Saturday, October 8, 2016

പ്രളയ വാരിധിയില്‍ കാശ്മീര്‍


ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കാനൊരുങ്ങവെയാണ് ഇതെഴുതിത്തുടങ്ങുന്നത്. സെപ്തംബര്‍ 4 വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഇവിടെയെത്തുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന പദ്ധതികളെല്ലാം തകിടം മറിഞ്ഞത് എത്ര പെട്ടെന്നാണ്. നാം നെയാതുകൂട്ടുന്ന സ്വപ്നങ്ങളെയെല്ലാം നിയന്ത്രിക്കുന്ന ദൈവം പ്രകൃതിയില്‍ കാണിക്കുന്ന ഭാവമാറ്റങ്ങള്‍ പ്രവചനാതീതമാണെന്ന ഓര്‍മ്മപ്പെടുത്തല്‍. നൂല്‍ പരുവത്തില്‍ പെയ്യുന്ന മഴയിലേക്കാണ് ആ ദിവസം വിമാനമിറങ്ങിയത്. തണുത്തുവിറച്ച ആ വൈകുന്നേരം മുതല്‍ പേരറിയാത്ത ഏതോ ഒരു കാശ്മീരി സഹോദരന്റെ വാഹനത്തില്‍ ഊടുവഴികളിലൂടെ അതി സാഹസികമായി വിമാനത്താവളത്തിലെത്തിയതു വരെയുള്ള ആറ് ദിവസങ്ങളില്‍ ഓരോ നിമിഷവും കണ്ടുമറന്ന ഏതൊക്കെയോ ബോളിവുഡ് ചിത്രങ്ങളിലെ സീനുകളെ അനുസ്മരിക്കുംവിധമായിരുന്നു വിവരണാതീതമായ കാഴ്ചകളും അനുഭവങ്ങളുമാണ് ആദ്യ കാശ്മീര്‍ യാത്രയില്‍ എതിരേറ്റത്. വീട്ടുകാരുമായി സന്ദേശങ്ങള്‍ കൈമാറിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. ബാരാമുള്ളയിലെ ആര്‍മി ആസ്ഥാനത്ത് സഹായാഭ്യര്‍ത്ഥനയുമായി ചെന്നപ്പോള്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തിയ ചീഫ് കമാന്‍ഡറിന്റെ വാക്കുകളില്‍ പോലും നിരാശാജനകമായ ഉത്തരങ്ങളായിരുന്നു കൂടുതലും. അവിടെയും ടെലഫോണ്‍ ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. അപൂര്‍വമായി ലഭിക്കുന്ന വാര്‍ത്താവിനിമയ ബന്ധങ്ങള്‍ക്കിടയില്‍ വീട്ടിലേക്ക് സന്ദേശമയക്കാമെന്ന് അദ്ദേഹം ഉറപ്പ് തന്നു.

തധലം നദി കരകവിഞ്ഞ് കിലോമീറ്ററുകള്‍ പിന്നിട്ട് 'പട്ടാന്‍' എന്ന സ്ഥലത്തെത്തിയിരിക്കുന്നു. ''ജീല്‍പാലം'' വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. വേഗം പോയാല്‍ ബഡ്ഗാം വഴി വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെയെത്താം. അവിടെ നിന്ന് നടന്നു വേണം വിമാനത്താവളത്തിലെത്താന്‍. എസ്.പി ഓഫീസില്‍ നിന്ന് അദ്ദേഹം ഇത്രയും വിവരങ്ങള്‍ ശേഖരിച്ച് തന്നശേഷം ശുഭയാത്ര നേര്‍ന്ന് യാത്രയയച്ചു. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയില്‍ 60 വര്‍ഷത്തിന് ശേഷം കാശ്മീര്‍ കണ്ട ഏറ്റവും വലിയ പ്രളയമുഖത്ത് നിന്നാണ് ഭീതിയുടെ ആറ് ദിനരാത്രങ്ങള്‍ കടന്നുപോയത്. ബാരാമുള്ളയില്‍ ഞാനടക്കമുള്ള എട്ട് മലയാളികള്‍ക്ക് അഭയം നല്‍കുകയും ഭക്ഷണവും, താമസവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തി സ്വന്തം സഹോദരന്മാരെപ്പോലെ നോക്കുകയും ചെയ്ത ഗ്രാമവാസികളോടും, ജീവകാരുണ്യ സംഘടനയായ ഞ ഇ എ ക യുടെ കീഴില്‍ കാശ്മീരിലെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യാസീന്‍ ഇംഗ്ലീഷ് സ്‌കൂളിലെ മലയാളികളായ അധ്യാപകരോടും യാത്ര പറഞ്ഞ് സ്‌കൂളിന്റെ അമരക്കാരന്‍ കൊല്ലം സ്വദേശി ഡോ.ഷൗക്കത്ത് നഈമിയോടൊപ്പം യാത്ര തിരിച്ചു. അധികദൂരം പിന്നിടും മുമ്പ് തന്നെ ത്ധലം നദി കരകവിഞ്ഞ് ശ്രീനഗറില്‍ നിന്നൊഴുകിത്തുടങ്ങിയ മലവെള്ളം ജീല്‍ ബ്രിഡ്ജിനടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ഇതുവഴിയുള്ള യാത്ര തടസ്സപ്പെടുത്താനിടയുണ്ട്. ഇത് രണ്ടാം തവണയാണ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ശ്രീനഗര്‍ സിറ്റിക്കടുത്തുള്ള സ്‌കൂളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെടാനൊരുങ്ങവെയാണ് അപ്രതീക്ഷിതമായി പുഴവെള്ളം ഒഴുകിയെത്തിയത്. ആവശ്യസാധനങ്ങളെല്ലാം വാഹനങ്ങളിലാക്കി ജീവനുംകൊണ്ട് രക്ഷപ്പെടാനേ അപ്പോള്‍ കഴിഞ്ഞുള്ളൂ. എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലായിരുന്നു. ശ്രീനഗര്‍ പരിസരത്തെ ഒ ങ ഠ എന്നറിയപ്പെടുന്ന കുന്നിന്‍ മുകളിലാണ് അഭയാര്‍ത്ഥികളിലധികപേരും തമ്പടിച്ചിരിക്കുന്നത്. അലാഹീ സാഹിബ് എന്ന കാശ്മീരി സുഹൃത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്താന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. പോകാതിരുന്നത് നന്നായെന്ന് പിന്നീട് തോന്നി. കാരണം ആ കുന്നിന്‍ മുകളിലേക്കുള്ള വഴികളെല്ലാം അടച്ചുകൊണ്ട് പ്രളയജലം ശക്തമായി ഒഴുകുകയാണ്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശക്തമായിരുന്നു. ഇടതടവില്ലാതെ നൂല്‍പരുവത്തില്‍ പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ കാണാന്‍ ചന്തമുണ്ട്. സ്‌കൂളിലെ താമസസ്ഥലത്ത് തന്നെ രണ്ടുനാള്‍ കഴിച്ചുകൂട്ടി. തണുപ്പ് പെട്ടെന്ന് വര്‍ധിച്ചിരിക്കുന്നു. 25 ഡിഗ്രിയില്‍ നിന്ന് മഴയുടെ വരവോടെ 13 ഡിഗ്രിയിലേക്ക് താപനില താഴ്ന്നു.
തദ്ദേശീയരെല്ലാം മുട്ടിനു താഴെയെത്തുന്ന ഓവര്‍കോട്ടുകള്‍ ധരിച്ചിട്ടുണ്ട്. കൈകള്‍ രണ്ടും അകത്താണ്. കൈകളില്‍ 'കാങ്കിടി' എന്ന തണുപ്പകറ്റുന്ന മണ്‍ചട്ടി പിടിച്ചിരിക്കുന്നു. ചൂരല്‍ കൊണ്ടുള്ള കവറിംഗിനകത്തെ മണ്‍ചട്ടിയില്‍ ചുടുകനലുകള്‍ നിക്ഷേപിച്ച് വയര്‍ഭാഗത്തും പിറകിലും മറ്റുമായി പിടിച്ചുനടക്കുന്ന സംവിധാനമാണ് 'കാങ്കിടി'.
ഹിമപാതം, മൈനസ് ഡിഗ്രിയില്‍ തണുപ്പ് നിറക്കുന്ന ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. മഴയുടെ ചെറിയ ഇടവേളയില്‍ നഗരത്തില്‍ ദാല്‍ തടാക പരിസരത്തുകൂടി യാത്ര ചെയ്തു. കടകള്‍ അധികവും മഴകാരണം അടഞ്ഞുകിടപ്പാണ്. നഗരത്തിലൂടെ ഒഴുകുന്ന ത്ധലം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ചില ഭാഗങ്ങളില്‍ വെള്ളക്കെട്ടൊഴിച്ചാല്‍ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. അതേസമയം വിമാനത്താവളത്തില്‍ നിന്നുവരുന്ന ബൈപ്പാസ് റോഡില്‍ ടഗകങട മെഡിക്കല്‍ കോളേജും, ഹജ്ജ് ഹൗസും സ്ഥിതി ചെയ്യുന്ന ഭാഗം ആദ്യദിനംതന്നെ വെള്ളത്തിനടിയിലാണ്. ജനല്‍വരെ ഉയര്‍ന്ന വെള്ളക്കെട്ടിലൂടെ ആളുകളെ ഒഴിപ്പിച്ചുകൊണ്ടുവരുന്നു. മെഡിക്കല്‍ കോളേജിലെ രേഖകളും മറ്റും തോണിയില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ റെഡ്‌ക്രോസ് വളണ്ടിയര്‍മാരും നാട്ടുകാരും രംഗത്തുണ്ട്. വഴിയരികില്‍ തമ്പടിച്ച് വാണിഭം നടത്തുന്ന നാടോടികള്‍ സാധന സാമഗ്രികളുമായി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിത്തുടങ്ങിയിരിക്കുന്നു. ആടുമാടുകളും മറ്റുമായി ആളുകള്‍ നീങ്ങുന്നുണ്ട്. ട്രക്കുകളില്‍ അത്യാവശ്യ സാധനങ്ങള്‍ നിറച്ച് വീടുകളില്‍ നിന്ന് പലായനത്തിനൊരുങ്ങുകയാണ് പലരും.

ഇതിനിടെ പൂഞ്ച് ജില്ലയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളും ചിത്രങ്ങളും വാട്‌സ്അപ്പില്‍ ലഭിച്ചുകൊണ്ടരിക്കുന്നു. പാലം കടക്കുന്നതിനിടെ 68 പേരുമായി അപകടത്തില്‍ പെട്ട ബസ്സിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഏറെ നടുക്കത്തോടെയാണ് കണ്ടത്. പൂഞ്ചില്‍ 18 സ്‌കൂളുകള്‍ ഡോ.നഈമിയുടെ നേതൃതൃത്തില്‍ നടന്നുവരുന്നുണ്ട്. അവിടങ്ങളിലെല്ലാമായി 60ലധികം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഓരോരുത്തരും സുരക്ഷിതരാണെന്നും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും വിവരം ലഭിച്ചു. ഒരു സ്‌കൂള്‍ കെട്ടിടത്തിന്റെ ജോലികള്‍ക്കായി എത്തിയ 3 ലക്ഷം രൂപയുടെ മര ഉരുപ്പടികള്‍ പാക്കിസ്ഥാനിലേക്കൊഴുകുന്ന നദിയില്‍ ഒലിച്ചുപോയിരിക്കുന്നു. മുഗള്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം പാടേ സ്തംഭിച്ചിട്ടുണ്ട്. അതുകൊണ്ട് അടുത്ത ദിവസം പൂഞ്ചില്‍ ഉദ്ദേശിച്ചിരുന്ന പര്യടനവും പരിപാടികളും മാറ്റിവെക്കേണ്ടിവന്നു. പാലങ്ങള്‍ ഒലിച്ചുപോകുന്നതിന്റെയും, ട്രക്കുകളും, കാറുകളും മറ്റും അപകടത്തില്‍ പെടുന്നതിന്റെയും അസംഖ്യം വീഡിയോകള്‍ കണ്ട് മനസ്സ് അശാന്തമായി തുടങ്ങി.
ശനിയാഴ്ച ഉച്ചയോടെ മഴ ശമിച്ചു. ഇതിനകം മഴയെ വകവെക്കാതെ ശ്രീനഗറിലെ സുപ്രധാന കാഴ്ചകളായ ദാല്‍ തടാകവും, ഹസ്രത്ത്ബാല്‍ മസ്ജിദും പൂന്തോട്ടങ്ങളുമടക്കമുള്ള കേന്ദ്രങ്ങളില്‍ ചെറുസന്ദര്‍ശനം നടത്താനന്‍ സാധിച്ചു. എങ്ങും മഴയുടെ കെടുതികള്‍ തന്നെയായിരുന്നു മുഖ്യ കാഴ്ചകള്‍. ദാല്‍ തടാകക്കരയിലെ ടെന്റില്‍ കൂനിക്കൂടിയിരുന്ന് തോണിയില്‍ എത്തിച്ച പച്ചക്കറികള്‍ വില്‍ക്കുന്ന വൃദ്ധദമ്പതികളില്‍ നിന്ന് 100 രൂപക്ക് വലിയ മത്തനും അത്യാവശ്യ പച്ചക്കറികളും വാങ്ങിച്ചു. മഴ കാരണം ആരും എത്താതായതോടെ കച്ചവടമവസാനിപ്പിച്ച് വീട് പിടിക്കാനൊരുങ്ങുകയാണവര്‍. മടക്കയാത്രയില്‍ ത്ധലം നദി പാലത്തോട് ചേര്‍ന്ന് സംഹാര രുദ്രയായി ഒഴുകുന്ന കാഴ്ചകണ്ടു. നദിയോട് ചേര്‍ന്നുള്ള വീടുകളിലെല്ലാം വെള്ളം കയറുന്ന ദൃശ്യം നിസ്സഹായതയോടെ നോക്കി നില്‍ക്കുകയും ആര്‍ത്തു കരയുകയും ചെയ്യുന്ന തദ്ദേശിയര്‍-ഉറ്റവരില്‍ ചിലര്‍ അകത്ത് കുടുങ്ങിയതിന്റെ അങ്കലാപ്പില്‍ സഹായമര്‍ത്ഥിക്കുന്നവര്‍. തിരികെയെത്തിയപ്പോള്‍ മഴ പൂര്‍ണ്ണമായും ശമിക്കുകയും സൂര്യന്‍ ദിവസങ്ങള്‍ക്ക് ശേഷം മുഖം കാണിക്കുകയും ചെയ്തിരിക്കുന്നു. കാര്യങ്ങള്‍ ശുഭസൂചകമാണെന്ന് മനസ്സിലായി. വെയില്‍ വന്നാല്‍ മഴവെള്ളമുണങ്ങും. ജീവിതം സാധാരണ ഗതിയിലാവും. രണ്ടു ദിവസമായി നിലച്ച വൈദ്യുതി കൂടി പുനഃസ്ഥാപിക്കപ്പെട്ടതോടെ അല്‍പ്പം കൂടെ ആശ്വാസമായി.
ഇരുട്ട് പരക്കുന്നതിന് അല്‍പം മുമ്പ് സ്‌കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന ബൈപ്പാസ് റോഡിന് അപ്പുറത്തെ വീടുകളിലുള്ള ചെറുപ്പക്കാര്‍ റോഡരികില്‍ നിന്ന് മണല്‍ ചാക്കുകള്‍ നിറച്ച് കൈവണ്ടികളില്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടു. അവരുടെ സംസാരത്തില്‍ നിന്ന് ചില അപായ സൂചനകള്‍ തെളിഞ്ഞുവന്നു. 100 മീറ്റര്‍ അകലെ വീടുകള്‍ക്ക് പിറകിലായി മണ്‍തിട്ടകളാല്‍ തീര്‍ത്ത ഒരു ബണ്ട് നിലവിലുണ്ട്. 16ല്‍ പരം ഏക്കറില്‍ പരന്നു കിടക്കുന്ന പ്രസ്തുത പ്രദേശം ശ്രീനഗറിലെ പക്ഷിസങ്കേതമാണ്. ബണ്ട് നിറഞ്ഞ് കവിയാനൊരുങ്ങുന്നു. ചിലയിടങ്ങളില്‍ നേരിയ തോതില്‍ വെള്ളം അടിയിലൂടെ ചോര്‍ന്നൊഴുകുന്നുണ്ട്. മാത്രമല്ല തൊട്ടപ്പുറത്തെ ചില ചെറുപ്പക്കാര്‍ ചേര്‍ന്ന് അവരുടെ വീടിനടത്തുള്ള ബണ്ട് തുറന്ന് ഇങ്ങോട്ടൊഴുക്കാനുള്ള സാധ്യതയുണ്ടത്രെ. പുതിയ വാര്‍ത്ത ഭീതിജനകം തന്നെയായിരുന്നു. ബണ്ട് തകര്‍ന്നാല്‍ വെള്ളം പകര്‍ന്നൊഴുകുക ഞങ്ങളുടെ താമസസ്ഥലത്തേക്കാണ്. പത്തടിയോളം വെള്ളം നിറഞ്ഞു നില്‍ക്കുന്ന ബണ്ടില്‍ തകരാനിടയുള്ള ഭാഗത്തേക്ക് മണ്‍ചാക്കുകള്‍ എത്തിക്കാന്‍ വാഹനങ്ങളുമായി ഞങ്ങളും രംഗത്തിറങ്ങി. ഇതിനിടെ വാഹനങ്ങളില്‍ ഇന്ധനം ശേഖരിച്ചുവെച്ചു. അപായ സൂചനകളുമായി ചിലര്‍ വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് ചെയ്യുക കൂടി ആയതോടെ ധൈര്യം പതിയെ ചോര്‍ന്നുപോവുകയും എന്തും സംഭവിക്കുമെന്ന തിരിച്ചറിവില്‍ ഭയം ഞങ്ങളെ വലയം ചെയ്യുകയും ചെയ്തു. നാട്ടിലേക്ക് വിളിച്ചു ഞങ്ങള്‍ സുരക്ഷിതരാണെന്ന് പറയുകയും അവര്‍ക്കെല്ലാം ധൈര്യം പകരാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു പകല്‍ കൂടി അസ്തമിക്കുകയാണ്. അശാന്തമായ മനസ്സുമായി ഞങ്ങള്‍ പ്രാര്‍ത്ഥനയില്‍ അഭയംതേടി. ടെലഫോണ്‍ ബന്ധത്തില്‍ ചെറിയ തകരാറുകള്‍ സംഭവിച്ചു തുടങ്ങിട്ടുണ്ട്. പലപ്പോഴും നെറ്റ് വര്‍ക്ക് ലഭ്യമാവുന്നില്ല. പരസ്പരം ബന്ധപ്പെടാനുള്ള വാര്‍ത്തകള്‍ മാര്‍ഗ്ഗങ്ങളാരായുകയും വാര്‍ത്തകള്‍ അറിയാതാവുകയും ചെയ്തത് സങ്കല്‍പ്പിക്കാനാവുന്നതിലപ്പുറമായിരുന്നു.
വാട്‌സപ്പും, ഫേസ്ബുക്കും മറ്റു സന്ദേശ ഉപാധികളും നഷ്ടമാവുകയെന്നത് നമുക്കത്രമാത്രം വിരസമായിരിക്കുമെന്ന് പലതവണ ആലോചിച്ചിരുന്നത് ഇപ്പോള്‍ അനുഭവിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടുവെന്ന തോന്നല്‍ ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കിയത് സ്‌കൂളിലെ അധ്യാപകരുടെ സാമീപ്യമാണ്. പുറത്തെ ശബ്ദകോലാഹലങ്ങള്‍ക്കൊപ്പം ട്രക്കുകളുടെ നീണ്ടനിര പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നഗരത്തില്‍ വെള്ളപ്പൊക്കമെത്തിയതായി വാര്‍ത്ത ലഭിച്ചു. ഞങ്ങള്‍ പകല്‍ യാത്ര ചെയ്ത ദാല്‍ തടാകക്കരയിലെ അസംഖ്യം ഹോട്ടലുകളടക്കം ഉയര്‍ന്നുവരുന്ന ജലനിരപ്പിന്റെ പിടിയിലായിരിക്കുന്നു. തോണികളിലും മറ്റുമായി നാട്ടുകാര്‍ ആളുകളെ രക്ഷിച്ചുകൊണ്ടിരിക്കുന്നു. രക്ഷപ്പെട്ടവര്‍ ഹൈവേയിലൂടെ വാഹനങ്ങലില്‍ മുന്നോട്ട് നീങ്ങുന്ന കാഴ്ചകള്‍. വൈകിയപ്പോഴോ നിദ്രപുല്‍കിയെങ്കിലും ഇടക്കിടെ ഞെട്ടി ഉയര്‍ന്നുകൊണ്ടിരുന്നു.

ഞായറാഴ്ച നേരം പുലര്‍ന്നത് പുതിയ വര്‍ത്തമാനങ്ങളിലേക്കാണ്. ത്ധലം നദിയില്‍ നിന്ന് കരകവിഞ്ഞൊഴുകിയ മലവെള്ളം പുതുവഴികള്‍തേടി ബൈപ്പാസ് റോഡിലൂടെ അതിശക്തമായി ഒഴുകുകയാണത്രെ. സ്ഥിതിഗതികള്‍ തലേദിവസത്തേക്കാള്‍ ഗുരുതരമായിട്ടുണ്ട്. ഞങ്ങള്‍ വാഹനവുമായി അല്‍പ്പം അകലേക്ക് ചെന്നുനോക്കാന്‍ തീരുമാനിച്ചു. ഉദ്ദേശം 5 കിലോമീറ്റര്‍ ദൂരമെത്തിയപ്പോള്‍ റോഡിന് വലതുവശത്തെ വീടുകള്‍ വെള്ളത്തിനടിയിലായ കാഴ്ച കണ്ടു. പട്ടാളക്കാരുടെയും പോലീസിന്റെയും മറ്റും അഭാവത്തില്‍ നാട്ടുകാരാണ് വടംകെട്ടിയും ചങ്ങാടങ്ങള്‍ തീര്‍ത്തും ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. സമീപത്തെ നൂറു ഹോസ്പിറ്റലില്‍ നിന്നും രോഗികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബിസ്‌ക്കറ്റും വെള്ളക്കുപ്പികളും മറ്റും എറിഞ്ഞുകൊടുക്കുന്നത് കാണാം. പ്രളയജലം പുതുവഴികളിലേക്ക് വ്യാപിക്കുകയാണ്. എങ്കിലും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഞങ്ങളുടെ താമസയിടത്തിലേക്കെത്താന്‍ വഴിയില്ല. കാരണം വെയിലിന് ചൂടുണ്ട്. സാവധാനം ജലം അടങ്ങുമായിരിക്കുമെന്ന് സമാധാനിച്ചു. ഒങഠയിലെ കുന്നിന്‍ മുകളില്‍ ചെന്ന് അവിടെയുള്ള അഭയാര്‍ത്ഥികളുടെ വിവരമന്വേഷിക്കാമെന്നും ആവശ്യമെങ്കില്‍ അവിടെ അലാഹീ സാഹിബിന്റെ വീട്ടില്‍ താമസത്തിന് വഴിയൊരുക്കാമെന്നും കരുതി അങ്ങോട്ട് തിരിച്ചു. ജീവിതത്തില്‍ മറക്കാനാവത്ത കാഴ്ചകള്‍ ആ യാത്രയില്‍ അനുഭവിക്കേണ്ടിവന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴിപ്പിച്ച ആളുകളെയും കൊണ്ട് എത്തുന്ന വാഹനങ്ങളുടെ ബഹളം ഒങഠയിലെ ആര്‍മി ക്യാമ്പിനടുത്ത് ഗ്രൗണ്ടില്‍ ആടുമാടുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അവയെ പരിചരിക്കാന്‍ ശ്രമിക്കുന്ന ഗ്രാമീണര്‍. ഉറ്റവരും ഉടയവരുമായുള്ള ബന്ധം നഷ്ടപ്പെട്ട് വാവിട്ടു കരയുന്ന സ്ത്രീകളും കുട്ടികളും പൊട്ടിക്കരഞ്ഞുകൊണ്ട് സര്‍വതും ഉപേക്ഷിച്ചുവന്നവര്‍. നിമിഷ നേരം കൊണ്ട് ഇല്ലായ്മയുടെ അവസ്ഥയിലാണ്ടവര്‍. കൂട്ടക്കരച്ചിലിന്റെയും സാന്ത്വന വാക്കുകളുടെയും ശബ്ദമുഖരിതമായ അന്തരീക്ഷം. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഒരു സംഖ്യ ഏല്‍പ്പിച്ച ശേഷം ഞങ്ങള്‍ അസ്വസ്ഥതയുടെ തുരുത്തായി മാറിയ ആ കുന്നില്‍ നിന്നിറങ്ങി. ഇവിടെ താമസിച്ചാല്‍ ഇപ്പോഴുള്ള മനക്കരുത്ത് കൂടി നഷ്ടമാവുമെന്ന തിരിച്ചറിവില്‍ അങ്ങോട്ടിനി പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. തണുപ്പുണ്ടെങ്കിലും ഭക്ഷണത്തോടുള്ള താത്പര്യം കുറഞ്ഞിരിക്കുന്നു. മനസ്സ് അസ്വസ്ഥമാണ്. ആരും പുറത്ത് കാണിക്കാതിരിക്കാന്‍ ബദ്ധപ്പെടുകയാണ്. കൂട്ടത്തിലൊരാള്‍ നിയന്ത്രണംവിട്ടാല്‍ എല്ലാവരും അസ്വസ്ഥരാകും. അധ്യാപക ദമ്പതികളും അവരുടെ 9 മാസം പ്രായമായ ആണ്‍കുഞ്ഞും കൂടെയുണ്ട്. അവന്റെ കളിചിരികളില്‍ ആശ്വാസം കാണാന്‍ ശ്രമിച്ചു. നഗരത്തില്‍ നിന്നുള്ള അവിശ്വസനീയ ദൃശ്യങ്ങള്‍ വന്നുകൊണ്ടിരുന്നു. കാണാതായവരെക്കുറിച്ചും മരണസംഖ്യയെക്കുറിച്ചുമെല്ലാം നാട്ടുകാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. നാളെ കാലത്തുള്ള ഫ്‌ളൈറ്റില്‍ ടിക്കറ്റുണ്ട്. കാലത്ത് 3 മണിക്ക് തന്നെ എഴുന്നേറ്റ് പോകാമെന്ന തീരുമാനത്തില്‍ ഉറങ്ങാന്‍ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറങ്ങാന്‍ പറ്റിയില്ല. ഇടക്കിടെ ജനല്‍പാളികളിലൂടെ വെളിയിലേക്ക് നോക്കുകയും തിരികെക്കിടക്കുകയും ചെയ്തു.
പുറത്തുനിന്ന് തോടിന്റെ ഒഴുക്കുപോലെ ശബ്ദം കേള്‍ക്കാം. നാട്ടില്‍ വീടിനു മുന്നിലൂടെ ഒഴുകുന്ന തോടിന്റെ ശബ്ദം പരിചിതമായതിനാല്‍ അര്‍ദ്ധ മയക്കത്തില്‍ ഒന്നും മനസ്സിലായില്ല. പെട്ടെന്ന് ആരൊക്കെയോ ശബ്ദമുയര്‍ത്തി വിളിക്കുകയും മുറിയിലേക്ക് ടോര്‍ച്ചടിക്കുകയും ചെയ്യുന്നു.
''ഭാഗോ ഭായ് ഭാഗോ''
വെളിയിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച 4 അടിയിലധികം താഴ്ചയുള്ള റോഡിനപ്പുറത്തെ ഭാഗം പുഴയായി ഒഴുകുന്നതാണ്. അല്‍പ്പമകലെയുള്ള കലുങ്കിനടിയിലൂടെ ഒലിച്ചെത്തുന്ന വെള്ളം സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് എല്ലാവരെയും വിളിച്ചുണര്‍ത്തി. പെട്ടിയും ബാഗുകളും ബ്ലാങ്കറ്റുകളും മറ്റ് ആവശ്യസാധനങ്ങളും വാഹനങ്ങളിലേക്ക് മാറ്റി.
ബൈപ്പാസ് റോഡ് വഴിയാണ് വിമാനത്താവളത്തിലേക്ക് പോകേണ്ടത്. ആ ഭാഗം ഇപ്പോള്‍ പൂര്‍ണ്ണമായും പ്രളയത്തിന്റെ പിടിയിലാണെന്ന് ഒരു ട്രക്ക് ഡ്രൈവറില്‍ നിന്നറിഞ്ഞു. അങ്ങോട്ട് പോകാന്‍ ആരും തയ്യാറല്ല. മറ്റു വഴികള്‍ തേടി പോകാമെന്ന് വെച്ചാല്‍ സംഘാംഗങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞുപോകുമെന്ന കാര്യം ഉറപ്പാണ്. ഈ അവസ്ഥയില്‍ പോകേണ്ടതില്ലെന്ന ഡോ.നഈമിയുടെ തീരുമാനത്തിന് വഴങ്ങി ഞങ്ങള്‍ ബൈപ്പാസ് റോഡിലൂടെ 20 കിലോമീറ്റര്‍ അകലെ 'പട്ടാന്‍' ഭാഗത്താണ്. അദ്ദേഹത്തെ കണ്ടുപിടിച്ച് സഹായം തേടുകയാണ് ലക്ഷ്യം. വഴികളിലെല്ലാം പലായനം ചെയ്യുന്നവരുടെ നീണ്ട നിരകള്‍.
റോഡില്‍ വെള്ളം സഞ്ചരിച്ചെത്തുന്നതിനനുസരിച്ച് വാഹന നിര മുന്നോട്ട് നീങ്ങുകയാണ്. ബാരാമുള്ളയിലേക്ക് 55 കിലോമീറ്റര്‍ ദൂരമുണ്ട്. അതിനിടയിലുള്ള പ്രദേശമാണ് പട്ടാന്‍. ചെറുതും വലുതുമായ നാലോളം പാലങ്ങള്‍ ഇതിനിടയിലുണ്ട്. ആ യാത്രയില്‍ ആരും അധികം സംസാരിച്ചില്ല. ഓരോ പാലങ്ങള്‍ കയറുമ്പോഴും, ഇതുവഴി തിരികെ യാത്ര ചെയ്യാനാവുമോയെന്ന ചിന്ത മനസ്സിനെ മഥിച്ചു. ഒപ്പം പാലങ്ങള്‍ക്ക് തൊട്ടുരുമ്മി ഒഴുകുന്ന പുഴയുടെ വന്യമായ കാഴ്ചകളില്‍ രാവിന്റെ നിശബ്ദത പേടിപ്പെടുത്തി. അക്ഷരാര്‍ത്ഥത്തില്‍ പ്രാണരക്ഷാര്‍ത്ഥമുള്ള രാപ്രയാണം. അലക്ഷ്യമെന്ന് വേണമെങ്കില്‍ പറയാം. ഉദ്ദേശിച്ച ആളെ കണ്ടെത്താനായില്ലെങ്കില്‍. പോകുന്നിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെ മഴ ബാധിച്ചിട്ടുണ്ടെങ്കില്‍? ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. മനസ്സില്‍ നാടും വീടും വീട്ടുകാരും മിന്നിമറഞ്ഞു. ഉപ്പ പോകരുതെന്ന് വാശിപിടിച്ച 3 വയസ്സുകാരനെ പടച്ചവന്‍ മുന്നറിയിപ്പ് പോലെ വല്ലതും ഓര്‍മപ്പെടുത്തിയിട്ടുണ്ടാവുമോ? മറ്റുള്ളവര്‍ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യാനും, വായിക്കാനും എഴുതാനും കാണാനും ഉണ്ടായ അവസരങ്ങളേക്കാള്‍ എത്ര ഭീകരമാണ് അനുഭവത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍. നമ്മള്‍ അനുഭവിക്കാത്ത കഥകളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണെന്ന വാചകങ്ങള്‍ പലതവണ ഓര്‍മയില്‍ തെളിഞ്ഞുനിന്നു.
പട്ടാന്‍ എന്ന ചെറുപട്ടണം കഴിഞ്ഞ് പട്ടാള ക്യാമ്പുകള്‍ കടന്ന് റോഡരികിലെ ഒരു വീടിനു സമീപം വാഹനം നിര്‍ത്തി, മുട്ടിവിളിച്ചു. ഡോ.നഈമിയുടെ സുഹൃത്ത് ഇറങ്ങിവന്നു. പുലര്‍കാലത്ത് ഞങ്ങളുടെ വരവ് കണ്ട അദ്ദേഹം പരിഭ്രമിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്റെ വീടിനകത്ത് നിറയെ ശ്രീനഗറില്‍ നിന്ന് വന്ന ബന്ധുക്കളാണെന്നും എല്ലാവരെയും ഒരുമിച്ച് താമസിപ്പിക്കാന്‍ ബുദ്ധിമുട്ടാവുമെന്നും അല്‍പ്പം ദൂരെയായി മറ്റൊരു സുഹൃത്ത് ജോലിചെയ്യുന്ന പള്ളിയിലെത്തിയാല്‍ അദ്ദേഹം സഹായിക്കുമെന്നും അറിയിച്ചു. ബാരാമുള്ളയിലേക്കുള്ള വഴിയില്‍ അദ്ദേഹം പറഞ്ഞുതന്ന പള്ളിയുടെ ബോര്‍ഡ് ലക്ഷ്യമാക്കി വീണ്ടും യാത്ര. കലൈറ എന്ന ഗ്രാമത്തിലെ പള്ളിയിലെത്തുമ്പോള്‍ സമയം പുലര്‍ച്ചെ 4 മണി. വെളിച്ചമുണ്ട്. വാതിലുകള്‍ തുറന്നിട്ടുണ്ട്. അകത്തൊരു വൃദ്ധന്‍ നിസ്‌കരിക്കുന്നുണ്ട്. മുട്ടിവിളിച്ചപ്പോള്‍ അദ്ദേഹം ഇറങ്ങിവന്നു. മൗലാനാ സാഹിബിനെ കാണണമെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം തന്റെ ഗ്രാമത്തില്‍ പോയതാണെന്ന നിരാശാജനകമായ മറുപടി ലഭിച്ചു. എങ്കിലും തളര്‍ന്നില്ല.
വൃദ്ധന്‍ പള്ളിയിലെ മുഅദ്ധിനാണ്. അദ്ദേഹത്തിന്റെ സമ്മതത്തോടെ തല്‍ക്കാലം പള്ളിയില്‍ കയറി ഇരുന്നു. സുബ്ഹി നിസ്‌കാരത്തിന് ആളുകള്‍ വന്നുതുടങ്ങി. എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. നിസ്‌കാരശേഷം ഡോ.നഈമി എഴുന്നേറ്റുനിന്ന് 5 മിനിറ്റ് സംസാരിച്ചു. ഞങ്ങള്‍ അകലെ കേരളമെന്ന സ്ഥലത്തുനിന്ന് വന്നവരാണെന്നും, ശ്രീനഗറില്‍ നിന്ന് എങ്ങോട്ട് പോകണമെന്നറിയാതെ ഇവിടെ അഭയം തേടിയവരാണെന്നും പറഞ്ഞ് സഹായമഭ്യര്‍ത്ഥിച്ചു. തല്‍ക്കാലം പള്ളിയില്‍ താമസിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. കാശ്മീരി ഷാള്‍ കൊണ്ട് തലയടക്കം പുതച്ചിരുന്നു. ഞാന്‍ തേങ്ങിക്കരഞ്ഞു. നിശ്ശബ്ദമായ ആ തേങ്ങലില്‍ കണ്ണുനീര്‍ ധാരധാരയായി ഒഴുകിയത് മറ്റാരും കാണാതിരിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. എന്തും സാധ്യമാണെന്ന അഹങ്കാരത്തിന്റെ ലാഞ്ചനകള്‍ പോലും മനസ്സില്‍ നിന്ന് പിഴുതെറിയാന്‍ പര്യാപ്തമായിരുന്നു ആ പ്രഭാതം. കൈയില്‍ പണമുണ്ട്. വാഹനമുണ്ട്. എന്നിട്ടെന്ത് കാര്യം? പുറത്തെ തണുപ്പ് അസഹ്യമാണ്. കൂടെ യൊരു കൈക്കുഞ്ഞും ഉമ്മയുമുണ്ട്. കുടിക്കാന്‍ ശുദ്ധജലം കിട്ടണം. ഭക്ഷണം ലഭിക്കുകയും പ്രയാസകരമാണ്. മറ്റുള്ളവരുടെ കനിവിനായി കാത്തുനില്‍ക്കുകയാണിപ്പോള്‍. ദുരന്ത ഭൂമിയില്‍ നിന്ന് മടക്കയാത്ര
റശീദ് പുന്നശ്ശേരി
ഗ്രാമമുഖ്യനും പള്ളിയിലെത്തിയവരും കാശ്മീരി ഭാഷയില്‍ ഉറക്കെ സംസാരിച്ചു. ഞങ്ങളുടെ കാര്യം തന്നെയാണ്. ശേഷം ഗ്രാമമുഖ്യന്‍ ഞങ്ങള്‍ സമീപിച്ചു. നിങ്ങളെ പടച്ചവനാണ് ഞങ്ങളുടെ അടുത്തേക്കയച്ചത്. ഞങ്ങളോടൊപ്പം കഴിയാന്‍ എല്ലാ സഹായവും ഞങ്ങളൊരുക്കുന്നുണ്ട്. ഭക്ഷണവും മറ്റു സൗകര്യങ്ങളുമെല്ലാം ഇവിടെ ഒരുക്കാം. അശുഭകരമായ ഒരുപാട് വാര്‍ത്തകള്‍ കേട്ടുമറന്ന ചെവിയിലേക്ക് കിട്ടിയ ഏറ്റവും നല്ല വര്‍ത്തമാനങ്ങളില്‍ ഒന്നായിരുന്നു സ്‌നേഹപൂര്‍ണ്ണമായ ആ വാക്കുകള്‍. നയനസുന്ദരമായ കാശ്മീരിന്റെ കുളിരുള്ള പ്രകൃതിപോലെ തന്നെയാണ് ആ ജനതയുടെ സ്‌നേഹ പ്രകടനങ്ങളുമെന്ന് താമസിയാതെ മനസ്സിലായി. ചായയും പലഹാരങ്ങളുമായി ചിലരെത്തി. ഉച്ചഭക്ഷണം പല വീടുകളില്‍ നിന്നെത്തി. രാത്രിയില്‍ സമീപത്തെ വീട്ടുകാര്‍ ഭക്ഷണമൊരുക്കി ക്ഷണിച്ചുകൊണ്ടുപോയി. ഉള്ളില്‍ തിരയടിക്കുന്ന സങ്കടക്കടല്‍. നാട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. മൊബൈലും വാട്‌സപ്പുമൊന്നുമില്ലാത്ത കാലത്ത് ഗള്‍ഫില്‍ കഴിഞ്ഞ നാളുകളില്‍, താമസിച്ചിരുന്ന മുറിയിലെ ലാന്റ്‌ഫോണെങ്കിലും ഉണ്ടായിരുന്നു ആശ്വാസത്തിന്. ഇപ്പോള്‍ പക്ഷേ ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഭയക്കുന്നുണ്ടാകും വീട്ടുകാരും നാട്ടുകാരുമെന്ന കാര്യം ഉറപ്പാണ്.
ഉച്ചക്ക് ശേഷം ഝലം നദിയുടെ വളരെ താഴ്ചയുള്ള ഭാഗങ്ങള്‍ക്കരികിലൂടെ ചെറിയൊരു യാത്ര നടത്തി. വളരെ താഴ്ചയുള്ളതിനാല്‍ ജലനിരപ്പുയര്‍ന്ന് കുത്തിയൊഴുകുന്നുണ്ടെങ്കിലും ഇവിടെ കരകവിയാനുള്ള സാധ്യത വിരളമാണ്. ആപ്പിള്‍ മരങ്ങള്‍ കായ്ച്ചുനില്‍ക്കുന്ന അസംഖ്യം തോട്ടങ്ങളുണ്ട് ഈ ഭാഗത്ത്. ഇത് വിളവെടുപ്പിന്റെ സമയം കൂടിയാണ്. മഴ തുടര്‍ച്ചയായി പെയ്തതോടെ ഇത്തവണ ആപ്പിള്‍ പഴങ്ങള്‍ നിലത്തുവീണ് പകുതിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടത്രെ. റോഡിലൂടെ വാഹനങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നുണ്ട്. ട്രക്കുകളിലും ബസ്സിലും ചെറുവാഹനങ്ങളിലുമായി ശ്രീനഗറില്‍ കുടുങ്ങിപ്പോയ ഉറ്റവരെയും ബന്ധുക്കളെയും കണ്ടെത്താനുള്ള യാത്രയിലാണ് പലരും.
ശ്രീനഗറില്‍ നിന്ന് വരുന്ന വാഹനങ്ങളിലെല്ലാം അഭയാര്‍ത്ഥികളാണ്. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിത്തന്നെ തുടരുകയാണത്രെ. നദിയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിരിക്കുന്നു. റോഡുകളും പാലവും വെള്ളത്തിനടിയിലാവാന്‍ സാധ്യതയുണ്ടെന്നറിയുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന ഒങഠ പരിസരത്തെല്ലാം റോഡില്‍ വെള്ളം  കയറിയിട്ടുണ്ടെന്നും വാഹന ഗതാഗതം സൈന്യം തടയുന്നുവെന്നും വാര്‍ത്തകള്‍ ലഭിച്ചു.
പള്ളി പരിസരത്തെ വീടുകള്‍ക്കെല്ലാം വീടുകളിലേക്കെല്ലാം പ്രളയത്തില്‍പെട്ട ബന്ധുക്കള്‍ വന്നുകൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും ഒരുമിച്ച് ഭക്ഷണം പാകംചെയ്യാന്‍ അരിയും സാധനങ്ങളും ശേഖരിക്കുന്നുണ്ട്. മഴക്കെടുതികള്‍ ആരംഭിച്ചിട്ട് അഞ്ചു ദിവസം പിന്നിട്ടെങ്കിലും ഇന്നലെ മുതലാണ് സൈന്യം കാര്യമായ രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. ഹെലികോപ്റ്ററുകളിലും മറ്റുമായി അവര്‍ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ നാട്ടുകാര്‍ വടവും തോണികളും മറ്റുമായി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
ബുധനാഴ്ച കാലത്ത് ഡല്‍ഹി വഴി കൊച്ചിയിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്. നാളെ കാലത്ത് തന്നെ വിമാനത്താവളത്തിലേക്കെത്താനുള്ള സാധ്യതകള്‍ ആരായണം. സമീപത്ത് ആര്‍മി ഓഫീസുണ്ട്.
ചൊവ്വാഴ്ച രാവിലെ പുറത്തിറങ്ങി സമീപത്തെ ആപ്പിള്‍ തോട്ടത്തില്‍ നിന്ന് കുറച്ച് പഴങ്ങള്‍ വാങ്ങി പാക്ക് ചെയ്യാന്‍ ഏല്‍പ്പിച്ചുകൊണ്ടു പോകാന്‍ പറ്റുമോ എന്ന് ഉറപ്പൊന്നുമില്ല. റോഡിലേക്ക് നടന്നു. ശ്രീനഗര്‍ ഭാഗത്ത് നിന്നുവരുന്ന ഒരു മിനി ബസില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും വന്നിറങ്ങി. അവരുടെ കൈയില്‍ ഓരോ പ്ലാസ്റ്റിക് കവറുകള്‍ മാത്രം പിന്നെ കണ്ടത് അവരെ സ്വീകരിക്കുന്ന ബന്ധുക്കളുടെയും കുടുംബക്കാരുടെയും കെട്ടിപ്പിടിച്ചുള്ള കൂട്ടക്കരച്ചിലാണ്. മൂന്ന് ദിവസമായി വീടിന്റെ മൂന്നാം നിലയിലെ ..... കുടുങ്ങിക്കിടക്കുകയായിരുന്നു. അവര്‍ വീടിന്റെ ഓരോ നിലയും വെള്ളത്തില്‍ മുങ്ങുമ്പോള്‍ അടുത്ത നിലകളിലേക്ക് കയറി വെള്ളമിറങ്ങുമെന്ന പ്രതീക്ഷയില്‍ കുടുങ്ങിപ്പോയവര്‍ ബന്ധുക്കള്‍ക്ക് അവസാനം കൈമാറിയ സന്ദേശം വേദനാജനകമായിരുന്നു. ''വെള്ളം വീടിനെ പൂര്‍ണ്ണമായും മൂടാന്‍ പോകുന്നു. രക്ഷപ്പെടാനിടകാണുന്നില്ല. പ്രാര്‍ത്ഥിക്കുക'' പിന്നീട് അവരുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടു. വീടിനു മുകളില്‍ മരണത്തെ മുന്നില്‍ കണ്ടു നില്‍ക്കുമ്പോള്‍ പറന്നുപോയ ഒരു ഹെലികോപ്റ്ററിനു നേരെ അവര്‍ ചുവന്ന തുണിവീശിക്കാണിച്ചു. പട്ടാളം രക്ഷിച്ചുകൊണ്ടുപോയി ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. അവിടെ നിന്നുള്ള വരവാണിത്. കരളലിയിക്കുന്ന ആ രംഗം കണ്ടു നില്‍ക്കാനായില്ല. കണ്ണീരു പൊടിഞ്ഞത് തുടക്കാന്‍ നിന്നില്ല. കാരണം അവിടെ കരയാത്തവനായി ഞാന്‍ മാത്രമെന്തിന്.
തണുത്ത വെള്ളത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ഒന്നുകുളിച്ചു വന്ന ദിവസം മുതല്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറ്റി മൗലാനയുടെ സഹായത്തോടെ സമീപത്തെ ആര്‍മി ഓഫീസിലേക്ക് പോകാന്‍ തീരുമാനിച്ചു. പെട്ടിയെടുത്ത് വാഹനത്തില്‍ വെച്ചു. കൂട്ടുകാരോടും രണ്ടുദിവസം പോറ്റിയ നാട്ടുകാരോടും യാത്ര പറഞ്ഞില്ല. ഒരു ശ്രമം നടത്തുന്നു. ഒത്താല്‍ പോകും എന്ന് മാത്രം പറഞ്ഞ് യാത്ര തിരിച്ചു. ചീഫ് കമാന്റിന്റെ നിര്‍ദ്ദേശപ്രകാരം കിട്ടിയ വഴികള്‍ എഴുതിയെടുത്തു. ബഡ്ഗാമിനടുത്ത് വരെ എത്താന്‍ സഹായിക്കാമെന്ന് സ്ഥലത്തെ ഒരു കാശ്മീരി യുവാവും ഉറപ്പുതന്നു. അടുത്തുള്ള കടയില്‍ നിന്ന് റൊട്ടിയും ബിസ്‌കറ്റും വെള്ളവും മറ്റും വാങ്ങി കൈയില്‍ കരുതി. അദ്ദേഹം പറഞ്ഞ വഴികളിലൂടെ യാത്രയാരംഭിച്ചു. മലവെള്ളം അപ്പോഴേക്കും ജില്‍ബ്രിഡ്ജിനെ മുക്കിത്തുടങ്ങിയിരുന്നു. കാശ്മീരി യുവാവ് പറഞ്ഞുതന്ന ചെളിനിറഞ്ഞ വഴികളിലൂടെ യാത്രയാരംഭിച്ചു. എവിടെയും കുടുങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, തിരിച്ചുവരുംവഴി ഈ ഭാഗം വെള്ളത്തിലായാല്‍ കൂടെ വരുന്നവര്‍ തിരിച്ചെത്താനാവാതെയും ഫോണ്‍ ബന്ധമില്ലാതെയും വലയുമെന്നുറപ്പാണ്. തീരുമാനങ്ങളെടുക്കാന്‍ കാത്തുനില്‍ക്കാന്‍ നേരമില്ല. ഇനിവരുന്ന ടൗണില്‍ നിന്ന് ഏതെങ്കിലും വാഹനത്തില്‍ ഞാന്‍ പൊയ്‌ക്കൊള്ളാമെന്ന് പറഞ്ഞ് വാഹനം മുന്നോട്ട് വിടാന്‍ തീരുമാനിച്ചു. ചളി ഉണങ്ങിയിട്ടില്ലാത്ത റോഡിലൂടെ ആയാസപ്പെട്ടാണ് വണ്ടി നീങ്ങുന്നത്. ചിലയിടത്ത് വെള്ളം നില്‍ക്കുന്നുണ്ട്. എവിടെയെങ്കിലും വഴിമുടങ്ങിയാല്‍ പിന്നെ എത്ര ദിവസം ഇവിടെ തങ്ങേണ്ടിവരുമെന്ന് യാതൊരു നിശ്ചയവുമില്ല. അര മണിക്കൂര്‍ സാഹസിക യാത്രക്കൊടുവില്‍ ഗുല്‍ബര്‍ഗിലേക്ക് പോകുന്ന ഹൈവേയില്‍ കയറി. അടുത്ത ജംഗ്ഷന്‍ വഴി തിരിഞ്ഞുവേണം ബഡ്ഗാമിലെത്താന്‍ വഴി ചോദിക്കാന്‍ നിര്‍ത്തിയപ്പോള്‍ അതുവഴി വന്ന രണ്ട് വാഹനങ്ങളിലൊന്ന് വിമാനത്താവളത്തിലേക്കാണെങ്കില്‍ പിറകെ വന്നോളാന്‍ പറഞ്ഞു. ആ വാഹനത്തിന് പിന്നാലെ പോയി അവരോട് ഒരാളെ കൂടെ കൂട്ടാമോയെന്ന് ചോദിക്കാന്‍ തീരുമാനിച്ചു. മുമ്പിലുള്ള ടാക്‌സി പോകുന്നതിന് പിറകെയാണ് അവര്‍ അതിവേഗം നീങ്ങുന്നത്.  ഒരു ജംഗ്ഷനില്‍ വെച്ച് ആവശ്യം അറിയിച്ചപ്പോള്‍ അവര്‍ അനുവദിച്ചു. സുഹൃത്തുക്കളോട് യാത്രപറഞ്ഞ് ആ വാഹനത്തില്‍ ഓടിക്കയറുമ്പോള്‍ പരസ്പരം ബന്ധപ്പെടാനുള്ള ഒരുവഴിയും ഇനി ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ അവരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു. അര മണിക്കൂറിനകം പോയാല്‍ അവര്‍ക്ക് വെള്ളം കയറാത്ത ഭാഗത്ത് കൂടെ രക്ഷപ്പെടാം. എന്നെ എയര്‍പോര്‍ട്ട് വരെ വിട്ട് വരുമ്പോഴേക്കും അതൊരിക്കലും സാധ്യമല്ലെന്നുറപ്പാണ്. പേരറിയാത്ത രണ്ടുപേരുടെ കൂടെ വഴികളൊന്നുമറിയാത്ത നാട്ടില്‍ എന്ത് ധൈര്യത്തിലാണ് കയറി ഇരുന്നതെന്ന് പിന്നീട് പലതവണ ചിന്തിച്ചിട്ടുണ്ട്. തീവ്രവാദികള്‍ വിലസുന്ന നാട്ടില്‍ ഇവരാരെന്നറിയാന്‍ വിമാനത്താവളം വരെയുള്ള രണ്ട് മണിക്കൂര്‍ ധാരാളമായിരുന്നു. മാത്രമല്ല, കഴിഞ്ഞ ആറുദിവസവും ഞാന്‍ കണ്ട കാശ്മീരികളിലൊന്നും സ്‌നേഹത്തിന്റെ തിളക്കമില്ലാത്ത മുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതാവാം ആ തീരുമാനത്തിന് പ്രേരകമായത്. ഡല്‍ഹിയില്‍ കല്യാണവസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ സഹോദരനെ എയര്‍പോര്‍ട്ടില്‍ നിന്ന് സ്വീകരിക്കാന്‍ പോകുന്നവരാണവര്‍. ആ യാത്രയില്‍ എനിക്ക് പുതിയൊരു സൗഹൃദം ലഭിച്ചു. അജാസ് അഹ്മദെന്ന ഫ്രൂട്ട്‌സ് കച്ചവടക്കാരന്‍. കാശ്മീരിന് ആരുടെയോ കണ്ണേറ് പറ്റിപ്പോയിരിക്കുന്നുവെന്ന് പരിതപിച്ച പാവം ചെറുപ്പക്കാരന്‍. മലനിരകളിലൂടെ, വയല്‍പരപ്പുകളിലൂടെ, ചെറുവഴികളിലൂടെ, ചുരങ്ങളിലൂടെ മുന്നില്‍ പോകുന്ന ടാക്‌സിയെ പിന്തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട യാത്ര. മറ്റൊരവസരത്തിലായിരുന്നെങ്കില്‍ പ്രകൃതിഭംഗിയുടെ അതിമനോഹര ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്ന നിരവധി ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കുകയും മണിക്കൂറുകളോളം ഗോതമ്പ് പാടങ്ങളുടെ മഞ്ഞകലര്‍ന്ന പച്ചയില്‍ വെറുതെ നോക്കിയിരിക്കുകയും ചെയ്യാമായിരുന്നു. മൊട്ടക്കുന്നുകളിലൂടെ നടന്നുനീങ്ങുന്ന വുളന്‍കോട്ട് ധരിച്ച കാശ്മീരി കര്‍ഷകരുടെ കൂടെ സമയം ചെലവിടാമായിരുന്നു. ഇതുപക്ഷേ രക്ഷപ്പെടാനുള്ള പരക്കംപാച്ചിലാണ്. ഞങ്ങള്‍ യാത്ര ചെയ്ത ഭാഗങ്ങളെല്ലാം തീവ്രവാദികളുടെ സങ്കേതങ്ങളായിരുന്നുവെന്ന് പിന്നീട് ഡല്‍ഹിയില്‍ വെച്ച് പ്രമുഖ ടൂര്‍ ഓപ്പറേറ്ററായ പണിക്കേഴ്‌സ് ട്രാവല്‍സിലെ ബാബു പണിക്കര്‍ പറഞ്ഞപ്പോള്‍ അവിശ്വസനീയത തോന്നി.
ഉച്ചക്ക് രണ്ടര മണിയോടെ ബഡ്ഗാമിലെത്തി. കഴിഞ്ഞ ദിവസം വരെ ഇവിടം പ്രളയത്തിലായിരുന്നു. വെയില്‍ പരന്നതോടെ മഴവെള്ളം ഉള്‍വലിഞ്ഞുതുടങ്ങി. വീടുകള്‍ക്ക് മുന്നിലെ ഇടവഴികളിലൂടെയാണ് വാഹനങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകുന്നത്. റോഡിലെല്ലാം ട്രാഫിക് നിയന്ത്രണം ചെറുപ്പക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. പരിസരത്തെ പള്ളികള്‍, ഗുരുദ്വാരകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളെല്ലാം വന്‍ജനമാണ്. ചിലയിടത്ത് ടെന്റുകളില്‍ ആപ്പിള്‍ കൂമ്പാരങ്ങള്‍ കണ്ടു. ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയുമാണ്. വിമാനത്താവള പരിസരത്ത് വന്‍ ജനാവലിയാണ് സിനിമകളിലെ രംഗങ്ങള്‍ പോലെ പെട്ടിയും ബാഗുമായി വ്യോമസേനയുടെ സ്‌പെഷ്യല്‍ ഫ്‌ളൈറ്റിന് പോകാന്‍ ക്യൂ നില്‍ക്കുന്നത്. മിക്കവരും ഉത്തരേന്ത്യയില്‍ നിന്ന് ആപ്പിള്‍ പറിക്കാന്‍ സീസണില്‍ എത്തിയവരാണ്. അവരുടെ വാടിയ മുഖങ്ങള്‍ കണ്ടാലറിയാം ഭക്ഷണവും വെള്ളവും ലഭിച്ചിട്ട് ദിവസങ്ങളായിരിക്കുന്നുവെന്ന്. ഒരു കുഴല്‍കിണറിനടുത്തെ നീണ്ട ക്യൂവില്‍ നൂറ് കണക്കിന് ആളുകളാണ് ഊഴം കാത്ത് ബോട്ടിലുകളുമായി നില്‍ക്കുന്നത്. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വിമാനത്താവളത്തിലേക്ക് ദാല്‍ തടാക പരിസരത്തെ ഹോട്ടലുകളില്‍ നിന്ന് സഞ്ചാരികളെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.രവീന്ദ്രന്‍, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍, സിനിമാതാരം അപൂര്‍വ്വ ബോസ് തുടങ്ങിയവരും ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നതായി വിമാനത്താവളത്തില്‍ വെച്ചാണറിഞ്ഞത്. ദാല്‍തടാകക്കരയിലെ ഹോട്ടലുകളെല്ലാം രണ്ടും മൂന്നും നിലകള്‍ വെള്ളത്തിലാണ്. വെള്ളിയാഴ്ച വൈകീട്ട് ചില പ്രധാന വ്യക്തികളെ കാണാന്‍ കിംഗ് ഫോര്‍ട്ട് ഹോട്ടലില്‍ പോയിരുന്ന കാര്യം ഞാനോര്‍ത്തു.
വിമാനത്താവളത്തില്‍ സൈന്യത്തിന്റെ പതിവ് പരിശോധനകള്‍ കഴിഞ്ഞ് വിമാനക്കമ്പനിയുടെ കൗണ്ടറില്‍ ചെന്നു. നാളെ പുലര്‍ച്ചെയാണ് ടിക്കറ്റ്. ഇന്ന് പോവാന്‍ പറ്റുമോ എന്നറിയണം. സമയം 3 മണി. 3.15ന് ഫ്‌ളൈറ്റുണ്ടെന്നും അതില്‍ പോകാമെന്നും പറഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാവതല്ല. എന്നെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ അതുവരെ പേര് ചോദിച്ചിട്ടില്ലാത്ത കാശ്മീരി സഹോദരനുണ്ടായിരുന്നു. എനിക്ക് പോകാന്‍ പറ്റുമെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിനും സന്തോഷമായി. യാത്രാ മംഗളങ്ങള്‍ നേര്‍ന്ന് കെട്ടിപ്പിടിച്ചപ്പോള്‍ വീണ്ടും എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. പരസ്പരം നമ്പര്‍ കൈമാറി. ഞാന്‍ യാത്ര പറഞ്ഞു. അപ്രതീക്ഷിതമായ തിക്താനുഭവങ്ങള്‍ സമ്മാനിച്ചുവെങ്കിലും, കാശ്മീരിനെ എന്റെ മനസ്സ് കൈവിട്ടിട്ടില്ല. ആ ജനതയുടെ സ്‌നേഹവായ്പുകള്‍ എനിക്ക് മറക്കാവതല്ല. അരക്ഷിതമായ മേഖലകളിലെ ദുരന്ത മുഖങ്ങളില്‍ അകപ്പെടുമ്പോള്‍ മാത്രം നാം തിരിച്ചറിയുന്ന ഒന്നുണ്ട്. പിറന്ന മണ്ണിന്റെ ചുറ്റുപാടുകളില്‍ നാമിപ്പോള്‍ എത്രമാത്രം സുരക്ഷക്ഷിതരാണെന്ന്. പക്ഷേ, പ്രവചനാതീതമായ പ്രകൃതിയുടെ ഭാവ വ്യതിയാനങ്ങള്‍ ഏതു നിമിഷവും എവിടെയും സംഭവിക്കാവുന്ന സ്വാഭാവികതകളാണെന്ന കാര്യം നാം സൗകര്യപൂര്‍വ്വം മറന്നുപോവുകയാമ്.
വിമാനത്താവളത്തില്‍ ദുരിത പൂര്‍വ്വം താണ്ടിയെത്തിയവര്‍ നാളുകള്‍ക്ക് ശേഷം ഭക്ഷണം കഴിക്കുകയും, നാട്ടിലെത്താന്‍ ധൃതിപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ മുപ്പതോളം ഗ്രൗണ്ട് സ്റ്റാഫിെനെക്കുറിച്ച് നാളുകളായി വിവരമൊന്നുമില്ലത്രെ. വിമാനങ്ങള്‍ വരികയും പോകുകയും ചെയ്യുന്നുണ്ടെങ്കിലും വിമാനത്താവളത്തില്‍ എത്തുക ദുഷ്‌കരമായതു കാരണം നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ഓരോ വിമാനത്തിലുമുള്ളത്. ഞങ്ങളുടെ വിമാനം ഡല്‍ഹിയില്‍ റണ്‍വേയിലിറങ്ങിയതോടെ കുട്ടികളും കുടുംബങ്ങളും നിര്‍ത്താതതെ കയ്യടിച്ചത് എന്തിനാണെന്ന് എനിക്കിപ്പോഴും അറിയില്ല. ദുരന്തമുഖത്ത് മറ്റുള്ളവര്‍ കരയുമ്പോഴും സജീവന്‍ രക്ഷപ്പെട്ടതിന്റെ സ്വാര്‍ത്ഥത എന്നിലുമുണ്ടല്ലോ എന്ന കാര്യം തീര്‍ച്ചയാണ്. ദാല്‍ തടാകക്കരയില്‍ മൂന്നും നാലും നിലകള്‍ വരെ വെള്ളത്തില്‍ മുങ്ങിയ ഹോട്ടല്‍ മുറികളില്‍ നിന്ന് ഉടുതുണിയുമായി രക്ഷപ്പെട്ട ടൂറിസ്റ്റുകളില്‍ പലരോടും സംസാരിച്ചു മരണം ഇരച്ചെത്തുന്ന കാഴ്ച കണ്ട് മണിക്കൂറുകള്‍ എണ്ണിയവര്‍ ഇപ്പോഴും ആ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. പ്രകൃതിയുടെ സൗന്ദര്യം സുകരാനെത്തിയവര്‍ പ്രകൃതിയുടെ വന്ദ്യതയില്‍ ഭയന്നോടിയത് വിവരിക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. കൂടെ നിന്നവരില്‍ പലരെയും ഇതുവരെ കണ്ടെത്തിയില്ലെന്ന് പരിഭവം.
ഡല്‍ഹിയിലെത്തിയപ്പോള്‍ കേരള ഹൗസ് പ്രധിനിധികള്‍ വിമാനത്താവളത്തില്‍ കാത്തിരിപ്പുണ്ടായിരുന്നു. കാശ്മീരിലകപ്പെട്ട മലയാളികളെ തിരികെയെത്തിക്കാന്‍ ശ്രമവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സ്ഥലത്തെത്തി. അവരോട് സ്ഥിതിഗതികള്‍ വിവരിച്ചുകൊടുക്കുകയും മലയാളികളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുകയും ചെയ്തു. ഞാനടക്കം 90 പേരാണ് അതേവരെ എത്തിയ മലയാളികള്‍ എന്നറിയാന്‍ കഴിഞ്ഞു.
അനുഭവതീവ്രമായ ഒരു യാത്ര വീടണയുമ്പോള്‍ ആദ്യമോര്‍ത്തത് ബാരാമുള്ളയിലെ കൂട്ടുകാരെക്കുറിച്ചാണ്. ഞാന്‍ സെല്‍ഫായി എത്തിയിരിക്കുന്നു. നിങ്ങള്‍ സുരക്ഷിതരാണെന്ന് കരുതട്ടെ, എന്ന് വാട്‌സപ്പ് മെസേജ് അയച്ചു. പുലര്‍ച്ചെ ഏതോ സമയം വന്ന ഒരു മെസേജില്‍ അവരുടെ മറുപടി ലഭിച്ചു. അപ്പോഴാണ്  മനസ്സിലെ കാര്‍മേഘം പൂര്‍ണ്ണമായകന്നത്. ജീവിതത്തില്‍ ചില പാഠങ്ങള്‍ പഠിപ്പിച്ചുതരാന്‍ ദൈവം നമ്മെ പുതിയ പാഠശാലകളിലേക്കയക്കും. അത്തരമൊരു യാത്രയായിരുന്നു ഈ ശ്രീനഗര്‍ സഞ്ചാരമെന്ന് കരുതാനാണെനിക്കിഷ്ടം. ഒപ്പം ജീവിതം നമ്മെ എത്രമാത്രം കൊതിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവും.


റശീദ് പുന്നശ്ശേരി 

1 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഭീകര ദുരിതത്തോടൊപ്പം പ്രളയ ദുരിതവും
എല്ലാം നേരിടാൻ പാവം ഒരു കാശ്മീർ ജനത

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next