Monday, June 4, 2012

നക്ഷത്ര മുത്തുകള്‍ക്കു പ്രണാമം



 ഒരു ഉച്ച മയക്കത്തിന്‍റെ  ആലസ്യതയില്‍ കിട്ടിയ സന്ദേശത്തിന് പിന്നാലെ ഷാര്‍ജ ലേബര്‍ ഓഫീസിനടുത്തുള്ള ഒരു കഫറ്റെരിയ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോള്‍  എഴുതാന്‍ പോകുന്ന വാര്‍ത്തയുടെ ഇന്ട്രോയും തലക്കെട്ടും ചികയുകയായിരുന്നു ഞാന്‍ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മംഗലാപുരം വിമാന ദുരന്തത്തില്‍ ഭാര്യയും മൂന്നു കുട്ടികളും നഷ്ടമായ മംഗലാപുരം ബല്തങ്ങാടി സ്വദേശി ഹസ്സന്‍ എന്നചെറുപ്പക്കാരന്‍ വിസ പുതുക്കെണ്ടതുള്ളതിനാല്‍ തിരികെ വന്നിരിക്കുന്നുവിവരം മറ്റു മാധ്യമ പ്രവര്‍ത്തകരാരും അറിഞ്ഞിട്ടില്ല.    എഡിറ്റോറിയലില്‍വിളിച്ചു  വിവരം കൈമാറി. മറ്റാരെങ്കിലും എത്തും മുമ്പേ വാര്‍ത്തയും പടവും സംഘടിപ്പിക്കണമെന്ന് മാത്രമായിരുന്നു അപ്പോഴത്തെ  ചിന്ത.


എഴുതി മടുത്ത  വാര്‍ത്തകള്‍ തന്നെ ആവര്‍ത്തിച്ച് എഴുതേണ്ടി വരുന്ന ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത കൈകാര്യം ചെയ്യാന്‍ പറ്റുകയെന്നത് അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള കാര്യമാണ്ഷാര്‍ജയിലെ തീപിടിത്തവും, അപകടത്തില്‍ മലയാളി മരിച്ചതും,തൊഴില്‍തട്ടിപ്പിനിരയായ  മലയാളി സഹായം തേടുന്നതുമെല്ലാം വാര്‍ത്തയല്ലാതായ ലോകത്ത്  വായനക്കാരനെ പിടിച്ചു നിര്‍ത്താന്‍ ഏത് പത്രവും പുതുമയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാന്‍ നിര്‍ബന്ധിതരാകുന്നത് അങ്ങനെയാണ്.

 ദുരന്തം നടന്ന ദിവസം റോളയിലെ ഒരു കഫറ്റെരിയയില്‍ "ബാഹര്‍വാല" (പുറത്ത് ഭക്ഷമെത്തിക്കുന്ന ആള്‍)  യായി വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന കാസര്‍ഗോഡ്‌ സ്വദേശി അബ്ദുള്ള ഇച്ച ദുരന്തത്തില്‍ പെട്ട വിവരം അറിഞ്ഞു അന്വേഷിച്ചു ചെന്നപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഏറെ വേദനപ്പെടുത്തുന്നതായിരുന്നു.   പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെ രാപ്പകല്‍ അദ്ദ്വാനിച്ചിരുന്ന  അദ്ദേഹം ചികിത്സക്കും വിശ്രമത്തിനുമായി പുറപ്പെട്ട യാത്ര നിത്യ ശാന്തതയിലേക്കായിരുന്നു. നാല് പെണ്‍ കുട്ടികളുള്ള കുടുംബത്തിനു നഷ്ടപ്പെടുത്തിയത്  പ്രതീക്ഷയുടെ അവസാന കിരണം തന്നെയാണെന്ന സത്യംഅറിഞ്ഞപ്പോഴുണ്ടായ വേദന ഇനിയും മറക്കാറായിട്ടില്ല. ദുരന്തത്തിന്റെ വര്‍ത്തമാനങ്ങള്‍ പത്ര കോളങ്ങളില്‍ അപ്പോഴും വന്നു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു.

  കട കണ്ടു പിടിച്ച് കയറി ചെല്ലുമ്പോള്‍ സാമാന്യം തിരക്കുണ്ടായിരുന്നു. ഹസ്സന്‍റെ  പാര്‍ട്ണര്‍ കണ്ണൂര്സ്വദേശി സഹീറിനോട്   കാര്യം പറഞ്ഞു . ദുരന്തം നടന്ന ദിവസം മുതല്‍ അടച്ചിട്ട കട അന്നാത്രേ വീണ്ടും തുറന്നത്. ആത്മ മിത്രമായ  ഹസ്സന്‍റെ  ദുഖത്തില്‍ പങ്കു ചേരാന്‍ നാട്ടില്‍ പോയ സഹീറും  അന്നാണ് തിരികെയെത്തിയത്. വര്‍ഷങ്ങളായി ഒന്നിച്ചു കട നടത്തുന്ന ഇരുവരും വേനലവധിക്കാലത്താണ് കുടുംബങ്ങളെ നാട്ടില്‍ നിന്ന് കൊണ്ട് വന്നത്.. ഹസ്സന്‍റെ ഭാര്യ മുംതാസ് , കുട്ടികളായ മുഹ്സിന (6) ഹിബ(4) ഹൈഫ (2)എന്നിവര്‍ മംഗലാപുരം വഴിയും സഹീറിന്റെ ഭാര്യ ശംനയും കുട്ടിയും കോഴിക്കോട് വഴിയുമാണ്‌ ഒരേ ദിവസം ദുബായിലെത്തിയിരുന്നത്.ഒരേ ഫ്ലാറ്റില്‍ ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന ഇവര്‍ അപൂര്‍വമായി കിട്ടുന്ന ഒഴിവു സമയങ്ങളില്‍ കുടുംബത്തെ യു ഏ ഇ മുഴുവന്‍ കറങ്ങി പ്രധാന സ്ഥലങ്ങളെല്ലാം കാണിച്ചു കൊടുത്തിരുന്നു. കുട്ടികള്‍ക്കെല്ലാം സ്വര്‍ണ്ണവും, സ്കൂള്‍ ബാഗുകളും ഉടുപ്പുകളും കളിക്കോപ്പുകളും മറ്റും വാങ്ങിക്കൊടുക്കുകയും ചെയ്തു. വളരെ സന്തോഷതോടെയായിരുന്നു ഇവര്‍ രണ്ടു മാസം ഷാര്‍ജയില്‍ ചിലവഴിച്ചത്.

 മേയ് ഇരുപത്തി ഒന്നിന് രാത്രി  ഹസനും സഹീറും കുടുംബാംഗങ്ങളെ സസന്തോഷം നാട്ടിലേക്ക് വിമാനം കയറ്റിയ ശേഷം ഏറെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. അശുഭ സ്വപ്‌നങ്ങള്‍ കണ്ട് ആ രാത്രി പലതവണ ഞെട്ടി ഉണര്‍ന്ന സഹീര്‍ ഹസനെ വിളിച്ചുണര്‍ത്തുകയും ചെയ്തിരുന്നുവത്രേ. പിറ്റേന്ന് നേരം പുലര്‍ന്നത് ചാനലുകളില്‍ അഗ്നിയെരിയുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങളും കണ്ട് കൊണ്ടായിരുന്നു. ഫ്ലാഷ് ന്യൂസുകളില്‍ ഒഴുകി വന്ന വാര്‍ത്തകള്‍ക്കൊപ്പം ചേതനയറ്റ ഒരു കുഞ്ഞിനെയുമെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ഓടുന്ന രംഗം കണ്ണീരോടെ കണ്ട് നിന്ന ലക്ഷങ്ങളില്‍  ഒരാള്‍ നിസ്സഹായനായ പിതാവ് ഹസ്സനായിരുന്നു. കഥ പറഞ്ഞും കൊഞ്ചിക്കുഴഞ്ഞും സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞും മണിക്കൂറുകള്‍ക്ക് മുമ്പ്‌ യാത്ര പറഞ്ഞകന്ന നക്ഷത്രക്കുരുന്നുകള്‍ കൂട്ടിനില്ലാത്ത ഭൂമുഖത്തെ ആ പ്രഭാതം മറക്കുന്നതെങ്ങിനെ.


 ഓര്‍മകളില്‍ ഒരു വിങ്ങലായി ഇപ്പോഴും ആ രംഗം മുന്നില്‍ തെളിയാറുണ്ട്. അപ്പോഴൊക്കെ അറിയാതെ തന്നെ മനസ്സ് വിളിച്ചു പോകും ദൈവത്തെ. ഭൂമിയില്‍ ഒരു പിതാവിനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന് പറഞ്ഞു പോകും ഏതു അവിശ്വാസിയും. നിസ്സഹായനായ ആ മനുഷ്യനിതാ എനിക്ക് മുന്നില്‍ നില്‍ക്കുന്നു. നെയ്തു കൂട്ടുന്ന സ്വപ്‌നങ്ങള്‍ നിറമുള്ളത് മാത്രമാകാന്‍ വെമ്പുന്നവരുടെ ലോകത്ത്‌ കണ്ണീരു വറ്റിയ നിഷ്കളങ്കതയില്‍ സ്വപ്‌നങ്ങള്‍ ഒളിപ്പിച്ചു വച്ച ഒരാള്‍. ഇടയ്ക്കിടെ സലാം പറഞ്ഞു കൊണ്ട് കയറി വരുന്ന അറബികളും പാകിസ്ഥാനികളും മറ്റും ആശ്വാസ വാക്കുകള്‍ ചൊരിയുന്നു,പ്രാര്‍ഥിക്കുന്നു. പറക്കുമുറ്റാത്ത മൂന്നു മാലാഖ കുഞ്ഞുങ്ങളെയും പ്രിയ തമയെയും ദുരന്ത മുഖത്തെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത  കഥകള്‍ പറയുമ്പോള്‍ ശൂന്യതയില്‍ ലയിച്ച  അദ്ദേഹത്തിന്‍റെ കണ്ണുകളിലെ നിര്‍വികാരത, എന്‍റെ   ചങ്കിടിപ്പിന്റെ താളം, വാക്കുകള്‍ ഉറവിടത്തില്‍ ഉടക്കിയ ചോദ്യങ്ങള്‍ .
  
ഗദ്ഗദം ഒതുക്കാന്‍ പണിപ്പെട്ടു ഞാന്‍ ചോദിച്ചു പോയി എങ്ങനെ സഹിക്കുന്നു സഹോദരാ ഇതെല്ലാം. മുകളിലേക്ക് കണ്ണുകള്‍ പായിച്ച് അദ്ദേഹം നിശ്ശബ്ദനായി നിന്നു. കാരുണ്യ മൂര്‍ത്തിയായ ദൈവമെന്ന അഭയാക്ഷരത്തില്‍, ഭൂമിയിലെയും ആകാശത്തിലെയും കോടാനുകോടി ജീവജാലങ്ങള്‍ക്കും ജന്മം നല്‍കിയവന് മുന്നില്‍, നമ്മള്‍ ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍ മാത്രം. 
  കണ്ണീരിന്‍റെ കഥകള്‍ കൊണ്ട് വായനക്കാരനെ വിരുന്നൂട്ടാന്‍ ഇറങ്ങിത്തിരിച്ചവന്‍റെ    സ്വാര്‍ത്ഥയെ അന്നാദ്യമായി ഞാന്‍ വെറുത്തു. ചോദ്യങ്ങള്‍ അവസാനിച്ചിടത്തെ നീര്‍ മുത്തുകള്‍  മറ്റാരെങ്കിലും കാണാതിരിക്കാന്‍ പണിപ്പെട്ട്  ക്യാമറയും തൂക്കി ഞാന്‍ തിരിഞ്ഞു നടന്നു. അകലെ പാര്‍ക്ക്‌ ചെയ്ത കാറിനകത്ത് കടന്നിരുന്നതും എന്‍റെ നിയന്ത്രണത്തിന്‍റെ കെട്ടഴിഞ്ഞു. ആരും കാണാതെ ഏറെ നേരം പൊട്ടിക്കരഞ്ഞു.

  
  തിരികെ എത്തി വാര്‍ത്ത എഴുതാനിരുന്നെങ്കിലും വാക്കുകള്‍ക്ക് ക്ഷാമം. ഒഴുക്ക് കിട്ടാത്ത പോലെ. ഓഫീസില്‍ നിന്ന് പലതവണ വിളിച്ചപ്പോഴും ഇപ്പൊ അയച്ചു തരാം എന്ന് പറഞ്ഞെങ്കിലും ഒന്നും നടക്കുന്നില്ല. അവസാന നിമിഷമെപ്പോഴോ ആണ്  ഒട്ടും ആകര്‍ഷകമല്ലാത്തവാക്കുകളിലെഴുതിയ വാര്‍ത്ത പൂര്‍ത്തിയാക്കാനായത്. ദുരന്തം സംഭവിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറവിയെന്ന അനുഗ്രഹത്തിന്‍റെ സ്പര്‍ശം എത്ര വലുതാണെന്ന് നമ്മള്‍ തിരിച്ചറിയുന്നുവെങ്കിലും അഹങ്കാരത്തിന്‍റെ കൂമ്പ് നുള്ളിയ ഓര്‍മ്മകള്‍ നീറും നോവുമായ്‌ ഉള്ളിലുണ്ട്, ഉള്ളില്‍ കനലായെരിഞ്ഞ നക്ഷത്ര മുത്തുകള്‍ക്കു പ്രണാമം. 

22 comments:

khaadu.. said...

പ്രണാമം....

നാഥന്‍ കാക്കട്ടെ..
ഇനിയൊരു ദുരന്തം ഒരാള്‍ക്കും കൊടുക്കാതിരിക്കാനായി പ്രാര്‍ത്ഥിക്കാം..
അതല്ലേ നമുക്ക് പറ്റുകയുള്ളൂ.

പട്ടേപ്പാടം റാംജി said...

നേരിടാന്‍ കഴിയാത്ത ചില സന്ദര്‍ഭങ്ങള്‍.....
നീളുന്ന കാലത്തിന്റെ പാച്ചിലില്‍ മറവിയെ ആശ്വാസമായി പുണരാന്‍ ശ്രമിക്കാം...
നമുക്കാഗ്രഹിക്കാം ദുരന്തങ്ങള്‍ ഉണ്ടാകരുതേ എന്ന്.

ഒരു കുഞ്ഞുമയിൽപീലി said...

ചില യാഥാര്‍ത്യങ്ങള്‍ ഹൃദയത്തിന്റെ വിങ്ങല്‍ ആണ് , വരികളും ചിത്രങ്ങളും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി .ദൂരേക്ക് പറന്നു പോയ ആ മാലാഖ കുഞ്ഞുങ്ങള്‍ മനസ്സില്‍ തെളിയുന്നു ഒരു നൊമ്പരമായി .പ്രാര്‍ത്ഥിക്കാം ഇനി ഒന്ന് ഉണ്ടാകാതിരിക്കാന്‍ നമുക്ക് അതിനല്ലേ കഴിയൂ ..നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി

Unknown said...

പ്രാര്‍ഥനകള്‍ . . .

Joselet Joseph said...

ദൈവം തുണയായിരിക്കട്ടെ ആ പാവം പിതാവിന്‌. വേദനമാത്രം ബാക്കിയാക്കികൊണ്ട് പറന്നുപോയ ആ നഷ്ടജീവനുകള്‍ക്ക് മുന്‍പില്‍ എന്‍റെ കണ്ണീരും പ്രാര്‍ഥനയും അര്‍പ്പിക്കുന്നു.

ഷാജു അത്താണിക്കല്‍ said...

ആ ഒരു സമ്പവം ഓർക്കാൻ ഇപ്പോഴും പേടിയ
ദൈവം രക്ഷിക്കട്ടെ

Pradeep Kumar said...

പ്രാര്‍ത്ഥനകളോടെ......

Absar Mohamed said...

സര്‍വ്വശക്തനോട് പ്രാര്‍ഥിക്കുന്നു............

Jefu Jailaf said...

ഈ ദുരന്തത്തില്‍ മരണം തട്ടിയെടുത്തവരുടെ ബന്ധുക്കളെ ഞാനൊരിക്കല്‍ കണ്ടിരുന്നു. ഒന്നും മിണ്ടിയില്ല. സംസാരിച്ചത് അവരുടെ കണ്ണുകള്‍ ആയിരുന്നു.

പുന്നശ്ശേരി .. ഹൃദയത്തില്‍ തൊട്ടു എഴുതി...

ajith said...

നക്ഷത്രക്കുരുന്നുകള്‍ക്ക് പ്രണാമം. നമ്മളെല്ലാം കാഴ്ച്ചക്കാര്‍. കുറെ നാള്‍ മാത്രം ഓര്‍മ്മിക്കും, ദുഃഖിക്കും പിന്നെ മറക്കും. എന്നാല്‍ ഉറ്റവരെയും ഉടയവരെയും നഷ്ടമായവരോ? നേരാംവണ്ണം ഒരു കോമ്പന്‍സേഷന്‍ വാങ്ങിക്കൊടുക്കാന്‍ പോലും ആരുമില്ല. എയര്‍ ഇന്‍ഡ്യയാണെങ്കില്‍.............അത് പറയാതിരിക്കുകയാണ് ഭേദം

keraladasanunni said...

ഹൃദയത്തില്‍ തട്ടുന്ന എഴുത്ത്. ഉറ്റവര്‍ നഷ്ടപ്പെട്ട ആ മനുഷ്യന് ദൈവം എല്ലാം നേരിടാനുള്ള കരുത്ത് നല്‍കട്ടെ.

Akbar said...

നക്ഷത്രക്കുരുന്നുകള്‍ക്ക് പ്രണാമം.

TPShukooR said...

സ്കൂപ്പുകള്‍ക്ക് പിന്നാലെ ഓടേണ്ടി വരുന്ന നിസ്സഹായതയുണ്ടോ ലോകം അറിയുന്നു.
വളരെ നന്നായി എഴുതി

ജന്മസുകൃതം said...

പ്രണാമം.
നന്നായി എഴുതി

Unknown said...

വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു..

രമേശ്‌ അരൂര്‍ said...

ചില വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുമ്പോള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം പറഞ്ഞറിയിക്കാന്‍ ആവാത്തതാണ് ..ദുരന്തങ്ങള്‍ വിവരിക്കുക വളരെ പ്രയാസമുള്ള കാര്യം തന്നെ ..

ente lokam said...

ഞാന്‍ നേരത്തെ വായിച്ചു..കമന്റ്‌ ഇടാന്‍ തോന്നിയില്ല..
അതിലെ ഓരോരുത്തരുടെയും കഥകള്‍ കണ്ണ് നനയിക്കുന്നവ ആണ്..


നഷ്ട പരിഹാരം നല്‍കാതിരിക്കാന്‍ അധികാരികള് കിണഞ്ഞു
പരിശ്രമിക്കുന്നു..ഓരോ കുടുംബത്തിന്റെയും നഷ്ടതിന്റെ
കണക്ക് അളക്കാന്‍ ആര്‍ക്കാണ് ആവുക?‍

Sidheek Thozhiyoor said...

മനുഷ്യന്‍ നിസ്സാരനും നിസ്സഹായനുമായിപ്പോവുന്ന അവസ്ഥ ..പ്രതികരിക്കാനാവാതെ മനസ്സ് നിര്‍ജീവമായിപ്പോവുന്ന ചില നിയോഗങ്ങള്‍ ..പ്രാര്‍ത്ഥിക്കാം നല്ലതിനുവേണ്ടി ..

Unknown said...

വായിച്ച് തുടങ്ങിയപ്പോള്‍ ദേഷ്യം വന്നു മറ്റുളളവരുടെ സങ്കടം ഇവര്‍ക്ക് വലിയ ന്യൂസ് ആണല്ലോയെന്ന്.. പിന്നെ ആ ദേഷ്യം കുറഞ്ഞു വന്നൂട്ടോ....

(കൊലുസ്) said...

ഓ ഗോഡ്‌.
വല്ലാത്ത നൊമ്പരം തന്നെ.

ജയരാജ്‌മുരുക്കുംപുഴ said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനിതിൽ പ്രണാമമർപ്പിക്കുവാൻ ഇന്നാണിവിടെ എത്തിയത്...

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next