സ്വപ്‌ന സമാനമായിരുന്നു ആ യാത്ര. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ നിന്ന് ഹിമകണങ്ങള്‍ പെയ്തിറങ്ങുന്ന 'അദൃശ്യ സ്വര്‍ഗത്തിലേക്ക്' വെറും മൂന്നര മണിക്കൂര്‍ നേരത്തെ വിമാന യാത്ര കഴിഞ്ഞ് പറന്നിറങ്ങിയത് രാത്രിയിലായിരുന്നു. കുളിരുള്ള മഴ വര്‍ഷിച്ചു കൊണ്ടിരുന്ന രാവ് പുലര്‍ന്നത് കിളികളുടെ പാട്ടു കേട്ടാണ്. റമദ ഹോട്ടലിന്റെ ജനല്‍ പാളികളിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ മനം കുളിര്‍പ്പിക്കുന്നതായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 20 മുതല്‍ 15 ദിവസങ്ങള്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ചെലവഴിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂനിയന്‍ വൈസ് പ്രസിഡന്റും യു.എ.ഇയിലെ അറിയപ്പെടുന്ന കവയിത്രിയും കോളമിസ്റ്റും പതിനാറോളം കൃതികളുടെ കര്‍ത്താവുമായ അസ്മ അല്‍ സറൂനി വാചാലയാവുകയാണ്.
കവയിത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കേരളം ജന്നത്തുല്‍ ഗാബ്' (അജ്ഞാത സ്വര്‍ഗം) ആണ്. പുറം ലോകമറിയാതെ മറഞ്ഞു കിടക്കുന്ന സ്വര്‍ഗം.
ആഫ്രിക്ക, യൂറോപ്പ്, മലേഷ്യ, വിവിധ അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നിത്യ സന്ദര്‍ശകയായ താന്‍ ആദ്യമായാണ് കേരളത്തിലെത്തിയത്. ചെറുപ്പകാലത്ത് ബോംബെ വരെ പോയിട്ടുണ്ട്. ഇവിടെ എത്താന്‍ വൈകിയതില്‍ ഖേദം തോന്നുന്നു. ഇനിയുമിനിയും അങ്ങോട്ടു തന്നെ പോകണമെന്ന് മനസ് പറയുന്നു. ഹരിത സമൃദ്ധമായ പ്രകൃതി, സ്‌നേഹ സമ്പന്നരായ ജനത, യാത്രയിലുടനീളമനുഭവപ്പെട്ട സന്തോഷകരമായ നിമിഷങ്ങള്‍ അവര്‍ ഓര്‍ത്തെടുത്തു.
കൊച്ചിയില്‍ ചാറ്റല്‍ മഴ കൊണ്ട് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി നടന്നു. മൂന്നു ചക്രമുള്ള റിക്ഷാ വണ്ടി കണ്ടപ്പോള്‍ അതില്‍ സവാരി ചെയ്യാനൊരു പൂതി. അടുത്തു കണ്ട ഒരു വണ്ടിയില്‍ കയറി. ചെറുപ്പക്കാരനായ സമീറിന് അല്‍പമൊക്കെ ഇംഗ്ലീഷ് അറിയാം. 200 രൂപക്ക് രണ്ടു മണിക്കൂര്‍ നേരം നഗരം ചുറ്റിക്കാണിക്കാമെന്നേറ്റു. നേരെ എം ജി റോഡിലേക്ക്. ഉന്തു വണ്ടികളില്‍ നിന്ന് പഴങ്ങള്‍ വാങ്ങി. മുന്തിരിയും വാഴപ്പഴവുമൊക്കെ ഒന്നാന്തരം. ഭര്‍ത്താവും മകള്‍ ഐശയും പേരക്കുട്ടികളായ ഹഫീദിയും സായിദ് ഹിലാമയുമെല്ലാം തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചും കടല കൊറിച്ചും നഗരം ചുറ്റിക്കണ്ടു. വഴിയില്‍ കണ്ട പലരും നന്നായി അറബി സംസാരിക്കുന്നുണ്ട്.
ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണവര്‍. അവരിലൊരാള്‍ ഇവിടെ പോകേണ്ട സ്ഥലങ്ങളെല്ലാം ഒരു കടലാസില്‍ വ്യക്തമായി എഴുതി തന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. തിരികെ ഹോട്ടലില്‍ വിട്ട സമീറിന് 300 രൂപ നല്‍കി. 100 രൂപ തിരികെ നല്‍കിക്കൊണ്ട് പറഞ്ഞു. ഇത് അധികമുണ്ടല്ലോ? 200 ആണ് കൂലി. സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചപ്പോള്‍ മടിയോടെ അയാള്‍ അതു വാങ്ങി. അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചു വെച്ചു. പിന്നീടുള്ള നാലു ദിവസം റിക്ഷാ വണ്ടിയിലായിരുന്നു ഞങ്ങളുടെ യാത്ര.
കേരളത്തിലെ ടാക്‌സിക്കാരോട് മതിപ്പു തോന്നിയ മറ്റൊരനുഭവവും കൊച്ചിയിലുണ്ടായി. ഒരു രാത്രിയില്‍ ടാക്‌സി കാറില്‍ ക്യാമറ വെച്ചു മറന്നു. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ഹോട്ടല്‍ റിസപ്ഷനില്‍ നിന്ന് വിളി വന്നു. നിങ്ങളുടെ ക്യാമറ ഡ്രൈവര്‍ ഇവിടെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന്. റൈറ്റേഴ്‌സ് യൂനിയനില്‍ കഴിഞ്ഞ 30 വര്‍ഷമായി കൂടെ ജോലി ചെയ്യുന്ന് മുഹ്‌യുദ്ദീനടക്കം നിരവധി മലയാളികളെ നേരത്തെ പരിചയമുണ്ട്. അവര്‍ വിശ്വസ്തരാണെന്നതിന് സാക്ഷ്യപത്രത്തിന്റെ ആവശ്യമില്ലല്ലോ?
അതിരപ്പള്ളിയില്‍
കാടിന്റെ വന്യതയില്‍ മനോഹരമായ വെള്ളച്ചാട്ടത്തിനടുത്തെത്തിയപ്പോള്‍ ഈ ലോകത്ത് ഇങ്ങനെയൊരിടമുണ്ടായിരുന്നോ എന്നാണ് തോന്നിയത്. മഴയില്‍ രൗദ്ര രൂപിണിയായ പുഴയില്‍ ചിന്നിച്ചിതറുന്ന പാല്‍ത്തുള്ളികള്‍ കണ്ടു നിന്നതേ മനം കുളിര്‍ത്തു. വാഴച്ചാലിലും സ്ഥിതി മറ്റൊന്നല്ലായിരുന്നു. തണുപ്പുള്ള രാത്രികളും മഴയുള്ള പകലുകളും 'എ സി' എന്ന സങ്കല്‍പ്പം പോലും ആവശ്യമില്ലാത്ത വിധം ഈ നാടിനെ അനുഗ്രഹിച്ചിരിക്കുന്നു. ഇവിടെ പിറന്ന നിങ്ങളൊക്കെ അത്ര ഭാഗ്യവാ•ാര്‍...
ആനപ്പുറത്ത്.
തേക്കടിയിലെ തടാകം കടന്ന് വനത്തോട് ചേര്‍ന്ന കോട്ടേജിലെ നാലു ദിവസങ്ങള്‍ അവിസ്മരണീമായ അനുഭവമായി. നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നകന്ന് വനത്തിന്റെ വന്യതയും ഭംഗിയും നുകര്‍ന്ന്, മൃഗങ്ങളുടെ കാലച്ചൊകള്‍ കേട്ട് പ്രകൃതിയോട് ചേര്‍ന്നു കിടന്ന ദിനങ്ങള്‍. തടാകത്തില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടാനക്കൂട്ടത്തെ കണ്ടു. മാനുകള്‍, മുയലുകള്‍, കുരങ്ങന്മാര്‍, വന്യ മൃഗങ്ങള്‍ വിരഹിക്കുന്ന കാടിനടുത്തു കൂടെയുള്ള ബോട്ട് യാത്ര ഏറെ കൗതുകകരമായിരുന്നു. ആനപ്പുറത്ത് കയറാനൊരു മോഹം. ഭീതിയോടെയായിരുന്നു കയറിയത്. അല്‍പ സമയം നീണ്ടു നിന്ന ആന സവാരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിച്ചു. കടലപ്പൊതിയുമായി നടന്നു പോകവേ കുരങ്ങന്മാര്‍ വന്നു തട്ടിപ്പറിച്ചു കൊണ്ടു പോയി.
തേക്കടിയില്‍ നിന്ന് നേരെ പോയത് നീലഗിരി ശൃംഗങ്ങള്‍ നിറഞ്ഞ മൂന്നാറിലേക്കാണ്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയുള്ള പാതയിലെ യാത്ര തുടങ്ങിയതോടെ മനസും ശരീരവും കൂടുതല്‍ ഉന്മേഷത്തിലായി. യൂനുസ് എന്ന ചെറുപ്പക്കാരന്റെ വാഹനത്തിലായിരുന്നു യാത്ര. മൂന്നാറിലെ മനോഹരമായ റിസോര്‍ട്ടിലെ താമസം പോലും ഏറെ ഹൃദ്യമായിരുന്നു. തേയില ഫാക്ടറിയിലെ സന്ദര്‍ശനവും കുന്നിന്‍ മുകളിലെ പുല്‍മേടുകളില്‍ അലക്ഷ്യ യാത്രകളും മൂന്നാറിനെ ഏറെ പ്രീയപ്പെട്ടതാക്കി.
മെയ്യടക്കത്തിന്റെ അഭ്യാസമായ കളരിപ്പയറ്റ് കാണാനും ഇവിടെ അവസരമുണ്ടായി. ആനപ്പുറത്ത് കയറാന്‍ മൂന്നാറില്‍ ലഭിച്ച അവസരവും കളഞ്ഞില്ല. ദൈവം എത്ര ഉന്നതനാണ്. ഈ നാട്ടുകാരോട് എന്തൊരു കാരണ്യമാണവന്‍ കാണിച്ചത്? അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും കണ്ടു. എവിടെയും പുഞ്ചിരിയോടെ മാത്രം എതിരേല്‍ക്കുന്ന സംസ്‌കാര സമ്പന്നരായ ജനതയെ കണ്ടു. പ്രകൃതി അതിന്റെ മുഴുവന്‍ സൗന്ദര്യവും കാണിച്ച് മാടിവിളിക്കുന്ന മനോഹരമായൊരു ദേശം കണ്ടു. ആതിഥ്യമര്യാദയുടെ മനോഹരമായ കേരളീയ ശൈലി കണ്ടു. തിരികെ മടങ്ങുമ്പോള്‍ മനസ് മന്ത്രിച്ചത് ഇനിയുമിനിയും വരണമെന്നായിരുന്നു.
ബിരിയാണിയും പറോട്ടയും പഴങ്ങളും സുമ്പുഷ്ടമായ പാലും എരിവുള്ള കറികളും കഴിച്ച് ഞങ്ങള്‍ കേരളീയരായി. ആ മണ്ണ് മനസില്‍ നിന്നൊരിക്കലും മായുന്നില്ല. മസാലപ്പൊടികളും ചായപ്പൊടികളും കുങ്കുമപ്പൂവും മറ്റുമായിരുന്നു കേരള യാത്രയില്‍ തിരികെ കൊണ്ടു വന്ന വിഭവങ്ങള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ പായക്കപ്പല്‍ കയറി അറബിക്കടല്‍ താണ്ടി വന്നതും ഇത്തരം നിധികള്‍ തേടിയായിരുന്നുവല്ലോ? അറബ് സംസ്‌കാരവും മലബാറിലെ ജീവിത രീതികളും ഏറെ സാദൃശ്യങ്ങള്‍ നിറഞ്ഞതാണുതാനും.
ചെറുപ്പ കാലം തൊട്ടു തുടങ്ങിയ സര്‍ഗ സപര്യ ജീവിതമാക്കിയ അസ്മ അല്‍ സറൂനി സാഹിത്യ സദസുകളില്‍ ഇന്ന് സജീവ സാന്നിധ്യമാണ്. അല്‍ ഖലീജും അറബി പത്രമടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി ഇവര്‍ കോളങ്ങള്‍ എഴുതുന്നു. 1994 മുതല്‍ ഇതുവരെ 16 പുസ്തകങ്ങള്‍ എഴുതിയ ഇവര്‍ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂനിയന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കൂടിയാണ്.'അജ്ഞാത സ്വര്‍ഗ'ത്തിന്റെ അവകാശികളോടും അധികാരികളോടും ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. ദൈവം അനുഗ്രഹിച്ചരുളിയ സ്വപ്‌ന ഭൂമിയെ കൊല്ലാതിരിക്കുക. ഇലകളും പൂക്കളും നിറഞ്ഞ ഹരിതഭംഗി ഇതുപോലെ നിലനിര്‍ത്താന്‍ തയാറാവുക. നാഗരികതയുടെ അതിപ്രസരങ്ങള്‍ക്കിടനല്‍കാതെ വന്യ ജീവികളോട് മനുഷ്യത്വമുള്ളവരാകുക. മോശമായി ഒന്നും ഒരനുഭവം പോലും ഇവിടെ എനിക്കുണ്ടായില്ല. സഞ്ചാരികളുടെ പറുദീസയായി 'ഖൈര്‍ അല്ല' (ദൈവത്തിന്റെ നന്മ) എന്ന കേരളം വളരുക തന്നെ ചെയ്യും. ഞാന്‍ വീണ്ടും വരും . ചെറുപുഞ്ചിരിയോടെ അവര്‍ പറഞ്ഞു

