വിമാനമിറങ്ങി പെട്ടികളുമായി പുറത്തേക്ക് നടക്കുമ്പോള്‍ വരവേല്‍ക്കാന്‍ ഇമ്മിണി ബല്ല്യ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു.വീട്ടിലെ അംഗങ്ങള്‍ക്കു പുറമെ ബന്ധുക്കളും അയല്‍ക്കാരും സുഹ്രത്തുക്കളും വരെ ഒരു വണ്ടി നിറയെ, അവരുടെ സ്നേഹത്തിനു മുന്നില്‍ വീര്‍പ്പുമുട്ടി അയാളിരുന്നു.
യാത്ര 2 പുറത്തിറങ്ങവെ അയാളുടെ കണ്ണുകള്‍ പിടക്കുന്ന രണ്ട് പരല്‍മീനുകളെ പരതി.അവളുടെ മുഖമപ്പോള്‍ പതിനാലാം രാവു പോലെ തിളങ്ങി.അവളുടെയും അയാളുടെയും വീട്ടുകാരും കൂട്ടിനു വന്നിരുന്നു.അപ്പന്മാരും അമ്മമാരും ചേര്‍ന്ന് സുഖാന്വേഷണം നടത്തവേ അളിയന്മാരാണു വലിയ പെട്ടികള്‍ വണ്ടിയില്‍ കയറ്റിയത്.
യാത്ര 3 ഇത്തവണ അവളുടെ ഒക്കത്തിരുന്ന കുഞ്ഞ് ഒരു ''അന്യ ഗ്രഹ ജീവി''യെ കണ്ട പോലെ അയാളെ നോക്കി കരഞ്ഞു. അപ്പനമ്മമാര്‍ വയ്യായ്ക കാരണം വന്നിരുന്നില്ല.അളിയന്മാര് ജോലിത്തിരക്കിലായിരുന്നു. അനിയനു ചെറിയൊരു വയറു വേദന.........വണ്ടി വിളിച്ച് അവളൊറ്റക്ക്..
യാത്ര 4 ഒരു സര്‍പ്രൈസാകട്ടെ എന്നു കരുതി ടാക്സി പിടിച്ച് നേരെയങ്ങ് ചെന്നു.പൂട്ടിക്കിടന്ന വീട് അയാള്‍ക്കൊരു സര്‍പ്രൈസായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫും.ഭാഗ്യം, സ്കൂള്‍ വിട്ട് മക്കളെത്തുമ്പോഴേകും അവളെത്തി.
യാത്ര........... ദൂരെയൊരു നഗരത്തിലാണു വിമാനമിറങ്ങിയത്. കയ്യില്‍ പാസ്പോര്‍ടും,വസ്ത്രങ്ങളടങ്ങിയ ബാഗുമല്ലാതെ ഒന്നുമില്ലാത്തതിനാല്‍ കസ്റ്റംസുകാര്‍ പോലും അയാളെ തിരിഞ്ഞു നോക്കിയില്ല. ഒരു രാത്രി വണ്ടി കിട്ടി. പിറ്റേന്ന് പക്ഷേ നേരം പുലര്‍ന്നതേയില്ല.
സമര്‍പ്പണം : "അവസാന യാത്ര" പൂര്‍ത്തിയാക്കാനാവാതെ വഴിയില്‍ അന്ത്യ യാത്ര പോയ ഒരാളെക്കുറിച്ച് വാര്‍ത്തയുണ്ടായിരുന്നു. അദ്ദേഹത്തിനു.
പേരിനൊപ്പം വാല് പോലെ ഒരു ഊരുണ്ട്.ഊരും പേരുമുണ്ടെങ്കിലും വേരുകള്‍ മാത്രമേ ഊരിലുള്ളൂ. ഞാനുള്ളത് പേരുള്ള മറ്റൊരിടത്തും.
പഠിച്ചത് ഒന്നും ചെയ്യുന്നത് മറ്റൊന്നും. ആദ്യം വര, പിന്നെ ചുവരെഴുത്ത്, ഇപ്പൊ എഴുത്തും .
പത്ര പ്രവര്‍ത്തനം, പടമെടുപ്പ്, പാട്ടെഴുത്ത് . അങ്ങനെ പോകുന്നു
ഞാനൊരു മഹാ സംഭവമാണെന്ന് എനിക്ക് തന്നെ തോന്നുന്ന ദിവസം വരെ എഴുതും
വായിക്കുമല്ലോ