ഗുജ്ജറുകള്‍ക്കൊപ്പം ഒരു വനവാസം
ബറകോലി റേഞ്ചിലെ വനാതിര്‍ത്തിയിലെത്തുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.ചെക് പോസ്റ്റില്‍ ഞങ്ങളെ കാത്ത് അക്തര്‍ സാബ് നില്‍പ്പ് തുടങ്ങിയിട്ട് മണിക്കൂറുകളായി.ഡല്‍ഹിയില്‍ നിന്ന് ലക്ള്‍നൗ ഹൈവേയില്‍ അഞ്ച് മണിക്കൂര്‍ യു.പിയിലെയും ഉത്തരാഖണ്ഡിലെയും വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് എത്തിയപ്പോള്‍ സമയം വൈകിയെങ്കിലും മനസ്സ് തുടികൊട്ടുകയായിരുന്നു.വനം എന്ന മായിക ലോകത്തെ അടുത്തറിയാന്‍ പോകുന്നതിന്റെ സന്തോഷം അത്രയേറെയുണ്ടായിരുന്നു.നാഗര്‍ ഹോളയിലും കബനിയിലും മറ്റും ദിവസങ്ങള്‍ വനത്തില്‍ തങ്ങിയിട്ടുണ്ടെങ്കിലും ഈ വന യാത്രക്ക് മറ്റൊരു പ്രത്യേകതയുണ്ട്.വന്യ മൃഗങ്ങളുടെ കാഴ്ച തേടിയുള്ളതായിരുന്നു ഇത് വരെയുള്ള വനയാത്രകള്‍. എന്നാല്‍ ഇത്തവണ വനത്തിലേക്ക് മനുഷ്യരെ തേടിയുള്ള യാത്രയാണ്.ആദിവാസി ഊരുകളിലെ ജീവിതവും താമസവും കൗതുകകരമായ ചില ചിന്തകള്‍ മാത്രമായി മനസ്സിനെ മഥിക്കാറുണ്ട്.സ്വപ്നങ്ങളില്‍ മാത്രം സംഭവിക്കാറുള്ള വനവാസം നേരിട്ടനുഭവിക്കണമെന്ന മോഹം പൂവണിയാന്‍ പോകുന്നു.അപ്പോള്‍ അര്‍ദ്ധരാത്രിയിലെ വനം എന്ന ഭീതി അകന്നിലാതാവുന്നു.
ആതിഥേയന്‍ കൂടെയുള്ളതിനാല്‍ ചെക്‌പോസ്റ്റില്‍ പതിവ് പരിശോധനകളില്ലാതെ കടക്കാം.എങ്കിലും വെറുതെ പുറത്തിറങ്ങി.വനാന്തര ശബ്ദങ്ങളുടെ വശ്യതയില്‍ നിലാവുള്ള രാത്രിയുടെ തണുപ്പ് ഇരുളിനോടിഴ ചേര്‍ന്ന് പതിയെ തലോടി.
ഉത്തരാഖണ്ഡില്‍ ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ കര്‍ഷക ഗ്രാമങ്ങള്‍ക്ക് നടുവിലെ ചെറു പട്ടണമാണ് സിത്താര്‍ ഗഞ്ച്.കടുകും മല്ലിയും കരിമ്പും ഗോതമ്പും വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ പകുത്ത് കൊണ്ട് കടന്നു പോകുന്ന പാതകളിലൂടെ ഉത്തരേന്ത്യന്‍ കര്‍ഷകരുടെ പ്രധാന വാഹനവും പണിയായുധവുമായ ട്രാക്ടറുകള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.മിക്ക വാഹനങ്ങളിലും കരിമ്പ് തണ്ടുകളാണ് കൊണ്ട് പോകുന്നത്.യു.പി യിലും ഉത്തരാഖണ്ഡിലുമായി അനേകം പഞ്ചസാര ഫാക്ടറികള്‍ നിലവിലുണ്ട്.കരിമ്പ് വിളവെടുപ്പ് സമയമായതിനാല്‍ രാപ്പകല്‍ ഭേദമന്യേ റോഡില്‍ വാഹനങ്ങള്‍ കാണാം.എല്ലാ അര്‍ത്ഥത്തിലും ഇന്ത്യക്കാര്‍ക്ക് ഭക്ഷണമൊരുക്കാന്‍ രാപ്പകല്‍ അദ്ധ്വാനിക്കുന്ന കര്‍ഷകരുടെ നാടാണിത്.
സിത്താര്‍ ഗഞ്ചില്‍ നിന്ന് തിരിഞ്ഞു പോകുന്ന ചെറിയ ചെമ്മണ്‍ പാതയിലൂടെ മുന്നോട്ട് പോകുമ്പോള്‍ കര്‍ഷകരുടെ കുടിലുകള്‍ നിറഞ്ഞ കോളനികള്‍ കാണാം.മുറ്റത്തും പാടത്തുമായി വിശ്രമിക്കുന്ന നാല്‍ക്കാലികള്‍.മനുഷ്യവാസമുള്ള ഗാവുകള്‍ താണ്ടിയാണ് വനാതിര്‍ത്തിയിലെത്തിയത്.
ഞങ്ങള്‍ വനത്തിലൂടെ യാത്രയാരംഭിച്ചു.ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ പാകത്തില്‍ വെട്ടിയുണ്ടാക്കിയ ഫോറസ്‌ററ് റോഡില്‍ ഇടക്ക് ചെറിയ മൃഗങ്ങള്‍ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കുറുകെ ചാടി.സമതലത്തിലൂടെയാണ് യാത്ര.കയറ്റിറക്കങ്ങള്‍ അധികമില്ല.ചിലയിടങ്ങളില്‍ അടിക്കാടിന് തീ പടര്‍ത്തിയിരിക്കുന്നു. ആറു കിലോമീറ്റര്‍ സഞ്ചരിച്ച് ഗുജ്ജര്‍ വംശജര്‍ താമസിക്കുന്ന ഊരിലെത്തണം.
ലോകത്ത് തന്നെ സമാനതകളില്ലാത്ത പ്രത്യേക ഗോത്ര വിഭാഗമാണ് വന്‍ ഗുജ്ജാറുകള്‍. ഹിമാലയന്‍ സാനുക്കളിലും അനുബന്ധ വനങ്ങളിലും ചുറ്റി സഞ്ചരിച്ച് കന്നുകാലി വളര്‍ത്തല്‍ ജീവിത വൃതമായി സ്വീകരിച്ചവരാണ് 'വന നാടോടികള്‍' എന്നര്‍ത്ഥം വരുന്ന വന്‍ ഗുജ്ജര്‍ സമുദായക്കാര്‍. വായിച്ചും കേട്ടുമറിഞ്ഞ നിരവധി കഥകളിലെ നായകര്‍ ഈ കാട്ടിലുണ്ട്.പാതിരാവിന്റെ നിശ്ശബ്ദതയില്‍ പലതരം പൂവുകള്‍ വിരിഞ്ഞ ഉന്മാദഗന്ധം നുകര്‍ന്ന് തണുപ്പിനെ ആവാഹിച്ചെടുത്ത് ഉള്‍ക്കാടുകളിലേക്ക് ഊളിയിടുമ്പോള്‍ മനസ്സ് കൂട്ടിന് പോരാന്‍ മടിച്ച് വീണ്ടും വീണ്ടും കാടകങ്ങളിലേക്ക് പാഞ്ഞു കൊണ്ടിരുന്നു.അവിടെ തിളങ്ങുന്ന ചുവന്ന കണ്ണുകളും ഓടി മറയുന്ന മാന്‍കൂട്ടങ്ങളും വന്യമായലറുന്ന കടുവകളും യഥേഷ്ടം വിഹരിക്കുന്നുണ്ടാവും.
മുന്നില്‍ പോയ വാഹനത്തിനു പിന്നാലെ സഞ്ചരിച്ച് ഗുജ്ജാറുകളുടെ 'ദേര'യിലെത്തുമ്പോള്‍ സോളാര്‍ വിളക്കിന്റെ പ്രകാശത്തില്‍ ഞങ്ങളെ കാത്തിരിക്കുകയാണ് വീട്ടുകാര്‍.കളിമണ്ണ് കുഴച്ചെടുത്ത് പണിത അരഭിത്തികള്‍,മുളപോലുള്ള മരത്തിന്റെ കൊമ്പുകള്‍ പാകി മുകളില്‍ പുല്ലു കൊണ്ട് മേഞ്ഞ മേല്‍ക്കൂര, തറയും,മുറ്റവുമെല്ലാം മണ്ണും വൈക്കോല്‍കച്ചിയും തേച്ച് മിനുക്കി ഒന്നാം തരം ഭംഗിയില്‍ നിര്‍മിച്ചിരിക്കുന്ന മണ്‍ വടുകളാണ് 'ദേര' എന്നറിയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ നിലാവ് പെയ്യുന്ന മുറ്റത്ത് നാല് ചെറിയ കുടിലുകള്‍ ചേര്‍ന്ന ദേരയുടെ വശ്യതയില്‍ ലയിച്ചിരുന്നു പോയി.ചുറ്റും ഇരുള്‍ മൂടിയ കാട്.വിജനതയില്‍ ഉയരുന്ന ചെറിയ ശബ്ദങ്ങള്‍ പലതും പുതിയ കേള്‍വികളാണ്.
മുറ്റത്തൊരു പടുകൂറ്റന്‍ നായ കിടപ്പുണ്ട്. അവന്‍ ശൗര്യമെടുത്തു കുരച്ചില്ല. അതിഥികളുടെ വരവുമുന്‍കൂട്ടി അറിഞ്ഞത് പോലെ ഒന്നു മുരണ്ടു ചുരുങ്ങി കൂടി കിടന്നു. അതിഥികള്‍ വരുമ്പോള്‍ താമസിക്കുന്നതിനായി ഒരുക്കിയിട്ട വലിയൊരു ഹാള്‍. കയറു കട്ടിലുകളും കമ്പിളി പുതപ്പുകളും തലയിണകളും തയ്യാറാക്കി വച്ചിരിക്കുന്നു. അരഭിത്തി മുതല്‍ മേല്‍ക്കൂര വരെയുള്ള ഭാഗങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു. ആദ്യവീക്ഷണം അവസാനിപ്പിച്ച് ഞങ്ങള്‍ അകത്തു കയറി. പുറത്ത് നല്ല തണുപ്പ്. അപ്പേഴേക്കും ഗുലാം റസൂല്‍ ഭായിയും സഹോദരങ്ങളും വിറക് കൊള്ളികള്‍ക്ക് തീ പകര്‍ന്നു. മരങ്ങളില്‍ മഞ്ഞുപെയ്യുന്ന സംഗീതത്തില്‍ ലയിച്ച് കാടിന് നടുവിലെ ക്യാമ്പ് ഫയറിനു ചുറ്റം കൂടിയിരുന്നു ഞങ്ങള്‍ തീ കാഞ്ഞു. യാത്രയുടെ ക്ഷീണമെല്ലാം എപ്പഴേ വിട്ടകന്നിരുന്നു. കാടിന്റെ ഗന്ധവും സ്‌നേഹമുള്ള മനുഷ്യരും പ്രിയമുള്ളൊരു രാവിനെ ജീവിതത്തിലെ ഏറ്റവും നല്ല മൂഹൂര്ത്തങ്ങളിലൊന്നനുഭവിക്കു ന്നതിന്റെ സന്തോഷവും ചേര്‍ന്ന അവസ്ഥയില്‍ ലയിച്ചിരിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി.
തൊട്ടപ്പുറത്തെ അടുക്കളയില്‍ പുകയുയരുന്നുണ്ട്. മറ്റു കുടിലുകളില്‍ നിന്ന് വ്യത്യസ്തമായി വൃത്താകൃതിയില്‍ നിര്‍മിച്ച അടുക്കളക്ക് പുല്ല് മേഞ്ഞ ചെറിയൊരു ചിംനിയും സജ്ജീകരിച്ചിട്ടുണ്ട്. അല്‍പ്പ സമയത്തിനകം വീട്ടുകാരിയും മക്കളും ചൂടുള്ള ചപ്പാത്തിയും അലൂമിനിയപ്പാത്രങ്ങളില്‍ വിവിധ തരം മാംസക്കറികളുമായി വന്നു. നിലത്തു വിരിച്ച പുല്‍പ്പായയില്‍ ഞങ്ങള്‍ വട്ടം കൂടിയിരുന്നു. കാന്താരി മുളകിട്ടുവേവിച്ച കോഴിക്കറിയും കാടയും മറ്റും അന്നോളമനുഭവിച്ചതിനപ്പുറത്തെ പുതിയ രുചി കൂട്ടുകളായിരുന്നു. ഗോതമ്പ് ചപ്പാത്തിയില്‍ ശുദ്ധമായ പശുവിന്‍ നെയ്യും ചേര്‍ത്തിരിക്കുന്നു. ആര്‍ഭാഢങ്ങള്‍ അധികമില്ലാത്ത അത്താഴം കഴിച്ചതോടെ ശരീരം തണുപ്പിനോട് പിടിച്ചുനിന്നു.
കനലെരിയുന്ന വിറക് കൊള്ളികള്‍ക്കൊപ്പം മനസ്സില്‍ ചോദ്യങ്ങള്‍ ഏറെയുണ്ടായിരുന്നു. കാടിനെ കുറിച്ച്, അവരുടെ ജീവിത്തെ കുറിച്ച് വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ച് കന്നുകാലി വളര്‍ത്തല്‍ ഉപജീവന മാര്‍ഗ്ഗമാക്കി കൊണ്ടു നടക്കുന്ന വിഭാഗമാണ് വന്‍ ഗജ്ജറുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വനമേഖലകൡ സമാനസ്വഭാവമുള്ള ഗോത്രവിഭാഗങ്ങള്‍ ഉപ്പോഴുമുണ്ട്. റഷ്യയില്‍ നിന്നു ജമ്മു കഷ്മീര്‍ പര്‍വ്വതങ്ങളിലെത്തിയവരാണ് ഇന്ത്യയിലെ വന്‍ഗുജ്ജറുകള്‍ എന്നാണ് കരുതപ്പെടുന്നത്. ഹിന്ദു, മുസ്‌ലിം, സിഖ് മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഗുജ്ജറുകളിലുണ്ടത്രെ. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗുജ്ജറുകള്‍ ജീവിക്കുന്നത് തങ്ങളുടെ കന്നുകാലികള്‍ക്ക് വേണ്ടിയാണ്. അവയുടെ പരിപാലനത്തിനും അന്നത്തിനും വക തേടിയാണ് ഗുജ്ജറുകള്‍ വനാന്തരങ്ങളില്‍ നിരന്തരം സഞ്ചരിക്കുന്നത്. വളരെ ലളിതമായ ജീവിത ശൈലിയാണ് ഗുജ്ജറുകളുടെ പ്രത്യേകത. ആധുനിക ലോകം തൊട്ടടുത്തുണ്ടങ്കിലും അവയിലൊന്നും ഭ്രമിക്കാതെ തങ്ങളുടെ ലോകത്തേക്ക് ഉള്‍വലിഞ്ഞ് ഒരുമിച്ചുകൂടാന്‍ ആഗ്രഹിക്കുന്ന ഇവര്‍ തങ്ങളുടെ പൈതൃകവും പാരമ്പര്യവുമൊന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ താല്‍പര്യം കാണിക്കാറില്ല.
ഞങ്ങളുടെ സ്‌നേഹപൂര്‍വ്വമായ സംസാരവും പെരുമാറ്റവും ഇഷ്ടമായതുകൊണ്ടാവാം അക്തര്‍ഭായ് ചിലതെല്ലാം പറഞ്ഞു. ഈ താമസ സ്ഥലം സ്വന്തമെന്ന് പറയാനാവില്ല. വോട്ടവകാശമുണ്ട്. 2017-ല്‍ തങ്ങള്‍ ആദ്യമായി വോട്ടുചെയ്തു. വനം വകുപ്പ് നല്‍കിയ പ്രത്യേക പാസുകള്‍ ഉപയോഗിച്ചാണ് വനത്തിലെ ജീവിതം. കശ്മീരില്‍ നിന്ന് 1950കളില്‍ ഉത്തരാഖണ്ഡ് വനമേഖലകളില്‍ കുടിയേറിയവരില്‍ എഴുന്നൂറോളം വന്‍ ഗുജ്ജറുകളാണിപ്പോള്‍ മേഖലയിലുള്ളത്. വനത്തിലെ വിവിധ സെറ്റില്‍മെന്റുകളിലായി അവര്‍ കഴിയുന്നു. ഈ കോളനിയില്‍ ഗുലാം നബിയും സഹോദരങ്ങളും മറ്റുമായി 16 കുടുംബങ്ങളാണ് താമസിക്കുന്നത്.
ഓരോ ദേരകള്‍ക്കു ചുറ്റും തങ്ങളുടെ ആടുമാടുകള്‍ക്ക് കഴിയാനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ടാവും. ഓരോ വീട്ടിലെയും ആണ്‍കുട്ടികള്‍ കല്യാണം കഴിക്കുമ്പോള്‍ അവര്‍ക്ക് മാതാപിതാക്കള്‍ തങ്ങളുടെ പക്കലുള്ള കന്നുകാലികളെ വീതം വെച്ചു നല്‍കുകയാണ് പതിവ്. ഒരാള്‍ക്ക് എണ്‍പതു മുതല്‍ നൂറു വരെ എരുമകള്‍ ഇവിടെയുണ്ട്. ഗുജ്ജറുകള്‍ക്ക് ഓരോ മൃഗവും തങ്ങളുടെ കുടുംബാങ്ങളെ പോലെ തന്നെയാണ്. വീട്ടുകാര്‍ക്ക് ഓരോന്നിനെയും വെവ്വേറെ തിരിച്ചറിയാന്‍ സാധിക്കും. മാത്രമല്ല മനുഷ്യരെപ്പോലെ തന്നെ അവക്കെല്ലാം പേരുകളുമുണ്ട്. പേരെടുത്ത് വിളിച്ചാല്‍ അവ മുന്നില്‍ ഹാജാറാകും. മെഹന്തി, ഖുഷി, വസന്തി തുടങ്ങിയ പല പേരുകള്‍.
സാധാരണ കര്‍ഷകര്‍ വളര്‍ത്തുന്ന എരുമകളേക്കാള്‍ വ്യത്യസ്തമാണ് ഗുജ്ജറുകളുടേത്. കാരണം നിരന്തരമുള്ള വനയാത്രകളില്‍ കയറ്റിറക്കങ്ങള്‍ അനായാസേന പോകാന്‍ സാധ്യമാകുന്ന ഇനം എരുമകളാണ് ഇവര്‍ക്കുള്ളത്. കാഴ്ചയില്‍ അല്‍പ്പം വെളുപ്പ് ചേര്‍ന്ന കറുപ്പ് നിറമുള്ള ഇവകള്‍ക്ക് സാധാരണ എരുമകളുടെയത്ര വലിപ്പം തോന്നാറില്ല. പാല്‍ലഭ്യത ആപേക്ഷികമായി കുറവാണെങ്കിലും തങ്ങളുടെ വ്യവസ്ഥിതികള്‍ക്ക് യോജിച്ചു പോകുന്ന മൃഗങ്ങളെയാണ് അവര്‍ വളര്‍ത്തുന്നത്. വീട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ ഓരോരുത്തര്‍ക്കും മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. ചെറിയ കുട്ടികള്‍ അവരെപ്പോലെ പ്രായം കുറഞ്ഞ മൃഗങ്ങളുമായി വേഗം ചങ്ങാത്തത്തിലാകും. പിന്നീട് ഊണും ഉറക്കവുമെല്ലാം ഒന്നിച്ചുതന്നെ.
മൃഗങ്ങള്‍ക്ക് സുരക്ഷയും വെള്ളവും ലഭിക്കുന്ന ഭാഗങ്ങളിലാണ് ഗുജ്ജറുകള്‍ താമസസൗകര്യമൊരുക്കുന്നത്. ജമ്മുവിലും കശ്മീരിലുമാണ് ഗുജ്ജറുകളുടെ വംശജര്‍ കൂടുതലായും ഉള്ളത്. അവിടങ്ങളില്‍ നിന്ന് പിന്നീട് ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ ഇടങ്ങളിലേക്ക് വനങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചാണ് ഗുജ്ജാറുകള്‍ എത്തിയത്. വേനല്‍ കനക്കുന്നതോടെ ഏപ്രില്‍ മെയ് മാസങ്ങളില്‍ ഗുജ്ജറുകള്‍ പലായനം ആരംഭിക്കും. പിന്നീട് ആറുമാസം നിലവിലെ ദേരകള്‍ വിട്ട് കന്നുകാലികള്‍ക്ക് സുരക്ഷിതമായ ഇടം തേടിയുള്ള യാത്രയാണ്. ഹിമാലയത്തിലെ പുല്‍ത്തകിടികള്‍ ലക്ഷ്യമിട്ടാണ് യാത്ര. മൃഗങ്ങളുടെ പുറത്ത് ഭക്ഷണവും വസ്ത്രങ്ങളും കമ്പിളിപ്പുതപ്പുകളും മറ്റും വച്ച് കെട്ടി നിറുത്തും. പലായനം പകല്‍മുഴുവന്‍ നീളുന്നു. വൈകുന്നേരത്തൊടെ കാട്ടില്‍ സുരക്ഷിതമായ ഇടത്ത് ടെന്റൊരുക്കും. കാലികള്‍ക്ക് വേണ്ട പച്ചിലകള്‍ മരത്തില്‍ കയറി വെട്ടി താഴെയിട്ടുകൊടുക്കുന്ന ജോലി മുതിര്‍ന്നവര്‍ക്കാണ്. സ്ത്രീകള്‍ താല്‍കാലിക അടുപ്പുകളില്‍ വിറക് കത്തിച്ച് ചപ്പാത്തിയുണ്ടാക്കും. പച്ചക്കാന്താരി മുളക് കല്ലില്‍ അരച്ചെടുത്ത് ചട്ണിയായി ഉപയോഗിക്കും. നീര്‍ച്ചോലകളില്‍ നിന്നും ആവോളം വെള്ളം കുടിക്കും. കന്നുകാലികളെ കുളിപ്പിക്കും. പിന്നീട് പുലരും വരെ വിശ്രമിക്കും. വീണ്ടും യാത്ര. എങ്കിലും വളരെ സൂക്ഷമമായും തന്ത്രപരമായുമാണ് ഈ നീക്കങ്ങള്‍ നടത്തുക.
ഹിമപാതം നിലച്ച് പുല്‍നാമ്പുകള്‍ കിളിര്‍ക്കുന്ന സമയമാകുമ്പോഴേക്കും കുന്നുകള്‍ കയറിയിറങ്ങി അവിടെയെത്തണം. നേരത്തെ ആയാല്‍ പണവും സമയവും നഷ്ടമാണ്. വൈകിയാലും സാമ്പത്തിക നഷ്ടമുണ്ടാവും. അതിനാല്‍ വളരെ ശ്രദ്ധയോടെയും ചിട്ടപ്പെടുത്തിയുമാണ് ഗുജ്ജറുകളുടെ സഞ്ചാരം. പര്‍വ്വത മേഖലകളിലൂടെ ഹൈവേകള്‍ വന്നതൊടെ രാത്രികാലങ്ങളിലും മറ്റും ട്രക്കുകളേയും ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ആറു മാസത്തോളം നീളുന്ന ഈ പലായനത്തിന് പ്രകൃതിയുടുള്ള മനുഷ്യന്റെ കടം വീട്ടലിന്റെ മുഖം കൂടിയുണ്ട്. കന്നുകാലികളുടെ ചാണകം വീണ് പുല്‍ത്തകിടികള്‍ മഴക്ക് ശേഷമെത്തുന്ന വസന്തത്തില്‍ കിളിര്‍ക്കുന്ന പുല്‍നാമ്പുകള്‍ക്കുള്ള വളമാണ്. ഓരോ വസന്തത്തിലും കാലികളെ മേക്കാനെത്തുമ്പോള്‍ ഗുജ്ജര്‍ വംശജര്‍ പരസ്പരം ഒത്തുചേര്‍ന്ന് സൗഹൃദം പങ്കിടുന്നു. വ്യത്യസ്ത ദേശങ്ങളിലെ വര്‍ത്തമാനങ്ങളറിയുന്നു. ബന്ധുസമാഗമങ്ങള്‍ നടക്കുന്നു. ആടിയും പാടിയും രാവുകളിെല വിരസതകളെയകറ്റുന്നു.
താഴ്‌വരകളില്‍ മഴ പെയ്ത് നാമ്പുകള്‍ മുളപൊട്ടുമ്പോള്‍ മലയിറക്കം ആരംഭിക്കുന്നു. വീണ്ടും ദേരകളിലേക്ക്. ഇതിനിടയില്‍ നഷ്ടമാകുന്നത് പലതുമുണ്ട്. മുഖ്യമായും കുട്ടികളുടെ വിദ്യാഭ്യാസം തന്നെ. സര്‍ക്കാര്‍ സമീപകാലത്തായി സന്നദ്ധപ്രവര്‍ത്തകരുമായി സഹകരിച്ച് സഞ്ചരിക്കുന്ന പള്ളികൂടങ്ങള്‍ എന്ന ആശയം നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെയുമുണ്ട് ചെറിയൊരു പള്ളിക്കൂടം. മൂന്നു അധ്യാപകര്‍ പുറത്തുനിന്നു വരും.
പ്രാദേശിക ഭാഷകള്‍ക്ക് പുറമെ വന്‍ഗുജ്ജറുകള്‍ക്ക് പ്രത്യേകമായി ഗുജ്ജറി ഭാഷയുണ്ട്. ഡ്രോഗ്രി, പഞ്ചാബി ഭാഷകളുടെ ഈണത്തിലാണ് സംസാരം. ഗുജ്ജറികള്‍ തമ്മില്‍ ആശയവിനിമയം ഈ ഭാഷയിലാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അത്യപൂര്‍വ്വമായ ആത്മബന്ധമാണ് സത്യത്തില്‍ ഗുജ്ജറുകളുടെ സവിശേഷത. വളരെ ലളിതമായ ജീവിതവും പ്രകൃതിയോടുള്ള സഹവാസവും അവരെ നമ്മില്‍ നിന്നും ഏറെ വേര്‍തിരിച്ചുനിര്‍ത്തുന്നു. കാട്ടിലെ വ്യത്യസ്തയിനം ഔഷധച്ചെടികളെ കുറിച്ച് അവര്‍ക്ക് നല്ല ജ്ഞാനമുണ്ട്. വീട്ടിലെ അംഗങ്ങളെ പോലെ വളരുന്ന നാല്‍ക്കാലികള്‍ക്ക് ചെറിയ അസുഖങ്ങള്‍ പോലും അവരെ അസ്വസ്തരാക്കും. വനത്തിനകത്താണെങ്കിലും അവയെ ഉപേക്ഷിക്കില്ല. ആളുകള്‍ ചുമന്നുകൊണ്ടുവന്ന് വേണ്ട ചികിത്സകളും ശുശ്രൂഷകളും നല്‍കും. തങ്ങള്‍ പോറ്റുന്ന ഉരുകളെ അറവിന് വേണ്ടിയോ അല്ലാതെയോ വില്‍ക്കുന്നതും ഇവര്‍ക്ക് ഇഷ്ടമില്ല. മാത്രമല്ല, ഇവര്‍ ആട്, മാടുകളുടെ ഇറച്ചി ഭക്ഷിക്കാറുമില്ലത്ര.
കൗതുകകരമായ കഥകള്‍ കേട്ടിരിക്കുമ്പോള്‍ രാവേറെ ചെന്നതറിഞ്ഞില്ല. തണുപ്പിന് ശക്തിയേറിയിട്ടുണ്ട്. മരങ്ങള്‍ പെയ്യുന്നതിന്റെ താളമുള്ള നിശബ്ദത. കമ്പിളിപ്പുതപ്പിന്റെ സുഖമുള്ള ചൂടിലേക്ക് ഊളിയിടുമ്പോള്‍ സ്വപ്‌നം പെയ്തിറങ്ങിയ രാത്രി പുലരാതിരുന്നെങ്കിലെന്നു ഏറെ മോഹിച്ചു. മരച്ചില്ലകള്‍ക്കിടയിലൂടെ നിലാവും നക്ഷത്രങ്ങളും ഒരുസ്വപ്‌നാടകന്റെ കാനനനിദ്ര കണ്ട സംതൃപ്തിയില്‍ മായാന്‍ മടിച്ചുനിന്നു.
പ്രകൃതിയുടെ സംഗീതത്തിനൊപ്പം സുബ്ഹി ബാങ്കിന്റെ ശബ്ദമുയര്‍ന്നു. അടുത്ത വീട്ടില്‍ നിന്നാണ് ബാങ്ക് കൊടുക്കുന്നത്. ഇവിടെ പള്ളികളില്ല.
റോഷാന്‍ ദിനും മുഹമ്മദ് സൂലൈമാന്‍ ഭായിയും ചേര്‍ന്ന് കട്ടിയുള്ള പാല്‍ ചായ കൊണ്ടുവന്നു. മുറ്റത്തെ കനലില്‍ വീണ്ടും തീ പടര്‍ന്നു. കിഴക്ക് സൂര്യനുദിച്ച് വരുന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ ചുവന്ന സൂര്യരക്ഷ്മികള്‍ പതിയെ കണ്ണില്‍ തറച്ചു. പുതപ്പിനകത്തെ ചൂട് വിട്ടുണരാന്‍ മടി. എങ്കിലും വനത്തിന്റെ പ്രഭാത കാഴ്ചകള്‍ നഷ്ടപ്പെട്ടുകൂടാ. കിളികളുടെ ശബ്ദമടങ്ങുന്നില്ല. ഒന്നും രണ്ടുമല്ല ഒരായിരം ശബ്ദങ്ങള്‍ കലപില കൂടുന്ന പുലര്‍ക്കാലം. സ്വഛമായ വായു ശ്വസിച്ചതുകൊണ്ടാവാം ഉറക്കക്ഷീണം തീരെയില്ല. പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണം. ബാത്‌റൂം അന്വേഷിച്ചെങ്കിലും കണ്ടില്ല. 'ഇത്രയും സ്ഥലം മതിയയാകില്ലേയെന്ന'' ചോദ്യം പൊട്ടിച്ചിരിക്ക് വഴിമാറി. ഒരു ചെറിയ കുഴല്‍കിണറില്‍ നിന്ന് വെള്ളം ശേഖരിച്ചു മാവിലയും കരിയും മറ്റും ചേര്‍ത്ത പൊടിയുപയോഗിച്ച് പല്ലുതേച്ചു. അല്‍പ്പം മാറി വലിയൊരു കളം മരവേലി കെട്ടി വേര്‍തിരിച്ചിരിക്കുന്നു. അവിടെ നിറയെ എരുമകള്‍ വിഹരിക്കുന്നു. മറ്റൊരു കളത്തില്‍ നിന്ന് ആടുകളുടെ കരച്ചില്‍ കേള്‍ക്കുന്നു.
അപ്പോഴേക്കും കറന്നെടുത്ത പാല്‍ വലിയ പാത്രങ്ങളില്‍ നിറച്ച് അബ്ദുല്‍ ഗഫാര്‍ ഭായ് ബൈക്കില്‍ കയറി. സിതര്‍ഗഞ്ചില്‍ കൊണ്ടുപോയി വിറ്റാല്‍ കൂടുതല്‍ കാശ് കിട്ടും. സൊസൈറ്റിയുടെ വാഹനം ഇവിടെ വന്നു പാല്‍ശേഖരിക്കാറുണ്ട്. ദേരയുടെ കോലായില്‍ അപ്പോഴേക്കും സുലേഖയും ഫാത്വിമയും മുഹമ്മദ് ഇര്‍ഫാനും മറ്റും ഉണര്‍ന്നു വന്നിരിക്കുന്നു. കുട്ടികള്‍ ഞങ്ങളെ കൗതുകപൂര്‍വ്വം നോക്കി. ഇര്‍ഫാന്റെ മടിയില്‍ അനുസരണയോടെ ഇരിക്കുന്ന ആട്ടിന്‍ കുട്ടിയെ കാണാന്‍ നല്ല ഓമനത്തമുണ്ട്. മൂന്നു വയസ്സുള്ള അവന്റെ കൂട്ടുകാരിയാണ് സോറ എന്ന ആട്ടിന്‍കുട്ടി. ഊണും ഉറക്കവും കളിയുമെല്ലാം ഒന്നിച്ചുതന്നെ. ഞങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്തു. കൂടെ സോനയും. കളിമണ്ണ് പാകിയ കോലായിലിരുന്നു ഞങ്ങള്‍ അറിയാത്ത ഭാഷയില്‍ കഥപറഞ്ഞു ചിരിച്ചു. കൊഴുത്ത എരുമപ്പാല്‍ ചേര്‍ത്ത രുചിയുള്ള ചായ വീണ്ടും വന്നുകൊണ്ടിരിക്കുന്നു. വീട്ടിലെ സ്ത്രീകള്‍ അടുക്കള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒന്നുരണ്ടു വാനരന്മാര്‍ ഞങ്ങളെ വീക്ഷിച്ചുകടന്നുപോയി. ദേരയുടെ മുറ്റത്തേക്ക് കയറിവന്ന ഒരു എരുമക്കുട്ടിയെ മുതിര്‍ന്ന വീട്ടുകാരി വടിയെടുത്ത് ഓടിച്ചു. അവളുടെ പേരും വിളിച്ചു ശകാരിച്ചു. ആകെ കൂടെ ഒരു പാത്തുമ്മയുടെ ആടുവായിച്ച പ്രതീതിയായിരുന്നു രാവിലെ തന്നെ.
തലയിലൊരു മഫ്‌ളര്‍ ചുറ്റി നടക്കാനിറങ്ങി. ദേരകള്‍ക്കിടയിലൂടെ നടന്ന് നാല്‍കാലികള്‍ നടക്കുന്ന ചെറുവഴികളിലൂടെ തിരിഞ്ഞ് കാടുലക്ഷ്യമാക്കിയൊരു യാത്ര. അപ്പോഴേക്കും ഉരുകളേയും തെളിച്ച്‌കൊണ്ട് ഒന്നുരണ്ടുപേര്‍ കടന്നുപോയി. ചെറിയൊരു അരുവി ഒഴുകുന്നുണ്ട്. പുല്‍മൈതാനങ്ങള്‍ക്ക് നടുവിലായി. വേനല്‍ വറ്റിയ ജലം അല്‍പ്പം അവശേഷിച്ചിരിപ്പുണ്ട്. കുറുകെയുള്ള മരത്തില്‍ പിടിച്ചുകയറി അക്കരെയെത്തി വീണ്ടും നടത്തമാരംഭിച്ചു. അടിക്കാടുകള്‍ അധികം വളര്‍ന്നിട്ടില്ല. കാടിനു പുറത്തു നില്‍ക്കുമ്പോള്‍ നമുക്ക് അകം നിഗുഢമായി തോന്നാം. എന്നാല്‍ നിബിഢവനമല്ലാത്ത മേഖലകളില്‍ പ്രത്യേക അകലത്തിലാണ് മരങ്ങള്‍ വളരുന്നത്. സൂര്യകിരണങ്ങള്‍ നേരിട്ട് പതിക്കുന്നതിനാല്‍ കാടാണെന്ന കാര്യം മറന്നുനാം കാടുതേടി നടക്കും. മയിലുകളും മാനുകളും യഥേഷ്ടം വിഹരിക്കുന്നുണ്ട്. ചില പ്രത്യേക തരം പക്ഷികളേയും കാട്ടുകോഴി, കുരങ്ങ് തുടങ്ങിയ സ്ഥിരം കാഴ്ചകളും കണ്ടു. പേരറിയാത്ത ചില കാട്ടുപഴങ്ങള്‍ പറിച്ചുതന്നു അക്തര്‍ ഭായ്. ചിലത് രുചിയുണ്ട് ചിലതിന് നല്ല മണം.
ഇളയ സഹോദരന്‍ റോഷന്‍ദിന്‍ കാലികളേയും തെളിച്ച് അതുവഴി വന്നു. ഒരു കശ്മീരി യുവാവിന്റെ ഛായയുണ്ട് അവന്. ആറടിയോളം പൊക്കവും ഒത്തവണ്ണവുമുള്ളവരാണ് ഗു്ജ്ജാര്‍ വംശജര്‍ അധികവും. റഷ്യന്‍, അഫ്ഗാന്‍ പാരമ്പര്യത്തില്‍ നിന്നുള്ളതാവാം. ആകാരത്തിലും ഭാവത്തിലുമെല്ലാം ആ പാരമ്പര്യം വ്യക്തമാണ്. എല്ലാവരും താടി വളര്‍ത്തുന്നു. പാല്‍വില്‍പ്പനക്കപ്പുറം പുറം ലോകവുമായി അധികം ബന്ധപ്പെടാത്ത ഇവരില്‍ പലരും ഡല്‍ഹി വരെ പോയതായി ഗുലാം നബിയെന്ന അറുപതുകാരന്‍ പറഞ്ഞു. പര്‍വ്വതങ്ങള്‍ താണ്ടി ദൂരെ വനമേഖലകളില്‍ നിന്ന് ഗുജ്ജാറുകള്‍ ഇവരുടെ ദേരയിലെത്താറുണ്ട്. അവര്‍ക്കുവേണ്ടിയാണ് അതിഥികള്‍ക്കുള്ള മുറി പണിതിട്ടുള്ളത്. അവരില്‍ എല്ലാ മതവിഭാഗങ്ങളിലും പെട്ടവരുണ്ടാവും. കുറച്ചുദിവസങ്ങള്‍ കന്നുകാലികളുമായി തങ്ങിയ ശേഷം പുതിയ കാടുകള്‍ തേടിപ്പോകും. തിരിച്ചു അങ്ങോട്ടും ഇവര്‍ സഞ്ചരിക്കും. കൗതുകകരമായി വനത്തില്‍ വിഹരിക്കുന്ന അത്ഭുമനുഷ്യര്‍ നന്മയുള്ള മനസ്സിനുടമകളാണ്. സഹജീവി പ്രണയത്തിന്റെ മൂര്‍ത്തീരൂപങ്ങള്‍
വെയില്‍ പരന്നു തുടങ്ങിയതൊടെ മറ്റൊരു വഴിയിലൂടെ തിരിച്ച് ദേരയിലെത്തി. ഒരു വലിയ പാത്രത്തില്‍ മോര് കലക്കിവച്ചിട്ടുണ്ട്. ഗോതമ്പ് ചപ്പാത്തിയും നെയ്യുമുണ്ട്. പച്ചക്കാന്താരിയുടെ ചട്ണിയുണ്ട്. പ്രാതല്‍ ഗംഭീരമായിരുന്നു. ഒരു ഗ്ലാസില്‍ മോരുപകര്‍ന്ന് കാന്താരിച്ചമ്മന്തി ചേര്‍ത്ത് ഉപ്പിട്ട് കുടിച്ചു. സംഭാരമുണ്ടാക്കുന്ന രീതികള്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു.
തിരികെപ്പോരുകയാണ്. വനത്തില്‍ ഒരു കൂട്ടം മനുഷ്യരുടെ സ്‌നേഹം നുകര്‍ന്ന മണിക്കൂറുകള്‍ക്ക് നന്ദി പറഞ്ഞ്. അനുഭവതീവ്രമാവുമ്പോഴാണ് നമ്മുടെ യാത്രകള്‍ സമ്പൂര്‍ണ്ണമാകുന്നത്. വനലോകത്തെ യഥാര്‍ത്ഥ മനുഷ്യരുടെ പ്രകൃതിയോടുള്ള അടങ്ങാത്ത അധിനിവേശത്തിന്റെയും കളങ്കമില്ലാത്ത പ്രണയത്തിന്റെയും നേര്‍കാഴ്ചകള്‍ വിവരണാധീതമാണ്. അവരുടെ മനസ്സുകളില്‍ കുടികൊള്ളുന്ന ലാളിത്യചിന്തകള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട് ജീവിതത്തില്‍. നാമോരുരുത്തരും ദൈവത്തിന്റെ ഭൂമിയിലെ വെറും സഞ്ചാരികളാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വെറും നാടോടികള്‍. വന്‍ഗുജ്ജാറുകള്‍ പകര്‍ന്നു തന്ന പാഠവും മറ്റൊന്നല്ല. ഒന്നും നമുക്ക് സ്വന്തമല്ല, നമ്മളിവിടെ വെറും സഞ്ചാരികളാണ്. പ്രകൃതിയെ മറക്കാന്‍ പാടില്ലാത്ത സഞ്ചാരികള്‍.
0 comments:
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ