നും കവി പ്രഭാവര്‍മ പറഞ്ഞു. തീവ്രമായ ദുഃഖങ്ങളും ഏകാന്തതയും ആത്മഹത്യയിലേക്ക് നയിക്കുമ്പോള്‍ ആത്മഹത്യ ശാശ്വത പരിഹാരമല്ലെന്ന കാര്യം ഉണര്‍ത്തുക. കവിതക്ക് മാത്രം സാധ്യമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. വൃത്തത്തിലെഴുതുന്ന കവിതകള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ആലാപന ശൈലികൊണ്ടു പോലും ശ്രോതാവിന് ഗ്രാഹ്യമാകുന്നിടത്താണ് മലയാള കവിതകള്‍ ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ചെറുപ്പം മുതല്‍ മഹാകവി പിയുടെ കവിതകളോടു തോന്നിയ ഭ്രമമാണ് തന്നെ വായനയിലേക്കും കവിതയിലേക്കും അടുപ്പിച്ചതെന്നും ആധുനിക കവിത, പഴയ കവിത, ഉത്തരാധുനിക കവിത എന്നിങ്ങനെ കവിതക്ക് പലതലങ്ങളില്ലെന്നും കവിത നല്ലതും ചീത്തയും എന്ന രണ്ടു തരം മാത്രമേ ഉള്ളൂവെന്നും കവയത്രി റോസ്‌മേരി പറഞ്ഞു. വൃത്തത്തിനകത്ത് എഴുതുന്നത് തനിക്ക് സ്വാതന്ത്ര്യക്കുറവായി അനുഭവപ്പെടാറുണ്ട്.
ഒരു പക്ഷി തറയില്‍ നിന്ന് പറന്നുയര്‍ന്ന് ചിറകിട്ടടിച്ചകലുമ്പോലെയാണ് വൃത്ത കവിതകള്‍ അനുഭവപ്പെടുന്നത്. കാസര്‍കോട് പോയപ്പോള്‍ മഹാകവി പി യുടെ വീട് സന്ദര്‍ശിക്കുകയും അവിടെ നിന്നെടുത്ത അദ്ദേഹത്തിന്റെ കാലടി പതിഞ്ഞ മണല്‍ത്തരികള്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അവര്‍ അനുസ്മരിച്ചു. പ്രവാസി എഴുത്തുകാരായ സുറാബ്, സത്യന്‍ മാടാക്കര, അരവിന്ദന്‍ പണിക്കാശ്ശേരി, ബ്ലോഗറും യുവ കവിയുമായ അനൂപ് ചന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ കവിതകള്‍ ആലപിച്ചു. ഉച്ചക്കു ശേഷം നടന്ന സാഹിത്യ സദസില്‍ ഡോ. എ കെ നമ്പ്യാര്‍, അംബികാ സുതന്‍ മാങ്ങാട്, ശിഹാബുദ്ദീന്‍ പൊയ്തുംകടവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംവദിച്ചു. സര്‍വാഭരണ വിദൂഷിതയായി വരുന്ന സ്ത്രീയെ കുറിച്ച്, വയല്‍ വരമ്പിലൂടെ നടന്നു വരുന്ന പുലയി പെണ്ണിനെ കുറിച്ച് വര്‍ണിച്ചെഴുതുന്നതാണ് കവിതയെന്ന് വിശ്വസിക്കുന്നയാളായിരുന്നു മഹാകവി പി യെന്ന് ഡോ. എ കെ നമ്പ്യാര്‍ അനുസ്മരിച്ചു.


 രാജാക്കന്മാരെ വാഴ്ത്തിയെഴുതിയ കവികള്‍ക്കിടയില്‍ നിന്നാണ് ഇത്തരം എഴുത്തുകാര്‍ വേറിട്ടു നടക്കാനാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാലിക പ്രസക്തമായ വിഷയങ്ങള്‍ മാത്രം എഴുതുകയെന്നത് പത്രപ്രവര്‍ത്തനമാണെന്നും സര്‍ഗാത്മകത എക്കാലവും വായിക്കപ്പെടുന്ന സൃഷ്ടികള്‍ പിറവിയെടുക്കുന്നിടത്താണ് വിജയിക്കുകയെന്നും ആ അര്‍ഥത്തില്‍ മഹാ കവി പി യുടെ രചനകള്‍ എക്കാലവും ശ്രദ്ധേയമാണെന്നും ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.

 
 ഇടശ്ശേരിയും പി കുഞ്ഞിരാമന്‍ നായരുമൊക്കെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനും ഏറെ മുമ്പു തന്നെ പ്രകൃതിയെ ഉപാസിക്കുന്ന കവിതകളിലൂടെ പാരിസ്ഥിതിക സന്ദേശം നല്‍കിയിരുന്നവരാണ്. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ അദ്ദേഹത്തിന്റെ നാട്ടില്‍ കൊണ്ടുപോയാണ് തളിച്ചതെന്ന വിരോധാഭാസം നിലനില്‍ക്കുകയാണ്. ഇതേ കുറിച്ച് നോവലെഴുതിയ അംബികാ സുതന്‍ മാങ്ങാടും ചര്‍ച്ചയില്‍ സംവദിച്ചു.

വേനല്‍ ചൂടിനെ വകവെക്കാതെ തിങ്ങി നിറഞ്ഞ മലയാള സാഹിത്യ തല്‍പരരുടെ മനസിനെ തൊട്ടുണര്‍ത്താന്‍ പോന്ന ആശയങ്ങളുടെ സംവേദനം സംഘാടനത്തിലെ മികവു കൊണ്ടും ശ്രദ്ധേയമായി. വൈകുന്നേരം നടന്ന സമാപന സാംസ്‌കാരിക സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും സുകുമാര്‍ അഴീക്കോടിന്റെയും മറ്റ് സര്‍ഗപ്രതിഭകളുടെയും സാന്നിധ്യം കൊണ്ടു തന്നെ ശ്രദ്ധേയമായി.




നാലു പതിറ്റാണ്ടു കാലത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ അസോസിയേഷന്റെ ചരിത്രത്തില്‍ ഇത്തരം പരിപാടികള്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാഹിത്യ ലോകത്തിനു മാത്രമായി തീര്‍ന്ന ഒരു രാപ്പകല്‍ മലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു.




ചിത്രങ്ങള്‍ : കെ വി ശുകൂര്‍. ശ്രീ കുമാര്‍

Friday, July 1, 2011

ഉപ്പു സത്യാഗ്രഹം


ഉറക്കമുണര്‍ന്നപ്പോള്‍ വല്ലാത്ത വിശപ്പ്.എത്ര നേരമായിക്കാണും തുടര്‍ച്ചയായ ഈ നിദ്ര?.തൊണ്ട വരണ്ട് പൊള്ളുന്നു.അല്‍പ്പം വെള്ളം കിട്ടിയാല്‍ കുടിക്കാമായിരുന്നു.ദാഹത്തിനു മുന്നില്‍ മാത്രം ഏത് രാജാവും  ദൈവത്തെ ഓര്‍ത്ത്‌ പോകും. ഞാന്‍ ചുറ്റും നോക്കി.അപരിചിതത്വത്തിന്റെ മൂടുപടലങ്ങള്‍ കാഴ്ച മറച്ചിരിക്കുന്നു.അതോ എന്റെ കണ്ണുകള്‍ തോറ്റു പോവുകയാവുമോ?.
കടല്‍ക്കരയില്‍  ഉപ്പ്   വാറ്റുന്ന ഖദര്‍ ധാരികളായ സത്യാഗ്രഹികളും കറുത്ത ബൂട്ടിന്റെയും ലാത്തിയുടെയും തോക്കിന്റെയും ബലത്തില്‍ എതിരിടുന്ന വെള്ളപ്പട്ടാളവും എവിടെയാണ്?.
ഒട്ടകലെയല്ലാതെ സത്യാഗ്രഹപ്പന്തല്‍ ഒരു നിഴല്‍ പോലെ തെളിയുന്നു. അവിടെ ആളനക്കവും ചെറിയ ശബ്ദവും കേള്‍ക്കാം .പതിയെ എഴുനേല്‍ക്കാന്‍ ശ്രമിച്ചു.കാലുകള്‍ക്ക് ശക്തി പോരാ. വേച്ചു പോകുന്നു.
യൗവനത്തിന്റെ തീക്ഷ്ണത മുറ്റിയ എന്റെ അവയവങ്ങളെല്ലാം ഇപ്പോഴെന്തേ ഇങ്ങനെ? ശിപ്പായി പോലീസിന്റെ ലാത്തിയടി കൊണ്ട് പുളഞ്ഞ്‌ നിലത്തിരുന്നത് ഒരു മിന്നായം പോലെ ഓര്‍മയില്‍ വന്നു.നാല് പാടും ചിതറിയോടുന്ന സമരക്കാര്‍ക്കും പോലീസിനുമിടയില്‍ എഴുനേല്‍ക്കാന്‍ വയ്യാതെ തപ്പിയും തടഞ്ഞും വേദന സഹിക്കാനാവാതെ മയക്കത്തിലേക്ക് പതിയെ വീഴുകയായിരുന്നു.
ഒരുവിധം "സമരപ്പന്തലി"നടുത്തെത്തി.അകത്ത് നിന്നുയരുന്ന അവ്യക്ത ശബ്ദങ്ങള്‍ക്ക് ഏത് ഭാഷയാണാവോ?.ചാരിയിട്ട വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തനിയെ തുറന്ന്‍ വന്നു.അകത്ത് കടന്നപ്പോള്‍ ശരീരത്തില്‍ കുളിര് പടരുന്നു.ഗ്ലാസുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കാം ഒപ്പം ഡേവിഡ് സായിപ്പിന്റെ ബംഗ്ലാവിനു മുന്നിലൂടെ പോകുമ്പോള്‍ കേട്ടിരുന്ന സംഗീതവും.എനിക്ക് ഇടം തെറ്റിയാതാവുമോ?.
മുന്നില്‍ ഒരു വെളുത്ത നിഴല്‍ രൂപം.ഞാന്‍ ആംഗ്യ ഭാഷയില്‍ സംസാരിച്ചു.
"അല്‍പ്പം വെള്ളം"
"പണമുണ്ടോ കയ്യില്‍?"
അയാളുടെ മറു ചോദ്യം എന്നില്‍ ആശ്ചര്യമുളവാക്കി .ഈശ്വരാ കുടിവെള്ളത്തിനും പണമോ? 
മുഷിഞ്ഞ ഖദറിന്റെ കീശ തപ്പിയപ്പോള്‍ ഒന്ന് രണ്ട് വെള്ളിനാണയങ്ങള്‍ കിട്ടി.ഞാനത് അയാള്‍ക്ക്‌ നേരെ നീട്ടി.
അയാള്‍ നാണയങ്ങള്‍ വിശ്വാസം വരാത്തത് പോലെ തിരിച്ചും മറിച്ചും നോക്കുന്നത് ഇപ്പോഴെനിക്ക്‌ അവ്യക്തമെങ്കിലും കാണാമായിരുന്നു.
പൊടുന്നനെ പ്രത്യക്ഷനായ മറ്റൊരാള്‍ കീശയില്‍ നിന്നും ചുവന്ന നിറമുള്ള ഒരു കടലാസെടുത്ത്‌ ഉയര്‍ത്തിക്കാണിച്ചു.
മോണ കാട്ടി ചിരിക്കുന്ന ഗാന്ധിജിയുടെ  തലയുള്ള ആ കടലാസ് ചൂണ്ടി അയാള്‍ വീണ്ടും ചോദിച്ചു.
"ഇങ്ങേരുണ്ടോ അമ്മാവാ കീശയില്‍?"
ഒന്നും മനസ്സിലായില്ലെങ്കിലും വരണ്ട തൊണ്ട വക വെക്കാതെ വിറയാര്‍ന്ന എന്റെ ചുണ്ടുകള്‍ ചെറിയൊരു വിക്കോടെ ഉറക്കെ വിളിച്ചു.
"ഗാന്ധി ജീ കീ ജയ്‌ "



(ക്രത്യമായി പറഞ്ഞാല്‍ 1999 മേയ് 19 നു ഞാനെഴുതിയ ഈ കഥയുടെ
കയ്യെഴുത്ത് പ്രതി എന്റെ പ്രിയപ്പെട്ടവള്‍ ഗവേഷണത്തിനിടെ (പഴയ വല്ല .......ലേഖനങ്ങളും കിട്ടാനുള്ള അന്വേഷണ ത്വര)
കണ്ടെത്തുകയായിരുന്നു. മനോരമ ഞായറാഴ്ച പതിപ്പില്‍ ഇത് വെളിച്ചം കണ്ടിരുന്നു.
"നടെശന്മാരെ" കൊല്ലരുത് -:)
prev next