നാട്ടില്‍ ഊരും പേരുമില്ലാതെ തേരാ പാരാ നടന്നവനൊക്കെയും ഗള്‍ഫില്‍ ചേക്കേറിയാലുടന്‍ നാട്ടിലേക്ക് ഒരെഴുത്തയക്കും. വിമാനം കയറിയത് മുതലുള്ള 'തീവ്രാനുഭവങ്ങള്‍' വിവരിക്കുന്ന ഒരു നീളന്‍ കത്ത്.
'നാടുകടത്താന്‍'വിമാനത്താവളം വരെ ചെന്നവരെല്ലാം കാത്തിരിക്കുന്നത് ആ കത്തിനാണ്. അതില്‍ ജോലിയും കൂലിയുമൊന്നുമായില്ലെങ്കിലും ഒരു നമ്പറുണ്ടാകും. പി ബി നമ്പര്‍.
പി ബി നമ്പര്‍ കാണുന്നതോടെ പണ്ടത്തെ പ്രവാസിയുടെ വീടുകളില്‍ ദീര്‍ഘനിശ്വാസങ്ങളുയരും.
'ഭാഗ്യം പടച്ചോന്‍ കാത്ത് അവനൊരു സ്ഥിരം അഡ്രസെങ്കിലും ആയല്ലോ'
എന്ന ചിന്തയാകും വീട്ടുകാര്‍ക്ക്. ആശ്രയമേതുമില്ലാത്ത മരുഭൂമിയില്‍ ഏതെങ്കിലുമൊരു മലയാളിയുടെ 'ഗ്രോസറി'യുടെ മുന്നിലുള്ള അനാഥമായ പെട്ടിയാണ് പലരുടെയും 'പി ബി നമ്പറെ'ന്ന കാര്യമുണ്ടോ വീട്ടുകാരറിയുന്നു.
ഇക്കാക്കമാരുടെ പി ബി നമ്പറില്‍ അഭിമാനം കൊണ്ടുനടന്നവരെല്ലാം പിന്നീട് ഇക്കരയെത്തി
'പി ബി നമ്പറെ'ന്ന 'സിഗരറ്റ് പെട്ടി' കണ്ടതോടെ ഊറിയ ചിരി ഉള്ളിലൊതുക്കുകയായിരുന്നു. ആത്മാഭിമാനത്തില്‍ ആരെക്കാളും മുമ്പിലായ പ്രവാസികള്‍ പല കഥകളും പിന്നീട് നാട്ടില്‍ പാട്ടാക്കിയെങ്കിലും ഈ 'പെട്ടിക്കഥ' ഇപ്പോഴും പുറംലോകമറിയില്ലെന്നതാണ് സത്യം. 'ഗള്‍ഫുകാരനെന്ന' സ്റ്റാന്റിംഗില്‍ നഷ്ടമായ പ്രതാപം വീണ്ടുകിട്ടുന്നതിനായി പല 'നമ്പറു'കളുമിറക്കുമ്പോഴും സ്വന്തമായി പതിച്ചുകിട്ടിയ ആദ്യത്തെ നമ്പര്‍ പലരും മറന്നിരുന്നു.
അതാണ് പി ബി നമ്പര്‍
പ്രവാസ മലയാളത്തിന്റെ ആദ്യ നാളുകളില്‍ തന്നെ നാം കേട്ടുതുടങ്ങിയതാണിത്. പി ബി നമ്പറെന്ന ബോക്‌സിലേക്ക് നമ്മുടേതായി പല 'സംഭാവന'കളും പല തവണ ഒഴുകിയെത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് കോപ്പിയും എട്ടു കോപ്പി ഫോട്ടോയും എത്രയെത്ര പോസ്റ്റു ബോക്സുകളിലെക്കാണ് നമ്മള്‍ അയച്ചു തള്ളിയത് .
എന്നാല്‍ മലയാള ഭാഷക്ക് പി ബി നമ്പര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് ആരും എവിടെയും പറഞ്ഞുകേട്ടിട്ടില്ല .
ഭാഷ മരിക്കുന്നുവെന്ന് വിലപിക്കുന്നവരോട് ഇനി നമുക്ക് പറയാം, പോസ്റ്റ് ബോക്‌സുകളും പോസ്റ്റോഫീസുകളും പോസ്റ്റുമാന്‍മാരുമെല്ലാം നിലനില്‍പ്പിനായുള്ള അവസാന പോരാട്ടത്തിലാണെന്ന്. പോസ്റ്റ് ബോക്‌സുകള്‍ ഒരു ജനതയുടെ വികാരവും സ്വപ്‌നവും സങ്കടങ്ങളും പങ്കുവെച്ചുതുടങ്ങിയ കാലത്തെക്കുറിച്ചറിയണമെങ്കില്‍ അബുദാബി കത്ത് പാട്ട് തന്നെ കേള്‍ക്കണമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
'അബുദാബിലുള്ളൊരെഴുത്തുപെട്ടീ-
അന്നു തുറന്നപ്പോള്‍ കത്തുകിട്ടീ-
എന്‍പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ വരികള്‍ ഞാന്‍ കണ്ടു ഞെട്ടീ'
'അബുദാബിയിലെ എഴുത്തുപെട്ടി' കള്‍ തുറക്കാന്‍ ചെല്ലുന്നവര്‍ ഇന്നും ഞെട്ടാറുണ്ട്. എഴുത്തു കണ്ടിട്ടല്ല.
ഇത്രയധികം ബേങ്കുകള്‍ ഇന്നാട്ടിലുണ്ടെന്നറിയുന്നത് എഴുത്തുപെട്ടികള്‍ തുറക്കുമ്പോഴാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ ചേക്കേറിയവരുടെ പേരില്‍ പോലും മാസത്തില്‍ അഞ്ചും ആറും ബേങ്കുകളുടെ സ്റ്റേറ്റ്‌മെന്റുകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും പെട്ടി നിറഞ്ഞ് കിടക്കുന്നത് കാണുമ്പോള്‍ എങ്ങിനെ ഞെട്ടാതിരിക്കും.
അറബിക്കടലിന്റെ ഇരുകരകളിലിരുന്ന് സ്വപ്‌നങ്ങള്‍ കരഞ്ഞും പറഞ്ഞും തീര്‍ത്തവര്‍ നെഞ്ചേറ്റിയ മനോഹരമായ കലയായിരുന്നു കത്തെഴുത്ത്. ഭാവനകളേതുമില്ലാത്ത അനുഭവമെഴുത്തിന്റെ രീതി എത്ര പെട്ടെന്നാണ് അപ്രത്യക്ഷമായത്. ഒരുകാലത്ത് അയച്ചു കിട്ടിയ കത്തുകള്‍ നിധി പോലെ സൂക്ഷിച്ചു വച്ചിരുന്ന പ്രവാസി സുഹ്രത്തേ,
അവസാനമായി കുടുംബത്തിനോ, കൂട്ടുകാര്‍ക്കോ, പ്രിയതമക്കോ, സ്‌നേഹിതക്കോ ഒരു കത്തെഴുതിയ ദിനം എന്നായിരുന്നുവെന്ന് ഓര്‍ത്ത് നോക്കാമോ?
ഇന്‍ലന്‍ഡിന്റെയും സ്റ്റാമ്പിന്റെയും ലക്കോട്ടിന്റെയുമൊക്കെ വിലയെത്രയാണ്?
കടലാസും പേനയും പാഡുമെടുത്ത് ഒരു കത്തെഴുത്ത് മത്സരത്തിനിരുത്തിയാല്‍ എത്ര പേര്‍ക്ക് ഒരു പുറം തികച്ചെഴുതാനാവും?
എങ്കിലും നാം വിലപിക്കുകയാണ്. ഭാഷ മരിക്കുന്നു, ഭാവന മരിക്കുന്നു, മലയാളം മരിക്കുന്നു.
കല്യാണം കഴിഞ്ഞ് തിരികെയെത്തിയ പ്രവാസിക്ക് ഒരു കാലത്ത് പേനയും കടലാസും സമയവും ലക്കോട്ടും സ്റ്റാമ്പുമൊന്നും തികയില്ലായിരുന്നു.
അക്ഷരമാലകള്‍ കൂട്ടിയെഴുതാന്‍ പോലും പലരും പഠിച്ചത് ഈ പരീക്ഷണ ഘട്ടത്തിലായിരുന്നുവെന്ന് പറയുന്നതില്‍ തെറ്റില്ല. അന്ന് കത്തെഴുത്ത് ശീലിച്ചവരില്‍ പലരും പിന്നീട് എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞതിന്റെ അനുഭവസാക്ഷ്യം നമുക്ക് മുന്നിലുണ്ട്. 'കൂട്ടുകാരന്‍' എന്ന ബ്ലോഗിലൂടെ പ്രസിദ്ധനായ സഊദി അറേബ്യയില്‍ നിന്നുള്ള ബ്ലോഗര്‍ മലപ്പുറം സ്വദേശി ഹംസയുടെ ബ്ലോഗിലെ ചില വാചകങ്ങള്‍ നോക്കൂ.
'എഴുതാന്‍ തുടങ്ങിയത് കല്യാണം കഴിഞ്ഞ്. വിരഹം അനുഭവിക്കുമ്പോള്‍ ഇടതടവില്ലാതെ ഭാര്യക്ക് എഴുതിയിരുന്ന കത്തുകളാണ്. ഒരു കത്തില്‍ തന്നെ ഇരുപതും മുപ്പതും പേജുകള്‍ എഴുതുന്നത് കൊണ്ട് ഒരിക്കല്‍ ശിപായി പറഞ്ഞുവത്രേ, 'കത്തിന്റെ ഭാരം കണ്ടാല്‍ ഞാന്‍ അഡ്രസ് നോക്കാറില്ല, ഇങ്ങോട്ട് കൊണ്ടുവരാറാണ്' എന്ന്. അത് കേട്ട് ഉപ്പയും ഉമ്മയും പെങ്ങന്മാരും കൂടി കുറേ ചിരിച്ചുവെന്ന് പിന്നീട് വന്ന കത്തില്‍ അവള്‍ എഴുതിയപ്പോള്‍, എനിക്ക് തോന്നി ഞാനും ഒരു 'എഴുത്തുകാരന്‍' തന്നെയെന്ന് ''.
ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഹംസ പറഞ്ഞത് വളരെ വലിയൊരു യഥാര്ത്യമാണ് എന്നതില്‍ തര്‍ക്കമില്ല.
ഇങ്ങനെ എത്ര എഴുത്തുകാരാണ് കത്തെഴുത്തിലൂടെ മാത്രം ഭാവനകളുടെ ലോകത്തേക്ക് കടുന്നുവരുന്നത്.
'കണ്ണീരില്‍ മഷിചാലിച്ചെഴുതുന്ന പിരിശത്തിന്‍
കരളേ ഞാന്‍ സലാം ചൊല്ലിത്തുടങ്ങുന്നു.
കഥനങ്ങള്‍ നിറഞ്ഞൊരാമണല്‍ കാട്ടിലെന്റെ മുത്ത്
കനിയാറ്റല്‍ മെഹബൂബേ സുഖം നേരുന്നു'
ഒരു ആല്‍ബത്തിന് വേണ്ടി കൂട്ടുകാരന്റെ നിര്‍ബന്ധപ്രകാരം എഴുതിയ പാട്ടിലെ വരികളില്‍ ഞാനിന്നും കണ്ണോടിക്കാറുണ്ട്. (മാപ്പിള പാട്ടിനു എന്റെ ചില എളിയ സംഭാവനകള്‍ ഇവിടെ ഉണ്ട് )പലകാരണങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാവാതെ പോയ പദ്ധതിയുടെ നിത്യ സ്മാരകമായി മാറിക്കഴിഞ്ഞു ആ വരികള്‍. കാരണം ഇനിയൊരിക്കലും ഈ വരികള്‍ പ്രസക്തമല്ലെന്നതു തന്നെ.
'ഹാന്‍ഡ് സെറ്റെ'ന്ന ശരീരവും 'സിം കാര്‍ഡെ'ന്ന ആത്മാവുമായി മൊബൈല്‍ ഫോണെന്ന ജീവി നമുക്കിടയില്‍ ഒരു വില്ലനായി രംഗപ്രവേശം ചെയ്തതോടെ ഭാഷയും ലിപികളുമെല്ലാം വിദ്യാര്‍ഥികള്‍ക്കും എഴുത്തുകള്‍ക്കുമായി പകുത്തു നല്‍കിയ നാം 'സംസാരിച്ചുകൊണ്ടേ ഇരിക്കു'കയാണ്.
തപാല്‍ സ്റ്റാമ്പും,ലക്കൊട്ടുമൊക്കെ വില്‍പ്പന നടത്തിയിരുന്ന പലരും പിന്നീട് ടെലെഫോണ്‍ കാര്‍ഡിന്റെയും ഇന്റര്‍നെറ്റ് കാര്‍ഡിന്റെയും "വെണ്ടര്‍" മാരായി പരിണാമം പ്രാപിച്ചത് എത്ര പെട്ടന്നാണ്.
ഇന്റര്‍നെറ്റ് കാളെന്ന "കോടാലി" കൊണ്ട് നമ്മള്‍ ആഞ്ഞു വെട്ടുന്നത് നാട്ടില്‍ ജീവിക്കാന്‍ നെട്ടോട്ടമോടുന്നവന്റെ സമയത്തിനിട്ടാണെന്ന കാര്യം ആരോര്ക്കാന്‍
പോസ്റ്റ് ബോക്‌സില്‍ നിന്നും 'ഇന്‍ബോക്‌സി'ലേക്കും 'ഔട്ട് ബോക്‌സി'ലേക്കും മറ്റുമുള്ള മാറ്റം കാലഘട്ടത്തിന്റെ അലിഖിതമായ അനിവാര്യത തന്നെയായിരുന്നു. വര്‍ത്തമാനങ്ങള്‍ വിരല്‍ത്തുമ്പിലും കാഴ്ചകള്‍ കണ്‍മുന്നിലുമെത്തി നില്‍ക്കുമ്പോള്‍ ലിപികളും ലിഖിതങ്ങളും വെറും കാഴ്ചക്കാരായി മാറുന്നു.
കാക്കിക്കുപ്പായവും നരച്ച കാലന്‍ കുടയുമായി കുന്നുകയറി കിതച്ചുവന്ന പോസ്റ്റ്മാനിലൂടെ, പോസ്റ്റ് ബോക്‌സു കളിലേക്കൊഴുകിയ സ്‌നേഹത്തിനും സങ്കടത്തിനും സാന്ത്വനത്തിനും ഹൃദയത്തിന്റെ ഭാഷയുണ്ടായിരുന്നു. നന്മയുടെ സുഗന്ധമുണ്ടായിരുന്നു.
വായന, ഭാവനയില്‍ തെളിയിക്കുന്ന ഗൃഹാതുര ചിത്രങ്ങളേക്കാള്‍ തീവ്രത, അരിച്ചെത്തുന്ന ശബ്ദതരംഗങ്ങള്‍ക്ക് തരാനാവുമോ?.
അറുപത് ദിവസത്തിലധികം സ്വന്തം ജന്മനാട്ടില്‍ തങ്ങിയാലുടന്‍ പ്രവാസമെന്ന 'കന്യകത്വം' നഷ്ടപ്പെടുമെന്ന് പ്രഖ്യാപിക്കുന്ന ഏമാന്മാരോട് താഴ്മയായി ഒരപേക്ഷയുണ്ട്.
ഭാഷ മരിക്കുന്നുവെന്ന മുറവിളി ഒഴിവാക്കാന്‍ പ്രവാസികള്‍ക്കും ചിലത് ചെയ്യാന്‍ കഴിയും. മാസത്തില്‍ ചുരുങ്ങിയത് നാല് കത്തെങ്കിലും മലയാളത്തിലെഴുതി വീട്ടിലേക്കയക്കാത്തവനൊന്നും കേരളീയരല്ലെന്ന ഒരു നിയമം കൊണ്ടുവരാന്‍ സാധിച്ചാല്‍ മലയാളം രക്ഷപ്പെടും,
പോസ്റ്റ്മാന് സ്ഥിരം തൊഴിലാവും. പാവം അനേകലക്ഷം പി ബി നമ്പരുകള്‍, പുതുമഴയുടെ പ്രവാഹത്തില്‍ അവയുമൊന്ന് അര്‍മാദിക്കട്ടെ.
45 comments:
വായിച്ചപ്പോ ചൊറിച്ചില്‍ മാറി ,തുടരുമെല്ലോ! ആശംസകള്‍ ..
nice post! :-) nostalgia..! keep writing! good luck
എഴുതി അറീയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്
എഴുതുകയല്ലാതെ വേറെന്ത് വഴിയുണ്ട്.
അതെ പ്രിയപ്പെട്ടവളുടെ കത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന, ഒരു രാവ് മുഴുവന്‍ ഉറക്കമിളച്ചിരുന്നു മറുപടി എഴുതിയ ഒരു കാലം എന്‍റെ പ്രവാസ ജീവിതത്തിലും കഴിഞ്ഞു പോയത് ഞാനോര്‍ക്കുന്നു. ഇന്ന് വേണ്ടപ്പോള്‍ എവിടെയിരുന്നും മൊബൈല്‍, g talk, voip call സൗകര്യങ്ങള്‍ ഉപയോഗിച്ച് ഹൃദയ വികാരങ്ങള്‍ കൈമാറുമ്പോഴും മനസ്സില്‍ കത്തുകള്‍ തന്ന അനുഭൂതിക്ക് പകരം വെക്കാനാവുന്നില്ല. പീട്ടെന്നു കാര്യങ്ങള്‍ അറിയാനും പരിഹരിക്കാനുമുള്ള സൌകര്യങ്ങള്‍ ഇപ്പോഴുണ്ട് എന്നത് വിസ്മരിക്കുന്നില്ലെങ്കിലും ഈ പോസ്റ്റിലെ "പി ബി പുരാണം" ഒരു പാട് നല്ല ഓര്‍മ്മകളിലേക്ക് എന്നെ മടക്കി വിളിച്ചു.
ശരിയാ .... ഇപ്പോള്‍ പിറന്നു വീഴുന്ന കുഞുന്ങ്ങള്‍ പോലും
കീബോര്‍ഡും മൌസും അറിയുന്നവരാണു....
ഭാഷയും എഴുത്തും നഷ്ടപ്പെട്ടു ...
ഭാഷയുടെ വളരെ പരിതാപകരമായ....
ശരിക്കും ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം...
(ഇപ്പോള്‍ കത്തുകള്‍ എഴുതുന്നവര്‍ ചുരുക്കം....
എസ് എം എസ്സും ഇമെയിലും മാത്രം...
നമ്മുടെ നാട്ടിലെ പോസ്റ്റ്മാന്‍ മാര്‍ക്ക് പണി നന്നെ കുറഞ്ഞു...
എല്ലാം എല്‍ ഐസി പോളിസി പോലെയുള്ള്ത് മാത്രം....)
ആശംസകള്‍ ....
റഷീദ് ഭായ് വളരെ നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് ഈ പോസ്റ്റ് ബോക്സ് കുറിപ്പ് ....
പ്രവാസജീവിതത്തില്‍ കതെഴുത്തിന്റെ സുഖം വല്ലാത്ത ഒരു അനുഭവം തന്നെയാണ്. നെറ്റും മൊബൈലും അകലം കുറച്ചെങ്കിലും അത് നല്‍കുന്ന സുഖം നൈമിഷികമാണ്. പക്ഷേ പോകെറ്റില്‍ സൂക്ഷിച്ച കത്തെടുത്ത് ഇടക്കൊന്നു വായിക്കുമ്പോള്‍ വിരഹത്തിന്റെ വിഹ്വലതക്ക് മുമ്പില്‍ ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ ഉണ്ടാവുക തന്നെ ചെയ്യും.... മാസത്തില്‍ ചുരുങ്ങിയത് നാല് കത്തെങ്കിലും മലയാളത്തിലെഴുതി വീട്ടിലേക്കയക്കാത്തവനൊന്നും കേരളീയരല്ലെന്ന ഒരു നിയമം കൊണ്ടുവരാന്‍ സാധിച്ചാല്‍ മലയാളം രക്ഷപ്പെടും. ഒപ്പം പ്രവാസിയുടെ മാനസിക സങ്കര്ഷങ്ങളും കുറയ്ക്കാം.
ആശംസകള്‍ റശീദ്.....
ഒഴിവുകിട്ടുമ്പോള്‍ പ്രതീക്ഷയില്‍ ഒന്ന് വരിക. അഭിപ്രായം കുറിക്കുക
http://ishaqkunnakkavu.blogspot.com/
കാലത്തിനൊപ്പം നമ്മളും വളരണം എന്നാണ് എന്റെ പക്ഷം
ഹ്രദയ സ്പർശിയായ എഴുത്ത്.കാത്തിരിപ്പിനൊടുവിൽ കിട്ടുന്ന കത്തിലെ ചിരിയും കരച്ചിലും സംങ്കടവും സന്തോഷവും കണ്ണീരിന്റെ നനവുംഇതൊന്നും മറ്റൊരു മീഡിയയിലൂടെ ലഭിക്കില്ലെന്നുറപ്പാണു....
നന്നായി എഴുതി
എല്ലാ ആശംസകളും!
ഇടതടവില്ലാതെ എഴുത്തെഴുതിയിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. പഠനകാലം. ചിലവു കണക്കുകളായിരുന്നു അതില്‍ മുഴുവനും. കഴിഞ്ഞ ചിലവുകളും വരാനുള്ള ചിലവുകളും കാണിച്ചു പണം ആവശ്യപ്പെട്ടു വീട്ടിലേക്കയക്കുന്ന കത്തുകള്‍. ഇപ്പോള്‍ കീ ബോഡില്‍ കുത്തിക്കുത്തി അക്ഷരങ്ങളെഴുതാന്‍ കൈ വഴങ്ങാതെയായി. അക്ഷരങ്ങള്‍ മറന്നു പോകുന്നുവെന്നു ബോധ്യമാകുന്നുണ്ട് എഴുതാനായി തുടങ്ങുമ്പോള്‍.
ലേഖനത്തിലെ ഉദേശ്യശുദ്ധിയെ മാനിക്കുന്നു
നമ്മില്‍നിന്ന് അന്യമായ ഒരുപാട് സംഗതികള്‍ നാം പാടെ മറന്നു.
അതെന്താണെന്ന് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ദിനേന ശാസ്തം അതിശീഘ്രം മുന്നെറിക്കൊണ്ടിരിക്കുമ്പോള്‍ ഉള്ള സ്വാഭാവികതയാണ് ഇതെല്ലാം. അതില്‍ വിഷമിക്കേണ്ട കാര്യമില്ല. വേഗതയാണ് ഇന്ന് ലോകം ഭരിക്കുന്നത്. കാളവണ്ടിയില്‍ നിന്ന് 240 സ്പീഡില്‍ പായുന്ന കാറിലേക്ക്ഉള്ള പ്രയാണം നാം ഇഷ്ടപ്പെടുന്നില്ലേ. പണ്ട് നാം മണിക്കൂറുകള്‍ ബസ്സിനായി കാത്തുനില്‍ക്കുമായിരുന്നു. ഇന്ന് ആര്‍ക്കുണ്ട് ക്ഷമ?
അയല്‍പക്കത്തെ ടെലിഫോനിനു മുന്‍പില്‍ നമ്മുടെ വിളിക്കായി എത്ര മണിക്കൂര്‍ നമ്മുടെ ബന്ധുക്കള്‍ കാത്തുനിന്നിരുന്നു.ഇന്ന് പത്തു മിനിറ്റ് കാത്തുനില്‍ക്കാന്‍ പറഞ്ഞു നോക്കൂ.
അവസാനത്തെ ഖണ്ഡിക വെറും തമാശയായി കരുതാനേ കഴിയൂ.നാളെ നമ്മുടെ അവസ്ഥ എന്താകുമെന്ന് സ്വപ്നത്തില്‍ കണക്കാക്കാന്‍ കൂടി നാം അശക്തരാണ് .
ഇന്നെല്ലാം മാറി, ടെക്നോളജി വികസിച്ചു, കാലഘട്ടത്തിനനുസരിച്ച് നമ്മളും മാറണം, ഇല്ലെങ്കില്‍ ഏറെ പിന്നിലായിപ്പോകും.
ഗൃഹാതുരത്വത്തോടെ ഇതൊക്കെ ഓര്‍ക്കുന്നതും ഒരു സുഖം.
@ ഇസ്മായില്‍ ഭായി
വായനക്കും, നിരൂപണത്തിനും ഒത്തിരി നന്ദി
പിന്നെ
വേഗതയുടെ യുഗത്തെ അംഗീകരിക്കാത്ത ഒരു മൂരാചിയോന്നുമല്ല ഞാനും
പി ബി നമ്പര്‍ എന്ന സംഭവത്തില്‍ നിന്നു എത്ര പെട്ടെന്നാണ് നാം മാറിയതെന്നും
അത് ഭാഷയെ എനഗനെ സ്വാധീനിക്കുന്നു എന്നും പറയാനുള്ള ഒരു എളിയ ശ്രമം
അവസാന ഭാഗം ഒരു തമാശ തന്നെയാകാം. ചിന്തിച്ചാല്‍ സീരിയസും :)
പഥികന്‍ മുന്നേ പറഞ്ഞത് വായിക്കുക
. ഇപ്പോള്‍ കീ ബോഡില്‍ കുത്തിക്കുത്തി അക്ഷരങ്ങളെഴുതാന്‍ കൈ വഴങ്ങാതെയായി. അക്ഷരങ്ങള്‍ മറന്നു പോകുന്നുവെന്നു ബോധ്യമാകുന്നുണ്ട് എഴുതാനായി തുടങ്ങുമ്പോള്‍
ചൊറിഞ്ഞുവരുന്നു പക്ഷേ എന്തെഴുതാൻ..? ഇപ്പോൾ എഴുത്തില്ലല്ലോ ഒക്കെ വിളിയല്ലേ..?
കടൽ കടന്നെത്തുന്ന കടലാസിലെഴുതിയ കത്തുകവറുകൾ കിനാവുകണ്ട് കാത്തിരുന്ന കാലം കഴിഞ്ഞുപോയി. മൊബൈലും ഇന്റർനെറ്റും കത്തുകളെ കാലഹരണപ്പെടുത്തി. മനസ്സിന്‍റെ തുടിപ്പുകളും ഗദ്ഗദങ്ങളും അതേപ്പടി പറയാനും വായിക്കുന്നയാൾക്ക് അതേ അർത്ഥത്തിൽ ഗ്രഹിക്കാനും കാലങ്ങളോളം സൂക്ഷിക്കാനും ആവര്‍ത്തിച്ച് അറിയാനും മികവുള്ള മറ്റൊന്നില്ല. കത്തിനെ ഇഷ്ടപ്പെടുന്നവർ ആധുനിക സൗകര്യങ്ങക്കിടയിലും അതിനെ മറക്കാൻ തയ്യാറായിട്ടില്ല എന്നതിന് എന്‍റെ റൂമില്‍ തന്നെയും ഉദാഹരണങ്ങളുണ്ട്.
എന്നാല്‍, അദ്ദേഹത്തെയും ഭാര്യയേയും പരിഹസിക്കുകയാണ് പതിവെന്ന് മാത്രം.
പിന്നെ, എനിക്കുമുണ്ടൊരു പി ബി നമ്പര്‍:83
അതന്നെ .
കുറെയൊക്കെ എഴുതി അയച്ചാല്‍ എന്താണ് ഈ പ്രവാസികള്‍ക്ക് !
അക്ഷര വടിവുണ്ടാക്കാന്‍ എഴുതുന്നത് ചവറ്റു കുട്ടയിലെക്കാണെന്ന് മാത്രമേ നമ്മള്‍ ചിന്തിക്കാറുള്ളൂ .
നാട്ടിലെ കപ്പലണ്ടി ക്കച്ചവടക്കാര്‍ക്കും ഉപകാരമുണ്ടെന്നു അവരാണ് എന്നോടു പറഞ്ഞത്.
ആശംസകള്‍ ...
'അബുദാബിലുള്ളൊരെഴുത്തുപെട്ടീ-
അന്നു തുറന്നപ്പോള്‍ കത്തുകിട്ടീ-
എന്‍പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ വരികള്‍ ഞാന്‍ കണ്ടു ഞെട്ടീ'
അതൊരു കാലമായിരുന്നു; എഴുത്തുകുത്തുകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം കൈമാറിയിരുന്ന കാലം.. ഇന്ന് ഹൃദയങ്ങളുണ്ടോ, കൈമാറാന്‍? ഉള്ള ഹൃദയവും കിഡ്നിയുമൊക്കെ പ്രൈവറ്റ് ആസ്പത്രിക്കാരും മെഡിക്കല്‍ സെന്റരുകാരും അടിച്ചുമാറ്റിയില്ലേ?
പ്രിയതമയുടെ ഹൃദയം പറിച്ചെടുത്തുള്ള ആ എഴുത്തിന്നായി ആദ്യ കാലങ്ങളില്‍ ഈയുള്ളവന്‍ എത്രയോ കാത്തിരിക്കുന്നു! ഓരോ അക്ഷരത്തിലും പുഞ്ചിരിയും കണ്ണീരും ചാലിച്ചുള്ള ആ ലിഖിതങ്ങളുടെ മൂല്യം പുതിയ തലമുറയെ (എന്റെ മക്കളെയടക്കം) എങ്ങനെ പറഞ്ഞുമനസ്സിലാക്കും എന്ന് സന്ദേഹിക്കുകയാണ് ഞാന്‍! പക്ഷേ, വലിയ സാഹസമില്ലാതെ തന്നെ അക്കാര്യം നിര്‍വഹിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്; എന്തുകൊണ്ടെന്നോ? കത്തെഴുത്ത് തുടങ്ങിയ കാലം മുതലുള്ള (13 വയസ്സിലാണെന്ന് തോന്നുന്നു, പഠിക്കാന്‍ പോയ ചാവക്കാടിനടുത്തുള്ള വൈലത്തൂരില്‍ നിന്ന് എടപ്പാളിനടുത്ത നടുവട്ടത്തുള്ള ഉമ്മയ്ക്ക് ഞാന്‍ ആദ്യമായി കത്തെഴുതിയത്..) എല്ലാ കത്തുകളും - വളരെ അപൂര്‍വ്വം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ - ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്!! ഇടക്കാലത്ത് ദുബായില്‍ നിന്ന് കുവൈത്തിലേക്ക് ജോലിയാവശ്യാര്‍ത്ഥം കൂടുമാറേണ്ടിവന്നപ്പോള്‍ നല്ലൊരു സംഖ്യ മുടക്കി കാര്‍ഗോ വഴി നാട്ടിലേക്കയച്ച പ്രധാന സമ്പാദ്യം കുറെ പുസ്തകങ്ങളും ഈ 'ഹൃദയഹാരിയായ' കത്തുകളുമായിരുന്നു!!. (ഞാനാരാ മോന്‍!) ആ പാര്സലുകളില്‍ 'കാര്യമായി' ഒന്നും കാണാത്തതുകൊണ്ട് എന്റെ പ്രേയസി ചോദിച്ചത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്: ആ കൂട്ടത്തില്‍ ഈ മക്കള്‍ക്ക് നാല് ഉടുപ്പെങ്കിലും അയക്കാമായിരുന്നില്ലേ, എന്ന്! 'വട്ടന്‍' എന്ന് പലരും എന്നെ വിശേഷിപ്പിച്ചിട്ടും ഉണ്ട്.
എന്തായാലും റഷീദേ, കലക്കി; എല്ലാ ഭാവുകങ്ങളും! തുടരുക, പ്രയാണം.
ഞാന്‍ 96 ല്‍ ഗള്‍ഫില്‍ എത്തിയവനാണ് എന്റെ മാതാപിതാക്കള്‍ക്കും, ബന്ധുക്കള്‍ക്കുമായി അന്നുമുതല്‍ ആഴ്ച്ചയില്‍ കുറഞ്ഞത് 10 കത്തുകള്‍ എങ്കിലും എഴുതുമായിരുന്നു.... എന്റെ വീട്ടിലെ കുട്ടികള്‍ക്ക് ഓരോത്തര്‍ക്കും ഓരോ കത്ത്... അതും 10 പേപ്പറൊക്കെ എഴുതി നിറക്കും.... അവിടെ നിന്ന് തിരിച്ചു വരുന്നതും അതേ പോലത്തെ നെടുനീളന്‍ കത്തുകള്‍..... ആ കാലം അവസാനിച്ചു.... 2 വര്‍ഷം മുന്‍പ് എന്റെ അനിന്തിരവള്‍ പറഞ്ഞു അമ്മാവാ അങ്ങനത്തെ ആ കാലം തിരിച്ചു വരണം എന്ന് എനിക്കാഗ്രഹം, അമ്മാവന്‍ ഒരു കത്തെഴുതൂ ഞാന്‍ പഴയതു പോലെ തിരിച്ചയക്കാം എന്ന്.... ഞാന്‍ അവളുടെ ആഗ്രഹം പോലെ കത്തെഴുതി, പക്ഷേ മറുപടി വന്നില്ല, പകരം അതിന്റെ മറുപടികളായി കുറെ മഗ്ലീഷ് ഈ മെയിലുകള്‍.... ആഗ്രഹം ഉണ്ട് കത്തെഴുതാന്‍ പക്ഷേ നടക്കുന്നില്ല എന്ന് മറുപടിയും....
എന്റെ അച്ഛന്‍ ദുഃര്‍ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്റില്‍ ആയിരുന്നു.... ഇന്ന് ഏതാണ്ട് 80 വയസായിരിക്കുന്നു.... 5 വയസ്സില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ എഴുതിയ കത്തുകള്‍ മുതല്‍ ഞാന്‍ ഗള്‍ഫില്‍ നിന്ന് അയച്ച കത്തുകള്‍ വരെ ഒരു ട്രങ്ക് പെട്ടിയില്‍ നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു അദ്ദേഹം....
ഒരിക്കല്‍ അതൊന്നു തുറക്കന്‍ ശ്രമിച്ചപ്പോള്‍ എന്നോട് പറഞ്ഞു, നിന്റെ അമ്മയ്ക്ക് കല്യാണശേഷം അയച്ച കത്തുകളും അതിന്റെ മറുപടികളും ഒക്കെ അതിലുണ്ട്, ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അത് നീ വായിച്ചാല്‍ മോശമാണ്.... എന്റെ കാലശേഷം നിനക്കത് നോക്കാം....
പഴയ ചിലവ എനിക്ക് കാട്ടി തന്നു.... അപ്പൂപ്പന്‍ അച്ഛന് അയച്ച കത്തുകള്‍..... അവയിലെ അക്ഷരങ്ങളും ലിപികളും പോലും വളരെ വ്യത്യസ്ഥമാണ്..... എന്തായാലും ഈ പോസ്റ്റ് അതൊക്കെ ഓര്‍മ്മിപ്പിച്ചു... നന്ദി
കടലിനപ്പുറത്തു നിന്ന് ലഭിക്കുന്ന കത്ത് ഒരു അഭിമാനത്തിന്റെ പ്രതീകമായി ഞാന്‍ സൂക്ഷിച്ചിരുന്നു.
എന്തൊരു സുന്ദര മണമായിരുന്നു അത്.
എത്ര തവണയാണ് ആ കത്തുകളോരോന്നും ഞാന്‍ വായിച്ചത്. ഗള്‍ഫില്‍ നിന്നാരെങ്കിലും വന്ന് ഏടാ...അക്രൂവെ.......നിനക്കൊരു കത്തുണ്ടെന്ന് പറഞ്ഞാലെന്തൊരു സന്തോഷമാണെന്നോ..
വീട്ടുകാര്‍ക്ക് എല്ലാം വായിക്കാനായി സഹോദരന്‍ കത്ത് അയച്ചിരുന്നെങ്കിലും എനിക്ക് പ്രത്യേകം കത്ത് എന്റെ സഹോദരന്‍ അയച്ചിരുന്നു. എന്റെ പഠന കാര്യങ്ങള്‍ അവന് മാത്രമായിരുന്നല്ലോ എക്കാലവും അന്വേഷിച്ചത്. പ്രത്യേകിച്ചൊന്നുമില്ലെങ്കിലും നന്നായി പഠിക്കേണ്ടതിന്റെ ആവശ്യകത ആകത്തില്‍ നിരന്തരമായി അവന്‍ സൂചിപ്പിക്കുമായിരുന്നു.
ഗള്‍ഫിലെത്തിയാല്‍ ആദ്യം വരുന്ന കത്തുകളില്‍ എനിക്ക് പ്രത്യേകിച്ചൊരു സമ്മാനവും ഉണ്ടായിരുന്നു. ടിക്കറ്റ് ചാര്‍ജിന്റെ ബാക്കിയുള്ള 100 രൂപ.
എല്ലാവര്‍ക്കും കത്ത് ലഭിക്കുമ്പോള്‍ എനിക്ക് മാത്രം കിട്ടാത്തതിനാല്‍ ഞാനെത്രയമാണ് കരഞ്ഞ് കിടന്നുറങ്ങിയ്‌ത. ഉപ്പയില്ലാത്ത എന്നെ അവനും മറന്നോ എന്നായിരുന്നു അപ്പോഴെന്റെ ചിന്ത
കാക്കിക്കുപ്പായവും നരച്ച കാലന്‍ കുടയുമായി കുന്നുകയറി കിതച്ചുവന്ന പോസ്റ്റ്മാനിലൂടെ, പോസ്റ്റ് ബോക്‌സു കളിലേക്കൊഴുകിയ സ്‌നേഹത്തിനും സങ്കടത്തിനും സാന്ത്വനത്തിനും ഹൃദയത്തിന്റെ ഭാഷയുണ്ടായിരുന്നു.
ദിവസവും രണ്ടു തവണ നാട്ടിലേക്ക് വിളിക്കുന്ന എനിക്ക് എന്നും ഒരു കത്തെഴുതി അയയ്ക്കൂ ട്ടോ എന്നുള്ള ഭാര്യയുടെ അപേക്ഷ കിട്ടാറുണ്ട്. കല്യാണം കഴിഞ്ഞു വന്ന ശേഷം ഒരാഴ്ചയില്‍ ഒരു കത്തെന്ന പോളിസി തുടരാന്‍ ടെക്നോളജി സമ്മതിച്ചില്ല .. കാരണം പലതും പറഞ്ഞും കേട്ടും അറിഞ്ഞതാവും. പുളിച്ചു പോയ വരികള്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുമ്പോള്‍ സ്വാദ് നഷ്ടപ്പെടുന്ന കത്തുകള്‍ അങ്ങിനെ നിശ്ചലമായി ...
എന്ന് വെച്ച് ടെക്നോളജി യെ നമുക്ക് കൈയൊഴിയാമോ ?? ഇനി കത്തുകളുടെ ഒരു കാല്തെക്കുള്ള തിരിച്ചു പോക്ക് അസാധ്യമായിരിക്കുന്നു .. എങ്കിലും നമ്മുടെ എഴുത്ത് മരിക്കാതിരിക്കട്ടെ ...
ആശംസകള്‍
vayichu.chila nalla postukal istamaayi
അറബിക്കടല്‍ കടന്നെത്തുന്ന കത്തുകള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത രസകരവും ആനന്തവും ആയിരുന്നു
ഇനിയും എഴുതുന്നവര്‍ എഴുതട്ടെ അല്ലാത്തവര്‍ മറ്റുള്ളവര്‍ അങ്ങനെയും ആവട്ടെ...
നന്നായി...
രസമായി എഴുതിയിരിക്കുന്നു. പാട്ടെഴുത്തിണ്റ്റെ അസുഖമുണ്ടല്ലെ.. ഞാനും ചെറിയൊരു 'രോഗി'യാണ്.
സലാമിന്റെ ഒരു പോസ്റ്റില്‍ ഇതിനെ പറ്റി
വിശദം ആയി പ്രടിപാദിച്ചിരുന്നു.കത്തുകള്‍
ഇല്ലെങ്കിലും ഇന്നും പ്രണയത്തിനു വല്ല കുറവും
ഉണ്ടോ ..
കാലം മാറുന്നു .നമ്മളും മാറുന്നു .
പക്ഷെ കാര്യങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെ .
സാബി ബാവ രണ്ടും താരതമ്യം ചെയ്ത് ഒരു
post ഇട്ടിരുന്നു .തലമുറകളുടെ അന്തരം.
നമുക്ക് സന്തോഷം നാടന്‍ വഴികളിലൂടെ നടക്കാന്‍.പുതു
തലമുറയ്ക്ക് സന്തോഷം ഓടാന്‍.പുതിയ വഴികളിലൂടെ
നല്ല ചിന്തക്ക് വക. റഷീദ്.അഭിനന്ദനങ്ങള്‍ .
ഇപ്പോ ആരു കത്തയക്കാൻ അല്ലെ ... കാലം മാറി ഇന്നിന്റെ സൌകര്യത്തെ നാം ഉപയോഗിക്കുന്നു..കത്തെഴുതുമ്പോൾ മനസ്സുകൾ പരസ്പരം കൈമാറുന്നു എന്നത് ശരി തന്നെ .. ഇന്നു അധികമൊന്നും ചെലവില്ലാതെ ഒത്തിരി സമയം നമുക്ക് നാട്ടിലുള്ളവരോട് അവരെ കണ്ടു കൊണ്ടുതന്നെ സംസാരിക്കാം.. ഇതൊക്കെ നല്ലതു തന്നെയല്ലെ പണ്ടൊക്കെ അത്തറിന്റെ മണമുള്ള കത്ത് എന്നൊക്കെ പറയുമായിരുന്നു... കാലത്തിനൊത്ത് മാറുന്നില്ലെങ്കിൽ ഇന്ന് ഈ പോസ്റ്റിടാനും വായിക്കനുമൊക്കെ നമുക്ക് സാധിക്കുമായിരുന്നോ...ഭാവുകങ്ങൾ.. .
ലേഖനം അസ്സലായിട്ടുണ്ട്, കമന്റ് നെടുനീളന്‍ എഴുതാനുണ്ട്. പക്ഷെ അതെല്ലാം ഈ എഴുത്തിലുണ്ട്.
ആശംസകള്‍.
ചൊറിഞ്ഞ് വന്നൊന്നുമില്ലടോ, നന്നായിട്ടുണ്ട്.
ആ അതൊക്കെ ഒരു കാലം!
നമ്മള്‍ ഇന്നെത്തിച്ചെര്‍ന്നിരിക്കുന്ന കാലത്തില്‍ വേഗതയാണ് മുന്നേ നില്‍ക്കുന്നത്. എല്ലാത്തിനും വേഗത.
പണം ഉണ്ടാക്കാനും വേഗത.അങ്ങിനെ വരുമ്പോള്‍ എന്ത് മറന്നാലും നഷ്ടമായാലും പണം എന്നായിരിക്കുന്നു.അതുകൊണ്ടുതന്നെ ഈ നഷ്ടപ്പെടലുകള്‍ അറിഞ്ഞുകൊണ്ട് തന്നെ നമ്മളും പലപ്പോഴും പലതും നഷ്ടപ്പെടുത്തുന്നു.
നാമറിരിയാതെ സംഭവിക്കുന്ന അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് സംഭവിക്കുന്ന നഷ്ടപ്പെടലുകള്‍ ഓര്‍മ്മപ്പെടുത്തിയത് നന്നായി.
'ചിട്ടി ആയീഹേ... ആയീഹേ...’ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ ഇന്നും ഈറനണിയും....!
പഴയത് നല്ലതാവാം... ഓര്‍മക്ക് സുഖമുണ്ടാവാം
പക്ഷേ
അതിവേകവും എളുപ്പവുമായ മറ്റ് വഴിയുണ്ടാവുമ്പോ പഴയത് തിരസ്കരിക്കപ്പെടും
പണ്ട് നാട്ട് വഴിയിലൂടെ പോയിരുന്ന കാളവണ്ടികള്‍ ഇന്നുണ്ടോ,
വെണ്ടാ സൈക്കിളുകള്‍ ഇന്നുണ്ടോ (കുട്ടികളുടെ കയ്യില്‍ മാത്രം ഇന്നും കാണാം. അതും 8 ആം ക്ലാസ് വരെ മാത്രം)
പുതുമയല്ലേ എന്നും നല്ലത്.. ഇതും പഴകുമ്പോ ഇതിലാവും എല്ലാവര്‍ക്കും നൊസ്റ്റാള്‍ജിക് മൂടും നൊസ്റ്റാള്‍ജിക് എഴുത്തും വരിക
താളിയോലകളിലെ എഴുത്തിനെ പറ്റി എന്താ ആരും മണ്മറഞ്ഞ സൌഭാഗ്യം എന്ന് വിലപിക്കാത്തെ?
അപ്പോ ഈ വിലാപമൊക്കെ കേവലം കാലികമാണ് , കാലത്തിനനുസരിച്ച് മാറ്റപെടേണ്ടവ കെട്ടിപ്പിടിച്ച് നിക്കാന്‍ മനസ്സിലാ..
“ഞാനെന്റെ ഈ മെയിലിനെ സ്നേഹിക്കുന്നു
അതിന്റെ സൌഭാഗ്യവും ആവേശവും ഉള്‍കൊള്ളുന്നു.”
നല്ല പോസ്റ്റ് ഭായ്...കലക്കീണ്ട് കേട്ടൊ അന്നത്തെ എഴുത്തുകളുടെയൊക്കെ ഒരു നൊസ്റ്റാൾജിയയാണ് എന്റെയൊക്കെ ഈ കുറിപ്പുകൾക്കാധാരമെന്നിനിക്ക് ഉറപ്പുണ്ട്... “അവസാനമായി കുടുംബത്തിനോ, കൂട്ടുകാര്‍ക്കോ, പ്രിയതമക്കോ, സ്‌നേഹിതക്കോ ഒരു കത്തെഴുതിയ ദിനം എന്നായിരുന്നുവെന്ന് ഓര്‍ത്ത് നോക്കാമോ?“ അടുത്തകാലത്തൊന്നും ആരും ചെയ്യാത്ത ഒരു കാര്യത്തെ പറ്റിയുള്ള അസ്സല് ചോദ്യം
ആശംസകള്‍ ....
ഈ കാലത്ത് ആര് അതിനു തുനിയന്‍, ഈ പോസ്റ്റ് ഇട്ട ആള്‍ തന്നെ അങ്ങനെ തുടക്കം കുറിച്ചോ സലാം ക്കന്റെ പോസ്റ്റും ഇതേ വിഷയം കൈകാര്യം ചെയ്തിരുന്നു പാലപ്പൂമണം കാറ്റില്‍ പരന്ന നാള്‍
REALY A GOOD CREATION . A GOOD SOCIAL SATIRE
CONGRADS
PALLIYARA SREEDHARAN
‘എത്രയും ബഹുമാനപ്പെട്ടയെന്റെപ്രീയ ഭർത്താവ് വായിച്ചറിയുവാൻ സ്വന്തംഭാര്യ എഴുതുന്ന” ഒരു കാലത്ത് ഹിറ്റായിരുന്ന കാസെറ്റ് പാട്ടും ഇത്തരുണത്തിൽ ഓർമ്മിച്ചൂ.. എഴുത്തുകളുടെ കാലം അവസാനിക്കുന്നു.പി.ബി യുടേയും...നീർവിളാകന്റെ കമന്റിലെ ഒരു ഭാഗം ഞാൻ ഇവിടെ എടുത്തെഴുതട്ടെ ”ഒരിക്കല്‍ അതൊന്നു തുറക്കന്‍ ശ്രമിച്ചപ്പോള്‍ എന്നോട് പറഞ്ഞു, നിന്റെ അമ്മയ്ക്ക് കല്യാണശേഷം അയച്ച കത്തുകളും അതിന്റെ മറുപടികളും ഒക്കെ അതിലുണ്ട്, ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അത് നീ വായിച്ചാല്‍ മോശമാണ്.... എന്റെ കാലശേഷം നിനക്കത് നോക്കാം...“ ഏതാണ്ട് ഇങ്ങനത്തെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ...പഴയ ഒരുപാട് ഓർമ്മകൾ,,എന്റേയും മനോ മണ്ഡലത്തിൽ തിരികെ എത്തിച്ച റശീദിന് നന്ദി,... http://chandunair.blogspot.com/
.
എഴുത്ത് ഇരുപത് പേജ് കടന്നു..വായിച്ചു മതിയായി..
നന്നായിട്ടുണ്ട്...
@ALL
BOOLOGA PARIDHIKKU PURATTHAAYATHINAAAL
MARUKURIKK PATTUNNILLA
ELLAA ABHIPRAAYANGALUM
POSITIVE
AAAYI EDUKKUNNU
THIRICCHETTHAAAM
VAAAYANAKKAARKKELLAAM NANDI
കത്തെഴുത്തിന്റെയും കത്ത് പാട്ടിന്‍റെയും ഓര്‍മ്മകള്‍ പങ്കു വെച്ചതിനു നന്ദി.
പിന്നെ മരം കൊണ്ടുണ്ടാക്കിയ ഈ ലേഔട്ട് നല്ല രസമുണ്ട്.
കല്യാണം കഴിച്ചു പ്രവാസത്തേക്ക് പറന്നപ്പോള്‍, എനിക്കും ഉണ്ടായിരുന്നു ഇത്തരം ഒരു നാള്‍
ആഴ്ചയില്‍ രണ്ടു കത്തെങ്കിലും എഴുതും.
പ്രിയതമയുടെ കത്ത് വല്ലതും വന്നിട്ടുണ്ടോ എന്നറിയാന്‍ എന്നും പോസ്റ്റ് ബോക്സ് പോയി നോക്കും
കത്തില്ലെന്നു കണ്ടാല്‍ വല്ലാത്ത ഒരു "പൊറുതി കേടാ", അത് കണ്ട് സഹ മുറിയന്മാന്‍ കളിയാക്കും
നാലും അഞ്ചും പേജ് നിറച്ചെഴുതിയാലും, കുറച്ചേ എഴുതുന്നുള്ളൂ എന്ന പരാതി വേറെയും.
പിന്നീട് കൂടുതല്‍ എഴുതാനായി അക്ഷരങ്ങള്‍ ചെറുതാക്കി
ഈയിടെയും "ഫാര്യ" പറഞ്ഞു. എഴുത്തുകളുടെ കാര്യം
ഓര്‍മകളിലേക്ക് പറഞ്ഞു വിട്ടു ഈ കുറിപ്പ്
നാം അറിഞ്ഞു കൊണ്ട് വിസ്മരിക്കുന്ന ഒരു കാര്യം
പഴയവ പോസ്റ്റ് മോഡേണ്‍ യുഗത്തില്‍ പ്രസക്തമല്ല, അവയെ വിസ്മരിച്ചു കൊണ്ട് പറയുകയും അല്ല
കാലം ഒരുപാടി മാറി. ഇന്റര്‍നെറ്റും, ഫോണും എഴുത്തുകള്‍ക്ക് വഴി മാറി
എങ്കിലും ഇവ രണ്ടിനും, മനസിന്റെ ഉള്ളറകളില്‍ നിന്നും വഴിഞ്ഞൊഴുകുന്ന സ്നേഹത്തെ ഇത്ര നന്നായി പറയാന്‍ കഴിയില്ല എന്ന വാസ്തവം നാം വിസ്മരിച്ചു കൂട.
എല്ലാരും ഇതിനോട് യോചിച്ചു കൊള്ളണം എന്നില്ല
അവര്‍ പഴമക്കാരന്‍റെ ഒരു പാഴ് ചിന്തയായി ഈ അഭിപ്രായം കണ്ടാല്‍ മതി
കത്ത് പാട്ട്ടിലൂടെ മലയാളിയുടെ മനം കവര്‍ന്ന
എസ് ഏ ജമീല്‍ സാഹിബ് ഇന്ന് യാത്രയായി
ഈ പോസ്റ്റ് അദ്ദേഹത്തിനു സമര്‍പ്പിക്കട്ടെ
പഴയതൊക്കെ ഓര്‍ക്കാന്‍ ഇന്നും പ്രവാസികള്‍ തന്നെയാണ് മുമ്പില്‍..മരിക്കപ്പെടുന്ന കത്തുകള്‍ക്ക് മുമ്പില്‍ ഒരു പിടി കണ്ണ് നിരുകള്‍ ....നല്ല പോസ്റ്റ്
വായിക്കാന്‍ മാറ്റി വെച്ചതായിരുന്നു. വായിച്ചപ്പോഴേക്കും ഒത്തിരി വൈകി. അതിനിടയ്ക്ക് കത്ത് പാട്ടെഴുതിയ എസ്.ഏ.ജമീലും യാത്രയായി.ആരൊക്കെ എന്തു പറഞ്ഞാലും ആ പഴയ കത്തിന്റെ സുഖം ഇന്നത്തെ ടെക്നോളജിക്ക് നല്‍കാനാവില്ല.ഒരു കത്തു തന്നെ പല തവണ വായിച്ചു രസിച്ചിരുന്ന ആ കാലം ഇന്നത്തെ തലകുറയ്ക്ക് മനസ്സിലാവാനും പോകുന്നില്ല.ഇന്നു ഒരു പേജ് തികച്ചെഴുതാനോ എന്തിനു ഒരു കമന്റില്‍ തന്നെ കൂടുതല്‍ എഴുതാന്‍ ആര്‍ക്കും കഴിയുന്നില്ല. എല്ലാവരും എസ്സെമെസ്സിലും സ്മൈലിയിലും അതു പോലെയുള്ള വിദ്യകളിലും ആശയങ്ങള്‍ കൈമാറാന്‍ ശ്രമിക്കുന്നു.ഒരു പക്ഷെ എത്ര ഫോണ്‍ ചെയ്താലും ഒരു കത്തിനായി കാത്തിരിക്കുന്ന അനേകം പ്രവാസി ഭാര്യമാര്‍ ഇപ്പോഴുമുണ്ടെന്നു തോന്നുന്നു?.ഈയിടെ എവിടെയോ വായിച്ചു ഈ ബ്ലോഗെഴുത്തും അടുത്തു തന്നെ അവസാനിക്കുമെന്നു!.അങ്ങിനെ പോയാല്‍ ആളുകള്‍ എഴുത്തും മറന്നു പോവും!.അത്ര സ്പീഡിലാണ് കാര്യങ്ങളുടെ പോക്ക്. നമുക്ക് കാത്തിരുന്നു കാണാം.നമുക്കു ഇത്രയെങ്കിലും ആസ്വദിക്കാന്‍ കഴിഞ്ഞു. അടുത്ത തലമുറയുടെ കാര്യമോര്‍ക്കുമ്പോള്‍?
കത്തെഴുത്തിന്റെ ഒരു സുഖം വേറേ തന്നെയാണ്..പക്ഷേ
എനിക്കെന്തോ കത്തെഴുത്തു വലിയ ദുരിതങ്ങള്‍ക്കാണ്
വഴി തെളിയിച്ചിട്ടുള്ളത്..ദൈനംതിന ഫോണ്‍ വിളി സൌകര്യം
വന്നതോടെ കത്തെഴുത്തിന് വിരാമമിട്ടു..ആദ്യകാല പ്രവാസികളുടെ
ആശ്വാസം തന്നെയായിരുന്നു ‘കത്തെഴുതല്‍’..കത്തെഴുത്തിന്റെ
ഓര്‍മ്മകളിലൂടെ യാത്ര ചെയ്ത ഈ കുറിപ്പിനു നന്ദി..
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ