Friday, December 2, 2011

ഗള്‍ഫുകാരന്റെ ടേപ്പ് റിക്കോര്‍ഡര്‍




പ്രീയപ്പെട്ട ഗള്‍ഫുകാരാ,
നിന്റെ ഓര്‍മകളില്‍ എവിടെയും ഇന്നെനിക്ക് സ്ഥാനമുണ്ടാകാനിടയില്ല. ഐപാഡും ബ്ലാക്‌ബെറിയും ലാപ്‌ടോപ്പുമായി ഫേസ്ബുക്കിന്റെയും ഗൂഗിള്‍ പ്ലസിന്റെയും ആഗോള വലയത്തില്‍ അകലങ്ങളിലെ അജ്ഞാത സുഹൃത്തിനോട് സല്ലപിക്കുന്നതിനിടയില്‍ താങ്കളുടെ ഓര്‍മയുടെ ഒരറ്റത്തു പോലും ഞാന്‍ ഉണ്ടാവുന്നതെങ്ങനെ?
എങ്കിലും ഏകാന്തതയുടെ മടുപ്പിക്കുന്ന ഇന്നലെകളില്‍ നിന്റെ സന്തോഷത്തിലും സന്താപത്തിലും ഇണപിരിയാത്ത ഈണമായി ഞാന്‍ കൂടെയുണ്ടായിരുന്നു. നിന്റെ ഉറക്കമില്ലാത്ത രാത്രികളില്‍ തലയിണക്കരികെ നിന്ന്, നിനക്ക് സങ്കടം വരുമ്പോള്‍ ശോകഗാനവും സന്തോഷം വരുമ്പോള്‍ പ്രണയ ഗാനവും പാടാന്‍ എന്നോടൊപ്പം കാസറ്റെന്ന മറ്റൊരാളും. ഇപ്പോള്‍ താങ്കള്‍ക്കെന്നെ മനസിലായിക്കാണുമെന്ന് കരുതുന്നു. അതെ, ഞാന്‍ തന്നെയാണ് ടേപ്പ് റിക്കാര്‍ഡര്‍. ഓര്‍മയുണ്ടോ? വള്ളി നിക്കറിട്ട് നടക്കുന്ന പ്രായത്തില്‍ അയലത്തെ ഗള്‍ഫുകാരന്റെ വീട്ടില്‍ സര്‍വമാന പ്രൗഢിയോടും കൂടി ഞാന്‍ അരങ്ങു വാഴുന്ന കാലം. ഗള്‍ഫുകാരന്റെ പത്രാസിന്റെ വിളംബരമായി അത്തറിന്റെ സുഗന്ധത്തിനും ഫോറിന്‍ സിഗരറ്റിന്റെ ധൂമ പടലങ്ങള്‍ക്കുമൊപ്പം നാട്ടുവഴികളിലൂടെയൊഴുകിയ സംഗീതമായി ചെറുപ്പക്കാരുടെ സ്വപ്‌നങ്ങളെ അറബിക്കടല്‍ കടത്തിയ മഹാ സംഭവം തന്നെയായിരുന്നു അന്നു ഞാന്‍. നീ 'കേട്ടിട്ടില്ലാത്ത' നിന്റെ ശബ്ദം നീയറിയാതെ ആവാഹിച്ചെടുത്ത് നിന്നെ തന്നെ കേള്‍പ്പിച്ചപ്പോള്‍ നിന്റെ മുഖത്തെ തെളിഞ്ഞ അത്ഭുതത്തിന്റെയും ആകാംക്ഷയുടെയും ഭാവവ്യതിയാനങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല. ഗള്‍ഫ് പെട്ടിക്കൊപ്പം ഗള്‍ഫുകാരന്റെ കയ്യില്‍ തൂങ്ങിയാണ് ഞങ്ങളില്‍ പലരും നാട്ടിലെത്തിയിരുന്നത്. ഇടവഴികളിലൂടെ ബാറ്ററിയുടെ ബലത്തില്‍ പാട്ടുപാടിക്കൊണ്ട് എത്രതവണ സഞ്ചരിച്ചിരിക്കുന്നു?
കല്യാണ വീടുകളിലും ആഘോഷ വേദികളിലും അനിവാര്യ സാന്നിധ്യമായി മാറിയപ്പോള്‍ എന്തൊരഹങ്കാരമായിരുന്നുവെന്നോ? എന്നെയൊന്ന് തൊടാന്‍ മോഹിച്ച് അരികിലെത്തിയ നിന്നെ എത്ര തവണ മൈക്ക് ഓപ്പറേറ്റര്‍ ചെവി പിടിച്ചു തിരുമ്മി ഓടിച്ചിട്ടുണ്ട്...?

പ്രതാപം മങ്ങി വീടിന്റെ മൂലയില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ടേപ്പ് റിക്കോര്‍ഡര്‍ എന്ന ആര്‍ സി ആറിന് ഇങ്ങനെ ഒരുപാട് കഥകള്‍ പറയാനുണ്ടാകും. വിശേഷിച്ച് നമ്മള്‍ മലയാളികളോട്. ഓഡിയോ കാസറ്റുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. സി ഡിയും മെമ്മറി കാര്‍ഡും ഫഌഷ് ഡ്രൈവും മറ്റും തല്‍സ്ഥാനം ഏറ്റെടുത്തു. ഓഡിയോ ടേപ്പെന്ന 'ഓല'യിലൂടെ ഒരു കാലഘട്ടം തന്നെയാണ് അപ്രത്യക്ഷമാകുന്നത്. ഇനിയും വികസനം കടന്നു ചെല്ലാന്‍ മടിക്കുന്ന പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും മാത്രമാണ് ഒരുപക്ഷെ ഇന്നും ടേപ്പ് റിക്കോര്‍ഡറുകള്‍ കടല്‍കടക്കുന്നത്. ടെലിഫോണും മൊബൈല്‍ ഫോണും മറ്റും വ്യാപകമാകുന്ന ഘട്ടത്തിനു മുന്നേ, ലിപികളില്ലാത്ത ഭാഷകൊണ്ട് പൊറുതിമുട്ടിയ പഠാണ്‍കാരുടെ 'ശബ്ദ ദൂതാ'യിരുന്നു ഓഡിയോ ടേപ്പുകള്‍. പാനസോണികിന്റെ എം 50 മോഡല്‍ ആര്‍ സി ആറുകളോടായിരുന്നു പഠാണികള്‍ക്ക് എന്നും പ്രിയം. മരുഭൂമിയിലെ ഒഴിഞ്ഞ കോണുകളിലായിരുന്നു തങ്ങളുടെ വിശേഷങ്ങള്‍, വിഹ്വലതകള്‍, എല്ലാ ടേപ്പ് റിക്കോര്‍ഡറിനോട് പറഞ്ഞ് പകര്‍ത്തിയ കാസറ്റിന്റെ 'ഓല' (ടേപ്പ്) മാത്രം അടര്‍ത്തിയെടുത്ത് കവറിലാക്കി നാട്ടിലേക്കയച്ചിരുന്ന പാക്കിസ്ഥാനികല്‍ പോലും ഇന്ന് അക്കഥകള്‍ മറന്നിരിക്കുകയാണ്. മലയാളത്തിന്റെ കഥയും വിഭിന്നമായിരുന്നില്ല. എഴുപതുകളില്‍ ഗള്‍ഫുകാരന്റെ (അങ്ങനെ തന്നെ പറയട്ടെ) ടേപ്പ് റിക്കോര്‍ഡര്‍ എങ്ങും സംസാരവിഷയമായിരുന്നു. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഒരുപാട് കഥകള്‍ ഈ ഉപകരണം പഴയ ഗള്‍ഫുകാരനു മേല്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. മരുഭൂമിയില്‍ ചോര നീരാക്കുന്നവര്‍ നാട്ടിലെത്തുമ്പോള്‍ ഒരു ടേപ്പ് റിക്കോര്‍ഡര്‍ അവന്റെ സന്തത സഹചാരി തന്നെയായിരുന്നു. അന്നു വരെ റേഡിയോയും 'പെട്ടിപ്പാട്ടും' മാത്രം കേട്ടിരുന്നവര്‍ ഈ അതിശയപ്പെട്ടിയിലൂടെ ദിക്ര്‍ പാടി കിളിയും കത്തു പാട്ടും കേട്ടു. കണ്ണീര്‍ വാര്‍ത്തു. ഉറ്റവരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റുകളുമായി ഗള്‍ഫുകാരന്‍ വീണ്ടും കടല്‍ കടന്നപ്പോള്‍ അവന്റെ പ്രിയതമ സന്ദേശങ്ങള്‍ പങ്കുവെച്ചത് ടേപ്പ് റിക്കോര്‍ഡറിനോടു തന്നെയായിരുന്നു.

നാട്ടിന്‍പുറത്തെ ഗാനമേളകളിലും വഅളു പരിപാടികളിലും മറ്റും പിന്നീട് 'തലയുയര്‍ത്തി' നില്‍ക്കുന്ന അനേകം ടേപ്പ് റിക്കോര്‍ഡറുകള്‍ ഒരു നിത്യ കാഴ്ചയായി മാറി. അക്കാലത്തു തന്നെയാണ് ഏറ്റവുമധികം മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളും മറ്റും പിറവി കൊണ്ടതും. ഇന്നും നാം കേള്‍ക്കുന്ന ഒട്ടുമിക്ക ഗാനങ്ങളും 'കാസറ്റ് യുഗ'ത്തിന്റെ സംഭാവനകള്‍ തന്നെയാണ്. നാഷനല്‍, പാനസോണിക് എന്നീ കമ്പനികളുടെ മോണോ സ്പീക്കര്‍ ടേപ്പ് റിക്കോര്‍ഡറുകളായിരുന്നു ആദ്യകാലങ്ങളിലെ സൂപ്പര്‍സ്റ്റാര്‍. പിന്നീട് ഒട്ടനവധി മോഡലുകള്‍ രംഗത്തിറങ്ങി. പാനസോണിക് അടക്കമുള്ള ഒട്ടുമിക്ക കമ്പനികളും ടേപ്പ് റിക്കോര്‍ഡറുകളുടെ നിര്‍മാണം അവസാനിപ്പിച്ചു കഴിഞ്ഞു. കാസറ്റുകളും തഥൈവ. ബ്ലൂ റേ പ്ലെയറും ഫഌഷ് ഡ്രൈവും അടങ്ങിയ ഹോം തീയേറ്ററുകളും ത്രീഡി ചിത്രങ്ങളുള്ള എല്‍ സി ഡി ടിവികളും വിപണി കൈയടക്കിയിരിക്കുകയാണിപ്പോള്‍. കാസറ്റുകളില്‍ പതിഞ്ഞു കിടക്കുന്ന ശബ്ദതരങ്കങ്ങളെല്ലാം എം പി ത്രീയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. കാലഘട്ടത്തിന്റെ കണ്ടെത്തലുകള്‍ക്കു മുന്നില്‍ അനിവാര്യമായ വിടവാങ്ങലിന് കാതോര്‍ക്കുകയാണ് ടേപ്പ് റിക്കോര്‍ഡും കാസറ്റുകളും ഇപ്പോള്‍. ഗള്‍ഫ് മലയാളിയുടെ ജീവിതവുമായി ഇത്രയേറെ ഗാഢബന്ധം പുലര്‍ത്തിയ മറ്റൊരു ഉപകരണവും ഉണ്ടാവാനിടയില്ല. 

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മറ്റും സ്വപ്‌നത്തില്‍ പോലും വരുന്നതിനു മുമ്പ്, മണല്‍ കാട്ടിലെ ഭീതിതമായ ഒറ്റപ്പെടലില്‍ സാന്ത്വനത്തിന്റെ സ്പര്‍ശമായത് ഈ ഉപകരണമായിരുന്നു. നാട്ടിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേട്ട് പൊട്ടിച്ചിരിച്ചതും 'നിന്റെ ശബ്ദമൊന്നു കേള്‍ക്കാന്‍ പൂതിയുണ്ട് മോനേ'യെന്ന ഉമ്മയുടെ കണ്ണീരിനു മറുപടി പറഞ്ഞതും പിറന്നിട്ടിന്നോളം കണ്ടിട്ടില്ലാത്ത പൊന്നുമോന്‍ ഉപ്പായെന്ന് വിളിക്കുന്നത് ആദ്യമായി കേട്ടതും ഗദ്ഗദത്തോടെ പ്രിയതമ വികാരങ്ങള്‍ പങ്കുവെച്ചതും അപ്പോള്‍ നിനക്ക് കരച്ചില്‍ വന്നതും തലയിണക്കരികെ നിന്ന് സുഖമുള്ളൊരു പാട്ടു കേട്ട് ഉറങ്ങിപ്പോയതും ഒന്നും പ്രീയപ്പെട്ട മലയാളീ നീ മറക്കാനിടയില്ല. കനവുകള്‍ പുഷ്പിക്കുന്ന മരുഭൂവിലേക്ക് നിന്നെ വലിച്ചടുപ്പിച്ച മോഹങ്ങളിലൊന്ന് ഒരുകാലത്ത് ഈ അത്ഭുതപ്പെട്ടിയായിരുന്നു.
പേനയും പെന്‍സിലുമുപയോഗിച്ച് കറക്കിയ കാസറ്റുകള്‍, ടേപ്പ് പൊട്ടിയ കാസറ്റുകള്‍ സാഹസികമായി ഒട്ടിച്ചു ചേര്‍ത്ത് വീണ്ടും കേള്‍ക്കാനിടയായ ശബ്ദങ്ങള്‍, ചുവന്ന നിറമുള്ള റിക്കോര്‍ഡ് ബട്ടണ്‍ അറിയാതെ അമര്‍ത്തിയപ്പോള്‍ നഷ്ടമായ വിലപിടിപ്പുള്ള വികാരങ്ങള്‍, യാത്രക്കിടയില്‍ കൂടെ കൊണ്ടു നടന്നിരുന്ന പ്രിയമുള്ള കാസറ്റുകള്‍. വഴിയരികില്‍ നിന്നെവിടെയോ കേട്ട പാട്ട് റെക്കോഡ് ചെയ്തു കിട്ടാനായി കാസറ്റുകടകളിലും സുഹൃത്തിന്റെയും വീട്ടിലും മറ്റും കയറിയിറങ്ങിയ നാളുകള്‍, ഇല്ല ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം ആ നാളുകള്‍ക്ക് സലാം. ഒരു വിരല്‍ സ്പര്‍ശത്തിനൊപ്പം എക്കാലത്തെയും മികച്ച സംഗീതമാസ്വദിക്കാന്‍, എന്നും ഭ്രമിപ്പിക്കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാന്‍, ഒരു സ്‌ക്രീനിനിരുപുറവും അകലത്തില്‍ കളിചിരി പെയ്യാന്‍, പ്രീയപ്പെട്ട ഗള്‍ഫുകാരാ നിന്നെ ലോകം വളര്‍ത്തി വലുതാക്കി കഴിഞ്ഞു. എങ്കിലും മറക്കാതിരിക്കുക, ഒരുകാലത്ത് നിന്റെ പൊങ്ങച്ചത്തിന്റെ പ്രതീകമായിരുന്ന എന്നെയും സ്വപ്‌നങ്ങള്‍ 'ആവാഹിച്ചിരുത്തിയ' കാസറ്റുകളെയും. കാരണം നിനക്ക് ഗള്‍ഫുകാരനെന്ന ലേബല്‍ പോലും തന്നത് ഞാനായിരുന്നില്ലേ...


വര: മജ്‌നി 

47 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

മനോഹരമായ ആ കാലം ...
ടേപ്പ് റിക്കാര്‍ഡര്‍ നിധി പോലെ സൂക്ഷിച്ചിരുന്ന
ഒരു കാലം ഉണ്ടായിരുന്നു ,കാസ്സറ്റുകളും.. കാലത്തിന്റെ കുത്തൊഴുക്കില്‍
എല്ലാം പോയി ..........................

Sulfikar Manalvayal said...

മനസിനെ പഴയ കാലങ്ങളിലേക്ക് കൊണ്ട് പോയ നല്ല ഒരു ചിന്ത. ഇത്തരം കാര്യങ്ങള്‍ മനസിനെ പുറകോട്ടു നടത്തിക്കാന്‍, നിന്റെ വരികള്‍ക്കെ ആവൂ എന്ന് തോന്നുന്നു.

ഇന്നും മനസിലുണ്ട് എന്റെ നാട്ടില്‍ ആദ്യം കണ്ട "ഈ സാധനം" എന്‍റെ "എളാപ്പ" കൊണ്ട് വന്നതായിരുന്നു. നാട്ടിലുള്ള ഒരുപാട് കല്യാണ വീടുകളിലേക്ക് അന്ന് എന്‍റെ വീട്ടില്‍ വന്നു ടേപ്പും കാസറ്റും എടുത്തു കൊണ്ടുമാവുമായിരുന്നു. പാട്ട് കേള്‍ക്കുമ്പോള്‍ എന്‍റെ വീട്ടിലെ ടേപ്പ് ആണ് പാടുന്നതെന്ന് കൂട്ടുകാരോട് "അഭിമാനത്തോടെ" പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

ഓര്‍മകളിലേക്ക് നടത്തിച്ച ഈ നല്ല എഴുത്തിന് നന്ദി.

റശീദ് പുന്നശ്ശേരി said...

ഒരു കുറ്റ സമ്മതത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്
നേരത്തെ എഴുതി വച്ചതിനാല്‍ മാത്രം :)

ഒരു മാസമായി അപൂര്‍വമായി മാത്രെ ബൂലോഗത്ത് വരാറുള്ളൂ
നിങ്ങളില്‍ പലരെയും വായിച്ചിട്ടില്ല.. ക്ഷമിക്കുക.
"പാഥേയം" എന്ന പേരില്‍ വേറെയും ബ്ലോഗുകള്‍ കണ്ടതിനാല്‍
സ്വ (സു ) രക്ഷക്കായി എന്റെ നാടിന്റെ (പുന്നശ്ശേരി ) പേര്‍ സ്വീകരിക്ക്കുന്നു
എല്ലാവര്ക്കും നന്ദി

Unknown said...

റശീദ് പുന്നശ്ശേരി....ഈ പോസ്റ്റിന് പ്രത്യേക അഭിനന്ദനങ്ങൾ.. കാലക്കറക്കത്തിൽ മറഞ്ഞുപോയ, എങ്കിലും ഇന്നും പല വീടുകളിലും ചില ഓർമ്മകൾ അയവിറക്കുന്നതിനുവേണ്ടിമാത്രം കാത്തുസൂക്ഷിച്ചിരിക്കുന്ന ടേപ്പ് റിക്കാര്‍ഡറിനെക്കുറിച്ചുള്ള ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു... തിരഞ്ഞാൽ ഇനിയും ലഭിക്കും ഇതുപോലെ അവഗണിക്കപ്പെട്ടുപോയ അനവധി സാധനസാമഗ്രികൾ..പഴയ തലമുറയുൾപ്പടെ... ആശംസകൾ നേരുന്നു...

Echmukutty said...

ഈ ഓർമ്മ നന്നായി. ആ കാലം ഓർമ്മയുണ്ട്, ആദ്യമായി വീട്ടിൽ വന്ന ടേപ് റെക്കാർഡറിനു കിട്ടിയ സ്വീകരണം!
കാസറ്റുകൾ കൈവശം കൂടുതലുള്ള കൂട്ടുകാരിയുടെ ഗമ! ദുബായിലെ ചേട്ടൻ അയച്ചുകൊടുത്ത കാസറ്റുമായി വിലസുന്നതിന്റെ പൊങ്ങച്ചം! എല്ലാമെല്ലാം ഓർമ്മിപ്പിച്ചു.....
കൂട്ടത്തീൽ കെ എൽ സൈഗാളിന്റെ പാട്ടുകൾ അടങ്ങിയ അഞ്ചു കാസറ്റുകൾക്കായി അനിയത്തീമാർക്കൊപ്പം നടത്തിയ പിടിവലിയും...
അഭിനന്ദനങ്ങൾ..

ഫൈസല്‍ ബാബു said...

ഒരുകാലത്ത് വീട്ടമ്മമാരുടെ അടുക്കളയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായിരുന്നു ടേപ്പ് റെക്കോര്‍ഡ്കള്‍ !!ഈ പോസ്റ്റു വായിച്ചപ്പോള്‍ ഒന്നും കൂടി ഓര്‍മ്മകളിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോയി!! നല്ല പോസ്റ്റ്‌ !!

പട്ടേപ്പാടം റാംജി said...

കാലത്തിനനുസരിച്ചു കടന്നുവരുന്ന അഥിതികളെ അപ്പപ്പോഴത്തെ എല്ലാ നമയോടും കൂടെ സ്വീകരിക്കുകയും അത് മാറി മറ്റൊന്ന് വരുമ്പോള്‍ പഴയത് വിസ്മൃതിയില്‍ ആകുന്നതും നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നു.
എന്തായാലും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ ഓര്‍മ്മകളെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചത്‌ നന്നായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആദ്യമായി നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവന്ന ആ വലിയ സെറ്റിന്റെ ഓര്‍മ്മകള്‍ നുണഞ്ഞു.
നന്നായി അവതരിപ്പിച്ചു.

വീ കെ. said...

പണ്ട് ഞാനും കൊണ്ടുപോയിരുന്നു ഒരു ‘പാനാസോണിക്’ ടേപ്പ് റിക്കാറ്ഡർ...!
പറഞ്ഞതത്രയും ശരിയായിരുന്നു. ഞാൻ കാണുന്ന ആദ്യകാല ഗൾഫുകാരന്റെ കയ്യിൽ ഇതുപോലെ ഒരു ടേപ്പ്‌റിക്കാർഡറും, ഒരു പാക്കറ്റ് റോത്ത്മാൻ സിഗററ്റും ഒന്നു ഞെക്കിയാൽ തീ കത്തുന്ന ഒരു ലൈറ്ററും. ഇതു മൂന്നും വളരെ അമൂല്ല്യവസ്തുക്കളും,അത്ഭുത വസ്തുക്കളും, പിന്നെ കിട്ടാക്കനിയും...!!

അന്ന് ഒരു കുഞ്ഞു റേഡിയോ അയൽ‌പക്കങ്ങളിൽ പോലും ഇല്ലായിരുന്നു. അന്ന് റിക്കാഡ് പ്ലേയാറായിരുന്നു കണ്ടിരുന്നത്. അതിന്റെ വലിച്ചെറിയുന്ന സൂചികൾ ഞാൻ അമ്പലപ്പറമ്പിൽ നിന്നും പെറുക്കിയെടുത്ത് ഒരു കാലി തീപ്പെട്ടിയിൽ സൂക്ഷിച്ചിരുന്നു...!
അത്തരം സൂചിയൊന്നും വേണ്ടാതെ പാടുന്ന ആ അത്ഭുതപ്പെട്ടി ഒന്നു തൊട്ടുനോക്കാൻ പോലും ആ ദുബായിക്കാരൻ ഞങ്ങൾ കുട്ടികളെ സമ്മതിച്ചില്ല.
അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടതാ..’ഒരു ദിവസം എന്റെ മാവും പൂക്കും. അന്നു ഞാൻ കാണിച്ചുതരാമെന്ന്..!!’
ആശംസകൾ...

Sureshkumar Punjhayil said...

Marunna lokathinu...!!!

Manoharam, Ashamsakal...!!!

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ടേപ്പ് റെക്കോഡറുകൾ,തൊട്ടാൽ അഴിഞ്ഞ് പോകുന്ന സിൽക് ലുങ്കികൾ,പല നിറത്തിലുള്ള മടക്ക് കുടകൾ, ഫോറിൻ അത്തറുകളുടെ പരിമളം,...,...
സർക്കാരുദ്യോഗസ്ഥനേക്കാളും,സിനിമാനടനേക്കാളും,..വിലയും,നിലയുമൊക്കെയുണ്ടായിരുന്ന അന്നത്തെഗ് ഗൾഫുക്കാരെ കണ്ടൊക്കെ എത്ര അസൂയപെരുത്ത് വന്നിട്ടുണ്ടെന്നെനിക്കിപ്പോൾ പറയാൻ വയ്യാ‍ാ..!

ആ ഓർമ്മകളുടെ സുഗന്ധം വീണ്ടും മനോഹരമായിവിടെ പരത്തിയതിന് അഭിനന്ദനം കേട്ടൊ ഭായ്

sunil vettom said...

paranju ....nalla reethiyil tanne paranju ....pavam tape recorder .....

ജന്മസുകൃതം said...

നന്നായി അവതരിപ്പിച്ചു.
ആശംസകൾ...
എന്റെ സ്വപ്നമായിരുന്നു ഒരു കുഞ്ഞു ടേപ്പ് റക്കോര്‍ഡര്‍ .എന്താണ് ഗള്‍ഫില്‍ നിന്നുവരുമ്പോള്‍ ഞാന്‍ കൊണ്ടുവരേണ്ടത് എന്ന് ഒരു സുഹൃത്ത് അന്ന് എന്നോട് ചോദിച്ചു.
ഒരു കുഞ്ഞു ടേപ്പ് റക്കോര്‍ഡര്‍ എന്ന് ഞാന്‍ മറുപടിയും പറഞ്ഞു....പിന്നുണ്ടായതെല്ലാം സ്വാഭാവികം....പ്രവാസ ജീവിതത്തിന്റെ ഞെരുക്കങ്ങളില്‍ ഒന്നിനും അദ്ദേഹത്തിന് സമയം കിട്ടിയിട്ടുണ്ടാകില്ല.ഇടയ്ക്കൊന്നു കണ്ടു...അപ്പോഴെയ്ക്കും എന്നോട് ചോദിച്ചതും പറഞ്ഞതുമെല്ലാം മറന്നിരിക്കണം .അതോ മറന്നെന്നു ഭാവിച്ചതോ?
ഇന്നും അത് വെറും ആഗ്രഹമായി തന്നെ നിലനില്‍ക്കുന്നു.എന്തായാലും നഷ്ടപ്പെട്ട സൌഹൃദ ത്തേക്കാള്‍ വിലയൊന്നും അതിനില്ലല്ലോ.

ബഷീർ said...

എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ടേപ്പ് റിക്കാർഡർ അറിയാൻ .
നിൻ കരൾ വേദന കാണുവാൻ ഞങ്ങളുണ്ട്..
നിന്നെ മറക്കില്ല ഒരിക്കലും ഞങ്ങൾ
എത്രയെത്ര ആധുനികന്മാർ വന്നാലും..

ഭായ്,, ,ഈ പോസ്റ്റ് ഏറെ ഇഷടമായി...

നാമൂസ് said...

അന്നൊരു ചുവന്ന വള്ളി നിക്കറിട്ട പയ്യന്‍ മതിലില്‍ കയറി നിന്ന്, അടുത്ത വീട്ടിലേക്ക് വിളിച്ചു ചോദിക്കുന്നു.
"ചേച്ചീ... ഇങ്ങക്ക് ഞങ്ങളോട്ത്തെ പാട്ട് പെട്ടീത്തെ പാട്ട് കേക്കാമോ"..?

റഷീദിക്ക... കൂയ്..!!!

smitha adharsh said...

നന്നായി ട്ടോ പോസ്റ്റ്‌.. ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്തു. കോളേജ് കുമാരനായ ചെറിയച്ഛന്റെ 'ഓള്‍ഡ്‌ കള്ലെക്ഷനിലെ' ആപ് ജെസേ കോയി മേരി .... ലെലാ മേ ലെലാ.. പാട്ട് പാടാന്‍ പഠിച്ചത് ഈ പാട്ടൊക്കെ ടേപ്പ് റെക്കോര്‍ഡാരില്‍ കേട്ടിട്ട് തന്നെ.. ചെറിയ കുട്ടിയായിരിയ്ക്കുമ്പോള്‍ മെയിന്‍ ഹോബി കസിന്സ്ന്റെ കൂടെ കൂടി സ്വന്തം ശബ്ദം റെക്കോര്‍ഡ്‌ ചെയ്തു കേള്‍ക്കല് തന്നെയായിരുന്നു.. എല്ലാം ഓര്‍ത്തു.നന്ദി ഈ വായനയ്ക്കും ഓര്‍മ്മപ്പെടുതലിനും

MT Manaf said...

എല്ലാം പെട്ടിയില്‍ വെച്ചാലും കയ്യില്‍ ടേപ്പ് റിക്കാര്‍ഡര്‍ തൂക്കി ആ പഴയ ഗള്‍ഫുകാരന്‍റെ വരവ്...
ഒരു കാലഘട്ടത്തിന്‍റെ ഹരം!

Naushu said...

ഹാ.... അതൊക്കെ ഒരു കാലം !

ഷാജു അത്താണിക്കല്‍ said...

കാസറ്റ് ഓലകള്‍ കൊണ്ട് കളിച്ച എന്റെ കുട്ടികാലം ഓര്‍മ വന്നു, അന്ന് വാപ്പ ഗെള്‍ഫില്‍ നിന്നും കൊണ്ടു വന്ന ടേപ് റിക്കൊറ്ഡ് പാടിപ്പിച്ചതും നല്ല ഓരമ
ഇന്ന് അതൊക്കെ വെറും പാഴ് വസ്തുവായി

കൊമ്പന്‍ said...

ഓര്‍മകളിലേക്ക് തിരിച്ചു നടത്തിയ എയുത്ത്

മൻസൂർ അബ്ദു ചെറുവാടി said...

സിനിമകളില്‍ പോലും പണ്ട് ഗള്‍ഫുകാരന്റെ ട്രേഡ് മാര്‍ക്ക് ആയി കാണിച്ചിരുന്നത് ടേപ്പ് റിക്കോര്‍ഡര്‍ ആയിരുന്നു.
ഗൃഹാതുരമായ ഒരു ഓര്‍മ്മയുടെ ചിത്രമാണ് ഈ പോസ്റ്റ്‌ നല്‍കുന്നത്.
വളരെ നന്നായി പറഞ്ഞു.
അഭിനന്ദനങ്ങള്‍

khaadu.. said...

അതെ ...ടേപ്പ് രേക്കൊര്ടെര്‍ പല വീടുകളിലെയും അഭിമാനത്തിന്റെയും അതിലേറെ അഹങ്കാരത്തിന്റെയും അടയാളമായിരുന്നു... എന്റെ വീട്ടിലും ഉണ്ട് പണ്ട് ഗള്‍ഫിന്നു കൊണ്ടുവന്ന ഒന്ന്... ഇന്നെവിടെയോ പൊടി പിടിച്ചു കിടക്കുന്നുണ്ട്..

ഓര്‍മകളിലേക്ക് ഒരു മടക്ക യാത്ര... നന്ദി..

ആചാര്യന്‍ said...

ഇന്നും വീട്ടിലെ സെല്ഫില്‍ അടുക്കി വെച്ചിരിക്കുന്ന ഓഡിയോ കാസറ്റുകള്‍ കാണുമ്പോള്‍ ഒരു പഴമയുടെ സംഗീതം മനസ്സില്‍ വരും ...നന്നായി ഭായീ ഈ ഓര്‍മപ്പെടുത്തല്‍

Vinayan Idea said...

വീട്ടില്‍ ഇന്നും അച്ഛന്റെ കയ്യില്‍ ഉള്ള ടേപ്പും കാസറ്റും ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ ഈ പോസ്റ്റ്‌ സഹായിച്ചു നന്ദി ..

Mohamedkutty മുഹമ്മദുകുട്ടി said...

ടേപ് റിക്കാര്‍ഡറിനെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ ധാരാളമുണ്ട്. ആ പഴയ കാലം!. അന്നൊക്കെ ഗള്‍ഫുകാരനെ തിരിച്ചറിയുന്നത് തന്നെ 555 സിഗരറ്റും കയ്യില്‍ ഒരു ടേപ് റിക്കാര്‍ഡറും കൊണ്ടായിരുന്നു. പഴയ ആ നാഷണല്‍ 543 എന്ന മോണോ മോഡല്‍ ഇന്നും ഓര്‍മ്മയില്‍ വരുന്നു. ഈയിടെ അതുമായി ഞാനറിയുന്ന ഒരു റിപ്പയര്‍ ഷാപില്‍ ഒരാള്‍ വന്നതു കണ്ടു. ഇപ്പോഴും “പഴഞ്ചന്മാര്‍ ”നമ്മുടെ നാട്ടിലുമുണ്ട്. ഇതു പോലെ തന്നെയാണ് വി.സി.ആറിന്റെയും കാര്യം. ഒരു ലക്ഷം രൂപയ്ക്ക് നാഷണല്‍ ടീവിയും അക്കായ് പിയാനൊ ബട്ടണുള്ള വി.സി.ആറും കൊണ്ടു വന്ന ഗള്‍ഫുകാരനെ അല്‍ഭുതത്തോടെ നോക്കി നില്‍ക്കുകയും ഒരാഴ്ചത്തേക്ക് അയാളുടെ ഔദാര്യത്തില്‍ അതു വീട്ടില്‍ കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.

ഷബീര്‍ - തിരിച്ചിലാന്‍ said...

ഈ സാധനം ഇന്നും എന്റെ വീട്ടില്‍ ജീവനോടെ ഇരിപ്പുണ്ട്. ഉപ്പ നാട്ടില്‍ ഉണ്ടെങ്കിലേ അത് പ്രവൃത്തിപ്പിക്കുള്ളൂ... രാവിലെ സുബഹി കഴിഞ്ഞാല്‍ ഖുര്‍ആന്‍ കാസറ്റ് ഇടും. ചായ കുടിക്കുംബോള്‍ വയള്. തേന്മാവിങ്കൊമ്പത്ത്, വിജയ് പത് എന്നീ സിനിമകളുടെ പാട്ട് കാസറ്റുകള്‍ എത്രപ്രാവശ്യമാണ് കേട്ടതെന്ന് എനിക്കുതന്നെ അറിയില്ല.

നല്ല ഓര്‍മ്മക്കുറിപ്പ്...

Unknown said...

കാലചക്രത്തിന്‍റെ മാറ്റത്തില്‍ അങ്ങിനെ എന്തൊക്കെ ഇല്ലാതായിരിക്കുന്നു

Unknown said...

ടേപ്പ് റിക്കോര്‍ഡര്‍ എല്ലാവര്ക്കും ഒടുക്കത്തെ നൊസ്റ്റാള്‍ജിയ

Anil cheleri kumaran said...

എന്തെല്ലാം ഓർമ്മകളാണ്. !

റിഷ് സിമെന്തി said...

ഓർമ്മകൾ...

Akbar said...

പഴയ പ്രവാസികളുടെ ഗൃഹാതുരതക്ക് ഒരളവു വരെ ആശ്വാസം ടേപ്റിക്കാര്‍ഡര്‍ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്. മക്കളുടെയും വീടുകാരുടെയും സംസാരം റിക്കാര്‍ഡ് ചെയ്തു കൊണ്ട് വന്നു കേട്ടിരുന്ന കാലം. ഒരു പോസ്റ്റിനു വേണ്ടി ആണെങ്കിലും ആ പഴയ ടേപ്റിക്കാര്‍ഡര് തട്ടിയെടുത്തത് നന്നായി റഷീദ്. അതു കുറെ ഓര്‍മ്മകളിലേക്ക് വായനക്കാരെ കൊണ്ട് പോയി. :)

അക്ഷരദാഹി said...

ചാചുന്റ വീട്ടിലും ഉണ്ടായിരുന്നു ...ചുവന്ന ടേപ്പ് .....ഇപ്പൊ ചാച്ചു മുബൈലിലാ പാട്ട് കേള്‍ക്കാ....അതിന്റെ കാസെറ്റ് ഇപ്പൊഴും ചാച്ചു എടുത്തു വെച്ചിട്ടുണ്ട് .......

ഒരു കുഞ്ഞുമയിൽപീലി said...

നല്ല ഓര്‍മ്മകള്‍ .....എന്റെ വീട്ടില്‍ ആദ്യമായ്‌ ടേപ്പ് റെകോര്‍ഡാര്‍ കൊണ്ട് വന്നപ്പോ ...എന്ത് സന്തോഷമായി അന്ന് ..അതൊക്കെ ഓര്‍മ്മകള്‍ ...ആയി മാറി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Absar Mohamed said...

പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോയത് നന്നായി...
ആദ്യമായി വാങ്ങിയ ടേപ്പ് റിക്കാര്‍ടിനു 750 രൂപ ആയിരുന്നു. ഒരു ഗള്‍ഫുകാരന്റെ കയ്യില്‍ നിന്നും. പിന്നെ കോളേജില്‍ ചെത്താന്‍ വാക്ക്‌ മാന്‍ വാങ്ങി...
സിനിമയുടെ ശബദരേഖകള്‍...
പത്ത് രൂപക്ക്‌ വ്യാജ കേസറ്റ് കിട്ടുമായിരുന്നു...
തിരൂര്‍ ബസ്‌ സ്ടാണ്ടില്‍ എല്ലാം കാസറ്റ് വില്‍പനക്കാരനെ കൌതുകത്തോടെ നോക്കി നിന്നത്‌ ...
എല്ലാം ഓര്‍മകളിലേക്ക് വരുന്നു...
പോസ്റ്റ്‌ നന്നായി .. ആശംസകള്‍

വേണുഗോപാല്‍ said...

ഒരു പാട് ഇടവഴികളിലൂടെ ഈ അത്ഭുതവുമായി നീങ്ങുന്ന ഗള്‍ഫുകാരുടെ പുറകെ നടന്നിട്ടുണ്ട് ...
അടുത്ത വീട്ടിലെ സ്നേഹിതന്റെ ഉപ്പ കൊണ്ടുവന്ന നാഷണല്‍ പാനസോണിക് സ്ടീരിയോയില്‍
ഒരു പദ്യം ചൊല്ലി റെക്കോര്‍ഡ്‌ ചെയ്തു കേള്‍പ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. അന്ന് രാത്രി അതോര്‍ത്തു ഉറങ്ങാനേ
കഴിഞ്ഞില്ല എന്നത് മറ്റൊരു സത്യം .... ആശംസകള്‍

വേണുഗോപാല്‍ said...

പുന്നശ്ശേരി ,,,, ഇങ്ങടെ പേരാണ് എന്ന് കരുതി ഞാന്‍ പേര് മാറ്റി ..
ഇപ്പോള്‍ പാഥേയം ഇങ്ങളും ഉപേക്ഷിച്ചോ ?

Anonymous said...

നന്നായിട്ടുണ്ട്...
അതെ ശരിയാണ് മറ്റെല്ലാം മറന്നതു പോലെ നമ്മളൊക്കെ ടേപ് റിക്കാര്‍ഡറിനേയും മറന്നിരിക്കുന്നു...ആദ്യകാലത്തെ ഗള്‍ഫുകാരനു ഗള്‍ഫുകാരന്‍ എന്ന ലേബല്‍ തന്ന പാവം പെട്ടി...നല്ല വായന സമ്മാനിച്ചു..നന്ദി..ഭാവുകങ്ങള്‍...

ഹനീഫ് ചെറുതാഴം.

NIMJAS said...

ടേപ്പ് റിക്കോര്‍ഡര്‍ എന്നാല്‍ എന്താ...അത് കാണാന്‍ എങ്ങനെയാണ്,

എന്ന് തുടങ്ങുന്ന ചോദ്യങ്ങള്‍ കുട്ടികളില്‍ നിന്ന് ഉയരുന്ന കാലം വിദൂരമല്ല

(കൊലുസ്) said...

ബ്ലോഗിന്റെ പേരൊക്കെ മാറ്റീലോ. നല്ലപോസ്റ്റ്‌. ഇഷ്ട്ടായിട്ടോ.
ടേപ്പ് റിക്കോര്‍ഡര്‍ കഥ നല്ലൊരു അനുഭവമായി.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ടേപ്പ് റികോർഡർ ഇല്ലാതെ നാട്ടിൽ വരുന്ന ഗൾഫ്കാരനെ കുറിച്ച് സങ്കൽപ്പിക്കാനേ പറ്റില്ലായിരുന്നു അന്നൊക്കെ...!! എല്ലാർക്കും ഉണ്ട് മറക്കാനാകാത്ത ഓർമകൾ..

ഒന്നു കൂടി ഓർമിപ്പിച്ചതിന് നന്ദി...!!

Ismail Chemmad said...

പഴയ കാലത്തിലേക്ക് ഒരു കൂട്ടിക്കൊണ്ടു പോകല്‍

ജയരാജ്‌മുരുക്കുംപുഴ said...

ormmakalude jalakam thurannappol......... aashamsakal...........

എന്‍.ബി.സുരേഷ് said...

nammal nanmakale digitalise cheyyunnu

എന്‍.പി മുനീര്‍ said...

ഗള്‍ഫുകാരന്റെ ടേപ്പ് റെക്കോര്‍ഡര്‍ ഇന്നു ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്ന ഒന്നാണ്.പണ്ടത്റ്റെഹ് ഗള്‍ഫുവീടുകളില്‍ സ്ഥിരമായി കാണുന്ന ആ പാന്‍സോണിക് പാട്ടുപെട്ടിയിലായിരുന്നല്ലോ വിരഹദു:ഖങ്ങള്‍ പാടിതീര്‍ത്തിരുന്നത്.പഴയകാലഘട്ടത്തെ ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിനു വള്രെ നന്ദി

റശീദ് പുന്നശ്ശേരി said...

പ്രിയരേ
നിങ്ങളുടെ വായനക്കും,, അഭിപ്രായങ്ങള്‍ക്കും നന്ദി :)

Mohiyudheen MP said...

ടേപ്പ്‌ റിക്കാര്‍ഡിനെ കുറിച്ചുള്ള ലേഖനം വളരെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായി. ബാറ്ററിയിട്ട റേഡിയോയും, ടേപ്പ്‌ റെക്കോറ്‍ഡറുമെല്ലാം പുതിയ സങ്കേതിക വിദ്യകള്‍ക്ക്‌ വഴിമാറി... അഭിനന്ദനങ്ങള്‍... എഴുത്ത്‌ ഇഷ്ടപ്പെട്ടു.

ente lokam said...

ഓര്‍മകളുടെ പെട്ടി ...ഷബീരിനെപ്പോലെ
പലരുടെ അടുത്തും ഇപ്പോഴും ഇത്
ഉണ്ട് അല്ലെ ...

പാഥേയം പല വഴിക്കായപ്പോള്‍ വേണു
ഗോപാലും റഷീദും ഒന്നിച്ചു പാഥേയം
മടക്കി വെച്ചു ..!!!

ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പോസ്റ്റിനു
നന്ദി പുന്നശ്ശേരി..കളര്‍ എത്ര വന്നാലും
ഇതിന്റെ ഭംഗി അങ്ങനെ പെട്ടെന്ന് മായില്ല...

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next