Saturday, February 26, 2011

കളിപ്പാട്ടങ്ങള്‍

 കളിപ്പാട്ടങ്ങള്‍

മുഫീദും ഫിര്‍സാനും പിന്നെ ദേവി നന്ദനയുമൊക്കെയാണു ഇപ്പോള്‍ എന്റെ ഉറക്കം കെടുത്തുന്ന വില്ലന്മാര്‍. ഇവരൊക്കെ ആരാണെന്നായിരിക്കും.
സത്യത്തില്‍ ഇവരെയൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ല. എനിക്കൊട്ട് പരിചയവുമില്ല. കേ ജി ക്ലാസ്സില്‍ മകന്റെ കൂട്ടുകാരാണിവര്‍. അവനിലൂടെയാണു ഇവരെ ഞാനറിയുന്നത്.
ഒരു കാര്യം എനികുറപ്പുണ്ട്. ഇവരെല്ലാം ഭാവിയില്‍ രാഷ്ട്രീയത്തിലോ, മാര്‍ക്കറ്റിങ്ങിലൊ, ഒക്കെ ഇറങ്ങിയാല്‍ 110% വിജയിക്കുമെന്നതില്‍ സംശയം വേണ്ട. കാരണം ഓരോ ദിവസവും ക്ലാസ്സ് കഴിഞ്ഞെത്തുമ്പോള്‍ മകന്‍ പറഞ്ഞു തരാറുള്ള കഥകളിലെ ഇവരുടെയൊക്കെ പെര്‍ഫോമന്‍സ് അത്രമേല്‍ മികച്ചതാണു.
ഒരു ചോക്കളേറ്റ് കൈക്കൂലി നല്‍കി ടീച്ചറുടെ കണ്ണ് വെട്ടിച്ച്നോട്ടുകള്‍ എഴുതിക്കുന്നതില്‍ വിരുതനാണു ഇവരിലൊരാള്‍. അതൊക്കെ സഹിക്കാം സ്വന്തമായി വലിയ ഹെലിക്കോപ്റ്ററും വിമാനവുമൊക്കെ ഉണ്ടെന്ന് വീമ്പടിച്ച് നടക്കുന്ന ഇവരിലെ ചില ഹീറോകളാണു എന്നെയിപ്പോള്‍ വെറും സീറോ ആക്കി കളയുന്നത്.
കഴിഞ്ഞ ദിവസം മകന്‍ അസന്നിഗ്ദമായി തന്റെ നയം വ്യക്തമാക്കി കഴി
ഞ്ഞു. നമ്മുടേ കാറു വിറ്റ് നമുക്കും ഒരു ഹെലിക്കോപ്റ്റര്‍ വാങ്ങണം. തികച്ചും ന്യായമായ ആവശ്യം. ഫിര്‍സാനും മുഫീദും മറ്റ് കൂട്ട്കാരുമൊക്കെ ഹെലിക്കോപ്റ്ററില്‍ പോകുമ്പോള്‍ നമ്മള്‍ മാത്രം എന്തിനു കാറില്‍ പോകണം.
പണം തികയില്ലല്ലോയെന്ന ഒരു മറു വാദമുന്നയിച്ചു നോക്കി. നോ രക്ഷ.
എന്റെ പേഴ്‌സില്‍ നിന്ന് ക്രഡിറ്റ് കാര്‍ഡ് തപ്പിയെടുത്ത് അവന്‍ ചോദിച്ചു. പൈസ എന്തിനാ ഇതു പോരെ? എന്ന്.

പ്രായത്തിന്റെ ഓരോരോ കുസ്ര്തികളെന്ന് ആശ്വസിക്കാന്‍ ശ്രമിക്കുമ്പോഴാണു, എനിക്കുമുണ്ടായിരുന്നല്ലോ ഇതു പോലൊരു പ്രായമെന്ന കൗതുക സത്യം മനസ്സില്‍ മിന്നിയത്. അന്ന് ആദ്യമായി സ്വപ്നം കണ്ട വാഹനം ഏതായിരുന്നു? കയ്യില്‍ കിട്ടിയ കളിപ്പാട്ടമേതായിരുന്നു?
പോയ കാലത്തിന്റെ പോക്കു വെയില്‍ കായുന്ന വെളുത്ത നിറമുള്ള ആ മരുന്നു പെട്ടിയും പച്ച നിറമുള്ള റാല്ലി സൈക്കിളും അപ്പോഴാണു മനസ്സില്‍ ഓടിയെത്തിയത്.

കണ്ണുകളില്‍ തൂങ്ങി വരുന്ന ഉറക്കത്തിനു പിടി കൊടുക്കാത്ത കാത്തിരിപ്പിന്റെ രാത്രികള്‍. ഓലച്ചൂട്ടിന്റെ വെളിച്ചം മിന്നി മിന്നി അടുത്ത് വരുന്നതും ഒടുവില്‍ ഒതുക്കു കല്ലുകളില്‍ തല്ലിക്കെടുത്തുന്നതും സിഗരറ്റിന്റെ നേരിയ ഗന്ധത്തിനൊപ്പം കടന്നു വരുന്ന ഉപ്പ ഒരു പേക്ക് റൊട്ടിയോ,ബിസ്‌കറ്റോ സ്‌നേഹപൂര്‍വം കൈകളില്‍ വച്ചു തരുന്നതുമെല്ലാം ഓര്‍മയില്‍ ഓടിയെത്തി. ബാര്‍ സോപ്പ് കമ്പനി ''ഉടമയായ'' ബാപ്പക്ക് സഞ്ചരിക്കാന്‍ അന്നൊരു വാഹനമുണ്ടായിരുന്നു. പിറകില്‍ ''ഹെവി കാരിയര്‍'' ഉള്ള ഒരു റാല്ലി സൈക്കിള്‍. അതിന്റെ മുന്നിലെ തണ്ടിലിരുന്ന് യാത്ര ചെയ്തപ്പോഴെല്ലാം എന്തൊരഭിമാനമായിരുന്നെന്നോ?. പിന്‍ വശം വേദനിക്കാറുണ്ടായിരുന്നെങ്കിലും ആ ''സുഖമുള്ള നോവ്''
സൈക്കിള്‍ സവാരിയുടേ ത്രില്ലിനു മുന്നില്‍ ഒന്നുമല്ലായിരുന്നു. വേദനിക്കുന്നെന്ന് പറഞ്ഞാല്‍ ഉപ്പ പിന്നെ സൈക്കിളില്‍ കയറ്റിയില്ലെങ്കിലോ എന്നായിരുന്നു ഭയം. എന്നാല്‍ എന്റെ അസ്വസ്ഥത മനസ്സിലാക്കിയാവണം പുതിയ സൈക്കിള്‍ വാങ്ങുമ്പോള്‍ മുന്നില്‍ നിനക്കൊരു ''കുട്ടി സീറ്റ് '' വെപ്പിക്കാമെന്ന് ഉപ്പ പറഞ്ഞതോടെ ഞാന്‍ ശരിക്കും ''മുതലാളി''യുടെ മകനാണെന്ന് എനിക്കും തോന്നി.

കളിപ്പാട്ടങ്ങളെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും ആയിടെ ഒരു രാവില്‍ ഉപ്പ കൊണ്ടു വന്ന് തന്ന ഒരു ടോണിക്കിന്റെ വെളുത്ത കവറിലാണു. അത് കിട്ടിയ ദിവസംഉറക്കം വന്നതേയില്ല. ഞാന്‍ കളിച്ച് കൊണ്ടെയിരുന്നു. അടുത്ത ദിവസം രാവിലെ അത് കൊണ്ട് ഒരു ബസ്സ് ഉണ്ടാക്കാമെന്ന പ്ലാനിങ്ങുമായാണു ഉറങ്ങാന്‍ കിടന്നത്. കവുങ്ങിന്റെ പാളയും ഓലച്ചക്രങ്ങളും പപ്പായ മരത്തിന്റെ തണ്ടുമൊക്കെ ഉപയോഗിച്ച് അമ്മാവന്‍ ഉണ്ടാക്കി തന്നിരുന്ന കളിവണ്ടികള്‍ ശരിക്കും മടുത്ത് തുടങ്ങിയിരുന്നു എന്നതാണു വാസ്തവം.

തക്കാളിപ്പെട്ടിയുടെ മരവും പൗഡറിന്റെയും കോള്‍ഗേറ്റിന്റെയും മറ്റും ടിന്‍ തകിടുകളും ഉപയോഗിച്ച് മനോഹരമായ ലോറികളുടെ തനത് മാത്ര്കകള്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദരായ ചില മുതിര്‍ന്ന സംഘങ്ങള്‍ അമ്മാവന്മാരുടേ കൂട്ടുകാരായി ഉണ്ടായിരുന്നു. തങ്ങളുടെ വണ്ടികള്‍ ഏറ്റവും പൂര്‍ണ്ണത നിറഞ്ഞതാക്കാന്‍ അവര്‍ തമ്മില്‍ വലിയ മത്സരം തന്നെ നടന്നിരുന്നുവത്രെ. കറുത്ത ഹവായ് ചെരിപ്പും ബാറ്ററിയുടെ ചുവന്ന ടോപ്പും മറ്റുമുപയോഗിച്ചായിരുന്നു ടയറുകളുടെ നിര്‍മ്മാണം.രാത്രിയില്‍ കത്തുന്ന ഹെഡ് ലൈറ്റുകള്‍ പോലും അവയില്‍ പലതിനും ഉണ്ടായിരുന്നു.
വയലും റോഡും തോടും തിരിച്ചറിയപ്പെടാതെ കിടക്കുന്ന ഗ്രാമത്തിലെ ചെമ്മണ്‍ പാതയിലൂടെ തടി കയറ്റാനായി ആഴ്ചയിലൊരിക്കലോ മറ്റോ വരുന്ന ലോറികള്‍ സസൂക്ഷ്മം നിരീക്ഷിച്ചായിരുന്നു ഈ ലോറി നിര്‍മ്മാണം നടന്നിരുന്നതെന്നറിയുമ്പോഴാണു അവരുടെ വൈദഗ്ദ്യം നമ്മള്‍ അംഗീകരിച്ചു പോകുന്നത്. വലുതാകുമ്പോള്‍ എനിക്കും അത്തരമൊരെണ്ണം ഉണ്ടാക്കിത്തരാമെന്ന് അവര്‍ സമ്മതിച്ചിട്ടുമുണ്ട്.
പിറ്റേന്ന് നേരം പുലര്‍ന്നതും ആദ്യമന്വേഷിച്ചത് രാത്രി തലയണക്കരികെ വെച്ച് കിടന്നുറങ്ങിയ പെട്ടിയായിരുന്നു. പക്ഷെ അതവിടെ കാണാനില്ല.
പടച്ചോനെ ഇതെവിടെപ്പോയി?. പല്ല് പോലും തേക്കാതെ തിരച്ചിലാരംഭിച്ചു. പക്ഷെ എവിടെയും കാണാനില്ല. ഉമ്മയോട് ചോദിക്കാനാണു അടുക്കളയിലേക്ക് ഓടിയത്. അപ്പോഴാണു ഞെട്ടിപ്പിക്കുന്ന ആ സത്യം ഞാനറിയുന്നത്. എനിക്ക് മുമ്പെ തന്നെ ആ വീട്ടിലെ ഇളയവനായ, എളാപ്പയുടെ മകന്‍ ഉണര്‍ന്ന് കളി തുടങ്ങിക്കഴിഞ്ഞിരുന്നു. രാത്രി അവന്‍ നേരത്തെ ഉറങ്ങിയത് കാരണം അത്രയും സമയം കളിച്ചത് മിച്ചം. ഇപ്പോള്‍ ആ മരുന്നു പെട്ടി കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ സ്വപ്നം കണ്ട ഹയ്‌ടെക് ബസ് പഴയ ആനവണ്ടി പാണ്ടി ലോറിക്കിടിച്ച പോലെ കിടക്കുന്നു.
ദേശ്യവും സങ്കടവും സഹിക്കാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഉപ്പയും ഉമ്മയും മറ്റും ആ പെട്ടി അവനില്‍ നിന്ന് വാങ്ങിത്തരാന്‍ പതിനെട്ടടവുമെടുത്തെങ്കിലും എല്ലാം വിഫലമായി. ഒടുവില്‍ വൈകുന്നേരത്തിനു മുമ്പായി മറ്റൊരെണ്ണം സംഘടിപ്പിച്ച് തരാമെന്ന വ്യവസ്ഥയില്‍ തല്‍ക്കലം പ്രശ്‌നം ഒത്തു തീര്‍പ്പായി.

ഉപ്പ വാക്ക് പാലിച്ചെങ്കിലും തലേന്ന് കിട്ടിയ പെട്ടിയോളം ആകര്‍ഷകമായിരുന്നില്ല അത്. പിന്നീടൊരിക്കലും അത്രമേല്‍ കൗതുകം മറ്റൊരു കളിപ്പാട്ടത്തോട് തോന്നിയിട്ടുണ്ടോ എന്നതും സംശയമാണു.
പക്ഷെ ഒരുപാട് നിറങ്ങളുടെ ധാരാളിത്തമില്ലാതിരുന്ന കുഞ്ഞു നാളിന്റെ കനലെരിയൂന്ന ഓര്‍മ്മകളിലെ ആ സ്‌നേഹ നിമിഷങ്ങള്‍ക്ക് മാത്രം മരണമുണ്ടാവില്ല. കാരണം ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു.

എനിക്ക് താഴെയുള്ള മൂന്ന് പേര്‍ക്കും ഉപ്പയുടെ സാമീപ്യവും സ്‌നേഹവും വിധിച്ചിട്ടുണ്ടായിരുന്നില്ല. ഒരു റമസാന്‍ പതിനേഴിനു മയ്യിത്ത് കട്ടിലില്‍ വെള്ള പുതച്ച് യാത്രയായ ആള്‍ക്കൊപ്പം ലഭിക്കാനുള്ള പണത്തിന്റെ കണക്കും മാഞ്ഞ് പോയപ്പോള്‍ കടം കിട്ടാനുള്ളവരുടെ കണക്ക് കിറു ക്ര്ത്യമായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഉമ്മയെയും അനുജത്തിയെയും തനിച്ചാക്കി ഞാനും അനുജനും അതിജീവനത്തിന്റെ അകലങ്ങള്‍ തേടി. കളിപ്പാട്ടങ്ങളും
കളികളുമൊക്കെ അവിടം കൊണ്ടവസാനിച്ചു കഴിഞ്ഞിരുന്നു. സ്വയമൊരു കളിപ്പാട്ടമാണെന്ന തിരിച്ചറിവിനിടയിലും ഞാന്‍ അസൂയപ്പെടാറുള്ളത് ഒന്നിനെക്കുറിച്ച് മാത്രമായിരുന്നു. അച്ചനും അമ്മക്കുമൊപ്പം ജീവിക്കാന്‍ ഭാഗ്യം ലഭിച്ച കൂട്ട്കാരെക്കുറിച്ച്. അനുജത്തിമാരുടെ നിക്കാഹിനു കൈ കൊടുക്കാനിരിക്കുമ്പോള്‍ ഞാന്‍ വെറുതെ കൊതിച്ച് പോയിട്ടുണ്ട് ഈ സദസ്സിലേക്ക് എന്റെ ഉപ്പ കയറി വന്നിരുന്നെങ്കിലെന്ന്.

ഉപ്പയുടെ സൈക്കിള്‍ തണ്ടിലിരുന്ന് യാത്ര ചെയ്ത ഇടവഴികളും തോടുകളുമെല്ലാം ഇപ്പോള്‍ റോഡുകളായി മാറി. മോട്ടോര്‍ ബൈക്കിന്റെ മുന്‍ സീറ്റില്‍ അച്ചനും അമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം സകുടുംബം യാത്ര ചെയ്യാന്‍ ഭാഗ്യം കിട്ടിയവരുടേതാണിപ്പോള്‍ ഈ വഴികള്‍. വേഗത കുറഞ്ഞവന്‍ പിന്‍ തള്ളപ്പെടുന്ന പ്രക്രതിയുടെ വിഭിന്നവഴികള്‍. കാലത്തിനൊപ്പം കളികളും കളിപ്പാട്ടങ്ങളുമെല്ലാം വളറ്ന്നു കഴിഞ്ഞു. അമ്മിഞ്ഞപ്പാല്‍ സമ്മാനം വാങ്ങാന്‍ മത്സരിക്കുന്നലോകത്തിന്റെ കളിപ്പാട്ടങ്ങളാവുകയാണോ നമ്മള്‍ ?

39 comments:

പാവത്താൻ said...

നന്നായിരിക്കുന്നു. വിഷാദസ്മൃതികള്‍

രമേശ്‌ അരൂര്‍ said...

കൊള്ളാം ..ഓര്‍മ്മകള്‍ ഇവിടെ പുനര്‍ജനിക്കുന്നു ...

ജയിംസ് സണ്ണി പാറ്റൂർ said...

വായിച്ചു വളരെ ഇഷ്ടമായി

ഷാജു അത്താണിക്കല്‍ said...

നല്ല എഴുത്ത് .........പറയാതിരിക്കാന്‍ വയ്യ ...........അതേ പടി എഴുതിയിരിക്കുന്നു

MOIDEEN ANGADIMUGAR said...

മരിക്കാത്ത ഓർമ്മകളാണ് ഇതൊക്കെ.വളരെ നന്നായി എഴുതി.

Rahul said...

accidentally kanda blog aanu..really good..
bhayankara touching aayi thonni..
keep writing my dear friend..

TPShukooR said...

പിന്നോട്ട് നോക്കുമ്പോള്‍ കണ്ണ് നനയിക്കുന്ന ഭൂതകാലം ഭംഗിയായി പറഞ്ഞിരിക്കുന്നു. വിഷാദചുവയുള്ള ബാല്യത്തില്‍ നിന്നും ഇന്ന് നാമെത്തിപ്പിടിച്ചിരിക്കുന്ന സൌഭാഗ്യങ്ങളുടെ മാസ്മരികതയില്‍ നമ്മുടെ കണ്ണുകള്‍ മയങ്ങിപ്പോകാതിരിക്കട്ടെ.
നല്ല പോസ്റ്റ്‌.

കുഞ്ഞൂസ് (Kunjuss) said...

നഷ്ടബാല്യത്തിന്റെ ഓർമകൾ ഉണർത്തുന്ന നല്ല പോസ്റ്റ്!

പട്ടേപ്പാടം റാംജി said...

ഒരുപാട് നിറങ്ങളുടെ ധാരാളിത്തമില്ലാതിരുന്ന കുഞ്ഞു നാള്‍ മാറി ധാരാളം കടും നിറങ്ങള്‍ നിറഞ്ഞ ഇന്നില്‍ പണത്തിന്റെ വരവിനെക്കുറിച്ച വേവലാധിയെക്കാള്‍ മിന്നുന്നവ നേടണമെന്ന വാശിയാണ് ഇപ്പോഴത്തെ ജീവിതം. അതിന് എന്തും ചെയ്യുന്നതില്‍ തെറ്റ് കാണാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു.
പഴയ ഓര്‍മ്മകള്‍ സൂക്ഷ്മമായി അവതരിപ്പിച്ചത്‌ ചില കുട്ടിക്കാല കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

നികു കേച്ചേരി said...

നന്നായി എഴുതിയിരിക്കുന്നു,കുട്ടിക്കാലത്തെ നിറം മങ്ങാത്ത ഓർമകളാണ്‌ ഓരോരുത്തരേയും മുന്നോട്ടുനയിക്കുന്ന ചാലകങ്ങൾ എന്നു തോന്നുന്നു.

Ali said...

വായിച്ചു,
നല്ല എഴുത്ത്......
ആശംസകള്‍.....

zephyr zia said...

touching one!

Sidheek Thozhiyoor said...

ബാല്യ കൌമാര സ്മൃതികള്‍ എന്നും ഓര്‍മ്മകളില്‍ നനുത്ത നൊമ്പരങ്ങള്‍ ഉണര്തിക്കൊണ്ടേയിരിക്കും..
അവയില്‍ ചിലത് സുഖമില്ല നോവുകളായിരിക്കും, മറ്റു ചിലത് വിഷാദങ്ങള്‍ക്ക് വഴിമരുന്നിടുന്നവയും..
ഈ സ്മരണകള്‍ വളരെ നന്നായി പറഞ്ഞു ..

Anonymous said...

ഇപ്പോഴത്തെ കുട്ടികളുടെ നിഷ്കളങ്കത നഷ്ടമായി അല്ലെ..അവരിപ്പോള്‍ പറയുന്നതൊക്കെ വലിയ കാര്യങ്ങളാണ്...നൊസ്റ്റാള്‍ജിയ അനുഭവപ്പെട്ടു...

khader patteppadam said...

കുട്ടിക്കാലം... ഓര്‍മ്മകളുടെ പൂക്കാലം

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നഷ്ടബാല്യത്തിന്റെ സുഖമുള്ള നോവ്....
നന്നായി എഴുതിയിരിക്കുന്നു...

Anonymous said...

നമുക്ക് നഷ്ട്ടമായതിൽ എറ്റവും നല്ല കാലം നാം എന്നും കൊതിക്കുന്ന കാലം ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും.. അതിന്റെ ഓർമ്മകൾ വളരെ നന്നായി പറഞ്ഞു ആശംസകൾ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വേദനിപ്പിച്ചു എന്ന് പറയാതെവയ്യ.
താങ്കളുമായി എനിക്കു തികച്ചും സാമ്യമുണ്ട്.അതിനാല്‍ ഈ പോസ്റ്റ്‌ പൂര്‍ണ്ണമായും എനിക്ക് ഉള്‍ക്കൊള്ളാനാകും.

keraladasanunni said...

മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്ത്.

Pushpamgadan Kechery said...

'വേഗത കുറഞ്ഞവന്‍ പിന്‍ തള്ളപ്പെടുന്ന പ്രക്രതിയുടെ വിഭിന്നവഴികള്‍.'
വളരെ കൃത്യമായ വ്യാഖ്യാനം!
ഒരാള്‍ മറ്റൊരാളിന്റെ മുകളില്‍ ചവുട്ടിക്കയറി ഉയര്‍ന്നു നില്‍ക്കാന്‍ മത്സരിക്കുന്നു !
കുതികാല്‍ വെട്ടിമാറ്റുന്നു !
വികസനം മുഖം മിനുക്കിക്കൊണ്ടിരിക്കുംപോള്‍ മനസ്സിലെ നന്മ മാത്രം
അഭിനയം മാത്രമാകുന്നുണ്ടോ !

Kadalass said...

നല്ല വായനാ സുഖം മുള്ള എഴുത്ത്
ഒപ്പം നൊമ്പരപ്പെടുത്തുന്ന ഓർമ്മകളും
ഹൃദ്യമായി തന്നെ എഴുതി...
പഴയ താളുകൾ പിന്നിലേക്ക് മറിച്ചുപോയാൽ ഇതുപോലെ പല അനുഭവങ്ങളും കാണും..

എല്ലാ ആശംസകളും!

റശീദ് പുന്നശ്ശേരി said...

പ്രിയപ്പെട്ടവരേ ബ്ലോഗില്‍ നിന്നും നെറ്റില്‍ നിന്നും അകന്നു
ഒരല്‍പം അന്ജാതവാസത്തിലാനിപ്പോള്‍ എന്നിട്ടും
ഇത് എഴുതിയപ്പോള്‍ പോസ്റ്റാന്‍ തോന്നി
എല്ലാവരെയും വിശദമായി കാണാനും വായിക്കാനും
കമന്റാനും ഞാന്‍ തിരികെ വരും കേട്ടോ

വാകുകള്‍ക്ക്
നന്ദിയും കടപ്പാടും അറിയിക്കട്ടെ

Mohamedkutty മുഹമ്മദുകുട്ടി said...

പക്ഷെ ഇന്നത്തെ തലമുറയ്ക്കു ഇതു പോലെ ഓര്‍ത്തു വെക്കാന്‍ എന്തുണ്ടാവും?.പെരുന്നാളിനു പൂത്തിരി കത്തിച്ചപ്പോള്‍ ബാക്കിയായ കമ്പി കൊണ്ട് പൂച്ചക്കുട്ടിക്കൊരു ചങ്ങല ഉണ്ടാക്കിത്തരാമെന്നു (വെറുതെ തമാശക്കു പറഞ്ഞതായിരിക്കാം)പറഞ്ഞ ഉപ്പാനെ വെള്ളിയാഴ്ച ജുമുഅക്കു പോവാന്‍ നേരം വാശിപിടിച്ച് കരഞ്ഞു ചങ്ങലയുടെ രണ്ടു മൂന്നു കണ്ണികള്‍ ഉണ്ടാക്കിച്ചത് ഇന്നും ഓര്‍ത്തു പോകുന്നു( ആ ചങ്ങല പിന്നെ മറന്നു പോയി!).എന്റെ പതിഞ്ചാമത്തെ വയസ്സില്‍ എനിക്കുപ്പ നഷ്ടപ്പെട്ടു.എന്റെ ചില പോസ്റ്റുകളില്‍ ഉപ്പാനെ പരാമര്‍ശിച്ചിട്ടുണ്ട്.

ആചാര്യന്‍ said...

നല്ല ഓര്‍മ്മകള്‍ ആ പഴയ കാലത്തിലേക്ക് കൊണ്ട് പോയി..ഇപ്പോള്‍ എന്റെ മകനും രാത്രി എന്തെങ്കിലും കളിപ്പാട്ടം കെട്ടിപ്പിടിച്ചു കിടക്കും രാവിലെ എനീച്ചാല്‍ അത് കണ്ടില്ലെങ്കില്‍ ബഹളമാണ്...നന്ദി

ente lokam said...

Rasheed:nalla ormakal..
marakkatha kuttikaalam..
entha thirakku aayo?
blogil ninnu maari nilkkaan?

എന്‍.പി മുനീര്‍ said...

കളിപ്പാട്ടങ്ങളുടെ കാലത്തെക്കുറിച്ചെഴുതി
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളിലൂടെ
അവസാനം മനസ്സിനെ നൊമ്പരപ്പെടുത്തി..
അന്നും ഇന്നുമുള്ള കുട്ടിക്കാലത്തിലേക്കും
ഒരെത്തിനോട്ടം നടത്തി..നന്നായി

ചാണ്ടിച്ചൻ said...

കണ്ണീരിന്റെ നനവുള്ളതിനാലാവണം, ഈ അനുഭവം ഹൃദയസ്പര്‍ശിയായിരിക്കുന്നു...റഷീദിന്റെ ഉപ്പയെ നേരില്‍ കണ്ട പോലെ തോന്നി...

റാണിപ്രിയ said...

നല്ല എഴുത്ത്......
ആശംസകള്‍.....

ബിഗു said...

ഞാനും എന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി. നല്ല ഭാഷ ലാളിത്യമാര്‍ന്ന ശൈലി. അഭിനന്ദനങ്ങള്‍

V P Gangadharan, Sydney said...

അനുവാചകരുടെ മനസും കണ്ണും മയത്തില്‍ തന്റെ താളുകളില്‍ പേന കൊണ്ട്‌ കുടുക്കിനിറുത്തി, അവരില്‍ ഒരു ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ തന്ത്രപൂര്‍വ്വം അനുരണനം ചെയ്യിപ്പിക്കാന്‍ മിടുക്കു കാട്ടിയ കഥാകാരന്‌ നമസ്കാരം!
വെറും ഗൃഹാതുരത്വം മാത്രമല്ല ഈ കഥാകാരന്‍ ഉണര്‍ത്തിവിടുന്നത്‌. കാലഘട്ടത്തിന്റെ ത്വരിത പ്രയാണത്തില്‍, അധുനാതനത്വത്തിന്റെ അധിനിവേശത്തില്‍, ദ്രുതഗതിയില്‍ തന്റെ പ്രാചീനത കൈവിടേണ്ടിവരുന്ന അസന്ദിഗ്ദ്ധതയില്‍, ഒരു ഗൃഹസ്ഥന്‍ നേരിടേണ്ടിവരുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിസന്ധി തന്മയത്വത്തോടെ തന്നെ, അനുഭവങ്ങളുടെ ഊഷ്മളത ചോരാതെ, ഇവിടെ പകര്‍ത്തി വെച്ചതായി കാണുന്നു.
അവസാന വാചകങ്ങളിലൂടെ കുറിക്കപ്പെട്ട സമര്‍ത്ഥനങ്ങള്‍ ഒഴിവാക്കേണമായിരുന്നു എന്ന്‌ എനിക്ക്‌ തോന്നി. ഒരു creative work എന്ന നിലയില്‍ ഇത്തരം വാചകങ്ങള്‍ കഥാഗാത്രത്തിന്ന്‌ ആഘാതമേല്‍പ്പിക്കുകയാണ്‌ ഫലത്തില്‍ ചെയ്യുക.
കേവലം ഒരു വായനക്കാരനായ ഞാന്‍ എത്ര സംതൃപ്തന്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ വായനക്കാരെയും നഷ്ട്ടബാല്യങ്ങൾ വീണ്ടും ഓർക്കാൻ സാധിപ്പിച്ചു കേട്ടൊ ഭായ്

Unknown said...
This comment has been removed by the author.
Unknown said...

അനുജത്തിമാരുടെ നിക്കാഹിനു കൈ കൊടുക്കാനിരിക്കുമ്പോള്‍ ഞാന്‍ വെറുതെ കൊതിച്ച് പോയിട്ടുണ്ട് ഈ സദസ്സിലേക്ക് എന്റെ ഉപ്പ കയറി വന്നിരുന്നെങ്കിലെന്ന്. നൊമ്പരപ്പെടുത്തുന്ന എഴുത്ത്..

അലി said...

ഹൃദയസ്പർശിയായി എഴുതി.
ആശംസകൾ!

കാവിലന്‍ said...

വളരെ നന്നായിരിക്കുന്നു റഷീദ്.
കുട്ടികളുടെ ദൈനംദിന കുസ്രിതികള്‍ കണ്ടും കേട്ടുമിരുന്നാല്‍
മറ്റു എന്റെര്‍തൈന്മേന്റുകള്‍ വേണ്ടെന്നു ഈയിടെ ഒരു
സുഹൃത്ത് പറഞ്ഞു കേട്ടു. എത്ര ശരിയാണത്‌.
കൂടുതല്‍ എഴുതുക
സസ്നേഹം

sm sadique said...

സത്യം ഈയുള്ളവന്റെ കണ്ണുകൾ നിറഞ്ഞുപോയി.
പടച്ചവൻ അനുഗ്രഹിക്കട്ടെ……………………..

ബെഞ്ചാലി said...

കൊതിക്കുന്ന ബാല്യകാലം !!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

Sulfikar Manalvayal said...

പറയുവാന്‍ വാക്കുകളില്ലാത്ത വിധം, മനസിനെ തൊട്ടുന്നര്‍ത്തുന്ന എഴുത്ത്.
സങ്കടങ്ങളുടെ അല കടലിനിടയില്‍, ഓര്‍മകളുടെ മഞ്ഞു കൂടാരം.
ഇന്നിന്‍റെ ബാല്യവും, ഇന്നലെയുടെ ഓര്‍മകളും കൂടെ ഇഴ ചേര്‍ത്ത് നന്നായി പറഞ്ഞു.
അഭിനന്ദനങ്ങള്‍.

Post a Comment

"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ

prev next