ഇരുപതാം വയസ്സിൽ തൊഴിലന്വേഷിച്ച് നാട് വിട്ട് പോയ ഒരാൾ എഴുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ജന്മ നാട്ടിൽ ബലിപെരുന്നാൾ കൂടുന്നുവെന്ന യാദൃശ്ചികത പറഞ്ഞപ്പോൾ കോയക്കുട്ടി സാഹിബ് നിഷ്കളങ്കമായി പുഞ്ചിരിച്ചു.തൊണ്ണൂറ് വയസ്സിന്റെ ഓർമകളിലിപ്പോഴും കണ്ണൂർ ജില്ലയിലെ മാട്ടൂൽ എന്ന ഗ്രാമത്തിലെ മണൽ വഴികളിലൂടെ കളിച്ചു നടന്ന ബാല്യത്തിലെ കളിയാരവങ്ങൾ പെയ്തിറങ്ങിയ അനുഭൂതി. മാട്ടൂൽ നോർത്തിലെ വീടിനടുത്ത പള്ളിയിൽ വീണ്ടുമൊരു പെരുന്നാള് കൂടിയപ്പോൾ ഓർമകൾ കൊണ്ട് മഹാപ്രളയം തീർക്കുന്ന മനസ്സും സ്നേഹം കൊണ്ട് വിരുന്നൂട്ടുന്ന മരുമക്കളും ബന്ധുക്കളും സുഹൃത്തുക്കളും കൂടെപ്പിറപ്പുകളിൽ അവശേഷിക്കുന്ന ഏക സഹോദരിയുമെല്ലാം ജീവിത സായാഹ്നത്തിലെ മധുരിക്കുന്ന നിമിഷങ്ങളാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.
സംഭവ ബഹുലമായ ജീവിതം കൊണ്ട് മലയാളികൾക്ക് അഭിമാനകരമായ ഉയരങ്ങളിലേക്ക് സഞ്ചരിച്ച ഈ ഇന്റർനാഷണൽ മലയാളിയുടെ വഴികളെല്ലാം വേറിട്ടതായിരുന്നു.ലോകമെമ്പാടു മുള്ള പുസ്തകപ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ ഇംഗ്ലീഷ്-ഇസ്ലാമിക് പുസ്തക പ്രസാധനാലയമായ മലേഷ്യയിലെ ഇസ്‌ലാമിക് ബുക് ട്രസ്റ്റ് (ഐ ബി ടി) എന്ന സംരംഭത്തിന്റെ അമരക്കാരൻ,എഴുത്തുകാരൻ,പണ്ഡിതൻ, വിജ്ഞാനദാഹിയായ അന്വേഷകൻ, അങ്ങിനെ ഒട്ടേറെ വിശേഷണങ്ങളുള്ള കോയ സാഹിബിന്റെ ജീവിതം തന്നെ വലിയൊരു പാഠപുസ്തകമാണ്. ഈ പ്രായത്തിലും സ്വന്തമായി കാറോടിച്ച് ദിവസവും ഓഫീസിലെത്തുകയും പുസ്തകങ്ങൾ എഡിറ്റ് ജോലികൾ ചെയ്യലുമൊക്കെ അദ്ദേഹത്തിൻറെ ദിനചര്യകളാണ്.
കുട്ടിക്കാലത്ത് മാട്ടൂലിൽ നിന്ന് കാൽ നടയായി നാട്ടിടവഴികളും തോടും പാടവും താണ്ടി ഏഴ് കിലോ മീറ്റർ നടന്ന് ചെറുകുന്ന് സ്‌കൂളിലേക്കുള്ള യാത്രകൾ ഓർത്തെടുക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ ബാല്യത്തിന്റെ നൈർമല്യമുള്ളൊരു പുഞ്ചിരി തെളിഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം. മാട്ടൂലിലെ വഴികളത്രയും മണൽ കൊണ്ട് സമ്പന്നമാണ്.കാലിലണിയാൻ ചെരിപ്പുകളൊന്നുമില്ല.ചൂടുള്ള മണലിൽ കൂടിയുള്ള നടത്തം കാലിനെ പൊള്ളിക്കുമ്പോൾ വഴിയരികിലെ ചപ്പുകൾ (ഇലകൾ) പറിച്ചെടൂത്ത് അൽപ നേരം അതിൽ കയറി നിൽക്കും. അപ്പോൾ കാലിന് അൽപം ആയാസം ലഭിക്കും. വീണ്ടും നടത്തം.ചെറുകുന്നിൽ റോഡുണ്ട്. അപൂർവമായി ഒന്നോ രണ്ടോ കാറുകൾ കടന്നു പോകും.ആദ്യമായി വാഹനങ്ങൾ കണ്ടത് അവിടെ വെച്ചാണ്.
എട്ടാം തരം വരെ പഠിച്ചത് മാട്ടൂൽ മുസ്ലിം സ്‌കൂളിലാണ്. ആവശ്യത്തിന് അധ്യാപകരോ സൗകര്യങ്ങളോ ഇല്ലാത്ത സ്‌കൂളിലെ പഠനമൊക്കെ പേരിന് മാത്രമായിരുന്നു. എന്നാൽ ചെറുകുന്ന് ഹിന്ദു ബോഡ്സ് കൂളിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. നല്ല അധ്യാപകരും സൗകര്യങ്ങളുമുണ്ടെങ്കിലും അക്കാലത്തെ മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തോടുള്ള മനോഭാവം കാരണം ആകെ മൂന്ന് മുസ്ലിം കുട്ടികളെ ഉണ്ടായിരുന്നുള്ളൂ പഠിക്കാൻ. സമപ്രായക്കാരെല്ലാം പഠനം ഉപേക്ഷിച്ച് കൂലിപ്പണികളിൽ ഏർപ്പെട്ട കാലം.
ചുറ്റുമുള്ള മനുഷ്യർ പാടത്തും പറമ്പിലും പണിയെടുത്ത് അരിഷ്ടിച്ച് ജീവിച്ചു പോകുന്നു. വളപട്ടണം പുഴയിൽ ചൂണ്ടയിട്ടും മണൽ വാരിയും മരപ്പണിയെടുത്തും കഴിഞ്ഞു കൂടുന്നവരുമുണ്ട്. ദാരിദ്ര്യം തന്നെയാണ് അക്കാലത്തിന്റെ പ്രത്യേകത.എങ്കിലും മനുഷ്യർ പരസ്പരം സ്നേഹത്തിൽ കഴിഞ്ഞു. സന്തോഷങ്ങൾ നാടിന്റെ ആഘോഷങ്ങളായിരുന്നു. ഇതിനപ്പുറമുള്ള ലോകത്തെ കുറിച്ചതായിരുന്നു കോയ സാഹിബിന്റെ ചിന്തകൾ. കണ്ണൂരിലും തലശ്ശേരിയിലുമൊക്കെയുള്ള പലരും മലേഷ്യയിലും ബർമയിലും സിങ്കപ്പൂരിലുമൊക്കെ പോയി കച്ചവടങ്ങളിലും മറ്റും ഏർപ്പെടുന്നതായി കേട്ടിട്ടുണ്ട്. വേറെ ചിലർ ബോംബെയിലും മദിരാശിയിലുമൊക്കെ പോയി ജീവിക്കുന്നു.ഗൾഫിനെ കുറിച്ചൊന്നും അന്നത്ര ഖ്യാതി ഇല്ല.,ഇംഗ്ളീഷ് പഠിപ്പിക്കുന്ന കണ്ണൻ മാഷാണ് പുസ്തകങ്ങൾ കൊടുത്ത് വായിക്കാൻ പ്രേരിപ്പിച്ചത്. ഇംഗ്ളീഷ് പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കൽ ഒരു ശീലമാക്കി.ഒഴിവ് സമയങ്ങൾ നാട്ടിലെ മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിന്റെ പേരിലുള്ള ലൈബ്രറിയിൽ വായനയിൽ മുഴുകിയിരുന്നു.
എങ്ങനെയെങ്കിലും നാട് വിടണമെന്ന ചിന്ത മനസ്സിൽ കയറിയത് അക്കാലത്താണ്. വീട്ടിൽ ഏഴ് മക്കളാണ്.നാല് ആണും മൂന്ന് പെണ്ണും. പക്ഷെ കൗമാരക്കാരന്റെ ആവേശത്തിന് ആരും യോജിപ്പ് പ്രകടിപ്പിച്ചില്ല.ബോംബെയിലേക് ക് നാട് വിടാനുള്ള ഒരു ശ്രമം പരാജയപ്പെട്ടു. സ്‌കൂൾ പഠനം തുടർന്നു. അന്നത്തെ പതിനൊന്നാം ക്ലാസ് പാസായി.സർക്കാർ ജോലിയൊന്നും എളുപ്പമല്ല. വയസ്സ് പത്തൊമ്പത് കഴിഞ്ഞു.നാട് വിടലിനുള്ള അർദ്ധസമ്മതം കിട്ടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കുടുംബാങ്ങങ്ങളെ പിരിഞ്ഞ് മദിരാശിയിലേക്ക് വണ്ടി കയറി. അവിടെ നാട്ടുകാരനായ മൂസാഹാജിയുടെ പ്ലാസ്റ്റിക് കമ്പനിയിൽ രണ്ട് വർഷം ജോലി ചെയ്തു.മദ്രാസിൽ നിന്ന് സിംഗപ്പൂരിലേക്ക് കപ്പലുകൾ സർവീസ് നടത്തുന്നുണ്ട്. വിമാനമൊക്കെ പണക്കാർക്ക് പോലും ചിന്തിക്കാൻ പറ്റാത്ത കാലം.
1953 ജൂൺ 24ന് മദ്രാസ് തുറമുഖത്ത് നിന്ന് സിങ്കപ്പൂരിലേക്കുള്ള ജലഗോപാൽ എന്ന കപ്പലിൽ ടിക്കറ്റെടുത്തു. ഭാഗ്യാന്വേഷികളായ അനേകം മലയാളികൾക്കൊപ്പം സ്വപനങ്ങളെയെല്ലാം കൂടെ കൂട്ടി കോയക്കുട്ടി എന്ന കൗമാരക്കാരനും.
ദീർഘമായ യാത്രക്കൊടുവിൽ സിങ്കപ്പൂരിലെത്തി.തലശ്ശേറിക്കാ ർ പലരും ചെറിയ ഹോട്ടലുകളും കഫറ്റേരിയകളും ഗ്രോസറി ഷോപ്പുകളും നടത്തുന്നുണ്ട്. ഒരു ചെറിയ ഹോട്ടലിൽ കോയ സാഹിബ് ജോലിക്ക് ചേർന്നു. പഠിക്കാനും വായിക്കാനും സമയം കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. ഒഴിവ് സമയങ്ങളിൽ ഉറങ്ങാൻ കിട്ടുന്ന ഇടവേളകളിൽ പുസ്തകങ്ങൾക്ക് പിന്നാലെ പോയി. നൂറ് ഇന്ത്യൻ രൂപക്ക് അറുപത് സിങ്കപ്പൂർ ഡോളർ മൂല്യമുള്ള കാലത്തും ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.
രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് മണി വരെ പോലീസ് കാന്റീനിൽ കാഷ്യറായി ജോലിയെടുക്കും. അത് കഴിഞ്ഞാൽ പഠനം. ബ്രിട്ടീഷുകാർ നടത്തുന്ന സ്ഥാപനത്തിൽ ചേർന്ന് ബുക്ക് കീപ്പിംഗ് (അകൗണ്ട്സ്) പഠിക്കാൻ തുടങ്ങി. ബാക്കി സമയം ടൈപ്പ് റൈറ്റിങ് പരിശീലനം. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട് ഓഫ് സെക്രട്ടറീസിൽ നിന്ന് ബിരുദം നേടി. ഇംഗ്ളീഷ് ഭാഷാ പഠനം ഉന്നത ജോലിയിലേക്കുള്ള വഴി എളുപ്പമാക്കി. വിവിധ ഇൻഷുറൻസ് കമ്പനികളിലും അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥാപനങ്ങളിലും സേവനം ചെയ്തു. ഇതിനകം സിങ്കപ്പൂരിന് സ്വാതന്ത്ര്യം ലഭിച്ചു. മലേഷ്യ രൂപീകൃതമായി. കോയക്കുട്ടി സാഹിബ് മലേഷ്യൻ പൗരത്വം സ്വീകരിച്ച് മലേഷ്യയിലെ സെൻട്രൽ ബാങ്കായ ബാങ്ക് നഗാരയിൽ നീണ്ട 25 വർഷങ്ങൾ ഉന്നത തസ്തികകളിൽ സേവനം ചെയ്തു.1958ൽ നാട്ടിലെത്തിയപ്പോൾ നാട്ടുകാരിയും ബന്ധുവുമായ ഫാത്തിമ ബീവിയെ വിവാഹം ചെയ്തു. നാല് മക്കൾ പിറന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ മലയാളം അവരുടെ "അടുക്കള ഭാഷയിലൊതുങ്ങി". നാല് പേരും മലേഷ്യയിലെ വിവിധ സർക്കാർ തസ്തികകളിൽ ഉന്നത ഉദ്യോഗസ്ഥരാണ്. അന്യ ദേശങ്ങളിൽ ചേക്കേറുന്ന മലയാളികളുടെ അടുത്ത തലമുറ മലയാളവും കേരളവും മറക്കുന്നതിന്റെ പരിഭവങ്ങൾ അദ്ദേഹത്തിന്റ വാക്കുകളിൽ നിഴലിച്ചു.
എഴുത്തുകാരൻ.പ്രസാധകൻ
സിംഗപ്പൂരിലെ രാത്രികാല പഠനത്തിനിടെയാണ് ഇംഗ്ളീഷ് വായന വീണ്ടും സജീവമായത്. അപൂർവമായി ലഭിച്ച ഇസ്‌ലാമിക പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് കേരളം വിട്ട ശേഷം വീണ്ടും മതപരമായ പഠനങ്ങളിലേക്ക് നയിച്ചത്. ലോക മുസ്ലിം സമൂഹത്തിന്റെ ചലനങ്ങൾ നിരീക്ഷിച്ച് റീഡിങ് ഇൻ ഇസ്‌ലാം എന്ന മാഗസിൻ ആരംഭിച്ചു. പല ലേഖനങ്ങളും വിവർത്തനം ചെയ്ത് സ്വയം ടൈപ്പ് ചെയ്ത് അഞ്ഞൂറ് കോപ്പികൾ വീതം പ്രസിദ്ധീകരിക്കും. സാമ്പത്തിക ലാഭം ലക്ഷ്യമല്ല. താൻ വായിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് എത്തിക്കുകയായിരുന്നു മുഖ്യം. ഇറാൻ വിപ്ലവ കാലത്ത് മാഗസിൻ കൂടുതൽ ശ്രദ്ദിക്കപ്പെട്ടു. ഇപ്പോഴത്തെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മുഹമ്മദലി ക്ലേ തുടങ്ങിയ പലപ്രമുഖരും അദ്ദേഹത്തിന് പിന്തുണ നൽകി. 1993ൽ റിട്ടയർ ചെയ്തതോടെ കൂടുതൽ സമയം എഴുത്തിനും വായനക്കും പ്രസാധനത്തിനുമായി നീക്കി വെക്കാനായി. പ്രമുഖ പത്രമായ "ഹറാറ"ക്ക് വേണ്ടിയും ലേഖനങ്ങൾ എഴുതിത്തുടങ്ങി. ആ സമയത്താണ് പുസ്തക പ്രസാധനം എന്ന ആശയകുടിക്കുന്നത്.
25 വർഷങ്ങൾക്ക് മുമ്പ് ഐബിടി ബുക്സ് എന്ന സ്ഥാപനത്തിലൂടെ ഇംഗ്ലീഷ് വയനക്കാർക്ക് മുന്നിൽ വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറന്നിടാൻ കോയക്കുട്ടി സാഹിബ് മുന്നോട്ടു വന്നു. അതൊരു വൻ വിപ്ലവമായിരുന്നു.ലാഭേച്ഛയില്ലാ ത്ത എൻ ജി ഓ എന്ന രീതിയിൽ ലോകത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക പുസ്തക പ്രസാധകരാകാൻ ഇതിനകം ഐബിടിക്ക് സാധിച്ചു. മൗലാനാ ആസാദിന്റെ ദി ഓപ്പണിങ് ചാപ്റ്റർ ഓഫ് ഖുർആൻ ആയിരുന്നു ആദ്യ പുസ്തകം. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട അല്ലാമാ അബ്ദുല്ല യൂസഫലിയുടെ ഖുർആൻ പരിഭാഷ ഇംഗ്ലീഷ് വയനക്കാർക്ക് സുപരിചിതമാക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. വിഖ്യാദ കൃതികളായ ഇഹ്‌യാ ഉലൂമുദ്ദീൻ ഇബ്നു അറബിയുടെ ഫുതൂഹാത് തുടങ്ങി മുന്നൂറിലധികം ഗ്രന്ദങ്ങൾ ഇംഗ്ളീഷ് വായനക്കാർക്ക് ഇതിനകം പരിചയപ്പെടുത്തി.അമേരിക്ക,ബ്രി ട്ടൻ,യൂറോപ്പ്,ആസ്‌ട്രേലിയ,കാനഡ തുടങ്ങി എല്ലാ രാജ്യങ്ങളിലും സ്ഥിര വായനക്കാരുണ്ട്. പലരും അദ്ദേഹവുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ട്. അമേരിക്കയിലെയും സിംഗപ്പൂരിലെയും മറ്റും ജയിലുകളിലേക്ക് ഓരോ വർഷവും ഖുർആൻ പരിഭാഷയടക്കമുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാറും അദ്ദേഹത്തിനുണ്ട്.ഓൺലൈൻ മുഖേനയും പുസ്തകങ്ങൾ ലഭ്യമാണ്.
തൊണ്ണൂറാം വയസ്സിലും ഹാജി കോയക്കുട്ടി കർമ്മ നിരത്താനാണ്. അടുത്ത അഞ്ച് വർഷത്തേക്കുള്ള കൃത്യമായ പദ്ധതികൾ അദ്ദേഹത്തിനുണ്ട്. നാലോ അഞ്ചോ വർഷം കൂടുമ്പോൾ നാട്ടിലെത്തും. കുടുംബാംഗങ്ങളെ സന്ദർശിച്ച് മടങ്ങും. അതാണ് കഴിഞ്ഞ എഴുപത് വർഷത്തെ നാടുമായുള്ള ബന്ധം. ഇക്കാലയളവിൽ ഒരിക്കൽ പോലും അദ്ദെഅഹത്തിന് നാട്ടിൽ പെരുന്നാള് കൂടാൻ ഭാഗ്യമുണ്ടായിട്ടില്ല. ഒരിക്കൽ വന്നപ്പോൾ റബീഉൽ അവ്വൽ മാസമായിരുന്നു.നബിദിനവും മൗലിദ് പരിപാടികളും ഭക്ഷണവിതരണവുമൊക്കെയായി ആ അവധിക്കാലം അദ്ദേഹത്തിന് നവ്യാനുഭവമായിരുന്നു.
ഒരു സഹോദരി ഒഴികെ കൂടെപ്പിറപ്പുകളെല്ലാം ഇതിനിടെ വിടപറഞ്ഞു.തലമുറകൾ രണ്ടും മൂന്നും പിറന്നു.കുടുംബാംഗങ്ങൾ വർദ്ദിച്ചു.വീടുകളുടെ എണ്ണം പെരുകി. പഴയ നാട്ടു വഴികൾ റോഡുകളായി ,അതിലൂടെ ഓരോ വീട്ടിലേക്കും കാറുകളും ബൈക്കുകളും പാഞ്ഞു പോകുന്നു.എങ്കിലും പ്രവാസിയോടുള്ള നാട്ടുകാരുടെ മാനസികാവസ്ഥ മാത്രം ഇപ്പോഴും പഴയ പടി നിലനിൽക്കുന്നുവെന്ന് കോയ സാഹിബ് പാതി തമാശ ചേർത്ത് പറഞ്ഞു.
ഇത്തവണ ഒരാഴ്ചയോളമാണ് അദ്ദേഹം നാട്ടിൽ ചെലവഴിച്ചത്. കോഴിക്കോട് യൂണിവേഴ്‌സിറ്റി,മർകസ് നോളജ് സിറ്റി,ഫാറൂഖ് കോളേജ്, കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയിരുന്നു. ഏഴ് പതിറ്റാണ്ട് കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗവും അടിസ്ഥാന സൗകര്യങ്ങളും ഏറെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ കൊണ്ട് കടൽ കടന്നവരിൽ നിന്ന് ജീവിത സൗകര്യങ്ങൾ കൊണ്ട് കടൽ കടക്കുന്നവരാണ് പുതിയ മലയാളികൾ. വേറിട്ട വഴികളിൽ ഇനിയും ഏറെ ചെയ്ത് തീർക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഇപ്പോഴും ശ്രമം നടത്തുന്ന ഈ ഇന്റർനാഷണൽ മലയാളിയിൽ നിന്ന് നാം ഇനിയുമേറേ പഠിക്കേണ്ടതുണ്ട്.
റശീദ് പുന്നശ്ശേരി
https://www.doolnews.com/author/rasheed-punnassery
0 comments:
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ