Monday, August 12, 2024

പാരമ്പര്യത്തിന്റെ പറുദിസയിൽ

ദൊഫാർ എന്ന തുറമുഖ നഗരത്തെ കുറിച്ച് ആദ്യമായി വായിക്കുന്നത് "ദി വൈറ്റ് ഷെയ്ഖ് " എന്ന പുസ്തകത്തിൽ നിന്നാണ്. അറേബ്യായിൽ ഒമാനിന് തെക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ദൊഫാർ പ്രവിശ്യ ഒരു കാൽപനിക നഗരമാണെന്ന ധാരണയായിരുന്നു അപ്പോഴൊക്കെ. മിർബാദ് എന്ന തീരദേശ നഗരത്തെ ചുറ്റിപ്പറ്റിയുള്ള ലഖു നോവൽ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടേതായിരുന്നു.പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലെ ഏതോ കാലത്തിലുടക്കിയ മണൽ നഗരവും, കോട്ടയും, പായക്കപ്പലുകൾ നങ്കൂരമിട്ട തുറമുഖത്തിലെ ബഹളങ്ങളും ഭാവനയുടെ വഴികളിൽ കുന്തിരിക്കം പുകച്ച് സുഗന്ധം പറത്തിക്കൊണ്ടിരുന്നു. കാലങ്ങളേറെ കഴിഞ്ഞു യാത്രകൾ സിരകളിൽ അഗ്നി പടർത്തി തുടങ്ങിയ നേരത്തെപ്പോഴോ ഗൂഗിൾ മാപ്പിൽ തിരയുമ്പോഴാണ് ദൊഫാർ വീണ്ടും കണ്ണിലുടക്കിയത്.ഇത് നമ്മുടെ സലാലയാണല്ലോ എന്ന ആത്മഗതത്തിലേക്കാണ് ആദ്യമായി റോഡ് മാർഗം ഏറ്റവും ദൂരം സഞ്ചരിച്ചത്അവിടെക്കായിരുന്നുവല്ലോ എന്ന ഓർമ കത്തിയത്. 


ചരിത്രത്തിൽ മുന്തിയ തരം കുന്തിരിക്കവും സൗരഭ്യ വസ്തുക്കളും സുഗന്ധവിളകളും കച്ചവടത്തിന് പേര് കേട്ട ഇടങ്ങളായിരുന്നു മിർബാദും ദോഫാറുമെല്ലാം.നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര, സാംസ്കാരിക പൈതൃകത്തിന്റെയും മുന്നേറ്റങ്ങളുടെയും കഥ പറയാനുള്ള പൗരാണിക നഗരം. വിഖ്യാദ സഞ്ചാരികളായിരുന്ന ഇബ്നു ബതൂത്തയും മാർകോ പോളോയും മറ്റ് പ്രമുഖരും ഈ  ദേശത്തിന്റെ  ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയും ഏഷ്യയും തമ്മിൽ എളുപ്പം ബന്ധിപ്പിക്കാവുന്ന തന്ത്രപ്രധാനമായ തുറമുഖമെന്ന ഖ്യാദിയുമുണ്ട് ഈ നാടിന്. പക്ഷെ ഇപ്പോൾ സലാല എന്ന പേരിനൊപ്പമാണ് ഇപ്പോഴത് അറിയപ്പെടുന്നതെന്ന് മാത്രം.

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലൊരു ബലിപെരുന്നാൾ ദിനത്തിൽ ദുബൈയിലെ സുഹൃത്തുക്കൾക്കൊപ്പം ഒരു പഴയ കൊറോള കാറിൽ മസ്‌കറ്റിലെ ബന്ധുക്കളെ കാണാൻ പോയതായിരുന്നു. സഹമിലെ വീട്ടിൽ നിന്നാണ് സലാല പോകാം എന്ന ആശയം ഉടലെടുത്തത്. 1200 കിലോമീറ്റർ എന്നത് യുവത്വത്തിന്റെ പ്രസരിപ്പിൽ വലിയൊരു ദൂരമായി തോന്നിയില്ലെങ്കിലും യാത്ര തുടങ്ങിയപ്പോൾ തന്നെ വിരസതയുടെ എത്തി നോട്ടമുണ്ടായി.
വരണ്ട മരുഭൂമിയിലൂടെ നീണ്ടു പോകുന്ന റോഡ് ഇരു വശത്തേക്കും വാഹനങ്ങൾ പോകാവുന്ന രീതിയിലുള്ളതായിരുന്നു. പ്രധാന നഗരങ്ങൾ വിട്ടതോടെ അപൂർവമായി കാണുന്ന ഗ്രാമങ്ങളിൽ മാത്രമേ വഴിവിളക്കുകളും വെളിച്ചവുമുള്ളൂ. രാത്രിയുടെ ഇരുട്ട്. അനന്തമായ പാത. ഇടക്ക് ചില ട്രക്കുകളും ബസുകളും അപൂർവമായി കാറുകളുമുണ്ട്. നൂറും ഇരുനൂറും കിലോമീറ്ററുകൾ പിന്നിടുമ്പോൾ മാത്രം പെട്രോൾ പാമ്പുകളുണ്ടാകും. അടുത്ത സ്റ്റേഷൻ എത്ര ദൂരയാണെന്ന അറിയിപ്പ് ബോർഡുകളുമുണ്ട്. അഞ്ച് പേർ ഒരു രാത്രി മുഴുവൻ  ഒരു പോള കണ്ണടക്കാതെ കഥകൾ പറഞ്ഞു കൊണ്ടൊരു യാത്ര. ഇടക്ക് ഇന്ധനം നിറക്കാനും ചായ കുടിക്കാനും പ്രാഥമികാവശ്യങ്ങൾക്കും മാത്രമായിരുന്നു നിർത്തിയത്. മരുഭൂമിയിലെ മായക്കാഴ്ചകളുടെയും ജിന്നുകളുടെയും കഥകൾ കേട്ട ഭയത്തിന്റെ ചിന്തകളും ഇടക്ക് മനസ്സിനെ മഥിച്ചിരുന്നുവെന്നതാണ് സത്യം. 

രാവ് നീണ്ട യാത്ര പുലരുമ്പോൾ മണൽ കാട്ടിലെ വരണ്ട മഞ്ഞയിൽ നിര തെറ്റിയ കാഫ് മരങ്ങൾ മനസ്സിൽ മരുപ്പച്ചയുടെ കുളിര് പകർന്നു.മലകളും കുന്നുകളും പിന്നിട്ട് വലിയൊരു ചുരം കയറിയെത്തിയപ്പോൾ ഒരു വശത്ത് താഴ്‌വാരത്തിന്റെ ഹരിതാഭമായ ദൃശ്യഭംഗിയിൽ സ്വയം മറന്ന് ലയിച്ചിരുന്നു പോയി. കാറിന്റെ ജാലകങ്ങൾ തുറന്നിട്ട് ഞാനാ പ്രകൃതിയെ ഉള്ളിലാക്കാവാഹിച്ചു.
ചെറിയ ചാറ്റൽമഴ അകമ്പടി വന്നു. പൊടുന്നനെ കോടമഞ്ഞു പരന്നു. വരണ്ട കാലം വിട്ട് എത്ര വേഗമാണ് മറ്റൊരു ലോകത്തെത്തിയയത്. അത് വരെയുള്ള യാത്രയുടെ വിരസതയെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായ അനുഭൂതി അത്രമേൽ തീക്ഷ്ണമായിരുന്നു. 
ഒരുപകൽ മുഴുവൻ സലാലയെ അനുഭവിക്കുകയെന്ന തിടുക്കപ്പാടായിരുന്നു അടുത്ത പദ്ധതി. കേര വൃക്ഷങ്ങൾ കൊണ്ട് കമനീയമായ വഴികൾ. ഇടതൂർന്ന വാഴത്തോട്ടങ്ങൾ. നാട്ടിലെത്തിയ പ്രതീതി. സലാലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം വളരെ പഴയ കെട്ടിടങ്ങളും റോഡുകളുമായിരുന്നു. ധാരാളം മണൽ വഴികളുമുണ്ട്. വെറ്റിലപ്പടർപ്പുകളും തെങ്ങുംകളും നിറഞ്ഞ 
വാഴത്തോപ്പുകൾക്കിടയിലെ ചേരമാൻ പെരുമാളിന്റെ മഖ്‌ബറയും, സ്വാലിഹ് നബിയുടെ ഒട്ടക ചരിത്രമുള്ള പള്ളി, അയൂബ് നബിയുടെ മഖ്‌ബറ, നബി ഉംറാൻ മഖ്‌ബറ തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. അയൂബ് നബി കുളിച്ചതെന്ന് കരുതപ്പെടുന്ന കുളത്തിലെ ചൂടുള്ള വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരെ കണ്ടു. ഞങ്ങളും ആ നീരുറവയിൽ അൽപനേരം നീരാടി. ജോലിയും തിരക്കും മാടി വിളിക്കുന്ന ദുബൈയിലേക്ക് തിരിക്കുമ്പോൾ വീണ്ടും രാത്രി കൂട്ട് വന്നു. സലാലയെന്ന പ്രകൃതിക്കപ്പുറമുള്ള ചിത്രങ്ങളെ കുറിച്ചുള്ള അജ്ഞതയുടെയും തിടുക്കപ്പടിന്റെയും ആ യാത്ര പലത് കൊണ്ടും ഒരു സ്വപ്നം പോലെയാണ് പിന്നീട് തോന്നിയത്. 

ദോഫാറും മിർബാദുമൊക്കെ മനസ്സിൽ കുടിയേറിയ നാൾ മുതൽ വീണ്ടുമൊരിക്കൽ സലാലയിലെത്തണമെന്നും ചരിത്രത്തിന്റെ മണമുള്ള വീഥികളിലൂടെ അലക്ഷ്യമായി നടക്കണമെന്നും മോഹമേറിയത് സ്വാഭാവികം.അത്തരമൊരു അവസരമുണ്ടായത് ഒരു വർഷം മുമ്പാണ്.നാലഞ്ച് ദിവസങ്ങൾ സലാലയിൽ തങ്ങേണ്ടി വന്ന ഓരോ നിമിഷവും ഞാനാ  പാരമ്പര്യത്തിന്റെ പാറുദിസയിൽ അലിഞ്ഞു ചേർന്നു.താമസിച്ചിരുന്ന കെട്ടിടത്തിനടുത്ത്  സുബഹ് നിസ്കാരം കഴിഞ്ഞാൽ സജീവമാകുന്ന ഒരു മാർക്കറ്റുണ്ടായിരുന്നു. അവിടെ പുറത്തിട്ട കസേരകളിൽ ചായ കുടിച്ച് കഥകൾ പറയാനിരിക്കുന്ന ബദുക്കളുടെ ഒരു കൂട്ടമുണ്ട്. എപ്പോഴും ഉച്ചത്തിൽ സംസാരിച്ചും പരസ്പരം കളിയാക്കിയും ജീവിത സായാഹ്നം മനോഹരമാക്കുന്ന ആ മനുഷ്യരോടൊപ്പം സംസാരിച്ചിരുന്നപ്പോൾ കിട്ടിയ ചരിത്രത്തിന്റെ തുണ്ടുകൾ, വർത്തമാനത്തിന്റെ നിഗൂഢതകൾ, ഒരു സ്വപനാടകന്റെ കാൽപനിക ലോകം എനിക്ക് മുന്നിൽ തുറന്നിട്ട മനുഷ്യർ. അവരുടെ അരയിലെ ഒമാനിക്കത്തിയും എന്റെ പൂർവ പിതാക്കളുടെ അരപ്പേട്ടയിൽ തൂങ്ങിയ പിച്ചാത്തിയും തമ്മിലുള്ള ഗാഢബന്ധങ്ങൾ. ഒമാനും യമനും ഒറ്റ രാജ്യമായിരുന്ന കാലത്തിലേക്കുള്ള സഞ്ചാരങ്ങൾ. ഊദും കുന്തിരിക്കവും രൂപയിൽ വിനിമയം നടന്ന ഇന്നലെകൾ.ആരോ  ഒരു വലിയ വത്തക്ക മുറിച്ച് എല്ലാവർക്കും പങ്ക് വച്ചു. ചൂടുള്ള കഹ്‌വയും ഈത്തപ്പഴവും ഇടക്കിടെ വന്നു കൊണ്ടിരുന്നു.എൺപതും തൊണ്ണൂറും പിന്നിട്ടവർക്കിടയിൽ ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ഞാനിരുന്നു. ഇതേ പ്രായത്തിൽ കൂട്ടുകാരെ കാണാതെ ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ തളക്കപ്പെടുന്നവരുടെ നാട്ടിലാണല്ലോ എന്റെ ജീവിതമെന്ന് ആശ്ചര്യപ്പെട്ടു.

പണ്ട് പോയ വഴികളിലെല്ലാം വീണ്ടും സഞ്ചരിച്ചു. വലിയ മാറ്റങ്ങൾ. റോഡുകൾ,കെട്ടിടങ്ങൾ,വാണിജ്യ കേന്ദ്രങ്ങൾ. വിനോദ സഞ്ചാര മേഖലയിൽ വൻ സാധ്യതകൾ ഉപയോഗപ്പെടുത്തി ഫെസ്റ്റിവലുകൾ. വാദി ദർബാത് (ദർബാത് തടാകം), ഖോർ റോറി തുടങ്ങിയ വിനോദ സഞ്ചാര മേഖലകൾ മനോഹരമായി വിതാനിച്ചിരിക്കുന്നു.
സലാല സീക്യൂ പ്രീ സ്‌കൂൾ ഡയറക്ടർ സാജിദ് ചെറുവണ്ണൂറും, സുഹൃത്ത് ഷുക്കൂർ സാഹിബും കൂട്ടിന് വന്നു.മലനിരകൾ താണ്ടിയുള്ള റോഡുകളും ഹരിതാഭ നിലനിർത്തിയുള്ള വികസനവും എടുത്ത് പറയേണ്ടതാണ്.ഒട്ടകക്കൂട്ടങ്ങൾ മേയുന്ന ഇലന്തപ്പഴത്തോപ്പ് കണ്ടു. വാഹനം നിർത്തി അങ്ങോട്ട് ചെന്നു. ചെറിയ മരങ്ങളിൽ നിറയെ പഴങ്ങൾ. ചില്ലയിൽ കെട്ടിയ കയറുകൾ പിടിച്ച് വലിക്കുമ്പോൾ നിലത്ത് ചറപറ വീഴുന്ന പഴങ്ങൾ. എന്തൊരു രുചി. ഒട്ടകങ്ങൾ കൂട്ടത്തോടെ പഴങ്ങൾ തിന്നാൻ ഞങ്ങളോട് മത്സരിച്ചു.
മിർബാദും പരിസരങ്ങളും സന്ദർശിക്കുകയെന്ന ആഗ്രഹം പൂവണിഞ്ഞ യാത്ര. തുറമുഖ നഗരത്തിന്റെ പഴമയും പ്രൗഢിയും നേരിൽ കണ്ടു. ഇബ്നു ബത്തൂത്ത കാലുകുത്തിയ നാടിനെ മനസ്സാ വാരിപ്പുണർന്നു. മുന്തിയ കുന്തിരിക്കത്തിന്റെ ഗന്ധമുള്ള പുരാതനമായ പള്ളിയിൽ നമസ്കരിച്ചു.സ്നേഹം കൊണ്ട് വിരുന്നൂട്ടുന്ന നിഷ്കളങ്കരായ മനുഷ്യരോടൊപ്പം കഥകൾ കേട്ട് 
നടന്നു.മത്സ്യ വിഭവങ്ങളുടെ സവിശേഷതകൾ തന്ന് രുചിയുടെ പുതുലോകം സമ്മാനിച്ച യമനിയുടെ ഹോട്ടൽ. അയാൾ തരീമിൽ നിന്നാണ്. കേരളത്തിന്റെ ഇസ്‌ലാമിക പാരമ്പര്യമെത്തിയത് അദ്ദേഹത്തിന്റെ നാട്ടിൽ നിന്നാണ്. അതിർത്തി കടന്നാൽ 12 മണിക്കൂർ കൊണ്ട് തരീമിലെത്താം. 
പ്രകൃതിയുടെ ഭംഗി പോലെ തന്നെ മന്തിയും, ലഹമും, ഹരീസും, ഷുർബയും കെബാബും, മറ്റുമായി ഭക്ഷണ പ്രിയരുടെ ഇഷ്ട വിഭവങ്ങൾ കൊണ്ടും, നാടൻ പച്ചക്കറികളും,പഴങ്ങളും,ഈന്തപ്പഴങ്ങളാലും സമ്പന്നമാണ് സലാല. അറേബ്യൻ ഭൂഗണ്ഡത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ മുന്തിയ പരിഗണന ഇന്നാടിന് തന്നെയായിരിക്കും.അറബിക്കഥകളിലെ മായികലോകത്തിന് പശ്ചാത്തലം  പിറന്നത്  ഈ മോഹന തീരത്ത് തന്നെയായിരിക്കണം.

റശീദ്‌ പുന്നശ്ശേരി 








0 comments:

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next