Sunday, December 5, 2010

യാത്രകള്‍


യാത്ര 1

വിമാനമിറങ്ങി പെട്ടികളുമായി പുറത്തേക്ക് നടക്കുമ്പോള്‍ വരവേല്‍ക്കാന്‍ ഇമ്മിണി ബല്ല്യ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.വീട്ടിലെ അംഗങ്ങള്ക്കു പുറമെ ബന്ധുക്കളും അയല്‍ക്കാരും സുഹ്രത്തുക്കളും വരെ ഒരു വണ്ടി നിറയെ, അവരുടെ സ്‌നേഹത്തിനു മുന്നില്‍ വീര്‍പ്പുമുട്ടി അയാളിരുന്നു.


യാത്ര 2
പുറത്തിറങ്ങവെ അയാളുടെ കണ്ണുകള്‍ പിടക്കുന്ന രണ്ട് പരല്‍മീനുകളെ പരതി.അവളുടെ മുഖമപ്പോള്‍ പതിനാലാം രാവു പോലെ തിളങ്ങി.അവളുടെയും അയാളുടെയും വീട്ടുകാരും കൂട്ടിനു വന്നിരുന്നു.അപ്പന്മാരും അമ്മമാരും ചേര്‍ന്ന് സുഖാന്വേഷണം നടത്തവേ അളിയന്മാരാണു വലിയ പെട്ടികള്‍ വണ്ടിയില്‍ കയറ്റിയത്.


യാത്ര 3
ഇത്തവണ അവളുടെ ഒക്കത്തിരുന്ന കുഞ്ഞ് ഒരു ''അന്യ ഗ്രഹ ജീവി''യെ കണ്ട പോലെ അയാളെ നോക്കി കരഞ്ഞു. അപ്പനമ്മമാര്‍ വയ്യായ്ക കാരണം വന്നിരുന്നില്ല.അളിയന്മാര്‍ ജോലിത്തിരക്കിലായിരുന്നു. അനിയനു ചെറിയൊരു വയറു വേദന.........വണ്ടി വിളിച്ച് അവളൊറ്റക്ക്..


യാത്ര 4
ഒരു സര്‍പ്രൈസാകട്ടെ എന്നു കരുതി ടാക്‌സി പിടിച്ച് നേരെയങ്ങ് ചെന്നു.പൂട്ടിക്കിടന്ന വീട് അയാള്‍ക്കൊരു സര്‍പ്രൈസായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫും.ഭാഗ്യം, സ്‌കൂള്‍ വിട്ട് മക്കളെത്തുമ്പോഴേകും അവളെത്തി.

യാത്ര...........
ദൂരെയൊരു നഗരത്തിലാണു വിമാനമിറങ്ങിയത്. കയ്യില്‍ പാസ്‌പോര്‍ടും,വസ്ത്രങ്ങളടങ്ങിയ ബാഗുമല്ലാതെ ഒന്നുമില്ലാത്തതിനാല്‍ കസ്റ്റംസുകാര്‍ പോലും അയാളെ തിരിഞ്ഞു നോക്കിയില്ല. ഒരു രാത്രി വണ്ടി കിട്ടി. പിറ്റേന്ന് പക്ഷേ നേരം പുലര്‍ന്നതേയില്ല.


സമര്‍പ്പണം  : "അവസാന യാത്ര" പൂര്‍ത്തിയാക്കാനാവാതെ വഴിയില്‍ അന്ത്യ യാത്ര പോയ ഒരാളെക്കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. അദ്ദേഹത്തിനു.


Thursday, December 2, 2010

ദേശീയ ദിനത്തില്‍ സ്നേഹപൂര്‍വ്വം


അറബിക്കടല്‍ നീന്തിക്കയറിയവര്‍ക്ക് ആശയുടെ തുരുത്തില്‍ അഭയം നല്‍കിയവര്‍,



മരുഭൂമിയുടെ വന്ന്യതയില്‍ വഴിയാതെ നടന്നു തളര്‍ന്നവരെ ഒട്ടകപ്പുറത്തേറ്റി ലക്ഷ്യസ്ഥലത്തെത്തിച്ചവര്‍,


വിശന്ന് തളര്‍ന്നവനു മുന്നില്‍ കനിവിന്റെ ഒട്ടകപ്പാലും നന്മയുടെ ഈന്തപ്പഴവും നിരത്തി വെച്ച് സല്‍ക്കരിച്ചവര്‍,


ഉറക്കമില്ലാത്ത യാത്രകള്‍അവശരാക്കിയവരെ മണ്‍ കട്ടകളും മരവും കൊണ്ട് തീര്‍ത്ത കൂരകളുടെ മുറ്റത്തിട്ട ഈത്തപ്പന മടലിന്റെ കട്ടിലില്‍ രാവുറക്കിയവര്‍,


ഭാഷ നോക്കാതെ,വേഷം നോക്കാതെ,വര്‍ണ്ണവും,മതവും ജാതിയും നോക്കാതെ,വന്നവരെയെല്ലാം ''മര്‍ഹബ'' ചൊല്ലി എതിരേറ്റ മഹാ മനസ്‌കര്‍,


മലയാളത്തിന്റെ വിശന്ന് വിറച്ച ഗ്രാമങ്ങളിലേക്ക് അന്നത്തിന്റെ വകയെത്തിച്ച പുണ്ണ്യവാന്മാര്‍,


ഇല്ല, എത്ര പറഞ്ഞാലും അധികമാവില്ല.


ഐക്യ അറബ് എമിറേറ്റിന്റെ ശില്‍പ്പികളെക്കുറിച്ച്,
വെള്ളക്കുപ്പായം പോലെ തന്നെ മനസ്സുമുള്ള ജനതയെക്കുറിച്ച്


കാരണം


തിരികെ നല്‍കാന്‍ ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ലായിരുന്നു,


സ്വപ്നം കാണുന്ന മനസ്സും, എന്തും ചെയ്യാനുള്ള കര്‍മ്മ ശേഷിയും,ചങ്കൂറ്റവുമല്ലാതെ.


രാജ്യം കണ്ണീരോടെ മാത്രം എന്നും സ്മരിക്കുന്ന മഹാനായ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍താന്‍ അല്‍ നഹ്യാന്‍,


ഷൈഖ് മക്തൂം ബിന്‍ റാഷിദ് മറ്റ് മണ്‍ മറഞ്ഞ മഹാരഥന്മാര്‍,


നന്ദിയോടെ മാത്രം ഓര്‍ ക്കുകയാണു ഞങ്ങള്‍,


കരുത്തനായ പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍,പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,


7 എമിറേറ്റുകളിലെയും ഭരണാധികാരികള്‍, മറ്റ് ഉദ്യോഗസ്ഥ പ്രമുഖര്‍,


രാജ്യത്തിന്റെ മുപ്പത്തിയൊമ്പതാം ദേശീയ ദിനത്തില്‍ നന്ദിപൂര്‍വം ഞങ്ങളുടെ സ്‌നേഹാശംസകള്‍ അറിയിക്കട്ടെ,


മലയാളത്തിന്റെ വാക്കുകളും ശബ്ദവും ദ്ര്ശ്യങ്ങളും അറബ് ലോകത്തേക്ക് തുറന്ന് വച്ചവര്‍ക്ക്


ആശംസകള്‍, അഭിവാദ്യങ്ങള്‍,

Sunday, November 14, 2010

എന്നാലും എന്റെ കുബ്ബൂസേ



കുബ്ബൂസ്


പകച്ചു നിന്നുപോയിട്ടുണ്ട് ആദ്യനാളുകളില്‍ ഞങ്ങള്‍ മലയാളികള്‍ നിനക്ക് മുന്നില്‍.


കൈയില്‍ കിട്ടിയ അപൂര്‍വ 'സംഭവത്തെ'തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ 'ചിരകാല പ്രവാസികള്‍' രണ്ടും മൂന്നുമെണ്ണം ചുരുട്ടിപ്പിടിച്ച് കറിയില്‍ മുക്കി അകത്താക്കുന്നത് കണ്ടപ്പോള്‍ ശരിക്കും തരിച്ചിരുന്നു പോയിട്ടുമുണ്ട്.


ഗ്രാമത്തിലെ മുതിര്‍ന്നവര്‍ കൊണ്ടുനടന്നിരുന്ന കൈപിടിയുള്ള 'പാളവിശറി'യാണ് അന്നൊക്കെ കുബ്ബൂസ് കാണുമ്പോള്‍ ഓര്‍മയില്‍ ആദ്യം ഓടിയെത്തിയിരുന്നത്.


നൈസ് പത്തിരിയുടെ കട്ടിയല്‍പം കൂടിപ്പോയതിന് ഉമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതെ 'ഇറങ്ങിപ്പോക്ക്' നടത്തിയിരുന്നവര്‍ക്ക് മുന്നില്‍ കുബ്ബൂസ്, നീ ശരിക്കുമൊരു വില്ലന്‍ തന്നെയായിരുന്നു.


ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ 'നാടുകടത്തപ്പെട്ടവന്റെ' ദുഃഖത്തിനു മീതെ സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ വെല്ലുവിളിയായിരുന്നു കുബ്ബൂസ്.


അറബിയിലെ 'ഖുബ്‌സ്' എന്ന വാചകത്തിന് മലയാളി നല്‍കിയ ട്രാന്‍സലേഷനായിരുന്നു കുബ്ബൂസ്. അറബ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമായി പ്രവാചക കാലത്തിനും മുമ്പുതന്നെ ഖുബ്‌സ് എന്ന വിഭവം ഉണ്ടായിരുന്നതായി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മനസ്സിലാക്കാം.


അരിയാഹാരത്തിനപ്പുറം മിക്കവാറും അറ ബ് രാജ്യങ്ങളിലെയും ജനതയുടെ മുഖ്യാഹാരത്തിന്റെ ഭാഗമാണ് കുബ്ബൂസ്. ലബനാന്‍, മിസ്ര്‍, ഇറാന്‍, തുര്‍ക്കി തുടങ്ങി മിക്ക രാജ്യങ്ങള്‍ക്കും കുബ്ബൂസിന് അവരുടേതായ ചില രീതികളും സവിശേഷമായ 'കൂട്ടുകളുമുണ്ട്'.


ഇത്രയൊക്കെയാണെങ്കില്‍ നമ്മള്‍ മലയാളികള്‍ കുബ്ബൂസ് എന്ന റൊട്ടി കാണാന്‍ തുടങ്ങിയത് 'പ്രവാസയാത്ര' ആരംഭിച്ച നാള്‍ മുതലാണ്. ഇത് പഴയ പ്രവാസിയുടെ കഥ. അഭിനവ പ്രവാസി പക്ഷേ, കോഴിക്കോട്ടങ്ങാടിയിലെ ശവര്‍മ കടയില്‍ നിന്ന് എത്രയോ തവണ കുബ്ബൂസ് അകത്താക്കിയ ശേഷമാണ് ഗള്‍ഫിലെ യഥാര്‍ഥ കുബ്ബൂസിന് മുന്നിലെത്തുന്നത്. അതു കൊണ്ടുതന്നെ മേല്‍പറഞ്ഞ പല വാചകങ്ങളും അവര്‍ക്ക് വേണ്ടിയല്ലതാനും.


സ്വന്തം രാജ്യത്തെ മുഖ്യാഹാരത്തിന്റെ ഭാഗമല്ലെങ്കിലും പ്രവാസി മലയാളികളും കുബ്ബൂസും തമ്മില്‍ ഇഴപിരിക്കാനാകാത്ത ചില ആത്മ ബന്ധങ്ങളുണ്ടെന്ന കാര്യം നിസ്സംശയമാണ്.


പ്രവാസികളുടെ 'ദേശീയഭക്ഷണം' എന്ന വിശേഷണമായിരിക്കും കുബ്ബൂസിന് നല്‍കാവുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് തോന്നുന്നു. ഗള്‍ഫിലെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നത് വെറും രണ്ടര ദിര്‍ഹമിന്റെ കുബ്ബൂസ് പാക്കറ്റിന് മുന്നില്‍ മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


ഏറ്റവും ചെലവ് കുറഞ്ഞ ഭക്ഷണമെന്ന പ്രത്യേകതയും കുബ്ബൂസിന് അവകാശപ്പെട്ടതാണ്. വെറും പച്ചവെള്ളവും കുബ്ബൂസും മാത്രം ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തിയിരുന്ന പ്രവാസികളുടെ കദനകഥകള്‍ പലവുരു, കഥകളിലും സിനിമയിലും ചാനലിലും വാര്‍ത്തകളിലും നാം വായിച്ചതും പ്രവാസ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നമ്മള്‍ അനുഭവിച്ചതുമാണ്. പ്രവാസത്തിന്റെ കയ്പുള്ള ആ ഓര്‍മകളില്‍ നിന്നാണ് മലയാളിക്ക് കുബ്ബൂസുമായി വൈകാരികമായ ഒരാത്മ ബന്ധം കൈവന്നതെന്ന് മനസ്സിലാക്കാം.


സാമ്പത്തിക ലാഭത്തിനപ്പുറം ഏറ്റവും എളുപ്പമാണ് കുബ്ബൂസിന്റെ ലഭ്യതയും ഉപയോഗവും. ഏതു പാതിരാത്രിയിലും വീട്ടിലെത്തുന്ന അതിഥിക്ക് എന്തു കൊടുക്കുമെന്ന ടെന്‍ഷനൊന്നും ഗള്‍ഫിലെ വീട്ടമ്മമാര്‍ക്കുണ്ടാവില്ല. അവിചാരിതമായി കയറിവരുന്ന അതിഥിയാകട്ടെ ഒരു കുബ്ബൂസ് പാക്കറ്റെങ്കിലും സമീപത്തെ ഗ്രോസറിയില്‍ ലഭ്യമായിരിക്കുമെന്ന ആത്മവിശ്വാസത്തിലുമായിരിക്കും. അതിരാവിലെ ഉണര്‍ന്ന് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണമൊരുക്കാന്‍ മടിയുള്ള വീട്ടമ്മമാര്‍ പറയും, കുബ്ബൂസ് കണ്ടുപിടിച്ചവര്‍ക്ക് നന്ദി.


ബാച്ചിലര്‍ മുറികളിലാകട്ടെ വൈകുന്നേരത്തോടെ അഞ്ചോ ആറോ തടിച്ച കുബ്ബൂസ് പാക്കറ്റുകള്‍ പടികടന്നകത്തു വരും. പത്ത്, പന്ത്രണ്ട് മണിയാകുമ്പോള്‍ ഒഴിഞ്ഞ പാക്കറ്റുകള്‍ ഒരു കറുത്ത കവറില്‍ പുറത്തേക്ക് ‍ഗമിക്കും. വൈകിയെത്തുന്ന "തല തെറിച്ഛവന്മാര്‍ക്ക്" കാണാനാവുക ഒഴിഞ്ഞ കവറിലെ കൂറകളുടെ സമ്മേളനത്തിനിടയില്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന ഒരു കഷണം കുബ്ബൂസായിരിക്കും.പുറത്ത് കടകളൊക്കെ അടച്ചു കഴിഞ്ഞിട്ടുണ്ടാവും .ജഗിലെ പച്ച വെള്ളത്തിനൊക്കെ അപ്പോള്‍ എന്തൊരു രുചിയാണന്നോ?


ഇതിനിടയില്‍ എത്രപേരാണ് കുബ്ബൂസുമായി മല്‍പിടുത്തം നടത്തുന്നത്. എത്രയെത്ര കമന്റുകളാണ് പരസ്പരം പങ്കുവെച്ചത്. ബാച്ചിലര്‍ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍ ഓരോ പ്രവാസികളും പറയാനുണ്ടാകും ഖുബ്ബൂസിനെ ചുറ്റിപ്പറ്റിയുള്ള കഥകള്‍. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന കുബ്ബൂസ് പാക്കറ്റുകള്‍ കവറിലാക്കി നാട്ടിലേക്ക് പോകുന്ന കൂട്ടുകാരന്റെ ലഗേജില്‍ തിരുകിക്കയറ്റുന്ന ഹോബി, ബാച്ചിലര്‍ മുറികളില്‍ ഇന്നും തുടരുകയാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതെ എയര്‍ ഇന്ത്യയുടെ വഞ്ചനയില്‍ കുടുങ്ങി നരകയാതന അനുഭവിച്ചവരില്‍ ചിലരെങ്കിലും സ്വന്തം ബ്രീഫ്‌കേസില്‍ സുഹൃത്ത് തിരുകിക്കയറ്റിയ കുബ്ബൂസില്‍ ആശ്വാസം കണ്ടെത്തിയത് പിന്നീട് വലിയ അനുഗ്രഹമായി മാറിയ കഥകളും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.


കേവലം ഭക്ഷണമെന്നതിനപ്പുറമാണ് മലയാളിയുടെ കുബ്ബൂസ് ബന്ധം. കുബ്ബൂസ് നിര്‍മാണം മുതല്‍ വിപണനം വരെയുള്ള ഓരോ ഘട്ടത്തിലും മലയാളിയുടെ 'കൈയൊപ്പ്' പതിഞ്ഞിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. അസംഖ്യം ബേക്കറികളിലെ കുബ്ബൂസിന് മാവൊരുക്കുന്നവര്‍ മുതല്‍, മെഷീന്‍ ഓപറേറ്റര്‍മാരും വാനില്‍ കുബ്ബൂസ് ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെത്തിക്കുന്നവരും വിപണനം ചെയ്യുന്ന ഗ്രോസറിക്കാരനും വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയ് വരെ, എത്രയെത്ര മലയാളികള്‍!


ഹോട്ടലുകളിലും കഫ്റ്റീരിയകളിലും ശവര്‍മയും കബാബും ഗ്രില്‍ ചിക്കനും മറ്റുമായി കുബ്ബൂസിന്റെ 'സന്തത സഹചാരികളായ' അനേകായിരം തൊഴിലാളികള്‍.



തന്തൂരി റൊട്ടി, പഠാണി റൊട്ടി, ഇറാനി റൊട്ടി തുടങ്ങി കുബ്ബൂസിന്റെ വകഭേദങ്ങള്‍ ഗള്‍ഫില്‍ നിരവധിയുണ്ട്. എന്നാല്‍, പ്രവാസ മലയാളത്തോടൊപ്പം കടല്‍കടന്ന രുചിക്കൂട്ടില്‍, ശവര്‍മക്കും ബ്രോസ്റ്റിനും മറ്റു അറേബ്യന്‍ ഭക്ഷണങ്ങള്‍ക്കുമൊപ്പം മലയാള നാട്ടില്‍ രാജകീയ വരവേല്‍പ്പ് ലഭിക്കാന്‍ വിധി കുബ്ബൂസിനു മാത്രമായിരുന്നു. അങ്ങിനെ കുബ്ബൂസിന് പകരം വെക്കാന്‍ കുബ്ബൂസ് മാത്രമെന്ന കാര്യം പ്രിയപ്പെട്ട കുബ്ബൂസ്, നിനക്ക് മാത്രം അവകാശപ്പെടാവുന്ന വിലപ്പെട്ട അംഗീകാരമായി സ്‌നേഹപൂര്‍വം സമര്‍പ്പിക്കട്ടെ.

Saturday, October 9, 2010

പെണ്ണായി പിറന്നെങ്കില്‍

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ''മരിച്ച് ജീവിക്കുന്നവരോ'' ആയ ആരെങ്കിലുമായ് സാമ്യം തോന്നുന്നുവെ ങ്കില്‍ അത് തികച്ചും യാദ്ര്ശ്ചികമാണെന്നും പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇതൊരു സംഭവം തന്നെയാണു.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ''പെണ്ണായി പിറന്നിരുന്നെങ്കിലെന്ന്'' വെറുതെ മോഹിച്ച് പോകാത്തവരായി ആണുങ്ങള്‍ ആരെങ്കിലുമുണ്ടാകുമോ? സംശയമെന്ത് ''ഞാനുണ്ടെന്നു'' മീശ പിരിച്ച് നെഞ്ച് വിരിച്ച് പറയാനൊരുങ്ങുകയാകും നിങ്ങളില്‍ പലരുമിപ്പോള്‍. നിങ്ങളുടേ മുഖ ഭാവം എന്താണിപ്പോഴെന്നു എനിക്ക് കാണാന്‍ പ്രയാസമില്ല.




അടങ്ങ് ഭൈരവാ അടങ്ങ്


മുഴുവനും വായിച്ച് കഴിഞ്ഞിട്ട് എന്നെ തല്ലിക്കൊ ഞാന്‍ നന്നായാലോ.


മൂല കഥ നടക്കുന്നത്അറബിയിലാണെങ്കിലും തല്‍ക്കാലം ഞാനിത് മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുകയാണു.അതു കാരണം പല സീനുകളും എന്റെയും ദൈവത്തിന്റെയും സ്വന്തം നാടായ കേരളത്തില്‍ ''സെറ്റിട്ട്'' ചിത്രീകരിക്കുകയായിരുന്നു.കാരണാമൊന്നും ചോദിക്കരുത്.


മൂന്നു കുടുംബങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന ഒരു വില്ലയില്‍ നിന്നാണു കഥ തുടങ്ങുന്നത്.വില്ലയുടെ ഉടമയായ പാകിസ്ഥാനിക്ക് ഓരോ തവണ വാടക കൊടുക്കുമ്പോഴും കൂടുതല്‍ കിട്ടണമെന്ന ആക്രാന്തമായിരുന്നു. അയാളുടെയും മറ്റ് ഏമാന്മാരുടെയും ആക്രാന്തം പോലെ തന്നെ സാമ്പത്തിക മാന്ദ്യമെന്ന ഇടിത്തീ ആ ദേശത്തെ ഒന്നാകെ വിഴുങ്ങി ത്തുടങ്ങിയപ്പോള്‍ വാടകക്കാര്‍ ഓരോരുത്തരായി  സലാം ചൊല്ലിപ്പിരിഞ്ഞു. ഞാനൊറ്റക്ക് എത്ര പിടിച്ച് നില്‍ക്കും. നല്ലവളായ എന്റെ ഭാര്യ കനിഞ്ഞു. അവള്‍ നാട്ടില്‍ തല്‍ക്കാലം നില്‍ക്കാമെന്നു സമ്മദിച്ചു. (അത് കൊണ്ട് അവള്‍ക്ക് കൊള്ളാം )
അങ്ങനെ അയല്‍ ദേശത്തെ വാടക കുറഞ്ഞ ഒരു കെട്ടിടത്തിലേക്ക് ഞാനൊറ്റക്ക് താമസം മാറി. എങ്ങനെ പോയാലും കുറച്ച് പണം  ലാഭിക്കാം.(ചെലവ് "ക" വരവ് "ക" ആകെ മൊത്തം "ക"="ക") 
ഞാന്‍ ചെന്ന ദിവസം അവിടത്തെ വെള്ളത്തിനു ഉപ്പ് രുചിയുണ്ടായിരുന്നു. എനിക്കതിഷ്ടമായില്ല.
എന്നാല്‍ ഞാന്‍ താമസമാക്കിയതറിഞ്ഞായിരിക്കും പിന്നീട് ''ഉപ്പിടാത്ത'' വെള്ളമാണു ലൈനില്‍ സപ്ലൈ ചെയ്തിരുന്നത്.

ഒരു വിധം കാര്യങ്ങളങ്ങിനെ ഭംഗിയായി മുന്നോട്ട് നീങ്ങവെയാണു അതുണ്ടായത്. അന്നൊരു ശനിയാഴ്ചയായിരുന്നു. അവധിയായിരുന്നതിനാല്‍ വൈകിയാണുണര്‍ന്നത്. നാസ്ത കഴിച്ച് തിരികെ വരും വഴി വെറുതെ നമ്മുടെ വാഹനം ഒന്നു കാണാന്‍ ഒരു കൊതി.
ദൂരെ നിന്നു തന്നെ കണ്ടു സുന്ദരിക്കുട്ടി യുടെ  നെറുകയിലൊരു ''സിന്ദൂരപ്പൊട്ട്''. ഉള്ളൊന്ന് കാളി, അടുത്തെത്തും തോറും ''സംഗതി'' കൂടുതല്‍ വ്യക്തമായി തുടങ്ങി. ആ കടലാസു കഷണത്തില്‍ എഴുതിയത് പലതും എനിക്ക് മനസ്സിലായില്ലെങ്കിലും ഒരു കാര്യം മനസ്സിലായി. അഞ്ഞൂറിന്റെ ഒറ്റ നോട്ടുമായി അങ്ങട് പോന്നോളുട്ടൊ, എല്ലാം ശരിയാകും. ക്ഷണക്കത്താണു, പാര്‍ക്ക് ചെയ്ത സ്ഥലം ശരിയായില്ലത്രെ.ഈ സ്ഥലമത്ര ശരിയല്ലെടാ @$##*@ മോനെ  എന്ന് ഉപദേശം തരാന്‍ അവിടെ ഒരു ബോര്‍ഡെങ്കിലും വെക്കാമായിരുന്നു.


ഞാന്‍ നേരത്തെ പറഞ്ഞത് പോലെ അടുത്ത സീന്‍ നമുക്ക് സെറ്റിട്ട് ഷൂട്ട് ചെയ്യാം. സെന്‍ട്രല്‍  എ സി യുടെ തണുപ്പില്‍ മനോഹരമായ ഒരു പോലീസ് സ്റ്റേഷന്‍.പരമാവധി വിനയാന്വിതനായി ഞാന്‍ അകത്തേക്ക് പ്രവേശിക്കുന്നു.ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം അടുത്ത് കണ്ട കൗണ്ടറിലിരിക്കുന്ന ഏമാന്റെ അടുത്തേക്ക് ചെന്നു.ഭവ്യതയൊടെ കടലാസു കഷണം കാണിച്ച് വാക്കുകള്‍ക്കായി പരതുമ്പോള്‍ അടുത്തുള്ള യന്ത്രത്തില്‍ നിന്ന് ടോക്കന്‍ മുറിച്ച് തന്ന് അയാള്‍ പറഞ്ഞു.
"നീ പറയാന്‍ പോകുന്നത് എന്താണെന്ന് മനസ്സിലായി. അതാ അവിടെ ഇരുന്നോളൂ.വല്ല്യേമാന്‍ വരുമ്പൊ അങ്ങോട്ട് വിളമ്പിയാല്‍ മതി".
പടച്ചോനെ ഇത് കൊള്ളാലോ പരിപാടി .എന്റെ മനസ്സിലുള്ളത് വായിക്കാന്‍ മാത്രം ജ്ഞാനമുള്ള ഒരു പോലീസുകാരന്‍.
ഇതു താന്‍ ടാ പോലീസ്.
അല്‍പ സമയം കഴിഞ്ഞപ്പോള്‍ പറഞ്ഞത്  പോലെ തന്നെ ഏമാനെത്തി.അപ്പോഴല്ലേ പുകില്‍, അയാള്‍ക്ക് ചുറ്റും ഒരു സമ്മേളനത്തിനുള്ള ജനക്കൂട്ടമുണ്ട്.കൂട്ടത്തില്‍ ഒന്ന് രണ്ട് സുന്ദരിമാരും.
ഏമാന്റെ നോട്ടം ആദ്യം നീണ്ടത് ആ മഹിളാ മണികളുടേ നേര്‍ക്ക് തന്നെയായിരുന്നു.എവിടെയായാലും ലേഡീസ് ഫ സ്റ്റ് എന്നാണല്ലോ പ്രണാമം, ഛെ , പ്രമാണം. കാരണം അവര്‍ക്ക് വീട്ടില്‍ പോയിട്ട് ഭക്ഷണം കഴിക്കണം കിടന്നുറങ്ങണം സീരിയല്‍ കാണണം ,പരദൂഷണം പറയണം  അങ്ങനെ എന്തൊക്കെ പണികളുണ്ട്. ആണുങ്ങള്‍ അങ്ങിനെയല്ലല്ലോ, അവര്‍ ജനിക്കുന്നത് തന്നെ ക്യൂ പാലിക്കാന്‍ പഠിച്ച് കൊണ്ടാണു.അതു കൊണ്ടാണല്ലോ മൂന്നും നാലും പെണ്‍ കുട്ടികളുള്ളവര്‍ പോലും അഞ്ചാമനോമന കുഞ്ചു ക്യു നില്‍പുണ്ടാകുമെന്ന പ്രതീക്ഷയില്‍ വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത്.
അനുസരണയുള്ള കുഞ്ഞാടിനെ  പ്പോലെ ഞാനും കാത്ത് നിന്നു. പെണ്‍ കൊടികള്‍ രണ്ടും സാമന്യംവലിയ ലിസ്റ്റുമായി തന്നെയായിരുന്നു വരവ്. അവരോട് ചിരിച്ചും സുഖാന്വേഷണം നടത്തിയും ഏമാന്‍ വലിയ ''ശൂ'' വരച്ച് കൊടുത്തു. അതോടെ അവര്‍ ഹാപ്പി.ഒടുക്കേണ്ട പിഴയുടെ പകുതി സംഖ്യയെങ്കിലും ആ ''ശൂ'' വരയില്‍ അലിഞ്ഞ് പോയിക്കാണുമെന്ന് നമുക്ക് ഊഹിക്കാം. ആണ്‍ പിറന്നോരുടെ ഊഴമായിരുന്നു പിന്നീട്.ഓരോരൂത്തരായി പല പല രേഖകളുമായി മൂപ്പര്‍ക്ക് മുന്നിലെത്തി.ആളും തരവും നോക്കി ''ശൂ'' വരകള്‍ വീണു.അതായത് അത്യാവശ്യം പിഴയടക്കാന്‍ കഴിവും വകുപ്പുമുള്ളവര്‍ക്കെല്ലാം പിഴ സംഖ്യ കുറച്ച് കിട്ടി. അതേ സമയം എന്നെ പോലുള്ളവര്‍ അവിടെ ചെന്ന് തല ചൊറിഞ്ഞത് മാത്രം മിച്ചം.
അടുത്തുള്ള കൗണ്ടറിനു നേരെ വിരല്‍ ചൂണ്ടി എന്നോടയാള്‍ പറഞ്ഞു. അവിടെ കൊടുത്തൊളൂ.
ഇനിയും അവിടെ നിന്ന് തല ചൊറിഞ്ഞാല്‍ ഒരു പക്ഷെ അതിനും പിഴയിട്ടാലോ എന്ന ചിന്തയില്‍ ഞാന്‍ മെല്ലെ വലിഞ്ഞു.


എന്നിലെ മല്ലു രോഷാകുലനായി  പല്ലിറുമ്മി. എന്റെ പട്ടി വരും ഫൈനടക്കാന്‍. അല്ല പിന്നെ. (ജോലി കൂടുതലാണെന്നും പറഞ്ഞ് എന്റെ പട്ടിയിപ്പോള്‍ രാജി ഭീഷണി മുഴക്കിയിരിക്കുകയാണു )


അഞ്ചാറു കൊല്ലം മുമ്പ് പഴയ ഓഫീസില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന  മറിയം സുല്‍ത്താനെന്ന സുന്ദരിയുടെ വചനങ്ങള്‍ ഞാനോര്‍ത്ത് പോയി.ട്രാഫിക് സംബന്ദമായ ഏതോ ഒരു കടലാസ് ശരിയാക്കാന്‍ വേണ്ടി ഞാന്‍ ഓഫീസ് ലീവാക്കുന്നത്  പതിവായപ്പോള്‍ അവള്‍ കാര്യമന്വേഷിച്ചു.
എന്നോടവള്‍ രേഖകളും വാങ്ങിപ്പോയി. പിറ്റേന്ന് രാവിലെ ഒപ്പും സീലും ''കൊടച്ചക്രവുമൊക്കെ'' വാങ്ങി ഒരു വിജയിയെപ്പോലെ യായിരുന്നു   അവളുടെ വരവ്.
ഇതെങ്ങിനെ സാധിച്ചുവെന്ന എന്റെ ചോദ്യത്തിനു (അവളുടെ മറുപടി അപ്പടി ഇവിടെ ചേര്‍ത്താല്‍ മഹിളാരത്‌നങ്ങളാരും പിന്നെ എന്റെ ബ്ലോഗിന്റെ ഏഴയലത്ത് വരില്ലെന്നുറപ്പുള്ളതിനാല്‍ ഞാനത് മൊഴിമാറ്റം നടത്തുകയാണു) ''ഞാന്‍ പെണ്ണാണെന്നാ''യിരുന്നു ''പെണ്ണത്വത്തോടേ'' യുള്ള അവളുടെ മറുപടി.


മീശ പിരിച്ചും മുഷ്ടി ചുരുട്ടിയും വായന തുടങ്ങിയ മാന്യ പുരുഷന്മാരേ ഇനി സത്യം പറയൂ ഇതു പോലെ ചില അപൂ ര്‍വ്വ നിമിഷങ്ങളിലെങ്കിലും നിങ്ങള്‍ വെറുതെ ചിന്തിച്ച് പോയിട്ടില്ലേ........................

Wednesday, September 8, 2010

കോരന്റെ മരണം: ചില സംശയങ്ങള്‍

















കോരന്റെ മൃതദേഹത്തിനരികെ

ഉറുമ്പുകളുടെ സംവാദം;

വിഷക്കള്ള് കുടിച്ചായിരിക്കുമെന്ന്

കൂനനുരുമ്പ്.

വിഷക്കഞ്ഞി കുടിച്ചായിരിക്കുമെന്ന്

ചോണനുറുമ്പ്.

വിശന്ന് പൊരിഞ്ഞാണെന്ന്

കടിയനുറുമ്പ്.

അപ്പോഴാണു,

''എഫ് സി ഐ ഗോഡൗണിലെ''

അരി തിന്ന് ചത്ത പുഴുവിന്റെ

മൃത ദേഹവുമായി കട്ടുറുമ്പ്കളുടെ

''ശവ ഘോഷ യാത്ര''

അതു വഴി വന്നത്.

പോസ്റ്റ് മോര്ട്ടത്തിനും,

ഉന്നത് തല അന്വേഷണത്തിനും,

കാത്തിരിക്കാന് ക്ഷമയില്ലാത്തതിനാല്

മൂവരും

''യാത്ര'' യിലെ അവസാന കണ്ണികളായി!.



ഫ്ളാഷ് ന്യുസ്: കോരന്റെ കൂടുംബത്തിനു മുഖ്യമന്ത്രി ഒരാഴ്ചത്തെ സൗജന്യ റേഷന് അനുവദിച്ചു.സംഭവം തന്റെ അറിവോടെയല്ലെന്ന് ഭക്ഷ്യ മന്ത്രി...........

Saturday, August 14, 2010

മാവേലിക്കൊരു റസിഡന്‍സ് വിസ

ഓണത്തെ വരവേല്‍ക്കാന്‍ നാട്ടിലെ പോലെ തന്നെ ഗല്‍ഫ് മലയാളികളും ഒരുക്കത്തിലാണു.സാധാരണ ചിങ്ങം പിറക്കും മുമ്പെ ആരംഭിക്കുന്ന ഗള്‍ഫ് ഓണാഘോഷങ്ങള്‍ വെള്ളിയാഴ്ചയുടെ ''അവൈലബിലിറ്റി''ക്കനുസരിച്ച് ഒന്നോ രണ്ടോ മാസം നീണ്ട് നില്‍ക്കുക പതിവാണു. അത്രയേറെ സംഘടനകളും കൂട്ടായ്മകളും മവേലി മന്നനെ സ്വീകരിക്കാന്‍ മുന്നോട്ട് വരാറുണ്ടന്നത് മഹത്തായ കേരള പൈതൃകത്തിന്റെയും നോസ്റ്റള്‍ജിയയുടെയും അടയാളമാണു.പക്ഷെ ഇത്തവണ നോമ്പു കാലമായതിനാല്‍ മാവേലി മന്നനു തിരുവോണ നാളില്‍ മുഴുവന്‍ പ്രജകളെയും സന്ദര്‍ശിക്കാനും അല്‍ നാസറിലേയും അസ്സോസിയേഷനുകളിലേയും പൊതു പരിപാടികളില്‍ സംബന്ദിക്കുവാനും തിക്കിത്തിരക്കി ക്യു നിന്ന് കൂപ്പണെടുത്ത് മ്ര്ഷ്ടാന്നം ഓണ സദ്യ ഉണ്ണാനും കഴിയില്ലെന്നതിനാല്‍ മിക്കവാറുംഒരു വരവു കൂടി വരേണ്ടി വരും.മാത്രമല്ല 45 മുതല്‍ 50 വരെ ഡിഗ്രി ചൂടില്‍ പ്രചകള്‍ വെന്തുരുകുമ്പോള്‍ വെറുമൊരു ഓലക്കുടയുടെ ബലത്തില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാന്‍ തമ്പുരാന്‍ ബാക്കിയാകുമൊയെന്ന സുരക്ഷാ ഭീതിയും ഉടലെടുക്കുന്നുണ്ട് താനും.ഈദിനു ശേഷമുള്ള ആ വരവിലും ചില്ലറ പ്രതിസന്ധികള്‍ കാണുന്നുണ്ട്.മിനിമം 2 മാസമെങ്കിലും കഴിയാതെ ഇവിടത്തെ ആഘോഷങ്ങള്‍ തീരാനിടയില്ലെന്നാണു ചില വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൊാചന.അത്രയും സമയം ഗള്‍ഫില്‍ തങ്ങാനും ഇടക്കൊക്കെ മറ്റ് ദേശങ്ങളിലെ പ്രചകളെ സന്ദര്‍ശിക്കുന്നതിനുമെല്ലാം സൗകര്യം ഒരു റസിഡന്‍സ് വിസയായിരിക്കും. ആയതിനാല്‍ ഏ സി സൗകര്യമുള്ള ഒരു കുടയും ഒരു റസിഡന്‍സ് വിസയും അദ്ദേഹത്തിനു സംഘടിപ്പിച്ച് കൊടുക്കണമെന്ന് ബഹുമാനപ്പെട്ട കേരള മുഖ്യനോടും ടൂറിസം വകുപ്പ് മന്ത്രിയോടും താഴ്മയോടെ അപേക്ഷിച്ച് കൊണ്ട് ഗള്‍ഫ് ഓണത്തെ കുറിച്ച് രണ്ട് വരി നോം ഉരിയാടട്ടെ.ആശീര്‍വ്വദിച്ചും അനുഗ്രഹിച്ചും നോമിനെയങ്ങ് കൊല്ല്.




 വരണ്ട മണ്ണിലെ ഓണക്കഴ്ചകള്‍
ഹരം തരുന്നിതു വേദന മായ്ക്കാന്‍
നനുത്ത നാടിന്‍ ഓണപ്പുലരികള്‍
മനസ്സിലോര്‍മ്മകള്‍ നര്‍ത്തനമാടും

പൂവിളിയില്ല പുലികളിയില്ല
പുത്തനുടുപ്പും പൂക്കളമുണ്ടിവിടെ
പുന്നെല്ലിന്‍ മണമില്ല പൂക്കളിറുക്കും കുട്ടികളില്ല
പൊന്‍ കസവുള്ളൊരു കടയില്‍ തിക്കും ബഹളവുമാണിവിടെ

പല കുറി കണ്ടു മടുത്തീ കൂത്തുകള്‍
വേദികളെല്ലാമയ്യോ വിരസം.
ചാനലു തോറും ഓണം പെയ്യും
പിന്നിലിരുന്നവര്‍ ലാഭം കൊയ്യും
മുന്നിലിരിക്കാന്‍ വിഡ്ഡികളൂണ്ടിവിടെ സുലഭം.

കമ്പ വലിച്ചും കാശ് പിരിച്ചും
കൈ പൊള്ളുന്നൊരുണ്ടിവിടെ.
കമ്പനി കൂടി ''ക്കുമ്മിയടിച്ച് ''
രസിക്കുാേരാണധികം.

ഇലയില്‍ പൊതിഞ്ഞു വാങ്ങാമെങ്ങും
അങ്ങാടികളില്‍ പൊന്നോണം
അംഗനമാരുടെ മുടിയില്‍ ചൂടിയ
മുല്ലപ്പൂവിന്‍ മണമാണിവിടെ ത്തിരുവോണം.


അമ്മ വിളമ്പിയ നാക്കിലത്തുമ്പിലെ
തുമ്പച്ചോറും സാമ്പാറും
നാടും വീടും പാട വരമ്പും
നാവില്‍ രുചിയുടെ ഉത്സവ മേളം.

മണവും രുചിയും ഗുണവും പോരാ
പണമാണിവിടെ പ്പൊന്നോണം
കാണം വിറ്റും നാണം കെട്ടും
പുണരാമാര്‍ക്കും തിരുവോണം
പിണമാണിവിടെ നല്ലോണം.

Friday, July 23, 2010

ഭീകരതയുടെ അടയാളം


നഗ്നനായി പിറന്നപ്പോള്‍ അയാള്‍വലിയ വായില്‍ നിലവിളിച്ചു.

ആരോ സമ്മാനിച്ച ഒരു തുണ്ടം തുണി കൊണ്ട്ആദ്യമായി നാണം മറച്ചു.

അയാളുടെ സമ്മതമില്ലാതെ തന്നെ,

ഇളം നെറ്റിയില്‍ ചിലര്‍ ചന്ദനം ചാര്‍ത്തി,

ഒരു പാത്രം വെള്ളത്തില്‍ മാമോദിസ മുക്കി,

ലിംഗാഗ്രത്തിലെ ഇളം തൊലി ചെത്തിയായിരുന്നുമറ്റു ചിലര്‍ സംതൃപ്തരായത്.

അപ്പോഴെല്ലാം അയാള്‍ കരഞ്ഞു വിളിച്ചു കൊണ്ടിരുന്നു .

പിന്നീട്പരിണാമ ദശയിലേപ്പോഴോചന്ദന ക്കുറി മാഞ്ഞു പോയി,

മാമോ ദിസാ വെള്ളംപെരു മഴയില്‍ മീനച്ചിലാറിന്റെ കരുത്തായി.

പക്ഷെ,

ലിംഗാഗ്രത്തിലെ ആ അടയാളം മാത്രംമാഞ്ഞു പോയില്ല.

തീവ്രാനുഭവത്തിന്റെ വേദനയും പേറി,

''ഭീകരതയുടെ''

അടയാളമായിസംശയങ്ങളുടെ നിഴലായി,

ആ കരിഞ്ഞ മുറിപ്പാട് മാത്രം ഇപ്പോള്‍ ബാക്കിയായി.
prev