Friday, January 13, 2012

വയലട മല മുകളില്‍




ഇത്തവണ പത്തു ദിവസത്തെക്കായിരുന്നു അവധി യാത്ര.
പെരുന്നാള് കൂടാന്‍ . സമയം കുറവെങ്കിലും ചെറിയൊരു ട്രിപ്പ്‌ ഇല്ലാതെ എന്താഘോഷം ?
ദൂരെയെങ്ങും പോകേണ്ട എന്ന തീരുമാനത്തില്‍ "മുറ്റത്ത് വല്ല മുല്ലയും " ഉണ്ടോ എന്നായി ചിന്ത. ബാലുശേരിക്കടുത്തു "വയലട" എന്ന സ്ഥലത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരു ഉച്ച മയങ്ങിയ നേരത്ത് കൂട്ടുകാരനും നാട്ടിലെ നമ്മുടെ ടൂര്‍  കോടിനെട്ടരും ആയ റിയാസ് മാഷിനോപ്പം ഹോണ്ട ആക്ടീവയില്‍ യാത്ര തിരിച്ചു.
 
വയലട ടൌണില്‍ എത്തിയപ്പോള്‍  സമയം നാല് മണി.  ആ ടൌണിനെ പറ്റി പറയുകയാണെങ്കില്‍ 
"ഹരിത മനോഹരമാണീ വയലട
പട്ടില്‍ കുളിച്ചു വിളങ്ങി നിന്നൂ ".
ഒരു മാട കട ,ഒരു ചായക്കട, ഒരു ബസ് വെയിറ്റിംഗ് ഷെഡ്‌,പിന്നെ ചുമ്മാ കോട്ടുവാ ഇട്ടു തെണ്ടി നടക്കുന്ന നാലഞ്ചു പട്ടികള്‍ ,അവയെ കല്ലെറിയുന്ന കുട്ടികള്‍ .ഇതാണ് നമ്മ പറഞ്ഞ ടൌണ്‍ .

വഴിയില്‍ കണ്ട ഒരു ചേട്ടനോട് മാഷ്‌ ഇവിടെയുള്ള പ്രധാന കാഴ്ചകളെ കുറിച്ച്  അന്വേഷിച്ചു ഒരു എഫ് ഐ ആര്‍ തയാര്‍ ആക്കാനായി സമീപിച്ചു. പുള്ളിയുടെ ശരീര ഭാഷയും സംസാര ഭാഷയും ഇനിയും കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്ത ഏതോ ഗോത്ര ഭാഷയുമായി (ചില അനോണി കമന്റ്സിനോടും ) സാമ്യം തോന്നിയതിനാല്‍ ഞാന്‍ അല്‍പ്പം വിട്ടു പിടിച്ചു. അല്‍പ്പ സമയത്തിനകം തന്നെ "എല്ലാം പിടി കിട്ടിയവനെ പോലെ "  മാഷ്‌ അവിടെ നിന്നും സ്കൂട്ടാവുന്നത് കണ്ടു.

ഇവിടെ നിന്ന് ഓരോ ചായയും പരിപ്പ് വടയും കഴിച്ച ശേഷം ഞങ്ങള്‍ "മുള്ളന്‍ പാറ" ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു. ബൈക്കുമായി ഇനിയും മുന്നോട്ടു പോയാല്‍ ബൈക്ക്  തിരികെ കൊട്ടയില്‍ കോരി എടുക്കേണ്ടി വരുമെന്ന്‍ അറിഞ്ഞതോടെ യാത്ര കാല്‍ നടയായി തുടര്‍ന്നു. കരിങ്കല്‍ പാകിയ വഴിയിലൂടെ കാപ്പി തോട്ടത്തിനു നടുവിലൂടെയുള്ള യാത്ര

മനസ്സിന് പുതു ജീവന്‍ നല്കാന്‍ പോന്നതായിരുന്നു. ചെറിയ കളിമണ്‍ വീടുകളില്‍ കര്‍ഷക സ്ത്രീകള്‍ പറമ്പും തൊടിയും കള വെട്ടുന്ന ജോലിയിലാണ്.
മുള്ളന്‍ പാറയുടെ ഒരു ഭാഗം ഞങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായെങ്കിലും  വഴി അവസാനിക്കുന്ന ലക്ഷണം കാണാനില്ല .

ഒരു കിലോ മീറ്റര്‍ ദൂരം നടന്നു കിതച്ചപ്പോള്‍ ഞങ്ങള്‍ക്ക്  മുള്ളന്‍ പാറയുടെ  "സൈന്‍ ബോര്‍ഡ്  " കാണാനായി.  ഇവിടെ നിന്നും ആ കാണുന്ന വഴിയിലൂടെ അമ്പത് മീറ്റര്‍ ചെന്നാല്‍ ലക്ഷ്യ സ്ഥാനം എത്താം. ബോര്‍ഡിനു പിറകില്‍ കാണുന്ന ചെറിയ വീട് (ചിന്ന വീട് ) ഒരു സ്വകാര്യ റിസോര്‍ട്ടാണ്
.

ഒറ്റയടിപ്പാത അവസാനിക്കുന്നിടത്ത്  കയറ്റം ആരംഭിക്കുകയായി.  വനം വകുപ്പിന്റെ അതിര് കല്ലുകള്‍ കാണാം ഇവിടെ. വന മേഖലയിലൂടെ അല്‍പ്പം മുന്നോട്ടു നടന്നാല്‍ കയറിയെത്തുന്നത് വലിയൊരു പാറയുടെ മുകളിലേക്കാണ്.

ഇനി ഇവിടെ നിന്നുള്ള കാഴ്ചകള്‍  സംസാരിക്കട്ടെ .
കക്കയം ഡാമില്‍ നിന്നും  വൈദ്യുത ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളം ഒരു കായല്‍ പോലെ കെട്ടിക്കിടക്കുന്ന ഇടമാണ് അകലെ കാണുന്നത്.

ഊട്ടിയുടെയും കൊടൈ കനാലിന്റെയും ഒക്കെ ചെറു പതിപ്പായ ആ മനോഹര പ്രദേശം ഇപ്പോള്‍ കല്യാണ ആല്ബ ഷൂട്ടിംഗ് കാരുടെ പറുദിസയാണ്. ജില്ലയില്‍ അടുത്ത ദിവസം കല്ല്യാണം കഴിഞ്ഞ ദമ്പതിമാരെ കാണണമെങ്കില്‍ അവിടെ ചെന്നാല്‍ മതി. ഏറെ ടൂറിസം സാദ്യതയുള്ള ഈ പ്രദേശം ഇപ്പോഴും അവഗണിക്കപ്പെട്ടു കിടക്കുകയാണ്.

കക്കയം , പേരാമ്പ്ര, കൂരാച്ചുണ്ട്, തലയാട് , തുടങ്ങിയ ചെറിയ  അങ്ങാടികളും മറ്റും ഇവിടെ നിന്ന്  കാണാം .
സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ഈ പാറ മുകളില്‍ നിന്നുള്ള പ്രക്രതിയുടെ ദ്രശ്യങ്ങള്‍ നയനാനന്ദകരമാണ്.

ആനയുടെ ചൂരുണ്ടോ ഇളം കാറ്റിനെന്നൊരു സന്ദേഹം വന്നതോടെ മുട്ടുകാലിലൊരു പെരുപ്പ്‌ .. പിന്നെ തിരിച്ചിറക്കം.

വഴിയില്‍ ചന്ദ്രേട്ടനെ കണ്ടു . അറുപതുകളില്‍ ഇവിടെ കുടിയേറിയ കര്‍ഷകന്‍ . ഇവിടെ റബറിന് വളര്‍ച്ച ഇല്ലത്രെ. പന്നി ശല്യം രൂക്ഷം. അത് കൊണ്ട് സ്ഥലത്തിനും ഡിമാണ്ട് കുറവാണ്. പന്നികളെ തുരത്താനുള്ള പടക്കം പൊട്ടിക്കാനുള്ള വിദ്യയാണിത്. കമ്പി വേലിയില്‍ ആരെങ്കിലും തൊട്ടാല്‍ ഈ സംഭവം പോട്ടുമത്രേ.
സൂര്യന് അപ്പോഴേക്കും തിരികെ പോകാന്‍ ധൃതിയായി  . ചുരമിറങ്ങി തലയാട് വഴി തിരികെ യാത്ര. നേരിയ തണുപ്പുള്ള സുഖമുള്ള യാത്ര. ശുഭ യാത്ര:)


prev next