ബാല്യ കൗമാരങ്ങള്‍ തളച്ചിട്ട ഒരു ഹോസ്റ്റല്‍ മുറി കനലടങ്ങാതെ കിടപ്പുണ്ട് മനസിന്റെ പുറമ്പോക്കില്‍. കൊന്നമരത്തില്‍ നിന്ന് മഞ്ഞപ്പൂക്കള്‍ കൊഴിഞ്ഞുവീഴാന്‍ കൊതിച്ച നാളുകള്‍. കൊന്നപ്പൂവുകള്‍ ഞങ്ങള്‍ക്ക് വിഷുപ്പുലരിയുടെ ഓര്മ മാത്രമായിരുന്നില്ല സമ്മാനിച്ചത്. അടുത്തുവരുന്ന വാര്‍ഷികാവധിയുടെ മുന്നറിയിപ്പായിരുന്നു ആ മഞ്ഞപ്പൂക്കള്‍.
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനുമെല്ലാം കിട്ടുന്ന വിരലിലെണ്ണാവുന്ന അവധി ദിനങ്ങള്‍. ചെറിയ പെരുന്നാളിന്റെ അവധി കഴിഞ്ഞെത്തിയാല്‍ പിന്നെ പുഴയിലേക്കുള്ള വഴിയരികില്‍ നിന്ന് ആരുമറിയാതെ പെറുക്കിയെടുത്ത മഞ്ചാടി മണികള്‍ ചെറിയ പ്ലാസ്റ്റിക് കുപ്പിയില്‍ അടച്ചുവെക്കും. ഓരോ പ്ര'ാതവും പുലരാന്‍ കാത്തിരിക്കും. ഉണര്‍ന്നു കഴിഞ്ഞാല്‍ ആദ്യം മഞ്ചാടി മണികളിലൊന്ന് എടുത്ത് ദൂരെ കളയും. ഉറ്റവരിലേക്കുള്ള അകലം അങ്ങനെ കുറഞ്ഞു കുറഞ്ഞു വരും.
വീട്ടില്‍ തിരിച്ചെത്തുന്ന നാള് തുടങ്ങും പെരുന്നാളാഘോഷം. സകുടുംബം ഗള്‍ഫില്‍ കഴിയാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തിനു മുന്നില്‍ നിസഹായതയോടെ ബോര്‍ഡിംഗ് സ്കൂളുകളില്‍ കഴിയേണ്ടിവരുന്ന ബാല്യങ്ങള്‍ക്ക് അവരുടെ മോഹങ്ങള്‍ക്ക്, നഷ്ടമാവുന്ന നാളുകള്‍ക്ക് പകരം വെക്കാന്‍ നിങ്ങളെന്തു നല്‍കും.
'തടങ്കല്‍ പാളയ'ത്തില്‍ നിന്ന് തിരിച്ചെത്തിയവന്റെ മാനസികാവസ്ഥയില്‍ ആഘോഷിച്ച പെരുന്നാളുകള്‍ക്ക് മാധുര്യമേറിയത് അങ്ങനെയാണ്. സമാനമായിരുന്നു പ്രവാസവും. അവധിയില്‍ നിന്ന് അവധിയിലേക്ക് നീങ്ങുന്ന ദിനങ്ങള്‍ക്കിടയിലെ യാന്ത്രികതയായിരുന്നു അത്. മരുഭൂമിയിലെ ആദ്യ പെരുന്നാള്‍ യൂണിഫോമില്‍ ആഘോഷിക്കാനായിരുന്നു വിധി. പള്ളിക്കു മുന്നില്‍ മുസ്വല്ല വിരിച്ചവരുടെ കൂട്ടത്തില്‍, ജോലിക്കുപ്പായത്തിന്റെ വിയര്‍പ്പു ഗന്ധത്തില്‍ ഒരാളായി. സുജൂദില്‍ നനഞ്ഞ മുസ്വല്ലയും നീര്മുത്തുകള് വിതുമ്പിയ മുഖവും ആരും കാണാതിരിക്കാന്‍ തുടക്കേണ്ടിയിരുന്നില്ല. സമാന ദുഃഖിതരുടെ നീണ്ട നിര, സന്തോഷത്തിന്റെ ആശ്ലേഷങ്ങള്ക്കിടയിലും കണ്ണീര് തുള്ളികള്‍ക്കിടയിലൂടെ ഇരട്ടിച്ചു കണ്ടു.
എങ്കിലും ഗള്‍ഫിലെ പെരുന്നാളിന് പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ സവിശേഷതകളുണ്ടായിരുന്നു എന്നതാണ് നേര്. ആഘോഷത്തിന്റെ ചൂട് തിരിച്ചുപിടിക്കാനുള്ള പ്രവാസിയുടെ കൂട്ടായ ശ്രമങ്ങളില്‍ നിന്നാവണം പ്രവാസപ്പെരുന്നാള്‍ വര്‍ണാ'മായത്. പെരുന്നാള്‍ രാവിലാണ് പ്രവാസിയുടെ പെരുന്നാളൊരുക്കം. റെഡിമെയ്ഡ് വസ്ത്രശാലകളില്‍, ബാര്‍ബര്‍ ഷോപ്പുകളില്‍, ഇറച്ചിക്കടകളില്‍, സൂപ്പര്‍മാര്‍ക്കറ്റില്‍ അതങ്ങിനെ നീളും. അതിരാവിലെയുണര്‍ന്ന്, മസ്ജിദുകളിലേക്ക്. അറബിയും പാക്കിസ്ഥാനിയും ബംഗാളിയും മലയാളിയും എല്ലാം ചേര്‍ന്ന അത്തറിന്റെ സമ്മിശ്ര ഗന്ധങ്ങള്‍ ആസ്വദിക്കാം. പരസ്പരമാശ്ലേഷിക്കാം. ആണ്ടില്‍ ഒന്നോ രണ്ടോ ദിവസം ഒത്തുകിട്ടുന്ന കൂട്ട അവധിയുടെ സന്തോഷത്തില്‍ സഹമുറിയന്മാര്ക്കൊപ്പം കുബ്ബൂസിലും ഉപ്പുമാവിലും പ്രാതല്‍ കഴിക്കാം, ബിരിയാണിയൊരുക്കാം, ഒന്നിച്ച് വട്ടമിട്ടിരുന്ന് പാട്ടു പാടാം. തുടര്‍ന്ന് കുടുംബ സുഹൃത്തുക്കളുടെ വീടുകളിലേക്ക് ഉള്‍വലിയാം. ആഘോഷങ്ങള്‍ക്ക് നാടിന്റെയോര്‍മകളില്‍, വീടിന്റെ പരിസരങ്ങളില്‍ നിന്ന് കഥകളുടെ വര്‍ത്തമാനങ്ങള്‍ പരതാം. ഇങ്ങനെയൊക്കെയാണ് ഗള്‍ഫിലെ പെരുന്നാള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്.
അജ്മാനിലെ കടല്ക്കരയില്, അബുദാബിയിലെ കോര്‍ണീഷില്‍, ഷാര്‍ജയിലെ ജസീറാ പാര്‍ക്കില്‍, അബ്രയില്‍, ദേരയില്‍, ജുമൈറയില്‍, മംസാറില്‍, തണുപ്പും സ്വച്ഛതയും തേടിയ ഒട്ടനേകം പെരുന്നാള്‍ സായാഹ്നങ്ങള്‍.
തിരികെ നാടണഞ്ഞപ്പോള്‍ കുടുംബവും കൂട്ടുകാരും നാട്ടുകാരുമൊക്കെ നിത്യ കാഴ്ചകളില്‍ നിറയുമ്പോള്‍ ആഴ്ചകള്‍ തോറും കല്യാണ വീടുകളിലും സല്‍ക്കാര മേളകളിലും സജീവമാകേണ്ടി വന്നപ്പോള്‍ ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ ആശ്വാസമായെത്തുന്ന 'ഹര്‍ത്താല്‍' ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഇവിടെ ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നഷ്ടമാകുന്നുണ്ടോയെന്നത് സ്വാഭാവിക സംശയം മാത്രം.
എങ്കിലും പ്രവാസീ, കാത്തിരിപ്പിന്റെ സുഖം, ഉറ്റവരുടെ സ്നേഹ സാന്ത്വനം, ഫോണിലും ചാറ്റിലും കൊഞ്ചുന്ന പിഞ്ചോമനകളുടെ ഇണക്കവും പരി'വങ്ങളും. പടിയിറങ്ങിപ്പോയ മണ്ണിലേക്ക് വലിച്ചടുപ്പിച്ച് നിര്‍ത്തുന്ന എന്തെല്ലാം സ്വപ്നങ്ങളുണ്ട് നിനക്ക് കൂട്ടിന്. രണ്ടു കരകള്‍ക്ക് നടുവില്‍ റബര്‍ കയറില്‍ വലിച്ചുകെട്ടിയ തോണിയാണ് നീ. സ്നേഹത്തിന്റെ വന്‍കരയിലേക്ക് അടുക്കാനൊരുങ്ങുമ്പോഴായിരിക്കും അതിജീവനത്തിന്റെ മറുകര നിന്നെ തിരികെ വിളിക്കുന്നത്. അപ്പോള്‍, ആഘോഷിക്കപ്പെടേണ്ടത് നീയുള്ള കരകളില്‍ തന്നെയെന്ന് സമാശ്വസിക്കുക. ഒരു വേള അവിടെ തന്നെയാണ് ആഘോഷമെന്നും
9 comments:
ഇത്തവണ ചെറിയപെരുന്നാള്‍ നാട്ടിലാഘോഷിച്ചപ്പോള് തോന്നിയിരുന്നു, ഓര്‍മ്മകളില്‍ സുഗന്ധം നിറച്ചിരുന്ന നാട്ടിലെ പെരുന്നാള്‍ അങ്ങിനെതന്നെ നിലനിര്‍ത്തുന്നതായിരുന്നു നല്ലതെന്ന്..
വൈകിയ ഈദ് ആശംസകള്‍.
പോയത് സുവര്‍ണ്ണകാലം
വരാനുള്ളതും സുവര്‍ണ്ണകാലം
നല്ല കുറിപ്പ് റഷീദ് ബായി .. അതെ എന്നും ഓര്‍മയിലെ പെരുന്നാളിന് തന്നെ മധുരം ..:)
ഓഫ്# വിസ നോക്കണോ ?
മദീനാ സൂപ്പര്‍മാര്‍ക്കറ്റില്‍ പണീയെടുക്കുന്ന ഒരുവന് പറഞ്ഞതാണ്.. 'പെരുന്നാള്‍ വെള്ളിയാഴ്ച ആയാല്‍ മതിയായിരുന്നു... എന്നാലെങ്കിലും അര ദിവസം ലീവ് കിട്ടും' എന്ന്...
മനസിന്റെ പുറമ്പോക്കില്‍. കൊന്നമരത്തില്‍ നിന്ന് മഞ്ഞപ്പൂക്കള്‍ കൊഴിഞ്ഞുവീഴാന്‍ കൊതിച്ച നാളുകള്‍....
എങ്കിലും പ്രവാസീ, കാത്തിരിപ്പിന്റെ സുഖം, ഉറ്റവരുടെ സ്നേഹ സാന്ത്വനം, ഫോണിലും ചാറ്റിലും കൊഞ്ചുന്ന പിഞ്ചോമനകളുടെ ഇണക്കവും പരി'വങ്ങളും. പടിയിറങ്ങിപ്പോയ മണ്ണിലേക്ക് വലിച്ചടുപ്പിച്ച് നിര്‍ത്തുന്ന എന്തെല്ലാം സ്വപ്നങ്ങളുണ്ട് നിനക്ക് കൂട്ടിന്....
ആഘോഷത്തിന്റെ ചൂട് തിരിച്ചുപിടിക്കാനുള്ള
പ്രവാസിയുടെ കൂട്ടായ ശ്രമങ്ങളില്‍ നിന്നാവണം
പ്രവാസപ്പെരുന്നാള്‍ വര്‍ണാ'മായത്. പെരുന്നാള്‍
രാവിലാണ് പ്രവാസിയുടെ പെരുന്നാളൊരുക്കം. റെഡിമെയ്ഡ്
വസ്ത്രശാലകളില്‍, ബാര്‍ബര്‍ ഷോപ്പുകളില്‍, ഇറച്ചിക്കടകളില്‍, സൂപ്പര്‍മാര്‍ക്കറ്റില്‍ അതങ്ങിനെ നീളും. അതിരാവിലെയുണര്‍ന്ന്, മസ്ജിദുകളിലേക്ക്. അറബിയും പാക്കിസ്ഥാനിയും ബംഗാളിയും മലയാളിയും എല്ലാം ചേര്‍ന്ന അത്തറിന്റെ സമ്മിശ്ര ഗന്ധങ്ങള്‍ ആസ്വദിക്കാം. പരസ്പരമാശ്ലേഷിക്കാം. ആണ്ടില്‍ ഒന്നോ രണ്ടോ ദിവസം ഒത്തുകിട്ടുന്ന കൂട്ട അവധിയുടെ സന്തോഷത്തില്‍ സഹമുറിയന്മാര്ക്കൊപ്പം കുബ്ബൂസിലും ഉപ്പുമാവിലും പ്രാതല്‍ കഴിക്കാം, ബിരിയാണിയൊരുക്കാം, ഒന്നിച്ച് വട്ടമിട്ടിരുന്ന് പാട്ടു പാടാം.
തുടര്‍ന്ന് കുടുംബ സുഹൃത്തുക്കളുടെ വീടുകളിലേക്ക് ഉള്‍വലിയാം
നന്നായി....നല്ല എഴുത്ത്...........
ആശംസകള്‍!
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ