Thursday, October 27, 2011

ചില്ലറ പാട്ട് പരീക്ഷണങ്ങള്‍

ചെറുപ്പം തൊട്ടേ  പാട്ടുകളോട്  പ്രണയമായിരുന്നു. പ്രത്യേകിച്ച് ശോക ഗാനങ്ങള്‍ . പാട്ടുകാരനാവുക എന്ന മോഹവുമായി ചെന്ന് കയറാന്‍ സിംഹത്തിന്റെ മടയൊന്നും കണ്ടില്ലെങ്കിലും  പാടാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും "സംഗതികളുടെ" അധിപ്രസരത്താല്‍ ദയനീയ പരാജയമായി മാറി. തോറ്റു കൊടുക്കാന്‍ മനസ്സില്ലായിരുന്നു. അകത്തു കയറിയ താള ബോധം ബഹിര്‍ ഗമിച്ചത് എഴുത്തിന്റെ രൂപത്തിലായിരുന്നു. പ്രീ ഡിഗ്രിക്കാരന്റെ  എഴുത്ത് പലരും വാഴ്ത്തി. മാപ്പിളപ്പാട്ട് രചനാ മത്സരങ്ങളില്‍ സ്ഥിരം ജേതാവായത്തോടെ ചെറിയ അവസരങ്ങള്‍ തേടി വരാന്‍ തുടങ്ങി.
കരീം കക്കാട് എന്ന ജ്യേഷ്ഠ തുല്യനായ സുഹ്രത്തിനെ
  പരിചയപ്പെട്ടത്‌ ജീവിതത്തിലെ വഴിത്തിരിവായി. മാപ്പിളപ്പാട്ട് കാസറ്റുകള്‍ വിപണി വാഴുന്ന കാലത്ത് ഞങ്ങള്‍ മലയാള ചരിത്രത്തിലാദ്യമായി ദഫ് മുട്ട് എന്ന കലാ രൂപത്തെ കാസറ്റിലാക്കി വിപണിയിലെത്തിച്ചു, സംഗതി ഏറ്റു എന്ന് മാത്രമല്ല വന്‍ ലാഭമായി മാറുകയും ചെയ്തു.  എന്റെ രചനകള്‍ അങ്ങനെ നാലാള്‍ പാടാന്‍ തുടങ്ങി. ഞങ്ങളെ അനുകരിച്ചും ഞങ്ങളുടെ സഹായത്തോടെയും പ്രമുഖ കാസറ്റ് നിര്‍മാതാക്കള്‍ എല്ലാം ദഫ് ഗാനങ്ങള്‍ക്ക് പിന്നാലെ വന്നു. കോഴിക്കോട് സ്റ്റാര്‍ ഓടിയോസിലെ കൊയക്കയുടെ പിന്‍ തുണ കിട്ടിയതോടെ ഒരു മാപ്പിളപ്പാട്ട് കാസറ്റ്‌  ഇറക്കാനായി ശ്രമം. ചെറിയ മുതല്‍ മുടക്കില്‍ മതിയെന്നായിരുന്നു തീരുമാനം.
ഞാനും ടി പി അബ്ദുള്ള ചെറുവാടി എന്ന എഴുത്തുകാരനും രചന നിര്‍വഹിച്ച്, കൊടിയത്തൂരിലെ ഹുസന്‍ മാഷുടെ (മാഷ്‌ ഇന്ന്
  നമ്മോടൊപ്പമില്ല. കഴിവുറ്റ എഴുത്തുകാരനും കലാകാരനുമായിരുന്നു അദ്ദേഹം) മക്കളായ നാദിയ ഹുസന്‍ (അന്ന് ബേബി നാദിയ ) ശാഹദ് (കൈരളി പട്ടുറുമാലില്‍ ജനപ്രിയ ഗായകനായിരുന്നു കഴിഞ്ഞ വര്ഷം ശാഹദ്. അന്ന് മൂന്നാം ക്ലാസ്സില്‍ ) നിയാസ് ചോല എന്നിവര്‍ പാടിയ "പൊന്‍ താരം" എന്ന കാസറ്റിന്റെ സംഗീതം ജോയ് വിന്സന്റ്  ചേട്ടനായിരുന്നു. തുടര്‍ന്നിറങ്ങിയ ഇതേ ടീമിന്റെ "പുന്നാരം" എന്ന കാസറ്റിനായി
കെ വി അബൂട്ടിയാണ് (ഏഷ്യാനെറ്റ്
  "മൈലാഞ്ചി " ഷോയിലെ വിധി കര്‍ത്താവ്. രണ്ടു പേര്‍ ചാനലിലെത്തി ,, മൂന്നാമന്‍ ഞാനാകുമോ .ആയാലും നിങ്ങള്‍  ഞെട്ടേണ്ട.ഓരോരോ ആഗ്രഹങ്ങളേ !  ) സംഗീതം നിര്‍വഹിച്ചത്. 
കോഴിക്കോട് നടക്കാവില്‍ എം കെ മുനീര്‍ സാഹിബിന്റെ വീടിനടുത്തുള്ള "പല്ലവി സ്റ്റുഡിയോയില്‍ " മനോജ്‌ എന്ന റികോഡിസ്ടാണ്  ഗാനങ്ങള്‍ റിക്കോഡ്‌ ചെയ്തത്. അന്നൊക്കെ സ്പൂളില്‍ ആയിരുന്നു റിക്കോഡ്‌ ചെയ്തിരുന്നത്. റികോഡിംഗ് ദിവസം പാട്ടുകാരും വാദ്യ മേളക്കാരുമെല്ലാം ഒന്നിച്ചു ഹാജരാകണം. ഒറ്റ ടേക്കില്‍ പാട്ടിനൊപ്പം തന്നെ മേളം വായിക്കും. തെറ്റിയ ഭാഗങ്ങള്‍ മാത്രം റീ ടെയ്ക് എടുക്കും.അതായിരുന്നു നാലഞ്ചു വര്‍ഷം മുമ്പ് വരെയുള്ള രീതി .
എന്നാലിന്ന് കമ്പ്യൂടര്‍ വന്നതോടെ പാടുന്നവരും എഴുതുന്നവരും സംവിധായകനും മേളക്കാരും ഒന്നും തമ്മില്‍ അറിയുക പോലും ഇല്ലാത്ത അവസ്ഥയായി. ഓരോരുത്തരുടെയും സൗകര്യം പോലെ വന്നു അവരുടെ ഭാഗം ചെയ്തു അവസാനം മിക്സ് ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. ദുബായില്‍ തുടങ്ങിയ ജോലികള്‍ തീരുന്നത് ചിലപ്പോള്‍ കൊച്ചിയിലാകും.  കോഴിക്കോട്ടെ മികച്ച  കലാകാരന്മാരുടെ ഒരു സംഘമായിരുന്നു അന്ന് മിക്കവാറും എല്ലാ പരിപാടികള്‍ക്കും മേളം ഒരുക്കിയിരുന്നത് .കോഴിക്കോട് അബൂ ബക്കര്‍ (അവുക്കാക്ക)യാണ്  ഞങ്ങള്‍ക്ക് വേണ്ടി തബല വായിച്ചത്. 
അവസാന നിമിഷം സ്റ്റുഡിയോയിലിരുന്നു ചില വരികള്‍ തിരുത്തി എഴുതേണ്ടി വരുമ്പോഴത്തെ ടെന്‍ഷനും എല്ലാവരും ഒത്തു ചേര്‍ന്നുള്ള ആ അപൂര്‍വ നിമിഷങ്ങളും എല്ലാം വീണ്ടും ഓര്‍ത്ത്‌ പോയത്  കാസറ്റില്‍ നിന്നും ഞാന്‍ എം പീ ത്രിയിലേക്ക് പകര്‍ത്തിയ ഗാനങ്ങള്‍ കേട്ടപ്പോഴാണ്. കാലപ്പഴക്കം ചില അപാകതകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഹാജിമാര്‍ മക്കയില്‍ വീണ്ടും സാഗരം തീര്‍ക്കുമ്പോള്‍  നാദിയ പാടിയ എന്റെ  ഈ ഗാനം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

മക്കത്തെ കഅബ ശരീഫ് മുത്തി മണത്തിത വന്നിടും കാറ്റേ
മദീനത്തെ റൗള ശരീഫ് സിയാറത്ത് ചെയ്തിരുന്നോ
മസ്ജിദുല്‍ ഹറമില് പോയിരുന്നോ
മുത്തു റസൂലിനെ ഓര്‍ത്തിരുന്നോ

ശറഫുറ്റ ഹജറുല്‍ അസുവദില്‍ മുഖം ചുംബിച്ചോ
ശിഫയുറ്റ കുളിര്‍ സംസം കുടിച്ചിരുന്നോ
അറഫയില്‍ പോയിരുന്നോ ഹജ്ജിന്റെ അമലുകള്‍ കണ്ടിരുന്നോ
മീനയില്‍ ചെന്നിരുന്നോ ഹജ്ജിന്റെ പ്രാര്‍ത്ഥന കേട്ടിരുന്നോ .. ഹജ്ജിന്റെ ...

ബദറിന്റെ പടക്കളത്തില്‍ പുളകം കൊണ്ടോ
ബഹുമാന്യ സ്വഹാബത്തിന്‍ ചരിതം കേട്ടോ
ഹിറ ഗുഹ കണ്ടിരുന്നോ ഹഖിന്റെ മധു മൊഴി കേട്ടിരുന്നോ
ഹിറ ഗുഹ കണ്ടിരുന്നോ ഹഖിന്റെ മധു മൊഴി കേട്ടിരുന്നോ ...ഹഖിന്റെ ...

സഫ മര്‍വാ മലക്കിടയില്‍ സഇയും ചെയ്തോ
സഹരത്താം ഹാജറാവിന്‍ കണ്ണീരോര്‍ത്തോ
ഉഹദെന്ന മല കണ്ടോ ഹംസത്തെന്നസദിനെ ഓര്‍മ വന്നോ
ഉഹദെന്ന മല കണ്ടോ ഹംസത്തെന്നസദിനെ ഓര്‍മ വന്നോ
  ഹംസത്തെന്ന ...

മക്കത്തെ കഅബ ശരീഫ് മുത്തി മണത്തിത വന്നിടും കാറ്റേ ...


 ഈ ഒപ്പനപ്പാട്ട്  പിന്നെ വേറെ ആരെങ്കിലും വന്നു കേള്‍ക്കുമോ ? കേട്ടിട്ട് പോയാല്‍ മതി ,അതന്നെ.

 

Thursday, October 13, 2011

'റുമാന്‍ തോപ്പിലെ കാഴ്ചകള്‍'


സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ ഇരുമ്പുപോലെ ഉറപ്പുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയെ ജബല്‍അഖ്ദര്‍ (പച്ചമല) എന്ന് വിളിക്കുന്നതിന്റെ അര്‍ഥ ശൂന്യതയായിരുന്നു മലമ്പാതകള്‍ ആയാസപ്പെട്ടു കയറുന്ന ഫോര്‍ വീലറിലിരിക്കുമ്പോള്‍ മനസു നിറയെ. മസ്‌കത്തില്‍ നിന്നും 100 കിലോ മീറ്റര്‍ സലാല റോഡില്‍ സഞ്ചരിക്കുമ്പോള്‍ 'നിസ്‌വ'യെന്ന ചെറു പട്ടണത്തിലെത്താം. നിസ്‌വയിലെത്തുന്നതിനു തൊട്ടു മുമ്പായുള്ള ഇന്റര്‍ചേഞ്ചിനടുത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകുന്ന വഴിയാണ് 'ജബല്‍ അഖ്ദര്‍ ' എന്ന ഒമാനിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തുന്നത്. മലയടിവാരത്തിലെ ചെക്ക് പോയിന്റ് നിന്ന് 35 കിലോമീറ്റര്‍ മല കയറി വേണം ഇവിടെയെത്താന്‍. അവധിയാഘോഷങ്ങള്‍ 'തീ പിടിച്ച' മരുഭൂമിയില്‍ എങ്ങനെയാവണമെന്ന് സന്ദേശിക്കുന്നവര്‍ക്ക് പ്രകൃതിയുടെ തണുപ്പും ദൈവത്തിന്റെ കരവിരുതില്‍ വിരിഞ്ഞ മനോഹര കാഴ്ച കണ്ടുമാണ് 'പച്ചമല' നിഗൂഢമായി ഒളിച്ചു വെച്ചിരിക്കുന്നത്.
ചെക്ക് പോയിന്റില്‍ നിന്ന് മല കയറണമെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ഇവിടെ ഫോര്‍വീല്‍ ഡ്രൈവുകള്‍ വാടകക്ക് ലഭിക്കും.
 കുത്തനെയുള്ള കയറ്റവും വളവുകളുമാണ് ജബല്‍ അഖഌറിലേക്കുള്ള മലമ്പാതയെ വന്യമാക്കുന്നത്. നിരവധി മലകള്‍ക്കിടയിലൂടെ തീര്‍ത്ത പാതകളുടെ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ചുരം റോഡിലെ വ്യൂ പോയിന്റുകളില്‍ നിന്ന് താഴെയുള്ള ഗ്രാമങ്ങളുടെ ഭംഗി നുകരും. മലകയറും തോറും 40 ഡിഗ്രിയില്‍ നിന്ന് താപനില താഴ്ന്നു വരുന്നതു കാണാം. ഒരു മണിക്കൂറോളം നീണ്ട യാത്ര എത്തിച്ചത് നിരവധി മലകള്‍ക്കു നടുവിലെ ഒരു ചെറു ഗ്രാമത്തിലേക്കാണ്.

ഒരു പെട്രോള്‍ പമ്പും നാലോ അഞ്ചോ കടകളും സര്‍ക്കാര്‍ കാര്യാലയങ്ങളും പോലീസ് സ്റ്റേഷനും മറ്റുമുള്ള ചെറിയൊരു അങ്ങാടി പിന്നിട്ടപ്പോള്‍ നാലു വശത്തേക്കും റോഡുകള്‍ ഇറക്കമിറങ്ങുകയായി.
സമയം ഉച്ചക്ക് 12ന് താപനില 25 ഡിഗ്രി സെല്‍ഷ്യസ്. ഒമാന്‍ റോയല്‍ പോലീസ് സേനയുടെയും ഒമാന്‍ ടി വിയുടെയും മറ്റും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിന്നിട്ട് കുന്നിറങ്ങി ചെന്നത് 'അല്‍ ഖീസ്' എന്ന ഗ്രാമത്തിലേക്കാണ്. നാഗരികതയുടെ കടന്നുകയറ്റങ്ങള്‍ കോണ്‍ക്രീറ്റ് ഭവനങ്ങളില്‍ മാത്രമൊതുങ്ങുന്ന വശ്യസുന്ദരമായ ഗ്രാമം. വീടുകളില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന മരക്കൊമ്പുകളില്‍ കായ്ച്ചുനില്‍ക്കുന്ന ചുവന്ന പഴവര്‍ഗങ്ങള്‍ കണ്ടപ്പോള്‍ നാവില്‍ കൊതിയുടെ  തിരയിളക്കം തുടങ്ങി.


ഗ്രാമ കവാടത്തില്‍ വാഹനമൊതുക്കി ക്യാമറയും തൂക്കി ഞങ്ങള്‍ നടന്നു തുടങ്ങി. സന്ദര്‍ശകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. ഒമാനിലെ സാധാരണ കര്‍ഷകര്‍ താമസിക്കുന്ന ചെറിയ ചെറിയ നിരവധി ഗ്രാമങ്ങളാണ് ജബല്‍ അഖ്ദറിലുള്ളത്. അല്‍ ഗൈല്‍, അല്‍ അഖാര്‍, ശറീജ തുടങ്ങിയ ഇടങ്ങളിലെല്ലാം മലഞ്ചെരുവിലെ കൃഷിയിടങ്ങള്‍ സജീവമാണ്.
തുറന്നു കിടക്കുന്ന വഴിയിലൂടെ മുന്നോട്ടു നീങ്ങവേ ഇരുവശങ്ങളിലും കമ്പിവേലികള്‍ തുളച്ച് പുറത്ത് ചാടാന്‍ വെമ്പി നില്‍ക്കുന്ന റുമ്മാന്‍ (അനാര്‍) പഴങ്ങളാണ് എതിരേറ്റത്. മരുഭൂമിയിലെ ഏറ്റവും നയനാനന്ദകരമായ കാഴ്ച എക്കാലവും മരുപ്പച്ചകള്‍ തന്നെ ആയിരുന്നുവല്ലോ? തുടുത്തു പഴുത്തു നില്‍ക്കുന്ന റുമ്മാന്‍ പഴങ്ങള്‍ നിറഞ്ഞ വലിയൊരു തോട്ടത്തിലേക്കുള്ള പാതയായിരുന്നു അത്. തുറന്നു കിടക്കുന്ന കുഞ്ഞു വാതിലിലൂടെ അകത്തു പ്രവേശിച്ചതും മരുഭൂമിയിലാണീ ലോകമെന്നും വിശ്വസിക്കുക പ്രയാസകരമായിരുന്നു. അറബ് ചരിത്രത്താളുകളിലെവിടെയോ വായിച്ച റുമ്മാന്‍ തോപ്പും 'അബു സയ്യാദു'മെല്ലാം ഓര്‍മയില്‍ തെളിഞ്ഞു.

തട്ടുകളായി തിരിച്ച കൃഷിയിടത്തില്‍ റുമ്മാനിനു പുറമെ, അക്കിപ്പഴം, മുന്തിരി, പ്രത്യേകതരം പഴം എന്നിവയെല്ലാം കാണാം. ആക്രാന്തം മൂത്തപ്പോള്‍ വഴിയില്‍ കണ്ട ഒമാനിയോട് തിരക്കി. 'ഈ തോട്ടം ആരുതേടാണെന്ന്?' ഉടമസ്ഥന്‍ സ്ഥലത്തില്ലെന്നറിഞ്ഞത് നിരാശക്കിടയാക്കിയെങ്കിലും വീണു കിടക്കുന്ന പഴങ്ങള്‍ പെറുക്കി ഭക്ഷിക്കാന്‍ തുടങ്ങി. പക്ഷെ, അതിനു വേണ്ടത്ര രുചി പോരായിരുന്നു.

 ചെറിയൊരു കൈത്തോട്ടില്‍ നിന്നും ശക്തമായി നീരൊഴുക്കു കണ്ടു. പിന്നെ അതിന്റെ ഉറവിടം തേടി തോട്ടത്തിലൂടെ മുകളിലേക്കു നടന്നു. എങ്ങും റുമ്മാന്‍ പഴങ്ങള്‍ ഞങ്ങളെ നോക്കി ചിരിച്ചു. ഒരിടത്ത് രണ്ട് ഒമാനി യുവതികള്‍ തോട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ അലക്കുന്നത് നാടിനെ ഓര്‍മിപ്പിച്ചു.

അവര്‍ കാണിച്ചു തന്ന വഴിയിലൂടെ വീണ്ടും കുന്നു കയറി എത്തിയത് ഒരു ജലശേഖരണിക്കരികത്താണ്. ബംഗാളിയായ മുഹമ്മദ് ഞങ്ങള്‍ക്ക് ഈ പ്രദേശത്തെ കുറിച്ചു പറഞ്ഞു തന്നു. മലക്കപ്പുറമുള്ള 'ഫലജ്' (നീര്‍ചോല) യില്‍ നിന്നാണ് വെള്ളം പമ്പു ചെയ്യുന്ന്ത്. സെപ്തംബര്‍, ഒക്‌ടോബര്‍ മാസത്തിലാണത്രെ റുമ്മാന്‍ പാകമാകുന്നത്. ഇത്തവണ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ ഫലങ്ങള്‍ പൊട്ടിപ്പിളര്‍ന്നു കേടായി വീഴുന്നുണ്ട്. വെറുതെയല്ല നേരത്തെ കഴിച്ചതിനൊരു ചവര്‍പ്പ് രുചി. മുഹമ്മദ് ഏകദേശം പാകമായ റുമ്മാന്‍ പഴങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. വര്‍ഷങ്ങളായി ഇവിടത്തെ തോട്ടക്കാരനാണിദ്ദേഹം.

നട്ടുച്ചയോ വെയിലോ ഒന്നും ഏശാത്ത കുന്നിറങ്ങി വരുമ്പോള്‍ മുന്നില്‍ മനോഹരമായൊരു പള്ളി കണ്ടു. പഴയകാല പ്രൗഢി വിളിച്ചറിയിക്കുന്ന കല്ലുകളില്‍ തീര്‍ത്ത പള്ളി. പ്രാര്‍ഥന കഴിഞ്ഞ് അവിടെ വിശ്രമിക്കാനിരുന്നപ്പോള്‍ സുഖ ശീതളമായ നിദ്ര മാടിവിളിക്കാന്‍ തുടങ്ങിയതോടെ ഇറങ്ങി നടന്നു.

വിശപ്പു മാറാന്‍ വല്ലതും കിട്ടുമോ എന്നന്വേഷിച്ചാണ് ഒരു കടയിലേക്കു ചെന്നത്. ചന്ദ്രനില്‍ ചെന്നാലും മലയാളി കാണുമെന്നത് അന്വര്‍ഥമാക്കിക്കൊണ്ട് 'മാതൃഭൂമി'യുടെ കലണ്ടര്‍ ഹോട്ടലിന്റെ ചുവരില്‍ തൂങ്ങിക്കിടക്കുന്നു. ആറു മാസത്തോളമായി ഇവിടെ ജോലി ചെയ്യുന്നെങ്കിലും കൊല്ലം സ്വദേശിയായ പ്രവാസിക്ക് ഇവിടത്തെ കാഴ്ചകളെ കുറിച്ചൊന്നും അറിയില്ല. തൊട്ടടുത്ത കടയെ ഒമാനിയായ ഇബ്രാഹീം ഞങ്ങളുടെ കൂടെ വന്നു.
 ജബല്‍ അഖ്ദര്‍ ഹോട്ടലിനടുത്തെ കുന്നിലേക്കാണ് ഇബ്രാഹീം ഞങ്ങളെ കൊണ്ടു പോയത്.

ഒരു കിണറു വക്കില്‍ നിന്ന് താഴേക്ക് നോക്കുന്ന പ്രതീതിയായിരുന്നു ആ കാഴ്ച സമ്മാനിച്ചത്. ഒരു കാലടിക്കപ്പുറം അഗാഥമായ ഗര്‍ത്തത്തിലെ താഴ്‌വരകള്‍. പച്ച പുത്തച്ച തട്ടുകളായി കിടക്കുന്നു. കൃഷിയിടങ്ങള്‍ ആകാശത്തിനു താഴെ ഭൂമിക്കു മുകളില്‍ നിന്ന് മറ്റൊരു ഭൂമിയെ നോക്കിക്കാണുന്ന അനുഭവം എത്ര ദൃശ്യസുന്ദരം. എങ്ങിനെയാണ് ആ കാഴ്ച വിവരിക്കേണ്ടതെന്നറിയില്ല. ജീവിതത്തില്‍ കണ്ട പ്രകൃതിയുടെ ഏറ്റവും വശ്യമായ രൂപങ്ങളില്‍ ഒന്നെന്ന് ഒറ്റവാക്കില്‍ പറയാം. ജബല്‍ അഖഌ എന്ന പദര്‍ത്തിനര്‍ഥം ഇതാ കണ്‍ മുമ്പില്‍. നിരവധി ഗ്രാമങ്ങളാണ് താഴ്‌വരയിലുള്ളത്. അവയില്‍ ഏറ്റവും താഴെയുള്ള ഒന്നിലേക്ക് ചൂണ്ടി ഇബ്രാഹീം പറഞ്ഞു: അവിടെയാണെന്റെ ഗ്രാമം.

അവിശ്വസനീയതയോടെ ഞങ്ങള്‍ ആ മുഖത്തേക്ക് നോക്കി. ഇബ്രാഹീമിന്റെ പൂര്‍വ പിതാക്കളില്‍ എത്ര പേര്‍ പുറം ലോകം കണ്ടിട്ടുണ്ടായിരിക്കുമെന്നായിരുന്നു മനസിലുയര്‍ന്ന ചിന്ത. റോഡും വാഹനങ്ങളുമൊക്കെ മല കീഴടക്കും മുമ്പ് ഇവിടെ ജീവിച്ചിരുന്നവര്‍ ദുര്‍ഘഢമായ പാതകള്‍ താണ്ടി പ്രകൃതിയോട് മല്ലിട്ടും ഇവിടെ ആരംഭിച്ച് ഇവിടെ തന്നെ ഒടുങ്ങിയ എത്ര തലമുറകള്‍ കാണും? ഇബ്രാഹീം കാണിച്ച വഴിയിലൂടെ കുന്നിറങ്ങി ദുര്‍ഘഢമായ ഒറ്റയടിപ്പാതയിലൂടെ രണ്ടു കുന്നുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഒരു കൃഷിയിടത്തിലെത്തി. അവിടെ മനോഹരമായൊരു നീര്‍ച്ചോല കണ്ടു. ഇത്തരം 'ഫലജു'കളില്‍ നിന്നാണ് കൃഷിക്കുവേണ്ട വെള്ളം ശേഖരിക്കുന്നത്. കൈതോട്ടുകളിലൂടെ അത് ഒഴുകിക്കൊണ്ടിരിക്കുന്നു.

റോസ് വാട്ടര്‍ നിര്‍മാണത്തിനും ഏറെ പ്രസിദ്ധമാണ് ജബല്‍ അഹ്ദറിലെ ഗ്രാമങ്ങള്‍. 1957-59 കാലഘട്ടത്തില്‍ ബ്രിട്ടീഷ്, സഊദി സേനകള്‍ക്കെതിരെ ഒരു യുദ്ധവും മേഖലയില്‍ അരങ്ങേറിയിട്ടുണ്ട്. വാദിഗുല്‍ വാദി മിസ്തല്‍ തുടങ്ങിയ താഴ്‌വരകളാണ് ഇവിടത്തെ മറ്റ് മുഖ്യ ആകര്‍ഷണങ്ങള്‍.
ഇബ്രാഹീമിനോടും റുമ്മാന്‍ തോപ്പിനോടും സലാം ചൊല്ലി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരുഭൂമിയിലെ മരങ്ങള്‍ കാണാനായി ഹിദാദ് മല നിരകളിലേക്കായി യാത്ര. അല്‍ ഹജര്‍ മലനിരകളിലെ ആദിവാസി ഗോത്രങ്ങളിലെ കുട്ടികളും സ്ത്രീകളും വഴി നീളെ റുമ്മാന്‍ പഴങ്ങളും മുന്തിരിയും തേനും മറ്റും വില്‍പ്പനക്കു വെച്ച് കാത്തിരിപ്പുണ്ടായിരുന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ ഏക്കറുകളോളം വിസ്തൃതിയുള്ള ഫല വൃക്ഷത്തോട്ടവും പിന്നിട്ട് മലനിരകളുടെ ഭംഗിയാസ്വദിച്ച് ഹിദാദിലെ പാര്‍ക്കിലെത്തി. നൂറ്റാണ്ടുകളുടെ പ്രായമുള്ള മുത്തശ്ശിമരങ്ങളുടെ തണല്‍ പറ്റി നടന്നു. സന്ദര്‍ശകര്‍ക്കായി ഇവിടെ ചെറിയൊരു പാര്‍ക്കും മരങ്ങളെ അടുത്തു കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒരു പകല്‍ നീണ്ട ഓട്ട പ്രദക്ഷിണം തീര്‍ന്നപ്പോഴും ജബല്‍അഖ്ദറിലെ യഥാര്‍ഥ കാഴ്ചകള്‍ ബാക്കിയിരിപ്പുണ്ടായിരുന്നു. മലനിരകളിലെ മനുഷ്യരുടെ ജീവിതത്തെ അടുത്തറിയാനും പ്രകൃതിയുടെ വിസ്മയകരമായ താളവ്യതിയാനങ്ങള്‍ അനുഭവിക്കാനും മലമ്പാതകള്‍ ഇനിയും നീണ്ടു കിടപ്പുണ്ടായിരുന്നു. നാഗരികതയുടെ ചൂടില്‍ സ്വയം ഇല്ലാതാകുന്ന പ്രവാസികള്‍ക്ക് ജബല്‍ അഖ്ദറിലേക്കൊരു യാത്ര, മനസ് തണുപ്പിക്കുന്ന അനുഭവം തന്നെയാകും.
prev next