ഉറക്കമുണര്‍ന്നപ്പോള്‍ വല്ലാത്ത വിശപ്പ്.എത്ര നേരമായിക്കാണും തുടര്‍ച്ചയായ ഈ നിദ്ര?.തൊണ്ട വരണ്ട് പൊള്ളുന്നു.അല്‍പ്പം വെള്ളം കിട്ടിയാല്‍ കുടിക്കാമായിരുന്നു.ദാഹത്തിനു മുന്നില്‍ മാത്രം ഏത് രാജാവും ദൈവത്തെ ഓര്‍ത്ത് പോകും. ഞാന്‍ ചുറ്റും നോക്കി.അപരിചിതത്വത്തിന്റെ മൂടുപടലങ്ങള്‍ കാഴ്ച മറച്ചിരിക്കുന്നു.അതോ എന്റെ കണ്ണുകള്‍ തോറ്റു പോവുകയാവുമോ?.
കടല്‍ക്കരയില്‍ ഉപ്പ് വാറ്റുന്ന ഖദര്‍ ധാരികളായ സത്യാഗ്രഹികളും കറുത്ത ബൂട്ടിന്റെയും ലാത്തിയുടെയും തോക്കിന്റെയും ബലത്തില്‍ എതിരിടുന്ന വെള്ളപ്പട്ടാളവും എവിടെയാണ്?.
ഒട്ടകലെയല്ലാതെ സത്യാഗ്രഹപ്പന്തല്‍ ഒരു നിഴല്‍ പോലെ തെളിയുന്നു. അവിടെ ആളനക്കവും ചെറിയ ശബ്ദവും കേള്‍ക്കാം .പതിയെ എഴുനേല്‍ക്കാന്‍ ശ്രമിച്ചു.കാലുകള്‍ക്ക് ശക്തി പോരാ. വേച്ചു പോകുന്നു.
യൗവനത്തിന്റെ തീക്ഷ്ണത മുറ്റിയ എന്റെ അവയവങ്ങളെല്ലാം ഇപ്പോഴെന്തേ ഇങ്ങനെ? ശിപ്പായി പോലീസിന്റെ ലാത്തിയടി കൊണ്ട് പുളഞ്ഞ് നിലത്തിരുന്നത് ഒരു മിന്നായം പോലെ ഓര്‍മയില്‍ വന്നു.നാല് പാടും ചിതറിയോടുന്ന സമരക്കാര്‍ക്കും പോലീസിനുമിടയില്‍ എഴുനേല്‍ക്കാന്‍ വയ്യാതെ തപ്പിയും തടഞ്ഞും വേദന സഹിക്കാനാവാതെ മയക്കത്തിലേക്ക് പതിയെ വീഴുകയായിരുന്നു.
ഒരുവിധം "സമരപ്പന്തലി"നടുത്തെത്തി.അകത്ത് നിന്നുയരുന്ന അവ്യക്ത ശബ്ദങ്ങള്‍ക്ക് ഏത് ഭാഷയാണാവോ?.ചാരിയിട്ട വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തനിയെ തുറന്ന്‍ വന്നു.അകത്ത് കടന്നപ്പോള്‍ ശരീരത്തില്‍ കുളിര് പടരുന്നു.ഗ്ലാസുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കാം ഒപ്പം ഡേവിഡ് സായിപ്പിന്റെ ബംഗ്ലാവിനു മുന്നിലൂടെ പോകുമ്പോള്‍ കേട്ടിരുന്ന സംഗീതവും.എനിക്ക് ഇടം തെറ്റിയാതാവുമോ?.
മുന്നില്‍ ഒരു വെളുത്ത നിഴല്‍ രൂപം.ഞാന്‍ ആംഗ്യ ഭാഷയില്‍ സംസാരിച്ചു.
"അല്‍പ്പം വെള്ളം"
"പണമുണ്ടോ കയ്യില്‍?"
അയാളുടെ മറു ചോദ്യം എന്നില്‍ ആശ്ചര്യമുളവാക്കി .ഈശ്വരാ കുടിവെള്ളത്തിനും പണമോ?
മുഷിഞ്ഞ ഖദറിന്റെ കീശ തപ്പിയപ്പോള്‍ ഒന്ന് രണ്ട് വെള്ളിനാണയങ്ങള്‍ കിട്ടി.ഞാനത് അയാള്‍ക്ക് നേരെ നീട്ടി.
അയാള്‍ നാണയങ്ങള്‍ വിശ്വാസം വരാത്തത് പോലെ തിരിച്ചും മറിച്ചും നോക്കുന്നത് ഇപ്പോഴെനിക്ക് അവ്യക്തമെങ്കിലും കാണാമായിരുന്നു.
പൊടുന്നനെ പ്രത്യക്ഷനായ മറ്റൊരാള്‍ കീശയില്‍ നിന്നും ചുവന്ന നിറമുള്ള ഒരു കടലാസെടുത്ത് ഉയര്‍ത്തിക്കാണിച്ചു.
മോണ കാട്ടി ചിരിക്കുന്ന ഗാന്ധിജിയുടെ തലയുള്ള ആ കടലാസ് ചൂണ്ടി അയാള്‍ വീണ്ടും ചോദിച്ചു.
"ഇങ്ങേരുണ്ടോ അമ്മാവാ കീശയില്‍?"
ഒന്നും മനസ്സിലായില്ലെങ്കിലും വരണ്ട തൊണ്ട വക വെക്കാതെ വിറയാര്‍ന്ന എന്റെ ചുണ്ടുകള്‍ ചെറിയൊരു വിക്കോടെ ഉറക്കെ വിളിച്ചു.
"ഗാന്ധി ജീ കീ ജയ് "
(ക്രത്യമായി പറഞ്ഞാല്‍ 1999 മേയ് 19 നു ഞാനെഴുതിയ ഈ കഥയുടെ
കയ്യെഴുത്ത് പ്രതി എന്റെ പ്രിയപ്പെട്ടവള്‍ ഗവേഷണത്തിനിടെ (പഴയ വല്ല .......ലേഖനങ്ങളും കിട്ടാനുള്ള അന്വേഷണ ത്വര)
കണ്ടെത്തുകയായിരുന്നു. മനോരമ ഞായറാഴ്ച പതിപ്പില്‍ ഇത് വെളിച്ചം കണ്ടിരുന്നു.
"നടെശന്മാരെ" കൊല്ലരുത് -:)