Saturday, February 26, 2011

കളിപ്പാട്ടങ്ങള്‍

 കളിപ്പാട്ടങ്ങള്‍

മുഫീദും ഫിര്‍സാനും പിന്നെ ദേവി നന്ദനയുമൊക്കെയാണു ഇപ്പോള്‍ എന്റെ ഉറക്കം കെടുത്തുന്ന വില്ലന്മാര്‍. ഇവരൊക്കെ ആരാണെന്നായിരിക്കും.
സത്യത്തില്‍ ഇവരെയൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ല. എനിക്കൊട്ട് പരിചയവുമില്ല. കേ ജി ക്ലാസ്സില്‍ മകന്റെ കൂട്ടുകാരാണിവര്‍. അവനിലൂടെയാണു ഇവരെ ഞാനറിയുന്നത്.
ഒരു കാര്യം എനികുറപ്പുണ്ട്. ഇവരെല്ലാം ഭാവിയില്‍ രാഷ്ട്രീയത്തിലോ, മാര്‍ക്കറ്റിങ്ങിലൊ, ഒക്കെ ഇറങ്ങിയാല്‍ 110% വിജയിക്കുമെന്നതില്‍ സംശയം വേണ്ട. കാരണം ഓരോ ദിവസവും ക്ലാസ്സ് കഴിഞ്ഞെത്തുമ്പോള്‍ മകന്‍ പറഞ്ഞു തരാറുള്ള കഥകളിലെ ഇവരുടെയൊക്കെ പെര്‍ഫോമന്‍സ് അത്രമേല്‍ മികച്ചതാണു.
ഒരു ചോക്കളേറ്റ് കൈക്കൂലി നല്‍കി ടീച്ചറുടെ കണ്ണ് വെട്ടിച്ച്നോട്ടുകള്‍ എഴുതിക്കുന്നതില്‍ വിരുതനാണു ഇവരിലൊരാള്‍. അതൊക്കെ സഹിക്കാം സ്വന്തമായി വലിയ ഹെലിക്കോപ്റ്ററും വിമാനവുമൊക്കെ ഉണ്ടെന്ന് വീമ്പടിച്ച് നടക്കുന്ന ഇവരിലെ ചില ഹീറോകളാണു എന്നെയിപ്പോള്‍ വെറും സീറോ ആക്കി കളയുന്നത്.
കഴിഞ്ഞ ദിവസം മകന്‍ അസന്നിഗ്ദമായി തന്റെ നയം വ്യക്തമാക്കി കഴി
ഞ്ഞു. നമ്മുടേ കാറു വിറ്റ് നമുക്കും ഒരു ഹെലിക്കോപ്റ്റര്‍ വാങ്ങണം. തികച്ചും ന്യായമായ ആവശ്യം. ഫിര്‍സാനും മുഫീദും മറ്റ് കൂട്ട്കാരുമൊക്കെ ഹെലിക്കോപ്റ്ററില്‍ പോകുമ്പോള്‍ നമ്മള്‍ മാത്രം എന്തിനു കാറില്‍ പോകണം.
പണം തികയില്ലല്ലോയെന്ന ഒരു മറു വാദമുന്നയിച്ചു നോക്കി. നോ രക്ഷ.
എന്റെ പേഴ്‌സില്‍ നിന്ന് ക്രഡിറ്റ് കാര്‍ഡ് തപ്പിയെടുത്ത് അവന്‍ ചോദിച്ചു. പൈസ എന്തിനാ ഇതു പോരെ? എന്ന്.

പ്രായത്തിന്റെ ഓരോരോ കുസ്ര്തികളെന്ന് ആശ്വസിക്കാന്‍ ശ്രമിക്കുമ്പോഴാണു, എനിക്കുമുണ്ടായിരുന്നല്ലോ ഇതു പോലൊരു പ്രായമെന്ന കൗതുക സത്യം മനസ്സില്‍ മിന്നിയത്. അന്ന് ആദ്യമായി സ്വപ്നം കണ്ട വാഹനം ഏതായിരുന്നു? കയ്യില്‍ കിട്ടിയ കളിപ്പാട്ടമേതായിരുന്നു?
പോയ കാലത്തിന്റെ പോക്കു വെയില്‍ കായുന്ന വെളുത്ത നിറമുള്ള ആ മരുന്നു പെട്ടിയും പച്ച നിറമുള്ള റാല്ലി സൈക്കിളും അപ്പോഴാണു മനസ്സില്‍ ഓടിയെത്തിയത്.

കണ്ണുകളില്‍ തൂങ്ങി വരുന്ന ഉറക്കത്തിനു പിടി കൊടുക്കാത്ത കാത്തിരിപ്പിന്റെ രാത്രികള്‍. ഓലച്ചൂട്ടിന്റെ വെളിച്ചം മിന്നി മിന്നി അടുത്ത് വരുന്നതും ഒടുവില്‍ ഒതുക്കു കല്ലുകളില്‍ തല്ലിക്കെടുത്തുന്നതും സിഗരറ്റിന്റെ നേരിയ ഗന്ധത്തിനൊപ്പം കടന്നു വരുന്ന ഉപ്പ ഒരു പേക്ക് റൊട്ടിയോ,ബിസ്‌കറ്റോ സ്‌നേഹപൂര്‍വം കൈകളില്‍ വച്ചു തരുന്നതുമെല്ലാം ഓര്‍മയില്‍ ഓടിയെത്തി. ബാര്‍ സോപ്പ് കമ്പനി ''ഉടമയായ'' ബാപ്പക്ക് സഞ്ചരിക്കാന്‍ അന്നൊരു വാഹനമുണ്ടായിരുന്നു. പിറകില്‍ ''ഹെവി കാരിയര്‍'' ഉള്ള ഒരു റാല്ലി സൈക്കിള്‍. അതിന്റെ മുന്നിലെ തണ്ടിലിരുന്ന് യാത്ര ചെയ്തപ്പോഴെല്ലാം എന്തൊരഭിമാനമായിരുന്നെന്നോ?. പിന്‍ വശം വേദനിക്കാറുണ്ടായിരുന്നെങ്കിലും ആ ''സുഖമുള്ള നോവ്''
സൈക്കിള്‍ സവാരിയുടേ ത്രില്ലിനു മുന്നില്‍ ഒന്നുമല്ലായിരുന്നു. വേദനിക്കുന്നെന്ന് പറഞ്ഞാല്‍ ഉപ്പ പിന്നെ സൈക്കിളില്‍ കയറ്റിയില്ലെങ്കിലോ എന്നായിരുന്നു ഭയം. എന്നാല്‍ എന്റെ അസ്വസ്ഥത മനസ്സിലാക്കിയാവണം പുതിയ സൈക്കിള്‍ വാങ്ങുമ്പോള്‍ മുന്നില്‍ നിനക്കൊരു ''കുട്ടി സീറ്റ് '' വെപ്പിക്കാമെന്ന് ഉപ്പ പറഞ്ഞതോടെ ഞാന്‍ ശരിക്കും ''മുതലാളി''യുടെ മകനാണെന്ന് എനിക്കും തോന്നി.

കളിപ്പാട്ടങ്ങളെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും ആയിടെ ഒരു രാവില്‍ ഉപ്പ കൊണ്ടു വന്ന് തന്ന ഒരു ടോണിക്കിന്റെ വെളുത്ത കവറിലാണു. അത് കിട്ടിയ ദിവസംഉറക്കം വന്നതേയില്ല. ഞാന്‍ കളിച്ച് കൊണ്ടെയിരുന്നു. അടുത്ത ദിവസം രാവിലെ അത് കൊണ്ട് ഒരു ബസ്സ് ഉണ്ടാക്കാമെന്ന പ്ലാനിങ്ങുമായാണു ഉറങ്ങാന്‍ കിടന്നത്. കവുങ്ങിന്റെ പാളയും ഓലച്ചക്രങ്ങളും പപ്പായ മരത്തിന്റെ തണ്ടുമൊക്കെ ഉപയോഗിച്ച് അമ്മാവന്‍ ഉണ്ടാക്കി തന്നിരുന്ന കളിവണ്ടികള്‍ ശരിക്കും മടുത്ത് തുടങ്ങിയിരുന്നു എന്നതാണു വാസ്തവം.

തക്കാളിപ്പെട്ടിയുടെ മരവും പൗഡറിന്റെയും കോള്‍ഗേറ്റിന്റെയും മറ്റും ടിന്‍ തകിടുകളും ഉപയോഗിച്ച് മനോഹരമായ ലോറികളുടെ തനത് മാത്ര്കകള്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദരായ ചില മുതിര്‍ന്ന സംഘങ്ങള്‍ അമ്മാവന്മാരുടേ കൂട്ടുകാരായി ഉണ്ടായിരുന്നു. തങ്ങളുടെ വണ്ടികള്‍ ഏറ്റവും പൂര്‍ണ്ണത നിറഞ്ഞതാക്കാന്‍ അവര്‍ തമ്മില്‍ വലിയ മത്സരം തന്നെ നടന്നിരുന്നുവത്രെ. കറുത്ത ഹവായ് ചെരിപ്പും ബാറ്ററിയുടെ ചുവന്ന ടോപ്പും മറ്റുമുപയോഗിച്ചായിരുന്നു ടയറുകളുടെ നിര്‍മ്മാണം.രാത്രിയില്‍ കത്തുന്ന ഹെഡ് ലൈറ്റുകള്‍ പോലും അവയില്‍ പലതിനും ഉണ്ടായിരുന്നു.
വയലും റോഡും തോടും തിരിച്ചറിയപ്പെടാതെ കിടക്കുന്ന ഗ്രാമത്തിലെ ചെമ്മണ്‍ പാതയിലൂടെ തടി കയറ്റാനായി ആഴ്ചയിലൊരിക്കലോ മറ്റോ വരുന്ന ലോറികള്‍ സസൂക്ഷ്മം നിരീക്ഷിച്ചായിരുന്നു ഈ ലോറി നിര്‍മ്മാണം നടന്നിരുന്നതെന്നറിയുമ്പോഴാണു അവരുടെ വൈദഗ്ദ്യം നമ്മള്‍ അംഗീകരിച്ചു പോകുന്നത്. വലുതാകുമ്പോള്‍ എനിക്കും അത്തരമൊരെണ്ണം ഉണ്ടാക്കിത്തരാമെന്ന് അവര്‍ സമ്മതിച്ചിട്ടുമുണ്ട്.
പിറ്റേന്ന് നേരം പുലര്‍ന്നതും ആദ്യമന്വേഷിച്ചത് രാത്രി തലയണക്കരികെ വെച്ച് കിടന്നുറങ്ങിയ പെട്ടിയായിരുന്നു. പക്ഷെ അതവിടെ കാണാനില്ല.
പടച്ചോനെ ഇതെവിടെപ്പോയി?. പല്ല് പോലും തേക്കാതെ തിരച്ചിലാരംഭിച്ചു. പക്ഷെ എവിടെയും കാണാനില്ല. ഉമ്മയോട് ചോദിക്കാനാണു അടുക്കളയിലേക്ക് ഓടിയത്. അപ്പോഴാണു ഞെട്ടിപ്പിക്കുന്ന ആ സത്യം ഞാനറിയുന്നത്. എനിക്ക് മുമ്പെ തന്നെ ആ വീട്ടിലെ ഇളയവനായ, എളാപ്പയുടെ മകന്‍ ഉണര്‍ന്ന് കളി തുടങ്ങിക്കഴിഞ്ഞിരുന്നു. രാത്രി അവന്‍ നേരത്തെ ഉറങ്ങിയത് കാരണം അത്രയും സമയം കളിച്ചത് മിച്ചം. ഇപ്പോള്‍ ആ മരുന്നു പെട്ടി കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ സ്വപ്നം കണ്ട ഹയ്‌ടെക് ബസ് പഴയ ആനവണ്ടി പാണ്ടി ലോറിക്കിടിച്ച പോലെ കിടക്കുന്നു.
ദേശ്യവും സങ്കടവും സഹിക്കാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഉപ്പയും ഉമ്മയും മറ്റും ആ പെട്ടി അവനില്‍ നിന്ന് വാങ്ങിത്തരാന്‍ പതിനെട്ടടവുമെടുത്തെങ്കിലും എല്ലാം വിഫലമായി. ഒടുവില്‍ വൈകുന്നേരത്തിനു മുമ്പായി മറ്റൊരെണ്ണം സംഘടിപ്പിച്ച് തരാമെന്ന വ്യവസ്ഥയില്‍ തല്‍ക്കലം പ്രശ്‌നം ഒത്തു തീര്‍പ്പായി.

ഉപ്പ വാക്ക് പാലിച്ചെങ്കിലും തലേന്ന് കിട്ടിയ പെട്ടിയോളം ആകര്‍ഷകമായിരുന്നില്ല അത്. പിന്നീടൊരിക്കലും അത്രമേല്‍ കൗതുകം മറ്റൊരു കളിപ്പാട്ടത്തോട് തോന്നിയിട്ടുണ്ടോ എന്നതും സംശയമാണു.
പക്ഷെ ഒരുപാട് നിറങ്ങളുടെ ധാരാളിത്തമില്ലാതിരുന്ന കുഞ്ഞു നാളിന്റെ കനലെരിയൂന്ന ഓര്‍മ്മകളിലെ ആ സ്‌നേഹ നിമിഷങ്ങള്‍ക്ക് മാത്രം മരണമുണ്ടാവില്ല. കാരണം ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു.

എനിക്ക് താഴെയുള്ള മൂന്ന് പേര്‍ക്കും ഉപ്പയുടെ സാമീപ്യവും സ്‌നേഹവും വിധിച്ചിട്ടുണ്ടായിരുന്നില്ല. ഒരു റമസാന്‍ പതിനേഴിനു മയ്യിത്ത് കട്ടിലില്‍ വെള്ള പുതച്ച് യാത്രയായ ആള്‍ക്കൊപ്പം ലഭിക്കാനുള്ള പണത്തിന്റെ കണക്കും മാഞ്ഞ് പോയപ്പോള്‍ കടം കിട്ടാനുള്ളവരുടെ കണക്ക് കിറു ക്ര്ത്യമായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഉമ്മയെയും അനുജത്തിയെയും തനിച്ചാക്കി ഞാനും അനുജനും അതിജീവനത്തിന്റെ അകലങ്ങള്‍ തേടി. കളിപ്പാട്ടങ്ങളും
കളികളുമൊക്കെ അവിടം കൊണ്ടവസാനിച്ചു കഴിഞ്ഞിരുന്നു. സ്വയമൊരു കളിപ്പാട്ടമാണെന്ന തിരിച്ചറിവിനിടയിലും ഞാന്‍ അസൂയപ്പെടാറുള്ളത് ഒന്നിനെക്കുറിച്ച് മാത്രമായിരുന്നു. അച്ചനും അമ്മക്കുമൊപ്പം ജീവിക്കാന്‍ ഭാഗ്യം ലഭിച്ച കൂട്ട്കാരെക്കുറിച്ച്. അനുജത്തിമാരുടെ നിക്കാഹിനു കൈ കൊടുക്കാനിരിക്കുമ്പോള്‍ ഞാന്‍ വെറുതെ കൊതിച്ച് പോയിട്ടുണ്ട് ഈ സദസ്സിലേക്ക് എന്റെ ഉപ്പ കയറി വന്നിരുന്നെങ്കിലെന്ന്.

ഉപ്പയുടെ സൈക്കിള്‍ തണ്ടിലിരുന്ന് യാത്ര ചെയ്ത ഇടവഴികളും തോടുകളുമെല്ലാം ഇപ്പോള്‍ റോഡുകളായി മാറി. മോട്ടോര്‍ ബൈക്കിന്റെ മുന്‍ സീറ്റില്‍ അച്ചനും അമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം സകുടുംബം യാത്ര ചെയ്യാന്‍ ഭാഗ്യം കിട്ടിയവരുടേതാണിപ്പോള്‍ ഈ വഴികള്‍. വേഗത കുറഞ്ഞവന്‍ പിന്‍ തള്ളപ്പെടുന്ന പ്രക്രതിയുടെ വിഭിന്നവഴികള്‍. കാലത്തിനൊപ്പം കളികളും കളിപ്പാട്ടങ്ങളുമെല്ലാം വളറ്ന്നു കഴിഞ്ഞു. അമ്മിഞ്ഞപ്പാല്‍ സമ്മാനം വാങ്ങാന്‍ മത്സരിക്കുന്നലോകത്തിന്റെ കളിപ്പാട്ടങ്ങളാവുകയാണോ നമ്മള്‍ ?

Tuesday, February 1, 2011

പി ബി നമ്പര് സീറോ സീറോനാട്ടില്‍ ഊരും പേരുമില്ലാതെ തേരാ പാരാ നടന്നവനൊക്കെയും ഗള്‍ഫില്‍ ചേക്കേറിയാലുടന്‍ നാട്ടിലേക്ക് ഒരെഴുത്തയക്കും. വിമാനം കയറിയത് മുതലുള്ള 'തീവ്രാനുഭവങ്ങള്‍' വിവരിക്കുന്ന ഒരു നീളന്‍ കത്ത്.


'നാടുകടത്താന്‍'വിമാനത്താവളം വരെ ചെന്നവരെല്ലാം കാത്തിരിക്കുന്നത് ആ കത്തിനാണ്. അതില്‍ ജോലിയും കൂലിയുമൊന്നുമായില്ലെങ്കിലും ഒരു നമ്പറുണ്ടാകും. പി ബി നമ്പര്‍.


പി ബി നമ്പര്‍ കാണുന്നതോടെ പണ്ടത്തെ പ്രവാസിയുടെ വീടുകളില്‍ ദീര്‍ഘനിശ്വാസങ്ങളുയരും.
 'ഭാഗ്യം പടച്ചോന്‍ കാത്ത് അവനൊരു സ്ഥിരം അഡ്രസെങ്കിലും ആയല്ലോ'

എന്ന ചിന്തയാകും വീട്ടുകാര്‍ക്ക്. ആശ്രയമേതുമില്ലാത്ത മരുഭൂമിയില്‍ ഏതെങ്കിലുമൊരു മലയാളിയുടെ 'ഗ്രോസറി'യുടെ മുന്നിലുള്ള അനാഥമായ പെട്ടിയാണ് പലരുടെയും 'പി ബി നമ്പറെ'ന്ന കാര്യമുണ്ടോ വീട്ടുകാരറിയുന്നു.

ഇക്കാക്കമാരുടെ പി ബി നമ്പറില്‍ അഭിമാനം കൊണ്ടുനടന്നവരെല്ലാം പിന്നീട് ഇക്കരയെത്തി
 'പി ബി നമ്പറെ'ന്ന 'സിഗരറ്റ് പെട്ടി' കണ്ടതോടെ ഊറിയ ചിരി ഉള്ളിലൊതുക്കുകയായിരുന്നു. ആത്മാഭിമാനത്തില്‍ ആരെക്കാളും മുമ്പിലായ പ്രവാസികള്‍ പല കഥകളും പിന്നീട് നാട്ടില്‍ പാട്ടാക്കിയെങ്കിലും ഈ 'പെട്ടിക്കഥ' ഇപ്പോഴും പുറംലോകമറിയില്ലെന്നതാണ് സത്യം. 'ഗള്‍ഫുകാരനെന്ന' സ്റ്റാന്റിംഗില്‍ നഷ്ടമായ പ്രതാപം വീണ്ടുകിട്ടുന്നതിനായി പല 'നമ്പറു'കളുമിറക്കുമ്പോഴും സ്വന്തമായി പതിച്ചുകിട്ടിയ ആദ്യത്തെ നമ്പര്‍ പലരും മറന്നിരുന്നു.
അതാണ് പി ബി നമ്പര്‍

പ്രവാസ മലയാളത്തിന്റെ ആദ്യ നാളുകളില്‍ തന്നെ നാം കേട്ടുതുടങ്ങിയതാണിത്. പി ബി നമ്പറെന്ന ബോക്‌സിലേക്ക് നമ്മുടേതായി പല 'സംഭാവന'കളും പല തവണ ഒഴുകിയെത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് കോപ്പിയും എട്ടു കോപ്പി ഫോട്ടോയും എത്രയെത്ര പോസ്റ്റു ബോക്സുകളിലെക്കാണ് നമ്മള്‍ അയച്ചു തള്ളിയത് .

എന്നാല്‍ മലയാള ഭാഷക്ക് പി ബി നമ്പര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് ആരും എവിടെയും പറഞ്ഞുകേട്ടിട്ടില്ല .
ഭാഷ മരിക്കുന്നുവെന്ന് വിലപിക്കുന്നവരോട് ഇനി നമുക്ക് പറയാം, പോസ്റ്റ് ബോക്‌സുകളും പോസ്റ്റോഫീസുകളും പോസ്റ്റുമാന്‍മാരുമെല്ലാം നിലനില്‍പ്പിനായുള്ള അവസാന പോരാട്ടത്തിലാണെന്ന്. പോസ്റ്റ് ബോക്‌സുകള്‍ ഒരു ജനതയുടെ വികാരവും സ്വപ്‌നവും സങ്കടങ്ങളും പങ്കുവെച്ചുതുടങ്ങിയ കാലത്തെക്കുറിച്ചറിയണമെങ്കില്‍ അബുദാബി കത്ത് പാട്ട് തന്നെ കേള്‍ക്കണമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു.


'അബുദാബിലുള്ളൊരെഴുത്തുപെട്ടീ-
അന്നു തുറന്നപ്പോള്‍ കത്തുകിട്ടീ-
എന്‍പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ വരികള്‍ ഞാന്‍ കണ്ടു ഞെട്ടീ'


'അബുദാബിയിലെ എഴുത്തുപെട്ടി' കള്‍ തുറക്കാന്‍ ചെല്ലുന്നവര്‍ ഇന്നും ഞെട്ടാറുണ്ട്. എഴുത്തു കണ്ടിട്ടല്ല.
ഇത്രയധികം ബേങ്കുകള്‍ ഇന്നാട്ടിലുണ്ടെന്നറിയുന്നത് എഴുത്തുപെട്ടികള്‍ തുറക്കുമ്പോഴാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ ചേക്കേറിയവരുടെ പേരില്‍ പോലും മാസത്തില്‍ അഞ്ചും ആറും ബേങ്കുകളുടെ സ്റ്റേറ്റ്‌മെന്റുകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും പെട്ടി നിറഞ്ഞ് കിടക്കുന്നത് കാണുമ്പോള്‍ എങ്ങിനെ ഞെട്ടാതിരിക്കും.
അറബിക്കടലിന്റെ ഇരുകരകളിലിരുന്ന് സ്വപ്‌നങ്ങള്‍ കരഞ്ഞും പറഞ്ഞും തീര്‍ത്തവര്‍ നെഞ്ചേറ്റിയ മനോഹരമായ കലയായിരുന്നു കത്തെഴുത്ത്. ഭാവനകളേതുമില്ലാത്ത അനുഭവമെഴുത്തിന്റെ രീതി എത്ര പെട്ടെന്നാണ് അപ്രത്യക്ഷമായത്. ഒരുകാലത്ത് അയച്ചു കിട്ടിയ കത്തുകള്‍ നിധി പോലെ സൂക്ഷിച്ചു വച്ചിരുന്ന പ്രവാസി സുഹ്രത്തേ,
അവസാനമായി കുടുംബത്തിനോ, കൂട്ടുകാര്‍ക്കോ, പ്രിയതമക്കോ, സ്‌നേഹിതക്കോ ഒരു കത്തെഴുതിയ ദിനം എന്നായിരുന്നുവെന്ന് ഓര്‍ത്ത് നോക്കാമോ?
ഇന്‍ലന്‍ഡിന്റെയും സ്റ്റാമ്പിന്റെയും ലക്കോട്ടിന്റെയുമൊക്കെ വിലയെത്രയാണ്?
കടലാസും പേനയും പാഡുമെടുത്ത് ഒരു കത്തെഴുത്ത് മത്സരത്തിനിരുത്തിയാല്‍ എത്ര പേര്‍ക്ക് ഒരു പുറം തികച്ചെഴുതാനാവും?
എങ്കിലും നാം വിലപിക്കുകയാണ്. ഭാഷ മരിക്കുന്നു, ഭാവന മരിക്കുന്നു, മലയാളം മരിക്കുന്നു.
കല്യാണം കഴിഞ്ഞ് തിരികെയെത്തിയ പ്രവാസിക്ക് ഒരു കാലത്ത് പേനയും കടലാസും സമയവും ലക്കോട്ടും സ്റ്റാമ്പുമൊന്നും തികയില്ലായിരുന്നു.
അക്ഷരമാലകള്‍ കൂട്ടിയെഴുതാന്‍ പോലും പലരും പഠിച്ചത് ഈ പരീക്ഷണ ഘട്ടത്തിലായിരുന്നുവെന്ന് പറയുന്നതില്‍ തെറ്റില്ല. അന്ന് കത്തെഴുത്ത് ശീലിച്ചവരില്‍ പലരും പിന്നീട് എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞതിന്റെ അനുഭവസാക്ഷ്യം നമുക്ക് മുന്നിലുണ്ട്. 'കൂട്ടുകാരന്‍' എന്ന ബ്ലോഗിലൂടെ പ്രസിദ്ധനായ സഊദി അറേബ്യയില്‍ നിന്നുള്ള ബ്ലോഗര്‍ മലപ്പുറം സ്വദേശി ഹംസയുടെ ബ്ലോഗിലെ ചില വാചകങ്ങള്‍ നോക്കൂ.

'എഴുതാന്‍ തുടങ്ങിയത് കല്യാണം കഴിഞ്ഞ്. വിരഹം അനുഭവിക്കുമ്പോള്‍ ഇടതടവില്ലാതെ ഭാര്യക്ക് എഴുതിയിരുന്ന കത്തുകളാണ്. ഒരു കത്തില്‍ തന്നെ ഇരുപതും മുപ്പതും പേജുകള്‍ എഴുതുന്നത് കൊണ്ട് ഒരിക്കല്‍ ശിപായി പറഞ്ഞുവത്രേ, 'കത്തിന്റെ ഭാരം കണ്ടാല്‍ ഞാന്‍ അഡ്രസ് നോക്കാറില്ല, ഇങ്ങോട്ട് കൊണ്ടുവരാറാണ്' എന്ന്. അത് കേട്ട് ഉപ്പയും ഉമ്മയും പെങ്ങന്മാരും കൂടി കുറേ ചിരിച്ചുവെന്ന് പിന്നീട് വന്ന കത്തില്‍ അവള്‍ എഴുതിയപ്പോള്‍, എനിക്ക് തോന്നി ഞാനും ഒരു 'എഴുത്തുകാരന്‍' തന്നെയെന്ന് ''.

ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഹംസ പറഞ്ഞത് വളരെ വലിയൊരു യഥാര്ത്യമാണ് എന്നതില്‍ തര്‍ക്കമില്ല.
ഇങ്ങനെ എത്ര എഴുത്തുകാരാണ് കത്തെഴുത്തിലൂടെ മാത്രം ഭാവനകളുടെ ലോകത്തേക്ക് കടുന്നുവരുന്നത്.

'കണ്ണീരില്‍ മഷിചാലിച്ചെഴുതുന്ന പിരിശത്തിന്‍
കരളേ ഞാന്‍ സലാം ചൊല്ലിത്തുടങ്ങുന്നു.
കഥനങ്ങള്‍ നിറഞ്ഞൊരാമണല്‍ കാട്ടിലെന്റെ മുത്ത്
കനിയാറ്റല്‍ മെഹബൂബേ സുഖം നേരുന്നു'


ഒരു ആല്‍ബത്തിന് വേണ്ടി കൂട്ടുകാരന്റെ നിര്‍ബന്ധപ്രകാരം എഴുതിയ പാട്ടിലെ വരികളില്‍ ഞാനിന്നും കണ്ണോടിക്കാറുണ്ട്. (മാപ്പിള പാട്ടിനു എന്റെ ചില എളിയ സംഭാവനകള്‍ ഇവിടെ ഉണ്ട് )പലകാരണങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാവാതെ പോയ പദ്ധതിയുടെ നിത്യ സ്മാരകമായി മാറിക്കഴിഞ്ഞു ആ വരികള്‍. കാരണം ഇനിയൊരിക്കലും ഈ വരികള്‍ പ്രസക്തമല്ലെന്നതു തന്നെ.
 'ഹാന്‍ഡ് സെറ്റെ'ന്ന ശരീരവും 'സിം കാര്‍ഡെ'ന്ന ആത്മാവുമായി മൊബൈല്‍ ഫോണെന്ന ജീവി നമുക്കിടയില്‍ ഒരു വില്ലനായി രംഗപ്രവേശം ചെയ്തതോടെ ഭാഷയും ലിപികളുമെല്ലാം വിദ്യാര്‍ഥികള്‍ക്കും എഴുത്തുകള്‍ക്കുമായി പകുത്തു നല്‍കിയ നാം 'സംസാരിച്ചുകൊണ്ടേ ഇരിക്കു'കയാണ്.
തപാല്‍ സ്റ്റാമ്പും,ലക്കൊട്ടുമൊക്കെ വില്‍പ്പന നടത്തിയിരുന്ന പലരും പിന്നീട് ടെലെഫോണ്‍ കാര്‍ഡിന്റെയും ഇന്റര്‍നെറ്റ് കാര്‍ഡിന്റെയും "വെണ്ടര്‍" മാരായി പരിണാമം പ്രാപിച്ചത്  എത്ര പെട്ടന്നാണ്.
ഇന്റര്‍നെറ്റ് കാളെന്ന "കോടാലി" കൊണ്ട് നമ്മള്‍ ആഞ്ഞു വെട്ടുന്നത് നാട്ടില്‍ ജീവിക്കാന്‍  നെട്ടോട്ടമോടുന്നവന്റെ സമയത്തിനിട്ടാണെന്ന കാര്യം ആരോര്ക്കാന്‍


പോസ്റ്റ് ബോക്‌സില്‍ നിന്നും 'ഇന്‍ബോക്‌സി'ലേക്കും 'ഔട്ട് ബോക്‌സി'ലേക്കും മറ്റുമുള്ള മാറ്റം കാലഘട്ടത്തിന്റെ അലിഖിതമായ അനിവാര്യത തന്നെയായിരുന്നു. വര്‍ത്തമാനങ്ങള്‍ വിരല്‍ത്തുമ്പിലും കാഴ്ചകള്‍ കണ്‍മുന്നിലുമെത്തി നില്‍ക്കുമ്പോള്‍ ലിപികളും ലിഖിതങ്ങളും വെറും കാഴ്ചക്കാരായി മാറുന്നു.


കാക്കിക്കുപ്പായവും നരച്ച കാലന്‍ കുടയുമായി കുന്നുകയറി കിതച്ചുവന്ന പോസ്റ്റ്മാനിലൂടെ, പോസ്റ്റ് ബോക്‌സു കളിലേക്കൊഴുകിയ സ്‌നേഹത്തിനും സങ്കടത്തിനും സാന്ത്വനത്തിനും ഹൃദയത്തിന്റെ ഭാഷയുണ്ടായിരുന്നു. നന്മയുടെ സുഗന്ധമുണ്ടായിരുന്നു.
വായന, ഭാവനയില്‍ തെളിയിക്കുന്ന ഗൃഹാതുര ചിത്രങ്ങളേക്കാള്‍ തീവ്രത, അരിച്ചെത്തുന്ന ശബ്ദതരംഗങ്ങള്‍ക്ക് തരാനാവുമോ?.
അറുപത് ദിവസത്തിലധികം സ്വന്തം ജന്മനാട്ടില്‍ തങ്ങിയാലുടന്‍ പ്രവാസമെന്ന 'കന്യകത്വം' നഷ്ടപ്പെടുമെന്ന് പ്രഖ്യാപിക്കുന്ന ഏമാന്മാരോട് താഴ്മയായി ഒരപേക്ഷയുണ്ട്.


ഭാഷ മരിക്കുന്നുവെന്ന മുറവിളി ഒഴിവാക്കാന്‍ പ്രവാസികള്‍ക്കും ചിലത് ചെയ്യാന്‍ കഴിയും. മാസത്തില്‍ ചുരുങ്ങിയത് നാല് കത്തെങ്കിലും മലയാളത്തിലെഴുതി വീട്ടിലേക്കയക്കാത്തവനൊന്നും കേരളീയരല്ലെന്ന ഒരു നിയമം കൊണ്ടുവരാന്‍ സാധിച്ചാല്‍ മലയാളം രക്ഷപ്പെടും,
പോസ്റ്റ്മാന് സ്ഥിരം തൊഴിലാവും. പാവം അനേകലക്ഷം പി ബി നമ്പരുകള്‍, പുതുമഴയുടെ പ്രവാഹത്തില്‍ അവയുമൊന്ന് അര്‍മാദിക്കട്ടെ.
prev next