
കുത്തനെയുള്ള കയറ്റവും വളവുകളുമാണ് ജബല്‍ അഖഌറിലേക്കുള്ള മലമ്പാതയെ വന്യമാക്കുന്നത്. നിരവധി മലകള്‍ക്കിടയിലൂടെ തീര്‍ത്ത പാതകളുടെ ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ചുരം റോഡിലെ വ്യൂ പോയിന്റുകളില്‍ നിന്ന് താഴെയുള്ള ഗ്രാമങ്ങളുടെ ഭംഗി നുകരും. മലകയറും തോറും 40 ഡിഗ്രിയില്‍ നിന്ന് താപനില താഴ്ന്നു വരുന്നതു കാണാം. ഒരു മണിക്കൂറോളം നീണ്ട യാത്ര എത്തിച്ചത് നിരവധി മലകള്‍ക്കു നടുവിലെ ഒരു ചെറു ഗ്രാമത്തിലേക്കാണ്.
ഒരു പെട്രോള്‍ പമ്പും നാലോ അഞ്ചോ കടകളും സര്‍ക്കാര്‍ കാര്യാലയങ്ങളും പോലീസ് സ്റ്റേഷനും മറ്റുമുള്ള ചെറിയൊരു അങ്ങാടി പിന്നിട്ടപ്പോള്‍ നാലു വശത്തേക്കും റോഡുകള്‍ ഇറക്കമിറങ്ങുകയായി.
സമയം ഉച്ചക്ക് 12ന് താപനില 25 ഡിഗ്രി സെല്‍ഷ്യസ്. ഒമാന്‍ റോയല്‍ പോലീസ് സേനയുടെയും ഒമാന്‍ ടി വിയുടെയും മറ്റും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിന്നിട്ട് കുന്നിറങ്ങി ചെന്നത് 'അല്‍ ഖീസ്' എന്ന ഗ്രാമത്തിലേക്കാണ്. നാഗരികതയുടെ കടന്നുകയറ്റങ്ങള്‍ കോണ്‍ക്രീറ്റ് ഭവനങ്ങളില്‍ മാത്രമൊതുങ്ങുന്ന വശ്യസുന്ദരമായ ഗ്രാമം. വീടുകളില്‍ നിന്ന് പുറത്തേക്ക് തള്ളി നില്ക്കുന്ന മരക്കൊമ്പുകളില്‍ കായ്ച്ചുനില്ക്കുന്ന ചുവന്ന പഴവര്‍ഗങ്ങള്‍ കണ്ടപ്പോള്‍ നാവില്‍ കൊതിയുടെ തിരയിളക്കം തുടങ്ങി.
ഗ്രാമ കവാടത്തില്‍ വാഹനമൊതുക്കി ക്യാമറയും തൂക്കി ഞങ്ങള്‍ നടന്നു തുടങ്ങി. സന്ദര്‍ശകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. ഒമാനിലെ സാധാരണ കര്‍ഷകര്‍ താമസിക്കുന്ന ചെറിയ ചെറിയ നിരവധി ഗ്രാമങ്ങളാണ് ജബല്‍ അഖ്ദറിലുള്ളത്. അല്‍ ഗൈല്‍, അല്‍ അഖാര്‍, ശറീജ തുടങ്ങിയ ഇടങ്ങളിലെല്ലാം മലഞ്ചെരുവിലെ കൃഷിയിടങ്ങള്‍ സജീവമാണ്.
തുറന്നു കിടക്കുന്ന വഴിയിലൂടെ മുന്നോട്ടു നീങ്ങവേ ഇരുവശങ്ങളിലും കമ്പിവേലികള്‍ തുളച്ച് പുറത്ത് ചാടാന്‍ വെമ്പി നില്ക്കുന്ന റുമ്മാന്‍ (അനാര്‍) പഴങ്ങളാണ് എതിരേറ്റത്. മരുഭൂമിയിലെ ഏറ്റവും നയനാനന്ദകരമായ കാഴ്ച എക്കാലവും മരുപ്പച്ചകള്‍ തന്നെ ആയിരുന്നുവല്ലോ? തുടുത്തു പഴുത്തു നില്ക്കുന്ന റുമ്മാന്‍ പഴങ്ങള്‍ നിറഞ്ഞ വലിയൊരു തോട്ടത്തിലേക്കുള്ള പാതയായിരുന്നു അത്. തുറന്നു കിടക്കുന്ന കുഞ്ഞു വാതിലിലൂടെ അകത്തു പ്രവേശിച്ചതും മരുഭൂമിയിലാണീ ലോകമെന്നും വിശ്വസിക്കുക പ്രയാസകരമായിരുന്നു. അറബ് ചരിത്രത്താളുകളിലെവിടെയോ വായിച്ച റുമ്മാന്‍ തോപ്പും 'അബു സയ്യാദു'മെല്ലാം ഓര്‍മയില്‍ തെളിഞ്ഞു.തട്ടുകളായി തിരിച്ച കൃഷിയിടത്തില്‍ റുമ്മാനിനു പുറമെ, അക്കിപ്പഴം, മുന്തിരി, പ്രത്യേകതരം പഴം എന്നിവയെല്ലാം കാണാം. ആക്രാന്തം മൂത്തപ്പോള്‍ വഴിയില്‍ കണ്ട ഒമാനിയോട് തിരക്കി. 'ഈ തോട്ടം ആരുതേടാണെന്ന്?' ഉടമസ്ഥന് സ്ഥലത്തില്ലെന്നറിഞ്ഞത് നിരാശക്കിടയാക്കിയെങ്കിലും വീണു കിടക്കുന്ന പഴങ്ങള്‍ പെറുക്കി ഭക്ഷിക്കാന്‍ തുടങ്ങി. പക്ഷെ, അതിനു വേണ്ടത്ര രുചി പോരായിരുന്നു.
ചെറിയൊരു കൈത്തോട്ടില്‍ നിന്നും ശക്തമായി നീരൊഴുക്കു കണ്ടു. പിന്നെ അതിന്റെ ഉറവിടം തേടി തോട്ടത്തിലൂടെ മുകളിലേക്കു നടന്നു. എങ്ങും റുമ്മാന്‍ പഴങ്ങള്‍ ഞങ്ങളെ നോക്കി ചിരിച്ചു. ഒരിടത്ത് രണ്ട് ഒമാനി യുവതികള്‍ തോട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ അലക്കുന്നത് നാടിനെ ഓര്‍മിപ്പിച്ചു.
അവര്‍ കാണിച്ചു തന്ന വഴിയിലൂടെ വീണ്ടും കുന്നു കയറി എത്തിയത് ഒരു ജലശേഖരണിക്കരികത്താണ്. ബംഗാളിയായ മുഹമ്മദ് ഞങ്ങള്‍ക്ക് ഈ പ്രദേശത്തെ കുറിച്ചു പറഞ്ഞു തന്നു. മലക്കപ്പുറമുള്ള 'ഫലജ്' (നീര്ചോല) യില്‍ നിന്നാണ് വെള്ളം പമ്പു ചെയ്യുന്ന്ത്. സെപ്തംബര്‍, ഒക്ടോബര്‍ മാസത്തിലാണത്രെ റുമ്മാന്‍ പാകമാകുന്നത്. ഇത്തവണ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ ഫലങ്ങള്‍ പൊട്ടിപ്പിളര്‍ന്നു കേടായി വീഴുന്നുണ്ട്. വെറുതെയല്ല നേരത്തെ കഴിച്ചതിനൊരു ചവര്‍പ്പ് രുചി. മുഹമ്മദ് ഏകദേശം പാകമായ റുമ്മാന്‍ പഴങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. വര്‍ഷങ്ങളായി ഇവിടത്തെ തോട്ടക്കാരനാണിദ്ദേഹം.
നട്ടുച്ചയോ വെയിലോ ഒന്നും ഏശാത്ത കുന്നിറങ്ങി വരുമ്പോള്‍ മുന്നില്‍ മനോഹരമായൊരു പള്ളി കണ്ടു. പഴയകാല പ്രൗഢി വിളിച്ചറിയിക്കുന്ന കല്ലുകളില്‍ തീര്‍ത്ത പള്ളി. പ്രാര്‍ഥന കഴിഞ്ഞ് അവിടെ വിശ്രമിക്കാനിരുന്നപ്പോള് സുഖ ശീതളമായ നിദ്ര മാടിവിളിക്കാന്‍ തുടങ്ങിയതോടെ ഇറങ്ങി നടന്നു.
വിശപ്പു മാറാന്‍ വല്ലതും കിട്ടുമോ എന്നന്വേഷിച്ചാണ് ഒരു കടയിലേക്കു ചെന്നത്. ചന്ദ്രനില്‍ ചെന്നാലും മലയാളി കാണുമെന്നത് അന്വര്ഥമാക്കിക്കൊണ്ട് 'മാതൃഭൂമി'യുടെ കലണ്ടര്‍ ഹോട്ടലിന്റെ ചുവരില്‍ തൂങ്ങിക്കിടക്കുന്നു. ആറു മാസത്തോളമായി ഇവിടെ ജോലി ചെയ്യുന്നെങ്കിലും കൊല്ലം സ്വദേശിയായ പ്രവാസിക്ക് ഇവിടത്തെ കാഴ്ചകളെ കുറിച്ചൊന്നും അറിയില്ല. തൊട്ടടുത്ത കടയെ ഒമാനിയായ ഇബ്രാഹീം ഞങ്ങളുടെ കൂടെ വന്നു.
ജബല്‍ അഖ്ദര്‍ ഹോട്ടലിനടുത്തെ കുന്നിലേക്കാണ് ഇബ്രാഹീം ഞങ്ങളെ കൊണ്ടു പോയത്.
ഒരു കിണറു വക്കില്‍ നിന്ന് താഴേക്ക് നോക്കുന്ന പ്രതീതിയായിരുന്നു ആ കാഴ്ച സമ്മാനിച്ചത്. ഒരു കാലടിക്കപ്പുറം അഗാഥമായ ഗര്‍ത്തത്തിലെ താഴ്വരകള്‍. പച്ച പുത്തച്ച തട്ടുകളായി കിടക്കുന്നു. കൃഷിയിടങ്ങള്‍ ആകാശത്തിനു താഴെ ഭൂമിക്കു മുകളില്‍ നിന്ന് മറ്റൊരു ഭൂമിയെ നോക്കിക്കാണുന്ന അനുഭവം എത്ര ദൃശ്യസുന്ദരം. എങ്ങിനെയാണ് ആ കാഴ്ച വിവരിക്കേണ്ടതെന്നറിയില്ല. ജീവിതത്തില്‍ കണ്ട പ്രകൃതിയുടെ ഏറ്റവും വശ്യമായ രൂപങ്ങളില്‍ ഒന്നെന്ന് ഒറ്റവാക്കില്‍ പറയാം. ജബല്‍ അഖഌ എന്ന പദര്‍ത്തിനര്‍ഥം ഇതാ കണ് മുമ്പില്‍. നിരവധി ഗ്രാമങ്ങളാണ് താഴ്വരയിലുള്ളത്. അവയില്‍ ഏറ്റവും താഴെയുള്ള ഒന്നിലേക്ക് ചൂണ്ടി ഇബ്രാഹീം പറഞ്ഞു: അവിടെയാണെന്റെ ഗ്രാമം.
അവിശ്വസനീയതയോടെ ഞങ്ങള്‍ ആ മുഖത്തേക്ക് നോക്കി. ഇബ്രാഹീമിന്റെ പൂര്‍വ പിതാക്കളില്‍ എത്ര പേര് പുറം ലോകം കണ്ടിട്ടുണ്ടായിരിക്കുമെന്നായിരുന്നു മനസിലുയര്‍ന്ന ചിന്ത. റോഡും വാഹനങ്ങളുമൊക്കെ മല കീഴടക്കും മുമ്പ് ഇവിടെ ജീവിച്ചിരുന്നവര്‍ ദുര്‍ഘഢമായ പാതകള്‍ താണ്ടി പ്രകൃതിയോട് മല്ലിട്ടും ഇവിടെ ആരംഭിച്ച് ഇവിടെ തന്നെ ഒടുങ്ങിയ എത്ര തലമുറകള്‍ കാണും? ഇബ്രാഹീം കാണിച്ച വഴിയിലൂടെ കുന്നിറങ്ങി ദുര്‍ഘഢമായ ഒറ്റയടിപ്പാതയിലൂടെ രണ്ടു കുന്നുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഒരു കൃഷിയിടത്തിലെത്തി. അവിടെ മനോഹരമായൊരു നീര്‍ച്ചോല കണ്ടു. ഇത്തരം 'ഫലജു'കളില്‍ നിന്നാണ് കൃഷിക്കുവേണ്ട വെള്ളം ശേഖരിക്കുന്നത്. കൈതോട്ടുകളിലൂടെ അത് ഒഴുകിക്കൊണ്ടിരിക്കുന്നു.
റോസ് വാട്ടര്‍ നിര്‍മാണത്തിനും ഏറെ പ്രസിദ്ധമാണ് ജബല്‍ അഹ്ദറിലെ ഗ്രാമങ്ങള്‍. 1957-59 കാലഘട്ടത്തില്‍ ബ്രിട്ടീഷ്, സഊദി സേനകള്‍ക്കെതിരെ ഒരു യുദ്ധവും മേഖലയില്‍ അരങ്ങേറിയിട്ടുണ്ട്. വാദിഗുല്‍ വാദി മിസ്തല്‍ തുടങ്ങിയ താഴ്വരകളാണ് ഇവിടത്തെ മറ്റ് മുഖ്യ ആകര്ഷണങ്ങള്.
ഇബ്രാഹീമിനോടും റുമ്മാന്‍ തോപ്പിനോടും സലാം ചൊല്ലി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരുഭൂമിയിലെ മരങ്ങള്‍ കാണാനായി ഹിദാദ് മല നിരകളിലേക്കായി യാത്ര. അല്‍ ഹജര്‍ മലനിരകളിലെ ആദിവാസി ഗോത്രങ്ങളിലെ കുട്ടികളും സ്ത്രീകളും വഴി നീളെ റുമ്മാന്‍ പഴങ്ങളും മുന്തിരിയും തേനും മറ്റും വില്‍പ്പനക്കു വെച്ച് കാത്തിരിപ്പുണ്ടായിരുന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ ഏക്കറുകളോളം വിസ്തൃതിയുള്ള ഫല വൃക്ഷത്തോട്ടവും പിന്നിട്ട് മലനിരകളുടെ ഭംഗിയാസ്വദിച്ച് ഹിദാദിലെ പാര്‍ക്കിലെത്തി. നൂറ്റാണ്ടുകളുടെ പ്രായമുള്ള മുത്തശ്ശിമരങ്ങളുടെ തണല്‍ പറ്റി നടന്നു. സന്ദര്‍ശകര്‍ക്കായി ഇവിടെ ചെറിയൊരു പാര്‍ക്കും മരങ്ങളെ അടുത്തു കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഒരു പകല്‍ നീണ്ട ഓട്ട പ്രദക്ഷിണം തീര്‍ന്നപ്പോഴും ജബല്‍അഖ്ദറിലെ യഥാര്‍ഥ കാഴ്ചകള്‍ ബാക്കിയിരിപ്പുണ്ടായിരുന്നു. മലനിരകളിലെ മനുഷ്യരുടെ ജീവിതത്തെ അടുത്തറിയാനും പ്രകൃതിയുടെ വിസ്മയകരമായ താളവ്യതിയാനങ്ങള്‍ അനുഭവിക്കാനും മലമ്പാതകള്‍ ഇനിയും നീണ്ടു കിടപ്പുണ്ടായിരുന്നു. നാഗരികതയുടെ ചൂടില്‍ സ്വയം ഇല്ലാതാകുന്ന പ്രവാസികള്‍ക്ക് ജബല്‍ അഖ്ദറിലേക്കൊരു യാത്ര, മനസ് തണുപ്പിക്കുന്ന അനുഭവം തന്നെയാകും.
31 comments:
റശീദ് പുന്നശ്ശേരി, ഇതു വായിച്ചിട്ട് ചൊറിച്ചിലൊന്നും വരുന്നില്ലെങ്കിലും, പറയാതെ വയ്യ..വളരെ നന്നായിരിക്കുന്നു. വിവരണവും ചിത്രങ്ങളും വളരെ മനോഹരം...ജബല്അഖ്ദറിന്റെ ചില ചിത്രങ്ങൾ കണ്ടിട്ട് മരുഭൂമിയാണെന്ന് തോന്നുന്നതേയില്ല..ആശംസകൾ
സുന്ദരമായ ഒരു യാത്രാവിവരണം...
ഇത്തരം യാത്രകള്‍ അനുഭവം തന്നെയാണ്. ആശംസകള്‍
നല്ല യാത്ര
കൂടെ യാത്ര ചെയ്തു .. ചിത്രങ്ങളും വര്‍ണ്ണനകളും ഹൃദയം തൊട്ടു
നന്നായി വിവരണം..ആശംസകൾ...
സസ്നേഹം,
പഥികൻ
ഇത് തീര്‍ച്ചയായും മനം കുളിര്‍പ്പിക്കുന്ന അനുഭവം തന്നെയാണ്. മരുഭൂമിയോടടുത്തു കിടക്കുന്ന ഗ്രാമീണ ഭംഗിയും നീര്‍ച്ചാലുകളും മലയടിവാരങ്ങളും. എല്ലാം ഭംഗിയായി അവതരിപ്പിച്ചു. ചിത്രങ്ങള്‍ വര്‍ണ്ണനക്കു കൂടുതല്‍ മിഴിവേകി.
നല്ല വിവരണം ...അപ്പോള്‍ ഞാന്‍ വന്നിട്ട് ഇത് കാനിചില്ലല്ലോ ഞാന്‍ ആ ഗുഹയില്‍ പോയി പിന്നെ വെള്ളച്ചാട്ടം അവിടെയും പൊയ്.. നിങ്ങള്‍ ഒമാനില്‍ ആണല്ലേ?..
മുന്‍ കൂട്ടി തീരുമാനിക്കാതെയായിരുന്നു ആ യാത്ര . ഒരു വ്യാഴാഴ്ച പൊടുന്നനെ കൂട്ടുകാരന് ഷൌകത്തിനു ഒരു മോഹം . മസ്കത്തില് ഒന്ന് പോകണം. എവിടെക്കെന്നോ എങ്ങനെയെന്നോ ഒന്നും ചോദിക്കാതെ ഞാനും സലീമും കൂട്ടിനു പോകണം. രാത്രി ഒന്നരക്ക് ദുബായില്‍ നിന്നും ഞങ്ങളെയും വഹിച്ച് പുത്തന്‍ ഫോര്‍ വീലര്‍ യാത്രയാരംഭിച്ചതും എന്റെ കണ്ണുകള്‍ നിദ്രയുടെ പിടിയില്‍ പാതിയടഞ്ഞു തുടങ്ങിയിരുന്നു. മുന്നൂറു കിലോ മീറ്ററിലധികം ദൂരമുണ്ട് ദുബായില്‍ നിന്ന് മസ്കറ്റിലേക്ക്. ഒരു മണിക്കൂര്‍ കൊണ്ട് ഹത്തയിലെ അതിര്‍ത്തി യിലെത്താം.
യഥാര്‍ത്ഥ ഒമാനിലേക്ക് പ്രവേശിക്കും മുമ്പ്. യു എ ഇ ക്കകത്ത് തന്നെ പണ്ട് ബ്രിടീഷുകാര്‍ ഓഹരി വച്ചു നല്കി്യ വകയില്‍ ഒമാനിന്റെ ചില ഭാഗങ്ങളുണ്ട്. ഇപ്പോഴിവിടെ ഇരു രാജ്യങ്ങളും ചെക്ക് പൊയന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹത്തയിലെ ഒമാന്‍ എമിഗ്രേഷനില്‍ നിന്നും അമ്പത് ദിര്ഹംൊ നല്കിറയാല് പതിനഞ്ചു ദിവസത്തെ വിസ അടിച്ചു കിട്ടും.ഒമാനിലെ ദേശീയ പാതയില്‍ ആദ്യം കിട്ടുന്ന പട്ടണമാണ് സോഹാര്‍. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തില്‍ ഒമാനിലെ നഗരങ്ങളും റോഡുകളും ഏറെ മികച്ചതാണ്.
കഥകളുടെ സ്റ്റോക്കും, ഉണര്വിണന്റെ മൂഡും തീര്‍ന്നു തുടങ്ങിയപ്പോള്‍ സോഹാര്‍ പിന്നിട്ട ഒരു ഗ്രാമത്തിലെ ഈന്തപ്പന തോട്ടത്തിനടുത്തു വണ്ടി ഒതുക്കി ഒന്ന് മയങ്ങാന്‍ തീരുമാനമായതോടെ ഞാന്‍ ഹാപ്പിയായി. സീറ്റില്‍ ചാരി കിടന്നതും എനിക്കിരു വശത്തു നിന്നും ഡോള്ബിി ശബ്ദത്തില്‍ കൂര്‍ക്കം വലി മുഴങ്ങി തുടങ്ങി. മനസ്സില്‍ പൊടുന്നനെയാണ് മാസങ്ങള്ക്ക്ി മുമ്പ് സോഹാരില് ഉണ്ടായ കലാപത്തിന്റെ വാര്ത്തി എഴുതിയ ഓര്മ തെളിഞ്ഞു വന്നത് . ഹൈവേയില്‍ ചീറി പായുന്ന വാഹനങ്ങള്‍ ഒഴിച്ചാല്‍ തികച്ചും വിജനമായ പ്രദേശം. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി ഭയപ്പെടുത്താന്‍ മിനക്കെടാതെ ഡ്രൈവിംഗ് സീറ്റില്‍ കയറി ഞാന്‍ വീണ്ടും വണ്ടി വിട്ടു. അകലെ ഒരു ചെറിയ പള്ളിയോട് ചേര്‍ന്ന് വണ്ടി ഒതുക്കി അല്പ്പംറ മയങ്ങി.
നേരം പരപരാ എന്നാണല്ലോ സാധാരണ വെളുക്കുന്നത് . അവിടെയും അങ്ങനെ തന്നെ. ഒരു ചായ കിട്ടിയാല്‍ കുടിക്കാമായിരുന്നു എന്നുണ്ടെങ്കിലും മസ്കറ്റ് എത്താതെ വണ്ടി നിര്ത്തിളല്ലെന്ന് പൈലറ്റ് നേരത്തെ അനൌന്സു ചെയ്തിരുന്നതിനാല്‍ ആ മോഹവും പേറി വഴിയോര കാഴ്ചകളില്‍ മുഴുകിയിരുന്നു.
ക്ര്ഷിയും ആട് വളര്ത്തയലും മറ്റും ഉപജീവന മാര്ഗുമായി ഇന്നും നില നിര്‍ത്തി പോരുന്ന ഏക ഗള്ഫ്മ രാജ്യം ഒരു പക്ഷെ ഒമാന്‍ മാത്രമായിരിക്കും.ഈന്തപ്പനക്ക് പുറമേ വാഴയും, മാവും, പച്ചക്കറികളും,ഗോതമ്പും എന്ന് വേണ്ട നിത്യവശ്യത്തിനുള്ള എല്ലാ കാര്ഷിറക വിഭവങ്ങളും ഇവിടെ ഉണ്ടാക്കുന്നുണ്ട്. വഴി നീളെ അത്തരം തോട്ടങ്ങള്‍ കാണാം. ഒരു കണക്കിന് പറഞ്ഞാല്‍ യു എ ഇ യുടെ തമിഴ്നാടാണ് ഒമാന്‍. ദുബായ് പഴം പച്ചക്കറി മാര്കലറ്റില് ആണ് ഇവിടെ നിന്നുള്ള ഉല്പ്പ ന്നങ്ങള്‍ വിറ്റഴിക്കുന്നത്. ആട്ടിന്‍ കൂട്ടത്തെ തെളിച്ചു കൊണ്ടു പോകുന്ന ഒമാനി സ്ത്രീകളെ കണ്ടാല്‍ തനി മലയാളി മുസ്ലിം സ്ത്രീകള്‍ ആണെന്ന് തോന്നും. ഒമാനി ജനതയും സംസ്കാരവും മലയാളി മാപ്പിളമാരുമായി ഏറെ സമാനതകള്‍ ഉള്ളതാണെന്ന് ചരിത്ര പുസ്തകങ്ങളില്‍ വായിച്ചെടുത്തത് ഓര്മ വന്നു. പൊതുവേ ശാന്തരും സല്സ്വഭാവികളുമാണ് ഒമാനികള്‍.
ഇങ്ങനെയായിരുന്നു തുടങ്ങിയത് ,, പിന്നെ ഗതി മാറ്റി വിട്ടു.
റഷീദ്..ഇവിടെ അലൈന്‍ ഇല് ഉണ്ട് ഒരു ജെബല്‍ അല്‍ ഹഫീത്ത് ..
കുറെ ഉയരത്തില്‍ ആണ്..പക്ഷെ മുകളില്‍ ചെന്നാലും പച്ചപ്പ്
ഒന്നുമില്ല.താഴ്വാരത്തില്‍ ഒരു പാര്‍ക്ക് ഉണ്ട്...
ee രുംമന് തന്നെ അല്ലെ അനാര്‍ എന്ന് പറയുന്ന നമ്മുടെ അത്തിപഴം ?
(pomegranate)...നല്ല വിവരണം..നിസ്വ വരെ വന്നിട്ടുണ്ട്..ഈ സ്ഥലതെപറ്റി
കേട്ടിരുന്നില്ല അന്നു...
മരുപ്പച്ചയുടെ സുഖം അറിയണമെങ്കിൽ മരുഭൂമിയിൽ ജീവിക്കുക തന്നെ വേണം. തൊട്ടടുത്തുള്ള മനോഹരമായ സ്ഥലത്തെപ്പറ്റി അറിയാത്ത ആ കടക്കാരനെപ്പോലെ തന്നെയാണ് നമ്മൾ എല്ലാവരും. വീടിനടുത്തുള്ള വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളെപ്പറ്റിപ്പോലും കേട്ടിട്ടില്ലാത്തവർ. അതങ്ങനെ തന്നെ വേണം. എന്നാലേ യാത്രകൾ അർത്ഥവത്താകൂ.
അധികം ആരും കടന്ന് ചെല്ലാത്ത ഒരു സ്ഥലത്തെ മനോഹരമായി പരിചപ്പെടുത്തിയതിന് നന്ദി റശീസ്
നല്ല വിവരണം. കുറച്ച് ഫോട്ടോസ് കൂടി ചേര്‍ക്കാമായിരുന്നു.
നല്ല രസമായി വായിച്ചു. ഈ യാത്രാ വിവരണങ്ങളൊക്കെ വായിച്ച് വായിച്ച് ഞാനും ഇവിടെയൊക്കെ പോയിട്ടുള്ളതായി വിചാരിച്ചുകൊള്ളാം.
അഭിനന്ദനങ്ങൾ.
നന്നായിട്ടുണ്ട് ഈ യാത്ര വിവരണം.. ഫോട്ടോസും കൊള്ളാം.. ഞാനും ഒമാനിലെ മുസണ്ടം പോയിരുന്നു.. ആ രണ്ടു ദിവസത്തെ ട്രിപ്പില്‍ തന്നെ ഉറപ്പിച്ചിരുന്നു വീണ്ടും ഒമാനില്‍ പോണമെന്ന്. അത്രയക്ക് മനോഹരമായിരുന്നു ഒമാനിലെ ഓരോ കാഴ്ചയും, ഈ പോസ്റ്റും കൂടി വായിച്ചപ്പോള്‍ ഉറപ്പിച്ചു അടുത്ത ലീവിന് ഒരു ഒമാന്‍ ട്രിപ്പ് കൂടി നടത്തിയിട്ട് തന്നെ കാര്യം.
നല്ല യാത്രാവിവരണം ............എല്ലാ ഭാവുകങ്ങളും...
യാദൃശ്ചികമായാണ് ഈ പോസ്റ്റില്‍ ഞാന്‍ കടന്ന് വന്നത്.എനിക്ക് താങ്കളോട് അസൂയ തോന്നുന്നു ചങ്ങാതീ! ഇത് പോലുള്ള സ്ഥലങ്ങളില്‍ എത്തി ചേരാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണേ!യാത്ര എപ്പോഴും എനിക്ക് ഹരമാണ്. ഇത് പോലുള്ള യാത്രയും ഇതില്‍ വിവരിച്ചത് പോലുള്ള സ്ഥലങ്ങള്‍ കാണാന്‍ കഴിയുന്നതും പരമകാരുണികന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്നാണ് എന്റെ വിശ്വാസം. ചിത്രങ്ങളും മനസിനെ മോഹിപ്പിക്കുന്നു. ഉറുമാന്‍ പഴം കേട്ടറിവ് മാത്രം. അത് കായ്ച്ച് കിടക്കുന്നത് ചിത്രത്തില്‍ കൂടിയെങ്കിലും കാണാന്‍ കഴിഞ്ഞു.നന്ദി സുഹൃത്തേ! ഏറെ നന്ദി.
റഷീദ് ഭായ് !! കൊട് കൈ ..ആ ചിത്രങ്ങള്‍ മാത്രം മതി ....
ഒമാന്‍ "വേറൊരു ദൈവത്തിന്റെ സ്വന്തം നാട് "എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു !! കൊതിപ്പിക്കുന്ന വിവരണം !!
നന്നായിരിക്കുന്നു. ഫോട്ടൊകളും ഇഷ്ടപ്പെട്ടു..
ചിത്രങ്ങളും വിവരണവും മനോഹരം..!!
റുമാന്തോപ്പിലെ കാഴ്ചകള്‍ അതീവ സുന്ദരം. നല്ല വിവരണം
വളരെ നല്ല യാത്രാനുഭവം. നന്നായി വിവരിച്ചിരിക്കുന്നു അവിടെ പോയി കണ്ട പ്രതീതി
>> വീടുകളില്‍ നിന്ന് പുറത്തേക്ക് തള്ളി നില്ക്കുന്ന മരക്കൊമ്പുകളില്‍ കായ്ച്ചുനില്ക്കുന്ന << ??
വളരെ നന്നായിരിക്കുന്നു.. കുറെ പുതിയ കാര്യങ്ങള്‍ അറിയാന്‍ പറ്റി..
ആക്രാന്തം മൂത്തപ്പോള്‍ വഴിയില്‍ കണ്ട ഒമാനിയോട് തിരക്കി. 'ഈ തോട്ടം ആരുതേടാണെന്ന്?'
അയാള്‍ പറഞ്ഞു : തെരിയാതയ്യ..
ഓ..ഈ തെരിയാതയ്യയെ സമ്മതിക്കണം..
ഒപ്പം താങ്കളെയും.. എനിക്കും മോഹം തോന്നുന്നു ഇവിടെയെല്ലാം കാണാന്‍.. ഇത് വായിച്ചു തല്കാലം ദാഹം തീര്‍ക്കുന്നു..
മോഹിപ്പിക്കുന്നു വല്ലാതെ.. എഴുത്തും.. വിവരണവും.
കൂടെ യാത്ര ചെയ്ത പ്രതീതി....
ഫോട്ടോകളും നന്നായി... കുറച്ചു ഫോട്ടോകള്‍ കൂടി ചെര്ക്കായിരുന്നു..
വശ്യമായ വിവരണവും ചിത്രങ്ങളും നന്നായി പുന്നശ്ശേരി മാഷേ
ജബല്‍ അക്തര്‍ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല.... :) ..നിങ്ങള്‍ ദുബായില്‍ നിന്നും വന്നു അത് കണ്ടല്ലേ..ഞാനും കാണും....കഴിഞ്ഞ ഈദിന് ദുബായില്‍ പോയിരുന്നു..പക്ഷെ എനിക്കത്ര ഇഷ്ടായില്ല..ഭയങ്കര തിരക്കും മറ്റും..ആ യാത്രയ്ക്ക് ശേഷം ഞാന്‍ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ട വാചകം :"Dubais Artificial Beauty will Never match to Oman's natural Beauty".. ഒമാനിന്റെ സൌന്ദര്യം വേറെ തന്നെയാണ്....റഷീദ് ഭായ്..നല്ല വിവരണം..ഒമാനില്‍ ജബല്‍ അഖ്തര്‍ മാത്രമേ പോയുള്ളൂ?
അഭി പറഞ്ഞത് വളരെ ശരി ആണ്..
രണ്ടും രണ്ടു ദിശയില്‍ ഉള്ള അനുഭവം
ആണ്...ഇവിടെ തന്നെ (UAE ) മറ്റേതു
emiratesil നിന്നു വരുന്നവര്‍ക്കും അതെ
പ്രതീതി ആണ്
ദുബായില്‍ എത്തുമ്പോള്‍..
എന്നായിരുന്നു മാഷേ ഈ യാത്ര?
മനോഹരമായിരിക്കുന്നു ചിത്രങ്ങളോട് കൂടിയ ഈ വിവരണം, .. അവസരം കിട്ടിയാല്‍ പോകണം, ഞാന്‍ വിളിക്കാം വിവരങ്ങള്‍ക്ക് വേണ്ടി..
ചിത്രങ്ങളോട് കൂടിയ യാത്രാവിവരണം നന്നായി ....അവിടം പോയി കണ്ടപോലെ തോന്നണു ......
ഒമാന്‍ വിശേഷങ്ങള്‍ കുറിച്ചിട്ട ഈ പോസ്റ്റ് കാണാന്‍ ഇത്ര വൈകിയല്ലോ റബ്ബേ..
വായിച്ചപ്പോള്‍ എന്റെയുള്ളില്‍ എന്തൊക്കെയോ ഒരു ഗൃഹാതുരത്വം ഉരുണ്ടു വന്നു.
അവിടെ ഒരു ദശാബ്ദത്തിലധികം വസിച്ചിട്ടുണ്ട് ഈയുള്ളവള്‍.വൃത്തിയുടെ കാര്യത്തില്‍ ഒമാനിലെ ഗ്രാമങ്ങളും നഗരങ്ങളും ഒന്നിനൊന്ന് മെച്ചമാണ്.
ഈ ജബല്‍ അഖ്തറിനെപ്പറ്റി ഞാനും കേട്ടിട്ടുണ്ട്.ഒരു ഒമാനി സുഹൃത്ത് പറഞ്ഞത് അവിടെ ഒരു ഗ്ലാസ് വെള്ളം പുറത്ത് വെച്ചിട്ടുണ്ടെങ്കില്‍ രാവിലെയാകുമ്പോഴേക്കും ഐസ് ആയിട്ടുണ്ടാകുമെന്നാണ് !
ഏക്കറു കണക്കിന് പരന്നു കിടക്കുന്ന ഫാമുകള്‍ ഒമാനിലെ ഉള്‍പ്രദേശങ്ങളില്‍ സാധാരണമാണ്.
പച്ചപ്പിന്റെ നാട്ടില്‍ നിന്ന് പോയ നമുക്ക് ഇപ്പോള്‍ അതൊക്കെ കാണാന്‍ കഴിയുന്നത് മരുഭൂമിയിലാണ്..
പടച്ചോന്റെ ഓരോ ഖുദ്റത്ത് !!
കുറിപ്പും ചിത്രങ്ങളും ഹൃദ്യം.
വായനക്കാര്‍ക്കെല്ലാം ഹ്ര്ദ്യമായ നന്ദി
കമന്റുകള്‍ തന്നവര്‍ക്ക് സ്നേഹാശംസകള്‍
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ