Monday, July 18, 2011

മലയാളത്തിന്റെ മഴ

തപിച്ചു വെന്ത മരുഭൂമിക്കു മീതെ മലയാള സാഹിത്യത്തിന്റെ കുളിര്‍ മഴ പെയ്ത ഒരു ദിവസം. ഈ മാസം 15 വെള്ളിയാഴ്ച, 45 ഡിഗ്രി ചൂടില്‍ വേനല്‍ കത്തിയെരിയുമ്പോള്‍, കവിതയും സാഹിത്യവും ഭാഷയും ചൂടുള്ള ചര്‍ച്ചകള്‍ക്കും കാമ്പുള്ള സംവാദങ്ങള്‍ക്കും സാക്ഷിയായ സാഹിതീ മലയാളം. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ വാക്കുകള്‍ കടമെടുത്താല്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച 'സമ്പൂര്‍ണ പാരിസ്ഥിതിക കവി'യായിരുന്ന മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണത്തിന്റെ ഭാഗമായി കേരളത്തിലെ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പ്രവാസ ലോകത്തെ സാഹിത്യ തല്‍പ്പരരുമായി സംവദിച്ച ഒരു പകലും രാവും അക്ഷരാര്‍ഥത്തില്‍ യു എ ഇയുടെ സാംസ്‌കാരിക നഗരിയായ ഷാര്‍ജയിലെ മലയാളികള്‍ക്ക് ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി സൂക്ഷിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു.
ഷാര്‍ജയിലെ ഒരു ഇന്‍ഹൗസ് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ശ്രീകുമാര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂനിറ്റി ഹാളില്‍ ഓടിനടന്ന് പടമെടുക്കുന്നതിനിടെ അടക്കം പറഞ്ഞു: 'വെള്ളിയാഴ്ച ആകെ കിട്ടുന്ന അവധിക്ക് എല്ലാവരും മൂടിപ്പുതച്ചുറങ്ങുമ്പോള്‍ ഞാന്‍ ക്യാമറയുമയി പുറത്തേക്കിറങ്ങും. ഇതുപോലുള്ള പരിപാടികള്‍ നമ്മളെപ്പോലുള്ളവരുടെ പ്രാതിനിധ്യം പ്രതീക്ഷിച്ചാണല്ലോ സംഘാടകര്‍ ഒരുക്കുന്നത്. പിന്നെ എങ്ങനെയാണ് ഉറങ്ങാനാകുക?'. പ്രവാസ ലോകത്തിന്റെ യാന്ത്രികതകള്‍ക്കിടയിലും പിറന്ന മണ്ണും സംസ്‌കാരവും സാഹിത്യവും സാഹിത്യകാരന്മാരെയും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നവരാണ് പ്രവാസി മലയാളികളെന്ന് എഴുത്തുകാരനും കവിയുമായ പ്രഭാവര്‍മ ഈ യാത്രക്കിടെ തന്നോടു പറഞ്ഞിരുന്നുവെന്ന് കവിയത്രി റോസ്‌മേരി കവി സമ്മേളനത്തിനിടെ എടുത്തു പറഞ്ഞത് ഇതോടു ചേര്‍ത്തുവെക്കാം.

രാവിലെ നടന്ന കവി സമ്മേളനം മലയാളത്തിന്റെ പ്രീയപ്പെട്ട കവികളായ ഏറ്റുമാനൂര്‍ സോമദാസ്, പ്രഭാവര്‍മ, റോസ്‌മേരി എന്നിവരുടെ കാവ്യ മനോഹരമായ പ്രഭാഷണങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കലാവിഭാഗമാണ് ഒരു മാസം നീണ്ടു നിന്ന അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. കവിത ബഹളങ്ങളായി മാറിയ ഒരു കാലഘട്ടത്തില്‍ ബാഹ്യ പ്രകടനങ്ങള്‍ക്കപ്പുറം കവി ഒരു നല്ല മനുഷ്യനും നല്ല മനസ്സിനുടമയുമായിരിക്കണമെന്ന് മഹാകവി പി അവാര്‍ഡ് ലഭിച്ച ഏറ്റുമാനൂര്‍ സോമദാസ് അഭിപ്രായപ്പെട്ടു. കവിതയിലെ പഴയതും പുതിയതുമായ പ്രവണതകള്‍ വീക്ഷിക്കുമ്പോള്‍ പാരമ്പര്യ കവിതകളുടെ മനോഹാരിത എന്നും ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാകവി പി യുടെ സ്മരണകള്‍ ഇക്കാരണങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നതും.




സാംസ്‌കാരിക അധിനിവേശമാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സാംസ്‌കാരിക അധഃപ്പതനത്തിലെത്തിയ ജനതയെ കീഴടക്കാന്‍ അധിവേശ ശക്തികള്‍ക്ക് എളുപ്പം സാധിക്കുമെന്നും കവിതയും ഭാഷയുമാണ് ഈ അധിനിവേശ വിരുദ്ധ സമരത്തിന് പ്രതിരോധ ആയുധമെന്നും കവി പ്രഭാവര്‍മ പറഞ്ഞു. തീവ്രമായ ദുഃഖങ്ങളും ഏകാന്തതയും ആത്മഹത്യയിലേക്ക് നയിക്കുമ്പോള്‍ ആത്മഹത്യ ശാശ്വത പരിഹാരമല്ലെന്ന കാര്യം ഉണര്‍ത്തുക. കവിതക്ക് മാത്രം സാധ്യമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. വൃത്തത്തിലെഴുതുന്ന കവിതകള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ആലാപന ശൈലികൊണ്ടു പോലും ശ്രോതാവിന് ഗ്രാഹ്യമാകുന്നിടത്താണ് മലയാള കവിതകള്‍ ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ചെറുപ്പം മുതല്‍ മഹാകവി പിയുടെ കവിതകളോടു തോന്നിയ ഭ്രമമാണ് തന്നെ വായനയിലേക്കും കവിതയിലേക്കും അടുപ്പിച്ചതെന്നും ആധുനിക കവിത, പഴയ കവിത, ഉത്തരാധുനിക കവിത എന്നിങ്ങനെ കവിതക്ക് പലതലങ്ങളില്ലെന്നും കവിത നല്ലതും ചീത്തയും എന്ന രണ്ടു തരം മാത്രമേ ഉള്ളൂവെന്നും കവയത്രി റോസ്‌മേരി പറഞ്ഞു. വൃത്തത്തിനകത്ത് എഴുതുന്നത് തനിക്ക് സ്വാതന്ത്ര്യക്കുറവായി അനുഭവപ്പെടാറുണ്ട്.
ഒരു പക്ഷി തറയില്‍ നിന്ന് പറന്നുയര്‍ന്ന് ചിറകിട്ടടിച്ചകലുമ്പോലെയാണ് വൃത്ത കവിതകള്‍ അനുഭവപ്പെടുന്നത്. കാസര്‍കോട് പോയപ്പോള്‍ മഹാകവി പി യുടെ വീട് സന്ദര്‍ശിക്കുകയും അവിടെ നിന്നെടുത്ത അദ്ദേഹത്തിന്റെ കാലടി പതിഞ്ഞ മണല്‍ത്തരികള്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അവര്‍ അനുസ്മരിച്ചു. പ്രവാസി എഴുത്തുകാരായ സുറാബ്, സത്യന്‍ മാടാക്കര, അരവിന്ദന്‍ പണിക്കാശ്ശേരി, ബ്ലോഗറും യുവ കവിയുമായ അനൂപ് ചന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ കവിതകള്‍ ആലപിച്ചു. ഉച്ചക്കു ശേഷം നടന്ന സാഹിത്യ സദസില്‍ ഡോ. എ കെ നമ്പ്യാര്‍, അംബികാ സുതന്‍ മാങ്ങാട്, ശിഹാബുദ്ദീന്‍ പൊയ്തുംകടവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംവദിച്ചു. സര്‍വാഭരണ വിദൂഷിതയായി വരുന്ന സ്ത്രീയെ കുറിച്ച്, വയല്‍ വരമ്പിലൂടെ നടന്നു വരുന്ന പുലയി പെണ്ണിനെ കുറിച്ച് വര്‍ണിച്ചെഴുതുന്നതാണ് കവിതയെന്ന് വിശ്വസിക്കുന്നയാളായിരുന്നു മഹാകവി പി യെന്ന് ഡോ. എ കെ നമ്പ്യാര്‍ അനുസ്മരിച്ചു.


 രാജാക്കന്മാരെ വാഴ്ത്തിയെഴുതിയ കവികള്‍ക്കിടയില്‍ നിന്നാണ് ഇത്തരം എഴുത്തുകാര്‍ വേറിട്ടു നടക്കാനാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാലിക പ്രസക്തമായ വിഷയങ്ങള്‍ മാത്രം എഴുതുകയെന്നത് പത്രപ്രവര്‍ത്തനമാണെന്നും സര്‍ഗാത്മകത എക്കാലവും വായിക്കപ്പെടുന്ന സൃഷ്ടികള്‍ പിറവിയെടുക്കുന്നിടത്താണ് വിജയിക്കുകയെന്നും ആ അര്‍ഥത്തില്‍ മഹാ കവി പി യുടെ രചനകള്‍ എക്കാലവും ശ്രദ്ധേയമാണെന്നും ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.

 
 ഇടശ്ശേരിയും പി കുഞ്ഞിരാമന്‍ നായരുമൊക്കെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനും ഏറെ മുമ്പു തന്നെ പ്രകൃതിയെ ഉപാസിക്കുന്ന കവിതകളിലൂടെ പാരിസ്ഥിതിക സന്ദേശം നല്‍കിയിരുന്നവരാണ്. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനികള്‍ അദ്ദേഹത്തിന്റെ നാട്ടില്‍ കൊണ്ടുപോയാണ് തളിച്ചതെന്ന വിരോധാഭാസം നിലനില്‍ക്കുകയാണ്. ഇതേ കുറിച്ച് നോവലെഴുതിയ അംബികാ സുതന്‍ മാങ്ങാടും ചര്‍ച്ചയില്‍ സംവദിച്ചു.

വേനല്‍ ചൂടിനെ വകവെക്കാതെ തിങ്ങി നിറഞ്ഞ മലയാള സാഹിത്യ തല്‍പരരുടെ മനസിനെ തൊട്ടുണര്‍ത്താന്‍ പോന്ന ആശയങ്ങളുടെ സംവേദനം സംഘാടനത്തിലെ മികവു കൊണ്ടും ശ്രദ്ധേയമായി. വൈകുന്നേരം നടന്ന സമാപന സാംസ്‌കാരിക സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും സുകുമാര്‍ അഴീക്കോടിന്റെയും മറ്റ് സര്‍ഗപ്രതിഭകളുടെയും സാന്നിധ്യം കൊണ്ടു തന്നെ ശ്രദ്ധേയമായി.




നാലു പതിറ്റാണ്ടു കാലത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ അസോസിയേഷന്റെ ചരിത്രത്തില്‍ ഇത്തരം പരിപാടികള്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാഹിത്യ ലോകത്തിനു മാത്രമായി തീര്‍ന്ന ഒരു രാപ്പകല്‍ മലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു.




ചിത്രങ്ങള്‍ : കെ വി ശുകൂര്‍. ശ്രീ കുമാര്‍

14 comments:

Sidheek Thozhiyoor said...

ചരിത്രത്തില്‍ ഇത്തരം പരിപാടികള്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാഹിത്യ ലോകത്തിനു മാത്രമായി തീര്‍ന്ന ഒരു രാപ്പകല്‍ മലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു.
വിശകലനങ്ങള്‍ നന്നായിരിക്കുന്നു.

ente lokam said...

ചടങ്ങിന്റെ വിശേഷങ്ങള്‍

ടീവിയില്‍ കണ്ടിരുന്നു ...ആശംസകള്‍ ..

Umesh Pilicode said...

ആശംസകള്‍ ..

കൊമ്പന്‍ said...

ആശംസകള്‍ ..

ചന്തു നായർ said...

ആശസകളൂം....ഒപ്പം ഈ വിലപ്പെട്ട ലേഖനം എഴുതിയതിന് അനുമോദനവും..........

മെഹദ്‌ മഖ്‌ബൂല്‍ said...

നന്നായിട്ടുണ്ട്

ബിഗു said...

ആശംസകള്‍

ANSAR NILMBUR said...

ഗംഭീര പരിപാടിയായിരുന്നുവല്ലേ.........

നികു കേച്ചേരി said...

:))

Unknown said...

വൃത്തത്തിലെഴുതുന്ന കവിതകള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ആലാപന ശൈലികൊണ്ടു പോലും ശ്രോതാവിന് ഗ്രാഹ്യമാകുന്നിടത്താണ് മലയാള കവിതകള്‍ ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(വൃത്തമോ? അതെന്താണ്? ങെ?-ഞാനോടി!!!!!!)

റിപ്പോര്‍ട്ട് സൂപ്പറായിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്തോ? പ്രാസംഗികരുടെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുള്ള റിപ്പോട്ട്. നന്നായിട്ടുണ്ട്.

വീകെ said...

റിപ്പോർട്ട് വളരെ ഗംഭീരമായിട്ടുണ്ട്...
ആശംസകൾ...

ബഷീർ said...

അതെ ചൊറിയുന്നു..പക്ഷെ ഒന്നും പറയുന്നില്ല :)

ഇത്രയും നേരം മിനക്കെട്ട് എഴുതിയതല്ലേ.. ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല വിശകലനങ്ങളോടെ വിവരിച്ചിരിക്കുന്നൂ

Qatar-Bloggers said...

aashamsakal...

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next