മദിരാശി ഉള്ളോരെഴുത്തുപെട്ടി
അന്ന് തുറന്നപ്പോള്‍ കത്തുകിട്ടി ... അന്‍പുള്ള മല്ലു നീ ഇദയം പൊട്ടി എഴുതിയ കത്ത് ഞാന്‍ കണ്ടു കെട്ടി.
ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു കൂട്ടി
മുല്ലപ്പെരിയാറിന്റെ ഫണ്ട് മുക്കീ
ചുണ്ണാമ്പുസുര്‍ക്കിയില്‍ മഷി കലര്‍ത്തി
കത്തിന്റെ കള്ളാസു നീയൊരുക്കീ
വാക്കുകള്‍ സ്റ്റീല്‍ ബോംബായ് ഉള്ളില്‍ തറക്കുന്നു
വാക്യങ്ങള്‍ ഡാം പൊട്ടിയ വെള്ളം പോല്‍ ചീറ്റുന്നു
കരളിനെ പെരിയാറിന് കര പോലെയാക്കുന്നു
കത്ത് പിടിച്ച എന്‍ കൈകള്‍ തരിക്കുന്നു
തമിഴന്റെ ആവശ്യം അറിയാത്തൊരു മലയാളി
പൊണ്ണന് അവനാണ് അവരുടെ തെറ്റിന്റെ "മൊയലാളി "
കര്‍ഷകരാണാ വിഷയത്തില്‍ പോരാളി
അവരെ എതിരിടും നിങ്ങള്‍ വിഡ്ഢികളുടെ തേരാളി
കേള്‍ക്കുന്നില്ലേ നിങ്ങള്‍ കാണുന്നില്ലേ
കേള്‍ക്കുന്നില്ലേ നിങ്ങള്‍ കാണുന്നില്ലേ
സംഭവം അടിപിടി പുകിലുകള് നടന്നിട്ടില്ലേ
ഇപ്പഴും നടക്കുന്നില്ലേ
ഇനിയും നടക്കുകില്ലേ
എന്തെന്ത് പ്രശനങ്ങള്‍ ഡാമിന്നുണ്ടെന്നാലും എന്നും സുര്‍ക്കി കൊണ്ട് ഓട്ട പൊത്തി വച്ചാലും
ഏറെ പാട് പെട്ട് കോടതി വിധി വന്നാലും
എത്ര കോന്തന്മാര് ഡാം വന്നു കണ്ടാലും
തെറ്റിപ്പോകും പറ്റെ തെറ്റിപ്പോകും
തെറ്റിപ്പോകും പറ്റെ തെറ്റിപ്പോകും
അയലത്തെ തമിഴ് ജനമതിനെല്ലാം വഴിയുണ്ടാക്കും
അതില്‍ നിങ്ങള്‍ പെട്ട് പോകും
മുല്ലപ്പെരിയാര്‍ എന്നത് ആറാത്തൊരു കോപ്പാണ്
മനസ്സില്‍ വോട്ടിന്റെ ലഡ്ഡു പൊട്ടും വാക്കാണ്
മാനാഭിമാനമില്ലാ മല്ലൂന്റെം നേര്‍ക്കാണ്
മറുപടി പറയാനായ് കഴിയുന്നത് ആര്‍ക്കാണ്
തെറിച്ചു പോകും അധികാരം തെറിച്ചു പോകും
തെറിച്ചു പോകും അധികാരം തെറിച്ചു പോകും
ഭരണത്തിന് സുഖമത് കിടുകിടാ വിറച്ചു പോകും
കിടുകിടാ വിറച്ചു പോകും
നന്ദി : അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍ (എന്നെ കൊണ്ട് ഇത് ചെയ്യിച്ചതിനു)
നൗഷാദ് അകമ്പാടം (ഫോടോ ,,,കോപി അടിച്ചു മാറ്റിയതിനു )
പ്രീയപ്പെട്ട ഗള്‍ഫുകാരാ,
നിന്റെ ഓര്‍മകളില്‍ എവിടെയും ഇന്നെനിക്ക് സ്ഥാനമുണ്ടാകാനിടയില്ല. ഐപാഡും ബ്ലാക്ബെറിയും ലാപ്ടോപ്പുമായി ഫേസ്ബുക്കിന്റെയും ഗൂഗിള്‍ പ്ലസിന്റെയും ആഗോള വലയത്തില്‍ അകലങ്ങളിലെ അജ്ഞാത സുഹൃത്തിനോട് സല്ലപിക്കുന്നതിനിടയില്‍ താങ്കളുടെ ഓര്‍മയുടെ ഒരറ്റത്തു പോലും ഞാന്‍ ഉണ്ടാവുന്നതെങ്ങനെ?
എങ്കിലും ഏകാന്തതയുടെ മടുപ്പിക്കുന്ന ഇന്നലെകളില്‍ നിന്റെ സന്തോഷത്തിലും സന്താപത്തിലും ഇണപിരിയാത്ത ഈണമായി ഞാന്‍ കൂടെയുണ്ടായിരുന്നു. നിന്റെ ഉറക്കമില്ലാത്ത രാത്രികളില്‍ തലയിണക്കരികെ നിന്ന്, നിനക്ക് സങ്കടം വരുമ്പോള്‍ ശോകഗാനവും സന്തോഷം വരുമ്പോള്‍ പ്രണയ ഗാനവും പാടാന്‍ എന്നോടൊപ്പം കാസറ്റെന്ന മറ്റൊരാളും. ഇപ്പോള്‍ താങ്കള്‍ക്കെന്നെ മനസിലായിക്കാണുമെന്ന് കരുതുന്നു. അതെ, ഞാന്‍ തന്നെയാണ് ടേപ്പ് റിക്കാര്‍ഡര്‍. ഓര്‍മയുണ്ടോ? വള്ളി നിക്കറിട്ട് നടക്കുന്ന പ്രായത്തില്‍ അയലത്തെ ഗള്‍ഫുകാരന്റെ വീട്ടില്‍ സര്‍വമാന പ്രൗഢിയോടും കൂടി ഞാന്‍ അരങ്ങു വാഴുന്ന കാലം. ഗള്‍ഫുകാരന്റെ പത്രാസിന്റെ വിളംബരമായി അത്തറിന്റെ സുഗന്ധത്തിനും ഫോറിന് സിഗരറ്റിന്റെ ധൂമ പടലങ്ങള്‍ക്കുമൊപ്പം നാട്ടുവഴികളിലൂടെയൊഴുകിയ സംഗീതമായി ചെറുപ്പക്കാരുടെ സ്വപ്നങ്ങളെ അറബിക്കടല്‍ കടത്തിയ മഹാ സംഭവം തന്നെയായിരുന്നു അന്നു ഞാന്‍. നീ 'കേട്ടിട്ടില്ലാത്ത' നിന്റെ ശബ്ദം നീയറിയാതെ ആവാഹിച്ചെടുത്ത് നിന്നെ തന്നെ കേള്‍പ്പിച്ചപ്പോള്‍ നിന്റെ മുഖത്തെ തെളിഞ്ഞ അത്ഭുതത്തിന്റെയും ആകാംക്ഷയുടെയും ഭാവവ്യതിയാനങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല. ഗള്‍ഫ് പെട്ടിക്കൊപ്പം ഗള്‍ഫുകാരന്റെ കയ്യില്‍ തൂങ്ങിയാണ് ഞങ്ങളില്‍ പലരും നാട്ടിലെത്തിയിരുന്നത്. ഇടവഴികളിലൂടെ ബാറ്ററിയുടെ ബലത്തില്‍ പാട്ടുപാടിക്കൊണ്ട് എത്രതവണ സഞ്ചരിച്ചിരിക്കുന്നു?
കല്യാണ വീടുകളിലും ആഘോഷ വേദികളിലും അനിവാര്യ സാന്നിധ്യമായി മാറിയപ്പോള്‍ എന്തൊരഹങ്കാരമായിരുന്നുവെന്നോ? എന്നെയൊന്ന് തൊടാന്‍ മോഹിച്ച് അരികിലെത്തിയ നിന്നെ എത്ര തവണ മൈക്ക് ഓപ്പറേറ്റര്‍ ചെവി പിടിച്ചു തിരുമ്മി ഓടിച്ചിട്ടുണ്ട്...? പ്രതാപം മങ്ങി വീടിന്റെ മൂലയില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ടേപ്പ് റിക്കോര്‍ഡര്‍ എന്ന ആര് സി ആറിന് ഇങ്ങനെ ഒരുപാട് കഥകള്‍ പറയാനുണ്ടാകും. വിശേഷിച്ച് നമ്മള് മലയാളികളോട്. ഓഡിയോ കാസറ്റുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കാലഹരണപ്പെട്ടു കഴിഞ്ഞു. സി ഡിയും മെമ്മറി കാര്‍ഡും ഫഌഷ് ഡ്രൈവും മറ്റും തല്‍സ്ഥാനം ഏറ്റെടുത്തു. ഓഡിയോ ടേപ്പെന്ന 'ഓല'യിലൂടെ ഒരു കാലഘട്ടം തന്നെയാണ് അപ്രത്യക്ഷമാകുന്നത്. ഇനിയും വികസനം കടന്നു ചെല്ലാന്‍ മടിക്കുന്ന പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും മാത്രമാണ് ഒരുപക്ഷെ ഇന്നും ടേപ്പ് റിക്കോര്‍ഡറുകള്‍ കടല്‍കടക്കുന്നത്. ടെലിഫോണും മൊബൈല്‍ ഫോണും മറ്റും വ്യാപകമാകുന്ന ഘട്ടത്തിനു മുന്നേ, ലിപികളില്ലാത്ത ഭാഷകൊണ്ട് പൊറുതിമുട്ടിയ പഠാണ്‍കാരുടെ 'ശബ്ദ ദൂതാ'യിരുന്നു ഓഡിയോ ടേപ്പുകള്‍. പാനസോണികിന്റെ എം 50 മോഡല്‍ ആര് സി ആറുകളോടായിരുന്നു പഠാണികള്‍ക്ക് എന്നും പ്രിയം. മരുഭൂമിയിലെ ഒഴിഞ്ഞ കോണുകളിലായിരുന്നു തങ്ങളുടെ വിശേഷങ്ങള്‍, വിഹ്വലതകള്‍, എല്ലാ ടേപ്പ് റിക്കോര്‍ഡറിനോട് പറഞ്ഞ് പകര്‍ത്തിയ കാസറ്റിന്റെ 'ഓല' (ടേപ്പ്) മാത്രം അടര്‍ത്തിയെടുത്ത് കവറിലാക്കി നാട്ടിലേക്കയച്ചിരുന്ന പാക്കിസ്ഥാനികല്‍ പോലും ഇന്ന് അക്കഥകള്‍ മറന്നിരിക്കുകയാണ്. മലയാളത്തിന്റെ കഥയും വിഭിന്നമായിരുന്നില്ല. എഴുപതുകളില്‍ ഗള്‍ഫുകാരന്റെ (അങ്ങനെ തന്നെ പറയട്ടെ) ടേപ്പ് റിക്കോര്‍ഡര്‍ എങ്ങും സംസാരവിഷയമായിരുന്നു. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഒരുപാട് കഥകള്‍ ഈ ഉപകരണം പഴയ ഗള്‍ഫുകാരനു മേല്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. മരുഭൂമിയില്‍ ചോര നീരാക്കുന്നവര്‍ നാട്ടിലെത്തുമ്പോള്‍ ഒരു ടേപ്പ് റിക്കോര്‍ഡര്‍ അവന്റെ സന്തത സഹചാരി തന്നെയായിരുന്നു. അന്നു വരെ റേഡിയോയും 'പെട്ടിപ്പാട്ടും' മാത്രം കേട്ടിരുന്നവര്‍ ഈ അതിശയപ്പെട്ടിയിലൂടെ ദിക്ര് പാടി കിളിയും കത്തു പാട്ടും കേട്ടു. കണ്ണീര് വാര്‍ത്തു. ഉറ്റവരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റുകളുമായി ഗള്ഫുകാരന് വീണ്ടും കടല്‍ കടന്നപ്പോള്‍ അവന്റെ പ്രിയതമ സന്ദേശങ്ങള്‍ പങ്കുവെച്ചത് ടേപ്പ് റിക്കോര്‍ഡറിനോടു തന്നെയായിരുന്നു.
നാട്ടിന്‍പുറത്തെ ഗാനമേളകളിലും വഅളു പരിപാടികളിലും മറ്റും പിന്നീട് 'തലയുയര്‍ത്തി' നില്ക്കുന്ന അനേകം ടേപ്പ് റിക്കോര്‍ഡറുകള്‍ ഒരു നിത്യ കാഴ്ചയായി മാറി. അക്കാലത്തു തന്നെയാണ് ഏറ്റവുമധികം മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളും മറ്റും പിറവി കൊണ്ടതും. ഇന്നും നാം കേള്‍ക്കുന്ന ഒട്ടുമിക്ക ഗാനങ്ങളും 'കാസറ്റ് യുഗ'ത്തിന്റെ സംഭാവനകള്‍ തന്നെയാണ്. നാഷനല്‍, പാനസോണിക് എന്നീ കമ്പനികളുടെ മോണോ സ്പീക്കര്‍ ടേപ്പ് റിക്കോര്‍ഡറുകളായിരുന്നു ആദ്യകാലങ്ങളിലെ സൂപ്പര്‍സ്റ്റാര്‍. പിന്നീട് ഒട്ടനവധി മോഡലുകള്‍ രംഗത്തിറങ്ങി. പാനസോണിക് അടക്കമുള്ള ഒട്ടുമിക്ക കമ്പനികളും ടേപ്പ് റിക്കോര്‍ഡറുകളുടെ നിര്‍മാണം അവസാനിപ്പിച്ചു കഴിഞ്ഞു. കാസറ്റുകളും തഥൈവ. ബ്ലൂ റേ പ്ലെയറും ഫഌഷ് ഡ്രൈവും അടങ്ങിയ ഹോം തീയേറ്ററുകളും ത്രീഡി ചിത്രങ്ങളുള്ള എല്‍ സി ഡി ടിവികളും വിപണി കൈയടക്കിയിരിക്കുകയാണിപ്പോള്‍. കാസറ്റുകളില്‍ പതിഞ്ഞു കിടക്കുന്ന ശബ്ദതരങ്കങ്ങളെല്ലാം എം പി ത്രീയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. കാലഘട്ടത്തിന്റെ കണ്ടെത്തലുകള്‍ക്കു മുന്നില്‍ അനിവാര്യമായ വിടവാങ്ങലിന് കാതോര്‍ക്കുകയാണ് ടേപ്പ് റിക്കോര്‍ഡും കാസറ്റുകളും ഇപ്പോള്‍. ഗള്‍ഫ് മലയാളിയുടെ ജീവിതവുമായി ഇത്രയേറെ ഗാഢബന്ധം പുലര്‍ത്തിയ മറ്റൊരു ഉപകരണവും ഉണ്ടാവാനിടയില്ല. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മറ്റും സ്വപ്നത്തില്‍ പോലും വരുന്നതിനു മുമ്പ്, മണല്‍ കാട്ടിലെ ഭീതിതമായ ഒറ്റപ്പെടലില്‍ സാന്ത്വനത്തിന്റെ സ്പര്‍ശമായത് ഈ ഉപകരണമായിരുന്നു. നാട്ടിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേട്ട് പൊട്ടിച്ചിരിച്ചതും 'നിന്റെ ശബ്ദമൊന്നു കേള്‍ക്കാന്‍ പൂതിയുണ്ട് മോനേ'യെന്ന ഉമ്മയുടെ കണ്ണീരിനു മറുപടി പറഞ്ഞതും പിറന്നിട്ടിന്നോളം കണ്ടിട്ടില്ലാത്ത പൊന്നുമോന് ഉപ്പായെന്ന് വിളിക്കുന്നത് ആദ്യമായി കേട്ടതും ഗദ്ഗദത്തോടെ പ്രിയതമ വികാരങ്ങള്‍ പങ്കുവെച്ചതും അപ്പോള്‍ നിനക്ക് കരച്ചില് വന്നതും തലയിണക്കരികെ നിന്ന് സുഖമുള്ളൊരു പാട്ടു കേട്ട് ഉറങ്ങിപ്പോയതും ഒന്നും പ്രീയപ്പെട്ട മലയാളീ നീ മറക്കാനിടയില്ല. കനവുകള്‍ പുഷ്പിക്കുന്ന മരുഭൂവിലേക്ക് നിന്നെ വലിച്ചടുപ്പിച്ച മോഹങ്ങളിലൊന്ന് ഒരുകാലത്ത് ഈ അത്ഭുതപ്പെട്ടിയായിരുന്നു.
പേനയും പെന്‍സിലുമുപയോഗിച്ച് കറക്കിയ കാസറ്റുകള്‍, ടേപ്പ് പൊട്ടിയ കാസറ്റുകള്‍ സാഹസികമായി ഒട്ടിച്ചു ചേര്‍ത്ത് വീണ്ടും കേള്‍ക്കാനിടയായ ശബ്ദങ്ങള്‍, ചുവന്ന നിറമുള്ള റിക്കോര്‍ഡ് ബട്ടണ്‍ അറിയാതെ അമര്‍ത്തിയപ്പോള്‍ നഷ്ടമായ വിലപിടിപ്പുള്ള വികാരങ്ങള്‍, യാത്രക്കിടയില്‍ കൂടെ കൊണ്ടു നടന്നിരുന്ന പ്രിയമുള്ള കാസറ്റുകള്‍. വഴിയരികില്‍ നിന്നെവിടെയോ കേട്ട പാട്ട് റെക്കോഡ് ചെയ്തു കിട്ടാനായി കാസറ്റുകടകളിലും സുഹൃത്തിന്റെയും വീട്ടിലും മറ്റും കയറിയിറങ്ങിയ നാളുകള്‍, ഇല്ല ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം ആ നാളുകള്‍ക്ക് സലാം. ഒരു വിരല്‍ സ്പര്‍ശത്തിനൊപ്പം എക്കാലത്തെയും മികച്ച സംഗീതമാസ്വദിക്കാന്‍, എന്നും ഭ്രമിപ്പിക്കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാന്‍, ഒരു സ്ക്രീനിനിരുപുറവും അകലത്തില്‍ കളിചിരി പെയ്യാന്‍, പ്രീയപ്പെട്ട ഗള്‍ഫുകാരാ നിന്നെ ലോകം വളര്‍ത്തി വലുതാക്കി കഴിഞ്ഞു. എങ്കിലും മറക്കാതിരിക്കുക, ഒരുകാലത്ത് നിന്റെ പൊങ്ങച്ചത്തിന്റെ പ്രതീകമായിരുന്ന എന്നെയും സ്വപ്നങ്ങള്‍ 'ആവാഹിച്ചിരുത്തിയ' കാസറ്റുകളെയും. കാരണം നിനക്ക് ഗള്‍ഫുകാരനെന്ന ലേബല്‍ പോലും തന്നത് ഞാനായിരുന്നില്ലേ...
പേരിനൊപ്പം വാല് പോലെ ഒരു ഊരുണ്ട്.ഊരും പേരുമുണ്ടെങ്കിലും വേരുകള്‍ മാത്രമേ ഊരിലുള്ളൂ. ഞാനുള്ളത് പേരുള്ള മറ്റൊരിടത്തും.
പഠിച്ചത് ഒന്നും ചെയ്യുന്നത് മറ്റൊന്നും. ആദ്യം വര, പിന്നെ ചുവരെഴുത്ത്, ഇപ്പൊ എഴുത്തും .
പത്ര പ്രവര്‍ത്തനം, പടമെടുപ്പ്, പാട്ടെഴുത്ത് . അങ്ങനെ പോകുന്നു
ഞാനൊരു മഹാ സംഭവമാണെന്ന് എനിക്ക് തന്നെ തോന്നുന്ന ദിവസം വരെ എഴുതും
വായിക്കുമല്ലോ