'ഒരു മാസം കൊണ്ട് നടന്നു തീര്‍ക്കുന്ന ദൂരം നേരെ നടന്നിരുന്നെങ്കില്‍ ഞാനിപ്പോള്‍ നാട്ടിലെത്തിയേനെ'. റാസല്‍ഖൈമയിലെ റസ്റ്റോറന്റിന് മുന്നില്‍ വീണു കിട്ടിയ ഒരിടവേളയില്‍ വിയര്‍പ്പു കണങ്ങള്‍ തുടച്ചു കൊണ്ട് മുഹമ്മദിക്ക പറഞ്ഞു. 20 കൊല്ലം മുമ്പ് ഇവിടെയെത്തുമ്പോള്‍ കിട്ടിയ പണിയാണ് ഡെലിവറി ബോയിയുടേത്. നാട്ടിലെ നാലു മക്കളും അവരുടെ മക്കള്‍ക്കുമെല്ലാം മുഹമ്മദിക്ക ഉപ്പയും വല്യുപ്പയുമൊക്കെയാണെങ്കിലും ഇവിടുത്തെ ജോലിയും രേഖകളും പ്രകാരം ഇദ്ദേഹം ഇപ്പോഴും വെറും 'ബോയ്' ആണ്. ഡെലിവറി ബോയ്. അതിജീവനത്തിനുള്ള നെട്ടോട്ടത്തിനിടയില്‍ ബാല്യ, കൗമാരങ്ങള്‍ മരുഭൂമിയിലെ വെയിലും തണുപ്പുമേറ്റ് മറ്റുള്ളവരുടെ 'സൗകര്യ'ത്തിനായി ഉഴിഞ്ഞു വെച്ചവരുടെ ഒരു പ്രതിരൂപം മാത്രമാണിദ്ദേഹം. കഥകള്‍ പറഞ്ഞു തുടങ്ങും മുമ്പേ വിളി വന്നു. മുഹമ്മദിക്കാ, 302ല്‍ ഒരു ചായ. അദ്ദേഹമപ്പോള്‍ ഒന്നു ചിരിച്ചു. പറയാന്‍ ബാക്കിവെച്ച കഥകളുടെ തിര തല്ലി മറയുന്ന ഓളങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തെ ഭാവത്തില്‍ നിന്ന് അപ്പോള്‍ വായിച്ചെടുക്കമായിരുന്നു.
തപിച്ചു വേവുന്ന ഉച്ച നേരങ്ങളില്‍ എ സിയുടെ തണുപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴായിരിക്കും കുടിക്കാന്‍ വെള്ളമില്ലല്ലോയെന്ന കാര്യമറിയുന്നത്. ഉടനെ ഫോണെടുത്ത് ഒരു വിളിയാണ് ഗ്രോസറിയിലേക്ക്, 'ഒരു ബോട്ടില്‍ വെള്ളം'. പിന്നെ ഡെലിവറി ബോയ് വരുന്നതു വരെ ഒരു തരം ആധിയാണ്. വൈകുന്ന ഓരോ നിമിഷവും മണിക്കൂറുകളുടെ ദൈര്‍ഘ്യമായിരിക്കും. അല്‍പ്പമകലെയുള്ള ഗ്രോസറിയില്‍ നിന്നും ഒരു ബോട്ടില്‍ വെള്ളം ചുമലിലേറ്റി വിയര്‍ത്തു കുളിച്ച് ഗോവണി കയറി വരുന്ന ഡെലിവറി ബോയിക്ക് നേരെ കൊല്ലാനുള്ള ദേഷ്യവുമായാണ് ചെല്ലുക. വൈകിയതിനുള്ള കാരണ വിസ്താരങ്ങള്‍ അവതരിപ്പിക്കുകയാണ് ഏറെ ശ്രമകരം. ഓരോ ഡെലിവറിയും അവസാനിക്കുന്നത് പുതിയൊരു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടായിരിക്കുമെന്നതാണ് ഈ തൊഴിലിന്റെ ഏറ്റവും വലിയ സവിശേഷത.
ഗള്‍ഫുകാരന്റെ നേരമില്ലായ്മയുടെയും മടിയുടെയും സാധ്യതകള്‍
ഏറ്റവും മനോഹരമായി മാര്‍ക്കറ്റു ചെയ്യപ്പെട്ടിടത്തു നിന്നായിരുന്നു 'ഹോം ഡെലിവറി' എന്ന ആശയവും 'ഡെലിവറി ബോയ്' എന്ന തസ്തികയും സൃഷ്ടിക്കപ്പെട്ടത്. നാദാപുരത്തെയും മലപ്പുറത്തെയുമെല്ലാം ഗ്രാമാന്തരങ്ങളില്‍ നിന്ന് വിമാനം കയറിയെത്തിയവര്‍ കാല്‍നടയായും സൈക്കിളിലും അല്‍പം കൂടെ ഉയര്‍ന്നവര്‍ കാറിലും വാനിലുമൊക്കെയായി സാധന സാമഗ്രികള്‍ വീട്ടു പടിക്കല്‍ എത്തിച്ചു കൊടുക്കാന്‍ നിയോഗിക്കപ്പെട്ടു.
മഴയും തണുപ്പും വെയിലും വേനലുമൊന്നും ഈ സേവനത്തിന്റെ നിഘണ്ടുവില്‍ രേഖപ്പെട്ടു കിടക്കാത്തതിനാല്‍ നാട്ടില്‍ നിന്ന് വിമാനം കയറിയതു മുതല്‍ തിരിച്ചിറങ്ങുന്നതുവരെ ഇവരില്‍ പലര്‍ക്കും എല്ലാം മറന്നൊന്നുറങ്ങാന്‍ പോലും നേരം കിട്ടാറില്ല എന്നതാണ് വാസ്തവം. ഗ്രോസറികളിലേയും സൂപ്പര്‍മാര്‍ക്കറ്റുകളിലേയും കച്ചവടത്തിന് പരസ്പരമുള്ള കിടമത്സരത്തിനിടയില്‍പ്പെട്ട് നെട്ടോട്ടമോടേണ്ടി വരുന്നത് ഒരര്‍ഥത്തില്‍ ഹോം ഡെലിവറിയുടെ ചുമതലയുള്ളവരാണ്. ടെലിഫോണില്‍ വിളിച്ചുപറയുന്ന ഉത്പന്നങ്ങള്‍ ഗുണവും തൂക്കവും വിലയും തെറ്റാതെ കണക്കാക്കി ക്യാഷ് കൗണ്ടറിലെ പുസ്തകത്തില്‍ പറ്റു ചേര്‍ത്ത് ഉപഭോക്താവിന്റെ കൈകളിലെത്തിച്ച ശേഷമായിരിക്കും അറിയുന്നത് എന്തെങ്കിലും ഒരു സാധനം കുറവാണെന്ന്. പിന്നെ തിരികെ പോയി അതു കൂടെ കൊണ്ടു കൊടുക്കണം. അപ്പോഴേക്കും ഒന്നിനു പിറകെ മറ്റൊന്നായി പുതിയ ഓര്‍ഡറുകള്‍ വന്നു കിടക്കുന്നുണ്ടാവും. 'കുപ്പിയില്‍ നിന്നു വന്ന ഭൂതങ്ങളാണ്' ഹോം ഡെലിവറി ബോയികളെന്നാണ് സരസനായ ഒരു തൊഴിലാളി പറഞ്ഞത്.
ഒരു പണി കഴിയുമ്പോഴേക്കും അടുത്തത് റെഡിയായിട്ടുണ്ടാവും. ഒരു തൊഴിലെന്ന നിലയില്‍ ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഉപജീവനത്തിന്റെ മാര്‍ഗമാണ് തുറന്നിട്ടത്. ഹോം ഡെലിവറി എന്ന സംവിധാനം കൊണ്ടു മാത്രമാണ് ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇന്ന് ചെറുകിട കച്ചവടക്കാരും ഹോട്ടലുകളും മറ്റും പിടിച്ചു നില്‍ക്കുന്നതു തന്നെ.
അതേസമയം, മറ്റുള്ളവരെ സേവിക്കാനുള്ള മരണപ്പാച്ചിലിനിടയില്‍ അപകടങ്ങല്‍ പതിയിരിക്കുന്ന മുള്‍വഴികളിലൂടെയാണ് ഓരോ ഡെലിവറി ബോയിയും കടന്നുപോകുന്നത്. സൈക്കിളിലും ബൈക്കിലും കാല്‍നടയായും പോകുന്നവരെ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ എത്രയോ തവണ മരണത്തിന്റെ വഴിയിലേക്ക് തള്ളി വിട്ടിട്ടുണ്ട്. അപകടങ്ങളില്‍ ശരീരം തളര്‍ന്ന് സ്വപ്‌നങ്ങളുടെ ചിറകറ്റവരും അനവധിയാണ്. മഹാ നഗരങ്ങളിലെ കഫ്റ്റീരിയകളില്‍ 'ബാഹര്‍വാല'കള്‍ എന്ന ഓമനപ്പേരിലാണ് ഡെലിവറി ബോയികള്‍ അറിയപ്പെടുന്നത്.
ഡെലിവറി ബോയിയില്‍ തുടങ്ങി പടിപടിയായുയര്‍ന്ന് വലിയ വലിയ സ്ഥാപനങ്ങളുടെ ഉടമസ്ഥരായി മാറിയവരുടെ വീരസാഹസിക ജീവിത കഥകള്‍ ഇവരില്‍ ചിലര്‍ക്കെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രേരകചാലകമാണെന്ന കാര്യം വിതര്‍ക്കമാണ്. ഇന്നല്ലെങ്കില്‍ നാളെ ഐശ്വര്യപൂര്‍ണമായൊരു പുലരി പിറക്കുമെന്ന പ്രതീക്ഷയാണ് രാപ്പകല്‍ ഭേദമന്യേ വാതിലുകളില്‍ നിന്ന് വാതിലുകളിലേക്ക് യാത്ര ചെയ്യുന്നവരുടെ ഊര്‍ജവും ഇന്ധനവും.
ചില വാതിലുകളെങ്കിലും ഡെലിവറി ബോയിക്കു നേരെ സൗമ്യമായ പുഞ്ചിരിയും സൗഹൃദവും കൊണ്ട് എതിരേല്‍ക്കാറുണ്ട്, ബാക്കി വരുന്ന നാണയത്തുട്ടുകള്‍ 'താങ്കള്‍ തന്നെ വെച്ചോളൂ' എന്നു പറയാറുണ്ട്. ആശയറ്റവന്റെ മരുഭൂമിയില്‍
വെറുതെ പൊഴിക്കുന്ന ഒരു പുഞ്ചിരിപോലും മനസ്സില്‍ കുളിര്‍മഴ പെയ്യിക്കാന്‍ പോന്നതാണെന്ന സത്യം പലപ്പോഴും മറന്നുപോകാറുണ്ട് പലരും. ഒരു തൊഴിലെന്നതിലപ്പുറം വേതനം പറ്റുന്ന ഒരു സാമൂഹ്യസേവനമെന്ന ഒന്നുണ്ടെങ്കില്‍ അതില്‍പ്പെടുത്താം ഹോം ഡെലിവറിയെന്ന വിഭാഗത്തെ.
ഒരു വിളിക്കപ്പുറം ആവശ്യക്കാരന്റെ അഭിരുചികളറിഞ്ഞ് അവര്‍ക്കു വേണ്ടി നേരവും കാലവും നോക്കാതെ ഭാരം ചുമക്കുന്നവരുടെ തോളില്‍ ജന്മനാട്ടിലെ എടുത്താല്‍ പൊങ്ങാത്തത്ര അദൃശ്യ ഭാരം കൂടെയുണ്ടെന്നതാണ് സത്യം.
സൈക്കിള്‍ സവാരിയെന്ന മിനിമം യോഗ്യതയുമായി കടല്‍കടക്കുന്നവര്‍ക്കു മുന്നില്‍ ഹോം ഡെലിവറിയുടെ വാതായനങ്ങള്‍ എന്നും തുറന്നു തന്നെ കിടപ്പുണ്ടാകുമെന്ന് പ്രത്യാശിക്കാം. ഒരുപാട് കവാടങ്ങളിലേക്കു തുറക്കുന്ന പ്രധാന കവാടം മാത്രമാണീ തൊഴിലും വിശ്രമമില്ലാത്ത ജീവിതവുമെന്ന് സമാശ്വസിക്കാം...
27 comments:
അങ്ങിനെ എത്രയെത്ര അവസ്ഥകള്‍.
അധികമാരും കാണാതെ പോകുന്ന മനുഷ്യജന്മങ്ങളുടെ ഹൃദയത്തിലേക്കൊരു എത്തിനോട്ടമായീ ഈ ലേഖനം.... ഡെലിവറി എത്താന്‍ വൈകുമ്പോള്‍ , ദേഷ്യപ്പെടുന്നതിനു മുന്‍പ് ഒരു നിമിഷം ചിന്തിക്കാന്‍ , അവരെയും മനുഷ്യരായി കാണാന്‍ , അവരിലെ മനുഷ്യരെ കാണാന്‍ സഹായിക്കുന്നു റഷീദിന്റെ ഈ രചന.
ഉം... എത്രയെത്ര ജീവിതങ്ങള്‍...
മനുഷ്യര്‍ ആടിക്കൊണ്ടിരിക്കുന്ന ജീവിത വേഷങ്ങളില്‍ ഒന്ന്..
പാവങ്ങൾ..:(
ഈ പാടൊക്കെ കഴിച്ച് സാധനവുമായി അവർ വന്ന് നിന്നാൽ പണമന്വേഷിച്ച് മലയാളിയുടെ ഒരു തിരിഞ്ഞുകളിയുണ്ട്. നീ കൊട്... എനിക്ക് തരാനില്ലേ അതീന്ന് കൊട്.... എന്നൊക്കെ പറഞ്ഞ് ബാച്ചികളുടെ ഇടേന്ന് ഒരു വട്ടംകറക്കലുണ്ട്. കാണുമ്പോൾ വല്യ വിഷമം തോന്നും. :( അങ്ങനേയും കുറേ ജീവിതങ്ങൾ. അവർക്ക് വേണ്ടിയും എഴുതാൻ തോന്നിയതിന് അഭിനന്ദനങ്ങൾ.
മുഹമ്മദ്ക്കയെപ്പോലുള്ള 'ബോയ്'കളും പ്രാമാണികരായ 'ഗള്‍ഫു'കാരാണു, ഞങ്ങള്‍, നാട്ടിലുള്ളവര്‍ക്ക്!
അവരുടേതും കൂടിയാണ് ഈ ലോകം.
പോസ്റ്റ് നന്നായി.
പ്രവാസികളായ നാമെന്നുമെന്നോണം കാണുന്ന ജീവിതങ്ങളിലൊന്ന്. എന്നാല്‍, അവരെയധികമാരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
പരിചിതാരോടൊന്ന് കുശലം പറയാന്‍ പോലും സമയം അനുവദിക്കാത്ത തിരക്കിലേക്ക് ക്ഷണിക്കുന്ന ജോലിഭാരം..!!
നിരക്ഷരന്‍റെ അഭിപ്രായം കൂടെ ലേഖനത്തോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഈ ജീവിതങ്ങളുടെ ദൈന്യത പെരുക്കുന്നു.
ലേഖനം, മനുഷ്യന്‍റെ നിസ്സഹായതയെ ഒരിക്കല്‍കൂടെ ഓര്‍മ്മിപ്പിക്കുന്നു.
ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി.
{കര്‍ണ്ണാടകയില്‍ 'തുംകൂര്‍' എന്ന സ്ഥലത്ത് എന്‍റെ പതിനാലിലും പതിനാറിനുമിടക്കുള്ള പ്രായത്തില്‍ ഞാനുമൊരു 'ബാഹര്‍വാല' ആയിരുന്നു.}
@MOTTA MANOJ :നന്ദി സുഹ്രത്തേ
@KUNJOOS: നേരില്‍ കാണുന്ന ജീവിതങ്ങളെ ഒന്ന് പകര്‍ത്തിയതാ . സന്തോഷം
@SONY :നന്ദി സുഹ്രത്തേ
@SIDHEEK: വേഷങ്ങള്‍ ജന്മങ്ങള്‍
@ KUMARAN :അതെ പാവങ്ങള്‍ . വരവിനു നന്ദി
@NIRAKSHARAN :മലയാളികളുടെ രണ്ടു മുഖങ്ങള്‍ . സന്തോഷം
@PATTEPPADAM :ഗള്‍ഫുകാരന്‍ ഇങ്ങനെയൊക്കെയാണ് ഇക്ക
@ECHMUKUTTY: ലോകം എത്ര ചെറുതാകുന്നു അല്ലെ
@NAMOOS :നാമൂസ് , അനുഭവിച്ച ജീവിതം എന്നെക്കാള്‍ ഭംഗിയായി താങ്കള്‍ക്കു പറയാനാകും അല്ലെ.നന്ദി
ജീവിതത്തിന്‍റെ മറ്റൊരു വശം .
നല്ലൊരു കുറിപ്പ്.
ആശംസകള്‍
gulf kazhchakal nannaai avatharippicchu.....nallezhutthukal...
മലയാളികള്‍ പൊതുവേ ഡെലിവറിബോയ്സിനെ ബുദ്ധിമുട്ടിക്കാറില്ല എന്നാണറിവ്. ഇതര അറബ് വംശജര്‍ ബോയ്സിനെ വട്ടംചുറ്റിക്കുന്നതില്‍ ഉന്മാദം അനുഭവിക്കാറുരുണ്ട് എന്ന് തോന്നിയിട്ടുണ്ട്. തണുപ്പും വെയിലും വല്ലപ്പോഴും മഴയും പിന്നെ പൊടിക്കാറ്റും പരന്നുകിടപ്പുണ്ട് ഈ പോസ്റ്റില്‍
ഗ്രോസരിയിലെ home delivery ചെയ്യുന്നവരെ കാണുമ്പോള്‍ വല്ലാത്ത sadness ഫീല്‍ ചെയ്യാറുണ്ട്. ഇത് വായിച്ചപ്പോ അത് കൂടുകേം ചെയ്തു.
ഗള്‍ഫുകാരന്റെ ഉള്ളു കള്ളികളെല്ലാം ഇങ്ങനെ ഓരോരുത്തര്‍ എഴുതുമ്പോഴാണറിയുന്നത്.ഖാദര്‍ പറഞ്ഞ പോലെ പത്രാസു കളിക്കുന്ന ഗള്‍ഫുകാരില്‍ ഇത്തരക്കാരും പെടും. അങ്ങിനെ ഓരോ ജീവിതങ്ങള്‍.
ഇങ്ങിനെ എന്തെല്ലാം തൊഴിലുകള്‍. ഹോം ഡെലിവറിക്കാരെ ഇവിടെ (സൌദിയില്‍) കണ്ടിട്ടില്ല. ഈ പോസ്റ്റ് പുതിയ ഒരു ഗള്‍ഫ് തൊഴില്‍ മേഘല കൂടി പരിചാപ്പെടുത്തി. ലേഖനം നന്നായി.
@CHERUVAADI
@NASEER PAANGODU
@OMR
@KOLUSSSU
@MOHD KUTTY
@AKBAR
വായനക്കും വിശകലനത്തിനും പ്രോത്സാഹനത്തിനും ഹ്രദയം നിറഞ്ഞ നന്ദി
ഡെലിവറി ബോയിയെ പരിചയപ്പെടുത്തിയതില്‍ നന്ദി...ടിപ്പു ലഭിക്കുന്നതിന്റെ സുഖം അനുഭവിച്ചു തന്നെ അറിയണം....
ഇനിയൊരിക്കല്‍ ഡെലിവറി ബോയ് നമ്മുടെ വാതില്‍ പടിക്കല്‍ വരുമ്പോള്‍ അവരോടു നല്ല രീതിയില്‍ പെരുമാറാന്‍ ഈ പോസ്റ്റ് എല്ലാവരെയും സഹായിക്കട്ടെ.
എനിക്കുമുണ്ട് ടെലിവേരി ബോയ് ആയ കൂട്ടുകാര്‍ സൈക്കിളിന്‍ കാര്യറിന്‍ ഒരി പ്ലാസ്റ്റിക് കൊട്ടയും കെട്ടി വിതരണം ചെയ്യുന്നവര്‍ പോരിവെയിലിലും സുഗിക്കുന്നവനെ സുഗിപ്പിക്കാന്‍ വിധിക്കപെട്ട പാവങ്ങള്‍
ആശയറ്റവന്റെ മരുഭൂമിയില്‍
വെറുതെ പൊഴിക്കുന്ന ഒരു പുഞ്ചിരിപോലും മനസ്സില്‍ കുളിര്‍മഴ പെയ്യിക്കാന്‍ പോന്നതാണെന്ന സത്യം പലപ്പോഴും മറന്നുപോകാറുണ്ട് പലരും.
നന്നായി എഴുതി, ആശംസകള്‍..
ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ
--------------------------
ഇല്ല റഷീദ് ഭായ് ,താങ്കളുടെ പോസ്റ്റുകള്‍ ഒരിക്കലും ചൊറിച്ചിലല്ല ,ഡെലിവറി ബോയ് കളെ കുറുച്ചുള്ള ഈ പോസ്റ്റ് ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു അല്‍പ്പം പോലും വിരസതയില്ലാതെ ..ഇതു പോലെ ഒരു പാട് പേര്‍ .ഇതിലും കഠിനമായ ജോലി ചെയ്യുന്നവര്‍ ,,നന്നായി ഇഷ്ടമായി ഈ കുറിപ്പ് !!
ഇത് പോലെ എത്രയെത്ര ജന്മങ്ങള്‍ ഖാദര്‍ പട്ടെപാടം പറഞ്ഞത് പോലെ ഇവരും ഗള്‍ഫുകാര്‍...... കച്ചറ പെട്ടിയില്‍ കയ്യിട്ടു പെപ്സി കുപ്പി തിരഞ്ഞു പിടിച്ചു അത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് നാട്ടില്‍ കുടുംബം പോറ്റുന്നവരും ഗള്‍ഫുകാര്‍ .. ജീവിതത്തിലെ ഓരോ വേഷ പകര്ച്ചകള്‍... ചിന്തിക്കാനുള്ള ഒരു നല്ല പോസ്റ്റ്...
ഗള്‍ഫില്‍ ഇങ്ങനെയും കുറെ ജീവിതങ്ങള്‍....എന്റെ വാപ്പയും അബുദാബിയിലെ ഒരു കഫ്ടീരിയയില്‍ ഡെലിവറി ബോയ് ആയിരുന്നു..ഇവിടെ വരും വരെ ആ ജോലിയുടെ കഷ്ടപ്പാട് എനിക്കും അറിയില്ലായിരുന്നു..നാട്ടില്‍ അടിച്ചുപൊളിച്ചു നടക്കുന്ന ഗള്‍ഫ്കാരുടെ മക്കള്‍ക്കൊന്നും ബപ്പമാരുടെ കഷ്ടപാടുകള്‍ ഒന്നും അറിയുന്നില്ല..നല്ല ഒരു പോസ്റ്റ്.
ഒരു വിളിക്കപ്പുറം ആവശ്യക്കാരന്റെ അഭിരുചികളറിഞ്ഞ് അവര്‍ക്കു വേണ്ടി നേരവും കാലവും നോക്കാതെ ഭാരം ചുമക്കുന്നവരുടെ തോളില്‍ ...
ജന്മനാട്ടിലെ എടുത്താല്‍ പൊങ്ങാത്തത്ര ‘അദൃശ്യ ഭാരം ‘ കൂടെയുണ്ടെന്നതാണ് സത്യം....!
ഒട്ടുമിക്ക ദിവസങ്ങളിലും ഇത്തരത്തിലുള്ള ഒത്തിരി പേരേ കാണാറുണ്ടെങ്കിലും അവരുടെ അവസ്ഥകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.. നല്ല നിരീക്ഷണം ആശംസകള്‍!
ജീവിക്കാന്‍ വേണ്ടി കഷ്ടപെടുന്നവര്‍
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ