Sunday, December 5, 2010

യാത്രകള്‍


യാത്ര 1

വിമാനമിറങ്ങി പെട്ടികളുമായി പുറത്തേക്ക് നടക്കുമ്പോള്‍ വരവേല്‍ക്കാന്‍ ഇമ്മിണി ബല്ല്യ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.വീട്ടിലെ അംഗങ്ങള്ക്കു പുറമെ ബന്ധുക്കളും അയല്‍ക്കാരും സുഹ്രത്തുക്കളും വരെ ഒരു വണ്ടി നിറയെ, അവരുടെ സ്‌നേഹത്തിനു മുന്നില്‍ വീര്‍പ്പുമുട്ടി അയാളിരുന്നു.


യാത്ര 2
പുറത്തിറങ്ങവെ അയാളുടെ കണ്ണുകള്‍ പിടക്കുന്ന രണ്ട് പരല്‍മീനുകളെ പരതി.അവളുടെ മുഖമപ്പോള്‍ പതിനാലാം രാവു പോലെ തിളങ്ങി.അവളുടെയും അയാളുടെയും വീട്ടുകാരും കൂട്ടിനു വന്നിരുന്നു.അപ്പന്മാരും അമ്മമാരും ചേര്‍ന്ന് സുഖാന്വേഷണം നടത്തവേ അളിയന്മാരാണു വലിയ പെട്ടികള്‍ വണ്ടിയില്‍ കയറ്റിയത്.


യാത്ര 3
ഇത്തവണ അവളുടെ ഒക്കത്തിരുന്ന കുഞ്ഞ് ഒരു ''അന്യ ഗ്രഹ ജീവി''യെ കണ്ട പോലെ അയാളെ നോക്കി കരഞ്ഞു. അപ്പനമ്മമാര്‍ വയ്യായ്ക കാരണം വന്നിരുന്നില്ല.അളിയന്മാര്‍ ജോലിത്തിരക്കിലായിരുന്നു. അനിയനു ചെറിയൊരു വയറു വേദന.........വണ്ടി വിളിച്ച് അവളൊറ്റക്ക്..


യാത്ര 4
ഒരു സര്‍പ്രൈസാകട്ടെ എന്നു കരുതി ടാക്‌സി പിടിച്ച് നേരെയങ്ങ് ചെന്നു.പൂട്ടിക്കിടന്ന വീട് അയാള്‍ക്കൊരു സര്‍പ്രൈസായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫും.ഭാഗ്യം, സ്‌കൂള്‍ വിട്ട് മക്കളെത്തുമ്പോഴേകും അവളെത്തി.

യാത്ര...........
ദൂരെയൊരു നഗരത്തിലാണു വിമാനമിറങ്ങിയത്. കയ്യില്‍ പാസ്‌പോര്‍ടും,വസ്ത്രങ്ങളടങ്ങിയ ബാഗുമല്ലാതെ ഒന്നുമില്ലാത്തതിനാല്‍ കസ്റ്റംസുകാര്‍ പോലും അയാളെ തിരിഞ്ഞു നോക്കിയില്ല. ഒരു രാത്രി വണ്ടി കിട്ടി. പിറ്റേന്ന് പക്ഷേ നേരം പുലര്‍ന്നതേയില്ല.


സമര്‍പ്പണം  : "അവസാന യാത്ര" പൂര്‍ത്തിയാക്കാനാവാതെ വഴിയില്‍ അന്ത്യ യാത്ര പോയ ഒരാളെക്കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. അദ്ദേഹത്തിനു.


29 comments:

ഹംസ said...

പ്രാവാസി .........!
ഇതു പോലെ ഒരോ എണ്ണപ്പെട്ട യാത്രകള്‍ക്കൊടൂവില്‍ ഇല്ല്ലാത്താഅയി തീരുന്നവന്‍... അവസാന നാളില്‍ ആരാലും തിരിഞ്ഞു നോക്കപ്പെടാതെ,,

പൂതിയ രീതിയിലൂടെ നല്ല ഒരു ആശയം .. നന്നായി പറഞ്ഞു..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രവാസിക്കു പഴക്കം കൂടുന്തോറും തിളക്കം കുറയും! പിന്നെ അവനു ചുറ്റും ഉപഗ്രഹങ്ങള്‍ ഉണ്ടാകില്ല. ഉണ്ടായിരുന്നവര്‍ ഭ്രമണപഥം വിട്ടു കറങ്ങും!
പലതും ഓര്‍മ്മിപ്പിച്ച കഥ
നന്നായി എഴുതി .

TPShukooR said...

എല്ലാവര്ക്കും വേണ്ടപ്പെട്ടവന്‍. ആര്‍ക്കും വേണ്ടാതവനാകുന്ന ദിനത്തിന് വേണ്ടി കാത്തിരിക്കുന്നവന്‍. ലക്ഷങ്ങളുടെ വീടുണ്ടാക്കി ഇടുങ്ങിയ ആറടി വീട്ടില്‍ താമസിക്കേണ്ടി വരുന്നവന്‍. അത് താന്‍ പ്രവാസി.
കുറിപ്പ് പ്രവാസത്തിന്റെ നിരര്‍ത്ഥകത ഓര്‍മിപ്പിക്കുന്നു.

ചാണ്ടിച്ചൻ said...

പ്രവാസി കരിമ്പിന്‍ തണ്ടിന് തുല്യം...ചവിട്ടി നീരെടുത്താല്‍ പിന്നെ സ്ഥാനം പെരുവഴിയില്‍....

നൗഷാദ് അകമ്പാടം said...

വരികള്‍ക്കിടയിലൂടെ കാണാവുന്ന പ്രവാസിയുടെ നിരര്‍ത്ഥജീവിതം..
എല്ലാം നേടാനാണെന്ന് സ്വയം വിശ്വസിച്ച് മുന്നോട്ട് പായുമ്പോഴും ഒന്നും നേടുന്നില്ലെന്ന തിരിച്ചറിവ് മാത്രം സ്വന്തമാക്കുന്നവന്‍..

പറഞ്ഞാലും കേട്ടാലും തീരാത്ത ദുരിതക്കടലില്‍ വീണ്ടും തിരിച്ചെത്തുന്ന അവന്റെ ദുര്‍ വിധി വേറേയും..

പുതിയ രചനാശൈലിയില്‍ ഒതുക്കത്തോടെ ഒരു ദുരന്ത ജീവിതം വരച്ചിട്ടിരിക്കുന്നു റഷീദ് ഭായി.
നാട് വിട്ട് നില്‍ക്കുന്നവന്റെ നിശ്വാസത്തിന് തീക്കാറ്റില്‍ നിന്നുതിര്‍ന്ന പോലെ പൊള്ളുന്ന ചൂട്..
ഈ കഥയില്‍ ആ ചൂട് എന്റെ ഹൃദയത്തെ പൊള്ളിക്കുന്നു..
കാരണം......
ഞാനും ഒരു പ്രവാസിയാണല്ലോ....!

പട്ടേപ്പാടം റാംജി said...

എന്തിനധികം വിവരിക്കണം.
ചെറിയ വരികളില്‍ സമ്പുഷ്ടമാക്കിയ കഥ.
എല്ലാവരുടെയും എല്ലാമായ പ്രവാസി ഒന്നുമല്ലാതായി ഒടുങ്ങുന്നത് നന്നായി പറഞ്ഞു.

Sabu Kottotty said...

അതാണു പ്രവാസി...

ente lokam said...

വളരെ ഒതുക്കി പ്രവാസിയുടെ ദുഃഖം
വ്യക്തമായി വരച്ചു കാട്ടി...വായന
അസ്സല്‍ ആയി..ആശംസകള്‍..

Vayady said...

കുടുംബത്തിനു വേണ്ടി സപ്നവും ജീവിതവും പണയം വെയ്ക്കുന്ന പ്രവാസിയുടെ ജീവിതം കുറച്ചു വരികളിലൂടെ വളരെ ഭംഗിയായി പറഞ്ഞു. പലരുടേയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. നല്ല എഴുത്ത്.

(കൊലുസ്) said...

നല്ല പോസ്റ്റ്‌. നാല് കഥയും ശരിക്കും ഫീല്‍ ചെയ്തു കേട്ട്ടോ. ആശംസകള്‍.

mayflowers said...

ഗള്‍ഫുകാരന്‍റെ എരിഞ്ഞുതീരുന്ന ജീവിതം പുതുമയുള്ള രീതിയില്‍ നന്നായി അവതരിപ്പിച്ചു.

Unknown said...

കുടുംബത്തിനു വേണ്ടി സപ്നവും ജീവിതവും പണയം വെയ്ക്കുന്ന പ്രവാസിയുടെ ജീവിതം കുറച്ചു വരികളിലൂടെ വളരെ ഭംഗിയായി പറഞ്ഞു. പലരുടേയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. നല്ല എഴുത്ത്.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ല കഥ..

faisu madeena said...

നല്ല അവതരണം ...ഇഷ്ട്ടപ്പെട്ടു ..

അലി said...

പ്രവാസിയുടെ ജീവിതം!

നീര്‍വിളാകന്‍ said...

പ്രവാസിയെ ഗുണിച്ച്, ഹരിച്ച്, കൂട്ടി കുറച്ചാല്‍ ഇത്രയുമേ കിട്ടു.... വളരെ അര്‍ത്ഥവത്തായ ഒന്ന്.... ഭാവുകങ്ങള്‍

മാണിക്യം said...

യാത്ര ....
അന്ത്യയാത്ര....
മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിക്കാന്‍ മറക്കുന്നവന്‍ - പ്രവാസി!!

Echmukutty said...

നന്നായി എഴുതി.
അഭിനന്ദനങ്ങൾ.

എന്‍.പി മുനീര്‍ said...

ജിവിതം ഉററവര്‍ക്കും ഉടയവര്‍ക്കും വേണ്ടി അര്‍പ്പിച്ച് അവസാനം
ആര്‍ക്കും വേണ്ടാതെ സമാധാനമില്ലാതെ നട്ടം തിരിയുന്ന പ്രവാസികളുടെ
ദുരന്തചിത്രം വരച്ചുകാട്ടുന്ന കഥ..ഭാവുകങ്ങള്‍

Jazmikkutty said...

നന്നായി എഴുതി.

ബിഗു said...

Keep it up

Unknown said...

പുതുമണം മാറുന്നത് വരെയെ ഉള്ളൂ എല്ലാവര്ക്കും ഏതിനോടും അഭിനിവേശം

MOIDEEN ANGADIMUGAR said...

കൊള്ളാം നന്നായിട്ടുണ്ട്.

റശീദ് പുന്നശ്ശേരി said...

ഇവിടെ വന്ന ,വായിച്ച ,കമന്റിയ,നോക്കിയ
എല്ലാവര്ക്കും ഒറ്റ വാകില്‍ നന്ദി
(ജോലിത്തിരക്കിലായിപ്പോയത് കൊണ്ടാണേ )

ജയരാജ്‌മുരുക്കുംപുഴ said...

pravasiyude dhukham sparshikkunna vidham paranjirikkunnu.... aashamsakal..................

സാബിബാവ said...

നന്നായിട്ടുണ്ട്

MT Manaf said...

യാത്ര
അര്‍ത്ഥ തലങ്ങളുള്ള
അവിരാമ സഞ്ചാരം

Sulfikar Manalvayal said...

യാത്ര....
ചുരുങ്ങിയ വാക്കുകളില്‍, മിനി കഥ പോലെ,
വിശാലമായ ഒരു ലോകം തുറന്നു തന്നു ഇവിടെ.
പ്രവാസിയുടെ ഓരോ അനുഭവവും (യാത്ര തന്നെ ആണല്ലോ പ്രവാസിയുടെ ഏറ്റവും വലിയ അനുഭവം)
തീവ്രത കുറയ്ക്കാതെ പറഞ്ഞു എന്നതാണ് എനിക്കിഷ്ടമായത്.
ഇനിയും ഈ കുഞ്ഞു കഥയുടെ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ നന്നാവും എന്ന് തോന്നുന്നു.
ഒരു പാട് വായിച്ചു ബോറടിക്കാതെ കുറച്ചു വായിച്ചു കൂടുതല്‍ ആശയം തന്ന റഷീദിന് നന്ദി.

Muziriz Post said...

ഓരോപ്രവാസികളുടെയും വലിയ അനുഭവം....

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next