Sunday, February 26, 2012

ഭൂമിയുടെ പുതിയ അവകാശികള്‍


ശഹര്‍ബാന്‍ ഇപ്പോള്‍ സ്കൂള്‍ വിട്ടു തിരിച്ചെത്തിയിട്ടുണ്ടാകും. ബീവി വിളമ്പി വച്ച റൊട്ടിയും ദാലും കഴിക്കാനിരിക്കാതെ അവള്‍ കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാന്‍ പോയിക്കാണും. നാളെ വെള്ളിയാഴ്ച്ചയാണല്ലോ ഒന്ന് വിളിച്ചു നോക്കണം. രണ്ടു വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്നു പോയത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍  അവള്‍ കൈ വിടാതെ പിന്നാലെ വന്നു.
 " അബ്ബ പോകരുതേ ,,പോകരുതേ .."  
എന്ന  നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. നാല് വയസ്സുകാരിക്ക് താന്‍ അബ്ബ മാത്രമല്ല  . കളിക്കൂട്ടുകാരനായിരുന്നു. ഇപ്പോഴും അത്ഭുതപ്പെടാരുള്ളത് ഈ ജീവിത സായാഹ്നത്തിലും ഒരു കുഞ്ഞിനെ കൂടി നല്‍കിയ ദൈവത്തിന്റെ കാരുണ്യം ഓര്‍ത്താണ്. അവളുടെ മൂത്തവര്‍ നാല് പേരും കല്യാണം കഴിഞ്ഞു കുടുംബവും കുട്ടികളുമായി സുഖമായി കഴിയുന്നു. മരുഭൂമിയുടെ ഊഷരതയില്‍ തളിര്‍ത്ത പുതു നാമ്പിനു  വേണ്ടി ജീവിക്കുമ്പോള്‍ വീണ്ടും യൗവനം വിരുന്നെത്തിയ പോലെ.
വര്‍ഷങ്ങള്‍ മുപ്പതെണ്ണം കഴിഞ്ഞിരിക്കുന്നു ഈ മരുഭൂമിയില്‍ എത്തിപ്പെട്ടിട്ട്. ഇനി വയ്യ.മടുത്തു. ആരാന്‍റെ ഭൂമികയില്‍ നമ്മള്‍ തികച്ചും അന്യര്‍ തന്നെയാണ്. അവരുടെ ലോകം അവരുടെ നിയമങ്ങള്‍.അവരുടെ സന്തോഷങ്ങള്‍. അതില്‍ അപരിചിതത്വത്തോടെ  പങ്കാളിയാവുക മാത്രം. കരിമ്പിന്‍ തോപ്പ് പാട്ടത്തിനെടുത്ത് ചില്ലറ കൃഷികളൊക്കെ ചെയ്താണ്  ഇവിടെ നിന്ന് മടങ്ങിയവര്‍ പലരും സുഖമായി കഴിയുന്നത്‌. ഇവിടെ മസരയില്‍ (കൃഷിയിടം) പകല്‍  മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്നതിലും വരുമാനം അവര്‍ ഉണ്ടാക്കുന്നുണ്ട്. കുറച്ചു കൂടി പണമുണ്ടാക്കിയാല്‍ പിന്നെ  തിരിച്ചു പോകണം. പിറന്ന മണ്ണിന്‍റെ ഗന്ധത്തിനു പോലുമുണ്ട്  സ്നേഹത്തിന്‍റെ മാസ്മരികത.
" തആല്‍  ....റഫീക്ക് ....തആല്‍ "
ആരുടെയോ വിളി കേട്ടാണ് ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. ഇരിക്കുന്ന ബഞ്ചിന്റെ അല്‍പ്പം അകലെ വണ്ടി നിര്‍ത്തി ഒരു ഈജിപ്ഷ്യന്‍ തന്നെ കൈ കാട്ടി വിളിക്കുന്നു.
എന്താണാവോകാര്യം. വഴി ചോദിക്കാനോ മറ്റോ ആവും. മെല്ലെ എഴുനേറ്റ് അടുത്തേക്ക്‌  ചെന്നു.
" വൈന്‍ ബത്താക.. ജിബ് ബത്താക്ക. ലേഷ്  ഇന്ത  നൌം ഹിനി ?? "

ജുബ്ബയുടെ കീശയില്‍ ഒരു പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞു വച്ചിരുന്ന തിരിച്ചറിയല്‍  കാര്‍ഡെടുത്തു അയാള്‍ക്ക്‌ കൊടുത്തു. ഒരു കടലാസില്‍ എന്തൊക്കെയോ എഴുതിയ ശേഷം ഒപ്പ് വാങ്ങി ഒരു കഷണം മഞ്ഞ കടലാസ് കയ്യില്‍ തന്നു കൊണ്ട്   
 "ത ആല്‍ മക്തബ് ബാദ ഉസ്ബൂ
എന്നും പറഞ്ഞു അയാള്‍ കാര്‍ ഓടിച്ചു പോയി. എന്ത് ചെയ്യണം എന്നറിയാതെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ്  ടൈപിംഗ് സെന്ററില്‍ ജോലി നോക്കുന്ന മലബാരി പയ്യനെ കണ്ടത്. കടലാസ് വാങ്ങി വായിച്ചു നോക്കിയ ശേഷം അവന്‍ പറഞ്ഞാണ് കാര്യങ്ങള്‍ വ്യക്തമായത്.

പൊതു സ്ഥലത്ത് ബെഞ്ചില്‍ കിടന്ന്‍ ഉറങ്ങിയതിനു പിഴ ഒടുക്കാന്‍ ഉള്ള കടലാസാണ് കയ്യില്‍ തന്നിരിക്കുന്നത്. പടച്ചവനെ ഞാന്‍ എപ്പോഴാണ് ഉറങ്ങിയത് ? ഇനി അറിയാതെ എങ്ങാന്‍ മയങ്ങി പോയിരുന്നോ? അറിയില്ല. ഈയിടെയായി ഓര്‍മ്മകള്‍   അവ്യക്തമാകുന്നുണ്ടോ? ഇനി ഒന്ന് മയങ്ങി പോയെങ്കില്‍ തന്നെ അതൊരു പാപമാണോ?. ചിന്തയും ബുദ്ദിയും ശക്തിയുമെല്ലാം വിസ എന്ന രണ്ടക്ഷരത്തിന് വേണ്ടി പണ്ടേ പണയം വച്ചതാണല്ലോ. വിസ അടിച്ചു കഴിഞ്ഞാല്‍ പിന്നെ പുതിയ നിയമങ്ങളാണ്. ക്ഷീണം പാടില്ല. ജോലി, ശമ്പളം, രാത്രി ജോലിയൊന്നും ഇല്ലെങ്കില്‍ മാത്രം അല്‍പ്പം വിശ്രമംഅതും മുതലാളി കനിയണം. എപ്പോള്‍ ജോലി എടുക്കണം ,എപ്പോള്‍  ഉറങ്ങണം  എപ്പോള്‍ ഉണരണം എന്ന് തുടങ്ങി പ്രഭാത കര്‍മങ്ങള്‍ക്ക് പോലും ഇവിടെ മറ്റുള്ളവരുടെ സൗകര്യത്തിനു അനുസരിച്ചായിരിക്കണം. യാന്ത്രികതയുടെ മനുഷ്യ രൂപങ്ങളാണ് ഇവിടത്തെ ഓരോ തൊഴിലാളിയും.
ഈജിപ്ഷ്യന്മാര്‍ക്ക് ഹിന്ദിയും പാകിസ്ഥാനിയും ബംഗാളിയുമെല്ലാം ഹീന ജാതിക്കാരാണ്. ഒരു നായയേയും  ഈജിപഷ്യനെയും ഒന്നിച്ചു കണ്ടാല്‍ ആദ്യം ഈജിപഷ്യനെ കല്ലെറിയണം എന്ന് സുഹൃത്ത്  ഗുലാം അലി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നത് ഓര്‍മ വന്നു.

ബത്താക്ക തിരിച്ചു കിട്ടണമെങ്കില്‍ ഒരാഴ്ച കഴിഞ്ഞു നഗര സഭയുടെ ഓഫീസില്‍ എത്തണമെന്ന്. ഇത് മൂന്നാം തവണയാണ് പതിനഞ്ചു ദിര്‍ഹം ടാക്സി കൂലിയും കൊടുത്ത് ഇവിടെ വരുന്നത്. ഇന്നിനി ജോലിക്കും പോകാന്‍ പറ്റും എന്ന് തോന്നുന്നില്ല. അത്രയ്ക്ക് വൈകിയിരിക്കുന്നു. നഗര സഭാ കാര്യാലയത്തിലെ വെയിറ്റിംഗ് റൂമിലിരുന്നു ജാവേദ്‌ മിയാന്‍ എന്ന പാകിസ്ഥാനി തന്റെ  കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ മറ്റുള്ളവരുടെ മുഖത്ത് പ്രത്യേക ഭാവ ഭേദങ്ങള്‍ ഒന്നും നിഴലിച്ചിരുന്നില്ല.
കാരണം അവിടെ കൂടി നിന്നിരുന്ന മറ്റു മുപ്പതോളം പേരും സമാനമായ തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെട്ടവരായിരുന്നു. പൊതു സ്ഥലത്ത് വാഹനം കഴുകിയവര്‍, സിഗരറ്റ്‌ വലിച്ചവര്‍,തുപ്പിയവര്‍, അങ്ങനെയുള്ള "അപരാധങ്ങളാണ്‌" അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കാരും പാകിസ്ഥാനിയും ബംഗാളികളും ഫിലിപൈനികളുമാണ് അപരാധികളെല്ലാം. മറ്റ് രാജ്യക്കാരൊന്നും ഇത്തരം പിഴകള്‍ ചെയ്യാത്ത നല്ലപിള്ളകള്‍ ആയിരിക്കുമോയെന്ന സംശയം അന്യായമാവുമോ എന്തോ?

പൊതു നിരത്തിന് ഓരം ചേര്‍ന്ന് നടന്നു പോകുമ്പോള്‍ ഒന്ന് തുപ്പിപ്പോയി.പല്ല് തേക്കാത്ത ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ എന്നെ ഉപദേശിച്ചത് ഞാന്‍ ചെയ്ത “പിഴവിന്റെ” ആരോഗ്യ വശങ്ങളെ കുറിച്ചായിരുന്നു. മൂക്ക് അകത്തി പിടിച്ചാണ് ഞാനാ പ്രഭാഷണം ശ്രവിച്ചത്.ഇനി തുപ്പാന്‍ തോന്നിയാല്‍ ഒരു ടിഷ്യൂ പെയ്പറില്‍ തുപ്പിയ ശേഷം അടുത്തുള്ള വെയ്സ്റ്റ്‌ ബോക്സില്‍ നിക്ഷേപിക്കണമെന്ന ഉപദേശം തരാനും അയാള്‍ മറന്നില്ല.പന പോലെ വളര്‍ന്നിട്ടും തുപ്പാന്‍ ടിഷ്യു പേപര്‍ ഉപയോഗിക്കണമെന്ന കാര്യം പഠിക്കാത്ത എന്നെയും പഠിപ്പിച്ചു തന്നിട്ടില്ലാത്ത കലാലയങ്ങളെയും ഞാന്‍ പഴിച്ചു. ഉള്ളില്‍ ഉയര്‍ന്നു വന്ന നൂറു കൂട്ടം ചോദ്യങ്ങള്‍ തല്‍ക്കാലം കുഴിച്ചു മൂടി അയാളുടെ വാക്കുകള്‍ക്ക് ചെവി കൊടുത്തു. ഇരു നൂറു ദിര്‍ഹം പിഴ എഴുതി തന്നു അയാള്‍ എന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ കണ്ടു കെട്ടി. ഒരു തുപ്പിനു ഇത്രയൊക്കെ വിലയുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഈ ഭൂഘണ്ടത്തില്‍ എവിടെയും തുപ്പുക പോയിട്ട് ഒന്ന് തുമ്മുക പോലും ചെയ്യില്ലായിടുന്നു.പിഴ ഒടുക്കുന്നതിനേക്കാള്‍ വലിയ ശിക്ഷയാണ് രണ്ടും മൂന്നും തവണ അതിനായി ഓഫീസുകള്‍ കയറി ഇറങ്ങുക എന്നത്.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി ഓരോരുത്തരെയായി പേര് വിളിച്ച് വിചാരണ തുടങ്ങിയപ്പോള്‍ പച്ചപ്പരിഷ്കാരിയും പച്ച മനുഷ്യനും തമ്മിലെ ചൂടേറിയ വാഗ്വാദത്തിന് വേദിയാവുകയായിരുന്നു മനസ്സ്.
 ഈന്തപ്പനയുടെ മടലുകള്‍ കൊണ്ട് തീര്‍ത്ത കുടിലുകളില്‍ ചൂടും തണുപ്പും സഹിച്ചു മരുഭൂമി പോലെ ഉണങ്ങിയ മനുഷ്യര്‍ ശതാബ്ദങ്ങളോ അതിലും ഏറെയോ കാലം കാഷ്ടിച്ചതും മൂത്രമൊഴിച്ചതും തുപ്പിയതുമെല്ലാം വെറും മണ്ണിലായിരുന്നു.എന്നാല്‍ അതെല്ലാം ഇന്ന് അവരുടെ പിന്‍ മുറക്കാര്‍ക്ക് എത്ര വലിയ പിഴകള്‍? അവരുടെ വാഹനങ്ങള്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍ ഏറ്റു വാങ്ങി മരിക്കുന്ന ഭൂമിയെയും ജീവജാലങ്ങളേയും ആര് കാണാന്‍.

ചീഞ്ഞു നാറുന്ന തെരുവുകളില്‍ പുഴുക്കളെ പോലെ ജീവിച്ച മനുഷ്യാ, ഇത് നിന്‍റെ മാത്രം ഭൂമിയല്ല. മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് മീതെ നിന്‍റെ മലിനാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതെന്തിനാണ്?.

“ വാഹനത്തിന്‍റെ പൊടി പടലങ്ങള്‍ ശ്വസിച്ചപ്പോള്‍ എനിക്ക് വായില്‍ കഫം നിറഞ്ഞു. തുപ്പാതെ പിന്നെ ഞാന്‍ എന്ത് ചെയ്യണമായിരുന്നു സാര്‍?”
മുഷിഞ്ഞ വേഷം ധരിച്ച ബംഗാളിയായ ഒരു സാധാരണ തൊഴിലാളിയുടെ നിഷ്കളങ്കമായ ചോദ്യം വിചാരണ മുറിയില്‍ പ്രതിധ്വനിക്കവേ എന്‍റെ സംശയങ്ങളുടെ മുനയൊടിയുന്നതും, വിസര്‍ജ്യങ്ങള്‍ വീണ്‌ മലിനമായ വരണ്ട  മണ്ണില്‍ നിന്നും പച്ചപ്പിന്‍റെ പുതു നാമ്പുകള്‍ പതിയെ തല നീട്ടുന്നതും ഇനിയും പിറക്കാനിരിക്കുന്ന ഭൂമിയുടെ അവകാശികള്‍ പുതിയ നിയമങ്ങള്‍ തീര്‍ത്ത്‌ ഭൂമിയില്‍ സ്വര്‍ഗം പണിയുന്നതും കിനാവ്‌ കാണുകയായിരുന്നു ഞാന്‍.   

46 comments:

kaattu kurinji said...

ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങള്‍ ഉണ്ട്. കര്‍ശനം അല്ലാത്ത നിയമങ്ങള്‍ കാരണം ആണ്.,"ഇവിടെ മൂത്രം ഒഴിക്കരുത്" എന്ന് എഴുതി വെച്ച പ്രദേശത്ത് കൂടെ
മൂക്ക് പൊത്തി മാത്രമേ നമുക്ക് സഞ്ചരിക്കാനാവൂ എന്ന ദുര്‍വിധി നമുക്കുണ്ടാവാന്‍ കാരണം .

മണ്ടൂസന്‍ said...

ഒരു നായയേയും ഈജിപഷ്യനെയും ഒന്നിച്ചു കണ്ടാല്‍ ആദ്യം ഈജിപഷ്യനെ കല്ലെറിയണം എന്ന് സുഹൃത്ത് ഗുലാം അലി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നത് ഓര്‍മ വന്നു.

ഈ ഒരു വാചകത്തിൽ അടങ്ങിയിട്ടുണ്ട്, ആ ഒരു സംഭവത്തിലുള്ള എല്ലാ കാര്യകാരണ ഗൗരവങ്ങളും.
ഒന്ന് തുപ്പാൻ തോന്നുമ്പൊ, ടിഷ്യൂ പേപ്പർ കയ്യിൽ കരുതണമെന്ന് ഓർക്കാൻ പറ്റുമോ ? അല്ല പിന്നെ.!

ചീഞ്ഞു നാറുന്ന തെരുവുകളില്‍ പുഴുക്കളെ പോലെ ജീവിച്ച മനുഷ്യാ, ഇത് നിന്‍റെ മാത്രം ഭൂമിയല്ല. മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് മീതെ നിന്‍റെ മലിനാവഷിഷ്ടങ്ങള്‍ വലിച്ചെരിയുന്നതെന്തിനാണ്?. ഈ വാചകം വായിച്ചാൽ ഇത് വരെ പറഞ്ഞതൊക്കെ വിഴുങ്ങേണ്ടി വരും. നന്നായി പറഞ്ഞൂ ട്ടോ ഇക്കാ. ആശംസകൾ.

ഷാജു അത്താണിക്കല്‍ said...

പ്രവാസത്തിന്റെ മറ്റൊരു മുഖം

അഷ്‌റഫ്‌ സല്‍വ said...

പലപ്പോഴും ചിന്തിക്കുന്ന വിഷയമാണിത്...
ഷാജു പറഞ്ഞ പോലേ ,പ്രവാസത്തിന്റെ മറ്റൊരു മുഖം...
അവരവരുടെ സംസ്കാരം വിട്ടു മാറി ജീവിക്കേണ്ടി വരുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത്,
അറിയാതെ നമ്മില്‍ അലിഞ്ഞു ചേരുന്നത് , അതിനിടയില്‍ നാം മറന്ന് പോകുന്നത് ....
എച്ചിലില്‍ ഭക്ഷണം കണ്ടെത്തുന്നവരും ഭൂമിയുടെ അവകാശികള്‍ തന്നെ ഭൂമി അങ്ങിനെയാണ് ......ചിലര്‍ക്ക് അവകാശങ്ങളെക്കാള്‍ കടമകള്‍ ആയിരിക്കും.

Ismail Chemmad said...

പ്രവാസ കാഴ്ചകളില്‍ ഒന്ന്

khaadu.. said...

അബുദാബിയില്‍ വസിക്കുന്ന ഒരാളെന്ന നിലയില്‍ ഇതൊക്കെ നേരില്‍ കാണാനുള്ള വിധി ഉണ്ടായിട്ടുണ്ട്.. ഇപ്പൊ ഇത്രയല്ലേ ആയുള്ളൂ... 2030 ആകുംബഴെക്ക് പല മാറ്റങ്ങളും വരുമത്രേ... അന്ന് പ്രവാസം തന്നെ ചിലപ്പോള്‍ ഉണ്ടാകില്ല... സ്വദേശി വല്കരണവും ഇവിടുത്തെ നിയമങ്ങളും അത്ര കണ്ടു ഭീകരമാണ്...

പ്രവാസത്തിന്റെ പ്രയാസങ്ങള്‍..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിത്യസ്തമായ ഒരു വിഷയം നന്നായി അവതരിപ്പിച്ചു.ആശംസകള്‍
ചില നിയമങ്ങള്‍ ചിലര്‍ക്ക് അലസോരമുണ്ടാക്കാം. അതേ നിയമം തന്നെ പലര്‍ക്കും ആശ്വാസവുമാകാം.തമ്പാക്കും മുറുക്കാനും ചവച്ചു തുപ്പിച്ചുവപ്പിച്ച ചില "ബംഗാളി"ഗല്ലികളിലൂടെ പോകുമ്പോള്‍ തുപ്പലിനെതിരെ ഇതിലും വലിയ നിയമങ്ങള്‍ നടപ്പില്‍ വരണമെന്ന് നമ്മളും ആഗ്രഹിച്ചു പോകും.

Naushu said...

മറ്റൊരു പ്രവാസി കഥ....

ഒരു ദുബായിക്കാരന്‍ said...

പ്രവാസത്തിന്റെ മറ്റൊരു മുഖം ...ഇവിടുന്നു പോയിട്ട് ഇവിടുത്തെ നിന്യമങ്ങളെ കുറിച്ച് കുറ്റം പറയുന്നോ ? വാട്ട്‌ ഈസ്‌ ദിസ്‌ !!

പട്ടേപ്പാടം റാംജി said...

ചിന്തയും ബുദ്ധിയും ശക്തിയുമെല്ലാം വിസ എന്ന രണ്ടക്ഷരത്തിന് വേണ്ടി പണ്ടേ പണയം വച്ചതാണല്ലോ....

എന്റെ കമ്പനിയില്‍ ഒരു ഈജിപ്ഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ ഒഫീസിനകത്ത് ഇരിക്കുമ്പോള്‍ മൂക്ക് പിഴിഞ്ഞ് ടിഷ്യു പേപ്പര്‍ എടുത്ത്‌ അതില്‍ തുടച്ച് വീണ്ടും പോക്കറ്റില്‍ വെക്കും. എന്നിട്ട് വീണ്ടും അത് തന്നെ എടുത്ത്‌ പിന്നെയും..എങ്ങിനെ ഉണ്ട്? നമ്മള്‍ കണ്ടാലും എന്തെങ്കിലും പറയാന്‍ പറ്റുമോ. നിയമങ്ങളെ കുറ്റപ്പെടുത്തുകയാണ് എന്ന് വായിച്ചപ്പോള്‍ തോന്നിയില്ലട്ടോ. മറിച്ച് അതിനെ വികലമാക്കുന്നതും പകരം സ്വീകരിക്കുന്ന "നല്ല" വശങ്ങളേയും കാണുമ്പോള്‍ എഴുതിപ്പോകുന്നതാണ് അല്ലെ സുഹൃത്തെ.
പ്രവാസിയുടെ പ്രയാസങ്ങളെ....

കൊമ്പന്‍ said...

ഓരോ നാട് ഒരു നിയമം ഓരോ രീതി അനുസരിച്ചല്ലേ പറ്റൂ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രവാസത്തിന്റെ നോവുകളൂടെ ഒരു കഥകൂടി..
പിന്നെ ഈജിപ്തുകാരെപറ്റി മാത്രമല്ല ,നമ്മളടക്കം ഒരോരാജ്യക്കരെ കുറിച്ചും മറ്റുരാജ്യക്കാർക്കൊക്കെ ചില നിഗമനൺഗൾ ഉണ്ട് കേട്ടൊ

sm sadique said...

ഞാൻ എന്റെ രാജ്യത്തിലേക്ക് നോക്കി. ഹോ... തുപ്പാൻ തോന്നുന്നില്ല. ഞാൻ തുപ്പൽ അകത്തെക്ക് വലിച്ച് കളഞ്ഞു. പ്രവാസിയുടെ സങ്കടം ഞാൻ തിരിച്ചറിയുന്നു. ഇവിടെ എവിടെ വേണേലും തുപ്പാം തൂ......

khader patteppadam said...

വേസ്റ്റ്‌ കൊട്ടയുണ്ടെങ്കിലും റോഡ്‌ തന്നെ നമുക്ക്‌ പഥ്യം..

Sureshkumar Punjhayil said...

Kanunna Kazchakal...!!!

Manoharam, Ashamsakal...!!

Akbar said...

>>വേസ്റ്റ്‌ കൊട്ടയുണ്ടെങ്കിലും റോഡ്‌ തന്നെ നമുക്ക്‌ പഥ്യം..<< ഇതേ എനിക്കും പറയാനുള്ളൂ.

വിശാലമായ മരുഭൂമിയില്‍ മൂത്രിച്ചും കാഷ്ട്ടിച്ചും മുന്‍ തലമുറ കഴിഞ്ഞു എന്നത് ഇന്നത്തെ റോഡുകളും പൊതു സ്ഥലങ്ങളും ഔചിത്യമില്ലാതെ വൃത്തികേടാക്കുവാനുള്ള ന്യായമായി കാണാനാവില്ല. എന്നാല്‍ വലിയ ശിക്ഷകള്‍ ഇതിനു നടപ്പാക്കുന്നതും ന്യായമല്ല.

ആചാര്യന്‍ said...

പല്ല് തേക്കാത്ത ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ എന്നെ ഉപദേശിച്ചത് ഞാന്‍ ചെയ്ത “പിഴവിന്റെ” ആരോഗ്യ വശങ്ങളെ കുറിച്ചായിരുന്നു. മൂക്ക് അകത്തി പിടിച്ചാണ് ഞാനാ പ്രഭാഷണം ശ്രവിച്ചത്...ha ha ithaanu rasam....pravaasikalkku ennum praayasangale ulloo..alle

TP Shukoor said...

പത്തു വര്‍ഷമായി ഞാന്‍ കാണുന്ന ജീവിതം തന്നെ. ഏതു സൌഭാഗ്യങ്ങള്‍ക്കും ഒരു മറുവശം കാണുമല്ലോ. ഈ ചളിക്കുണ്ടില്‍ വേരുറപ്പിച്ചാണ് നാട്ടിലെ താമരകള്‍ വിരിയുന്നത് എന്ന് മാത്രം പറയാം.
പോസ്റ്റ്‌ ഹൃദ്യം.

ലീല എം ചന്ദ്രന്‍.. said...

നിയമം അനുസരിച്ചല്ലേ പറ്റൂ

കൂതറHashimܓ said...

അവതരണം കൊള്ളാം. നന്നായി പറഞ്ഞു.
പക്ഷേ പറഞ്ഞവ ഒട്ടും നല്ലതല്ലാ. അതുകൊണ്ട് തന്നെ പോസ്റ്റിനോട് പൂർണ്ണ അർത്ഥത്തിൽ എതിർപ്പ് മാത്രം.

വഴിയിൽ തുപ്പുക, മുള്ളുക, ചവറിടുക എന്നതൊക്കെ ഒരു അവകാശം പോലെ സമർത്ഥിക്കാൻ ശ്രമിച്ചതിനോട് ആദ്യ എതിർപ്പ്.
അപ്പിയിടുന്നതു മുത്തച്ചന്റെ കാലത്തു ഓപ്പണായിരുന്നു. ഇന്നു മാഷിന്റെ വീടു നിക്കുന്നിടം എനിക്കതിനായി അനുവധിക്കാൻ സന്നദ്ധമാവുമോ?
പച്ചപ്പരിഷ്കാരമല്ലാ അതൊന്നും സഹചയങ്ങളിലൂടെ നേടിയെടുക്കുന്ന നന്മകളാണവ. അങ്ങനെ തന്നെ മനസ്സിലാക്കിയാ നന്മകൾ കൂട്ടാം മനസ്സിലും കൂടെ സമൂഹത്തിലും.

Mohamedkutty മുഹമ്മദുകുട്ടി said...

നമ്മുടെ നാടെത്ര സുന്ദരം!, ആര്‍ക്കെവിടെയും തുപ്പാം മൂത്രമൊഴിക്കാം. ഈയിടെ കോഴിക്കോട് ബസ് സ്റ്റാന്റില്‍ മൂത്രമൊഴിക്കരുത് എന്നെഴിതിയ ബോര്‍ഡിന്റെ താഴെ ആളുകള്‍ മൂത്രമൊഴിക്കുന്നത് ടീവിയില്‍ കാണാനിടയായി. പാവം പ്രവാസികള്‍ ,കഷ്ടം തന്നെ നിങ്ങളുടെ കാര്യം!.

Vp Ahmed said...

മുഹമ്മദ്കുട്ടി എഴുതിയല്ലോ........... ഇനി എന്ത് എഴുതാന്‍?

റശീദ് പുന്നശ്ശേരി said...

വായിച്ചവര്‍ക്കും അഭിപ്രായമാരിയിച്ചവര്‍ക്കും നന്ദി.

ഹാഷിം ഭായ്‌ പറഞ്ഞ പോലെ .............

"വഴിയിൽ തുപ്പുക, മുള്ളുക, ചവറിടുക എന്നതൊക്കെ ഒരു അവകാശം പോലെ സമർത്ഥിക്കാൻ ശ്രമിച്ചതിനോട് ആദ്യ എതിർപ്പ്."

അങ്ങനെ ഒരു ശ്രമം നടത്താന്‍ ഞാന്‍ തുനിഞ്ഞിട്ടില്ല. മറിച്ചു

"അവരുടെ വാഹനങ്ങള്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍ ഏറ്റു വാങ്ങി മരിക്കുന്ന ഭൂമിയെയും ജീവജാലങ്ങളേയും ആര് കാണാന്‍.

ചീഞ്ഞു നാറുന്ന തെരുവുകളില്‍ പുഴുക്കളെ പോലെ ജീവിച്ച മനുഷ്യാ, ഇത് നിന്‍റെ മാത്രം ഭൂമിയല്ല. മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് മീതെ നിന്‍റെ മലിനാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതെന്തിനാണ്?""

എന്ന് കൂടി ചേര്‍ത്ത്‌ നിയമവും, നിയമ ലംഘനവും ശിക്ഷയും അതിലെ ചില പൊരുത്തക്കേടുകളും എല്ലാം ചര്‍ച്ച ചെയ്യുക മാത്രമായിരുന്നു ലക്‌ഷ്യം.

തെറ്റിദ്ധാരണകള്‍ക്ക് വഴി വെച്ചെങ്കില്‍ മാന്യ വായനക്കാര്‍ ക്ഷമിക്കണേ ..

മഴയിലൂടെ........, said...

പ്രവാസിയുടെ കഥകള്‍, ജീവിതങ്ങള്‍.....
ആശംസകളോടെ ജോബി......

kochumol(കുങ്കുമം) said...

പ്രവാസികളുടെ എല്ലാം അവസ്ഥ ഇതന്നെ ...നിയമം അതെല്ലാര്‍ക്കും ഒരേ പോലെ ബാധകമാണല്ലോ ...

sidheek Thozhiyoor said...

ഓരോ നാട്ടിലും നിയമങ്ങള്‍ അനുസരിച്ചല്ലേ മതിയാവൂ, പരമാവധി അത് പാലിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം പ്രഹസനങ്ങളില്‍ നിന്നും രക്ഷപ്പെടാം
എന്റെ ഈ ഇരുപതു വര്ഷം നീണ്ട പ്രവാസ ജീവിതത്തിന്നിടയില്‍ ഒരു രൂപ പോലും ഫൈന്‍ അടക്കേണ്ടി വന്നിട്ടില്ല എന്നാണെന്റെ ഓര്‍മ്മ .
എന്തായാലും കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമായി പറഞ്ഞ പോസ്റ്റ് നന്നായി .

Pradeep Kumar said...

പ്രവാസജീവിതം അറിഞ്ഞവര്‍ക്ക് ഈ കഥയെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയുന്നു - എന്നെ സംബന്ധിച്ചിടത്തോളം നല്ല ഒരു കഥ....

രമേശ്‌ അരൂര്‍ said...

വഴിയില്‍ മൂത്രം ഒഴിച്ചാല്‍ ,,തുപ്പിയാല്‍ ,,വിസര്‍ജ്ജ്യങ്ങള്‍ വലിച്ചെറി ഞ്ഞാല്‍ ശിക്ഷവേണം ..താ ആല്‍ ഹീന ഹിന്ദി ..ജീബ്‌ ഫുലൂസ്‌ ...മിയ ദിര്‍ഹം ..ഖരാമ ...:)

cp aboobacker said...

നിയമമല്ല മനുഷ്യനെ നിര്‍മിക്കുന്നത്, മനുഷ്യപ്രകൃതത്തില്‍ നിന്ന് നിയമം ഉണ്ടാവുകയാണ്. കാര്യങ്ങളുടെ പ്രകൃതത്തില്‍നിന്നുരുത്തിരിയുന്ന അവശ്യബന്ധങ്ങളാണ് നിയമങ്ങളെന്ന് മോണ്ടസ്‌ക്യൂ.

ABHI abbaz said...

റഷീദ് ഭായ്..നല്ല രീതിയില്‍ അവതരിപ്പിച്ചു..ഒരുപാട് കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കഥ..ശുചിത്വവും പരിസര മലിനീകരണത്തിന്റെ വിപത്തുകളും അതിന്റെ ആരോഗ്യ പ്രശ്നങ്ങളും ..അങ്ങനെ അങ്ങനെ...തുടര്‍ന്നും എഴുതുക..ആശംസകള്‍ ..

ente lokam said...

എല്ലാം പകല്‍ പോലെ സത്യം...
നന്നായി എഴുതി റഷീദ്...

കൈതപ്പുഴ said...

തുടര്‍ന്നും എഴുതുക..ആശംസകള്‍ ..

Mohammed Shaji said...

പ്രവാസത്തിന്റെ അനുഭവക്കുറിപ്പ്..നന്നായി

വര്‍ഷിണി* വിനോദിനി said...

“വാഹനത്തിന്‍റെ പൊടി പടലങ്ങള്‍ ശ്വസിച്ചപ്പോള്‍ എനിക്ക് വായില്‍ കഫം നിറഞ്ഞു. തുപ്പാതെ പിന്നെ ഞാന്‍ എന്ത് ചെയ്യണമായിരുന്നു സാര്‍?”
സത്യം പറയാലോ...നാട് പോട്ടെ, ഇൻഡ്യാ മഹാ രാജ്യത്ത് റോഡിലൂടെ നടക്കുമ്പോൾ,ഒരു വണ്ടിയുടെ അരികിലൂടെ നടക്കുമ്പോൾ ഒരു ഉൾഭയമാണ്,...ദൈവമേ ആരെങ്കിലും ഇപ്പൊ തുപ്പിയാൽ...തുപ്പുമോ....തുപ്പൽ ഏറ്റോ എന്നിങ്ങനെ...
മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളും അപ്രകാരം തന്നെ..!

നിശാസുരഭി said...

നന്നായിട്ടെഴുതി, രത്നച്ചുരുക്കമായി!
ആശംസകള്‍..

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

nannaittundu

nanmandan said...

നന്നായി എഴുതി..ആശംസകളോടെ .

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പഴയ ഒരു ഈസോപ്പ് കഥ ഓര്‍മ്മ വന്നു ,,ഒന്ന് തുപ്പാന്‍ പോലും സ്വാതന്ത്ര്യമില്ലാതത്തിനെക്കാലും എനിക്കിഷ്ടം എന്തിനും സ്വാതന്ത്ര്യമുള്ള ഈ പട്ടിണിയാണ് ,,ആശംസകള്‍ റഷീദ്‌ ഭായ്''

ബെഞ്ചാലി said...

നന്നായി എഴുതി. അഭിനന്ദനം

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ചില പ്രവാസ കാഴ്ചകള്‍ .. കഥ നന്നായി

ജോസെലെറ്റ്‌ എം ജോസഫ്‌ said...

എഴുത്ത് ഇഷ്ടപ്പെട്ടു. പക്ഷേ.............
ഈ തുപ്പലും ചീറ്റലും തൂറലും എന്തിനു വേസ്റ്റ് പോലും വല്ലവന്റെയും പുരയിടത്തില്‍ അല്ലങ്കില്‍ പൊതു നിരത്തുകളില്‍ തള്ളുന്നതില്‍ തെല്ലും ലജ്ജയും വിവേകവുമില്ലാത്ത ഒരു സമൂഹത്തിന്റെ ഭാഗം എന്നാ നിലയില്‍ വൃത്തി എന്നത് ഒരു വ്യക്തിയിലും അതുവഴി മറ്റുള്ളവരിലും ആത്യന്തികമായി നാടിനും ഗുണമായി പരിണമിക്കാന്‍ ചില ശീലങ്ങള്‍ തിരുത്തിയേ തീരു.

റശീദ് പുന്നശ്ശേരി said...

പ്രിയ വായനക്കാരെ .. വരവിനു നന്ദി അറിയിക്കുന്നു.

ഇത് എഴുതുമ്പോള്‍ വൃത്തിയും വെടിപ്പുമില്ലാത്ത ലോകവും ,,അതിനു ഏറെ പ്രാധാന്യം കൊടുക്കുന്ന മറ്റൊരു ലോകവും നിയമങ്ങളും അവര്‍ കാണാതെ പോകുന്ന പ്രകൃതി ദുരന്തങ്ങളും എല്ലാം കണ്‍ മുമ്പില്‍ തെളിഞ്ഞു നിന്നു. പരമാവധി സമദൂരം നില്‍ക്കുന്നെന്കിലും നിയമത്തെക്കാള്‍ പ്രകൃതി മുന്നേ കയറി നിന്നു കുറിപ്പ് അവസാനിപ്പിച്ചപ്പോള്‍ :)

YUNUS.COOL said...

വഴിയില്‍ തുപ്പരുതെന്നും, റോഡു വക്കില്‍ മൂത്രമോഴിക്കരുതെന്നും, പൊതു സ്ഥലത്ത് പുക വലിക്കരുതെന്നും നിയമം ആകുമ്പോള്‍ ആണ് നമ്മള്‍ ഉപ ഭൂകണ്ടക്കാര്‍ക്ക് നിയമം തെറ്റിക്കാന്‍ തോന്നുന്നത്. മറിച്ചു, സ്കൂള്‍ (നര്സരി) മുതലേ നമ്മുടെ കുട്ടികള്‍ക്ക് വൃത്തിയുള്ള ശീലവും, ദൂഷ്യവും എലാം പറഞ്ഞു പഠിപ്പിച്ചു കൊടുത്ത്, വീട്ടിലുള്ളവര്‍ അത് പാലിക്കുന്നത് അവര്‍ക്ക് കാണിച്ചു കൊടുത്താല്‍ നമ്മുടെ വരും തലമുറയെങ്കിലും നന്നാവും ....
(### ഞാനും , ഇങ്ങളും എല്ലാം പണ്ടേ കേടു വന്നതാണല്ലോ)

Jefu Jailaf said...

നന്നായി എഴുതി..

ശ്രീക്കുട്ടന്‍ said...

ഏതൊരു രാജ്യത്തിനും അവരുടേതായ നിയമങ്ങള്‍ കാനും.അവിടെ താമസിക്കുമ്പോള്‍ ആ നിയമം അനുസരിക്കുവാന്‍ നാം ബാധ്യസ്ഥരാണ്...

(പേര് പിന്നെ പറയാം) said...

pravaasajeevitham=prayaasajeevitham

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next