കുബ്ബൂസ്
പകച്ചു നിന്നുപോയിട്ടുണ്ട് ആദ്യനാളുകളില്‍ ഞങ്ങള്‍ മലയാളികള്‍ നിനക്ക് മുന്നില്‍.
കൈയില്‍ കിട്ടിയ അപൂര്‍വ 'സംഭവത്തെ'തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ 'ചിരകാല പ്രവാസികള്‍' രണ്ടും മൂന്നുമെണ്ണം ചുരുട്ടിപ്പിടിച്ച് കറിയില്‍ മുക്കി അകത്താക്കുന്നത് കണ്ടപ്പോള്‍ ശരിക്കും തരിച്ചിരുന്നു പോയിട്ടുമുണ്ട്.
ഗ്രാമത്തിലെ മുതിര്‍ന്നവര്‍ കൊണ്ടുനടന്നിരുന്ന കൈപിടിയുള്ള 'പാളവിശറി'യാണ് അന്നൊക്കെ കുബ്ബൂസ് കാണുമ്പോള്‍ ഓര്‍മയില്‍ ആദ്യം ഓടിയെത്തിയിരുന്നത്.
നൈസ് പത്തിരിയുടെ കട്ടിയല്‍പം കൂടിപ്പോയതിന് ഉമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതെ 'ഇറങ്ങിപ്പോക്ക്' നടത്തിയിരുന്നവര്‍ക്ക് മുന്നില്‍ കുബ്ബൂസ്, നീ ശരിക്കുമൊരു വില്ലന്‍ തന്നെയായിരുന്നു.
ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ 'നാടുകടത്തപ്പെട്ടവന്റെ' ദുഃഖത്തിനു മീതെ സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ വെല്ലുവിളിയായിരുന്നു കുബ്ബൂസ്.
അറബിയിലെ 'ഖുബ്സ്' എന്ന വാചകത്തിന് മലയാളി നല്കിയ ട്രാന്‍സലേഷനായിരുന്നു കുബ്ബൂസ്. അറബ് ജനതയുടെ സംസ്കാരത്തിന്റെ ഭാഗമായി പ്രവാചക കാലത്തിനും മുമ്പുതന്നെ ഖുബ്സ് എന്ന വിഭവം ഉണ്ടായിരുന്നതായി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
അരിയാഹാരത്തിനപ്പുറം മിക്കവാറും അറ ബ് രാജ്യങ്ങളിലെയും ജനതയുടെ മുഖ്യാഹാരത്തിന്റെ ഭാഗമാണ് കുബ്ബൂസ്. ലബനാന്, മിസ്ര്, ഇറാന്, തുര്‍ക്കി തുടങ്ങി മിക്ക രാജ്യങ്ങള്‍ക്കും കുബ്ബൂസിന് അവരുടേതായ ചില രീതികളും സവിശേഷമായ 'കൂട്ടുകളുമുണ്ട്'.
ഇത്രയൊക്കെയാണെങ്കില്‍ നമ്മള് മലയാളികള്‍ കുബ്ബൂസ് എന്ന റൊട്ടി കാണാന്‍ തുടങ്ങിയത് 'പ്രവാസയാത്ര' ആരംഭിച്ച നാള് മുതലാണ്. ഇത് പഴയ പ്രവാസിയുടെ കഥ. അഭിനവ പ്രവാസി പക്ഷേ, കോഴിക്കോട്ടങ്ങാടിയിലെ ശവര്‍മ കടയില്‍ നിന്ന് എത്രയോ തവണ കുബ്ബൂസ് അകത്താക്കിയ ശേഷമാണ് ഗള്‍ഫിലെ യഥാര്‍ഥ കുബ്ബൂസിന് മുന്നിലെത്തുന്നത്. അതു കൊണ്ടുതന്നെ മേല്പറഞ്ഞ പല വാചകങ്ങളും അവര്‍ക്ക് വേണ്ടിയല്ലതാനും.
സ്വന്തം രാജ്യത്തെ മുഖ്യാഹാരത്തിന്റെ ഭാഗമല്ലെങ്കിലും പ്രവാസി മലയാളികളും കുബ്ബൂസും തമ്മില്‍ ഇഴപിരിക്കാനാകാത്ത ചില ആത്മ ബന്ധങ്ങളുണ്ടെന്ന കാര്യം നിസ്സംശയമാണ്.
പ്രവാസികളുടെ 'ദേശീയഭക്ഷണം' എന്ന വിശേഷണമായിരിക്കും കുബ്ബൂസിന് നല്കാവുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് തോന്നുന്നു. ഗള്‍ഫിലെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നത് വെറും രണ്ടര ദിര്‍ഹമിന്റെ കുബ്ബൂസ് പാക്കറ്റിന് മുന്നില്‍ മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഏറ്റവും ചെലവ് കുറഞ്ഞ ഭക്ഷണമെന്ന പ്രത്യേകതയും കുബ്ബൂസിന് അവകാശപ്പെട്ടതാണ്. വെറും പച്ചവെള്ളവും കുബ്ബൂസും മാത്രം ഭക്ഷിച്ച് ജീവന് നിലനിര്‍ത്തിയിരുന്ന പ്രവാസികളുടെ കദനകഥകള്‍ പലവുരു, കഥകളിലും സിനിമയിലും ചാനലിലും വാര്‍ത്തകളിലും നാം വായിച്ചതും പ്രവാസ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നമ്മള് അനുഭവിച്ചതുമാണ്. പ്രവാസത്തിന്റെ കയ്പുള്ള ആ ഓര്‍മകളില്‍ നിന്നാണ് മലയാളിക്ക് കുബ്ബൂസുമായി വൈകാരികമായ ഒരാത്മ ബന്ധം കൈവന്നതെന്ന് മനസ്സിലാക്കാം.
സാമ്പത്തിക ലാഭത്തിനപ്പുറം ഏറ്റവും എളുപ്പമാണ് കുബ്ബൂസിന്റെ ലഭ്യതയും ഉപയോഗവും. ഏതു പാതിരാത്രിയിലും വീട്ടിലെത്തുന്ന അതിഥിക്ക് എന്തു കൊടുക്കുമെന്ന ടെന്‍ഷനൊന്നും ഗള്‍ഫിലെ വീട്ടമ്മമാര്‍ക്കുണ്ടാവില്ല. അവിചാരിതമായി കയറിവരുന്ന അതിഥിയാകട്ടെ ഒരു കുബ്ബൂസ് പാക്കറ്റെങ്കിലും സമീപത്തെ ഗ്രോസറിയില്‍ ലഭ്യമായിരിക്കുമെന്ന ആത്മവിശ്വാസത്തിലുമായിരിക്കും. അതിരാവിലെ ഉണര്‍ന്ന് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണമൊരുക്കാന്‍ മടിയുള്ള വീട്ടമ്മമാര്‍ പറയും, കുബ്ബൂസ് കണ്ടുപിടിച്ചവര്‍ക്ക് നന്ദി.
ബാച്ചിലര്‍ മുറികളിലാകട്ടെ വൈകുന്നേരത്തോടെ അഞ്ചോ ആറോ തടിച്ച കുബ്ബൂസ് പാക്കറ്റുകള്‍ പടികടന്നകത്തു വരും. പത്ത്, പന്ത്രണ്ട് മണിയാകുമ്പോള്‍ ഒഴിഞ്ഞ പാക്കറ്റുകള്‍ ഒരു കറുത്ത കവറില്‍ പുറത്തേക്ക് ഗമിക്കും. വൈകിയെത്തുന്ന "തല തെറിച്ഛവന്മാര്‍ക്ക്" കാണാനാവുക ഒഴിഞ്ഞ കവറിലെ കൂറകളുടെ സമ്മേളനത്തിനിടയില്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന ഒരു കഷണം കുബ്ബൂസായിരിക്കും.പുറത്ത് കടകളൊക്കെ അടച്ചു കഴിഞ്ഞിട്ടുണ്ടാവും .ജഗിലെ പച്ച വെള്ളത്തിനൊക്കെ അപ്പോള്‍ എന്തൊരു രുചിയാണന്നോ?
ഇതിനിടയില്‍ എത്രപേരാണ് കുബ്ബൂസുമായി മല്പിടുത്തം നടത്തുന്നത്. എത്രയെത്ര കമന്റുകളാണ് പരസ്പരം പങ്കുവെച്ചത്. ബാച്ചിലര്‍ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍ ഓരോ പ്രവാസികളും പറയാനുണ്ടാകും ഖുബ്ബൂസിനെ ചുറ്റിപ്പറ്റിയുള്ള കഥകള്‍. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന കുബ്ബൂസ് പാക്കറ്റുകള്‍ കവറിലാക്കി നാട്ടിലേക്ക് പോകുന്ന കൂട്ടുകാരന്റെ ലഗേജില്‍ തിരുകിക്കയറ്റുന്ന ഹോബി, ബാച്ചിലര്‍ മുറികളില്‍ ഇന്നും തുടരുകയാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതെ എയര്‍ ഇന്ത്യയുടെ വഞ്ചനയില്‍ കുടുങ്ങി നരകയാതന അനുഭവിച്ചവരില്‍ ചിലരെങ്കിലും സ്വന്തം ബ്രീഫ്കേസില് സുഹൃത്ത് തിരുകിക്കയറ്റിയ കുബ്ബൂസില്‍ ആശ്വാസം കണ്ടെത്തിയത് പിന്നീട് വലിയ അനുഗ്രഹമായി മാറിയ കഥകളും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.
കേവലം ഭക്ഷണമെന്നതിനപ്പുറമാണ് മലയാളിയുടെ കുബ്ബൂസ് ബന്ധം. കുബ്ബൂസ് നിര്‍മാണം മുതല്‍ വിപണനം വരെയുള്ള ഓരോ ഘട്ടത്തിലും മലയാളിയുടെ 'കൈയൊപ്പ്' പതിഞ്ഞിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. അസംഖ്യം ബേക്കറികളിലെ കുബ്ബൂസിന് മാവൊരുക്കുന്നവര്‍ മുതല്‍, മെഷീന് ഓപറേറ്റര്‍മാരും വാനില്‍ കുബ്ബൂസ് ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെത്തിക്കുന്നവരും വിപണനം ചെയ്യുന്ന ഗ്രോസറിക്കാരനും വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയ് വരെ, എത്രയെത്ര മലയാളികള്‍!
ഹോട്ടലുകളിലും കഫ്റ്റീരിയകളിലും ശവര്‍മയും കബാബും ഗ്രില്‍ ചിക്കനും മറ്റുമായി കുബ്ബൂസിന്റെ 'സന്തത സഹചാരികളായ' അനേകായിരം തൊഴിലാളികള്‍.
39 comments:
ഇഡളിയേക്കാള് മൃദുലം പത്തിരിയേക്കാള്‍ രുചികരം.... കുബ്ബൂസ്....
കുറെ വര്‍ഷങ്ങളായി അതുമായി മല്ലിടുന്നു... നല്ല ഒരു പോസ്റ്റ് തന്നെ..
കുബ്ബൂസിനോടോരിക്കൽ മാത്രം ഏറ്റുമുട്ടി കീഴടങ്ങിയിട്ടുണ്ട് ...ഈയ്യുള്ളവനും കേട്ടൊ
കുബ്ബൂസിനെ പറ്റി എവിടെയോ ഒരു കവിതയും മുന്‍പ് വായിച്ചിരുന്നു... ഈ വര്‍ണ്ണനയും നന്നായിട്ടുണ്ട് കുബ്ബൂസിനു തുല്യം കുബ്ബൂസ് മാത്രം .... പ്രവാസിയുടെ മുഖ്യ വിഭവം ബിന്യാമിന്റെ ആടു ജീവിതത്തില്‍ ഈ പച്ച വെള്ളവും കുബ്ബൂസും മുജീബിന്റെ ജീവന് നിലനിര്‍ത്തിയതായി വായിച്ച പോലെ ഒരോര്‍മ്മ ..... പ്രവാസി ഉള്ള കാലം വരെ കുബ്ബൂസും ഉണ്ടാകും ..
അറബിനാട്ടിലെ കോടീശ്വരനും റോഡില്‍ മാലിന്യം വാരുന്ന ജോലിക്കാരനും ഒരുപോലെ കഴിക്കുന്ന ഭക്ഷണം ഖുബ്സ് മാത്രം. ചോറ് ബാക്കിയായിപോയാല് (അത് സര്‍വ്വ സാധാരണം) അത് കൊണ്ടുപോയി മാലിന്യപാത്രത്തില്‍ തട്ടും. പക്ഷെ അറബികള്‍ ഖുബ്സ് ബാക്കിയായാല്‍ അത് സൂക്ഷിച്ചു എടുത്തു വച്ച് ഒട്ടകത്തിനോ മറ്റോ തീറ്റ ആയി നല്‍കും.അത്രക്കും അവര്‍ ഈ ഭക്ഷണത്തെ മര്യാദയോടെ കാണുന്നു. ഇവിടെ ഖത്തറില്‍ ഒരു റിയാലിന് ലബനാനി ഖുബ്സ് വാങ്ങിയാല്‍ മൂന്നു പേര്‍ക്ക് സുഖമായി വയര്‍ നിറക്കാം . നാട്ടില്‍ പോലും ഇത്രേം വിലക്കുറവിന് എന്തെങ്കിലും കിട്ടുമോന്നു സംശയമാണ്. ഗവര്‍മെന്റ് ഇതിനു സബ്സിഡി കൊടുക്കുന്നെന്നാണ് അറിവ്.
രസകരവും ഒപ്പം അറിവ് പകരുന്നതുമായ പോസ്റ്റ്
ഭാവുകങ്ങള്‍
ചപ്പാത്തിയോളമോ ചപ്പാത്തിയേക്കാളേറെയോ രുചിയുണ്ട് ചൂട് ഖുബ്സിനു അതു ഇറച്ചിക്കറി, മുട്ടക്കറി, വെജിറ്റബിള്‍കറി, സാലഡ് ഇവയില്‍ ഏതിനോടൊപ്പവും സ്വാദോടെ കഴിക്കാം ...ചൂട്കാലത്ത് ഖുബ്സ് ഉച്ചഭക്ഷണത്തിനു കൊണ്ടു പോയാല്‍ കേട് വരില്ല വെറും ഉള്ളിയും പച്ചമുളകും തക്കാളിയും കൂടിയാണങ്കിലും ഖുബ്സ് കഴിക്കാം.
നല്ല പോസ്റ്റ്..:) ഗൾഫിലെ സാധാരണക്കാരുടെ ഭക്ഷണചെലവ് കുറക്കുന്നതിൽ ഖുബ്സിനു ഒരു വലിയ പങ്കുണ്ട്..ഖുബ്സിന്റെ ഓര്മ്മ്പ്പെടുത്തലിനു നന്ദീ..
എങ്കിലും എന്റെ റഷീദ് ഭായീ, കുബ്ബൂസിനെയും പോസ്റ്റാക്കിയല്ലോ.
(ഹായ്..കറിയില്‍ കുതിര്‍ത്ത് വെച്ച് കഴിക്കാന്‍ എന്ത് രസമാണെന്നോ..!)
ഇതുവരെ കഴിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഈ 'കുബ്ബൂസിനെ' ധാരാളം കേട്ടിട്ടുണ്ട്.
താങ്കളുടെ ഈ പോസ്റ്റും കൊതിപ്പിക്കുന്നത് തന്നെ...
Nice article. Keep it up :)
ഹ ഹാ..കുബ്ബൂസ് ചരിതം നന്നായിട്ടുണ്ട്...
@ഉമ്മു : ജിഷാദിന്റെ ബ്ലോഗിലായിരിക്കും
കേട്ടു പരിചയം മാത്രമുള്ള കുബ്ബൂസിനെ പറ്റി വിശദമായ പോസ്റ്റ് ഒരുക്കിയതു നന്നായി മാഷേ
I heard about this stuff initially during the Kuwait invasion of Saddam Hussain... There were stories in the print about our Mallu pravasis surviving on Kubboos... Very indightful article, Rashid Bhai... Kudos....
ഖുബ്സ് കഥ നന്നായിട്ടുണ്ട് എന്റെ ഉപ്പ ഇവിടെ (ദമ്മാമിൽ) ഒരു ബേക്കറി യുണ്ട് അതിനാൽ എന്നും രത്രി ഖുബ്സ് തന്നെ ഭക്ഷണം
കഴിച്ചിട്ടില്ല ഇതു വരെ.
കണ്ടിട്ടുമില്ലെന്ന് തോന്നുന്നു.
എന്തായാലും പോസ്റ്റ് നന്നായിരുന്നു.
kubus kayichittuNT 4 varshamunb saudiyil poyappol
'ഖുബ്ബൂസ്' പുരാണം നന്നായി.
അറബികളുടെ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന പടിഞ്ഞാറന്മാര് അടക്കം നല്ലൊരു ശതമാനം ജനങ്ങളുടെയും മുഖ്യ ഭക്ഷണം ഖുബ്ബൂസ് തന്നെ.
അറബി വശമില്ലാത്തവര്‍ അറബി പദങ്ങളെ സപീപിക്കുന്നത് പലപ്പോഴും അന്ധന് ആനയെ കണ്ടപോലെയാണ്. അതുകൊണ്ടുതന്നെ തനിക്കു വഴങ്ങുന്ന പരുവത്തിലേക്ക്/മോശയിലേക്ക് അറബി പദത്തെ പിടിച്ചുവലിച്ച് തിരുകിക്കയറ്റി ഒരു മലയാളം ടച് വരുത്തും.. ഇങ്ങനെ പല അറബി പദങ്ങളും മാരകമായി പരുക്കേല്പിക്കപ്പെടുകയോ തീരെ മരിച്ചു മറ്റൊന്നായി പുനര്‍ജനിക്കുകയോ ചെയ്തിട്ടുണ്ട്!! ശരിയായ അറബി ഉച്ചാരണം അറിയുന്നവരില്‍ നിന്നു പഠിക്കുകയാണ് പരിഹാരം.
ഓരോ പദവും അതിന്റെ മൂലരൂപം ഏതു ഭാഷയിലാണോ അതനുസരിച്ചാണ് ഉച്ചരിക്കേണ്ടത്. അപ്പോള്‍ അറബിയിലുള്ള പദങ്ങള്‍ അതിന്റെ സ്വരം മാറ്റി ഉപയോഗിക്കുന്നത് ആ ഭാഷയോട് ചെയ്യുന്ന അനീതിയാണ്. അനറബികളുടെ അധിനിവേശവും ആധിപത്യവും മൂലം പൊന്നുപോലെ സൂക്ഷിക്കുന്ന തങ്ങളുടെ മാതൃഭാഷ വികലമാകുന്നു എന്ന തോന്നലില്‍ നിന്നാണ് അറബികള്‍ ജീവല്ഭാഷയുടെ സംരക്ഷണത്തിന്നായി 'അറബി ഭാഷാ സംരക്ഷണ സമിതി' വരെ രൂപവല്കരിച്ചത്! (അല്ലെങ്കിലും മാതൃഭാഷയോട് ഒട്ടും സ്നേഹ-താല്പര്യങ്ങള് കാണിക്കാത്തവരായി ലോകത്ത് മലയാളികളല്ലാതെ ആരെങ്കിലുമുണ്ടോ? മാതൃഭാഷയെ വെറുക്കുന്ന 'മലയാലി'യുടെ എത്രയെത്ര മുഖങ്ങള്‍ കണ്ടിരിക്കുന്നു നാമൊക്കെ!!! ഫിലിപ്പിനോകളെ നോക്കൂ, നാട്ടുകാരനാണെന്നറിഞ്ഞാല്‍ പിന്നെ അവര്‍ തഗാലോഗ് മാത്രമേ സംസാരിക്കൂ!! അനേകം കൊച്ചുകൊച്ചു ദ്വീപുകളായിക്കിടക്കുന്ന ഫിലിപ്പൈന്‍സിനു നമ്മുടെ 'മഹാഭാരതം' പോലെ ഓരോയിടത്തും നാട്ടുഭാഷകള്‍ ഉണ്ടെന്നത് മറക്കരുത്.. അവര്‍ക്കു പക്ഷേ, മാതൃഭാഷാ സ്നേഹത്തിന് അതൊന്നും തടസ്സമാകുന്നില്ലെന്നു മാത്രം. നമുക്കോ?)
ഏതായാലും ഇത്രയും എഴുതിയ നിലയ്ക്ക് ഖുബ്ബൂസുമായി ബന്ധപ്പെട്ട വേറെ ചില കാര്യങ്ങള്‍ കൂടി:
ഏറെ വൈപുല്യവും സമ്പന്നതയും അവകാശപ്പെടാവുന്ന ഏക ലോകഭാഷയാണ് അറബി എന്നതിനാല്‍ നന്നായി പഠിച്ചവര്‍ക്ക് മൂലപദം (ക്രിയാധാതു) കിട്ടിക്കഴിഞ്ഞാല്‍ അതില്‍നിന്നു കുറെ കാര്യങ്ങള്‍ സ്വയം തന്നെ ഉണ്ടാക്കാം; ചില ഉദാഹരങ്ങള്‍ നോക്കൂ: ഖബസ = റൊട്ടിയുണ്ടാക്കി, ഖബ്ബാസ് = റൊട്ടിക്കാരന്‍, ഖബ്ബാസ = റൊട്ടിക്കാരി, മഖ് ബസ് = റൊട്ടിക്കട (ബേക്കറി) അങ്ങനെയങ്ങനെ...
എന്താ അറബി പഠിക്കണമെന്ന് തോന്നുന്നുണ്ടോ? എന്റെ കുറെ വര്‍ഷത്തെ അധ്യാപനപരിചയം വച്ച് അതിനെനിക്ക് സന്തോഷമേയുള്ളൂ; പക്ഷേ കുവൈത്തില്‍ വരണമെന്നു മാത്രം!
ഏതായാലും പ്രതിഭാധനത്വമുളള പുന്നശ്ശെരിയുടെ തൂലികയ്ക്ക് എല്ലാ ഭാവുകങ്ങളും!!
ഈദ് ആശംസകളോടെ,
വിനീതന്
കുട്ടി
@ഹംസക്ക: കുബൂസുമായി മല്ലിട്ടവരെല്ലാം ജയിച്ചിട്ടെയുള്ളൂ.നമ്മളും ജയിക്കും
@ബിലാത്തിപട്ടണം: ചേട്ടനും ആ ഭാഗ്യം കിട്ടി അല്ലെ.ബിലാത്തിയില്‍ ഇങ്ങനെ വല്ല ഐറ്റവും ഉണ്ടോ ?
@ഉമ്മു അമ്മാര്‍ : ആട് ജീവിതം ഞാന്‍ ഇത് വരെ വായിച്ചിട്ടില്ല. വായിക്കണം.കുബൂസിനെ കുറിച്ച് ഒരു വരിയെങ്കിലും എഴുതാത്തവന് പ്രവാസിയാണോ ?
@ഇസ്മായില്‍ കുറുംപടി: അതെ ഏതു സ്റ്റാര്‍ ഹോടലിലായാലും കഫറ്റെരിയലയാലും കുബൂസ് ഹാജരുണ്ടാകും, ശേയ്കിനും തൊഴിലാളിക്കും ഇത് പ്രിയപ്പെട്ടത് തന്നെ.നന്ദി
@ മാണിക്യം : മടിച്ചികളുടെ പ്രിയ ദോസ്താണ് കുബൂസെന്ന വാചകം ഞാന്‍ നേരത്തെ എഡിറ്റ് ചെയ്തതാണ്.ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കുബൂസ് ഒരു അനുഗ്രഹം തന്നെയാ അല്ലെ. നന്ദി
@കണ്ണൂരാന്‍,ബിഗു,റിയാസ് ,ജുവൈരിയ സലാം :എന്ത് ചെയ്യാം ഇപ്പൊ ബൂലോഗത്ത് പൊതുവേ ആശയ മാന്ദ്യമുണ്ടല്ലോ? ഖുബൂസിനെയും വെറുതെ വിടെന്ടെന്നു കരുതി. നന്ദി.
@kunjuss,jj,echmukutty,shree: കുബ്ബൂസ് ഇപ്പൊ നാട്ടിലും ഉണ്ട് . പക്ഷെ ഇവിടെ ഉള്ളത് നല്ല സോഫ്ടായിരിക്കും.ഒന്ന് ട്രൈ ചെയ്തു നൊക്കൂ.വന്നതിനും വായിച്ചതിനും നന്ദി
@ഹൈന: അപ്പൊ അതാണ് ആരോഗ്യത്തിന്റെ രഹസ്യം അല്ലെ, ഖുബുസിനു നന്ദി
@കുട്ടിക്ക : ഇവിടെയും വന്നോ അറബി പഠിപ്പിക്കാന്‍.എന്റെ പോസ്ടിനെക്കാള്‍ വല്ല്യ കമന്റിനു നന്ദി
ഖുബ്ബൂസ് ഖുബ്ബൂസ്, ഖുബ്ബൂസ് മാത്രം.
.....വെറും പച്ചവെള്ളവും കുബ്ബൂസും മാത്രം ഭക്ഷിച്ച്.....
ഖുബ്സ് എന്ന ഖുബ്ബൂസ് ആദ്യം കഴിക്കുമ്പോള്‍ ഇത് അറേബ്യന്‍ ഭക്ഷണം ആണെന്ന് പോലും അറിയില്ലാരുന്നു . പല പ്രവാസികളുടെയും പോസ്റ്റില്‍ കണ്ടിട്ടുണ്ട് ഖുബ്ബൂസിനെ കുറിച്ച്.
നല്ല പോസ്റ്റ്...ഇനി കഴിക്കുമ്പോള്‍ ഇതെല്ലം ഓര്‍ക്കും....
നെയ്യില്‍ ചൂടാക്കി കഴിച്ചാല്‍ പിന്നെ കൂടെ ഒന്നുമില്ലെന്കിലും നന്നായി കഴിക്കാം.
ആദ്യമായി ഗള്‍ഫിലേക്ക് എത്തിയപ്പോള്‍ കുറെ രാത്രി ആയിപ്പോയിരുന്നു...കഴിക്കാന്‍ റൂമില്‍ ഒന്നും ഉണ്ടായിരുന്നില്ല ..കൂട്ടുകാരന് തൊട്ടടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് വാങ്ങി വന്നു ...കൂടെ അവന് രണ്ട് ബുള്‍സ് ഐയും ഉണ്ടാക്കി എന്റെ മുന്നിലിട്ട് തന്നു ...അത് ആ റൊട്ടി കണ്ടു അന്തം വിട്ട ഞാന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍,അവന് പറഞ്ഞു മോനെ... ഇതാണ് കുബ്ബൂസ് ..ഇനി നിന്റെ ജീവിതം ഇതും കൂടി അടങ്ങിയതാണ് ...നല്ല പാല് പത്തിരിയുടെയും,മലബാര്‍ ബിരിയാണിയുടെയും ,നൂലപ്പം നെയ് റോസ്ടിന്റെയും മുകളില്‍ ഒരു പിടി ഓര്‍മകളും വാരി എറിഞ്ഞു, അന്ന് ആരംഭിച്ച കുബ്ബൂസ് തീറ്റയാണ് എന്റെ പടച്ചോനെ...
ഈദ് മുബാറക്
ചിലപ്പോള്‍ രാത്രി കഴിക്കാന്‍ പപ്പ കൊണ്ട് വരുന്നത് ഖുബ്ബൂസാണ്. നല്ല ടേസ്റ്റ് ആണിത്. ഈ പോസ്റ്റ് ഉപകാരായി കേട്ടോ.
ഒടുവില്‍ കുബ്ബൂസിനെയും വെറുതെ വിടില്ലെന്നായി അല്ലെ.
"പാവങ്ങളുടെ ദേശീയ ഭക്ഷണം" എന്നും കുബൂസ് തന്നെ.
പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന പ്രിയ ഭക്ഷണം കുബൂസ് തന്നെ.
കുബൂസ് ബിരിയാണി വരെ ഉണ്ടിപ്പോള്‍. കുബൂസിനെ കുറിച്ച് നന്നായി പറഞ്ഞു . ആശംസകള്‍.
(എങ്കിലും ഇന്നലെ, അതും പെരുന്നാള്‍ ദിനത്തില്‍,
നീ കൊണ്ട് വന്ന ആ ഉണക്ക കുബൂസ് കഴിക്കേണ്ട ഗതികെടുണ്ടായല്ലോ എന്നോര്‍ത്തപ്പോള്‍, ചങ്ക് പൊട്ടി പോകുന്നു)
നല്ല കുബ്ബൂസ്
നല്ല അവതരണം
ആശംസകള്‍
valare nannayittundu........ aashamsakal...........
പ്രവാസികളുടെ ദേശീയ ഭക്ഷണം എന്ന ഉപമക്ക് നൂറില്‍ നൂറു മാര്‍ക്ക്.
വെറും രണ്ടു രിയാലുകൊണ്ടും ഇവിടെ ഒരു ദിവസം കഴിയാം അത് കൊബുസിന്റെ മഹത്വം തന്നെ.
പരിചയക്കാരനെ വിശദമായി വീണ്ടും പരിചയപ്പെടുത്തിയതിനു നന്ദി.
ആശംസകള്‍.
കുബ്ബൂസ് പുരാണം നന്നായി.
ഇതിൽ കാണിച്ചിരിക്കുന്നത് ശരിയായ കുബ്ബൂസിന്റെ ചിത്രമല്ലല്ലോ..ഇത് സാന്ഡ്വിച്ച് കുബ്ബൂസ് എന്ന അല്പം മയമുള്ള ടൈപ്പ് അല്ലേ ?
കുബ്ബൂസും, യോഗര്‍ട്ടും, ഉള്ളിയും, തക്കാളിയും കൊണ്ട് ജീവിക്കുന്ന പട്ടാണികളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്....അവരുടെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ അതാണത്ത്രെ...
@Shukoor Cheruvadi :അതെ പകരം വെക്കാന്‍ മറ്റൊന്നില്ല
@ഒറ്റയാന് : അതെ തനി അറബിയാണ് ഖുബ്സ്
@പട്ടേപ്പാടം റാംജി: പുതിയൊരു മെനു കൂടെ.കൊള്ളാം സാര്‍
@ആചാര്യന് : ഓരോ പ്രവാസിയുടെയും "ആദ്യ രാത്രി " ഇങ്ങനെയായിരുന്നു
@faisu madeena :സന്തോഷം .ആശംസകള്‍
@കൊലുസ്: ഖുബ്സിനു ലാല്‍ സലാം :)
@സുല്‍ഫി: സുല്ഫിക്കന്റെ ബ്ലോഗ് ചെപ്പില്‍ വന്നതിന്റെ ആഘോഷം: പെരുന്നാള്‍ ദിവസം ഒരു പാക്കറ്റ് ഖുബ്സ് നല്കി അല്‍ ജസീര പാര്കില് ഞങ്ങള്‍ സുഹ്രദ് സംഘം അദ്ദേഹത്തെ ആദരിച്ചു.
@കാവിലന്‍ : നല്ല കമന്റും സാര്‍
@jayarajmurukkumpuzha : നന്ദി സ്നേഹിതാ
@mayflowers : ആദ്യമായി കിട്ടിയ നൂറു മാര്‍ക്കാ.ഞാനിത് എന്താ ചെയ്യാ
@തെച്ചിക്കോടന് : അതെ പണമോ തുച്ഛം ഗുണമോ മെച്ചം
@ബഷീര്‍ പി.ബി.വെള്ളറക്കാട്: അതെ സാന്‍വിച് കുബൂസോക്കെ മലയാളി സ്ര്ഷ്ടിച്ഛതാനെന്നാ കേള്‍ക്കുന്നത് .സത്യമാണോ?
@ചാണ്ടിക്കുഞ്ഞ് : അതെ യൂസര്‍ ഫ്രെന്റ്ളിയാണ് ഖുബ്സ്
കുബ്ബൂസ് വിശേഷം ഇഷ്ടപ്പെട്ടു.. പ്രവാസിക്ക് കുബ്ബൂസില്ലാതെന്താഘോഷം:)
“ഗള്‍ഫിലെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍
ഇല്ലാതാകുന്നത് വെറും രണ്ടര ദിര്‍ഹമിന്റെ കുബ്ബൂസ് പാക്കറ്റിന് മുന്നില്‍ മാത്രമാണെന്ന്
പലപ്പോഴും തോന്നിയിട്ടുണ്ട്. ”
അതു വളരെ ശരി തന്നെ..
പിന്നെ ഗവണ്മെന്റ് സബ്സിഡി കൊടുക്കുന്നത് കൊണ്ടാണ്
കുബ്ബൂസ് ഈ വിലക്ക് കിട്ടുന്നതും ..പോസ്റ്റില്‍ പറഞ്ഞ പോലെ പച്ച വെള്ളവും
കുബ്ബൂസും മാത്രം ഭക്ഷിച്ചും ഗള്‍ഫില്‍ അതു കൊണ്ട് വിശപ്പ് മാറ്റാം...
'ചിരകാല പ്രവാസികള്‍' രണ്ടും മൂന്നുമെണ്ണം ചുരുട്ടിപ്പിടിച്ച് കറിയില്‍ മുക്കി അകത്താക്കുന്നത് കണ്ടപ്പോള്‍ ശരിക്കും തരിച്ചിരുന്നു പോയിട്ടുമുണ്ട്.
"ഇതാ പറയുന്നത് : എന്തോന്ന് പറയാൻ ; കുബ്ബൂസെങ്കി കുബ്ബൂസ്."
Pravasathinu...!
Manoharam, Ashamsakal...!!!
പ്രവാസികള്‍ക്കൊരിക്കലും മറക്കാനാവാത്ത വിഭവം തന്നെ കുബൂസ്.
നന്നായെഴുതി. ആശംസകള്‍!
കുബ്ബൂസിനെ കുറീച്ചുള്ള ഈ പോസ്റ്റ് മെയിൽ ആയി വന്നിരുന്നപ്പോൾ വായിച്ചിരുന്നു...
പണക്കാരനും പാവപ്പെട്ടവരും ഒക്കെ കഴിക്കുന്ന കുബ്ബൂസ്, എന്നാൽ നമ്മുടെ പൊറോട്ട പോലെ വയറിനു കുഴപ്പമുണ്ടാകുന്നുമില്ല......
നല്ല പോസ്റ്റ് ഭായ്.. ആദ്യം കേട്ടും പിന്നെ കഴിച്ചും പരിചയിച്ച കുബ്ബൂസിനെ എല്ലാവർക്കും പരിചയപ്പെടുത്തിയതിനു നന്ദി....
ഗൾഫിലെത്തിയ ആദ്യ നാളുകളിൽ കുബ്ബൂസിൻറെ മണം വല്ലാതെ മനം പുരട്ടലുണ്ടാക്കിയിരുന്നു..
പിന്നെ പിന്നെ രണ്ടും മൂന്നും അകത്താക്കാതെ പറ്റില്ലെന്നായി..
കുബ്ബൂസ് പുരാണത്തിന് അഭിനന്ദനങ്ങൾ..
Nice read. Me too love kubhus.
Nice read. Me too love kubhus.
Post a Comment
"ചൊറിഞ്ഞ് " വരുന്നുണ്ടല്ലേ ?
പറഞ്ഞിട്ട് പോ സാറേ